അതേ നിങ്ങൾ എന്നെ പട്ടാപ്പകൽ അല്ലേ വിളിച്ചോണ്ട് വന്നത് അല്ലാതെ നട്ടപാതിരക്ക് അല്ലല്ലോ…

സ്നേഹപൂർവ്വം… ശിവ

പത്തു വർഷം കാമുകിയെ വീട്ടുകാർ ആരുമറിയാതെ മുറിക്കുള്ളിൽ താമസിപ്പിച്ചു കാമുകൻ..എന്റെ പൊന്നോ സമ്മതിക്കണം.. ആ ചെക്കന്റെ ഭാഗ്യം..ഇവിടെ ഒരെണ്ണത്തിനെ വിളിച്ചോണ്ട് വന്നു കെട്ടിയിട്ട് അര മണിക്കൂർ ആവും മുൻപ് തന്നെ അഞ്ചു കിലോമീറ്റർ അപ്പുറമുള്ള നാട്ടുകാർ വരെ അറിഞ്ഞു..

“””എന്തോ.. എങ്ങനെ എന്നതാ ഇച്ചായാ പറഞ്ഞത്..

“”ഹേയ് ഒന്നുല്ലടി ഞാൻ ഈ പത്രത്തിലെ വാർത്ത വായിച്ചത് ആണ്..

“””ഉവ്വ ഞാൻ കേട്ടു.. അതേ നിങ്ങൾ എന്നെ പട്ടാപ്പകൽ അല്ലേ വിളിച്ചോണ്ട് വന്നത് അല്ലാതെ നട്ടപാതിരക്ക് അല്ലല്ലോ അതുകൊണ്ട് കൂടുതൽ ഒന്നും പറയണ്ട. പിന്നെ വേണമെന്ന് വെച്ചാൽ എനിക്കും ഇതുപോലെ ഒക്കെ മിണ്ടാതെ ഇരിക്കാൻ ഒക്കെ പറ്റും..

“””മ്മ്മം പറ്റും പറ്റും അതിന് നിന്റെ വായിൽ പ്ലാസ്റ്റർ ഒട്ടിക്കണമെന്ന് മാത്രം..

“”ദേ മനുഷ്യാ എന്നെ കൊണ്ടൊന്നും പറയിക്കരുത്..

“””കണ്ടോ കണ്ടോ ഇതാണ് പറഞ്ഞത് നിന്നെക്കൊണ്ട് പറ്റില്ലെന്ന്..അതിനൊക്കെ ദിവ്യ പ്രണയം വേണം മോളെ….

“”പിന്നെ ദിവ്യ പ്രണയം മാങ്ങാത്തൊലി..ഈ പത്തുവർഷം മകൾ എവിടയാണ് അവൾക്കെന്തുപറ്റി എന്നറിയാതെ നോവ് തിന്ന മാതാപിതാക്കളുടെ അവസ്ഥയെ കുറിച്ച് നിങ്ങൾ ആരെങ്കിലും ചിന്തിച്ചോ..?? ഇല്ലല്ലോ..ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വന്നത് എന്റെ വീട്ടിൽ നമ്മുടെ കല്യാണത്തിന് സമ്മതിക്കില്ല എന്ന് പറഞ്ഞത് കൊണ്ടു മാത്രമാണ് .അതും നിങ്ങളോടൊപ്പം ജീവിക്കാൻ പോവുന്നു എന്ന് പറഞ്ഞാണ് ഞാൻ ഇറങ്ങി വന്നത് പോലും ..അതുകൊണ്ട് അവർക്ക് കുറച്ചു സമാധാനം ഉണ്ടായിരുന്നു..പിന്നെ ആദ്യം ചെറിയ ദേഷ്യം ഒക്കെ കാണിച്ചെങ്കിലും അവരിപ്പോ ഹാപ്പി തന്നെ അല്ലേ..മകൾ സന്തോഷത്തോടെ കഴിയുന്നു എന്നൊരാശ്വാസം എന്തായാലും അവർക്കുണ്ടല്ലോ..

“”ആ ഒരുകണക്കിന് നീ പറയുന്നതൊക്ക ശെരിയാണ്.. എന്നാലും ഈ പത്തു മിനിറ്റ് മിണ്ടാതെ ഇരിക്കാനൊന്നും നിന്നെക്കൊണ്ട് ആവില്ല..അത് ഈ ദിവ്യ പ്രണയം ഉള്ളവർക്കേ പറ്റു..ഇത് ചുമ്മാ ഏതു സമയവും കലപില പറഞ്ഞു കേട്ടു മനുഷ്യന്റെ ചെവിയുടെ ഫ്യൂസ് വരെ അടിച്ചു പോവും..അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി ഞാൻ വെറുതെ വീണ്ടും ഒന്ന് തോണ്ടി നോക്കി..

“”ഓ അപ്പോൾ ഞാൻ മിണ്ടുന്നതു ആണ് നിങ്ങൾക്ക് ഇപ്പോൾ പ്രശ്നം അല്ലേ..ആയിക്കോട്ടെ മുൻപൊക്കെ മണിക്കൂറോളം സംസാരിക്കുമ്പോൾ നിങ്ങൾക്ക് പ്രശ്നം ഇല്ലായിരുന്നു..ഇപ്പോൾ ഞാൻ ശല്യം..അല്ലെങ്കിലും ഇങ്ങനെ ഒരു കാട്ടുപോത്തിന്റെ കൂടെ ജീവിക്കാൻ ഇറങ്ങിയ എന്നെ പറഞ്ഞാൽ മതിയല്ലോ..

