ഈ ഒരു രാത്രിക്ക് വേണ്ടി എല്ലാം ഒന്ന് തുറന്നു പറയാൻ ഞാൻ കാത്തിരിക്കുമ്പോൾ നിമിഷങ്ങൾക്ക് പോലും…

നന്ദിത

രചന: അദിതി റാം

അലങ്കാരങ്ങൾ വിട്ടു മാറാത്ത മുറിയിലെ ആ പടുകൂറ്റൻ കണ്ണാടിയിലേക്ക് നോക്കി ഞാൻ അങ്ങനെ നിന്നു. കല്യാണം കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. ചുണ്ടിൽ വിരിഞ്ഞ മന്ദസ്മിതത്തോടെ ഓർത്തു. പക്ഷേ ആ താലി എനിക്ക്‌ സമ്മാനിച്ച പ്രാണന്റെ പാതി മനസ്സ്‌ കൊണ്ട് ഏറെ അകലെയാണ് എന്ന് തിരിച്ചറിവ് ഉണ്ടായപ്പോൾ അതിന്റെ കാരണം തേടുകയായിരുന്നു ഞാൻ. ഒരു നെടുവീർപ്പോടെ മുറിക്കുള്ളിലെ വാതിൽ തുറന്നു ബാൽക്കണിയിലേക്ക് നടന്നു.

കണ്ടിഷ്ടപ്പെട്ടു ഇങ്ങോട്ട് വന്ന കല്യാണാലോചനയായിരുന്നു. അച്ഛൻ അത്‌ പറയുമ്പോൾ അത്ഭുതം ആയിരുന്നു. അങ്ങനെ ഒരിഷ്ടവും പ്രണയവും ഒന്നും ഇതു വരെ ആരോടും തോന്നാത്തത് കൊണ്ടാവും. ഉള്ളിൽ മുഴുവൻ പ്രണയവും സ്‌നേഹവും ഒരുകൂട്ടി വച്ചു ഞാൻ കല്യാണത്തിനൊരുങ്ങിയത്.

ഉള്ളിലെ വീർപ്പുമുട്ടലുകൾ തുറന്നു പറയാൻ ഒരു കൂട്ടുകാരി പോലും ഉണ്ടായിരുന്നില്ല. കൂട്ടുകാരിയും അമ്മയും ഒക്കെ അവൾ ആയിരുന്നു. ഒരമ്മയുടെ വയറ്റിൽ ഏതാനും മിനിറ്റുകളുടെ വ്യതാസത്തിൽ ഒരുമിച്ച് പിറന്ന അനിയത്തി നന്ദന. വിഷമിപ്പിക്കാൻ വയ്യ എന്നുറപ്പിച്ചു അവളോടും മനസ്സ്‌ തുറന്നില്ല. ഇവിടെ എല്ലാവർക്കും ഞാൻ പ്രിയപ്പെട്ടവളാണ്. ആ ഒരാൾക്കൊഴികെ. രണ്ട് ദിവസം മുറിയിൽ അന്യരെ പോലെ ഒരു വാക്കും മിണ്ടാതെ ഒരു നോക്ക് പോലും പരസ്പരം നോക്കാതെ ആയപ്പോൾ മനസ്സ്‌ വീർപ്പുമുട്ടിയപ്പോൾ ആണ് ചോദിച്ചത്.

എന്നെ ഇഷ്ടമായില്ലേ?

എന്ന്….

അതിന് ഉത്തരവും മൗനം ആയിരുന്നു. പിന്നെ എന്തൊക്കെയോ മറച്ചു വെച്ച നിസ്സഹായതയോടെ തലയാട്ടിയുള്ള ഒരു പുഞ്ചിരിയും. പിന്നെ ഒന്നും ചോദിച്ചില്ല. അങ്ങനെ കല്യാണം കഴിഞ്ഞു കൃത്യം രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഒരുച്ചക്ക് ഭക്ഷണം കഴിക്കാൻ വൈശാഖേട്ടനൊപ്പം അഖിലും ഉണ്ടായിരുന്നു. ചെറുപ്പം തൊട്ടേ നിഴൽ പോലെയുള്ള കൂട്ടുകാരൻ. ഭക്ഷണം വിളമ്പി കൊടുക്കുമ്പോൾ ആ കണ്ണുകൾക്ക് എന്നോടെന്തോ പറയാൻ ഉള്ളത് പോലെ തോന്നി. അന്ന് വൈകുന്നേരം റെസ്റ്റോറന്റിലെ മേശക്ക് അരികിൽ അവരോടൊപ്പം ഇരിക്കുമ്പോൾ അഖിൽ ആണ് സംസാരത്തിന് തുടക്കം കുറിച്ചത്.

