മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“”അന്നത്തെ അലക്സ് അല്ല ടീച്ചറെ ഞാൻ… ഇന്ന് ഞാൻ ഒരു കൊലപാതകിയാണ്…ഗതികേട് കൊണ്ട് എടുത്തണിഞ്ഞ വേഷമായിരുന്നു ഒരു ഗുണ്ടയുടെ.. എന്നാൽ മനസ്സറിഞ്ഞു ഒരാളെ വേദനിപ്പിക്കാൻ അറിയാത്ത അലക്സ് ഇന്ന് ഒരുത്തനെ കൊന്നവനാണ്…എന്റെ കിങ്ങിണിയുടെ അച്ഛനെ കൊന്നവനാ…. “”
മുന്നിലെ കടലത്തിരമാലകളിൽ നിന്ന് കണ്ണെടുക്കാതെ പറയുന്നത് കേട്ടപ്പോൾ ഞെട്ടലോടെ അയാളുടെ മുഖത്തേക്ക് നോക്കി.. ഒന്നും മനസ്സിലാവാതെ അയാൾക്കരികിൽ നിൽക്കുമ്പോൾ പിന്നെയും ഒരായിരം സംശയങ്ങൾ മനസ്സിൽ വന്നു നിറഞ്ഞു….
“”കുഞ്ഞിലെ മുതലേ ആരോരുമില്ലാതെ വളർന്നവൻ ആയിരുന്നു താൻ..ആകെ ഉണ്ടായിരുന്നത് 3 വയസ്സ് വരെ മാത്രം കൂടെയുണ്ടായിരുന്ന അമ്മയായിരുന്നു… നീ പണ്ട് എന്റെ അമ്മക്ക് വിളിച്ചതോർക്കുന്നോ…??””അവൻ ചോദിച്ചപ്പോൾ അവൾ ജാള്യതയോടെ തലതാഴ്ത്തി… അവളുടെ നിൽപ്പ് കാൺകെ
ചെറുപുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി…
“” അമ്മേടെ അകന്ന ബന്ധത്തിലുള്ള ഒരു മുത്തശ്ശി മാത്രമായിരുന്നു കൂട്ടിന്… സ്കൂളിൽ പോകുമ്പോളും ആ അനാഥത്വം..ആരുമില്ലാത്ത അവസ്ഥ..അത്രയേറെ അനുഭവിച്ചിരുന്നു…5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി അവളെ കാണുന്നത് “സ്റ്റെല്ലയെ”… തന്നെക്കാൾ ഇളയതായിരുന്നു…അന്നവൾ മൂന്നാം ക്ലാസ്സിൽ…മനോഹരമായി പുഞ്ചിരിക്കാൻ അറിയുന്നവൾ…ചുണ്ടിൽ മായാത്ത പുഞ്ചിരി നിറച്ചവൾ….
“” നോക്കി നടന്നൂടെ വാവേ നിനക്ക്…. “”
ഒരിക്കൽ ചോറ്റ് പാത്രവും കൊണ്ട് തട്ടി മറിഞ്ഞു വീണപ്പോൾ… എന്തോ വല്ലാത്ത പാവം തോന്നി… ഇടക്ക് വീട്ടിൽ നിന്ന് സ്കൂളിലേക്ക് നടക്കും വഴി ഒറ്റക്ക് വരുന്നത് കണ്ടുള്ള പരിചയമേ ഉണ്ടായിരുന്നുള്ളു… തന്നെ കാണും നേരം എന്നും പുഞ്ചിരി നീട്ടുന്നത് കൊണ്ടാവാം ആ കുഞ്ഞി മുഖം മനസ്സിൽ വല്ലാത്ത വാത്സല്യത്തോടെ പതിഞ്ഞിരുന്നു…
