അവൾ പിന്നെയും വിളിച്ചപ്പോൾ ഞാൻ എഴുനേറ്റ് ഒന്നും മിണ്ടാതെ ഷർട്ടുമെടുത്തിട്ട് പുറത്തേക്ക് നടന്നു…

രചന: മഹാ ദേവൻ

വീട്ടിലിരിക്കുമ്പോൾ മനസ്സ് മുഴുവൻ ആധിയായിരുന്നു. നെഞ്ചിൽ വല്ലാത്ത പിടപ്പ്.

” ഏട്ടാ, ഇന്നും കഞ്ഞി മാത്രേ ഉള്ളൂട്ടോ. തോരൻ വെക്കാൻ എന്തേലും കിട്ടിയിരുന്നേൽ ” ഭാര്യ വാതിക്കൽ നിന്ന് പ്രതീക്ഷയെന്നോണം പറയുമ്പോൾ ഞാൻ ദയനീയമായൊന്ന് നോക്കി അവളെ ” എല്ലാം അറിയുന്ന നീയും ” എന്ന ഭാവത്തിൽ.

ഇനി ആരോട് ചോദിക്കും ഇച്ചിരി കാശ് എന്ന ആലോചനയിൽ ആയിരുന്നു ഞാൻ. ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവരും കൈ മലർത്തും. തരുമെന്ന് ഉറപ്പുള്ള പലരോടും വാങ്ങിക്കഴിഞ്ഞു പലപ്പോഴായി. ഇനിയും നനഞ്ഞിടം കുഴിക്കുന്നത് ശരിയല്ലല്ലോ. കഴിഞ്ഞ ആഴ്ച നാട്ടിലെ സംഘടനകൾ കൊണ്ട്തന്നെ പച്ചക്കറികൊണ്ട് അളന്നുമുറിച്ച് അവൾ എത്തിച്ചു ഇന്നലെ വരെ. അടുക്കളപ്പുറത്തെ കാന്താരിചെടിയിലെ ഓരോ കാന്താരിയും ചമ്മന്തിയായി കഞ്ഞിക്ക്.

” ഏട്ടാ… “

അവൾ പിന്നെയും വിളിച്ചപ്പോൾ ഞാൻ എഴുനേറ്റ് ഒന്നും മിണ്ടാതെ ഷർട്ടുമെടുത്തിട്ട് പുറത്തേക്ക് നടന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല. കുട്ടികൾ അത് വേണം ഇത് വേണം എന്നൊക്ക പറഞ്ഞ് വാശി പിടിക്കുമ്പോൾ നിസ്സഹായതയോടെ നിൽക്കാനേ അവൾക്ക് കഴിയുന്നുള്ളൂ. എട്ടും പൊട്ടും തിരിയാത്ത കുട്ടികളോട് അച്ഛന് പണി ഇല്ലെന്നും പുറത്തേക്ക് ഇറങ്ങാൻ പാടില്ലെന്നും ഇവിടെ ലോക്‌ഡൌൺ ആണെന്നുമൊക്ക പറഞ്ഞിട്ട് എന്ത് കാര്യം.

” നാളെ വാങ്ങാം, ഇപ്പോൾ മക്കള് ഇത് കഴിക്ക് ” എന്ന് പറയുമ്പോൾ ആ കുഞ്ഞിക്കണ്ണുകൾ ചിണുങ്ങുന്നത് വേദനയോടെ കണ്ടിട്ടുണ്ട്.

” എങ്ങോട്ടാ ദേവ നീ ഈ നേരത്ത്, ഇപ്പോൾ ട്രിപ്പിൾ ലോക്ക് ആണെന്ന് അറിയില്ലേ, എന്തേലും വാങ്ങാൻ ആണേൽ ഞങ്ങളെ വിളിച്ചാൽ പോരെ, ഒക്കെ വീട്ടിലെത്തിക്കൂലോ. ” ഇടവഴിയിലേക്ക് ഇറങ്ങുമ്പോൾ എതിരെ ബൈക്കിൽ വന്ന സതീശൻ അരികിൽ ബൈക്ക് നിർത്തുമ്പോൾ അവന്റ ചോദ്യത്തിന് മറുപടിയായി മങ്ങിയ ഒരു പുഞ്ചിരി മാത്രേ എന്നിൽ ഉണ്ടായിരുന്നുള്ളൂ.

