കാറ്റിലിളകുന്ന നിലവിളക്കിലെ തിരി കൂട്ടിയിട്ടുക്കൊണ്ട് വിലാസിനിയമ്മ പതിയെ മന്ത്രിച്ചു…

സാക്ഷി

രചന: സന്തോഷ് അപ്പുക്കുട്ടൻ

“ഈ ഭൂമിയിൽ എനിക്കു പെണ്ണ് കിട്ടാത്ത കാലം വന്നാലും ഞാൻ നിങ്ങടെ മോളെ തേടി വരില്ല “

പൂമുഖത്ത് കലിക്കൊണ്ടിരിക്കുന്ന അമ്മാവനെ നോക്കി അതുൽ അത്രയും പറഞ്ഞ് പുറത്തേയ്ക്കിറങ്ങും മുന്നെ വിലാസിനിയമ്മ ഓടിവന്ന് അവൻ്റെ കൈ പിടിച്ചു.

“മോനെവിടേയ്ക്കാ ഈ മഴയത്ത് ഇറങ്ങി പോണത്?”

അതിനുത്തരമായി അവൻ അമ്മാവനെ പുച്ഛത്തോടെ നോക്കി.

” അമ്മാവൻ്റെ മോളല്ലേയെന്ന് കരുതീട്ടാ അവൻ ചേട്ടൻ്റെ മോളോട് കുശലം അന്വേഷിച്ചത്. അല്ലാതെ ഇവിടെ കെട്ടിലമ്മയാക്കാനൊന്നുമല്ല “

കാറ്റിലിളകുന്ന നിലവിളക്കിലെ തിരി കൂട്ടിയിട്ടുക്കൊണ്ട് വിലാസിനിയമ്മ പതിയെ മന്ത്രിച്ചു.

വിലാസിനിയമ്മയുടെ സംസാരം കേട്ടപ്പോൾ ശിവശങ്കരൻ്റെ ചുണ്ടിൽ ഒരു പുച്ഛചിരിയുതിർന്നു .

” എൻ്റെ മോളെ കെട്ടിലമ്മയാക്കാൻ പറ്റിയ ഒരു നാലുകെട്ടേ – ഈ മഴയത്ത് കുട ചൂടിയല്ലാതെ ഈ വീടിൻ്റെ അകത്തിരിക്കാൻ പറ്റോ?”

ആ പഴയ വീടിൻ്റെ പൊട്ടിയ ഓടുകൾക്കിടയിലൂടെ വീഴുന്ന മഴത്തുള്ളികൾ, കൈകുമ്പിളിലൊതുക്കിക്കൊണ്ട് ശിവശങ്കരൻ പെങ്ങളെ പരിഹാസത്തോടെ നോക്കി.

മഴയിൽ കാറ്റടിച്ചെന്ന വണ്ണം മഴത്തുള്ളികൾ അകത്തേക്കിരമ്പി കയറി വിലാസിനിയമ്മയുടെ മുഖത്ത് പതിച്ചു.

കണ്ണീരും,മഴത്തുള്ളികളും ഇടകലർന്നൊരു നിമിഷം വിലാസിനിയമ്മ സങ്കടത്തോടെ അതുലിനെ നോക്കി.

” അവനെ നോക്കീട്ട് കാര്യല്ല വിലാസിനീ,നിൻ്റെ കണ്ണീരലിയിക്കാൻ ഇതു പോലെ മഴത്തുള്ളികളോ, കാറ്റോ വരേണ്ടി വരും “

സങ്കടത്തോടെ മുഖം കുനിച്ചു നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ അതുലിൻ്റെ ഹൃദയം നൊന്തു.

“ഇരുപത്തിയെട്ട് വയസ്സുവരെ എൻ്റെ മോന് ചീത്തക്കാലമാണെന്നാ, നോക്കിച്ചപ്പോൾ കണിയാൻ പറഞ്ഞത് .അതു കഴിഞ്ഞാൽ ൻ്റെ മോൻ നന്നായിക്കോളും “

അതു കേട്ടപ്പോൾ ശിവശങ്കരൻ്റെ ചുണ്ടിൽ ഒരു പുച്ഛചിരിയുതിർന്നു .

മൗനം പുതഞ്ഞ രണ്ട് നിമിഷങ്ങൾക്ക് ശേഷം ശിവശങ്കരൻ കസേരയിൽ നിന്നെഴുന്നേറ്റു.

“മോൻ നന്നാവുന്നതും, നന്നാവാതിരിക്കുന്നതും നിങ്ങളുടെ കുടുംബക്കാര്യം. ഞാൻ വന്നതിപ്പോൾ എൻ്റെ കുടുംബക്കാര്യം പറയാനാണ് “

അതുലും, അമ്മയും അയാളെ ആകാംക്ഷയോടെ നോക്കി.