നിങ്ങൾ രണ്ട് പേരെയും പോലെ വല്ലാത്തൊരു മാനസികാവസ്ഥയിൽ തന്നെ ആണ് ഞാനും. പക്ഷേ പറയാതിരിക്കാൻ പറ്റില്ലല്ലോ! വൈശാഖിന് അത്‌ നന്ദിതയോട് തുറന്ന് പറയാൻ ഉള്ള ധൈര്യം ഇല്ല താനും. കാരണം ഇവിടെ നിങ്ങൾ രണ്ട് പേരും ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു തെറ്റിദ്ധാരണയുടെ പേരിൽ എല്ലാം മാറി മറഞ്ഞു.

അഖിൽ മടിച്ചു മടിച്ചു പറഞ്ഞു നിർത്തിയതും ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നത് അറിഞ്ഞു. ഉള്ളം കയ്യിൽ വിയർപ്പു പൊടിയുന്നത് അറിഞ്ഞു.

എന്താണെങ്കിലും പറഞ്ഞോളൂ!

അഖിലിനെ നോക്കി വെപ്രാളത്തോടെ വിക്കി വിക്കി പറഞ്ഞു.

നന്ദിത പഠിച്ച ആളല്ലേ? അതുകൊണ്ട് ഉൾക്കൊള്ളാൻ കഴിയും.

വീണ്ടും മുഖവുരയോടെ പറഞ്ഞു നിർത്തിയപ്പോൾ ആ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി ഇരുന്നു.

വൈശാഖ് കണ്ട് ഇഷ്ടപ്പെട്ടതും കല്യാണം ആലോചിച്ചു വന്നതും ഒക്കെ നന്ദിതയെ അല്ല. നന്ദനയെ ആയിരുന്നു. രണ്ടുപേരെയും ഒരുമിച്ച് കാണാറുണ്ടായിരുന്നു എങ്കിലും നിങ്ങൾ സഹോദരിമാരാണ് എന്ന് അറിയാൻ വൈകി പോയി. കണ്ടാൽ അങ്ങനെ തോന്നില്ലല്ലോ!

അഖിൽ പറഞ്ഞു നിർത്തിയതും നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി.

ഒന്നും ചോദിക്കാൻ കഴിയാതെ മരവിച്ചു ഞാനിരുന്നു. കുറച്ചു സമയം എടുത്തു പിന്നെ സ്വബോധത്തിലേക്ക് വരാൻ.

നന്ദന….നന്ദനക്ക് അറിയുമോ ഈ കാര്യം? വിക്കി വിക്കി ചോദിച്ചു.

ഇല്ല.

എന്ന് ഒറ്റവാക്കിൽ വൈശാഖേട്ടൻ പറഞ്ഞപ്പോൾ ഒന്ന് നിശ്വസിച്ചു ഞാനിരുന്നു. എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിട്ടും ഒരു വാക്ക് പോലും തൊണ്ടക്കുഴിയിൽ നിന്നും പുറത്ത് വന്നില്ല. ഇനി എന്താണ് വേണ്ടത് എന്ന് ചോദിക്കാൻ നാവിൽ വന്നെങ്കിലും നന്ദനയെ വേണം എന്ന് മറുപടി പറഞ്ഞാലോ എന്ന് കരുതി തികട്ടി വന്ന ആ ചോദ്യം വേദനയോടെ വിഴുങ്ങി. പിന്നെ ഒന്നും ചോദിച്ചില്ല ആരും ഒന്നും പറഞ്ഞില്ല. എന്തിനാണ് എന്നറിയാതെ വീണ്ടും വന്ന വണ്ടിയിൽ വൈശാഖേട്ടന്റെ അരികിൽ ഇരുന്നു വീട്ടിലേക്ക്‌ തന്നെ പോയി. അന്ന് രാത്രി പതിവില്ലാത്ത എന്റെ മൂകത കണ്ടിട്ടാവണം വൈശാഖേട്ടൻ എന്തോ സംസാരിക്കാൻ എന്ന പോലെ അരികിൽ വന്നിരുന്നത്.

