അരികിലായ്
രചന : അഞ്‌ജലി മോഹൻ
“എടി പെണ്ണേ ഇങ്ങോട്ട് ചേർന്ന് കിടക്ക്…… നല്ല തണുപ്പായിട്ട് നീയിത് എന്നാത്തിനാടി സാറകൊച്ചേ ഇങ്ങനെ വിട്ട് കിടക്കുന്നെ…. ഒന്നുല്ലേൽ നിന്റെ കെട്യോനല്ലേടി ഞാൻ……”
“എന്റെ മേത്തെങ്ങാനും നിങ്ങടെ ഈ കൈവീണാൽ പുത്തൻപുരയ്ക്കലെ സാറ ആരാന്ന് നിങ്ങളറിയും അലക്‌സേ…..” അവളുടെ കണ്ണുകൾ ചുമന്നു…..
“ഹാ…. ഈ ചുറുചുറുക്ക് , ആരെയും വകവെയ്ക്കാത്ത നിന്റെ ഈ സ്വഭാവം പിന്നെ വരാല് പോലെ പിടിതരാതെ മറഞ്ഞ് കളിക്കുന്ന നിന്റെ ഈ പെടക്കണ ശരീരം ഇതുകൊണ്ട് മാത്രമാ തലപോകുന്ന കേസായിട്ടും അലക്സ് കുര്യൻ നിന്നെയെടുത്ത് തലയിലോട്ട് വച്ചത്……” അവൻ കട്ടിയുള്ള മീശയൊന്ന് പിരിച്ചുവച്ചു…..സാറയുടെ കണ്ണുകൾ അവനുനേർക്ക് കൂർത്ത് കൂർത്തുവന്നു…….
“എടിയേ ഇനിയാകെ പത്ത് ദിവസമേയുള്ളൂട്ടോ…. അതോടെ അലക്‌സ് ഇവിടം വിട്ട് പരലോകത്തിൽ എത്തും…. അന്നേരം നീ എന്നാ ചെയ്യുമെടി….??”
“എന്നെ എന്റെ അപ്പൻ പിടിച്ച് എന്നാത്തിനാടാ നിനക്ക് തന്നത്…. എന്നെകെട്ടി പത്താംനാൾ നീ ചാവുമ്പോ നല്ല അന്തസ്സും ജോലീം കൂലീം ഉള്ളൊരുത്തന് പിടിച്ച് കെട്ടിച്ചു കൊടുക്കാനല്ലേ….?? അതോണ്ട് നീ പരലോകത്തിൽ എത്തുമ്പോ സാറ വേറെ കെട്ടും…. അവന്റെ പിള്ളേരേം പെറ്റുപോറ്റി സുഖായിട്ട് ജീവിക്കും…..” അവൾ വെട്ടിത്തിരിഞ്ഞ് എതിർവശത്തോട്ട് കിടന്നു…….അരികിൽ നിന്നുയരുന്ന അലക്സിന്റെ ഉച്ചത്തിലുള്ള ചിരി അവളെ അലോസരപ്പെടുത്തികൊണ്ടിരുന്നു……
“നീ ഒലത്തും…. നീ അലക്‌സിച്ചായനേം ഓർത്തോർത്ത് കണ്ണീരൊഴുക്കി അങ്ങനെ ജീവിക്കും……”
“അത് നീ സ്വപ്നത്തിൽ പോലും നിനയ്ക്കണ്ട അലക്‌സേ….. നിന്നെപോലൊരു തെമ്മാടിയെ സാറ ഏഴ് ജന്മത്തിൽ പോലും സ്നേഹിക്കില്ല…..” അവളവനെ ക്രോധത്തോടെ നോക്കി….
“ഉവ്വുവ്വേ…..” വീണ്ടും അതേ ചിരി…. അവൻ അല്പം കൂടെ നീങ്ങി നിരങ്ങി അവളോട് ചേർന്നു കിടന്നു….
“സാറകൊച്ചേ….” കാതിൽ അടക്കിപ്പിടിച്ച് വിളിച്ചതും തലയിണയ്ക്കടിയിൽ നിന്നും കറികത്തിയെടുത്തവൾ അവനുനേർക്ക് തിരിഞ്ഞുവീശി…… കൈവിരലിൽ നിന്നും ചോരപൊടിഞ്ഞത് വെളുത്ത കിടക്കവിരിയെ നനച്ചു…..