“എൻ്റെ മോൾ അവൾടെ ഒപ്പം ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു പയ്യനുമായി സ്നേഹത്തിലാണ്. അവർ തമ്മിലുള്ള വിവാഹവും തീരുമാനിച്ചു.അടുത്ത മാസം ആദ്യത്തിലുണ്ടാവും.ചെക്കൻ്റെ അച്ഛനും അമ്മയും ദുബായിലാ- അവർ കല്യാണത്തിൻ്റെ തലേ ദിവസമേ നാട്ടിലെത്തൂ”

ശിവശങ്കരൻ പറയുന്നതും കേട്ട് വിലാസിനിയമ്മ അവിശ്വസനീയതയോടെ അയാളെ നോക്കി.

അതുലിൻ്റെ ചുണ്ടിൽ ഒരു പരിഹാസചിരിയുതിർന്നു .

ഒരു നിമിഷം അയാൾ അതുലിനെ നീരസത്തോടെ നോക്കി.

” അതു കൊണ്ട് ഇനി അവളെ കാണുമ്പോൾ നീ ചങ്ങാത്തം പറയാനൊന്നും നിൽക്കണ്ട. ആളോള് പലതും പറഞ്ഞ് പരത്തും മുറചെറുക്കൻ എന്ന ഒരു വാലുണ്ടല്ലോ നിനക്ക്? “

” ഇതു പറയാനാണോ അമ്മാവൻ ഈ തൃസന്ധ്യയിൽ ഇങ്ങോട്ട് എഴുന്നുള്ളിയത് – ഞാൻ വിചാരിച്ചു പെങ്ങളെ കാണാനാണെന്ന് “

അതുൽ അമ്മയുടെ തോളിൽ കൈയ്യിട്ടുക്കൊണ്ട് അമ്മാവനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.

“ചേട്ടാ എല്ലാം ആലോചിച്ചിട്ടാണോ ഈ വിവാഹം നടത്തുന്നത്. കാലം പണ്ടത്തെ പോലെയല്ല – എവിടെയും ചതിക്കുഴികളാ”

വിലാസിനിയമ്മയുടെ പേടി നിറഞ്ഞ സ്വരം കേട്ടപ്പോൾ അയാൾ ചിരിയോടെ അവരെ നോക്കി.

“എൻ്റെ മോൾ നിൻ്റെ മോനെ പോലെ കഥയില്ലാത്തവളലല്ല. അവൾ എം.ബി.എയാണ്.കൂടാതെ ബാംഗ്ലൂരിൽ ജോലിയും “

“ഞാൻ പറഞ്ഞന്നേയുള്ളൂ”

വിലാസിനിയമ്മ ഇരുട്ടിൽ പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു.

“അമ്മേ – കാലം പരിഷ്ക്കരിച്ചതൊന്നും അമ്മ അറിഞ്ഞിട്ടില്ലേ? ഇപ്പോൾ വീട്ടുക്കാർ പോയി കാണുന്ന പതിവൊക്കെ കുറവാ.. ചെക്കനും പെൺകുട്ടിയും ഇഷ്ടപ്പെട്ടാൽ പിന്നെ അവരാണ് ഏത് ദിവസമാണ് കല്യാണം കഴിക്കേണ്ടതെന്ന് പോലും തിരുമാനിക്കാ – അന്നേ അവരുടെ മാതാപിതാക്കൾ തമ്മിൽ കാണുക കൂടിയുള്ളൂ”

വിലാസിനിയമ്മ അതു കേട്ട് അമ്പരപ്പോടെ അതുലിനെ നോക്കി.

“എല്ലാം അപ്-ടു-ഡേറ്റ് ആണമ്മേ – ഈ അമ്മാവനടക്കം”

“അതെന്തായാലും ആവട്ടെ മരുമോനെ – ക്ഷണക്കത്ത് നാളെ കിട്ടും ഒരു കത്ത് ഇവിടേക്കും ഉണ്ട് – “

“വേണമെന്നില്ല. തിയ്യതി പറഞ്ഞാൽ മതി.ഞാനും അമ്മേം വന്ന് ഭക്ഷണം കഴിച്ചോളാം.പിന്നെ പാൽപായസം അത് നിർബന്ധാ “

ശിവശങ്കരൻ ഈർഷ്യയോടെ അതുലിനെ നോക്കി.

“വിലാസിനീ വിളക്ക് കരിന്തിരി കത്തി തുടങ്ങി. രണ്ട് കരിന്തിരികൾ കുടുംബത്തിന് ദോഷാ “

എണ്ണ വറ്റി പ്രകാശംനിലയ്ക്കാൻ പോകുന്ന നിലവിളക്കിനെ നോക്കി പറഞ്ഞുക്കൊണ്ട്, ഉമ്മറത്ത് തൂക്കിയിട്ടിരിക്കുന്ന കാലൻക്കുടയെടുത്തു അയാൾ.