അല്ലെങ്കിലും ഞാൻ കുറെ ആലോചിച്ചിരുന്നു വൈശാഖേട്ടൻ എന്ത്‌ കണ്ടിട്ടാണ് എന്നെ ഇഷ്ടപ്പെട്ടതും കല്യാണം ആലോചിച്ചതും എന്നൊക്കെ. അഖിലേട്ടൻ പറഞ്ഞത് ശരിയാണ്. ഞങ്ങളെ കണ്ടാൽ ഒരമ്മയുടെ വയറ്റിൽ പിറന്നത് ആണെന്ന് പറയില്ല. ഒരാള് വെളുത്തിട്ടും ഒരാള് കറുത്തിട്ടും. കണ്ടാലും നല്ല വ്യത്യാസം ഉണ്ട്. അപ്പോൾ ഒക്കെ വെറുതെ സ്വയം പറഞ്ഞു സ്വയം ആശ്വാസിക്കുമായിരുന്നു.

നിറവും സൗന്ദര്യവും മാത്രമല്ലല്ലോ പ്രണയത്തിനും വിവാഹത്തിനും ഒക്കെ ആധാരം എന്ന്. വെളുത്ത ആൾക്കും കറുത്ത പെണ്കുട്ടിയോട് ഇഷ്ടം തോന്നാലോ എന്ന്.

വൈശാഖേട്ടന് മുന്നേ ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

അമ്മക്കും അച്ഛനും ഒക്കെ അറിയാമോ ഈ കാര്യം? കൗതുകം വിടർന്ന കണ്ണുകളോടെ ചോദിച്ചു. അപ്പോഴാണ് ആ മുഖത്തേക്ക് ശരിക്കൊന്നു നോക്കുന്നത് തന്നെ.

ശരിയാണ്.വൈശാഖേട്ടന്റെ മുന്നിൽ ഞാൻ ഒന്നുമല്ല. എന്തൊരു ഭംഗിയാണ് ആ മുഖത്തിന്. കട്ടിയുള്ള മീശ.

ആലോചനയിൽ നിന്നും ഉണർന്നപ്പോൾ ആണ് ആ ശബ്ദം ചെവിയിൽ പതിച്ചത്.

നന്ദിത കേട്ടോ ഞാൻ പറഞ്ഞത്. അച്ഛനും അമ്മക്കും ഒന്നും അറിയില്ല. പറഞ്ഞു അവരെ വിഷമിപ്പിക്കാൻ തോന്നിയില്ല.

അപ്പോൾ എന്റെ സങ്കടം ഞാൻ ആരോട് ആണ് പറയേണ്ടത് വൈശാഖേട്ടാ? സ്വയം ചോദിച്ചു. പിറ്റേന്ന് നാട്ടിൽ ഉത്സവം ആണെന്ന് പറഞ്ഞു ക്ഷണിച്ചു കൊണ്ട് അച്ഛൻ വിളിച്ചപ്പോൾ ഉത്തരം പറയാനാവാതെ ഞാൻ നിന്നു.

ഉത്സവത്തിന് പോകണ്ടെ എന്ന് ചോദിച്ചപ്പോൾ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല.

ഇനി നന്ദനയെ കാണാൻ ആയിരിക്കുമോ? എന്ന് ആ മുഖത്തു നോക്കി സ്വയം ചോദിച്ചു. ഇങ്ങനെ ഒരു നിസ്സഹായാവസ്ഥ ലോകത്ത് ഒരു പെണ്ണിനും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു. മനസ്സിൽ ഒട്ടും ഇഷ്ടമില്ലാതെ ആയിരുന്നു പിറ്റേ ദിവസം വീട്ടിലേക്കുള്ള യാത്ര. അമ്മക്കും അച്ഛനും വേണ്ടി സന്തോഷം ആഭരണമാക്കി മുഖത്തണിഞ്ഞു വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കണ്ണുകൾ തേടിയത് നന്ദനയെ ആയിരുന്നു.

മെറൂണ് നിറത്തിൽ എംബ്രോയിഡറി ചെയ്ത ചുരിദാറിട്ടു ഓടി വരുന്ന അവളെ കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി അസൂയയോടെ ഞാൻ അവളെ നോക്കി നിന്നു. എന്നെ ചുറ്റി പറ്റി നിന്നു വാ തോരാതെ വിശേഷങ്ങൾ ചോദിക്കുമ്പോൾ വൈശാഖേട്ടന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു. എന്നിട്ടും അങ്ങോട്ട് ഒന്ന് തലചരിച്ചു നോക്കാൻ തോന്നിയില്ല. അത്‌ കാണാൻ ഉള്ള ശക്തിയില്ലായിരുന്നു.

