നിമിത്തം (ഡബിൾതേപ്പ്)
രചന: സന്തോഷ് അപ്പുക്കുട്ടൻ
” ഇട്ടേച്ചു പോയ കാമുകി അവളുടെ നാത്തൂനെ വിവാഹം കഴിച്ചൂടെ എന്ന് എന്നോട് അപ്രതീക്ഷിതമായ് ചോദിച്ചപ്പോൾ മനസ്സിൽ അത്ഭുതത്തിൻ്റെയും ആകാംക്ഷയുടെയും ഉണർവിൻ്റെയും മേളപ്പെരുക്കമായിരുന്നു.
” തേച്ചു പോയതാണെങ്കിലും അവൾക്കിപ്പോഴും നിന്നോടൊരു ഒരിത് ഉണ്ട്”
ക ള്ളുഷാപ്പിലെ ഇളകുന്ന ബെഞ്ചിലിരുന്നു ആത്മമിത്രം അങ്ങിനെ പറയുമ്പോൾ, അവൻ്റെ ചുണ്ടിൽ പറ്റി ചേർന്ന ചത്ത ഒരു ഈച്ച, ചുണ്ടിൻ്റെ താളത്തോടൊപ്പം ഇളകുന്നുണ്ടായിരുന്നു.
“ആദ്യമായി സ്നേഹിക്കുന്ന ഒരു പുരുഷനെ ഏതൊരു സ്ത്രീയ്ക്കും മറക്കാൻ പറ്റില്ല ചങ്കേയെന്ന് കണ്ണിറുക്കി പറയുന്ന ചങ്ക് രണ്ടാമൻ്റെ ഗ്ലാസ്സിലേക്ക് ഞാൻ ഉൾപുളകത്തോടെ പതിയെ കള്ള് പകർന്നു കൊടുത്തു.
എൻ്റെ മനസ്സിൽ ഉയരുന്ന സന്തോഷം പോലെ ഗ്ലാസ്സിൽ നുരയുന്ന ക ള്ളും നോക്കിയിരുന്നു ഞാൻ.
“ശരിക്കും അവൾ നിന്നെ തേച്ചതായിരുന്നോ?”
ചങ്ക് ഒന്നാമൻ്റെ ചോദ്യം ചങ്കിൽ തന്നെ കുത്തി.
തന്നെ കാത്തിരിക്കുന്ന കള്ള് ഗ്ലാസ്സിനെ ഞാനെടുത്ത് പ്രണയപൂർവ്വം ഒന്നു ചുംബിച്ചു.
ഓർമ്മകളിൽ, നന്ത്യാർവട്ട പൂക്കൾക്കിടയിൽ മറ്റൊരു പൂവായി ശാലു വിരിഞ്ഞു.
” അവൾ എന്നെ മനപൂർവ്വം തേച്ചതല്ല – നിങ്ങൾ കാരണമായിരുന്നു അവൾ എന്നിൽ നിന്നകന്നത്”
അവർക്കു നേരെ ഞാൻ കൈ ചൂണ്ടി സങ്കടത്തോടെ പറഞ്ഞപ്പോൾ ഒന്നും മനസ്സിലാവാതെ അവർ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു’
നഷ്ടസ്വർഗ്ഗങ്ങളെ ഒന്നുകൂടി ഉണർത്താനായി ഒരു കവിൾ കള്ള്. അകത്താക്കി പതിയെ ചുണ്ട് തുടച്ചു ഞാൻ.
” പറഞ്ഞതാ- ഒരുപാട് പറഞ്ഞതാ അവൾ – ഇങ്ങിനെ കണ്ട അലവലാതികളോടൊപ്പം കലുങ്കിലും, ക ള്ളുഷാപ്പിലും ഇരിക്കാതെ എന്തെങ്കിലും പണിക്ക് പോകാൻ “
ഞാൻ പറഞ്ഞു കൊണ്ട് അവരുടെ മുഖത്ത് നോക്കിയതും, തുലാവർഷത്തിലെ ഇടിവെട്ട് തലകൊണ്ട് തടുത്തതുപോലെയുള്ള ഭാവമായിരുന്നു അവരുടെ മുഖത്ത് കണ്ടത്.
