രചന: ഗിരീഷ് കാവാലം
സുപ്രഭാതം കേട്ട് ഉണർന്നതും മൊബൈൽ എടുത്തു ഫേസ്ബുക് ഓപ്പൺ ചെയ്ത പളനി ഒന്ന് ഞെട്ടി. മൊബൈൽ എടുത്ത അതിലും വേഗത്തിൽ ബെഡ്‌ഡിലേക്ക് ഇട്ടു…
“ങേ ഇത് തന്റെ മൊബൈൽ തന്നെയോ “
“അതേ തന്റേത് തന്നെ “
സംശയ ദുരീകരണം നടത്തി പളനി തന്റെ മൊബൈൽ വീണ്ടും എടുത്തു
“ഇതെങ്ങനെ സംഭവിച്ചു…?
ഫേസ് ബുക്കിൽ താൻ അറിയാതെ തന്റെ അക്കൗണ്ടിൽ നിന്നും ഒരു ലേഖനം പോസ്റ്റ് ചെയ്തിരിക്കുന്നു അതും തന്റെ പേരിൽ.. പോസ്റ്റ് ചെയ്ത സമയം നോക്കിയാൽ രാത്രിക്ക് രാമാനം വൈറൽ ആയിരിക്കുന്നു… ആയിരക്കണക്കിന് ലൈക്കുകളും കമന്റ് കളും ഷെയർകളും ഒറ്റ രാത്രിയുടെ സമയ ദൈർഖ്യത്തിൽ തനിക്ക് കിട്ടിയിരിക്കുന്നു ഇതെങ്ങനെ സംഭവിച്ചു…
കുട്ടപ്പൻ സാറിന്റെയും ഭാവാനിയമ്മയുടെയും ഏക സന്തതിയായ കുമാർ എന്ന പളനി
വർഷങ്ങൾ ആയിട്ടും കുട്ടികൾ ഉണ്ടാകാത്തതിനാൽ പഴനി ആണ്ടവന് വഴിപാട് നേർന്നു ഉണ്ടായ ഏക ആൺതരി…
അത് എപ്പോഴും എല്ലാവരോടും പറയുമായിരുന്നു ഭാവാനിയമ്മ. അങ്ങനെ കുമാർ നാട്ടുകാരുടെ ഇടയിൽ പളനി ആയി മാറി
പ്രതീക്ഷകളെ ഒക്കെ അസ്ഥാനത്താക്കി കുഞ്ഞിലേ തുടങ്ങിയ പളനിയുടെ കുറുമ്പുകൾ യൗവനത്തിലേക്കു കടക്കും തോറും കുരുത്തക്കേടുകൾക്ക് വഴിമാറുകയായിരുന്നു .
കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിയുമ്പോൾ പക്വത കൈ വരിച്ചു നല്ല നടപ്പ് ആകുമെന്ന് പ്രതീക്ഷിച്ച ആ വൃദ്ധ ദമ്പതികൾക്ക് തെറ്റി..
വൃത്തികെട്ടവൻ, സംസ്കാരം ഇല്ലാത്തവൻ, എന്നൊക്കെ ആരെങ്കിലും ആരെപ്പറ്റിയെങ്കിലും പറയുന്നത് കേട്ടാൽ വിചാരിച്ചോണം അത് തങ്ങളുടെ മകൻ പളനിയെ കുറിച്ചായിരിക്കും എന്ന് .. ആ നിലയിലേക്ക് മാറി പളനി..
ഒരു വിവാഹം കഴിച്ചാൽ ചിലപ്പോൾ സ്വഭാവം മാറിയാലോ അങ്ങനെ വിദ്യാഭ്യാസമുള്ള നല്ലൊരു പെണ്ണിനെ തന്നെ കല്യാണം കഴിപ്പിച്ചു കൊടുത്തു
എന്നാലും ഇതെങ്ങനെ സംഭവിച്ചു…
പളനിയുടെ മനസ്സിൽ ഭാര്യയുടെ മുഖം തെളിഞ്ഞു വന്നു
“:ഏയ് അവൾ ഇങ്ങനെ എഴുതി എന്റെ പേരിൽ പോസ്റ്റ് ചെയ്യില്ല “
പിന്നെ ആര് ?