നിനക്ക്‌ സുഖം അല്ലേ അവിടെ? പലഹാരങ്ങൾ ഓരോന്നും പ്ലേറ്റിലേക്ക് പകർന്നു അമ്മ ചോദിച്ചപ്പോൾ അതേ എന്ന് തലയാട്ടി.

ഹോ എന്തൊരു ജാഡയാണ്. വേറെ ആൾക്കാരെ കിട്ടിയപ്പോൾ നമ്മളെ ഒന്നും ആർക്കും വേണ്ട. വാ തുറന്നാൽ അമ്മയുടെ മോളുടെ വായിലെ മുത്ത് കൊഴിയുകയൊന്നുമില്ല. നന്ദന പരിഭവത്തോടെ പറഞ്ഞു.

ആർക്കും വേണ്ടാത്തത് ഈ എന്നെ തന്നെയാണ് നന്ദൂ എന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നി അപ്പോൾ.

ഞാൻ എന്താ അമ്മേ ഇങ്ങനെ കറുത്തു പോയത്? അമ്മയുടെയും അച്ഛന്റെയും ഒന്നും നിറത്തിന്റെ ഒരംശം പോലും എനിക്ക് കിട്ടിയില്ലല്ലോ?

എല്ലാവർക്കും ഒപ്പം ഇരുന്ന് ആ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഞാൻ പോലും അറിയാതെ ചോദിച്ചതും എല്ലാവരും ഒരു നിമിഷം നിശബ്ദമായി. അടുത്ത നിമിഷം തന്നെ വേണ്ടായിരുന്നു എന്ന് തോന്നി പോയി.

നിനക്കിതെന്തു പറ്റി? ഇത്രയും കാലം ഇല്ലാതെ പെട്ടെന്നൊരു സംശയം?

അച്ഛൻ ചിരിയോടെ ചോദിച്ചപ്പോൾ വെറുതെ ഒന്നുമില്ലെന്നു കണ്ണുചിമ്മി കാണിച്ചു. പക്ഷേ അമ്മയുടെ മുഖം എന്നിൽ നിന്നും എന്തൊക്കെയോ വായിച്ചെടുക്കുന്നുണ്ടായിരുന്നു.

എന്തെങ്കിലും പ്രയാസം ഉണ്ടോ മോൾക്ക്‌ അവിടെ? അമ്മ നെഞ്ചിടിപ്പോടെ ചോദിച്ചപ്പോൾ ഇല്ലെന്ന് തലയാട്ടി.

ഒന്നുമില്ല. എനിക്ക്‌ സുഖം ആണ്. സന്തോഷം ആണ്. അമ്മയുടെ നെഞ്ചിൽ ചാരി പറഞ്ഞു കൊണ്ടിരുന്നു. അന്ന് രാത്രി നന്ദനയുടെ കൂടെ ആണ് കിടന്നത്.

നീ പോയതിൽ പിന്നെ ഒരു രസവും ഇല്ല. നമുക്കൊരു വീട്ടിലേക്ക്‌ കല്യാണം കഴിച്ചു പോയാൽ മതിയായിരുന്നു. എങ്കിൽ അവസാനം വരെ ഒരുമിച്ച് കഴിയാമായിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെ നന്ദന പറഞ്ഞപ്പോൾ നെഞ്ചകം നീറി.

നിനക്ക് ഇഷ്ടമാണോ അങ്ങനെ ഒരു വീട്ടിൽ താമസിക്കാൻ?

വെറുതെ ഒരു കൗതുകത്തോടെ ചോദിച്ചു.