പിന്നീട് അവൾ തന്നെയായിരുന്നു കൂട്ട് കൂടാൻ തന്റെ അരികിലേക്ക് വന്നത്… ആദ്യമാദ്യം ഏട്ടാ ന്ന് വിളിച്ചു ചുമ്മാ അടുത്ത് വന്നിരിക്കും.. തന്റെ ഒറ്റപെട്ട നടപ്പും ഇരിപ്പും കണ്ടത് കൊണ്ടായിരിക്കാം ഓരോന്ന് പറഞ്ഞു ഇന്റർവെൽ സമയങ്ങളിൽ തന്നോട് മിണ്ടാൻ വരുന്നത്…ആദ്യമൊക്കെ അവഗണിച്ചിരുന്നുവെങ്കിലും… പിന്നീട് ആ സൗഹൃദം തന്നിൽ വല്ലാത്ത മാറ്റം ഉണ്ടാക്കുന്നത് താൻ അറിയുകയായിരുന്നു…ചിരിക്കാൻ അറിയാത്ത തനിക്കായി പുഞ്ചിരി പകർന്നവൾ..പിന്നീട് ആരോരുമില്ലാത്ത തനിക്ക് ആരെല്ലാമോ ഉണ്ടായ പോലെ…തന്നെ സ്നേഹിക്കാനും ആരൊക്കെയോ ഉണ്ടായ പോലെ…
പുള്ളിക്കാരിക്കും അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു… അച്ഛൻ കുഞ്ഞിലേ മരിച്ചതായിരുന്നു…പിന്നീട് താൻ ക്ലാസ്സ് കഴിഞ്ഞാൽ ആളുടെ വീട്ടിലേക്ക് പോവാറുണ്ട്.. ആ അമ്മക്ക് താൻ ഒരു മകനെ പോലെ ആയിരുന്നു. അല്ല മകൻ തന്നെ ആണ്..”ആരോരുമില്ലാത്ത ഒരുവന് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ വന്നാൽ എന്ത് സന്തോഷമാണെന്ന് ടീച്ചർക്ക് അറിയുവോ??”…അവൻ ആവേശത്തോടെ അവളെ നോക്കി ചോദിച്ചു…
അവൾ ഒന്ന് ഞെട്ടി… അറിയുവോ?.. തനിക്കറിയുവോ??.. സ്വയമൊന്ന് ചോദിച്ചു.. ഇല്ല…അറിയില്ല… തനിക്കങ്ങനെ ആരുമില്ലായിരുന്നു.. ആ സന്തോഷം താൻ അനുഭവിച്ചിട്ടില്ല…അവളിൽ വേദന നിറഞ്ഞ ചെറുപുഞ്ചിരി വിരിഞ്ഞു…അവൾ അവനെ നോക്കി മെല്ലെ ഇല്ല എന്ന് തലയാട്ടി…
പിന്നീട് സ്കൂൾ പഠിത്തം കഴിഞ്ഞു… താൻ പാർട്ട് ടൈം ജോലിക്ക് കയറിയതും സമ്പാദിച്ചതും അവളെ പഠിപ്പിക്കാൻ ആയിരുന്നു… അവളെ കയറി പിടിച്ചവന്റെ കൈ തല്ലി ഒടിച്ച് പിന്നീട് ഗുണ്ട എന്ന തലക്കെട്ടും തന്റെ പേരിനൊപ്പം സ്വയമേ ചാർത്തി… ഗുണ്ടയുടെ പെങ്ങളെ തൊടാൻ ഇത്തിരി പേടി ഉണ്ടാവും എന്ന ചിന്തയായിരുന്നു അതിന് കാരണവും… അതിനിടക്കാണ് അവൾക്ക് ഒരു കല്യാണലോചന വരുന്നത്… അത് വന്നപ്പോൾ ആദ്യം അമ്മ ചോദിച്ചത് തന്നോടായിരുന്നു…ചെറുപുഞ്ചിരിയോടെ അവളെ ഇടംകണ്ണിട്ട് നോക്കുമ്പോൾ ആ കണ്ണുകൾ തന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്ന പോലെ…
“”എനിക്ക് വയ്യടാ ഏട്ടാ..നിന്നെ പിരിയാൻ…””