“മേത്തെങ്ങാനും തൊട്ടാൽ…..” മൂർച്ചയേറിയ കത്തി ചൂണ്ടിയവൾ ഒരിക്കൽക്കൂടിയവനെ ചൂഴ്ന്ന് നോക്കി……. മുറിഞ്ഞ വിരലിനെ വായിലിട്ട് നുണഞ്ഞവൻ ചുണ്ടുകൾ വളച്ചുപിടിച്ച് പുത്തൻപുരയ്ക്കലെ മിടുക്കിയെ മതിവരാതെ കണ്ടു….. അവൾ ഒന്നും സംഭവിക്കാത്തതുപോലെ ലൈറ്റണച്ച് തിരിഞ്ഞ് കിടക്കുന്നു…..ഉടുത്ത മുണ്ടിന്റെ തുമ്പ് കീറി മുറിഞ്ഞിടം ചുറ്റികെട്ടി അവനും എതിർവശത്ത് ഇരുട്ടിനെയും നോക്കി കിടന്നു……
പുത്തൻപുരയ്ക്കലെ ‘സാറ’…. കുഞ്ഞുന്നാൾ മുതൽ മോഹിക്കുന്ന പെണ്ണ്….. അവളേം കെട്ടി അവൾക്ക് നിറയെ കുഞ്ഞുങ്ങളേം കൊടുത്ത് ഉള്ള കഞ്ഞിയും പയറും കഴിച്ച് അങ്ങനെ ജീവിച്ചുപോകാനായിരുന്നു കപ്യാര് കുര്യച്ചന്റെ മകന്റെ മോഹം…..അവന് പതിനഞ്ചു വയസ്സായപ്പോഴാണ് കപ്യാര് കുര്യച്ചനും പുത്തൻപുരയ്ക്കൽ ജോസഫ് മാത്തനും തമ്മിലുള്ള അന്തരം എത്ര ഭയാനകമാണെന്ന് തിരിച്ചറിയാനായത്…. അപ്പോഴേക്കും ‘സാറ ജോസഫ് മാത്തൻ’ അലക്സ് കുര്യന്റെ ഹൃദയത്തിലങ്ങ് വേരുറച്ചുപോയിരുന്നു……
എങ്ങനേലും പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി കുറെ പൈസയൊക്കെ സമ്പാദിച്ച് വല്യ വീടൊക്കെ കെട്ടി പുത്തൻപുരയ്ക്കൽ ജോസഫ് മാത്തന്റെ മുൻപിൽ ചെന്ന് നിന്ന് നിങ്ങടെ മോള് സാറയെ അലക്സിന് തരുമോന്ന് നട്ടെല്ലുയർത്തിപ്പിടിച്ച് ചോദിക്കാനായിരുന്നു മോഹം….. അപ്പോഴേക്കും കപ്യാര് കുര്യച്ചൻ അങ്ങ് പരലോകത്തേക്ക് പോയി…..തള്ളയുമില്ല തന്തയുമില്ല ഏറ്റെടുക്കാൻ ഒരുത്തനും മുന്നോട്ട് വന്നതുമില്ല…. പട്ടിണിയായി ദാരിദ്രമായി ഒടുവിൽ ഒരുനേരത്തെ കഞ്ഞി കുടിക്കാൻ വേണ്ടി കിട്ടുന്ന പണിയൊക്കെ ചെയ്തു….കൂട്ടത്തിൽ കൂലിത്തല്ലും കൊട്ടേഷനും…..പുത്തൻപുരയ്ക്കലുകാരുടെ കൊട്ടേഷനായിരുന്നു കൂടുതലും…അതോടെ സാറ എന്ന മോഹം ഒത്തിരി വിദൂരതയിലേക്ക് പോയി…..അവൻ ഒരു നെടുവീർപ്പോടെ അടുത്ത് കിടക്കുന്നവളെയൊന്ന് നോക്കി…..കുഞ്ഞുന്നാളിൽ കണ്ട സ്വപ്നമാണ് ഇപ്പൊ അടുത്തിങ്ങനെ ഇടഞ്ഞു കിടന്നുറങ്ങുന്നത്…..
“സാറാഹ്..” പുഞ്ചിരിച്ചുകൊണ്ട് ആ പേരൊന്നുകൂടെ വിളിച്ചു…..അവളെ നോക്കി നോക്കിയെപ്പോഴോ അവന്റെ കണ്ണുകൾ മാളിമാളിയടഞ്ഞു…..
കാലത്തുണരുമ്പോഴും സാറ അരികിൽ ഉണ്ടായിരുന്നു….. മെല്ലെയാ ചെമ്പൻ മുടിയിഴയിലൂടെ വിരലോടിച്ചു….. “ഡീീ സാറകൊച്ചേ ഇച്ചായനൊരു ചായ ഇട്ട് താടി….”