” ഒരു നിമിഷം അമ്മാവാ – “

അതും പറഞ്ഞ് അതുൽ അകത്തേക്ക് പോയി ഒരു ടോർച്ചെടുത്ത് കൊണ്ടുവന്ന് അയാൾക്കു കൊടുത്തു.

“കുറച്ചീസമായി പാടവരമ്പത്തൂടെ ഒരു കരിമൂർഖൻ ഉലാത്തുന്നുണ്ട്. പാവം അതിനൊന്നും പറ്റണ്ട “

അതുൽ പറഞ്ഞതും. വിലാസിനിയമ്മ അവൻ്റെ കൈയ്യിൽ ദേഷ്യത്തോടെ നുള്ളി.

അയാൾ അതുലിനെ നോക്കി ഒരു അമർത്തിയ മൂളൽ സമ്മാനിച്ച് മഴയിലേക്കിറങ്ങി.

ടോർച്ചിൻ്റെ വെട്ടം മിന്നാമിന്നിക്കൂട്ടങ്ങൾക്കിടയിലൂടെ, പാടവരമ്പ് പിന്നിടും വരെ വിലാസിനിയമ്മ നോക്കി നിന്നു.

പെട്ടെന്ന് തെരുവ് പട്ടികളുടെ കുര കേട്ടപ്പോൾ അവർ മകനെ ഭീതിയോടെ നോക്കി.

” അമ്മ പേടിക്കണ്ട. അമ്മാവനെ കണ്ട അവറ്റകൾ പേടിച്ചു കരയുന്നതാണ് “

വിലാസിനിയമ്മ ദേഷ്യത്തോടെ അതുലിനെ നോക്കിയപ്പോൾ, അവൻ അവരെ ചേർത്തണച്ചു പിടിച്ചു.

” ഒരു സംശയം അമ്മേ – ഈ അമ്മാവനും അമ്മയും ഓരേ,വയറ്റിൽ നിന്നും പോന്നവരാണോ?

” അധികം ചോദ്യങ്ങൾ ചോദിക്കാതെ നീ വന്ന് കഞ്ഞി കുടിക്ക് “

നടപ്പുരയിലെ സിമൻറിട്ട തറയിലിരുന്നു അതുൽ കഞ്ഞിക്കുടിക്കുന്നതും നോക്കി വിലാസിനിയമ്മ ഇരുന്നു.

” എന്നാലും അവൾ എന്തൊരു സാധനാ – നീയൊന്ന് സംസാരിച്ചപ്പോഴേക്കും നേരെ ചേട്ടനോട് ചെന്ന് പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു കൊടുത്തൂ ലോ?”

സാക്ഷിയെ കുറിച്ചാണ് അമ്മ പറയുന്നതെന്ന് മനസ്സിലായപ്പോൾ അവനൊന്നു പുഞ്ചിരിച്ചു.

“അമ്മാവൻ്റെ അല്ലേ മോൾ? അപ്പോൾ പിന്നെ അങ്ങിനെയല്ലേ വരൂ “

അതുലിൻ്റെ പാത്രത്തിലേക്ക് കഞ്ഞി ഒഴിച്ചുകൊണ്ട്, വിലാസിനിയമ്മ തലയാട്ടി.

“എല്ലാം ഈ അമ്മ കാരണാ – അല്ലെങ്കിൽ അവളെ എന്നേ ഞാൻ പൊക്കിയേനെ”

അതുൽ പറയുന്നതു കേട്ടപ്പോൾ അവർ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.

” അമ്മയ്ക്ക് വല്ല കാര്യമുണ്ടായിരുന്നോ മുല്ലശ്ശേരി തറവാട്ടിൽ നിന്ന് ഒരു അദ്ധ്യാപകൻ്റെ ഒപ്പം ഒളിച്ചോടാൻ – അതു കൊണ്ടല്ലേ അമ്മാവന് നമ്മളോട് ഈ പക- അല്ലെങ്കിൽ ഈ സാക്ഷിയെന്ന് പറയുന്ന യക്ഷി ഇന്ന് ഈ വീട്ടിലിരുന്നേനെ. ങ്ങ്ഹാ ഇനി പറഞ്ഞിട്ടെന്തു കാര്യം ?”

അതും പറഞ്ഞ് അവൻ കഞ്ഞി കുടിക്കാൻ തുടങ്ങി.

” അമ്മ ഒളിച്ചോടിയിരുന്നില്ലെങ്കിൽ ഞാൻ ഉണ്ടാവില്ലായിരുന്നല്ലോ? ച്ഛെ’ ഞാനതങ്ങ് മറന്നു അമ്മേ “

രണ്ട് നിമിഷം കഴിഞ്ഞിട്ടും അമ്മയുടെ ശബ്ദമൊന്നും കേൾക്കാതെ ആയപ്പോൾ അവൻ മുഖമുയർത്തിയപ്പോൾ കണ്ടത് അവരുടെ നിറഞ്ഞ കണ്ണുകളായിരുന്നു.