” നീ ഒരു കാര്യം ചെയ്യ്, ന്താ വേണ്ടതെന്നു വെച്ചാൽ പറഞ്ഞിട്ട് വീട്ടിൽ പോ, ഒക്കെ ഞാൻ അങ്ങോട്ട് എത്തിക്കാം. “

സതീശൻ അല്പം പരുഷമായിട്ടായിരുന്നു പറഞ്ഞത്. വെറുതെ പുറത്തിറങ്ങി ചുറ്റുന്നതിലുള്ള ദേഷ്യമാണ് അത്.

” സതീശാ, വാങ്ങാൻ ഒത്തിരി സാധനം ഉണ്ട്. പക്ഷേ, ബില്ല് തന്നാൽ നീ അതുമായി വീട്ടിൽ വരുമ്പോൾ തരാൻ പൈസയാണ് ഇല്ലാത്തത്. എന്ത് ചെയ്യണം, ആരോടു ചോദിക്കണം എന്നറിയാതെ ഇറങ്ങിയതാടോ ഞാൻ. “

എന്റെ അവസ്ഥ അവന് മുന്നിൽ തുറന്ന് പറയുമ്പോൾ അവന് ചിരിയായിരുന്നു.

” ന്റെ ദേവാ, നീ ഇങ്ങനെ ദാരിദ്ര്യം പറയല്ലേ. മാസത്തിൽ മുപ്പത് ദിവസവും പണിക്ക് പോയിരുന്ന നിനക്ക് ഒരു മാസം വീട്ടിലിരുന്നപ്പോൾ അന്നം മുട്ടിയെന്നോ. അതും പത്തുഎണ്ണൂറ് രൂപ കൂലി വാങ്ങുന്ന നീ. പോരാത്തതിന് എല്ലാ മാസവും സർക്കാർ കിറ്റും തരുന്നുണ്ട്. എന്നിട്ടും നീയൊക്കെ ഇങ്ങനെ പറഞ്ഞാൽ “

അവന്റ വാക്കിൽ പുച്ഛം ആയിരുന്നു. അവസ്ഥ എന്താണെന്ന് അറിയാതെ പുച്ഛിക്കുന്ന അവനോട് എന്ത് പറയാൻ എന്നായിരുന്നു ആദ്യം കരുതിയത്.പിന്നെ അവന്റെ കളിയാക്കൽ എന്റെ നെഞ്ചിൽ കൊണ്ടെങ്കിലും ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു.

” എത്ര നിസാരമായി നീ പുച്ഛത്തോടെ തള്ളി എന്നെ പോലുള്ളവരുടെ വാക്കുകളെ, അവസ്ഥയെ.

എന്നെ പോലുള്ളവർക്ക് ഒരു മാസത്തിൽ മുപ്പത് ദിവസവും പണിയെടുത്താൽ നീ പറഞ്ഞപ്പോലെ ഒക്കെ നടക്കും. പക്ഷേ, ഈ മുപ്പത് ദിവസവും പണി ഉണ്ടാകുമെന്നാണോ നീ കരുതിയത്. ഏറിയാൽ ഒരു മാസത്തിൽ ഇരുപതു പണി ഉണ്ടാകും, ബാക്കിയുള്ള ദിവസങ്ങള് എന്തേലും കാരണത്താൽ മുടക്കം വരും.

ആ കിട്ടുന്ന കാശിൽ നിന്ന് വേണം വീടിന്റ വാടകകയും ചിട്ടിയും പലിശയ്ക്ക് എടുത്തവനുള്ള ആഴ്ച്ചക്കാശും എല്ലാം.