അവളെ ചേർത്ത് നിർത്തി ചോദിക്കുമ്പോൾ ചിണുങ്ങി തന്നെ ഇറുകെ പുണർന്ന് പറയുമ്പോൾ തന്റെ കൈകളും ആ മുടിയിഴകളിൽ മെല്ലെ വാത്സല്യത്തോടെ തലോടിയിരുന്നു…സൗഹൃദങ്ങളിൽ പലരും ചോദിച്ചിരുന്നു രക്തബന്ധമില്ലാത്ത തങ്ങൾക്കിടയിൽ എങ്ങെനെയാ പ്രണയത്തിന്റെ നാമ്പ് പൂവിടാത്തത് എന്ന്.. ആവോ അറിയില്ല.. ഒരുപക്ഷെ ഈ ഭംഗി പ്രണയത്തിനുണ്ടാവില്ലായിരിക്കാം…അവൾ തനിക്ക് എന്നും എന്റെ കുഞ്ഞി തന്നെ ആയിരുന്നു…
കല്യാണം കഴിഞ്ഞു യാത്ര പറഞ്ഞിറങ്ങുമ്പോൾ തന്റെ കണ്ണുകൾ അനുസരണക്കേട് കാട്ടിയപ്പോൾ… തെക്കേതൊടിയിലെ മാവിൻ ചോട്ടിൽ പോയി ഒറ്റക്ക് പരിഭവിച്ചു…പിന്നീട് സൽക്കാരത്തിന് സാരി ഒക്കെ ഉടുത്ത് ചെക്കന്റെ കൂടെ വരുമ്പോൾ… ആ കുഞ്ഞി പെണ്ണിൽ നിന്ന് അവളെത്ര മാറിയെന്ന് കൗതുകത്തോടെ അറിയുകയായിരുന്നു…
“” നിന്റെ തന്തക്ക് ആകെ നീ മാത്രമല്ലെ ഉള്ളു… പിന്നെങ്ങനാടി അവൻ നിന്റെ ആങ്ങളയായി വരുന്നത്??… അതോ അവൻ ഇനി നിന്റെ തന്തേടെ തന്നെയാണോ??..അതുമല്ലേൽ പിന്നെ ആങ്ങളന്നും പറഞ്ഞ് നാട്ടുകാരെ പറ്റിച്ച് അവൻ നിന്നെ വെ… “”
ഒരിക്കൽ അപ്രതീക്ഷിതമായി ആ വീട്ടിലേക്ക് കയറി ചെന്നപ്പോൾ കേട്ട വാക്കുകൾക്ക് തരിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ…തന്നെ കണ്ടപ്പോൾ പാതിയിൽ നിർത്തി കുടിച്ച് ലെക്ക് കെട്ടവൻ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയപ്പോൾ നേർത്ത തേങ്ങലോടെ തന്നെ നോക്കുന്നവളെ ഒന്ന് ചേർത്ത് പിടിക്കാൻ മടിച്ചു നിന്നു….ശെരിയാണ് എന്തവകാശമാണ് ഉള്ളത്.. താൻ വെറും പുറം കാഴ്ചക്കാരൻ തന്നെയാണ്…
പിന്നീടുള്ള ദിവസങ്ങളിൽ ആ വീട്ടിലേക്ക് പോകാതെയായി താൻ… മുൻപ് പലരിൽ നിന്നും ഇങ്ങനെ കേട്ടിരുന്നുവെങ്കിലും.. അന്നൊക്കെ അവളെ ചേർത്ത് പിടിക്കാൻ കൈകൾക്ക് ധൈര്യമായിരുന്നു.. എന്നാലിന്ന് താൻ കാരണം അവളുടെ ജീവിതം തകരരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു…പിന്നീട് ആരിൽ നിന്നോ അറിഞ്ഞു… അവൾ ഗർഭിണി ആയെന്നും വീട്ടിൽ വന്നിട്ടുണ്ട് അവളെന്നും…ഇടക്ക് അമ്മ തന്നെ കാണാനായി വരുമെങ്കിലും ഒഴിഞ്ഞു മാറി നടന്നിരുന്നു….