” അയ്യേ അമ്മയ്ക്ക് സങ്കടായോ? ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ “

അവൻ അമ്മയുടെ കൈകളിൽ പതിയെ പിടിച്ചു.

“അമ്മയെ പറ്റി എനിക്ക് അഭിമാനമുള്ളൂ. സ്നേഹിച്ച പുരുഷനെ തേച്ചില്ലല്ലോ?”

അതുൽ ഒരു സ്പൂൺ കഞ്ഞി കോരി വിലാസിനിയമ്മയുടെ നേരെ നീട്ടിയപ്പോൾ, കണ്ണീർചിരിയോടെ അവർ വായ്തുറന്നു.

” വൗ – എത്ര മനോഹരമായ ദൃശ്യം “

പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ടതും തിരിഞ്ഞു നോക്കിയ അവർ അമ്പരന്നു.

മഴ വെള്ളത്തിൽ കുളിച്ചു നിൽക്കുന്ന സാക്ഷി.

ദാവണിയുടുത്ത്, നെറ്റിയിൽ അലിഞ്ഞു തീരാറായ ചന്ദനക്കുറിയും, മുടിയിൽ തുളസീദളങ്ങൾ ചൂടി ഈ തൃസന്ധ്യയിൽ?

” അമ്പലത്തിൽ ഒരു വഴിപാടുണ്ടായിരുന്നു. പ്രസാദം കിട്ടാൻ ഇത്തിരി നേരമെടുത്തു – പുറത്തിറങ്ങിയപ്പോൾ നല്ല മഴ”

അവൾ വിലാസിനിയമ്മയ്ക്കരികിൽ ഇരുന്നു.

സിമൻറിട്ട തറയിലൂടെ, അവളുടെ ഡ്രസ്സിൽ നിന്നും വെള്ളം ഒഴുകി പടർന്നു.

വിലാസിനിയമ്മ അകത്തേക്ക് പോയി ഒരു തോർത്ത് എടുത്തു വന്ന് അവളുടെ തല തുവർത്തി.

” ഇത്തിരി രാസ്നാദി പൊടികൂടി ആവാമായിരുന്നു “

കഞ്ഞിയിലേക്ക് നോക്കി പരിഹാസത്തോടെ അതുൽ പറഞ്ഞപ്പോൾ, വിലാസിനിയമ്മയിൽ ചിരി പൊട്ടി.

“കഞ്ഞി എന്നും കഞ്ഞിയാണ് ലേ അമ്മായീ? “

കുനിഞ്ഞിരിക്കുന്ന അതുലിനെ നോക്കി സാക്ഷിയത് പറഞ്ഞപ്പോൾ, അവൻ കഞ്ഞിക്കുടി നിർത്തി എഴുന്നേറ്റു വരാന്തയിലേക്കിറങ്ങി.

” അതുൽ, മോളോട് സംസാരിച്ചത് എന്തിനാണ് മോൾ അച്ഛനോട് ചെന്ന് പറഞ്ഞത്?”

വിലാസിനിയമ്മ,സങ്കടത്തോടെ ചോദിച്ചപ്പോൾ, അവൾ അവരെ ചാരിയിരുന്നു.

” അച്ഛന് ഇപ്പോഴും അമ്മായിയോടും, അതുലിനോടും ദേഷ്യമുണ്ടോ എന്നറിയാൻ ടെസ്റ്റ് ചെയ്തതാ- നോ രക്ഷ അമ്മായി- ഇത് കേട്ടയുടൻ വെളിച്ചപ്പാടിനെ കണക്കെ ഉറഞ്ഞു തുള്ളി അച്ചൻ “

വിലാസിനിയമ്മ പതിയെ സാക്ഷിയെ തഴുകി.

“ദാ നിന്നോട് മിണ്ടീംന്ന് പറഞ്ഞ് ഇതുവരെ ഇവിടെ കിടന്ന് കലിതുള്ളുകയായിരുന്നു നിൻ്റെ അച്ഛൻ – ഇറങ്ങീട്ട് ഒരു പത്ത് മിനിറ്റ് കഴിഞ്ഞിട്ട് ഉണ്ടാവുകയുള്ളൂ’ “

ഒരു പാത്രമെടുത്ത് അവൾക്കു മുന്നിൽ വെച്ച് കഞ്ഞി ഒഴിച്ചു വിലാസിനിയമ്മ.

” ഇതു ചോദിക്കാനെങ്കിലും വർഷങ്ങൾക്കു ശേഷം ഈ വീട്ടിലേയ്ക്ക് വന്നല്ലോ നിൻ്റെ അച്ഛൻ – അതുമതി”

നിറഞ്ഞ കണ്ണീർ പുറം കൈകൊണ്ട് തുടച്ച് വിലാസിനിയമ്മ, സാക്ഷിയെ നോക്കി.