പിന്നെ വീട്ടിലെ ചിലവ് . ഇതിൽ നിന്ന് ഓരോന്നും കഴിഞ്ഞ് നുള്ളിപ്പെറുക്കി മിച്ചം പിടിച്ചു പിടിച്ചു വെക്കുമ്പോൾ ഒരു ആശുപത്രിചിലവ് വന്നാൽ മതി അത്രേം നാൾ ചേർത്ത് വച്ചത് തീരാൻ.

ഒരു മാസം ഒരു ദിവസം വൈകിയാൽ രാവിലെ വീടിന്റെ മുന്നിൽ ഉണ്ടാകും വീടിന്റെ ഓണർ. അതുപോലെ പലിശക്കാരനും.ഇങ്ങനെ ഒക്കെ ജീവിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഒരു മാസം വീട്ടിലിരിക്കേണ്ടി വന്നാലുള്ള അവസ്ഥ നിനക്ക് മനസ്സിലാകില്ല സതീശാ. നീ പറഞ്ഞല്ലോ സർക്കാർ തരുന്ന കിറ്റിനെ കുറിച്ച്. സ്വന്തമായി വീടില്ലാത്ത, വാടകയ്ക്ക് താമസിക്കുന്ന എന്നെ പോലെ എത്രയോ പേരുണ്ട് റേഷൻകാർഡ് പോലും ഇല്ലാത്തവർ. ഞങ്ങൾക്ക് കിട്ടുമോ ഈ പറഞ്ഞ കിറ്റ്? വീടിന്റ ഓണറോട് കൊറോണ ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ നാളെ തെരുവിൽ കിടക്കേണ്ടി വരും. നീയൊക്കെ ഇതുപോലെ പുറമെ നിന്ന് പുച്ഛത്തോടെ കാണുന്ന ഞങ്ങളെ പോലുള്ളവരുടെ അവസ്ഥ ദയനീയമാടോ. അത് പറഞ്ഞാ മനസ്സിലാവില്ല. നിന്റ കണ്ണിൽ മുപ്പത് ദിവസം എണ്ണൂറ് വാങ്ങുന്ന കൂലിപ്പണിക്കാരനായ മുതലാളിയല്ലേ ഞാനൊക്കെ “

അതും പറഞ്ഞു തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു സതീശന്റെ മുഖം വല്ലാണ്ടാകുന്നത്. ” ഒന്നും പറയേണ്ടിയിരുന്നില്ല, തമാശയ്ക്ക് പറഞ്ഞതാണ്, അത് അവനെ ഇത്രയ്ക്ക് വേദനിപ്പിക്കുമെന്ന് കരുതിയില്ല ” എന്ന ചിന്തയായിരുന്നു അപ്പോൾ സതീശനിലും.

അതിന്റെ പ്രായശ്ചിത്തമെന്നോണം ഒരു വീട്ടിലേക്ക് വേണ്ട സാധനങ്ങളുമായിട്ടായിരുന്നു എനിക്ക് പിന്നാലെ സതീശൻ വീട്ടിലേക്ക് കേറിവന്നത്.

” ടാ, നീ ഇതൊക്കെ അകത്തേക്ക് വെയ്ക്ക് ” എന്നും പറഞ്ഞ് കുറെ സാധനങ്ങൾ എനിക്ക് നേരെ നീട്ടുമ്പോൾ എന്റെ കണ്ണുകൾ വല്ലാതെ നിറയുന്നുണ്ടായിരുന്നു. ” സതീശാ.. ഞാൻ… അപ്പോഴത്തെ എന്റെ സങ്കടത്തിൽ……. “

എനിക്ക് വാക്കുകൾ കിട്ടുന്നിലായിരുന്നു. ഞാൻ അവന്റ തോളിൽ പതിയെ കൈ വെച്ചപ്പോൾ അവൻ പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു” ഏയ്യ്, മനസ്സിലാക്കേണ്ടത് ഞാൻ ആയിരുന്നു. ഞാൻ വെറുതെ അപ്പോൾ….നീ അതൊക്കെ വിട്, എന്നിട്ട് ഇതൊക്കെ എടുത്ത് വെയ്ക്ക്. എനിക്ക് കുറച്ച് വീട്ടിൽ കൂടി സാധനങ്ങൾ എത്തിക്കാനുണ്ട്. വളണ്ടിയർ ആയിപ്പോയില്ലേ “

അവൻ ചിരിയോടെ വണ്ടിയുമെടുത്തു പോകുമ്പോൾ ഞാൻ അവനോട്‌ പറയാൻ മറന്ന നന്ദി മനസ്സിൽ ആയിരം വട്ടം പറയുകയായിരുന്നു.

