അവൻ കൈയിൽ നിന്നും കുതറി മാറി വെയിറ്റ് നോക്കുന്ന ചെറിയ മെഷീൻ പരിശോധിക്കാൻ തുടങ്ങി…

കനിവ്

രചന: നീരജ

‘ഡോ. ജാനകി വിശ്വനാഥൻ’ എന്നെഴുതിയ ചെറിയ ബോർഡ് പതിപ്പിച്ച റൂമിന്റെ മുൻപിൽ പതിവിലും കൂടുതൽ തിരക്കുണ്ടായിരുന്നു. അക്ഷമയോടെ കാത്തിരുന്നവർക്കിടയിൽ.. ഓടി നടക്കുന്ന അപ്പുവിനെ അടക്കി ഇരുത്താനായിരുന്നു ഏറെ ബുദ്ധിമുട്ട്.

ഇടയ്ക്കിടയ്ക്ക് മെലിഞ്ഞൊട്ടിയ നെഞ്ചിൽ ഇടിമിന്നൽ പോലൊരു വേദന മിന്നിയിറങ്ങുന്നു.

കുസൃതി നിറഞ്ഞ ചിരിയോടെ അപ്പു അവിടെയെല്ലാം ഓടി നടന്നു. ഒരു നിമിഷം പോലും അടങ്ങിയിരിക്കാൻ അവനെക്കൊണ്ട് സാധിക്കില്ല.

ഇടയ്ക്കിടെ തികട്ടി വരുന്ന ചുമ… പതിഞ്ഞ ശബ്ദത്തിൽ ശാസിച്ചു നോക്കി.. അല്പനേരത്തെ നിശബ്‌ദത.. വീണ്ടും പൂർവ്വാധികം ശക്തിയോടെ അവൻ ഓടി നടന്നു.

തന്റെ ഊഴം വന്നിട്ടും അവിടെത്തന്നെ ഇരുന്നു… അവസാന ആളും പോകുന്നതുവരെ..

മനസ്സിൽ പെട്ടെന്ന് തോന്നിയ ആശയമാണ്.. ജയിക്കാൻ ശ്രമിച്ചു നോക്കാം. ഓരോ ദിവസവും കൂടിക്കൂടി വരുന്ന വേദന.. ഇനിയും കാത്തിരുന്നാൽ അപ്പുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകില്ല.

****

ഇനിയാരും ഇല്ല എന്ന നിഗമനത്തിൽ കസേരയിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് അവൻ ഓടിക്കയറി വന്നത്.. പിറകെ അവന്റെ അമ്മയും… മേശയുടെ സൈഡിൽ ഇട്ടിരുന്ന കസേരയിൽ ഇരിക്കാൻ പറഞ്ഞപ്പോൾ അവർ തുമ്പത്തായി പതിയെ ഇരുന്നു…

“എന്താണ് അസുഖം.. “

“ഞാൻ… എനിക്ക്.. ഒരു കാര്യം സംസാരിക്കാൻ.. “

അവരുടെ വാക്കുകൾ ഇടയ്ക്കു മുറിഞ്ഞു പോകുന്നുണ്ടായിരുന്നു…അവരുടെ മകൻ മേശപ്പുറത്തിരുന്ന സാധനങ്ങൾ പരിശോധിക്കുന്ന തിരക്കിലായിരുന്നു.

തികട്ടി വന്ന ചുമ സാരിതലപ്പുകൊണ്ട് മൂടി മകനെ ചേർത്ത് പിടിച്ചു അടങ്ങിയിരിക്കാൻ ശാസിച്ചു… അവരുടെ കൈപ്പിടിയിൽ നിന്നും കുതറിമാറാൻ ശ്രമിച്ചുകൊണ്ട് അവൻ കൈയ്യെത്തിച്ചു പേപ്പർ വെയിറ്റ് എടുത്തു കഴിഞ്ഞു…

പതിയെ അടുത്ത് വിളിച്ചു ചേർത്ത് നിർത്തി പേപ്പർ വെയിറ്റ് കാലിൽ വീഴാതെ മേടിച്ചെടുക്കുന്നതിനിടയിൽ ചോദിച്ചു.

