രണ്ടു വീടിന് അപ്പുറമുള്ള വർക്കിച്ചായൻ്റെ വീടിനടുത്ത് എത്തിയപ്പോൾ അവൾ അങ്ങോട്ട് കയറി…

സ്വപ്നം

രചന: ദിവ്യ കശ്യപ്

ഉച്ചയോടെ തുടങ്ങിയ മഴയാണ്…നല്ല കർക്കടക പേമാരി…ഉച്ചക്ക് രണ്ടുമണി ക്ക് പോലും അന്തരീക്ഷം സന്ധ്യ ആയത് പോലെ….ഞാൻ ഉച്ചയൂണും കഴിഞ്ഞ് ഇറയത്ത് വന്നിരുന്നതാണ്…കോരിച്ചൊരിയുന്ന മഴ…കണ്ടിരിക്കാൻ നല്ല സുഖം.. ഓടിൽ നിന്നും ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികളിലേക്ക് കയ്യും നീട്ടി വെച്ചു ഞാനിരുന്നു…എത്ര നേരം അങ്ങനെയിരുന്നു എന്ന് എനിക്ക് തന്നെയറിയില്ല….തണുത്തുറഞ്ഞ് വന്ന കാറ്റിനോടും കുളിര് നൽകിയ മഴത്തുള്ളികളോടും എന്തൊക്കെയോ മൗനമായി പറഞ്ഞു കിന്നാരം ചൊല്ലി ..ആസ്വദിച്ചു കൊണ്ട് ഞാനിരുന്നു…അമ്മ പൂമുഖത്ത് ലൈറ്റ് തെളിയിച്ചപ്പോഴാണ് സമയം സന്ധ്യ മയങ്ങി എന്നെനിക്ക് മനസ്സിലായത്…

“എത്ര നേരായി..അപ്പു..നീയീ ഇരിപ്പ് തുടങ്ങീട്ട്…ചായ കുടിക്കാൻ പോലും വന്നില്ലല്ലോ…”അമ്മയുടെ പരിഭവം കേട്ടെങ്കിലും ഒന്നും മിണ്ടാതെ ഞാൻ വീണ്ടും അവിടേ തന്നെയിരുന്നു…മഴ അപ്പോഴും ശമിച്ചിരുന്നില്ല….

അമ്മ പോയതിനു ശേഷവും ഞാൻ എൻ്റെ ഇരിപ്പ് തുടർന്നു…

പെട്ടെന്നാണ് പടിപ്പുര കടന്ന് ഒരു പെൺകുട്ടി വരുന്നത് കണ്ടത്…മഴ നനഞ്ഞുള്ള വരവ്…

ആരാണത്…കണ്ടൂ പരിചയം തോന്നിയില്ല…നല്ല സുന്ദരിയാണ്…നടുവും കഴിഞ്ഞ് കിടക്കുന്ന വിതർത്തിട്ട മുടി…വിടർന്ന കണ്ണുകളോടെ അവൾ എന്നെ നോക്കുന്നുണ്ട്…

ഒരല്പം ആകാംഷയോടെ ഞാൻ എഴുന്നേറ്റു…ഇനി അമ്മയെ കാണാൻ വല്ലതും വന്നതാണോ…ഞാൻ അകത്തേ ക്കൊന്ന് എത്തിനോക്കിയിട്ട് വീണ്ടും അവളെ നോക്കി…

ഇപ്പൊൾ അവൾ തുളസിത്തറയിൽ തൊട്ട് നിൽക്കുന്നു…ഞങൾ ക്രിസ്തീയ മത വിശ്വാസികൾ ആണെങ്കിലും വാങ്ങിയ വീടിന് മുന്നിൽ നിന്നിരുന്ന തുളസി തറ കളഞ്ഞിരുന്നില്ല….