പിന്നെയും ട്രിപ്പിൾലോക്ക് നീണ്ടുപോകുമ്പോൾ ഇനി എന്താകും അവസ്ഥ എന്നറിയാതെ ഒരു ആന്തലായിരുന്നു മനസ്സിൽ. ആ ഇടയ്ക്കാണ് മുതലാളി വിളിച്ചത്.

” ദേവാ, ഒരു പണി സ്റ്റാർട്ട് ചെയ്താലോ എന്നുണ്ട്, നിനക്ക് വരാൻ പറ്റോ. നിങ്ങടെ പഞ്ചായത്തിലെ ട്രിപ്പിൾ അല്ലെ . പണി എടുക്കുന്ന സ്ഥലവും ട്രിപ്പിൾ ആണ്. Nn”

പണി തുടങ്ങുകയാണ് എന്ന് കേട്ടപ്പോൾ ഒരു ആശ്വാസം ആയിരുന്നു. പക്ഷേ ട്രിപ്പിൾ ലോക്കിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ……

പക്ഷേ, പുറത്തേക്ക് വന്നത് ” ഞാൻ വരാം നാളെ ” എന്നായിരുന്നു.

“മ്മ്.. പോരുമ്പോൾ കയ്യില് സത്യവാങ്മൂലം ഒന്ന് എഴുതിവെച്ചേക്ക്. ട്രിപ്പിൾ ആയ സ്ഥലത്തു നിന്ന് വരുന്നത് കൊണ്ട് അതിൽ ചിലപ്പോൾ കാര്യമുണ്ടാകില്ല. വണ്ടി കൂടി പോലീസ് കൊണ്ട് പോകും എന്നാണ് കെട്ടത്, അതുകൊണ്ട് ഊടുവഴിയിലൂടെ വന്നാൽ മതി പോലീസിന്റെ കണ്ണിൽ പെടാതെ “

മുതലാളിയുടെ വാക്കുകൾ മൂളിക്കേൽക്കുമ്പോൾ നാളെ പണിക് പോവാലോ എന്ന ചിന്തയിൽ മനസ്സ് സന്തോഷത്താൽ തുടികൊട്ടുകയായിരുന്നു.

രണ്ട് ദിവസങ്ങൾ ഒരു കുഴപ്പവുമില്ലാതെ കടന്ന്പോയി. അപ്പോൾ മനസ്സിൽ ഒരു ധൈര്യമൊക്കെ വന്നിരുന്നു. പോലീസ് വരാത്ത വഴിയാണല്ലോ എന്നുള്ള വിശ്വാസവും.

പതിവ് പോലെ അന്ന് പണി കഴിഞ്ഞ് ഊടുവഴിയിലൂടെ പോരുമ്പോൾ വളവ് തിരിഞ്ഞതും എതിരെ വരുന്നുണ്ടായിരുന്നു പോലീസ്ജീപ്പ്.എന്റെ നെഞ്ചോന്നു പിടച്ചു. പെട്ടന്ന് അവരെ മുന്നിൽ കണ്ടത് കൊണ്ടാവണം ബൈക്ക് ഒന്ന് വെട്ടിയത്. പെട്ടല്ലോ എന്ന് കരുതി മേലെ മുന്നോട്ട് എടുക്കുമ്പോൾ ഡ്രൈവർ കൈ കാണിച്ചു.