“ഇനി അറിയാതെ വല്ല ലേഖനത്തിലും തന്റെ കൈ വിരൽ തട്ടി കോപ്പി ആയി പിന്നെ അബദ്ധത്തിൽ പേസ്റ്റ് ആയി പോയതാണോ.. അങ്ങനെയും സംഭവിക്കാം. പക്ഷേ അങ്ങനെ ആണെങ്കിൽ എന്റെ പേര് എഴുതിയ ആളിന്റെ സ്ഥാനത്ത് എങ്ങനെ വന്നു”
പളനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
എന്തായാലും പളനിയുടെ മുഖത്ത് ഒരു ത്രിൽ ഫീൽ ചെയ്യുന്നുണ്ടായിരുന്നു..
അയാൾ കമന്റ്‌കൾ ഓരോന്നായി വായിക്കാൻ തുടങ്ങി… Wow വിവരം ഉള്ള ആരെങ്കിലും എഴുതിയതാണെങ്കിലും അഭിനന്ദിച്ചുകൊണ്ടുള്ള പലരുടെയും കമന്റ്കൾ കണ്ട് പളനി കോരി തരിച്ച് ഇരുന്നു പോയി..
അപ്പോഴേക്കും ചായയുമായി ഭാര്യ സേതു അവിടേക്ക് വന്നു
നാണമില്ലേ വല്ലവരുടെയും കഥ അടിച്ചു മാറ്റി സ്വന്തം പേരിൽ പോസ്റ്റ് ചെയ്യാൻ..കടപ്പാട് എന്ന് വച്ചുകൂടായിരുന്നോ
കളിയാക്കികൊണ്ട് തിരിഞ്ഞ് പോകുന്ന സേതുവിനെ നോക്കി ഇരിക്കാനേ പളനിക്ക് കഴിഞ്ഞുള്ളു
അപ്പോൾ ഇവൾ അല്ല എഴുതിയതെന്ന് ഉറപ്പ്… അത് തന്നെയുമല്ല അതിനുള്ള കഴിവും ഇല്ല ഇവൾക്ക്..പിന്നെ എങ്ങനെ ഇത് സംഭവിച്ചു..
നേരം വെളുത്തതും അടുത്ത പരിചയക്കാരുടെ കോളുകൾ വരാൻ തുടങ്ങി
എല്ലാവരുടെയും ചോദ്യം ഒന്ന് മാത്രം ആയിരുന്നു
“എടാ പളനി എന്താടാ ഈ കാണുന്നത്.. ഇത് നീ തന്നെ എഴുതിയതാണോ “
ഒരർത്ഥത്തിൽ പളനി ഭാര്യയുടെയും പരിചയക്കാരുടെയും മുന്നിൽ സ്വയം പരിഹാസ കഥാപാത്രം ആകുകയായിരുന്നെങ്കിലും ഇപ്പോഴും തനിക്ക് ആശംസകൾ അറിയിച്ചു വന്നുകൊണ്ടിരിക്കുന്ന തന്നെ അറിയാത്ത ആയിരത്തിനടുത്ത കമന്റ്കളുടെ ത്രില്ലിൽ ആയിരുന്നു അവൻ
“തനിക്കും ആയിക്കൂടെ “
“ഇതുപോലെ എഴുതുവാൻ തനിക്ക് എന്തുകൊണ്ട് കഴിയില്ല ഭൂമിയിൽ മനുഷ്യന് കഴിയാത്തതായി എന്തുണ്ട് “
പളനിയുടെ ചിന്ത അന്ന് ആദ്യമായി വഴി മാറി നടന്നു ..