ആ ദേഷ്യത്തിന് എന്നെ നോക്കി അവർ, രണ്ട് പൊരിച്ച അയലക്ക് ഓർഡർ ചെയ്തു.
“ഒരുപാട് പറഞ്ഞിട്ടും ഞാൻ നന്നാവത്തതു കൊണ്ടാണ് അവൾ മറ്റൊരു പുരുഷൻ്റെ മുന്നിൽ കഴുത്ത് നീട്ടിയത്
ഞാൻ പറഞ്ഞ് തീർന്നതും -ഞാൻ തന്നെ വാങ്ങി കൊടുത്ത ക ള്ള് മോന്തി എന്നെ തന്നെ കലിപ്പോടെ നോക്കി ചങ്കുകൾ.
“നീ എന്തൊരു മനുഷ്യനാണടാ – സത്യം ഇതായിരിക്കെ നീ മറ്റുള്ളവരോട് പറഞ്ഞു പരത്തിയതെന്താണ്?”
ചങ്കുകളുടെ ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.
അവളെ പറ്റി അത്രയ്ക്കും തരംതാഴ്ത്തിയാണ് മറ്റുള്ളവരോട് ഞാൻ പറഞ്ഞു കൊടുത്തിരുന്നത്.
“എൻ്റെ പൈസയും, ഊർജ്ജവും ഊറ്റി മതിയായപ്പോൾ എന്നെയവൾ കറിവേപ്പിലയാക്കിയെന്ന് “
നാടൊട്ടൊകെ ആ വാർത്ത പ്രചരിച്ചപ്പോൾ അവളെ കെട്ടിയ തെണ്ടി രായ്ക്കുരാമാനം അവളെ വീട്ടിൽ കൊണ്ടാക്കുമെന്ന് വിചാരിച്ചു.
എൻ്റെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച്,പാമ്പൻ പാലത്തിൻ്റെ ഉറപ്പോടെ അവളെ -ചേർത്തു നിർത്തുകയായിരുന്നു അയാൾ ചെയ്തത്.
മൗനമാകുന്ന ക ള്ളിൽ ഈച്ച വീണ നിമിഷം ചങ്കൊരുത്തൻ എൻ്റെ തോളിൽ കൈവെച്ചു’
“ചങ്കേ! ഇത് കേസ് മറ്റേതു തന്നെ “
ഞാൻ ആകാംക്ഷയോടെ, മരുഭൂമിയിലെ മുൾച്ചെടികളെ പോലെയുള്ള താടിയിലെ രോമങ്ങൾ തടവിക്കൊണ്ടിരിക്കുന്ന ചങ്കിനെ നോക്കി.
ചങ്ക് എന്നെയും, ഒഴിഞ്ഞ കള്ള് കുപ്പിയെയും മാറി മാറി നോക്കി.
ഞാൻ സപ്ലൈയർ കുര്യൻ ചേട്ടനെ നോക്കി.
കുര്യൻ ചേട്ടൻ ചിലവാകാതെയിരിക്കുന്ന രണ്ട് അന്തിക്കള്ളിൻ്റെ കുപ്പിയെ നോക്കി ചിരിച്ചു.
രണ്ട് നിമിഷത്തിനകം രണ്ട് കുപ്പിയും പറന്ന് വന്ന് ഡസ്ക്കിലിരുന്നപ്പോൾ, ചങ്കിൻ്റെ മുക്കുപണ്ടം പോലെയുള്ള പല്ലുകൾ തിളങ്ങി.
“നീ നാടൊട്ടാകെ, അവൾ നിൻ്റെ എല്ലാം ഊറ്റിയെടുത്തിട്ടാണ് തേച്ചത് എന്നും പറഞ്ഞിട്ടും ആ കിഴങ്ങൻ അവളെ ഇപ്പോഴും ഉപേക്ഷിക്കാത്തതെന്തുകൊണ്ടാണെന്നറിയുമോ?”