“”അലക്ക്സേ ഒന്ന് ഇറങ്ങി വന്നേ നിന്റെ സ്റ്റെല്ല യെ അവളുടെ കെട്ടിയോൻ…””
ഒരു രാത്രി ഉറക്കം പിടിച്ചു വരുമ്പോൾ ആയിരുന്നു ബീരാനിക്ക കതകിൽ തട്ടി വിളിക്കുന്നത്…നിന്ന നിൽപ്പിൽ കയ്യിലെ വടിവാൾ ഷർട്ടിന്റെ പിന്നിലേക്ക് വെച്ച് അങ്ങോട്ട് ഓടുമ്പോളും ദേഷ്യം കൊണ്ട് നരമ്പുകൾ വലിഞ്ഞു മുറുകിയിരുന്നു..ചെന്ന് കണ്ട കാഴ്ച്ചക്ക് രക്തം തിളച്ചു പൊന്തി…നിറവയറോട് കിടക്കുന്ന എന്റെ സ്റ്റെല്ലയെ തൊഴിക്കുന്നവന്റെ നെഞ്ചിലായി ആഞ്ഞു ചവിട്ടി…അങ്ങോട്ടും ഇങ്ങോട്ടുമുള്ള പിടിവലിക്കവസാനം…പകപ്പോടെ പിന്നിൽ നിന്ന് വടിവാൾ ഊരി അവനെ വെട്ടുമ്പോൾ… താൻ വെറും ഗുണ്ട മാത്രമായി മാറിയിരുന്നു… തൊട്ടപ്പുറം രക്തത്തിൽ കിടക്കുന്നവളെ കണ്ടതും ആ നേരം മറ്റൊന്നും ചെയ്യാൻ തോന്നിയില്ല… ജീവന് വേണ്ടി പിടയുന്നവനെ കണ്ടില്ലെന്ന് നടിച്ച് എന്റെ കുഞ്ഞിനെയും എടുത്ത് ഓടുമ്പോൾ… മനസ്സിൽ മറ്റൊന്നുമുണ്ടായിരുന്നില്ല…
അവളെ ആശുപത്രിയിൽ എത്തിക്കുമ്പോളേക്കും… പോലീസ് എനിക്കായ് വിലങ്ങും കൊണ്ട് വന്നിരുന്നു… അവളെ ബാക്കി കിട്ടുമോ എന്ന് പോലും അറിയാതെ മിഴിനീരോടെ പോകുമ്പോൾ രക്തം പുരണ്ട ഷർട്ട് മാത്രമേ കൂടെയുണ്ടായിരുന്നുള്ളു…തന്റെ തെറ്റ് തന്നെയാണ്… കല്യാണത്തിന് മുൻപ് അന്വേഷിക്കാതെ കൈ പിടിച്ചു കൊടുത്തത്…അവന് മറ്റു പല ബന്ധങ്ങൾ ഉണ്ടെന്ന് പിന്നീട് കല്യാണ ശേഷം അറിഞ്ഞപ്പോളും കാര്യമാക്കാതെ പുറമേക്കുള്ള പൊള്ളയായ ജീവിതം വിശ്വസിച്ചത്… അവസാനം എന്റെ കുഞ്ഞിനെ അവൻ മറ്റൊരുവന് കൂട്ടികൊടുക്കാൻ നിന്നത് പോലും അറിയാതെ പോയത്… വെറും പുറമക്കാരൻ എന്ന് അവൻ പറഞ്ഞപ്പോൾ അത് വകവെക്കാതെ അവളെ ചേർത്ത് പിടിക്കാഞ്ഞത്.. എല്ലാം തന്റെ തെറ്റ് മാത്രം ആയിരുന്നു….എല്ലാത്തിനുമുള്ള ശിക്ഷയായിരുന്നു…തന്റെ തെറ്റുകൾക്കുള്ള ശിക്ഷ…
ആറ് വർഷത്തെ ജയിൽ ജീവിതം….ഇത്തിരി ഓർമ്മകൾ മാത്രം കൂട്ടിനായുണ്ടായിരുന്നുള്ളു… ശിക്ഷ കഴിഞ്ഞു ഇറങ്ങുമ്പോൾ ആ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു…
“”നമ്മുടെ കുഞ്ഞ് ദാ ഇവളെ ബാക്കിയാക്കി പോയി മോനെ…””
ഇടറുന്ന കാലടികളോട് ആ വീട്ടിലേക്ക് ചെല്ലുമ്പോൾ തന്റെ അരികിലേക്ക് ഓടി വന്ന അമ്മയുടെ വാക്കുകൾ കേൾക്കെ വിതുമ്പി കരയാൻ മാത്രേ കഴിയുമായിരുന്നുള്ളു…
“”ആരാ അമ്മമ്മേ ഇത്…””
ചിണുങ്ങി തനിക്ക് നേരെ വിരൽ ചൂണ്ടുന്നവളെ എടുത്ത് തുരുതുരെ ഉമ്മ വെക്കുമ്പോൾ…തന്റെ മിഴി നീര് ആ കുഞ്ഞി കവിളുകളെയും നനക്കുന്നുണ്ടായിരുന്നു…
“”കിങ്ങിണീടെ അച്ഛയാണോ…??””
ആ ചോദ്യത്തിന് മെല്ലെ അതേയെന്ന് തലയാട്ടി ഇറുകേ പുണരുമ്പോൾ ആ കുഞ്ഞി ചുണ്ടുകളും വിതുമ്പി പറയുന്നുണ്ട്…
“”അയ്യേ.. കിങ്ങിണിടെ അച്ഛ കയ്യണ്ടാ ട്ടോ ന്ന്…കിങ്ങിണിക്കും ചങ്കടം ആവൂലെ…??””ന്ന്..