“പോയി തന്റെ ചത്തുപോയ കുഞ്ഞമ്മയോട് പറ….” കണ്ണ് തുറക്കാതെതന്നെയവൾ ഉശിരോടെ പറഞ്ഞു…..കേൾക്കേണ്ടത് കേട്ടതുപോലെ അവനെഴുന്നേറ്റ് താഴേക്ക് നടന്നു….. സാറയുടെ അപ്പച്ചനും ഇച്ചായന്മാരും അവരുടെ പെമ്പറന്നോത്തികളുമെല്ലാം ഊണ് മേശയ്ക്ക് ചുറ്റുമിരുന്ന് ചായ കുടിക്കുന്നുണ്ട്…..അലക്സ് കുറച്ചുനേരം അവിടെനിന്നു….. ആരെങ്കിലും വന്നിരുന്ന് കഴിക്കാൻ പറയുമെന്ന് തോന്നിക്കാണണം….അങ്ങനൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പായ നിമിഷമവൻ അടുക്കളവാതിലിലൂടെ പുറത്തേക്ക് കടന്നു……പുത്തൻപുരയ്‌ക്കൽ ജോസഫ് മാത്തന്റെ കൂടെയിരുന്ന് രാവിലത്തെ ചായ കുടിക്കാൻ മോഹിച്ച മനസിന്റെ അത്യാഗ്രഹമോർത്തവൻ ഉറക്കെ ചിരിച്ചു….
പുറംപണിക്കാർക്ക് കൊടുക്കണ ചായയിലൊരെണ്ണം അവനും എടുത്തുകുടിച്ചു….. തൊടിയിൽ എന്തൊക്കെയോ കൊത്തികിളച്ചു കഴിഞ്ഞപ്പോഴാണ് നടുമുറിയിലെ ഫാനൊരെണ്ണം കറങ്ങുന്നില്ലെന്നും പറഞ്ഞ് ത്രേസ്യാമ്മച്ചി തൊടിയിലേക്ക് വന്നത്…… അവർക്ക് പിന്നാലെ ഉള്ളിലേക്ക് കടന്നപ്പോൾ ഊണ് മേശമേലിരുന്ന് വെള്ളപ്പവും ബീഫും ആസ്വദിച്ച് കഴിക്കണ സാറയെ നോക്കി കുറുമ്പോടെ ഒറ്റ കണ്ണിറുക്കി…..അവളുടെ മുഖം വീർത്തുകെട്ടി തുടങ്ങിയിട്ടുണ്ട്…. ഫാൻ പകുതി നന്നാക്കി കഴിഞ്ഞപ്പോഴേക്കും സാറ നടുമുറിയിലേക്ക് എത്തിയിരുന്നു…..ടിവിയുടെ സ്വിച്ച് ഓൺ ചെയ്ത് ഏതോ ഇംഗ്ലീഷ് ചാനൽ വച്ചുകുത്തിയിരിക്കുന്നവളെ അലക്സ് കുറച്ചുനേരം ചിരിയോടെ നോക്കിനിന്നു……
“ഡീീ സാറകൊച്ചേ… അറക്കാൻ വയ്ക്കണ മാടിന് നിങ്ങൾ തിന്നാനും കുടിക്കാനുമൊന്നും കൊടുക്കാറില്ലേ…..??” നടുമുറിയിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തികൊണ്ടവൻ കളിപോലെ ചോദിച്ചു…..
“കാലത്തെ ആറ് മണിക്ക് എണീറ്റപ്പോ തുടങ്ങിയ പണിയാ ഇപ്പം പതിനൊന്ന് മണിയായി…. എട്ടുമണിക്കൊരു കാലിചായയല്ലാതെ ഒന്നും അകത്തോട്ടു ചെന്നിട്ടില്ലെടി….. പത്ത് ദിവസം കഴിഞ്ഞ് എന്നെ പെട്ടിയിലോട്ട് ഇടുമ്പോ ഒട്ടും ഭാരം കാണില്ലാട്ടോ… നിനക്കൊന്ന് ചുംബിക്കാൻപോലും ഇച്ചായന്റെ ശരീരത്തിൽ ഒരുനുള്ള് ഇറച്ചി ഉണ്ടാവുംന്ന് തോന്നണില്ല…..” ചിരിച്ചുകൊണ്ടവൻ വീണ്ടും ഫാനിലെ അഴിച്ചുപണികളിലേക്ക് കടന്നു….
സാറ ഇരുത്തിയൊന്നവനെ നോക്കി….
“സത്യാടി…. ഇന്നേരം വരെ ഒന്നും കഴിച്ചിട്ടില്ല…. പുറത്തോട്ട് പോവാനൊട്ട് നിന്റെ തന്തപ്പടി സമ്മതിച്ചിട്ടുമില്ല….” അവൻ രണ്ടുകണ്ണുകളും ചിമ്മി….സാറ ചാടിത്തുള്ളി അകത്തോട്ടു പോണത് കണ്ടു…. തിരികെ വരുമ്പോ ഒരു പ്ലേറ്റിൽ നാല് വെള്ളപ്പവും ബീഫ് വരട്ടിയതും ഉണ്ടായിരുന്നു…..