ഗ്ലാസിൽ നിറഞ്ഞിരിക്കുന്ന കള്ളിൽ വീണ് തിരുവാതിരക്കളി നടത്തുന്ന ഈച്ചയെ വിരലുകൊണ്ട് എടുത്തു ദൂരേയ്ക്ക് തെറിപ്പിച്ചു കൊണ്ട് ചങ്ക് എന്നെ നോക്കി.
അവൻ്റെ ആ ചോദ്യത്തിന് ഉത്തരമില്ലാതെ മണിക്കുട്ടി ഓടുന്നതും നോക്കി ഞാൻ നിസ്സഹയാനായിരുന്നു.
” അവൾടെ കെട്ടിയോനൊരു പോങ്ങനാ- അതു കൊണ്ടാണ് അവൾടെ നാത്തൂനെ, നിന്നെ കൊണ്ടു കെട്ടിക്കുന്നത് “
“ഒന്നു തെളിച്ചു പറഞ്ഞാലും ചങ്കേ!”
അയല പൊരിച്ചത് അവനു നേരെ നീട്ടിക്കൊണ്ട് ഞാൻ ആകാംക്ഷയോടെ ഇരുന്നു.
“ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ആ പോങ്ങൻ ഗൾഫിലേക്ക് പോകും -പിന്നെ നീ ആണ് അവിടുത്തെ താരം – ഏത്?”
ചങ്ക് പറഞ്ഞു വരുന്നത് കത്തിയപ്പോൾ മനസ്സിൽ ഉൾപുളകത്തിൻ്റെ പള്ളി പെരുന്നാൾ ആയിരുന്നു.
“ഇതാവുമ്പോൾ നാത്തൂൻ്റെ ഭർത്താവ് എന്ന വിലാസത്തിൽ, ആർക്കും ഒരു സംശയവും തോന്നാതെ – “
പറഞ്ഞു തീർന്നതും ചങ്കിൻ്റെ കൈ എൻ്റെ നെഞ്ചിൽ ഇരുമ്പുലക്കപോലെ വീണു അതോടൊപ്പം ഒരു ഗർജ്ജനവും.
” അളിയൻ്റെ ഒരു ഭാഗ്യമേ”
നെഞ്ചത്തടി കിട്ടി തരിച്ചിരിക്കുന്ന എൻ്റെ ചെവിയിലേക്ക് അവൻ ചുണ്ടുകൾ ചേർത്തു.
“രണ്ട് കുപ്പിയും കൂടി പറയട്ടെ?”
അവൻ്റെ ചോദ്യം കേട്ടതും നെഞ്ചും തടവി ഞാൻ പകച്ചിരുന്നു.
കുടുംബശ്രീയിൽ നിന്ന് അമ്മ-ലോണെടുത്ത പൈസ വെറുതെ ഒരു അന്തസ്സിന് പോക്കറ്റിലിട്ടു നടക്കുമ്പോൾ ഓർത്തില്ല;
പോക്കറ്റിൽ നിന്ന് പുറം ലോകം കാണാൻ രണ്ട് ഗാന്ധിത്തല കഴുത്ത് നീട്ടുമെന്നും, അതീ ചങ്കുകൾ എന്ന തെണ്ടികൾ കാണുമെന്നും!
കുപ്പികൾ ഓരോന്നായി അവർ ഓർഡർ ചെയ്യുമ്പോൾ, ചങ്ക് തകരുന്നുണ്ടെങ്കിലും, പഴയ കാമുകി നീട്ടിയ പുതിയ ഓഫറിൽ പ്രതീക്ഷയുടെ ഒരു പൊൻ തിരി തെളിയുന്നുണ്ടു.
പെട്ടെന്ന് മൊബൈൽ അടിച്ചപ്പോൾ ഞാൻ ഡിസ്പ്ലേയിലേക്ക് നോക്കി ചങ്കുകൾക്ക് നേരെ തിരിഞ്ഞു.
