മൂന്നാമത്തെ കാൾ
രചന: അനീഷ് ദിവാകരൻ
അതിയായ ജിജ്ഞാസയോടെയും ഭയത്തോടെയും അയാൾ മൊബൈൽ ഫോൺ പതുക്കെ കയ്യിൽ എടുത്തു.. അതിൽ ഇനി മൂന്നാമത്തെ കാൾ മാത്രം അവശേഷിക്കുന്നുള്ളൂ എന്ന് അയാൾക്കറിയാമായിരുന്നു…എഴുത്തുകാരി ആയ തന്റെ പ്രാണസഖിക്കു കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ താൻ അവളോട് ആവതു പറഞ്ഞു നോക്കിയതാണ് ചികിൽസിക്കാൻ…
ഓപ്പറേഷനൊന്നും അവൾ തയ്യാറല്ലായിരുന്നു… മരണം കീഴടക്കുന്നതിന് മുന്നേ എത്രയും പെട്ടന്ന് തനിക്കു എഴുതിതീർക്കാൻ ഉള്ളത് മുഴുവൻ എഴുതി തീർക്കണം അത് ആയിരുന്നു അവളുടെ വാശി… അന്യ നാട്ടിൽ ഗംഗാ നദി കരയിൽ ഉള്ള ഏതോ വീട്ടിൽ അവൾ അതിനു വാസ സ്ഥലം ഒരുക്കി തന്നോട് ഒരു വാക്ക് പോലും പറയാതെ ഒരിക്കൽ അവൾ യാത്രയായി.. അവളുടെ കണ്ണീരിൽ കുതിർന്ന തനിക്കുള്ള അവസാന എഴുത്തിൽ അവൾ എഴുതി താൻ എത്ര മാത്രം അവൾക്ക് പ്രിയപ്പെട്ടവൻ ആയിരുന്നുവെന്ന് തന്റെ മുഖം കണ്ടാൽ വീണ്ടും ജീവിക്കാൻ തോന്നും അത്രെ…
ആ ഒരു മോഹം മനസ്സിൽ നിന്ന് പിഴുതെറിയാൻ മാത്രം ആണ് തന്റെ പ്രിയപ്പെട്ട എഴുത്തുകാരി തന്നിൽ നിന്ന് കഴിയാവുന്ന അത്രെയും അകന്ന് പറന്ന് പോയത്. അറിയില്ല സഖി നിന്റെ മനം അറിയാൻ എനിക്ക് കഴിയുന്നില്ല…. ഒരു പക്ഷെ മരണത്തെ അവൾ ഭയന്നിരിക്കാം… താൻ എല്ലാം എഴുതി തീരുന്നതിനു മുന്നേ തന്നെ കീഴ്പ്പെടുത്താൻ എത്തിയിരിക്കുന്ന മരണത്തെ അവൾ ഭയന്നിരുന്നോ… അറിയില്ല…. എഴുത്തിന്റെ മാസ്മരിക ലോകത്തു അവൾ ഓരോ കൊടുമുടിയും കീഴടക്കികൊണ്ടിരുന്നത് പത്രത്തിലൂടെ താൻ അറിയുന്നുണ്ടായിരുന്നു.. എന്നാൽ തന്റെ ഫോൺ ഒറ്റ റിങ്ങിൽ ചാടി എടുക്കുമായിരുന്ന ആ ലോകപ്രെശസ്ത എഴുത്തുകാരിയുടെ വേദന നിറഞ്ഞ ലോകം മാത്രം താൻ ഒഴികെ ആരും അറിഞ്ഞില്ല… തന്നോട് ഒരിക്കൽ അവൾ പറഞ്ഞു.. ദേവന്റെ ഫോൺ ഞാൻ ആദ്യ റിങ്ങിൽ എടുക്കും.. ഇല്ലെങ്കിൽ ഞാൻ തിരിച്ചു വിളിക്കും.. എന്റെ കാൾ വന്നില്ല എങ്കിൽ എന്നെ അടുത്ത നേരം പിന്നെയും വിളിക്കുക….എന്നിട്ടും കിട്ടിയില്ലെങ്കിൽ രാത്രി…………………..