” മോൾ വയറുനിറയെ കഞ്ഞി കുടിക്ക് ട്ടാ-അമ്മായി രണ്ട് പപ്പടം കൂടി ചുട്ടെടുക്കാം”

അടുക്കളയിലേക്ക് പോകുന്ന അമ്മായിയെ കണ്ടപ്പോൾ സാക്ഷിയുടെ മിഴികൾ എന്തിനാണെന്നറിയാതെ നിറഞ്ഞു.

കഞ്ഞി കുടിയും കഴിഞ്ഞ് സാക്ഷി വരാന്തയിലേക്കിറങ്ങിയപ്പോൾ, പുകവലിച്ചുകൊണ്ട്, പുറത്തു പെയ്യുന്ന മഴയെയും നോക്കി നിൽക്കുകയായിരുന്നു അതുൽ.

” എന്താഡാ ഇപ്പോഴും ഞാൻ നിൻ്റെ ശത്രു,തന്നെയാണോ?”

ചോദ്യത്തോടൊപ്പം സാക്ഷിയിൽ നിന്ന് അപ്രതീക്ഷിതമായി നടപ്പുറത്ത് കിട്ടിയ അടിയിൽ അതുലിൻ്റെ ചുണ്ടിൽ നിന്ന് സിഗററ്റ് തെറിച്ചു പോയി.

പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അവൾക്ക് നേരെ കൈ ഓങ്ങിയതും, അവൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം കൈപിൻവലിച്ചു.

” ഒന്നങ്ങ്ട് വെച്ചു തരണമെന്നുണ്ട്. പക്ഷേ നീ ആള് ഇത്തിരി പിശകാ ”

സാക്ഷി ചോദ്യഭാവത്തിൽ അവനെ നോക്കി.

“അഞ്ചാം ക്ലാസ്സിൽ വെച്ച് നീ മൂത്രമൊഴിക്കുന്നതും നോക്കിയെന്ന് പറഞ്ഞ് കണക്ക് മാഷെക്കൊണ്ട് എൻ്റെ തുടയിലെ തോലുരിപ്പിച്ചവളാണ് നീ”

“അതു പിന്നെ നീ ചെയ്തതല്ലേ?”

സാക്ഷിയുടെ ചോദ്യം കേട്ടതും അതുൽ അരിശത്തോടെ അവളുടെ കൈ പിടിച്ചു മടക്കി.

” ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത കാലത്ത് എന്തോന്ന് കാണാൻ വേണ്ടിട്ടാടീ ഞാൻ നോക്കിയത് “

ചോദ്യത്തോടൊപ്പം അവൻ്റെ പിടുത്തം ശക്തിയേറിയതും, വേദനക്കൊണ്ട് അവളുടെ വാ പിളർന്നു.

” കൂട്ടുക്കാരോടൊപ്പം ഒളിച്ചുകളിക്കുമ്പം ഓടി വന്നതാ ഞാൻ – മൂത്രപുരയ്ക്ക് പുറത്ത് നീ ഇങ്ങിനെയൊരു സാഹസം ചെയ്യുമെന്ന് ഞാൻ കരുതിയോ?”

പതിയെയുള്ള കരച്ചിൽ അവളിൽ നിന്നുയർന്നപ്പോൾ, അവൻ പിടിവിട്ടു.

“അതായിരുന്നില്ല നിൻ്റെ പ്രശ്നം? ഞങ്ങൾ നിങ്ങളുടെ ശത്രുക്കളാണെന്ന് കുട്ടിക്കാലം മുതൽ അമ്മാവൻ നിന്നിൽ അടിച്ചേൽപ്പിച്ചു.അതു കൊണ്ട് എന്നെ എവിടെയൊക്കെ തരംതാഴ്ത്താൻ പറ്റുന്നുവോ അവിടെയൊക്കെ നീ തരംതാഴ്ത്താൻ നോക്കി. അതാണ് ശരി”

ഒരു ദീർഘനിശ്വാസമുതിർത്തു കൊണ്ട് അവൻ തിണ്ണയിൽ ഇരുന്നു.

“നീയും അമ്മാവനും തരം കിട്ടുമ്പോഴോക്കെ ഒന്നിനും കൊള്ളാത്തവൻ എന്ന് പറഞ്ഞ് എന്നെ കളിയാക്കുന്നുണ്ടല്ലോ?

അതുൽ പതിയെ ചോദിച്ചതും അവനരികിലായ് സാക്ഷി വന്നിരുന്നു.