” അവളാ ശാലു – എന്തു പറയണം ഞാൻ?”
” പറ്റില്ലാന്നു പറഞ്ഞേക്ക്”
ചങ്ക് അങ്ങിനെ പറഞ്ഞപ്പോൾ, ഞാൻ പൊട്ടിച്ചിരിച്ചു.
“മഹാലക്ഷ്മി വന്ന് വാതിൽക്കലിൽ നിന്ന് ക്ഷണിക്കുമ്പോൾ വേണ്ടെന്നു പറയാനോ? അതിന് നിങ്ങൾ വേറെ ആളെ നോക്കിയാൽ മതി”
അവരെ നോക്കി പുച്ഛം വാരി വിതറി ഞാൻ മൊബൈലിൽ തൊട്ടു.
“എനിക്ക് സമ്മതമാണ് ശാലൂ – നിനക്ക് വേണ്ടി എന്തും ചെയ്യാൻ ഒരുക്കമുള്ള എനിക്ക് ഈ കല്യാണം ഒരു പൂവ് പറിക്കുന്നത് പോലെയാണ് “
കുപ്പിവള കിലുങ്ങും പോലെയുള്ള അവളുടെ ചിരി അപ്പുറത്ത് മുഴങ്ങിയപ്പോൾ, നെഞ്ചിലൊരു ഇലഞ്ഞിത്തറമേളമുയരുകയായിരുന്നു.
കള്ളുഷാപ്പിൽ നിന്നിറങ്ങി തുലാമാസത്തിലെ മഴയിലൂടെ, ഇടയ്ക്കിടെ ഭൂമിയിലേക്ക് വരുന്ന മിന്നലുകൾക്ക് സൈഡ് കൊടുത്തു പോകുമ്പോൾ, എൻ്റെ മനസ്സിൽ വരാനിരിക്കുന്ന ആ നല്ല നാളുകൾ തെളിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു!
എൻ്റെ വീട്ടിൽ നിന്ന് അവളുടെ വീട്ടിലേക്കും, അവളുടെ വീട്ടിൽ നിന്ന് എൻ്റെ വീട്ടിലേക്കും ബന്ധുക്കൾ യുദ്ധകാലാടിസ്ഥാനം പോലെ യാത്രകൾ നടത്തി.
കണിയാൻ കവിടി വീണത് കണ്ട്, സച്ചിൻ സിക്സറിച്ചതു കണ്ടതുപോലെ എഴുന്നേറ്റു നിന്നു കൈ കൊട്ടി, രണ്ട് വിരലുകൾ എനിക്കു നേരെ ഉയർത്തി.
“പത്തിൽ പത്ത് പൊരുത്തം”
ആ പൊരുത്തം കേട്ടപ്പോൾ, ഇരിപ്പുറക്കാതെ നാലഞ്ച് അഞ്ഞൂറാനെ ഞാൻ അങ്ങേരുടെ കൈയിൽ പിടിപ്പിച്ചു.
കല്യാണ തീയതി ആകും വരെയുള്ള കാത്തിരിപ്പ്, അതൊരു വല്ലാത്ത കാലഘട്ടം തന്നെയായിരുന്നു.
പക്ഷേ കെട്ടാൻ പോകുന്ന പെണ്ണിൻ്റെ മുഖം മനസ്സിൽ ഏഴയലത്ത് വന്നില്ല
വന്നതൊക്കെ ശാലുവിൻ്റെ മുഖം മാത്രം!
അവളുടെ ഫിഗർ, ക്ലോസപ്പ്, സ്മൈലി!
എട്ടാം തിയ്യതി നടത്തുന്ന ഈ കല്യാണം ഒൻപതാം പ്രമാണംതെറ്റിക്കാൻ വേണ്ടിയാണെന്ന് ആർക്കറിയുന്നു.
എനിക്കും ശാലുവിനും മാത്രം!
