പ്രയാഗിന്റെ പ്രസംഗം
രചന: അനീഷ് ദിവാകരൻ
ശാന്ത ഗംഭീരമായിരുന്നു സദസ്സ്. ആ ഗ്രാമത്തിൽ ആദ്യമായി ഒരാൾക്ക് IAS കിട്ടിയതിന്റെ ആഘോഷം നടക്കാൻ അടിമുടി ഒരുങ്ങിയിരുന്നു ആ അമ്പലപറമ്പ്.. ഒരാഴ്ച മുന്നേ തന്നെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായത് ആണ്.. എങ്ങനെ അവർ സന്തോഷിക്കാതിരിക്കും അവരുടെ പ്രിയപ്പെട്ട പപ്പൻ സാറിന്റെ മകനല്ലേ IAS കിട്ടിയിരിക്കുന്നത്…പപ്പൻ സർ ആ ഗ്രാമത്തിലെ തന്നെ ഒരു സ്കൂളിലെ റിട്ടയേർഡ് മാഷ് ആയിരുന്നു.. ഭാര്യ ശാരദ ടീച്ചർ നേരത്തെ മരിച്ചു പോയി… സർ പഠിപ്പിച്ചിരുന്ന അതെ സ്കൂളിലെ ടീച്ചർ ആയിരുന്നു ശാരദ ടീച്ചറും…ഒരു സ്നേഹവിവാഹം ആയിരുന്നു അത്.പപ്പൻ സർ ഏവർക്കും പ്രിയപ്പെട്ടവൻ തന്നെ. ആ ഗ്രാമത്തിലെ വലിയ ഒരു സഹായി ആണ് മാഷ്. ആര് എന്ത് ബുദ്ധിമുട്ട് പറഞ്ഞാലും മാഷ് എങ്ങനെ എങ്കിലും ഓടി എത്തി സഹായിച്ചിരിക്കും. അത് കൊണ്ടൊക്കെ തന്നെ ആളുകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയായിരുന്നു അവിടം മുഴുവൻ..ഇനി വെടിക്കെട്ട് നടത്താൻ തയാറാക്കിയ സ്ഥലം മാത്രമേ അവശേഷിക്കുന്നുള്ളൂ ….പപ്പൻ സാറിനെയും മകനെയും താത്കാലികമായി തയാറാക്കിയ സ്റ്റേജിലേക്ക് ആനയിക്കേണ്ട വഴിയിൽ പച്ചപരവതാനി വിരിച്ചു താലം പിടിച്ച പെൺകുട്ടികളും ബാൻഡ് മേളം സംഘവും അക്ഷമയോടെ നോക്കി നിൽക്കുന്നു…
അവരുടെ പ്രിയപ്പെട്ട പപ്പൻ സർ എത്തിക്കഴിഞ്ഞു എന്ന് മൈക്കിലൂടെ അറിയിപ്പ് വന്നതിന് പിന്നാലെ സാറിന്റെ കുടുംബത്തിന്റെ മുൻകാല പ്രതാപം വിളിച്ചോതുന്ന വെളുത്ത പ്രീമിയർ പദ്മിനി കാർ ആ പറമ്പിനോട് ചേർന്നുള്ള വഴിയിൽ പതുക്കെ വന്നു നിന്നു… അതിൽ നിന്ന് പുഞ്ചിരിച്ചു കൊണ്ട് പപ്പൻ സാറും തൊട്ട് പിറകെ മകനും ഇറങ്ങുമ്പോഴേയ്ക്ക് അവിടം കതിനവെടിക്കെട്ടിന്റെയും ബാൻഡ് മേളത്തിന്റെയും ശബ്ദം ഒന്നിച്ചുയർന്നു… താലം പിടിച്ചിരുന്ന പെൺകുട്ടികൾ ഭയന്ന് പരസ്പരം കെട്ടിപിടിക്കുന്നുണ്ടായിരുന്നു…
അവരുടെ ഇടയിലേയ്ക്ക് സാറും മകനും പുഞ്ചിരിയോടെ നടന്നെത്തി..തൊട്ട് പിറകെ വന്നു നിന്ന കാറിൽ നിന്ന് ചാടി ഇറങ്ങി സ്ഥലം MLA യും തലങ്ങും വിലങ്ങും കൈ കൂപ്പി തൊഴുതു കൊണ്ട് ഞാനും ഉണ്ടേ എന്ന മട്ടിൽ ജനങ്ങളുടെ ളുടെ ഇടയിലേയ്ക്ക് പെട്ടന്ന് നടന്നു വന്നു. ധിറുതി കാണിക്കാനോ മറ്റോ പോക്കറ്റിൽ വെക്കേണ്ട മൊബൈൽ ഫോൺ എപ്പോഴും കയ്യിൽ പിടിച്ചാണ് അങ്ങോരുടെ എപ്പോഴും ഉള്ള നടപ്പ്… റിട്ടയേർഡ് SI പീതാംബരൻ ചേട്ടൻ സാറിനെയും മകനെയും മാല ഇട്ട് സ്വീകരിച്ചു ആദരസൂചകമായി സല്യൂട്ട് ചെയ്തപ്പോൾ.. MLA യും പതുക്കെ മുന്നിലോട്ട് ഒന്ന് കയറി നിന്നു… പച്ച പരവതാനി വിരിച്ച വഴിയിലൂടെ താല ത്തിന്റെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ പപ്പൻ സാറും മകനും സ്റ്റേജിലേയ്ക്ക് ആ നയിക്കപ്പെട്ടു..