“”അന്ന് ആ ദിവസം എല്ലാം ഉപേക്ഷിച്ചു പോന്നതാണ്… ഒരുപക്ഷെ അമ്മയ്ക്കും അതായിരുന്നു ആശ്വാസം… കിങ്ങിണിയുടെ അച്ഛ ജോലിക്ക് പോയതാ എന്ന് മാത്രമേ അമ്മ അവൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നുള്ളു… ആ കുഞ്ഞിന് അമ്മ മാത്രമേ നഷ്ടം ആയിട്ടുള്ളു എന്നേ അറിയുള്ളു… ടീച്ചറെ കണ്ടതിനു ശേഷം എന്നും അവൾ ടീച്ചറുടെ കാര്യം വീട്ടിൽ വന്നു പറയാറുണ്ട്…ആദ്യമാദ്യം അമ്മയെ വേണമെന്ന് ചിണുങ്ങി കരഞ്ഞ ആൾ പിന്നീട് പറയാതെ ആയപ്പോൾ തനിക്കും സംശയം തോന്നിയിരുന്നു… അതാണ് അന്ന് താൻ കുഞ്ഞിനെ കൂട്ടാൻ വന്നത്… പക്ഷെ ടീച്ചറെ അവിടെ കണ്ടപ്പോൾ…പഴയത് എല്ലാം കുഞ്ഞ് അറിയാറാതിരിക്കാൻ…അതാ അതാണ് ഞാൻ അകറ്റിയതും വഴക്ക് പറഞ്ഞതും എല്ലാം അതിനായിരുന്നു… അല്ലാതെ വ്യക്തിപരമായി വൈരാഗ്യം ഉണ്ടായിട്ടല്ല… ടീച്ചർ ക്ഷമിക്കണം…””
കൈകൾ കൂപ്പി അയാൾ പറയുമ്പോൾ എന്ത് തിരിച്ചു പറയണം എന്നറിയില്ലായിരുന്നു… ആരോരുമല്ലാത്തവർക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ കൊടുത്ത മനുഷ്യൻ… വല്ലാത്ത ആരാധന തോന്നി പോകുന്നു… ആ കൂപ്പു കൈകൾ വേണ്ട എന്നർത്ഥത്തിൽ പിടിച്ചു… നിറഞ്ഞൊഴുകിയ തന്റെ കണ്ണുകൾ തുടച്ചു മാറ്റി…ഫോൺ ബെല്ലടിക്കുന്ന ശബ്‌ദം കേട്ടാണ് ഇരുവരും ഞെട്ടിയത്…അയാൾ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്ത് ചെവിയോട് ചേർത്തു…
“”എന്താ…അമ്മേ എന്റെ കിങ്ങിണിക്ക് എന്താ പറ്റിയത്…ഏത് ഹോസ്പിറ്റലിൽ ആണ്… ഇപ്പൊ വരാം ഞാൻ…””
ആ വാക്കുകൾ കേട്ടതും ഞെട്ടലോടെ അയാളുടെ മുഖത്തേക്ക് നോക്കി… അയാൾ ശരവേഗത്തിൽ അയാൾ ഒരു വാക്ക് മിണ്ടാതെ പോകുമ്പോൾ അയാൾക്ക് പിന്നാലെ താനും ധൃതിയിൽ നടന്നു…
“”എന്റെ കിങ്ങിണി…””അപ്പോളും തന്റെ മനസ്സ് പേടിയോടെ മന്ത്രിച്ചിരുന്നു…
“”ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ കിങ്ങിണി നീ…അമ്മ വിളിച്ചു പറഞ്ഞപ്പോൾ ഉള്ള ശ്വാസം അങ്ങ് നിന്ന് പോയപ്പോലെ ആയിരുന്നു.. പനി വന്നാൽ ഇനിയും ഫിക്സ് വരാം എന്ന് ഡോക്ടർ മുൻപേ പറഞ്ഞതാ… വന്ന് നോക്കുമ്പോളോ ചുട്ട് പൊള്ളുന്ന പനിയും….””
ആശുപത്രി കിടക്കയിൽ കിടക്കുന്ന കുഞ്ഞിനരികിലായി ഇരുന്നു കൊണ്ട് പറയുന്നവനെ നോക്കാതെ അവൾ കിങ്ങിണിയുടെ അരികിലായി ഇരുന്നു…
“”വാവു മാറിയോ…??””