എൻ്റെ കല്യാണത്തിൻ്റെ ഒപ്പം, എൻ്റെ പെങ്ങളുടെ കല്യാണം കൂടി നടക്കുന്നത് എനിക്ക് ഒരു ഇരട്ടി മധുരമായിരുന്നു.
അനിയത്തി പന പോലെ വളർന്നതു കണ്ടില്ലേ മോനെ? ഇനിയെങ്കിലും നീ പണിക്ക് പോകടായെന്ന് നാഴികയ്ക്ക് നാൽപ്പത്, വട്ടമുള്ള ഡാഡിയുടെയും മമ്മിയുടെയും ചോദ്യത്തിന് ഇതോടെ തിരശ്ശീല വീഴും.
ഓരോന്നോർത്ത് ചിരിച്ചും, സ്വപ്നങ്ങൾ കണ്ടും, തലയിണക്കെട്ടിപ്പിടിച്ചും ദിവസങ്ങളെ തള്ളിനീക്കുന്നതിൽ ഞാൻ വിജയിച്ച ദിവസം.
എൻ്റെ കല്യാണദിവസം!
മണ്ഡപത്തിൽ സർവാഭരണ വിഭൂഷിതയായി എൻ്റെ അരികിൽ ഇരിക്കുന്നവളെ ഒന്നുപാളി നോക്കി, എൻ്റെ കണ്ണുകൾ ശാലുവിനെ -തിരഞ്ഞു.
എൻ്റെ മനസ്സ് വായിച്ചറിഞ്ഞതെന്ന പോലെ, എനിക്കു മുന്നിൻ വന്നു പുഞ്ചിരിച്ചു നിന്നു അവൾ.
ആ ചിരി കണ്ട് ശ്വാസം വിലങ്ങിയ ഞാൻ പൂജിച്ചു വെച്ചിരിക്കുന്ന താലിയെയും, ശാലുവിനെയും മാറിമാറി നോക്കി.
എൻ്റെ മനസ്സിലിരിപ്പ് മനസ്സിലാക്കിയതു പോലെ, എനിക്കൊരു കള്ളച്ചിരിയും തന്ന് അവൾ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു.
മുരിങ്ങക്കോൽ പോലെയുള്ള ശാലുവിൻ്റെ ഭർത്താവ് ഒരു വട്ടം വന്ന് എൻ്റെ അരികിൽ വന്നു കുശലം നടത്തി തിരിച്ചു പോകുമ്പോൾ ഞാൻ മന്ത്രിക്കുന്നുണ്ടായിരുന്നു.
” കള്ളൻ്റെ കൈയിൽ താക്കോൽ കൊടുക്കാൻ പോകുന്ന -തിരുമണ്ടൻ”
താലിക്കെട്ടൊക്കെ കഴിഞ്ഞ് ഭാര്യവീട്ടിലെത്തിയപ്പോൾ തനിക്കു ചുറ്റും പാറി പറക്കുന്ന ശാലുവിലായിരുന്നു നോട്ടം!
ഇടയ്ക്കിടയ്ക്ക് ചാഞ്ഞും ചരിഞ്ഞും തരുന്ന അവളുടെ ചിരി ഹൃദയത്തിൽ കൊളുത്തി പിടിക്കുന്നുണ്ടായിരുന്നു.
മുറ്റത്തെ മൂവാണ്ടൻ മാവിനു ചോട്ടിൽ നിന്നു സിഗററ്റ് വലിക്കുമ്പോൾ, അവളരികെ വന്നതും ശരീരത്തിലെ താപനില ഉയർന്നു.
” ചേട്ടൻ ഇന്നുതന്നെ ഗൾഫിലേക്ക് പോകാണ്”
ഇത്രയും പെട്ടന്നോ എന്ന ചോദ്യത്തിനു പകരം എന്നിൽ നിന്നുയർന്നത്, ഇതു സത്യമാണോ എന്നുള്ള ആഹ്ളാദതുന്ദില മായ ചോദ്യമായിരുന്നു.