സ്റ്റേജിൽ കയറിയ ഉടനെ തന്നെ നിലവിളക്ക് കൊളുത്തി കാര്യപരിപാടികളിലേക്ക് യോഗം കടന്നു… പ്രാർത്ഥന ക്കു ശേഷം പപ്പൻ സാറിനെ അമ്പരപ്പിച്ചു കൊണ്ട് ആ അമ്പലത്തിന്റെ തന്നെ സ്കൂളിലെ കൊച്ചു കലാകാരി പാർവതി കുട്ടി താൻ വരച്ച ഒരു പെൻസിൽ ഡ്രോയിങ് സാറിന് കൈ മാറി… പല വർണ്ണ കടലാസ്സിൽ പൊതിഞ്ഞ ആ ഡ്രോയിങ്ങ് തുറന്നു നോക്കിയ പപ്പൻ സർ ഞെട്ടിപ്പോയി തന്റെ മകൻ പ്രെയാഗ് ജനിച്ച ഉടനെ ഇഹലോക വാസം വെടിഞ്ഞ തന്റെ പ്രിയപ്പെട്ട ഭാര്യ ശാരദ ടീച്ചറിന്റെ വളരെ മനോഹരമായ ചിത്രം. പപ്പൻ സാറിന്റെ മനസ്സ് അറിയാതെ ഒന്ന് വിതുമ്പിയോ..ഈ നിമിഷം ശാരദ കൂടി ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് സർ ഒരു പക്ഷെ ഓർത്തിരിക്കണം.പാർവതി കുട്ടിയെ ചേർത്തുപിടിച്ചു സർ നെറുകയിൽ തലോടി..സ്ഥലത്തെ മറ്റൊരു പ്രെധാനി ഗോപി ചേട്ടന്റെ സ്വാഗതപ്രസംഗം പതുക്കെ പൊടി പൊടിച്ചു തുടങ്ങിയിരുന്നു…
തന്റെ പ്രെസംഗത്തിലേയ്ക്ക് കടന്നപ്പോൾ ശാരദ ടീച്ചറിനെ കുറിച്ച് സംസാരിച്ചപ്പോഴും ഒറ്റയ്ക്ക് കഷ്ടപെട്ടു വളർത്തി കൊണ്ട് വന്ന മകൻ പ്രെയാഗിനെ ഒരിക്കൽ സിഗരറ്റ് വലിച്ചതിന് വഴക്ക് പറഞ്ഞ ദിവസം രാത്രി കാണാതെ ആയതും പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം അവനെ കണ്ടു പിടിച്ചു വീട്ടിലേയ്ക്ക് തിരിച്ചുകൊണ്ട് വന്നതും ജനങ്ങളുമായി പങ്കുവെച്ച പപ്പൻ സർ കൂടുതൽ സംസാരിക്കാൻ ആവാതെ പൊട്ടിക്കരഞ്ഞു കൊണ്ട് മൈക്കിൽ പിടിച്ചു നിന്ന് കിതച്ചു..ഉടനെ യോഗം ഭാരവാഹികൾ ഓടിഎത്തി പപ്പൻ സർനെ പിടിച്ചു കസേരയിൽ ഇരുത്താൻ ശ്രേമിച്ചു… പ്രെയാഗും ഓടി എത്തി അച്ഛനെ താങ്ങി പിടിച്ചു..