“നീയെടുത്ത എം.ബി.എ തന്നെയാണ് ഞാനും എടുത്തത് – നിന്നെ പോലെ തന്നെ ഒരു ന്യൂ ജെൻ ലൈഫ് എനിക്കും തിരഞ്ഞെടുക്കാമായിരുന്നു.പക്ഷേ അമ്മയെ വിട്ട് ഞാനൊരിടത്തേക്കും പോകില്ല – ഈ പറമ്പിലും പാടത്തും കൃഷി ചെയ്ത്, നിറഞ്ഞു പെയ്യുന്ന ഈ,മഴയിൽ നനഞ്ഞ്… അങ്ങിനെയൊരു ജീവിതം. അത്രയ്ക്കേ ആഗ്രഹമുള്ളൂ.”

നിറഞ്ഞു പെയ്യുന്ന മഴയിലേക്ക് അവർ കുറച്ചു നേരം നോക്കി നിന്നു.

ഭൂതക്കാലത്തിൻ്റെ കുളിർ കാറ്റ് അവർക്കു ചുറ്റും വട്ടമിട്ടു പറന്നു.

ആകാശക്കോണിൽ ഒരു മിന്നലൊളി പാഞ്ഞു ഒപ്പം താഴെ ഭൂമികുലുക്കിയ ഒരു ഇടി മുഴക്കവും.

” നല്ല മഴ വരുന്നുണ്ട്.ഞാൻ വീട്ടിലേക്ക് കൊണ്ടാക്കി തരാം”

കുടയും നിവർത്തി അതുൽ പുറത്തേക്കിറങ്ങിയപ്പോൾ സാക്ഷി വിലാസിനിയമ്മയെ ഒന്നു നോക്കി.

“മോൾ eപടിക്കണ്ട. കല്യാണത്തിന് ഞാനും മോനും വരും. ഞങ്ങളുടെ മനസ്സ് നിറഞ്ഞ അനുഗ്രഹവും ഉണ്ടാകും “

വിലാസിനിയമ്മ അതും പറഞ്ഞ് അവളുടെ ശിരസ്സിൽ കൈവെച്ചു.

ഒരു കുടക്കീഴിലുടെ നടന്നുപോകുന്ന അവരെ നോക്കി നിന്നപ്പോൾ, എന്തൊക്കെയോ ഓർത്ത് വിലാസിനിയമ്മയുടെ കണ്ണ് നിറഞ്ഞു.

“കൈതപ്പൂ പൂത്ത നല്ല സുഗന്ധം – ഈ സമയത്ത് പാമ്പുകൾ കൂട്ടത്തോടെ പുറത്തിറങ്ങുമെന്നാണ് പറയാറ് “

അതും പറഞ്ഞ് പേടിയോടെ സാക്ഷി, അതുലിന് അരികെ ചേർന്നു നടന്നു.

അവളുടെ സുഗന്ധവും, കൈതപ്പൂവിൻ്റെ സുഗന്ധവും ഇടകലർന്നപ്പോൾ, അവൻ്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി.

അവളുടെ ചുടുനിശ്വാസം അവൻ്റെ മുഖത്തടിച്ചപ്പോൾ അവൻ ശ്വാസം അടക്കി പിടിച്ചു.

“ഇവിടന്നങ്ങോട്ട് നീ ഒറ്റയ്ക്ക് പോകുമല്ലോ?”

പാടവരമ്പിൻ്റെ അറ്റത്ത് എത്തിയപ്പോൾ അതുൽ ചോദിച്ചു.

അവൾ പതിയെ തലയാട്ടിയപ്പോൾ, അവൻ്റെ ഇടനെഞ്ചിൽ കൊണ്ടു.

“കല്യാണത്തിന് വല്യ മേയ്ക്ക്പ്പ് ഒന്നും ചെയ്ത് ബോറാക്കണ്ട ട്ടോ- നിനക്ക് ഈ നാചുറലാ ഭംഗി – സായ്പല്ലവിടെ പോലെ “

ശരിയെന്നും പറഞ്ഞ് അവനെയൊന്നു നോക്കി ഇരുട്ടിലൂടെ അവൾ വീട്ടിലേക്ക് ഓടുമ്പോൾ എന്തോ നഷ്ടപ്പെട്ടതു പോലെ അവന് തോന്നി.

ഇതുവരെ തനിക്കു ചുറ്റും പരന്നിരുന്ന സുഗന്ധം എവിടെയോ പോയ് മറഞ്ഞതുപോലെ!

അവൾ ഓടി പോയ ഇരുട്ട് നിറഞ്ഞ വഴിയിലേക്ക് ഒരു നിമിഷം നോക്കി നിന്ന ശേഷം പിൻതിരിഞ്ഞു നടന്നു.

അതുൽ വരുന്നതും കാത്ത് വിലാസിനിയമ്മ പൂമുഖപ്പടിയിൽ തന്നെ നിന്നിരുന്നു.

” അമ്മയ്ക്ക് അവളെ മരുമോളായി കിട്ടാത്തതിൽ വിഷമമുണ്ടോ?”

