ഒളിച്ചോട്ടം
രചന: ദിവ്യ കശ്യപ്
“ഡാ ഞാൻ അടുത്ത മാസം അവൻ്റെ കൂടെ ഒളിച്ചോടും…”
“ഡീ…നീയിതെന്തോക്കെയാ ഈ പറയുന്നേ…അപ്പോ നിൻ്റെ കുട്ടികളോ..??”
“ആ…അതൊക്കെ അങ്ങനെ കിടക്കും എനിക്ക് മാത്രമല്ലല്ലോ അങ്ങേർക്കുമില്ലെ ഉത്തരവാദിത്തം…”
“ഡീ…അല്ല…അതുപിന്നെ…”
“മനു..ഞാൻ വെക്കുവാ…ചേട്ടൻ വന്നെന്നു തോന്നുന്നു…”
കയ്യിൽ ഫോണുമായി മനു തരിച്ചിരുന്നു..ഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചതാണ് അവള് …ആശ…കല്യാണം കഴിഞ്ഞെന്നു അറിഞ്ഞാരുന്നൂ..കഴിഞ്ഞിടക്ക് ഒരു കൂട്ടുകാരൻ്റെ പെങ്ങളുടെ കല്യാണത്തിന് വെച്ച് വീണ്ടും കണ്ടുമുട്ടി… അന്ന് ഫോൺ നമ്പറും വാട്ട്സ് അപ്പ് നമ്പറും ഒക്കെ തന്നാണ് പോയത്..പിന്നീട് ഇടക്കിടക്ക് വിളിക്കുകയും മെസേജ് അയക്കുകയുമോക്കെ ചെയ്യും…
അങ്ങനെ കുറച്ചുനാൾ കഴിഞ്ഞാണ് അവളത് പറയുന്നത്…അവളും ഭർത്താവും തമ്മിൽ അത്ര ചേർച്ചയില്ല..വേറൊന്നുമല്ല…അയാൾക്ക് അവളോട് സ്നേഹമില്ല…കുടിയനുമാണ്…
അവള് എഫ് ബി വഴി പരിചയപ്പെട്ട അഞ്ചാറു ജില്ലകൾക്ക് അപ്പുറത്തുള്ള ഒരുത്തനുമായി പ്രണയത്തിലാണ്…അവൻ നല്ല സ്നേഹമുള്ളവൻ ആണത്രേ…
അവൾക്ക് രണ്ടു കുട്ടികളുണ്ട്…ഒരാണും ഒരു പെണ്ണും… ആറും മൂന്നും വയസ് പ്രായം….
മനുവിന് ആകെ തല പെരുക്കുന്നത് പോലെ തോന്നി….
………………………………
വാതിലിൽ മുട്ട് കേട്ട് അവള് ചെന്നു വാതിൽ തുറന്നു…
“ഇന്നാടി പെണ്ണേ…ഇതൊക്കെ അങ്ങോട്ട് വെയ്ക്ക്…” നാലുകാലിൽ ആണ് വന്നതെങ്കിലും അയാളുടെ കയ്യിൽ പിറ്റേന്നത്തെക്ക് ഉള്ള അരിയും സാധനങ്ങളും ഉണ്ടായിരുന്നു…കുഞ്ഞുങ്ങൾക്കു പരിപ്പ് വടയും ബിസ്കറ്റും ഉണ്ടായിരുന്നു. ചായ ഇടാനുള്ള കവർ പാലുണ്ടായിരുന്നൂ…
“ചേട്ടന് ചായ വേണോ…”അവള് ചോദിച്ചു..
“വേണ്ടെടി പെണ്ണേ…പിരിയും…”
അവള് പാലുമായി അകത്തേക്ക് പോയി…
“വാടാ അച്ചെടെ മക്കള്.. ദാ പരിപ്പുവട…”
മൂത്തവൻ വന്നു അയാളുടെ കയ്യിൽ നിന്ന് പരിപ്പുവട റാഞ്ചി കൊണ്ടുപോയി…
“എൻ്റെ കൊച്ചുകാന്താരിക്ക് ബിസ്ക്കറ്റ് വേണ്ടെടി….?? “അയാള് ബിസ്ക്കറ്റ് കവർ ഇളയവളുടെ നേരെ നീട്ടി…
“നിച്ച് വേണ്ടാ…അച്ചയെ ഭയങ്കര നാറ്റം..”അവള് മുഖം കൂർപ്പിച്ചു..
“അത് അച്ചയോന്ന് ഉറങ്ങി എണിക്കുമ്പോ മാറുമെടി കുഞ്ഞി…”
അയാള് വെട്ടിയിട്ട പോലെ കിടക്കയിലേക്ക് വീണു വേഷം പോലും മാറാതെ….
……………………….