വേദിയിൽ ഇരിക്കാതെ സ്റ്റേജിനു മുന്നിലുള്ള കസേരയിൽ ഇരിക്കണം എന്നായി പപ്പൻ സർ അവിടെ ജനങ്ങളുടെ ഒപ്പം ഇരുന്നു മകന്റെ പ്രസംഗം കേൾക്കണം അത്രെ.. ഉടനെ സാറിനെ താങ്ങി എല്ലാവരും മുന്നിൽ കസേരയിൽ കൊണ്ട് പോയി ഇരുത്തി… തന്റെ ഒരു കൈ കൊണ്ട് നെഞ്ചിൽ പപ്പൻ സർ അമർത്തി പിടിച്ചിരുന്നത് ആരും തിരക്കിൽ ശ്രേദ്ധിച്ചില്ല. തന്നെ വിളിക്കുന്നതിന് മുൻപേ MLA എഴുന്നേറ്റു പ്രസംഗം തുടങ്ങിയിരുന്നു… ഏതാണ്ട് ഒന്ന് ഒന്നര മണിക്കൂർ നീണ്ടു നിന്ന നെടുനീളൻ പ്രസംഗം.. കക്ഷി ആ നാടിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ആ പ്രസംഗത്തിൽ അവതരിക്കപ്പെട്ടു…പ്രസംഗം കഴിഞ്ഞപ്പോൾ ആരും കയ്യടിച്ചു പ്രോത്സാഹനം അറിയിക്കാതെ ഇരുന്നതു കണ്ടു ദേഷ്യം സഹിക്ക വയ്യാതെ MLA ഉടനെ വേദിയിൽ നിന്നും ഇറങ്ങി കാറിൽ കയറി സ്ഥലം കാലിയാക്കി…
പപ്പൻ സാറിന്റെ മകനായിരുന്നു അടുത്ത് സംസാരിക്കാൻ ഉള്ള ഊഴം…പ്രയാഗ് സംസാരിക്കാനായി എഴുന്നേറ്റ ഉടനെ എല്ലാവരും എഴുന്നേറ്റു നിന്ന് കയ്യടിക്കാൻ തുടങ്ങി.. അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നിരുന്ന ഒരാൾ മാത്രം കസേരയിൽ നിന്ന് എഴുന്നേറ്റില്ല.. അത് പപ്പൻ സർ ആയിരുന്നു….. അപ്പോഴേക്കും പ്രയാഗിന്റെ ശബ്ദം മൈക്കിലൂടെ ഒഴുകി തുടങ്ങിയിരുന്നു.
“പ്രിയപ്പെട്ട എന്റെ നാട്ടുകാരെ നിങ്ങളോട്, എന്റെ അച്ഛനോട് ഇതൊക്കെ എങ്ങനെ പറയണം എന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ല…വളരെ പ്രയാസം നിറഞ്ഞതായിരുന്നു ഞാൻ ജനിച്ചു വളർന്ന എന്റെ സാഹചര്യം…മുഴുകുടിയൻ ആയിരുന്ന എന്റെ അച്ഛൻ എപ്പോഴും കുടിച്ചു വന്നു.എന്റെ അമ്മയെ ഉപദ്രവിക്കുമായിരുന്നു…നല്ലവണ്ണം പഠിക്കുമായിരുന്ന എന്റെ പഠനം എനിക്ക് പാതിവഴിയിൽ അവസാനം ഉപേക്ഷിക്കേണ്ടി വന്നു.. ഒരു ദിവസം അമ്മയെ ഉപദ്രവിക്കുന്നത് കണ്ടു ഞാൻ അയാളെ പുറകിൽ നിന്ന് കുത്തി വീഴ്ത്തി..പിന്നെ എങ്ങോട്ട് എന്നില്ലാതെ കിട്ടിയ വഴിയിൽ കൂടി ഓടി…അങ്ങനെ ഏതോ ഒരമ്പലത്തിൽ ഒരു പിച്ചക്കാരൻ ഉപേക്ഷിച്ചു പോയ ബാക്കി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിങ്ങളുടെ പപ്പൻ സാറിന്റെ വരവ്” ഇത്രയും പറഞ്ഞു നിർത്തി പ്രയാഗ് സദസ്സ്യരെ നോക്കി.. ഒരു മൊട്ടു സൂചി വീണാൽ കേൾക്കാൻ പാകത്തിന് ഉള്ള നിശബ്ദത അവിടെ നിറഞ്ഞു നിന്നിരുന്നു.. പ്രയാഗ് പറയുന്നത് മനസ്സിലാകാതെ അവരെല്ലാം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ടായിരുന്നു.