” എവിടെ പോയതാ “

ജീപ്പിലുണ്ടായിരുന്ന സി ഐ ഗൗരവത്തോടെ ചോദിക്കുമ്പോൾ വിറച്ചുകൊണ്ടായിരുന്നു ഞാൻ പറഞ്ഞത് ” സർ പണിക്ക്….. പോയതാ ” എന്ന്.

” എന്താ പണി “

“ടൈൽസ് പണി ആണ് സർ “

ഞാൻ പരുങ്ങലോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുമ്പോൾ സി ഐ എന്നെ ആകെ ഒന്ന് നോക്കി.

“.എവിടെ ട്രിപ്പിൾലോക്ക് ആണെന്ന് അറിയില്ലേ. എന്നിട്ടാണോ നീ ഒരു പേടീം ഇല്ലാതെ എവിടെ പണിക്ക് വന്നത് “

ചോദ്യത്തിൽ ദേഷ്യം ഉണ്ടെന്ന് മനസ്സിലായെങ്കിലും ഞാൻ താഴ്ന്ന ശബ്‌ദത്തിൽ വളരെ സൗമ്യമായി കാര്യം പറഞ്ഞു,

” സർ, അറിയാഞ്ഞിട്ടല്ല, നിവർത്തികേട്‌ കൊണ്ടാണ്. ഇത്രേം ദിവസം വീട്ടിൽ ഇരിപ്പായിരുന്നു. അവസ്ഥ സമ്മതിക്കാത്തത് കൊണ്ടാണ് സർ….. “

കിട്ടാൻ പോകുന്ന പിഴയും വണ്ടി സ്റ്റേഷനിൽ നിർത്തി വീട്ടിലേക്ക് നടന്നു പോകേണ്ടതുമൊക്കെ ആലോചിക്കുമ്പോൾ ആകെ പരവേശമായിരുന്നു.

പക്ഷേ, എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു സർ സംസാരിച്ചത്.

” മ്മ്… പൊക്കോ… ഇനി കിട്ടിയ കാശ് ഫൈൻ അടച്ചുകളയണ്ട. പിന്നെ കൊറോണ ആണ് സൂക്ഷിക്കണം. പുറത്തിറങ്ങുന്നവരിലൂടെ ആണ് വീട്ടിലുള്ളവർക്ക് കൂടി കിട്ടുന്നത്. അതുകൊണ്ട് ജോലി കഴിഞ്ഞാൽ എവിടേം കറങ്ങി നിൽക്കാതെ വീട്ടിൽ പൊക്കോണം. കേട്ടല്ലോ. പിന്നെ ഒരു കാര്യം, ആ ഹാന്ഡിലിൽ തൂക്കിയിട്ട സാധനം തലയിൽ വെക്കാൻ ഉള്ളതാണ്. വീട്ടിൽ കാത്തിരിക്കുന്നവർ ഇല്ലേ. അവർക്ക് വേണ്ടി എങ്കിലും അതെടുത്തു തലയിൽ വെയ്ക്ക്. ഷോയ്ക്ക് തന്നതല്ല ആ സാധനം. “

അതും പറഞ്ഞു ഡ്രൈവറോട് പോകാമെന്ന് പറയുമ്പോൾ ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു. പിന്നെ ഹാന്ഡിലിൽ തൂക്കിയിട്ട ഹെൽമറ്റ് എടുത്ത് തലയിൽ വെച്ച് ബൈക്ക് എടുക്കുമ്പോൾ ഇന്നലെ വരെ വലിയ ദേഷ്യക്കാരൻ ആണെന്ന് പറഞ്ഞുകേട്ട അ സി ഐ ആ സമയം എനിക്ക് ദൈവത്തെ പോലെ ആയിരുന്നു.

ഇങ്ങനെയും ഒരുപാട് പേർ പോലീസിലുണ്ട് എന്ന് പിന്നെയും പിന്നെയും മനസ്സ് മന്ത്രിക്കുമ്പോൾ മനസ്സാൽ ഒരു സല്യൂട്ട് അടിച്ചിരുന്നു ഞാൻ ആ നല്ല മനസ്സിന് മുന്നിൽ.