മണ്ണിൽ കളം വരച്ച് അവൾ നാണത്തോടെ പുഞ്ചിരിക്കുമ്പോൾ, മനസ്സിൽ കളം വരച്ച് ഞാൻ മണിയറ തീർക്കുകയായിരുന്നു.
പെട്ടിയും,ബാഗുമൊക്കെ അവർ പാക്ക് ചെയ്യുമ്പോൾ, ഞാൻ ചുമരിലെ ക്ലോക്കിനെ നോക്കി ശപിക്കുകയായിരുന്നു.
വേഗതയില്ലാത്ത ശവം!
മണിക്കൂർ പോലെയുള്ള നിമിഷങ്ങൾക്കൊടുവിൽ, എയർപോർട്ടിലേക്ക് പോകാനുള്ള ഇന്നോവ മുറ്റത്തെത്തിയപ്പോൾ, അത് വരെ കത്തി നിന്ന മനസ്സ് ഒരു നിമിഷം തണുത്തു.
ഇനി നിമിഷങ്ങൾ മാത്രം!
ഉള്ളിലൊരു കള്ള ചിരിയോടെ ശാലുവിനെ നോക്കി!
നോട്ടങ്ങൾ തമ്മിലിടഞ്ഞത് കൊണ്ടാകാം ആകാശത്ത് ഒരു കൊള്ളിയാർ മിന്നി.
അണിഞ്ഞൊരുങ്ങി സ്വപ്നസുന്ദരിയായി നിൽക്കുന്ന ശാലുവിനെയും നോക്കി നിൽക്കുമ്പോൾ, തോളിൽ ഒരു കൈ വീണപ്പോൾ തിരിഞ്ഞു നോക്കി.
എൻ്റെ അളിയൻ!
ശാലുവിൻ്റെ ഭർത്താവ് എന്നു വേണമെങ്കിൽ വിളിക്കാം!
” അളിയൻ എയർപോർട്ടിലേക്ക് വരുന്നില്ലേ?”
അളിയൻ്റെ ചോദ്യം കേട്ടപ്പോൾ ശക്തിയോടെ തന്നെ ഞാൻ തലകുലുക്കി.
തിരിച്ചു വരുമ്പോൾ ശാലു മാത്രമാണ് വണ്ടിയിൽ!
അവളുമൊത്തൊരു മഴയാത്ര എന്നേ മോഹിച്ചതാണ്.
ഇന്നോവ സ്റ്റാർട്ട് ചെയ്തതും ഓർമ്മയിൽ നിന്നുണർന്ന ഞാൻ കാറിലേക്ക് ഓടിക്കയറാനൊരുങ്ങുമ്പോൾ, പിന്നിൽ നിന്ന് ഒരു അലർച്ച:
“രമേശൻ ഇതെവിടേക്കാ?”
ശാലുവിൻ്റെ തീതുപ്പിയ ചോദ്യം കേട്ടപ്പോൾ, പാദം ചെളിയിൽ പുതഞ്ഞതുപോലെ നിന്നു ഞാൻ തിരിഞ്ഞു നോക്കി.
എൻ്റെ ഭാര്യ ഇരിക്കുന്ന വീൽചെയറും പിടിച്ച് എന്നെ നോക്കുന്ന ശാലു.
ആ കണ്ണുകളിലിപ്പോൾ പ്രണയത്തിനു പകരം പുച്ഛഭാവം മാത്രം!
” ഞങ്ങൾ ദുബായിലേക്ക് പോകുന്നതാണ് – രമേശനും കൂടി എയർപോർട്ടിലേക്ക്-വന്നാൽ ഇവിടം നാത്തൂൻ ഒറ്റയ്ക്കാവില്ലേ – അതാണെങ്കിൽ കാലിന് വയ്യാത്ത ഒരു കുട്ടി “
പറഞ്ഞു തീർന്നതും, വീൽചെയർ ഉരുട്ടി ശാലു എനിക്കരികിൽ വന്നു!