“പ്രിയം ഉള്ളവരെ..നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ട പപ്പൻ സാറും വിചാരിക്കുന്നത് പോലെ ഞാൻ പപ്പൻ സാറിന്റെ മകൻ അല്ല…” പ്രയാഗ് മൈക്കിനടുത്തുള്ള റീഡിങ് ടേബിളിൽ തല അമർത്തി പൊട്ടി കരഞ്ഞു.
“കുറച്ചു നാൾ മുൻപ് ഒരു പോലിസുകാരൻ വീട്ടിൽ അനേഷിച്ചു വന്നിരുന്നു… മുംബയിലെ തെരുവിൽ വാടക ഗുണ്ടയായി തീർന്ന് പിന്നീട് പോലീസിന്റെ വെടിയേറ്റ് മരിച്ച പപ്പൻ സാറിന്റെ യഥാർത്ഥ മകനെ പറ്റി പറയാൻ അത് ഞാൻ അച്ഛനോട് പറഞ്ഞില്ല. അത് അച്ഛനോട് പറയാൻ എനിക്ക് ധൈര്യം ഉണ്ടായില്ല..ഞാൻ മുംബൈ യിൽ ചെന്ന് ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് അവന്റ കർമ്മങ്ങൾ എല്ലാം നടത്തി മടങ്ങി. ഫോട്ടോ യിൽ ഒക്കെ അവനെ കണ്ടിട്ടുണ്ട് എങ്കിലും അവനും ഞാനും തമ്മിൽ നേരിട്ട് കണ്ടപ്പോൾ ഉള്ള സാദൃശ്യം ശരിക്കും അന്ന് എന്നെ അത്ഭുതപെടുത്തി കളഞ്ഞു .നിങ്ങളെ എല്ലാം മുൻനിർത്തി എന്റെ അച്ഛനോട് ഞാൻ യാചിക്കുകയാണ്…. എനിക്ക് മാപ്പ് തരില്ലേ അച്ഛാ… ഒരച്ഛന്റെ സ്നേഹം എന്തെന്ന് അറിഞ്ഞത് ഞാൻ നിങ്ങളുടെ പപ്പൻ സാറിലൂടെയാണ് .. ആ കരുതലിൽ ഞാൻ കൊച്ചു കുട്ടി യായി മാറിപ്പോയി…തീരെ ചെറിയ കുട്ടി..ആ ഒരു സ്നേഹം ,….ആ കരുതൽ ആർക്കും വിട്ടു കൊടുക്കാൻ എനിക്ക് തോന്നിയില്ല……..ഞാൻ പ്രയാഗ് അല്ല അച്ഛാ ഞാൻ…..ഞാൻ…..വൈഷ്ണവ് ആണ് .. ഒരിക്കൽ നഷ്ടപെട്ട മകനെ തിരിച്ചു കിട്ടി എന്ന സന്തോഷത്തിൽ എന്നെയും ചേർത്തു പിടിച്ചു അമ്പിളി മാമനെയും നക്ഷത്രങ്ങളെയും കാണിച്ചു തന്ന് അവിടെ എവിടെയോ ഉണ്ട് എന്റെ അമ്മ എന്ന് അച്ഛൻ പറയുമായിരുന്നില്ലേ…അതെ ആ അമ്മയും എന്റെ സ്വന്തം അമ്മയെ പോലെ എനിക്ക് തോന്നിയത് എന്റെ കുറ്റം ആണെങ്കിൽ എന്നോട് ക്ഷമിക്കണെ അച്ഛാ.. മുഴുക്കുടിയൻ ആയിരുന്ന എന്റെ ശരിക്കും ഉള്ള അച്ഛനെ ഭയന്ന് വിറച്ചു ജീവിച്ചിരുന്ന എനിക്ക് അമ്മയുടെ സ്നേഹവും എന്തെന്ന് അറിയില്ലായിരുന്നു.. പിന്നീട് ഒരിക്കൽ എന്റെ സ്വന്തം അമ്മയെ തിരക്കി ഇറങ്ങിയ ഞാൻ ചെന്ന് നിന്നത് സെൻട്രൽ ജയിലിന്റെ കവാടത്തിൽ ആയിരുന്നു. സ്വന്തം ഭർത്താവിനെ കൊന്ന കേസിൽ ശിക്ഷിക്ക പെട്ട് എന്റെ അമ്മ അപ്പോൾ ജയിലിൽ ജീവ പര്യന്ധം തടവിൽ ആക്ക പെട്ടിരുന്നു ” വിങ്ങിപൊട്ടികൊണ്ട് പ്രയാഗ് തുടർന്നു…