അവസാനവട്ടം ഒരിക്കൽ കൂടി വിളിക്കുക… അപ്പോഴും മറുപടി ഒന്നും ഇല്ല എങ്കിൽ.. അവൾ കരയുന്നത് താൻ അന്ന് ഫോണിലൂടെ കേട്ടില്ല.. എങ്കിലും തനിക്ക് അറിയാമായിരുന്നു.. ആ മനസ്സിലെ പൊട്ടികരച്ചിൽ തനിക്കു കേൾക്കാമായിരുന്നു…തന്റെ ചിരിച്ചു കളിച്ചു നടക്കുന്ന ജീവിതം മാത്രം പ്രിയപ്പെട്ടവനോട് പങ്കു വെക്കാൻ ആഗ്രഹിച്ചവളെത്തേടി ഇതാ തന്റെ അവസാനത്തെയും മൂന്നാമത്തെയും കാൾ പോകുന്നു…………..
ഹലോ………………ഹലോ………………………..ഇല്ല മറുപടി ഇല്ല……..മൊബൈൽ ഫോൺ അവസാന റിങ്ങും കഴിഞ്ഞു നിശബ്ദമായി .അയാൾ പൊട്ടികരഞ്ഞു… അതിനർത്ഥം തന്റെ പ്രിയപ്പെട്ടവൾ തന്നെ ഒറ്റയ്ക്ക് ആക്കി ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു എന്ന് അല്ലെ…അതിയായ വേദനയോടെ അയാൾ ആ സത്യം മനസ്സിൽ ആക്കി…അവസാനം ആയി ഒന്ന് കാണാൻ പോലും അനുവാദം എനിക്ക് തന്നില്ല അല്ലെ… ഞാനും അവസാനിക്കുക ആണ് ഇന്ന്.. അത് നിനക്ക് അറിയില്ലായിരുന്നുവല്ലോ..പ്രിയ സഖി…അയാൾ പതുക്കെ കസേരയിൽ നിന്ന് എഴുന്നേറ്റു.. നേരത്തെ തന്നെ തയ്യാർ ആക്കി വെച്ചിരുന്ന വിഷം ഒറ്റ വലിക്കു അയാൾ അകത്താക്കി.. ലോകത്തോട് വിട പറയുന്നതിന് മുൻപ് ഒരു പ്രാവശ്യം കൂടി തന്റെ പ്രിയപ്പെട്ടവളെ വിളിക്കാൻ അയാൾ ആഗ്രഹിച്ചു….പൊട്ടി കരഞ്ഞു കൊണ്ട് അയാൾ കഴിയാവുന്നത്ര ഉറക്കെ വിളിച്ചു……
..”ദേവികാ……….”
അയാളുടെ ശബ്ദം രാത്രിയുടെ നിശബ്ദതയിലൂടെ ഊളിയിട്ടു പറന്നു…,,….,
…..പെട്ടന്ന് ആരോ എന്തോ ചോദിക്കുന്നത് കേട്ട് അയാൾ ഞെട്ടി.