“ഇച്ചായനാണോ കൊച്ചേ….?? അപ്പൊ സാറകൊച്ചിന് ഇച്ചായനോട് സ്നേഹമൊക്കെയുണ്ടല്ലേ……” കുസൃതിയോടെ ചോദിക്കുന്നവനെ നോക്കിക്കൊണ്ട് അതവൾ ശക്തിയോടെ അവൻ കയറി നിൽക്കുന്ന മേശമേൽ ശബ്ദത്തിൽ വച്ചു…..പ്ലേറ്റിലുണ്ടായിരുന്ന ഒന്ന് രണ്ട് കഷ്ണം പോത്തിറച്ചി നിലത്തേക്ക് ചിതറിവീണു……അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു ……അപ്പോഴേക്കും ഫാൻ നന്നാക്കി കഴിഞ്ഞിരുന്നു…. മേശയിൽ നിന്നും ഇറങ്ങി നിന്നവൻ സാറയുടെ കുഞ്ഞുമുഖത്തെ കൈകളിൽ എടുത്തുപിടിച്ചു……
“പട്ടിണി കിടന്നോളാമെടി ന്നാലും ഇങ്ങനെ പട്ടിക്ക് തരണപോലെ നീ എനിക്ക് എറിഞ്ഞ് തരല്ലേ കൊച്ചേ…..നീയെ തൊലിയില്ലാത്ത ന്റെ എല്ല് മാത്രമായ ശരീരത്തിൽ ചുംബിച്ചാൽ മതി…..” അവനവളുടെ നെറ്റിയെ നുകർന്നു……അവളൊന്ന് വേച്ച് പിന്നോട്ടേക്ക് മാറി…..ഷർട്ടിന്റെ കയ്യിൽ കണ്ണീര് തുടച്ചവൻ അടുക്കള വാതിൽ വഴി ഇറങ്ങിപോയപ്പോൾ സാറയ്ക്ക് നെഞ്ചിലെന്തോ തറച്ചുകയറി……ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോഴും അതവൾക്കിറങ്ങിയില്ല…..
കഴിച്ചിട്ടുണ്ടാകുമോ….. വിശക്കുന്നുണ്ടാകുമോ….. കഴിക്കാതെയിരിക്കുവോ….. അവൾക്കുള്ളിൽ നൂറ് ചോദ്യങ്ങൾ അലയടിച്ചു…… ബാക്കിവന്ന ചോറവൾ അടുക്കളയിലെ വേസ്റ്റ് പാത്രത്തിലേക്ക് തട്ടി…….രാത്രി എല്ലാരും കഴിച്ച് കഴിഞ്ഞപ്പോൾ ഒരുപാത്രം ചോറ് പ്ലേറ്റിലാക്കി അടച്ചുമൂടി മുറിയിലെ മേശപ്പുറത്ത് കൊണ്ടുവച്ചു…..ഏറെ വൈകിയാണ് അലക്സ് മുറിയിലേക്ക് വന്നത്…. വന്നയുടൻ കുളിമുറിയിൽ കയറി കുളിക്കുന്നതിന്റെ ശബ്ദം കേട്ടു……ക്ഷീണത്തോടെയാണ് കട്ടിലിന്റെ എതിർവശത്ത് വന്ന് കിടന്നത്….. വിളിക്കണോ വേണ്ടയോ എന്നവൾ ഒരുനിമിഷംകൊണ്ട് നൂറുവട്ടം ചിന്തിച്ചു….. പിന്നെ എഴുന്നേറ്റ് ലൈറ്റിട്ടു……
“ദേ മേശമേൽ ചോറ് എടുത്ത് വച്ചിട്ടുണ്ട് എടുത്ത് കഴിക്ക്…..” ഗൗരവം ഒട്ടും വിടാതവൾ പറഞ്ഞു തീർത്തു….. മറുത്തൊരു തെറിയോ ബഹളമോ ഒക്കെ സാറ പ്രതീക്ഷിച്ചു…… കുഴങ്ങിക്കൊണ്ടവൻ എഴുന്നേറ്റ് ചെന്ന് പ്ലേറ്റ് തുറന്ന് ചോറെടുത്ത് കഴിക്കുന്നത് കണ്ടപ്പോൾ സാറയുടെ കണ്ണുകൾ ഈറനായി…. കിടക്കമേലേക്ക് ചരിഞ്ഞ് കൊതിയോടെയവൻ ഉരുളകൾ ഉരുട്ടിക്കഴിക്കുന്നത് നോക്കിക്കിടന്നു…….കഴിച്ച കഴിഞ്ഞയുടൻ കുളിമുറിയിൽ നിന്ന് പ്ലേറ്റും കയ്യും കഴുകി അരികിലായി വന്ന് കിടന്നു……
“സാറകൊച്ചേ…..” കാതരുകിൽ അന്നുമവൻ കൊഞ്ചലോടെ വിളിച്ചു…..