അതെന്താ അപ്പോൾ ചേച്ചിക്ക് ഇഷ്ടം അല്ലേ? ശ്ശോ വൈശാഖേട്ടന് ഒരു ഏട്ടനോ അനിയനോ ഉണ്ടായിരുന്നെങ്കിൽ. നന്ദന നിരാശയോടെ പറഞ്ഞു നിർത്തി. അന്ന് രാത്രി ഉറക്കം വരാതെ നന്ദനയെ തന്നെ നോക്കിയിരുന്നു. എപ്പോഴോ എഴുന്നേറ്റു അവളുടെ ഡ്രെസ്സിംഗ് ടേബിൾ തുറന്നു കയ്യിൽ കിട്ടിയ ഒരു ഡപ്പ കയ്യിൽ എടുത്തു. അത്‌ തുറന്നതും ചുറ്റിലും നല്ല സുഗന്ധം പരന്നു. അവളെപ്പോഴും മുഖത്തു പുരട്ടാറുള്ള ഒരു വെളുത്ത ക്രീം ആയിരുന്നു അത്. ഇപ്പോഴും അവളുടെ അടുത്തു ചെല്ലുമ്പോൾ ആ മണമുണ്ട്. അതിൽ നിന്നും കുറച്ചെടുത്തു മുഖത്തു പുരട്ടിയപ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു. പെട്ടന്നാണ് കൈയിൽ നിന്നും അത്‌ വീണത്. ശബ്ദം കേട്ടതും നന്ദന ഉണർന്നു അടുത്തേക്ക് വന്നു. എന്റെ മുഖത്ത് മായാതെ പുരണ്ടിരിക്കുന്ന ക്രീം കണ്ടിട്ടാവണം അവൾ അത്ഭുതത്തോടെ നോക്കിയത്.

എന്തുപറ്റി നിനക്ക്? ഇതൊന്നും പതിവില്ലാത്തത് ആണല്ലോ?

ഒന്നുമില്ല വെറുതെ. ഇത് പുരട്ടിയാൽ വെളുക്കുമോ നന്ദൂ?

ചിരിയോടെ ചോദിച്ചു.

നിനക്കെന്താ ഭ്രാന്തായോ? പാതിരാത്രി വെളുക്കാൻ നടക്കുന്നു.

ശാസനയോടെ അവൾ പറയുമ്പോൾ ആ മുഖത്തേക്ക് ഉറ്റു നോക്കി വീണ്ടും ഞാനിരുന്നു.

എനിക്ക്‌ നിന്നോട് അസൂയ തോന്നുകയാണ് നന്ദൂ. എന്തൊരു ഭംഗി ആണ് നിന്നെ കാണാൻ?

അപ്പോൾ ആണ് അവൾ വാതിൽക്കലേക്ക് നോക്കുന്നത് കണ്ടത്.

ഭാര്യക്ക് കാര്യമായി എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. വെളുക്കാൻ ഉള്ള ക്രീമും അന്വേഷിച്ചു ഇറങ്ങിയിരിക്കുകയാണ് കക്ഷി. ഇനി എന്റെ കൂടെ കിടത്താൻ വയ്യ. വൈശാഖേട്ടൻ തന്നെ കൊണ്ടുപോക്കോ! ഇത്രയും കാലം ഈ വട്ടൊന്നും ഇല്ലായിരുന്നു. ഇപ്പോൾ എന്ത്‌ പറ്റി ആവോ?

നിലം വൃത്തിയാക്കി നന്ദന പറയുമ്പോൾ വല്ലാത്ത നാണക്കേട് തോന്നി. പിറ്റേന്ന് അമ്പലത്തിൽ നിന്നും വന്ന് കറിക്കരിയുമ്പോൾ വൈശാഖേട്ടനു കൊടുക്കാൻ അമ്മ ഒരു ഗ്ലാസ്സ് ചായ എടുത്തു നന്ദനയുടെ കൈയിൽ കൊടുത്തു. നന്ദന അത്‌ കൊണ്ട്പോകുന്നതും നോക്കി അങ്ങനെ ഇരുന്നു. പതുക്കെ എഴുന്നേറ്റു നടന്നു ഉമ്മറവാതിലിനോട് ചേർന്ന് മറഞ്ഞു നിന്ന് അവരെ നോക്കി.

നന്ദനയെ നോക്കി പുഞ്ചിരിച്ചു വൈശാഖേട്ടൻ ചായ വാങ്ങി കുടിക്കുന്നത് കണ്ടൂ. അവളും തിരിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആ കാഴ്ച്ചക്ക് തന്നെ ഒരു ഭംഗി തോന്നി. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. മുറിയിലേക്ക് നടന്നു. പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സ്‌ ശൂന്യമായിരുന്നു. അന്ന് രാത്രി ഒരു കട്ടിലിന്റെ ഇരുവശവും ചേർന്ന് കിടക്കുമ്പോൾ സംസാരത്തിന് തുടക്കം കുറിച്ചത് ഞാൻ ആയിരുന്നു.