ഡ്രിപ് ഇട്ട കുഞ്ഞിന്റെ കയ്യിലൂടെ മെല്ലെ തലോടി കൊഞ്ചലോടെ ചോദിച്ചു…
“”ടീച്ചർ എന്നോട് മിണ്ടണ്ട… ടീച്ചറോട് കിങ്ങിണി പിണക്ക… “”
ചുണ്ട് കൂർപ്പിച്ച് പിണങ്ങി പറയുന്നത് കേട്ടപ്പോൾ കൊഞ്ചലോടെ ആ കവിളിൽ ഒന്ന് നുള്ളി…
“”അപ്പൊ ഈ കിക്ക്യാറ്റ് തിരിച്ചു കൊണ്ടോവാ ല്ലേ…കിങ്ങിണി ടീച്ചറോട് പിണങ്ങിയതല്ലേ.. ??”” കൈ വെള്ളയിലെ മൂന്ന് മിട്ടായി കണ്ടതും ആ കണ്ണുകൾ വിടരുന്നതും ചുണ്ടിൽ പുഞ്ചിരി വിരിയുന്നതും കണ്ടു….ചുണ്ട് പിളർത്തി കൊഞ്ചുന്ന കുഞ്ഞിനെ അവൾ ഇറുക്കെ പുണർന്നു…രാത്രി കുഞ്ഞിന്റെ അരികിൽ തന്നെ വേണമെന്ന് വാശിപിടിച്ചപ്പോൾ അലക്സ് ദേഷ്യപ്പെട്ടെങ്കിലും അവൾ പുഞ്ചിരിയോടെ കിങ്ങിണിയെ ചേർത്ത് പിടിച്ചു…രാത്രി ആ ഡ്രിപ് ഇട്ട കുഞ്ഞി കൈകളിൽ തലോടി കിടക്കുമ്പോൾ അപ്പുറത്തേ ബൈസ്റ്റാൻഡേഴ്സ് ബെഡിൽ നിന്നും തന്നെ നോക്കുന്നവനെ കാൺകെ തന്റെ കണ്ണുകൾ വല്ലാതെ പിടച്ചു… ആ നോട്ടത്തെ മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു…
പിന്നീടുള്ള ദിവസം ഹോസ്പിറ്റലിൽ കുഞ്ഞിനെ നോക്കാൻ അവളും ഉണ്ടായിരുന്നു… പനി പൂർണ്ണമായി മാറുന്നത് വരെ അഡ്മിറ്റ് ആക്കണം എന്ന് ഡോക്ടർ പറഞ്ഞിരുന്നത് കൊണ്ട് കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കാൻ അലക്സിന്റെ ഒപ്പം തന്നെ നിന്നിരുന്നു…ഒരാഴ്ച്ചക്ക് ശേഷം വീട്ടിലേക്ക് കൊണ്ടാക്കുമ്പോൾ.. ശിവാനിക്കും എന്തോ കുഞ്ഞിനെ വിട്ട് പിരിയാൻ കഴിയാത്ത പോലെ….അലക്സിനോടും കുഞ്ഞിനോടും അത്രയേറെ അടുത്തിരുന്നു അവൾ…ആരോരുമില്ലാത്തവരെ സ്നേഹിക്കാൻ ആരേല്ലാമോ ഉണ്ടാകുമ്പോൾ തോന്നുന്ന ആ സന്തോഷം അവളും അറിയുകയായിരുന്നു….
“”പിന്നീട് നാട്ടിലേക്ക് പോയില്ലേ ടീച്ചറെ??””..
ഒരിക്കൽ ഇരുവരും മാത്രം ഉള്ള വേളയിൽ അവൻ അവളുടെ കണ്ണുകളിലേക്ക് ആർദ്രമായി നോക്കി….