“മേത്തെങ്ങാനും തൊട്ടാൽ അലക്‌സേ ന്റെ സ്വഭാവം മാറും…..” വീണ്ടുമതെ കത്തിയെടുത്തവൾ അവന് നേരെ ചൂണ്ടിപിടിച്ചു……
“ഇനി വെറും ഒമ്പത് ദിവസം കൂടിയേ ഉള്ളൂടി….. ഞാനൊന്ന് നിന്നെ കെട്ടിപിടിച്ചോട്ടെ….?” അവൻ പതിവ് പോലെ കുസൃതിയോടെ മീശ പിരിച്ചുവച്ചു…..അവളുടെ കണ്ണുകൾ ചുവന്നു വിടർന്നു……
‘സാധാരണ നമ്മടെ ആൾക്കാർക്ക് ഈ ജാതകത്തിലും മണ്ണാംകട്ടിയിലും ഒന്നും വിശ്വാസമുണ്ടാവാറില്ല…..പിന്നെ ഒരുവിധത്തിൽ നിന്റെ അപ്പനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ആാാ ഉണ്ണികൃഷ്ണ പണിക്കർ പറഞ്ഞത് എല്ലാം ഈൗ നാട്ടിൽ നടന്നിട്ടുണ്ട്…..നമ്മടെ ജഗ്ഗുന്റെ അപ്പൻ മരിക്കുമെന്ന് പറഞ്ഞതിന്റെ രണ്ടാംനാളാ അയാള് പുഴേലെ വെള്ളത്തിൽ പൊന്തീത്…കാവിലെ കാണാതായ വിഗ്രഹം പാറമടെൽ ആണെന്ന് പറഞ്ഞിട്ട് പോയിനോക്കിയപ്പോ അത് അതിന്റകത്തൂന്ന് തന്നെ കിട്ടി, നിന്റെ അപ്പാപ്പൻ ഇനി അധികം നാള് ഉണ്ടാവില്ലെന്ന് അയാള് പറഞ്ഞതിന്റെ പിറ്റേന്നല്ലേ അങ്ങേര് വടിയായത്….അപ്പൊ പിന്നെ നിന്നെ ആദ്യം കെട്ടുന്നോനും പത്താം നാള് തന്നെ മരിക്കും അല്ലേടി….??’ അവനവളെ തലച്ചെരിച്ചൊന്ന് നോക്കി…..
“എന്തെ അലക്സ് കുര്യന് പേടി തോന്നുന്നുണ്ടോ……?? എന്നെകെട്ടാനായിട്ടല്ലേ നീയെന്റെ അപ്പന്റേൽന്ന് ലക്ഷങ്ങൾ എണ്ണിവാങ്ങിയത്….?? വാങ്ങിയ പൈസേന്റെ കൂറ് കാണിക്കെടാ… ചാവുന്നേൽ അങ്ങ് ചാവട്ടെ…..” അവളും അവന്റെ കണ്ണിലേക്ക് തറച്ചുനോക്കി…..കിടക്കവിരിക്കടിയിൽനിന്നുമവൻ ഒപ്പിട്ട് വാങ്ങിയ ചെക്ക് ലീഫ് സാറയുടെ കൈകളിലേക്ക് ചിരിയോടെ വച്ചുകൊടുത്തു…..
“ചാവാൻ പോണ എനിക്കെന്തിനാടി പത്ത് ലക്ഷം….?? പത്ത് പൈസവാങ്ങാതെ നിന്നെയെങ്ങാനും കെട്ടിയാൽ ഇവർക്കൊക്കെ മനസിലാവില്ലേ ഈ അലക്സിന് സാറകൊച്ചിനോട് മുടിഞ്ഞ പ്രേമമാണെന്ന്… അതോണ്ട് നിന്റെ അപ്പന്റെ ഒരു സമാധാനത്തിന് വാങ്ങിയെന്നേയുള്ളൂ…..ദേ ഇത്തിരിപ്പോന്ന പ്രായം മുതൽ ഈ അലക്സ് നെഞ്ചിൽ ഇട്ട് കൊണ്ട് നടക്കണതാ സാറേ നിന്നെ……” അവനവളുടെ മുടിയിഴകളിലൂടെ തലോടി….. സാറ അവനെ നോക്കി അനങ്ങാതെ കിടന്നു….. അലക്സ് ഉറക്കത്തിലേക്ക് വീഴുന്നതും അവന്റെ കണ്ണുകളെ ഉറക്കം വന്ന് മൂടുന്നതുമവൾ ഇമചിമ്മാതെ നിലാവെളിച്ചത്തിലൂടെ കണ്ടു…..