” ഇനി ഈ വീൽചെയർ ഉരുട്ടേണ്ടതു രമേശനാണ്. ഞാനും ചേട്ടനും പൊന്നുപോലെ നോക്കുന്ന കുട്ടിയാണ്. അതുപോലെ തന്നെ നോക്കിയേക്കണം:
വീൽചെയർ എൻ്റെ കൈകളിൽ ഏൽപ്പിച്ച് അധികാരത്തോടെ പറഞ്ഞ് കാറിലേക്ക് കയറുന്ന ശാലുവിനെ ഇടിവെട്ട് കൊണ്ടവനെ പോലെ ഞാൻ നോക്കി നിന്നു.
പെട്ടെന്ന് ശാലുവിൻ്റെ ഭർത്താവ് വന്ന് എൻ്റെ കൈയിൽ പിടിച്ചു.
” ശാലുവിന് വല്ലാത്ത ഒരു ആഗ്രഹമാണ് ദുബായ് കാണണമെന്ന്. പ്രേമിക്കുമ്പോൾ ചിലപ്പോൾ, അവൾ രമേശിനോടും പറഞ്ഞിട്ടുണ്ടായിരിക്കാം ഈ ദുബായ് പ്രേമം”
ആ ചോദ്യം കേട്ടതും ഞാൻ വേരറ്റമരം പോലെ വിറച്ചു നിന്നു.
ഒരു ചോദ്യം മതി നിങ്ങളെ വേരോടെ പിഴുതെറിയാൻ!
എത്ര സത്യസന്ധമായ വാചകം!
” ജോലിയും കൂലിയും ഇല്ലാതിരിക്കുമ്പോൾ എന്ത് ദുബായ് അല്ലേ രമേശാ “
വീൽ ചെയറും പിടിച്ച് ഞാൻ അളിയനെ നോക്കി ഒന്നു കണ്ണിറുക്കി.
“ഇനിയൊരു ചോദ്യം കേൾക്കാൻ ശക്തിയില്ല പൊന്നളിയാ എന്ന ഭാവത്തിൽ.
എൻ്റെ യാചന മനസ്സിലാക്കിയിട്ടാവണം അളിയൻ-ചോദ്യങ്ങൾക്കു പകരം ഉത്തരം നിവർത്തി .
“കുഞ്ഞുങ്ങളായാൽ പിന്നെ ദുബായ് പോക്ക് എടുപിടീന്ന് നടക്കില്ല – അപ്പോൾ അതിനു മുൻപ് ദുബായിലേക്ക് പോകാം എന്നവൾക്ക് ആഗ്രഹം! എനിക്കും എതിർപ്പുണ്ടായിരുന്നില്ല പക്ഷേ ഇവളെ ഒറ്റയ്ക്കാക്കി പോകാൻ കഴിയില്ല “
വീൽ ചെയറിലിരുന്ന എൻ്റെ ഭാര്യയെ നോക്കി അളിയൻ പറയുമ്പോൾ വല്ലാതെ വിതുമ്പുന്നുണ്ടായിരുന്നു.
” അങ്ങിനെ ഞങ്ങൾ ധർമ്മസങ്കടത്തിലിരിക്കുമ്പോഴാണ് ശാലു നിൻ്റെ കാര്യം പറഞ്ഞത് “
അവളെന്താണ് എന്നെ കുറിച്ച് പറഞ്ഞതെന്ന ആകാംക്ഷയിൽ ഞാൻ അളിയനെ നോക്കി.
” ഒരു പണിക്കും പോകാതെ കലുങ്കിലും കള്ള്ഷാപ്പിലും സമയം കളയുമെങ്കിലും നീ പാവമാണെന്നും, ഇത്തിരി പരദൂഷണത്തിൻ്റെ അസ്ക്കിതയുള്ളുവെന്നും, അതു ക്കൊണ്ട് നിനക്ക് ഒരു ഭാവിയായിക്കോട്ടെ എന്നാണ് അവൾ പറഞ്ഞത് “
വീൽ ചെയറിലിരിക്കുന്ന എൻ്റെ ഭാവിയെ നന്നായി നോക്കി ഞാൻ കൃതാർത്ഥനായി.