ഞാൻ സംസാരിക്കാം അവളോട്? അവളോട് മാത്രം അല്ല. എല്ലാവരോടും. പക്ഷേ എല്ലാവരും സമ്മതിച്ചാലും നന്ദന സമ്മതിക്കുമെന്നു എനിക്ക്‌ തോന്നുന്നില്ല. അത്രക്കും ഇഷ്ടം ആണ് അവൾക്കെന്നോട്. പക്ഷേ അവൾക്ക് ഇഷ്ടം ആണ് ഇങ്ങോട്ട് വരാൻ. അവള് പറഞ്ഞു. പിന്നെ നമ്മൾ തമ്മിൽ ഇഷ്ടം ഒന്നുമില്ലല്ലോ! ഇഷ്ടം മാത്രം അല്ല ഒരു ബന്ധവുമില്ല. അതുകൊണ്ട് അവൾക്ക് മനസ്സിലാവും. ഞാൻ പറഞ്ഞാൽ സമ്മതിക്കും.

അത് പറഞ്ഞു നിർത്തിയതും ആ കൈകളുടെ ചൂട് എന്നിൽ വന്ന് പതിക്കുന്നത് അറിഞ്ഞു. പെട്ടെന്ന് വൈശാഖേട്ടൻ കയ്യെത്തി പിടി ച്ചു ലൈറ്റ് ഇട്ടതും കണ്ണീർ മറച്ചു ഞാൻ കിടന്നു.

ഒന്ന് എന്റെ മുഖത്തേക്ക് നോക്കാമോ നന്ദിത? രണ്ട് ദിവസം ആയി എന്റെ കണ്ണുകൾ തേടിയത് നിന്നെ ആയിരുന്നു. പക്ഷേ നീ പിടി തന്നില്ല.

ശരിയാണ് കണ്ടതും ഇഷ്ടപ്പെട്ടതും ഒക്കെ നന്ദന യെ ആയിരുന്നു. അപ്പോഴാണ് അത്യാവശ്യമായി ഒരു ജോലി കാര്യത്തിന് വേണ്ടി ഒരു യാത്ര പോവേണ്ടി വന്നത്‌. തിരിച്ചു വന്നപ്പോൾ ആണ് നിങ്ങൾ രണ്ട് പേരുണ്ട്‌ എന്നറിയുന്നതും അതിൽ നന്ദിതയുമായാണ് കല്യാണം ഉറപ്പിച്ചത് എന്നുമൊക്കെ അറിയുന്നത്. പിന്നെ എന്തോ വേണ്ടെന്ന് പറയാൻ തോന്നിയില്ല. എല്ലാവർക്കും വിഷമം ആകില്ലേ എന്നോർത്തു. പിന്നെ ഞാൻ അത്‌ മാറ്റി പറഞ്ഞാലും നന്ദിതയെ ഇത്രയും അധികം സ്നേഹിക്കുന്ന നന്ദനക്ക് അത്‌ഉൾക്കൊള്ളാൻ കഴിയും എന്ന് തോന്നിയില്ല. എല്ലാം ശരിയാകും എന്ന് കരുതി സമാധാനിച്ചു. പക്ഷേ വീണ്ടും മനസ്സിൽ എന്തോ ഭാരം ആയിരുന്നു. മോഹിച്ചതും വിധിച്ചതും വേറെ ആയത് കൊണ്ടാവും. കഴിഞ്ഞ അഞ്ചാറു ദിവസം ആയി പറയാൻ കരുതിയതാണ് ഇതൊക്കെ. പക്ഷേ കഴിഞ്ഞില്ല. എന്റെ നാവിൽ നിന്നും തന്നെ നന്ദിത അത്‌ കേട്ടറിയണം എന്ന് ഉണ്ടായിരുന്നു. കുറ്റബോധം ഇല്ലാതെ നമുക്ക് ജീവിച്ചു തുടങ്ങാൻ. പക്ഷേ അവിടെ അഖിൽ എന്നെ തോൽപ്പിച്ചു. അഖിൽ പറയുന്നതിനേക്കാൾ അത്‌ ഞാൻ പറഞ്ഞു നീയറിയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ നടന്നില്ല. ഇഷ്ടക്കേട് ഇല്ലായിരുന്നു എന്ന് അല്ല, ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇല്ല. ഒന്നും തുറന്നു പറയാൻ കഴിയാതെ അരണ്ട വെളിച്ചത്തിൽ ഈ മുഖം കണ്ടു കിടക്കുമ്പോൾ എപ്പോഴൊക്കെയോ ഞാൻ നിന്നെ ഇഷ്ടപെട്ടു തുടങ്ങിയിരുന്നു. നന്ദന നമുക്കിടയിൽ നിൽക്കുമ്പോൾ നിന്റെ ഹൃദയതാളം തെറ്റുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. മുഖത്തു മുഴുവൻ ക്രീം പുരട്ടി അസൂയയോടെ നീ നന്ദനയെ നോക്കി നിൽക്കുമ്പോൾ ഞാൻ കാണാതെ മറച്ചു പിടിച്ചിരുന്നപ്പോൾ ചേർത്ത് പിടിക്കാൻ തോന്നിയിട്ടുണ്ട്.