പിറ്റേന്നവൻ ഉണരുന്നതിനും മുൻപ് അടുക്കളയിൽ നിന്നുമവൾ പലഹാരം എടുത്തുകൊണ്ടുവന്ന് മേശമേൽ പ്ലേറ്റിൽ മൂടിവച്ചു….. “ഓഹ് അപ്പൊ തടിച്ച് നല്ല പഞ്ഞിക്കെട്ട് പോലുള്ള ഇച്ചായന്റെ ശരീരത്തിൽ ചുംബിക്കാനാണല്ലേടി നിനക്കിഷ്ടം….” കഴിച്ച് കഴിഞ്ഞ് വിരലുകൾ നുണഞ്ഞുകൊണ്ടവൻ മുടിയിലെ കെട്ട് വിടർത്തുന്ന സാറയെ തിരിഞ്ഞുനോക്കി…..അവളുടെ ചുണ്ടുകൾ പുച്ഛത്തോടെ ഒരുവശത്തേക്ക് കോടിയിട്ടുണ്ട്….. ചിരിച്ചുകൊണ്ട് തൊടിയിലേക്ക് നടന്നു….അന്നാദ്യമായി സാറ മുറിയിലെ ജനവാതിലിലൂടെ ഒരുകള്ളിയെപോലെ പതുങ്ങിയിരുന്ന് തൊടിയിലേക്ക് നോക്കി….
വെട്ടിയും നിരത്തിയും കൊത്തിയും കിളച്ചും തൊടിയിലായി എന്തൊക്കെയോ ചെയ്യുകയാണ്…. അപ്പൻ ശ്വാസം വിടാൻ സമയം കൊടുക്കാതെ അടുത്ത് നിന്ന് അടിമകളെകൊണ്ട് പണിയെടുപ്പിക്കുംപോലെ എന്തൊക്കെയോ പറഞ്ഞ് ചെയ്യിക്കുന്നുമുണ്ട്…… സാറയുടെ കണ്ണുകൾ മങ്ങി…..”ഇത്തിരി സ്നേഹം കാണിച്ചൂടെ അപ്പാ….ന്തായാലും സാറയെ മിന്ന് കെട്ടിയവനല്ലേ….??” അവൾക്കുള്ളിൽ പരിഭവങ്ങൾ ഉണർന്നു…..
അന്ന് രാത്രി അവൻ അരികിലായി വന്ന് കിടന്നപ്പോൾ ചുണ്ടുകളിൽ പതിവില്ലാത്തൊരു പുഞ്ചിരിയുണ്ടായിരുന്നു…..”സാറകൊച്ചേ….” അന്നും കുസൃതിയോടവൻ വിളിച്ചതും കത്തിയെടുത്തവൾ കപടദേഷ്യത്തോടെ അവനുനേർക്ക് തിരിഞ്ഞു……
“ഇനി എട്ട് ദിവസം കൂടിയെ ഉള്ളൂ കൊച്ചേ….” അവനവളെ നോക്കി ചുണ്ടുകൾ വളച്ചു….. അവൾക്ക് ചിരിയടക്കാനായില്ല…. അതവൻ കാണാതിരിക്കാനായി സാറ തിരിഞ്ഞു കിടന്നു…..ഓരോ രാത്രിയും ദിവസങ്ങൾ എണ്ണുന്നത് അവനൊരു പതിവായി…..മൂന്ന് രാത്രികൾ കൂടി ബാക്കിയുള്ളപ്പോഴേക്കും അവൻ സാറയ്ക്ക് തൊട്ടരികിൽ എത്തിയിരുന്നു…..
“നിനക്ക് വട്ടാണോ അലക്‌സേ….. നീയല്ലാതെ അയാള്ടെ വാക്ക് വിശ്വസിക്കുവോ…. ഒരാള് ചവാൻ വന്നേക്കണു…..” അന്ന് രാത്രിയും സാറകൊച്ചേയെന്ന് നീട്ടിവിളിച്ചവൻ ദിവസങ്ങളെണ്ണി മുട്ടിയുരുമ്മി കിടന്നതും ദേഷ്യം കൊണ്ടവളുടെ മൂക്കിൻ തുമ്പ് ചുവന്നു…….
“ഹാ ബെസ്റ്റ് ഇതിലൊന്നും വിശ്വാസം ഉണ്ടായിട്ടല്ലടി…. പക്ഷേ ഈ പറഞ്ഞതൊക്കെ സത്യമാവാൻ വേണ്ടീട്ട് ഒന്നുകിൽ പണിക്കരുടെ ആൾക്കാർ എന്നെ കൊല്ലും ഇനി അഥവാ അങ്ങനെ സംഭവിച്ചില്ലേൽ നിന്റെ തന്തയെന്നെ കൊല്ലും….. പുത്തൻപുരയ്ക്കൽ സാറയ്ക്ക് കപ്യാരുടെ മോൻ ചേരില്ലാടിയെ…..” അവന്റെ ശബ്ദമൊന്ന് വിങ്ങി…. സാറയ്ക്ക് നെഞ്ചിലൂടെന്തോ പാഞ്ഞോടി……പിന്നെയുള്ള രണ്ട് രാത്രിയും ഉറങ്ങാനാവാതെ സാറ അവനെ നോക്കി കിടന്നു…..