“”ഹേയ് ഇല്ല.… പോണമെന്നു ആഗ്രഹം തോന്നിയില്ല എന്നതാണ് സത്യം… അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ ഈ മനസ്സിലുണ്ടല്ലോ അത് മതിയെന്നെ… പിന്നെ അയാൾ കിടപ്പിലായെന്നും ഭാര്യ അയാളെ ഉപേക്ഷിച്ചു പോയെന്നും അച്ഛന്റെ സുഹൃത്ത് വഴി അറിഞ്ഞു…കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… ഒന്നും…””
അവൾ മുൻപിലെ തിരമാലകളിലേക്ക് മിഴിവുറ്റി…പാറി പറക്കുന്ന മുടിയിഴകൾക്കിടയിലൂടെ ആ കണ്ണുകളിൽ മിഴിനീർ പൊടിഞ്ഞത് അവൻ കണ്ടിരുന്നു…നേർത്ത മൗനം ഇരുവർക്കുമിടയിൽ സ്ഥാനം പിടിക്കുമ്പോളേക്കും ഇരുവരെയും പിന്നിൽ നിന്ന് കിങ്ങിണി പുണർന്നിരുന്നു…
“”ടീച്ചറുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത് വയ്യേ??…””
പിറ്റേന്ന് കുഞ്ഞിനെ കൂട്ടാനായി സ്കൂളിലേക്ക് വന്നപ്പോൾ ശിവാനിയുടെ മുഖത്തെ വല്ലായ്മ കണ്ടപ്പോൾ അലക്സ് ചോദിച്ചു…
“”ചുട്ട് പൊള്ളുന്നുണ്ടല്ലോ ടീച്ചറെ നമുക്ക് ഹോസ്പിറ്റലിൽ കാണിച്ചിട്ട് വരാം…””
അപ്രതീക്ഷിതമായി അവളുടെ നെറ്റിയിൽ തൊട്ടപ്പോൾ അവളൊന്ന് ഞെട്ടിവിറച്ചു… അവന്റെ ചോദ്യത്തിന് പതർച്ചയോടെ നോക്കി…
“”കുഞ്ഞിപ്പെണ്ണ് പനി ടീച്ചർക്കും കൊടുത്തു ല്ലേ…??””
ഹോസ്പിറ്റലിൽ നിന്ന് തിരിച്ചപ്പോൾ വീട്ടിലും കയറി ശിവാനി… പനിയാണെന്നറിഞ്ഞപ്പോൾ അമ്മ പറയുന്നത് കേൾക്കെ ചെറുപുഞ്ചിരി നൽകി…
“”കേട്ടോ ടീച്ചറെ… നമ്മുടെ അലക്സിക്ക് ഒരു ആലോചന വന്നിട്ടുണ്ട്… കൊച്ചിന്റെ പേര് നാൻസി… ഇവിടെ അടുത്ത് ഒരാശുപത്രിയിൽ നേഴ്സ് ആണ്… എത്രയാ എന്ന് വെച്ചാ അവനിങ്ങനെ ഒറ്റതടിയായിട്ട്… എന്താ ടീച്ചറുടെ അഭിപ്രായം??…””
കേട്ട വാക്കുകൾക്ക് ഞെട്ടലോടെ അടുത്തിരുന്ന് കുഞ്ഞിനെ കളിപ്പിക്കുന്നവനെ നോക്കി… ആ മുഖത്തെ പുഞ്ചിരി കാൺകെ എന്ത് കൊണ്ടോ ഉള്ളം പിടഞ്ഞു… കണ്ണുകൾ വല്ലാതെ നിറഞ്ഞു..അമ്മയെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു… പെട്ടെന്ന് തന്നെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി…
“”കുട്ടിയെ ഇഷ്ട്ടായോ അലക്സിച്ചായന്…??””