ഞാൻ മാത്രം എന്താണ് അമ്മേ കറുത്തു പോയത് എന്ന് നിഷ്കളങ്കമായി ചോദിച്ചപ്പോൾ കുറ്റബോധം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അത്‌ നിനക്ക് ഭംഗി ഇല്ലാത്തത് കൊണ്ടല്ല. നിന്നെ അത്രയും ഇഷ്ടമായത് കൊണ്ടാണ്. ഈ ഒരു രാത്രിക്ക് വേണ്ടി എല്ലാം ഒന്ന് തുറന്നു പറയാൻ ഞാൻ കാത്തിരിക്കുമ്പോൾ നിമിഷങ്ങൾക്ക് പോലും മണിക്കൂറിന്റെ ആയുസ്സ് ആയിരുന്നു. മാപ്പ്‌ നിന്നെ വേദനിപ്പിച്ചതിന്, ഒപ്പം മറ്റൊരു കാര്യം കൂടി.

“ഇപ്പോൾ എന്റെ മനസ്സിൽ നന്ദിത മാത്രമേ ഉളളൂ” എന്നെ ഒരുപാട് സ്നേഹിക്കുന്ന ഈ നന്ദിത മാത്രം.

നെഞ്ചിൽ മുഖമമർത്തി ചേർത്ത് പിടിച്ചു പറയുമ്പോൾ ആ കണ്ണീർ എന്റെ ദേഹത്തെ നനച്ചിരുന്നു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ തൊണ്ടകുഴിയിൽ നിന്നും അപ്പോൾ വാക്കുകൾ ഒന്നും പുറത്ത് വന്നില്ല. കുറച്ചു നേരം ഒന്നും മിണ്ടാതെ നിശബ്ദയായി കിടന്നു.

ഇപ്പോഴും വിശ്വാസം വന്നില്ല അല്ലേ?

കുറെ നേരം കഴിഞ്ഞു ചോദിച്ചപ്പോൾ ഒന്ന് മൂളി.

ഇതൊക്കെ ഇപ്പോഴും ഒരു സ്വപ്നം ആണെന്ന തോന്നലും വിശ്വാസവും ഒക്കെ ആണെനിക്ക്!

അല്ല സത്യം തന്നെ ആണ്. ഇരുൾ പരക്കുന്ന ഈ രാത്രി പോലെ സത്യം. കൈത്തണ്ടയിൽ അമർത്തി നുള്ളി പുഞ്ചിരിയോടെ പറഞ്ഞു.

അപ്പോൾ ഞാൻ സുന്ദരി ആണോ? കുസൃതി ചിരിയോടെ ചോദിച്ചു.

ഹ്മ്…ഈ വൈശാഖന്റെ മാത്രം സുന്ദരി. ഇനി നീ വിശ്വസിച്ചില്ലെങ്കിലും അത്‌ അങ്ങനെ തന്നെ ആണ്. നിറഞ്ഞ സ്‌നേഹത്തോടെ പ്രണയത്തോടെ അത്‌ പറയുമ്പോൾ എന്റെ കണ്ണുനീർ ആ നെഞ്ചകം നനച്ചു കുതിർത്തു കൊണ്ടിരുന്നു.

അദിതി റാം

കുറെ ആയി ഒരു ചെറുകഥ എഴുതിയിട്ടു..അപ്പോൾ ഒരു മോഹം.