” അതു കൊണ്ടു തന്നെയാണ് ഇത്രയും സ്ത്രീധനം നിനക്ക് തന്ന് എൻ്റെ അനിയത്തിയെ കെട്ടിച്ചു തന്നത് “
ഒരു നിമിഷം നിർത്തി അളിയൻ എന്നെ നോക്കി ചിരിച്ചു !
എന്തായിരുന്നു ആ ചിരിയിലെന്ന് പിന്നെയാണ് അളിയൻ പറഞ്ഞ വാക്കിലൂടെ എനിക്ക് മനസ്സിലായത് .
” ഒരിക്കലും നീ അദ്ധ്വാനിച്ചിട്ട് പൈസയുണ്ടാക്കി നിൻ്റെ പെങ്ങളുടെ വിവാഹം നടക്കില്ല. ഇങ്ങിനെയൊരു കല്യാണത്തിലൂടെ അതും നടന്നല്ലോ?”
ഓരോ വാക്കുകളും, ഓരോ ശരങ്ങളായി മനസ്സിൽ കുത്തികയറുന്ന വേദന.
തളർന്നുവീഴാതിരിക്കാൻ വീൽചെയറിൽ കൈയൂന്നി ഞാൻ നിന്നു.
വീൽ ചെയറിലിരിക്കുന്ന സഹോദരിയെ അളിയൻ പതിയെ തലോടി.
” നടക്കാൻ മാത്രമല്ല കേൾക്കാനും ഇവൾക്ക് കഴിയില്ല. ഇനി നീയാണ് ഇവൾക്ക് ഊന്നുവടിയാകേണ്ടത് “
ഒരു നിമിഷം എന്നെയും, ഭാര്യയെയും നോക്കി നിന്ന് കാറിനടുത്തേക്ക് നടന്നതും, എന്തോ ഓർത്തതുപോലെ അളിയൻ നിന്നു.പിന്നെ തിരിഞ്ഞു എൻ്റെ അടുത്തേക്ക് വന്നു:
“നമ്മൾക്ക് കിട്ടാത്തതിനെ നമ്മൾ കുറ്റം പറയുന്നതിനു പകരം, അത് എന്തുകൊണ്ടാണ് നമ്മൾക്ക് കിട്ടാതെ പോയതെന്ന് വിശകലനം ചെയ്ത് മുന്നേറിയാൽ ജീവിതം വിജയിക്കും രമേശാ “
അളിയൻ എന്ത് ഉദ്യേശിച്ചാണ് അത് പറഞ്ഞതെന്ന് മനസ്സിലായതുക്കൊണ്ട്, തലകുലുക്കി ശരിവെച്ചുക്കൊണ്ട് “ചോദ്യം ചോദിച്ചു തീർന്നാൽ ഞാനങ്ങോട്ടേക്ക് പോകട്ടേയെന്ന ഒരു ഭാവം എന്നിൽ തെളിഞ്ഞതും അടുത്ത ചോദ്യം, ഒരു കുഴിമിന്നലായി തന്നെ തന്നെ എൻ്റെ ചെവിയിൽ പതിച്ചു.
“ഇനി അളിയൻ്റെ ഭാര്യയെ തേപ്പുക്കാരിയെന്ന് പരദൂഷണം പറയാൻ അത്രയ്ക്കും മോശമല്ല രമേശനെന്ന് ഞാൻ കരുതിക്കോട്ടെ? “
ആ ചോദ്യത്തിനോടൊപ്പം,കണ്ണിൽ നിന്നും മൂക്കിൽ നിന്നും പുകയുയർന്ന കാരണത്താൽ എൻ്റെ അളിയനും, ഭാര്യയും പോകുന്ന ഇന്നോവ എനിക്ക് കാണാൻ സാധിച്ചില്ല;
വളവ് തിരിയുമ്പോൾ മിന്നിയ ചുവപ്പ് വെളിച്ചം മാത്രം കണ്ടു ഞാൻ കൃതാർത്ഥനായി?!!