അതൊരു തുടക്കം ആയിരുന്നു.. ഏത് വിധേനയും ഒരു എഴുത്തുകാരൻ ആകുക അതിനുള്ള കഠിന പ്രയത്നങ്ങൾ അയാൾ തുടങ്ങി
പലവിധ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. ആഴത്തിലുള്ള അറിവിലേക്ക് നീന്താൻ തുടങ്ങിയ പളനിയിൽ നിന്നും ദുഷ്ചിന്തകൾ വഴിമാറി സഞ്ചരിക്കാൻ തുടങ്ങി
അയാൾ എഴുത്തിന്റെ ലോകത്തേക്ക് സാവധാനം പിച്ച വെച്ച് തുടങ്ങി
അങ്ങനെ ഒരു ദിവസം പളനിയുടെ ഒരു ലേഖനം സോഷ്യൽ മീഡിയയിൽ വൈറൽ ആയി
കമന്റ് കളുടെയും ലൈക് കളുടെയും പൂരം ആയിരുന്നു അന്ന്
പളനിക്ക് ആത്മാഭിമാനം തോന്നിയ ദിവസം
അന്ന് ഇളിഭ്യനായി എങ്കിൽ ഇന്ന് ആത്മവിശ്വാസത്തിന്റെ നെറുകയിൽ എത്തിയിരിക്കുന്നു താൻ
അങ്ങനെ എഴുത്തിന്റെ ലോകത്ത് സ്ഥിരം സാന്നിധ്യമായി മാറിയ പളനിയുടെ ഒരു ചെറുകഥ, ഒരു ഓൺ ലൈൻ മാധ്യമത്തിന്റെ ചെറുകഥാ മത്സരത്തിൽ സമ്മാനാർഹമായി തിരഞ്ഞെടുക്കപ്പെട്ടു..
ആ ഓൺലൈൻ മാധ്യമത്തിന്റെ അവാർഡ് ദാന ചടങ്ങിൽ വച്ച് അവാർഡ് സ്വീകരിച്ച ശേഷം ഉള്ള മറുപടി പ്രസംഗത്തിൽ പളനി വികാരധീരനായി പറഞ്ഞു
“യഥാർത്ഥത്തിൽ ഈ അവാർഡിന് അർഹതപ്പെട്ടത് ഞാൻ അല്ല വേദിയിൽ ഇരിക്കുന്ന എന്റെ ഭാര്യ സേതു ആണ്..അതുകൊണ്ട് ഈ അവാർഡ് സ്വീകരിക്കുവാൻ എന്നോടൊപ്പം അവളെ കൂടി ഈ വേദിയിലേക്ക് ക്ഷണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ് “
അതുകേട്ട സേതുവിന്റെ മുഖം അക്ഷരാർത്ഥത്തിൽ അയ്യടാ എന്നായി പോയി
സദസിന്റെ കരഘോഷത്തിന്റെ അകമ്പടിയാൽ അവാർഡ് സ്വീകരിച്ചു വീട്ടിലേക്ക് വരുമ്പോഴും കാറിലെ യാത്രയിലുടനീളം സേതു, പളനിയെ തന്നെ അത്ഭുതത്തോടെ നോക്കി ഒന്നും മനസ്സിലാകാത്ത രീതിയിൽ ഇരിക്കുകയായിരുന്നു
വീട്ടിനുള്ളിൽ കയറിയതും അവൾ ചോദിച്ചു
” എങ്ങനെ മനസ്സിലായി ഞാൻ ആണെന്ന്”
രണ്ട് ദിവസം മുൻപ് അലമാരയിൽ തപ്പുമ്പോൾ ഒരു ഡയറി കിട്ടി അതിൽ ഞാൻ കണ്ടത് രണ്ട് വർഷം മുൻപ് നീ എഴുതിയ ആ ലേഖനം അന്ന് രാത്രിയിൽ എന്റെ FB യിൽ പോസ്റ്റ് ചെയ്തത്…
പളനി അത് പറയുമ്പോഴേക്കും സേതുവിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു കഴിഞ്ഞിരുന്നു ഒപ്പം പളനിയിലേക്കും അത് പടർന്നു പിടിക്കാൻ തുടങ്ങുകയായിരുന്നു