പത്താം നാള് അവനൊന്ന് ഉറക്കമുണരാൻ വൈകിയതും സാറയവനെ കുലുക്കി വിളിച്ചു….. മുന്നിൽ വിയർത്ത് കുളിച്ച് വേവലാതിയോടെ ഇരിക്കുന്ന സാറയെ നോക്കിയവൻ വെറുതെ പുഞ്ചിരിച്ചു…….
“ഇന്ന്…. ഇന്ന് പോവണ്ട അലക്‌സേ…. അപ്പനോട് ഞാൻ പറഞ്ഞോളാം നിനക്ക് സുഖമില്ലെന്ന്…. നീ ഇതിനകത്ത് കിടന്നോ….” വാതിലിന്റെ കൊളുത്ത് ഒന്നുകൂടെ ഇട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിക്കൊണ്ടവൾ പണിക്കിറങ്ങിയ അലക്സിനെ തടഞ്ഞു…..സാറയുടെ വെപ്രാളം….സാറയുടെ വേവലാതി….സാറയുടെ കലങ്ങിയ കണ്ണുകൾ……അലക്സവളെ കൗതുകത്തോടെ നോക്കി…..
പിന്നെയും രണ്ട് ദിവസം മുറിവാതിൽ തുറക്കാതെ സാറ ഭ്രാന്തിയെപ്പോലെ അലക്സിനെ മുറിക്കുള്ളിലിട്ട് പൂട്ടി…..അന്ന് പള്ളിയിൽ പോയി മനമുരുകി പ്രാർത്ഥിച്ചിട്ട് ഓടി വരുമ്പോഴേക്കും പുറത്തുനിന്ന് അടച്ചിട്ടിരുന്ന മുറിയുടെ പൂട്ട് പൊട്ടി തകർന്നിരുന്നു…… വീട് മുഴുവൻ സമനിലതെറ്റിയവളെപോലെ സാറ അലക്സിനെത്തേടിയോടി……പുറത്തെ ചായ്പ്പിൽ നിന്നുമൊരു ഞെരുക്കം കേൾക്കുമ്പോഴേക്കും അവളുടെ കാലുകൾ തളർന്നിരുന്നു……വെറും നിലത്ത് ചെളിയും മണലും പുരണ്ട് ഉടുമുണ്ട് ഊരി കിടക്കുന്ന അലക്സിനെ കാണെ കണ്ണിലൂടെ ചോരയൊഴുകി…..
“അപ്പാ….ഒന്നും ചെയ്യല്ലേ….” അവളോടിച്ചെന്ന് അലക്സിനെ പൊതിഞ്ഞു പിടിച്ചു……
“ഒന്നും ചെയ്യല്ലേ അപ്പാ…. നിക്കി വേണ്ടി ചാവാൻ പേടിയില്ലാണ്ട് മുന്നോട്ട് വന്നയാളല്ലേ…. നിക്കിനി അലക്സില്ലാണ്ട് മേല അപ്പാ…..ദേ അപ്പൻ കൊടുത്ത പത്ത് ലക്ഷം…..പകരം അലക്സിച്ചായനെ ഒന്നും ചെയ്യാഞ്ഞാൽ മതി….” അവൾ അപ്പന്റെ കാലിലേക്ക് വീണപ്പോഴേക്കും അലക്സിന്റെ കണ്ണുകളിൽ ഇരുട്ട് വീണിരുന്നു…….
“അപ്പാആആആ…..” അവളലറി….
കണ്ണ് വലിച്ചുതുറക്കുമ്പോൾ മേലാകെ നോവുന്നുണ്ടായിരുന്നു….. ചുറ്റിലുമൊന്ന് നോക്കിയപ്പോൾ പുത്തൻ പുരയ്ക്കലെ ‘സാറ ജോസഫ് മാത്തൻ’ അരികിൽ ഇരിപ്പുണ്ട്…… അലക്‌സൊന്ന് പുഞ്ചിരിച്ചു…..
“പുത്തൻപുരയ്ക്കലെ സാറകൊച്ചെന്താ കപ്യാരുടെ മോന് കാവലിരിക്കുന്നെ…??” അവൻ കുസൃതിയോടെ പതിവ്പോലെ ഓരോന്നൊക്കെ ചോദിച്ചു…..