“ആരാ…. ദേവിക “
ഇരുട്ടിൽ തന്റെ നേരെ തുറിച്ചു നോക്കുന്ന ഒരു ഭീകര രൂപത്തെ അയാൾ കണ്ടു
“നീ……………..അപ്പോൾ നീ ആണ് അല്ലെ എന്റെ ദേവികയെ കൊണ്ട് പോയത്….. മരണം ആണ് നീ ….. നിന്റെ ഭീകരതയുടെ മുഖം മൂടി അണിഞ്ഞ ആ കുതിരയുടെ കുളമ്പടി ശബ്ദം ഇപ്പോഴും ഞാൻ കേൾക്കുന്നുണ്ട്….. ” അയാൾ ഭയത്തോടെ തന്റെ ചെവി പൊത്തിപിടിച്ചു
“ന്റെ മനുഷ്യ….അത് അപ്പുറത്തെ വീട്ടിലെ കാർ പോർച്ചിന്റെ മുകളിലെ പാട്ടപ്പുറത്തു മഴ വെള്ളം തുള്ളി തുള്ളിയായി അവരുടെ ടെറസിൽ നിന്നു വീഴുന്ന ശബ്ദമാ… കുളമ്പടി ശബ്ദം പോലും….നിങ്ങളോട് എത്ര തവണ ഞാൻ പറഞ്ഞു ഈ കഥ എഴുത്തു ഒന്ന് നിർത്താൻ… രാത്രി മനുഷ്യനേം ഒറക്കൂല്ല…. കുളമ്പടി ശബ്ദം അത്രെ..കുളമ്പടി ശബ്ദം മാങ്ങാത്തൊലി……”
ഇരുട്ടത്തു കലി തുള്ളി കൊണ്ട് നിൽക്കുന്നത് തന്റെ പ്രിയപ്പെട്ട ഭാര്യ ആണെന്ന് മനസ്സിലാക്കാൻ അയാൾക്ക് അൽപ്പം സമയം വേണ്ടി വന്നു… താൻ കണ്ടത് സ്വപ്നം ആണെന്ന് ആ എഴുത്ത്കാരന് വിശ്വാസം വന്നില്ല… ഹൊ എന്ത് ആശ്വാസം അപ്പോൾ തന്റെ പ്രിയപ്പെട്ട എഴുത്തുകാരി മരിച്ചിട്ടില്ല.. താനും മരിച്ചിട്ടില്ല….കുളമ്പടി ശബ്ദത്തോടെ അപ്പോഴും മഴ പതുക്കെ പെയ്യുന്നുണ്ടായിരുന്നു… ആശ്വാസത്തോടെ പെട്ടന്ന് ഭാര്യയെ അയാൾ കര വലയത്തിൽ ഒതുക്കി
“ചേട്ടാ “
സ്നേഹത്തോടെ ഭാര്യ വിളിക്കുന്നത് കേട്ട് അതിൽ കൂടുതൽ സ്നേഹത്തോടെ അയാൾ തിരിച്ചു ചോദിച്ചു “എന്താ “
“ആരാ ഈ ദേവിക..”
“എനിക്ക് അറിയാൻ പാടില്ല ” അയാൾ അസ്വസ്ഥതയോടെ തിരിഞ്ഞു കിടന്നു
“ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ ചേട്ടൻ ദേഷ്യപെടുമോ “
“ഇല്ല എനിക്ക് ഒരു ദേഷ്യവും ഇല്ല ചോദിച്ചോളൂ “
“എന്നാൽ പറ എന്നോട് സത്യം പറ……….. ആരാ ഈ ദേവിക ” സ്നേഹം മാറി ഭാര്യയുടെ സ്വരത്തിൽ ഇപ്പോൾ ദേഷ്യം നിറഞ്ഞു നിന്നത് അയാൾ തിരിച്ചറിഞ്ഞു
“ദൈവം തമ്പുരാനെ ന്നാലും എന്നെ ഇതിയാൻ വിളിച്ചത് നീ കേട്ടില്ലേ മരണം എന്ന് അല്ലേലും എനിക്ക് അറിയാം.. ഇപ്പോൾ ദേവികയെ ഒക്കെ മതിയല്ലോ….നേരം വെളുക്കട്ടെ എനിക്ക് അറിയണം അല്ലോ നേരെ ചൊവ്വേ കാര്യങ്ങൾ………”
ചിണുങ്ങി കൊണ്ടുള്ള ഭാര്യയുടെ പരിഭവം പറച്ചിൽ തുടർന്നു കൊണ്ടേ ഇരുന്നു. ഇരുട്ടിൽ താൻ നേരത്തെ കരുതാറുള്ള പഞ്ഞി തപ്പി എടുത്തു അയാൾ ഉടനെ ചെവിയിൽ തിരുകി…അന്ന് ദിവസം മുഴുവൻ അടുപ്പ് പുകയാൻ വഴിയില്ല എന്നറിഞ്ഞ അയാളുടെ മനസ്സിൽ കുളിരു ചൊരിഞ്ഞു കൊണ്ട് ഇടയ്ക്ക് ഓടി എത്താറുള്ള അയാളുടെ നബീസ ഓടി എത്തി………
ഹോട്ടൽ നബീസ…………
പുറത്തു അപ്പോൾ പതുക്കെ മഴ മാറി ഇടിമിന്നലും ഇടിവെട്ടും തകർത്തു തുടങ്ങിയിരുന്നു.