“അമ്മ അച്ഛനെ കൊന്നത് ആണോ അല്ലെങ്കിൽ എന്റെ കുറ്റം അമ്മ ഏറ്റെടുത്തതാണോ എന്ന് എനിക്കറിയില്ല… “
കുറെ അധികം സമയം കഴി ഞ്ഞിട്ടും പപ്പൻ സർ ഒന്നും പ്രതികരിക്കാതെ ഇരിക്കുന്നത് കണ്ടു സംശയം തോന്നി പ്രയാഗ് വേദിയിൽ നിന്ന് ഓടിയിറങ്ങി..അച്ഛന്റെ കൈ കൾ എടുത്തു അയാൾ സ്വന്തം തലയിൽ വെച്ചു
“അച്ഛാ.. അച്ഛൻ എന്നോട് ക്ഷമിക്കണം അച്ഛാ.. എനിക്ക് അച്ഛന്റെ സ്നേഹം നഷ്ടപെടുത്താൻ തോന്നിയില്ല ആ സ്നേഹത്തിൽ ശരിക്കും ഞാൻ ഒരു സ്വൊർത്ഥൻ ആയിപ്പോയി……. കഷ്ടപെട്ട് പഠിച്ചു നേടിയത് ആണെങ്കിലും ഈ പദവിക്ക് ഞാൻ അർഹനാണോ എന്ന് എനിക്കറിയില്ല .. കള്ളനല്ലേ അച്ഛാ ഈ മകൻ അച്ഛന്റെ സ്നേഹം തട്ടിപറിച്ചു മാറ്റിയ പെരുംകള്ളൻ സ്വാർത്ഥൻ ആയി പോയില്ലെ ഞാൻ…………. പറ്റുമെങ്കിൽ എന്നോട് ക്ഷെമിക്കണെ അച്ഛാ ” പപ്പൻ സാറിനെ ചേർത്ത് പിടിച്ചു പ്രയാഗ് വിങ്ങികരഞ്ഞു. പെട്ടന്ന് ആണ് പ്രയാഗിന് ഒരു സംശയം തോന്നിയത് അച്ഛന് എന്തോ കുഴപ്പം ഉണ്ട്. അച്ഛൻ ഒന്നും സംസാരിക്കുന്നില്ല… കൈകൾകൊക്കെ മറ്റും പതിവിലേറെ തണുപ്പ്.. ആ കണ്ണുകൾ തുറക്കുന്നെ ഇല്ല.
“അച്ഛാ…….”പ്രയാഗ് അലറി വിളിച്ചു… ജനങ്ങൾ എല്ലാവരും അവരുടെ പ്രിയപ്പെട്ട പപ്പൻ സർ ന്റെ ചുറ്റും ആധിയോടെ ഓടിക്കൂടി. അവരുടെ എത്രയും പ്രിയപ്പെട്ട പപ്പൻ സർ എപ്പോഴാ അവിടെ നിന്ന് യാത്ര തുടങ്ങിയിരുന്നു.. ഒരിക്കലും മടങ്ങി വരാനാവാത്തതായിരുന്നു ആ യാത്ര എന്ന് അവർക്ക് ആർക്കും അപ്പോൾ മനസിലായില്ല ….
രണ്ടു കണ്ണീർ തുള്ളികൾ ആ കൺതടത്തിൽ ഉണ്ടായിരുന്നു അത് സന്തോഷാശ്രുക്കൾ ആയിരുന്നുവോ അതോ പപ്പൻ സർ തന്റെ അച്ഛൻ അല്ല എന്ന് പ്രയാഗ് പറയുന്നത് കേട്ട് കരഞ്ഞതോ,അതും അല്ലെങ്കിൽ തന്റെ യഥാർത്ഥ മകനും മരിച്ചു പോയത് മാഷ് അപ്പോൾ അറിഞ്ഞിരുന്നോ………
ഒരു പക്ഷെ ജീവിതത്തിൽ ഒറ്റയ്ക്ക് ആയിരുന്നു ഇത്രയും നാൾ എന്ന വാസ്തവം സർ മനസ്സിലാക്കി കരഞ്ഞതോ അറിയില്ല…ഇതിനൊന്നും ഉത്തരം തരാൻ അതിന് മാഷ് അപ്പോൾ ജീവിച്ചിരിപ്പു ണ്ടായിരുന്നില്ലല്ലോ ..എല്ലാവർക്കും പ്രിയപ്പെട്ട ആ പാവം മാഷിന്റെ മൃതശരീരം കൊണ്ട് പോകാൻ എന്ന പോലെ ആ പച്ച പരവതാനി അപ്പോഴും നീണ്ടു നിവർന്നു കിടന്നിരുന്നു.