“””ഉവ്വ നിന്നെ സഹിക്കുന്ന എന്നെ പറഞ്ഞാൽ മതി..പാവം ഞാൻ എത്ര പെമ്പിള്ളേർ പുറകെ നടന്നത് ആണ്..എന്നിട്ടും എനിക്ക് കിട്ടിയത് ഈ ചീവിടിനെ ആയി പോയല്ലോ എന്റെ കർത്താവെ..

അത് കേട്ടതും അവളുടെ മുഖത്തു ദേഷ്യത്തിന്റെ പല ഭാവങ്ങൾ മിന്നി മായുന്നത് ഞാൻ കണ്ടു..അപ്പോഴാണ് അവളുടെ കൈയിൽ ഇരുന്ന ചപ്പാത്തി കോൽ എന്റെ കണ്ണിൽ പെട്ടത്..അവളുടെ സ്വഭാവം വെച്ചു അത് വെച്ച് ഒരേറു ഇപ്പോൾ വരേണ്ടതാണ്.. അത് കൊണ്ടു തന്നെ ഒഴിഞ്ഞു മാറാൻ തക്കവണ്ണം ശരീരത്തെ ഫ്ളക്സ്ബിൾ ആക്കി ഞാനൊന്ന് ഇളകി ഇരുന്നു..പക്ഷേ എന്തോ ആള് തറ ചവിട്ടി മെതിച്ചു എന്നെ രൂക്ഷമായി നോക്കിയിട്ട് ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി..എന്തായാലും ഉടനെ ഇപ്പോൾ പിന്നാലെ ചെന്നാൽ പണി കിട്ടും എന്നുള്ളത് കൊണ്ടു തന്നെ ഞാൻ അവിടെ തന്നെ ഇരുന്നു..കുറച്ചു കഴിഞ്ഞതും ബാഗും തൂക്കി പിടിച്ചു അവളൊരുങ്ങി വരുന്നത് കണ്ടു..

“””നീ ഇതെവിടെ പോവുന്നു..?? എന്റെ ചോദ്യത്തിന് മറുപടിയായി കൈയിൽ ചുരുട്ടി പിടിച്ചിരുന്ന പേപ്പർ എന്റെ നേർക്ക് എറിഞ്ഞു തന്നവൾ ഇറങ്ങി പോയി..ഞാനാ പേപ്പർ എടുത്തു നോക്കി..

“”നിങ്ങൾക്ക് ഞാൻ ശല്യമാവാനില്ല ഞാനെന്റെ വീട്ടിൽ പോവുന്നു..പിന്നെ മുത്തേ പൊന്നെ എന്നൊന്നും വിളിച്ചു അങ്ങോട്ട് വന്നേക്കരുത്..വെറുതെ എന്നെ ഫോൺ വിളിക്കാനും നിൽക്കണ്ട ഞാൻ വരില്ല..എന്നൊരു ഡയലോഗ് ആയിരുന്നു പേപ്പറിൽ..അത് വായിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത്..കുറച്ചു ദിവസമായി ആശാട്ടി വീട്ടിൽ ഒന്ന് പോവണമെന്ന് പറയുന്നു..ഇതിപ്പോൾ ഒരു കാരണം കിട്ടിയപ്പോൾ പിന്നെ അത് മുതലാക്കി ഓടിയത് ആണെന്ന് എനിക്ക് മനസ്സിലായി..കാരണം ഇവിടെ വന്നതിൽ പിന്നെ ഇങ്ങനെ ഓരോന്ന് പറഞ്ഞു വഴക്കിട്ടു വീട്ടിൽ പോക്ക് പതിവാണ്..അവൾക്ക് അച്ഛനെയും അമ്മയെയും കാണണമെന്ന് തോന്നുമ്പോൾ ഓരോന്ന് പറഞ്ഞു വഴക്കിട്ട് ഒറ്റ പോക്കാണ്..അല്ലാതെ എന്നോട് അനുവാദം ഒന്നും ചോദിക്കാറില്ല..പോയാൽ പിറ്റേന്ന് തന്നെ എന്തെങ്കിലും പറഞ്ഞു തിരിച്ചെത്തുകയും ചെയ്യും..കാരണം എന്നോട് തോണ്ടി പ്പിടിക്കാതെ ഇരിക്കാൻ അവൾക്ക് കഴിയില്ല..എനിക്കും അങ്ങനെ ആണ്..

ഇത് ദിവ്യ പ്രണയമാണോ എന്നൊന്നും അറിയില്ല..പക്ഷേ കൊച്ചു കൊച്ചു വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളുമായി ഇങ്ങനെ പ്രണയിച്ചു ജീവിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം..അല്ലെങ്കിൽ തന്നെ ഈ കലിപ്പനും കാന്താരിയും എന്നൊക്ക പറയുന്ന കീഴ്‌ വഴക്കം ഇനി ഞങ്ങളായിട്ട് തെറ്റിക്കാൻ നിൽക്കുന്നില്ല..കൊച്ചു കൊച്ചു വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി ഇങ്ങനെ ഒക്കെ തന്നെ അങ്ങട് പോട്ടെന്നേ….

Scroll to Top