“എന്താ മോന്റെ പേര്…? “

“എന്ത് അസുഖത്തിന് വേണ്ടിയാ ഡോക്ടർ ആന്റിയെ കാണാൻ വന്നത്..? “

“എന്റെ പേര് അപ്പൂന്നാ.. “

അവൻ കൈയിൽ നിന്നും കുതറി മാറി വെയിറ്റ് നോക്കുന്ന ചെറിയ മെഷീൻ പരിശോധിക്കാൻ തുടങ്ങി…

“വെള്ളം വേണോ.. “

വേണമെന്ന് അവർ പതുക്കെ തലയാട്ടി. വെള്ളം കുടിക്കുന്നതിനിടയിൽ ആണ് അവരെ ശ്രദ്ധിച്ചത്… എവിടെയോ കണ്ട നേരിയ പരിചയം… പക്ഷെ ഓർമ്മ കിട്ടുന്നില്ല.

“ഇനി കാര്യം പറയൂ.. “

അവർ അൽപനേരം കുനിഞ്ഞിരുന്നു.. പിന്നെ മുഖത്ത് നോക്കാതെ പതിയെ പറഞ്ഞു തുടങ്ങി..

” ഡോക്ടർ എന്നോട് ക്ഷെമിക്കണം.. “

” ഒരിക്കലും മുന്നിൽ വരണം എന്നാഗ്രഹിച്ചതല്ല.. വിധി.. വിധിയാണ് എന്നെ ഇവിടെ എത്തിച്ചത്.. “

അവരുടെ കണ്ണിൽ നിന്നും ചെറിയ രണ്ട് അരുവികൾ ദുർബലമായി ഒഴുകി സാരിയിൽ വീണു പടരുന്നുണ്ടായിരുന്നു.

“ഞാൻ ഇവിടുത്തെ സാറിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്നു.. വർഷങ്ങൾക്കു മുൻപ്.. വീട്ടിൽ അച്ഛനും ഞാനും ഉണ്ടായിരുന്നുള്ളൂ.. ഓഫീസിലെ ടൈപ്പിംഗ് ജോലിയിൽ നിന്നു കിട്ടുന്ന ചെറിയ വരുമാനത്തിലാണ് ഞങ്ങൾ ജീവിച്ചു പോന്നിരുന്നത്.. “

പറഞ്ഞു തുടങ്ങിയതു മുഴുവനാക്കാൻ അവർക്കു സാധിക്കില്ല എന്നു തോന്നി.. കിതച്ചു കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി…

” എന്റെ മകനാണ് അപ്പു… ദൈവം എന്നെ തിരിച്ചു വിളിച്ചിരിക്കുന്നു.. എത്രനാൾ കൂടി ഭൂമിയിൽ ഉണ്ടാകും എന്നറിയില്ല.. എന്റെ മകനെ ആരെയെങ്കിലും ഏല്പിച്ചിട്ട് വേണം എനിക്ക് കണ്ണടക്കാൻ.. “

കൂടുതൽ സംസാരിക്കാൻ ചുമയും ശ്വാസംമുട്ടും അവരെ അനുവദിച്ചില്ല.

അപ്പു മെഷീൻ കൈയിൽ താങ്ങി വലിച്ചു പൊക്കുന്നതു കണ്ടപ്പോൾ ഓടി ചെന്ന് വാങ്ങി വച്ചു.. തിരികെ സീറ്റിൽ ഇരിക്കാൻ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത് അവർ ഇരുന്ന കസേര ശൂന്യമായിരിക്കുന്നു.. ഒരു സാരിത്തലപ്പ് വാതിൽ കടന്നു മറയുന്നു..

പകച്ചുപോയി… അവരെ ഇനി എങ്ങനെ തേടി കണ്ടുപിടിക്കും… പെട്ടെന്ന് അപ്പുവിന്റെ കൈ പിടിച്ചു മുറി പൂട്ടി ഇറങ്ങി.. കാറിൽ വേഗത്തിൽ പോകുമ്പോൾ വഴിയിൽ അവരെ കാണണേ എന്ന പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളൂ…

അപ്പു നിശബ്‌ദനായി ഇരിക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി..

“അമ്മ എന്താണ് മോനോട്പറയാതെ പോയത്..? “

“അമ്മ എന്നോട് പറഞ്ഞിരുന്നല്ലോ കുറച്ചുദിവസം ഡോക്ടർ ആന്റിയുടെ കൂടെ നിൽക്കണം എന്ന്… “

“ഡോക്ടർ ആന്റി ഒത്തിരി കളിപ്പാട്ടവും ഐസ്ക്രീമുംഒക്കെ മേടിച്ചു തരുമെന്നും പറഞ്ഞു.”