പതിഞ്ഞ സ്വരത്തിൽ അതുൽ ചോദിച്ചപ്പോൾ വിലാസിനിയമ്മയുടെ കണ്ണുനിറഞ്ഞു.

അവൻ കുട ഇറയത്ത് വെച്ച് അമ്മയുടെ തോളിലൂടെ കൈയിട്ടു.

“ഒരിക്കലും കിട്ടില്ലായെന്ന് അറിയുന്ന ഒരു കാര്യവും പിന്നെ നമ്മൾ ആഗ്രഹിക്കരുത് അമ്മേ, നമ്മൾ മരിക്കാൻ കിടക്കുമ്പോൾ, സ്വന്തം പ്രാണനു വേണ്ടിയാണെങ്കിലും “

ഒന്നും പറയാൻ കഴിയാതെ അതുലിനെ തന്നെ നോക്കി നിന്നു വിലാസിനിയമ്മ.

” അവൾക്ക് അമ്മയുടെ അനുഗ്രഹം കിട്ടണം – അതിനു വേണ്ടിയാ അവൾ ഇങ്ങോട്ടേക്ക് വന്നത്. “

അമ്മയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അതുൽ തൻ്റെ മുറിയിലേക്ക് കടക്കുമ്പോൾ, അവൻ്റെ കണ്ണിൽ നീർതടാകം രൂപമെടുത്തിരുന്നു.

മകൻ റൂമിൽ കയറി വാതിലടക്കുന്നതു വരെ നോക്കി നിന്ന വിലാസിനിയമ്മയുടെ നിറഞ്ഞ കണ്ണുകൾ, ചുമരിൽ ചില്ലിട്ട ഫോട്ടോയിലേക്ക് നീണ്ടു.

ഒരു നിമിഷം നോക്കി നിന്ന് എന്തൊക്കെയോ മന്ത്രിച്ച ശേഷം വിലാസിനിയമ്മ തറയിൽ കൈതോല പായ നിവർത്തി!

ആ പഴയ വീടിനു മുകളിൽ മഴ ആർത്തലച്ചു വീഴുമ്പോൾ, നാലു കണ്ണുകളിൽ വെള്ളം നിറഞ്ഞു തുളുമ്പുകയായിരുന്നു.

പിറ്റേന്ന് പതിവുപോലെ പ്രഭാത ഭക്ഷണവും കഴിച്ച് അതുൽ -പാടത്തേക്ക് പോകാനിറങ്ങുമ്പോൾ വിലാസിനിയമ്മയുടെ മുഖം മ്ലാനമായിരുന്നു.

“എന്നെക്കാളും വലുതലല്ലോ അവൾ – അവളോട് പോകാൻ പറ”

അമ്മയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് മൂളിപ്പാട്ടോടുകൂടി അതുൽ പടിയിറങ്ങി.

നേർത്തു പെയ്യുന്ന മഴയിൽ കുളിരു കോരുന്ന നെൽചെടികളെ അവൻ നോക്കി നിന്നു.

കാറ്റിൽ പച്ചക്കടലിളകുന്നതു പോലെയുള്ള പാടത്തിൻ്റെ ഭംഗി അവനെ മറ്റെല്ലാ ചിന്തകളിൽ നിന്നും വിമുക്തനാക്കി.

പാടത്തേക്ക് അവൻ പതിയെ ഇറങ്ങി.

കൊച്ചു മത്സ്യങ്ങൾ പാദത്തിൽ ഇക്കിളിയിട്ടപ്പോൾ അവൻ കോരിത്തരിച്ചു.

നെൽചെടികൾക്കിടയിലെ കളപറിക്കുമ്പോൾ സമയം പോകുന്നത് അവനറിയുന്നുണ്ടായിരുന്നില്ല.

” പൂയ് ”

ഒരു വിളി കേട്ടപ്പോൾ അവൻ തലയുയർത്തി നോക്കിയപ്പോൾ പാടവരമ്പത്തുകൂടി തൻ്റെ അരികിലേക്ക് വരുന്ന അമ്മാവനെയും സാക്ഷിയെയും കണ്ടു.

” ക്ഷണക്കത്ത് അച്ചടിച്ച് കിട്ടി മോൾ വരുന്ന വഴിയാ.അപ്പോൾ ആദ്യത്തെ കത്ത് അമ്മായിയ്ക്കും, അതുലിനും കൊടുക്കണമെന്ന് മോൾക്ക് ഒരു നിർബന്ധാ “

കുടുംബമടക്കം വീട്ടിൽ വന്നു ക്ഷണിക്കേണ്ടതിനു പകരം ഒരു കത്തിലൂടെ?

അതോർത്തപ്പോൾ അതുലിൽ ദേഷ്യം നിറഞ്ഞു.