നനഞ്ഞൊട്ടിയ ദേഹം…ചുണ്ടിൽ പുഞ്ചിരിയുണ്ട്…മേൽക്കൂരയിലെ കട്ടിളപ്പടിയിൽ പിടിച്ചൂന്നി നിന്ന് കൊണ്ട് ഞാൻ തല അല്പം താഴ്ത്തി അവളെ നോക്കി…

വശ്യമായ ഒരു ചിരി ചിരിച്ചിട്ട് അവൾ തുളസിത്തറ ഒന്ന് വലം വെച്ചു..എന്നിട്ട് തിരികെ നടന്നു പടിപ്പുരയുടെ നേർക്ക്…പടിപ്പുര കടക്കാൻ നേരം തിരിഞ്ഞു നോക്കി ഒന്ന് കൂടി പുഞ്ചിരിച്ചു..

എനിക്ക് ആകാംഷയെറി…ഞാൻ മഴ വകവെക്കാതെ ആ പെരുമഴയിലേക്കിറങ്ങി…മുന്നിലെ ഇടവഴിയിലൂടെ അവൾ നടന്നു നീങ്ങുന്നുണ്ട്…ഇടക്ക് എന്നെ തിരിഞ്ഞു നോക്കുന്നു…ചെറുതായി ചിരിക്കുന്നു..

രണ്ടു വീടിന് അപ്പുറമുള്ള വർക്കിച്ചായൻ്റെ വീടിനടുത്ത് എത്തിയപ്പോൾ അവൾ അങ്ങോട്ട് കയറി…

വർക്കിച്ചായനും അപ്പയും വലിയ കൂട്ടുകാരാണ് .. ആ വീട്ടിൽ ഏത് നട്ടപാതിരാക്കും കയറി ചെല്ലാനുള്ള എൻ്റെ അധികാരവും അവകാശവും ഓർത്ത് ഞാനും ആ വേലി കടന്ന് അകത്ത് കയറി..

അവൾ മുൻവശത്തെക്ക് പോകാതെ അടുക്കളപുറത്തേക്ക് പോകുന്നത് കണ്ട് ഞാനും അതിനു പുറകെ ചെന്നു..

അടുക്കളവശത്തെ കോഴിക്കൂടിന് പിന്നിലേക്ക് അവൾ മാറി…ഞാൻ അങ്ങോട്ട് ചെല്ലാൻ ആഞ്ഞതും അടുക്കളയിൽ നിന്നും വർക്കിച്ചായൻ ഒരു കുടയും പിടിച്ച് കൊഴിക്കുള്ള തീറ്റയുമായി വന്നു… കോഴിക്കൂട് തുറന്നു തീറ്റ വെച്ച് കൊടുത്തു കഴിഞ്ഞു തിരിഞ്ഞപ്പോഴാണ് ഞാൻ നിൽക്കുന്നത് വർക്കിച്ചായൻ കണ്ടത്…

“എന്താടാ അപ്പു..ഈ നേരത്ത് ഇവിടെ..??”

“ഒരു പെണ്ണ്”…ഞാൻ കോഴിക്കൂടിന് അപ്പുറത്തേക്ക് വിരൽ ചൂണ്ടി…

“പെണ്ണോ…ഇവിടെയോ… എവിടെ…?” ഞാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി കൊണ്ട് വർക്കിച്ചായൻ ചോദിച്ചു…ഒപ്പം അവിടേക്ക് നടന്നു നീങ്ങി. ഞങ്ങൾ കോഴികൂട് വലം വെച്ച് ഇപ്പുറത്ത് എത്തും മുൻപ് തന്നെ കണ്ടൂ.. അവൾ അടുക്കളവാതിലിലൂടെ അകത്തേക്ക് കയറുന്നു…

“ദേ..”എൻ്റെ ശബ്ദം ഉച്ചത്തിലായി പോയി…

“ശരിയാണല്ലോ…അതാരാ…”വർക്കിച്ചായൻ കണ്ണ് മിഴിച്ചു…

കൂടുതലൊന്നും ചിന്തിക്കാതെ ഞാനും വർക്കിച്ചായനും അകത്തേക്ക് കയറി…പെട്ടെന്നാണ് കറൻ്റ് പോയത്…വർക്കിച്ചായൻ എവിടുന്നോ ഒരു മെഴുകുതിരി കത്തിച്ച് എൻ്റെ കയ്യിൽ തന്നു… ആ മെഴുകുതിരി യുമായി ഞാൻ മുന്നേ നടന്നു…വർക്കിച്ചായൻ പിന്നിലും…