” അമ്മ ആശുപത്രിയിൽ പോയിട്ട് തിരിച്ചു വന്നിട്ട് മോനെ വിളിക്കാൻ വരും… “

കുറച്ചു കൂടി മുന്നോട്ട് പോയപ്പോഴാണ് കണ്ടത്.. റോഡരുകിൽ ഒരു ആൾക്കൂട്ടം.. പരിചയമുള്ള ഒരു സാരിത്തലപ്പ് അവിടെ നീണ്ടു കിടന്നിരുന്നു. വണ്ടി ഒതുക്കി ഇറങ്ങി നോക്കി.. അപ്പുവിന്റെ അമ്മ റോഡരികിൽ ചരിഞ്ഞു കിടപ്പുണ്ടായിരുന്നു.

******

പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾക്കൊടുവിൽ ആഴമേറിയ, ഇരുളടഞ്ഞ കുഴിയിൽ വീണതു പോലൊരു നിസ്സഹായതയിലേക്കാണ് കണ്ണ് തുറന്നത്.. കൈയിലും ദേഹത്ത് പലയിടങ്ങളിലും ട്യൂബുകൾ ഘടിപ്പിച്ചിരിക്കുന്നു.. ശരീരത്തിന്റെ പല ഭാഗങ്ങളിലും കോർത്തു വലിക്കുന്ന വേദന..

നേഴ്സുമാരും ഡോക്ടർമാരും മാറി മാറി വന്ന് ആരോഗ്യസ്ഥിതി പരിശോധിച്ചു കൊണ്ടിരുന്നു… പലരിൽ നിന്നായി വിവരങ്ങളെല്ലാം മനസ്സിലാക്കി… തന്റെ ഹൃദയത്തിനു മേജർ ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നു.. ഓപ്പറേഷനുള്ള കാശ് ഡോക്ടർ ജാനകിയാണ് കെട്ടിവച്ചത്… മറ്റു ചിലവുകൾ ഏതോ ചാരിറ്റി സംഘടനയാണ് ഏറ്റെടുത്തത്.

പതുക്കെ വേദനയെല്ലാം മാറി സ്വയം കാര്യങ്ങൾ നോക്കാറാകുന്നത് വരെ ആശുപത്രിയിൽ തന്നെയായിരുന്നു താമസം.. ചാരിറ്റി സംഘടനയുടെ ആളുകൾ ഇടയ്ക്കു വരുകയും കുറച്ചു നേരം കൂട്ടിരിക്കുകയും ചെയ്തു…ഡിസ്ചാർജ് ചെയ്ത ദിവസം ഇനി എങ്ങോട്ടു പോകും എന്ന ചിന്തയിൽ മുറിയിൽ തന്നെ ഇരുന്നു… വാടകയ്ക്ക് താമസിച്ചിരുന്ന വീട് ഇപ്പോൾ വേറെ ആരെങ്കിലും താമസം തുടങ്ങിയിട്ടുണ്ടാവും…

അപ്പുവിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം തുന്നിക്കെട്ടിയ ഹൃദയം വല്ലാതെ വിങ്ങി വേദനിച്ചു കൊണ്ടിരുന്നു… അവൻ ഇപ്പോൾ എവിടെയായിരിക്കും.. ജാനകി ഡോക്ടർ അവനെ ഏതെങ്കിലും അനാഥാലയത്തിൽ ആക്കിയിട്ടുണ്ടാകുമോ..? ഇവിടെ നിന്നും പോയി ഒരു വീട് കണ്ടുപിടിച്ചിട്ട് വേണം മോനെ കൊണ്ടുവരാൻ… പക്ഷെ അവർ എങ്ങനെ പ്രതികരിക്കും എന്നറിയില്ല..

ഉപേക്ഷിച്ചു ഒരു വാക്കുപോലും മിണ്ടാതെ ഇറങ്ങി ഓടിയതാണ്…എന്തുവേണമെങ്കിലും പറയട്ടെ…സഹിക്കാം കാലു പിടിക്കാം..

ചാരിറ്റി സംഘടനയുടെ ആൾക്കാർ രണ്ടുപേർ വന്നു പോകാം എന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കൂടെയിറങ്ങി. ചെറിയ ഒരു വീടിന്റെ മുൻപിലാണ് യാത്ര അവസാനിച്ചത്..