“സോറി അതുൽ – ആദ്യത്തെ കത്തല്ല ഇത് -വരുന്ന വഴിക്ക് കവലയിലുള്ള ബാർബർ ഷോപ്പിലും, കുമാരേട്ടൻ്റെ ചായക്കടയിലും, ബി.ബി.സി തങ്കമണി ചേച്ചിക്കും കൊടുത്തു. ഇതു നാലാമത്തെ കത്താ “

പറഞ്ഞതും അവൾ പാടത്തേക്ക് ഓടിയിറങ്ങി.

“വിഷമിക്കണ്ട അതുൽ – അവൾ നിങ്ങളെ അത്രയ്ക്കേ വില കൽപ്പിച്ചിട്ടുള്ളൂ”

തലക്കടി കിട്ടിയതുപോലെ നിൽക്കുന്ന അതുലിനെ ആശ്വസിപ്പിക്കും പോലെ അയാളൊന്നു ചിരിച്ചു.

അവൻ പല്ലിറുമ്മി സാക്ഷിയെ eനാക്കി.

നിറഞ്ഞു പെയ്യുന്ന മഴയും ക്കൊണ്ട്, ചേറ് നിറഞ്ഞ പാടത്ത് ഡാൻസ് കളിക്കുകയാണവൾ.

“സായ്പല്ലവിയുടെ ഡാൻസ്പോലെ ഇല്ലേ അതുൽ?”

സാക്ഷി ഉച്ചത്തിൽ അത് വിളിച്ചു ചോദിച്ചപ്പോൾ, നാവിൽ വന്ന തെറി വിഴുങ്ങീട്ട് അവൻ കല്ലാണക്കത്ത് പൊട്ടിച്ചു.

വരികളിലൂടെ അവൻ പതിയെ കണ്ണോടിച്ചു.

ഒരു നിമിഷം മഴയ്ക്ക് ശക്തിയേറി.

ചൂളം കുത്തിവന്ന കാറ്റ് അവരെ വട്ടമിട്ടു പറന്നു.

“അമ്മാവാ – കണ്ണിൽ വിയർപ്പു വീണതു കാരണം വായിക്കാൻ പറ്റുന്നില്ല. അമ്മാവൻ ഒന്നു വായിച്ചു തന്നേ “

കണ്ണു തുടച്ചു കൊണ്ട് അതുൽ കത്ത് അമ്മാവനു നേരെ നീട്ടി.

ശിവശങ്കരൻ കണ്ണടയെടുത്ത് വെച്ച് പുറം കവറിലേക്ക് നോക്കിയതും ഷോക്കേറ്റതു പോലെ നിന്നു.

“സാക്ഷി വെഡ്സ് അതുൽ “

ഞെട്ടിത്തെറിച്ചു നിന്ന അയാൾക്കു മുന്നിൽ പാടത്ത് പുണർന്നു നിൽക്കുന്ന മകളും, അതുലും.

കലിയോടെ പാടത്തേക്ക് ഓടിയിറങ്ങിയ ശിവശങ്കരൻ ചേറിൽ വീണ് എഴുന്നേൽക്കാനാവാതെ അവരെ തന്നെ നോക്കി കിടന്നു.

അച്ഛൻ വീണു കിടക്കുന്നതറിയാതെ,സാക്ഷി പതിയെ ചുണ്ടുകൾ അതുലിൻ്റെ കാതോരം ചേർത്തു.

” അച്ഛനെ എതിർത്തിട്ട് അതുലിനെ വിവാഹം കഴിക്കാൻ അമ്മായി സമ്മതിക്കില്ല. നിങ്ങടെ പിണക്കത്തിൽ നഷ്ടപ്പെട്ടു പോകുന്നത് എൻ്റെ പ്രണയമാണ് – അതെനിക്ക് സഹിക്കില്ല”

പറഞ്ഞു തീർന്നതും സാക്ഷി അതുലിൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.

” അതു കൊണ്ടാണ് ഇങ്ങിനെയൊരു നാടകം ഞാൻ ക്രിയേറ്റ് ചെയ്തത്

ഒന്നും പറയാൻ കഴിയാതെ അവളുടെ നനഞ്ഞ മിഴികളിലേക്ക് നോക്കി നിന്നു അവൻ.

“എൻ്റെ പ്രണയം നിന്നോടു മാത്രമാണ് .അതു മനസ്സിലാക്കാൻ നിനക്ക് കഴിഞ്ഞില്ലeല്ലാ അതുൽ?

പറഞ്ഞു തീർന്നതും അവൾ വിങ്ങിപ്പൊട്ടി അവൻ്റെ നെഞ്ചിൽ പതിയെ രണ്ടു കൈ കൊണ്ടും ഇടിച്ചുകൊണ്ടിരുന്നു.

അവർക്കു മുകളിലപ്പോൾ ആകാശം, പതിയെ വെളുത്തു തുടങ്ങിയിരുന്നു.