ചായയിട്ട് കുടിച്ചിട്ട് അവള് വന്നു ഫോൺ എടുത്ത് മനുവിനെ വിളിച്ചു…
“ഡാ..നീയെന്തുവാരുന്ന് നേരത്തെ പറഞ്ഞത്…”
“ആശേ…നീ നിൻ്റെ തീരുമാനം മാറ്റണം..ഫോൺ വഴി പരിചയപ്പെട്ട ഒരുത്തൻ്റെ കൂടെ പോവുകയാണ് എന്നൊക്കെ പറഞാൽ…നീ അപകടത്തിലേക്ക് ആണ് പോകുന്നത്…”മനു ഒറ്റശ്വാസത്തിൽ പറഞ്ഞു…
“അവൻ നല്ലവനാടാ..എന്നെ പൊന്നു പോലെ നോക്കും…”
“നിൻ്റെ ഭർത്താവ് നിന്നെ നോക്കില്ലെ നല്ലത് പോലെ…കുടിക്കുവെന്നല്ലെ ഉള്ളൂ..വഴക്കൊന്നുമില്ലല്ലോ…”
“അയാൾക്ക് സ്നേഹമില്ല… ദേ വന്നു കിടപ്പുണ്ട്..കുടിച്ചു കൂത്താടി…” അവള് അറപ്പോടെ മുഖം തിരിച്ചു…
“ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുത്തനെ നീയെങ്ങനെ വിശ്വസിക്കു മെടി…അവൻ നിൻ്റെ കുഞ്ഞുങ്ങളെ നോക്കുമോ…അവനും ഒരു കൊച്ചുണ്ടെന്നല്ലെ നീ പറഞ്ഞത്…?”
“അതവന് ഒരു അബദ്ധം പറ്റിയതാടാ… ആ പെണ്ണും കൊച്ചും വേറെവിടെയോ ആണ്….”
“ഡീ അവൻ നല്ലവനായിരുന്നെങ്കിൽ അവനു പറ്റിയ അബദ്ധം തിരുത്തി ആ പെണ്ണിനെയും കൊച്ചിനെയും ഏറ്റെടുതെനെ…ഇതിപ്പോ…..”
“അതെങ്ങനെ ശരിയാകും..അവനെന്നേയല്ലെ സ്നേഹിക്കുന്നെ….” ആശ തർക്കിച്ചു…
“എടി..എനിക്ക് നിന്നെ മനസ്സിലാകുന്നില്ല.. ഞാനിത്ര നാളും നിന്നെ കേട്ടത് നീ എൻ്റെ കൂട്ടുകാരി ആണല്ലോ എന്നോർത്താ …നീ തെറ്റിലേക്കാ പോകുന്നത്….”മനു ആശങ്കയോടെ പറഞ്ഞു…
“നിനക്കറിയില്ല മനു അവനെന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്…എന്നും രാവിലെ എഴുന്നേറ്റ ഉടനെ എനിക്ക് ഗുഡ് മോണിംഗ് മെസേജ് അയക്കും…ഇടക്കിടക്ക് വന്നു കഴിച്ചോ കുടിചോ എന്നൊക്കെ ചോദിക്കും..കഴിച്ചില്ലെങ്കിൽ വഴക്ക് പറഞ്ഞു കഴിപ്പിക്കും…വയ്യാതിരിക്കുവാണെങ്കിൽ ഡോക്ടറെ കാണാൻ നിർബന്ധിക്കും..ഇടക്ക് വന്നു ആശ്വസിപ്പിക്കും… വേദന കുറഞ്ഞോ എന്ന് ചോദിക്കും …എൻ്റെ ഓരോ ബെർത്ത്ഡെയും ഓർത്തിരുന്ന് ആശംസകൾ നേരും…..രാത്രി ചേട്ടൻ ഉറങ്ങിക്കഴിഞ്ഞാൽ അപ്പോ വീഡിയോ കോൾ ചെയ്യും മണിക്കൂറുകൾ സംസാരിക്കും എന്നോട്…അറിയോ നിനക്ക്….”
“അടുത്ത മാസം എൻ്റെ പേരിൽ കിടക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റ് മെച്വെഡ് ആകും …അത് കിട്ടിയിട്ട് പോകാം എന്ന് അവൻ പറഞ്ഞു…അവനത് വേണം എന്നൊന്നുമില്ല… കോവിഡ്ഡ് ആയത് കൊണ്ട് അവനു പണിയൊക്കെ കുറവാ അത് കൊണ്ടാ…അവൻ നല്ലവനാഡാ…ഒത്തിരി നല്ലവനാ…എന്നെ വല്യ കാര്യവാ….”
“ഞാൻ അടുത്ത മാസം പോകുമെടാ അവൻ്റെ കൂടെ…”
മനു ഫോൺ വെച്ചു….
അവൻ്റെ മനസ്സിലപ്പോൾ അവളുടെ ആ രണ്ടു കുഞ്ഞി പിള്ളേരുടെ നിഷ്കളങ്കമായ കണ്ണുകൾ മാത്രമായിരുന്നു…..
………………………………………………..
അവള് പോകാതിരുന്നെങ്കിൽ……
Based on a true story….