” ഇന്ന് മുതൽ ഇതാണ് ചേച്ചിയുടെ വീട്… ആ സൈഡിൽ കാണുന്ന മുറിയിൽ ഒരു സ്റ്റിച്ചിങ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇനിമുതൽ ചേച്ചി വേണം അതിന്റെ കാര്യങ്ങൾ നോക്കിനടത്താൻ.. ബാക്കിയൊക്കെ പിന്നെ സംസാരിക്കാം.. ചേച്ചി പോയി വീടൊക്കെ ഒന്നുകാണൂ… “

ഒരാഴ്ചകൊണ്ട് ജീവിതത്തിന്റെ താളം തിരിച്ചു കിട്ടി… അപ്പുവിനെ കുറിച്ച് ഓർക്കാത്ത ഒരു നിമിഷം പോലും ഇല്ലായിരുന്നു..

***********

ഡോക്ടർ ജാനകിയുടെ ക്ലിനിക്കിൽ ചെല്ലുമ്പോൾ എന്നത്തേയും പോലെ നല്ല തിരക്ക് ഉണ്ടായിരുന്നു. അവസാന ആളും പോകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല.. വല്ലാത്ത വേവലാതിയോടെ തല കുനിച്ചാണ് കയറി ചെന്നത്..

ഒന്നും മിണ്ടാതെ അടുത്തു ചെന്ന് തറയിൽ മുട്ടുകുത്തി കാലിൽ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.. കരച്ചിൽ നിർത്തുന്നത് വരെ ഡോക്ടർ അനങ്ങിയില്ല…

“ഡോക്ടർ…. എന്റെ മോൻ…. “

“നിങ്ങൾ കസേരയിൽ ഇരിക്കൂ… “

കസേരയിൽ ഇരുന്നു വീണ്ടും യാചിച്ചു.

“അപ്പോൾ എന്റെ അവസ്ഥ അതായിരുന്നു… അവനെങ്കിലും രെക്ഷപെടട്ടെ എന്ന് കരുതി.. മകന്റെ കണ്മുന്നിൽ കിടന്നു മരിക്കാനുള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല.. “

“വലിച്ചെറിഞ്ഞു പോകാൻ അതൊരു പൂച്ചക്കുഞ്ഞോ പട്ടിക്കുഞ്ഞോ ആയിരുന്നില്ല… എനിക്ക് നിങ്ങളുടെ കഥകൾ അറിയാൻ ആഗ്രഹവും ഇല്ല… കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ ഇവിടെ ധാരാളം സ്ഥലങ്ങൾ ഉണ്ട്‌. എന്റെ ക്ലിനിക് ഒരു അനാഥാലയം അല്ല. മനസ്സിലായോ…”

“രോഗികൾ പുറത്തു വെയിറ്റ് ചെയ്യുന്നു.. ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്… നിങ്ങൾക്കു പോകാം..”

“ഡോക്ടർ…എനിക്ക് അവനെയൊന്ന് കണ്ടാൽ മതി… പ്ളീസ്.. “

“ഇപ്പോൾ പറ്റില്ല… ഇതെന്റെ ക്ലിനിക്കാണ്… ഇവിടെ ബഹളം വയ്ക്കരുത്… നിങ്ങൾ പോയിട്ട് പിന്നെ വരൂ.. “

കടുപ്പിച്ചു പറഞ്ഞ ഡോക്ടറിന്റെ മുഖത്തേക്ക് ദയനീയമായി ഒന്നുകൂടി നോക്കി…
മുഖം തുടച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ ഉള്ളിലെ അമ്മ മനസ്സ് തോൽക്കാൻ തയ്യാറായിരുന്നില്ല…

ഏറെ നേരം വെളിയിൽ കാത്തിരുന്നെങ്കിലും പിന്നെയും ആൾക്കാർ വന്നു കൊണ്ടിരുന്നതിനാൽ നിന്നിട്ട് കാര്യമില്ലെന്നു തോന്നി… പതുക്കെ ഇറങ്ങി നടന്നു..

രാവിലെ തന്നെ ഡോക്ടറുടെ വീട് കണ്ടുപിടിക്കണം. എന്റെ മോനെ കാണാതെ ഇനി ജീവിക്കാനാവില്ല. ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോൾ മകന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ.