ഇടനാഴി കടന്നപ്പോൾ വശത്തെ മുറിയിൽ ഒരു നിഴലനക്കം…ഞാൻ അങ്ങോട്ട് നോക്കി…അവളവിടെ നിൽക്കുന്നു…എന്നെ കണ്ട് തല ചെരിച്ചു വെചോന്ന് നോക്കി ചിരിച്ചു… ആ ചിരിയിൽ പല്ല് തെളിഞ്ഞപ്പോൾ ഇരുവശത്തെയും കോന്ത്രപ്പല്ല് താഴേക്ക് ഇറങ്ങി വന്നു…

“അമ്മച്ചിയെ….ഞാൻ മെഴുകുതിരി യുമായി തിരിഞ്ഞു വർക്കിച്ചായനെ കെട്ടിപ്പിടിക്കാൻ നോക്കി…

പക്ഷേ വർക്കിച്ചായൻ അവിടെ ഉണ്ടായിരുന്നില്ല… പേടികൊണ്ട് ഞാൻ താഴെ വീണു… എൻ്റെ കയ്യിൽ നിന്നും മെഴുകുതിരി താഴെ വീണു കെട്ടു…

ഇരുട്ടിലും എനിക്ക് അവളെ കാണാൻ പറ്റുന്നുണ്ടായിരുന്നു….അവളങ്ങനെ നിന്ന് ചിരിക്കുകയാണ്…കാലു നിലത്ത് തൊട്ടിരുന്നില്ല…വായുവിൽ നിൽക്കുന്നു അവൾ… കിടന്നു കൊണ്ട് തന്നെ ടിഷർട്ടിനുള്ളിൽ കിടന്ന കൊന്തയിലെ കുരിശ് എടുത്ത് പുറത്തേക്ക് നീട്ടിപ്പിടിച്ചൂ…

അവളുടെ ചിരി നിന്നില്ല… ആ കുരിശിലേക്കും നോക്കി നിന്നായി ചിരി…

പെട്ടെന്ന് കറൻ്റ് വന്നു…ഞാൻ മാതാവിൻ്റെ രൂപതട്ടിന് താഴെയായിരുന്നു കിടന്നിരുന്നത്…ഞാൻ അവിടെ നിന്നും ചാടി എഴുന്നേറ്റു… രൂപതട്ടിന് അടുത്ത് വെച്ചിരുന്ന വലിയ തടിക്കുരിശ് എടുത്ത് രണ്ടു കയ്യും കൊണ്ട് അവളുടെ നേരെ നീട്ടിപ്പിടിച്ചു …നീട്ടിപ്പിടിച്ച കൈകൾ പൂക്കുല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു…നനഞ്ഞോട്ടിയ ടീ ഷർട്ടിൽ നിന്നും വെള്ളതുള്ളികൾ ഇറ്റിറ്റ് വീണുകൊണ്ടിരുന്നു…

അവളുടെ ചിരി നിന്നു…മുഖത്ത് ചുവപ്പ് നിറം പടർന്നു… കണ്ണ്തുറിചു ..പല്ല് ഞെരിച്ചുകൊണ്ടവൾ എന്നെ നോക്കി…എന്നിട്ട് അടക്കിയ സ്വരത്തിൽ പറഞ്ഞു…

“ഞാനിനിയും വരും…”

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഞാൻ ചാടി എഴുന്നേറ്റു….ബെഡ് ലാമ്പ് ഓൺ ചെയ്തു…സമയം നോക്കി…പാതിരാത്രി പന്ത്രണ്ടര….സൈഡ് ടേബിളിൽ ഇരുന്ന ജഗ്ഗിൽ നിന്നും കുറെ വെള്ളമെടുത്ത് കുടിച്ചു…കർത്താവേ….ഇതെന്താ ഞാനിങ്ങനെയൊരു സ്വപ്നം കണ്ടത്…അതെന്തായിരുന്നൂ ആ യക്ഷിക്ക് എൻ്റെ പെങ്ങളുടെ കൂട്ടുകാരിയുടെ അനിയത്തിയുടെ മുഖം

എല്ലാം ഒരു സ്വപ്നമായിരുന്നു…ഒരു സ്വപ്നം മാത്രം….

**************