മുഖമുയർത്തിയൊന്നു ചിരിച്ചുകാട്ടിയവളുടെ കണ്ണുകളും കൈകളും തിളങ്ങുന്ന മുത്തു പതിപ്പിച്ച എന്റെ പേഴ്സിലേക്ക് പോയി…

ചിത്രശലഭങ്ങൾ…

രചന: സൂര്യകാന്തി (ജിഷ രഹീഷ് )

ചെറിയമ്മാവന്റെ മോളുടെ കല്യാണത്തിന്റെ തലേന്നാണ് ഞാനവളെ കണ്ടത്…

മുറിയിൽ സംസാരിച്ചിരുന്ന ബന്ധുക്കളിൽ ആർക്കൊക്കെയോയിടയിൽ കട്ടിലിൽ ഇരുന്നപ്പോഴാണ് പതിയെ അവളെന്റെ ഷാളിൽ പിടിച്ചത്…വെള്ളയിൽ വയലറ്റ് നൂല് കൊണ്ടു തുന്നിപ്പിടിപ്പിച്ച പൂക്കളിൽ വിരലോടിച്ചു കൊണ്ടതവൾ സാകൂതം നോക്കിയിരുന്നു..

ആ കുഞ്ഞ് മുഖത്തിന്‌ ചേരാത്ത വണ്ണം പ്രായത്തിൽ കവിഞ്ഞ ശരീരമുള്ളവൾ..

“എന്താ മോൾടെ പേര്…?”

മൃദുസ്വരത്തിൽ ഞാൻ ചോദിച്ചപ്പോൾ അവളൊന്ന് മുഖമുയർത്തിയെന്നെ നോക്കി.. പിന്നെ ഇത്തിരി അപരിചിതത്വത്തോടെയെങ്കിലും വിടർന്നൊന്ന് ചിരിച്ചു.. വീണ്ടും അവളുടെ വിരലുകളെന്റെ ഷാളിലെ പൂക്കളിലേക്ക് പോയി.. കണ്ണുകളും…

“അതൊരു മന്ദബുദ്ധിയാ…”

അടുത്തിരുന്ന വീണേച്ചി മെല്ലെ പറഞ്ഞു.. നെഞ്ചിലൊരു പിടപ്പുണർന്നു…

പിന്നാ മുറിയിൽ പലപ്പോഴും ഞാനാ വാക്ക്‌ കേൾക്കുന്നുണ്ടായിരുന്നു.. അപ്പോഴേക്കും അവളുടെ കണ്ണുകളും കൈകളും എന്റെ പേഴ്സിൽ എത്തിയിരുന്നു..

“അതങ്ങ് എടുത്തു മാറ്റിയേക്ക് ലതേ, വിവരല്യാത്ത പെണ്ണാ..മന്ദബുദ്ധി…”

മുറിയിലേക്ക് അനുക്കുട്ടിയെയും കൊണ്ടു കയറി വന്ന വല്യമ്മയാണത് പറഞ്ഞത്.. വീണ്ടും ഞാനവളെ നോക്കി.. മുഖമുയർത്തിയൊന്നു ചിരിച്ചുകാട്ടിയവളുടെ കണ്ണുകളും കൈകളും തിളങ്ങുന്ന മുത്തു പതിപ്പിച്ച എന്റെ പേഴ്സിലേക്ക് പോയി..

ചുറ്റുമുള്ളതെല്ലാം കൗതുകത്തോടെ നോക്കുന്ന അവൾ പലരുടെയും ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ പിടിച്ചു നോക്കുന്നുണ്ടായിരുന്നു.. ചിലരൊക്കെ തുറിച്ചു നോക്കുന്നുണ്ട്..ദേഷ്യത്തോടെ തട്ടിമാറ്റുന്നുണ്ട്.. അവളിൽ നിന്നൊരു മറുപടിയും കിട്ടില്ലെന്നറിയാമെങ്കിലും വെറുതെ പരിഹാസം കലർത്തിയ വാക്കുകൾ തൊടുത്തു വിടുന്നുണ്ട്..ചുരുക്കം ചിലർ അവളെ ചേർത്ത് പിടിക്കുന്നതും കണ്ടു…ചുറ്റും നടക്കുന്നതൊന്നുമറിയാത്ത അവളുടെയാ നിഷ്കളങ്കമായ പുഞ്ചിരിയും…

രാത്രി മുറ്റത്തിട്ട പന്തലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ മൂന്നാല് മേശകൾക്കപ്പുറം അവളുടെ അടുത്തിരുന്നു ഇടക്കിടെ അവൾക്ക് വാരിക്കൊടുക്കുന്ന അവളുടെ അമ്മയെയും കണ്ടു.. ഇലയിൽ നിന്നും ഒറ്റയ്ക്ക് എടുത്തു കഴിക്കുന്നുണ്ടെങ്കിലും അടുത്തുള്ള ആളുകളിലും കാഴ്ചകളിലുമാണ് എപ്പോഴും അവളുടെ ശ്രെദ്ധ…

പിറ്റേന്ന് താലികെട്ട് കഴിഞ്ഞുള്ള ബഹളത്തിനിടെയാണ് ഞാനവളെ കണ്ടത്.. മഞ്ഞ ഫ്രോക്കണിഞ്ഞവൾ എന്റെ കയ്യിലെ വളയിൽ പിടിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത്…അവൾ എന്നെ നോക്കി ചിരിച്ചു.. ഞാനും..

“ന്താ മോൾടെ പേര്..?”

എന്റെ അടുത്ത് നിന്നിരുന്ന ഗീതേടത്തി വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു.. അവളാ പുഞ്ചിരി അവർക്കും സമ്മാനിച്ചു…

“അ.. അത്.. മന്തപുത്തിയാ..”

വല്ല്യമ്മയുടെ കയ്യും പിടിച്ചു നിന്നിരുന്ന അനുമോൾ കൊഞ്ചികൊഞ്ചി പറഞ്ഞു..

അത് കേട്ടെന്നോണം അവൾ അനുമോളെ നോക്കിയൊന്നു ചിരിച്ചപ്പോൾ നിറഞ്ഞത് എന്റെ കണ്ണുകളാണ്….

അതൊളിപ്പിക്കുവാൻ തിരിഞ്ഞ ഞാൻ കണ്ടത് അവളുടെ അമ്മയുടെ നിറഞ്ഞു തുളുമ്പാറായ കണ്ണുകളും…
അതിലും വല്യ വേദനയൊന്നും ഞാനൊരു കണ്ണുകളിലും കണ്ടിട്ടില്ല..

അവളുടെ തലയിൽ തലോടി തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഓർത്തു ഇതുപോലുള്ള പരിഹാസവാക്കുകളും അടക്കിയ ചിരികളും കൗതുകം നിറച്ച തുറിച്ചു നോക്കലുകളും ഭയന്നു ഓട്ടിസം ബാധിച്ച എന്റെ മകനെയും കൊണ്ടു പുറത്തിറങ്ങാൻ മടിച്ച ആദ്യകാലങ്ങളെ….നൊന്തുപെറ്റവളുടെ മനസ്സ് മുറിഞ്ഞു വീഴുന്ന നിമിഷങ്ങളെ….