വീട്ടിൽ എത്തി ഡ്രസ്സ്‌ പോലും മാറാതെ കേറിക്കിടന്നു.. ജാനകി ഡോക്ടർക്ക് എന്തായാലും തന്റെ അവസ്ഥ അറിയാം… അവർക്കും മക്കൾ ഉണ്ടാവില്ലേ… ഒരു അമ്മയുടെ ദുഃഖം അവർ അറിയാതെ പോയല്ലോ.. തുന്നിക്കെട്ടിയ ഹൃദയം വലിഞ്ഞു മുറുകി പൊട്ടിപ്പോകുന്ന പോലെ വേദനിക്കുന്നു.. സ്റ്റിച്ചിംഗ് സെന്ററിൽ നിന്നു പലരും സുഖവിവരം തിരക്കാൻ വന്നുപോയി.

കരഞ്ഞും വേദനിച്ചും വൈകുന്നേരം ആയിരിക്കുന്നു. സ്റ്റിച്ചിങ് സെന്റർ പൂട്ടി താക്കോൽ വാങ്ങണം. എഴുന്നേറ്റു മുഖം കഴുകി മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു വാഹനം ഗേറ്റിനു വെളിയിൽ വന്നുനിന്നത്. പുറകിലെ ഡോർ തുറന്ന് ഓടി വരുന്ന ആളെക്കണ്ടു തറഞ്ഞു നിന്നുപോയി…

അപ്പുമോൻ..

ഓടി വന്നു കെട്ടിപ്പിടിച്ചു… കരഞ്ഞു കൊണ്ട് കുറെ പരിഭവങ്ങൾ.

“അമ്മ പെട്ടെന്ന് വരാന്നുപറഞ്ഞിട്ട്… എത്ര ദിവസമായി.. അപ്പൂന് അമ്മയെ കാണാൻ കൊതിയാകുന്നുണ്ടായിരുന്നു…”

കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു നിന്നതല്ലാതെ അപ്പുവിന്റെ ചോദ്യങ്ങൾക്ക് ഒന്നിനും മറുപടി പറയാനായില്ല.

ജാനകി ഡോക്ടർ രണ്ടു വലിയ കവർ തൂക്കിപ്പിടിച്ചു കൊണ്ട് കയറി വന്നു.

ഡോക്ടറിന്റെ ഭർത്താവ് വണ്ടിയുടെ മുകളിൽ കെട്ടിവച്ചിരിക്കുന്ന ചെറിയ സൈക്കിൾ അഴിച്ചെടുക്കുന്നു.

തലകറങ്ങുന്നതു പോലെ… എന്തൊരാവസ്ഥയാണ്. ആരുടേയും മുൻപിൽ തല കുനിക്കാതെ ജീവിക്കണം എന്നായിരുന്നു ആഗ്രഹം.

“സുഖമാണോ..? “

“സാരമില്ല.. നമ്മുടെ ഓരോ അവസ്ഥകളാണ് ഇഷ്ടമില്ലാത്ത പലതും ചെയ്യിക്കുന്നത്.. “

“രാവിലെ വന്നപ്പോൾ അപ്പുവിനെ കൂടെ വിടാതിരുന്നത് ചെറിയ ഒരു ശിക്ഷയാണ്.. ഒന്നും മിണ്ടാതെ ഒരു പൂച്ചക്കുഞ്ഞിനെ ഒഴിവാക്കുന്ന ലാഘവത്തോടെ അപ്പുവിനെ എന്റെ ക്ലിനിക്കിൽ ഉപേക്ഷിച്ചു ഓടി പോയതിന്.. “

“ഭാര്യയ്ക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോൾ നാടുവിട്ട നിന്റെ ഭർത്താവിനെ തേടി കണ്ടുപിടിക്കാൻ ആളെ അയച്ചിട്ടുണ്ട്.”

ഒന്നും മിണ്ടാതെ… കണ്ണുനീർ തുടയ്ക്കാതെ… പറയുന്നതും കേട്ട് നിന്നു.

ഇനിയും വരാമെന്നു പറഞ്ഞ് അപ്പുവിന്റെ തോളിൽ തട്ടി ഇറങ്ങിപ്പോകുന്ന ജാനകി ഡോക്ടർ. അതെ ദൈവം ഇല്ലെന്നു കരുതിയ തന്റെ മുന്നിലൂടെ നടന്നുപോകുന്നത് ജീവനുള്ള ഒരു ദൈവം തന്നെയാണ്. മറ്റുള്ളവരുടെ ദുരിതങ്ങളിൽ…. അവർക്കു കൂട്ടാകുന്ന…. സ്നേഹമുള്ള…. കനിവുള്ള ദൈവം.