“നിന്റെ വീടിന് അടച്ചുറപ്പുണ്ടോടാ……. ഇല്ലേൽ നല്ല ഉറപ്പുള്ളൊരു പൂട്ട് വാങ്ങി വയ്ക്കണം…. എന്റപ്പൻ എന്നെ പിടിച്ച് പുറത്താക്കി….. നിന്നേം…” അവൾ കൂസലില്ലാതെ പുറത്തേക്ക് നോക്കിയിരുന്നു…… അലക്സ് അപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കയാണ്……
“എണീറ്റ് വീട്ടീ പോവാൻ നോക്ക് കൊച്ചേ….. നിന്റപ്പൻ നോക്കിയപോലൊന്നും അലക്സിന് നിന്നെ പോറ്റാൻ പറ്റൂല…. വെറുതെ നിന്റെ കണ്ണീരും കിനാവും കാണാൻ…..” അവൻ നിറഞ്ഞുതുടങ്ങിയ കണ്ണുകൾ തുടച്ച് ഒരരുകിലേക്ക് ദൃഷ്ടിയൂന്നി…… അവൾക്ക് മുഖത്ത് ചോര കിനിഞ്ഞിറങ്ങി……
ഹോസ്പിറ്റലിൽന്ന് നേരെ അലക്സിന്റെ സാമാന്യം വലിപ്പമുള്ള ഓടിട്ട വീട്ടിലേക്കാണ് പോയത്…. രാത്രി അവൾ വച്ചുണ്ടാക്കിയ കഞ്ഞിയും കുടിച്ചിറക്കി അവൾക്കരുകിൽ തന്നെ ചെന്ന് മുട്ടിയുരുമ്മി കിടന്നു……
“സാറകൊച്ചേ…..” അന്നും കാതിലവൻ അടക്കം വിളിച്ചു……
“ദേ ന്റെ മേലെങ്ങാനും തൊട്ടാൽ അലക്‌സേ…..” അവളുടെ മൂക്കിൻ തുമ്പ് അന്നും ചുവന്നു…… അവൻ ചിരിച്ചുകൊണ്ടവളെ മുറുകെ പുണർന്നു…..
“തൊട്ടാൽ….???” അവന്റെ ചുണ്ടുകൾ സാറയുടെ ചെവിക്കുടയ്ക്ക് പിന്നിൽ മുട്ടിയുരുമ്മി…… സാറ ഞെളിപിരി കൊണ്ട് കണ്ണുകൾ ഇറുകെ മൂടി……
“ഇനിയാരേം അടിക്കാനും കുത്താനും ഒന്നും പോകരുത്….. നിക്കിച്ചിരി മനസമാധാനത്തോടെ ഇരിക്കണം….” അവളടക്കിപ്പിടിച്ച് മന്ത്രിച്ചുകൊണ്ടിരുന്നു…..
“ഞാൻ ചത്തുപോയാൽ നീ വേറെ കെട്ടി അവന്റെ പിള്ളേരേം പെറ്റുപോറ്റി സുഖായിട്ട് ജീവിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പം എന്നതാടിയെ ഒരു ചാഞ്ചാട്ടം….?” അലക്സിന് കുസൃതിയടക്കാനായില്ല…..
“നിന്റെ നാല് പിള്ളേരുടെ തള്ളയെ ആര് കെട്ടാനാടാ….?” അവളവന്റെ ഷർട്ടിന് കുത്തിപ്പിടിച്ചു കിതച്ചു…..അലക്സവളെ പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടു…..
“നീയിങ്ങനെ കിതക്കല്ലേ എന്റെ സാറകൊച്ചേ…… വെറുതെ മനുഷ്യനെ മെനക്കെടുത്താൻ…..നിനക്ക് ഈ അലക്സിച്ചായന്റെ നാല് പിള്ളേരെ മതിയോ…???” അവനവളുടെ മുഖത്തേക്ക് പ്രണയത്തോടെ നോക്കി….. സാറ ആദ്യമായൊന്ന് പതറി….അവളവന്റെ നെഞ്ചിലേക്ക് പതുങ്ങി….അവളുടെ രണ്ട് കൈകളും അവനെ ശക്തിയിൽ വലിഞ്ഞുമുറുക്കി……
“വരാൽ പോലെ പിടിതരാതെ വഴുതി മാറിയോളാ ഇപ്പം ഉടുമ്പ്പോലെ പറ്റിപിടിച്ചേക്കണെ…..” അവനവളുടെ നെറ്റിയിൽ അമർത്തിമുത്തി…. അവളുടെ ശരീരം ഒന്ന് വിറഞ്ഞു… അല്പം വിയർത്തു…കെട്ടിപിണഞ്ഞ കൈകളുടെ മുറുക്കം കൂടി കൂടി വന്നു……അവനും തിരികെ വാരിപുണരുമ്പോൾ അവളുടെ കനമേറിയ ശബ്ദം പതിവ് തെറ്റിക്കാതെ ഒരിക്കൽക്കൂടി ആ മുറിക്ക് പുറത്തേക്ക് ഉയരുന്നുണ്ടായിരുന്നു….
“അലക്‌സേ മേത്തെങ്ങാനും തൊട്ടാൽ സാറേടെ സ്വഭാവം മാറും…..”
അതിലും ഉച്ചത്തിൽ അലക്സിന്റെ ചിരിയും…..
അവസാനിച്ചു