തിരികെ ഹോസ്റ്റലിലേക്ക് പോരുമ്പോൾ ഒത്തിരി നേരത്തെ മൗനത്തിനൊടുവിൽ ശിവാനി അലക്സിയെ ഒന്ന് നോക്കി…
“”എന്റെ കുഞ്ഞിനെ സ്നേഹിക്കാൻ അറിയുന്ന ഒരുത്തി… അങ്ങനെ ഒരുവൾ വരുമ്പോൾ പിന്നെ സമ്മതിക്കാതെ എങ്ങനെയാ ടീച്ചറെ??..”” അവന്റെ ചുണ്ടിൽ അവൾക്കായുള്ള പുഞ്ചിരി വിടർന്നു… താടിക്കിടയിലൂടെ ആ കവിളിൽ നുണക്കുഴി വിരിഞ്ഞു…
“”ആ കൊച്ചൊക്കെ എന്റെ കുഞ്ഞിനെ നോക്കും ന്ന് എന്താ ഇത്ര ഉറപ്പ്… എന്റെ മോൾക്ക് ഞാൻ ഉള്ളപ്പോൾ അങ്ങനെ ഒരമ്മയെ വേണ്ട…എനിക്കിഷ്ട്ടല്ല ആ കു…””
കൂർത്ത ചുണ്ടുകളോടെ പറയുന്നവളെ വിശ്വാസം വരാതെ നോക്കി.. ആ വിടർന്ന കണ്ണുകൾ കണ്ടപ്പോളാണ് താൻ ദേഷ്യത്തിനിടക്ക് എന്താണ് പറഞ്ഞതെന്ന് ഓർത്തത്… പതർച്ചയോടെ പിന്നീട് ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.. ഹോസ്റ്റൽ പടിക്കൽ വണ്ടി നിർത്തിയപ്പോൾ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി…
“”അപ്പൊ എങ്ങനാ ടീച്ചറെ… ആ കൊച്ചിനെ ഞാൻ അങ്ങ് കെട്ടിയാലോ??…””
പിന്നിൽ നിന്ന് കേട്ട സ്വരത്തിന് പുരികം ചുളിച്ച് പതിയെ തിരിഞ്ഞു നോക്കി…
“”കണ്ണിൽ കണ്ട നസ്രാണി പെമ്പിള്ളേരെ കെട്ടി കൂടെ പൊറുപ്പിച്ച് എന്റെ കൊച്ചിനെ ഒറ്റക്കാക്കിയാൽ എന്റെ സ്വഭാവം മാറും അലക്സേ…അവക്ക് ഒരമ്മ മതി.. അവൾക്ക് മാത്രം അല്ല അവളുടെ അച്ഛനും കൂടെ പൊറുപ്പിക്കാൻ ഒരുത്തി മതി…””
സാരി തുമ്പ് ഇടുപ്പിൽ കുത്തി… ആ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു കുറുമ്പോട് പറയുമ്പോൾ ആ കൈകളും തന്നെ വരിഞ്ഞു മുറുകുന്നതറിഞ്ഞു…
“”നാട്ടിലെ പേര് കേട്ട ഗുണ്ടയായിരുന്നു… ഒരുത്തനെ കൊന്നവനാണ്… ആ എന്നെ തന്നെ വേണോടി ശിവാനി കൊച്ചേ നിനക്ക് കെട്ടിയോനായിട്ട്…??””
ആ നിശ്വാസം തന്റെ മുഖത്ത് തട്ടിയപ്പോൾ മുഖം ചുവന്നു തുടുത്തു… ആ കൈകളുടെ ബലം കൂടുന്നതറിഞ്ഞിട്ടും എതിർക്കാതെ ആ നെഞ്ചിലേക്ക് പതിയെ ചാഞ്ഞു…
“”കൊല്ലം കൊറേ ആയെന്റെ ഇച്ചായോ ഈ തിരുമോന്ത മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങീട്ട് അതങ്ങനെ കണ്ണിൽ കണ്ട നസ്രാണി പെമ്പിള്ളേർക്ക് വെറുതെ കൊടുക്കാൻ പറ്റുവോ??..””
ആ നെഞ്ചിലേക്ക് പതിയെ കവിളുകൾ ചേർത്ത് കുറുമ്പ് നിറഞ്ഞ മുഖത്തോടെ നിശ്വാസം പോലെ പറയുമ്പോൾ അപ്പുറത്ത് നിന്ന് അടക്കിയ ചിരി കേട്ടിരുന്നു…
“”അപ്പൊ ഞാൻ കളത്തിലെ നാൻസി കൊച്ചിനെ കെട്ടിയാൽ കിങ്ങിണിടെ ടീച്ചർക്ക് ദേഷ്യം വരും??””…
അവളുടെ പിടക്കുന്ന മിഴികളിലേക്ക് നോക്കി കുറുമ്പോട് ചോദിച്ചു…
“”കെട്ടുന്നതെ ഓർമയുണ്ടാവുള്ളു മോനെ അലക്സേ.. മര്യാദക്ക് എന്നേം കെട്ടി എന്റെ കൊച്ചുങ്ങളേം നോക്കി അടങ്ങി ഒതുങ്ങി നിന്നില്ലേൽ നല്ല കാന്താരി മൊളക് അരച്ച് മോന്തയിലോട്ട് തെക്കും ഞാൻ… അങ്ങേരും അങ്ങേരുടെ ഒരു നാൻസിയും…””
അവൻ പറഞ്ഞു മുഴുവിക്കും കണ്ണുരുട്ടി പറയുന്നതോടൊപ്പം നെഞ്ചിന്നിട്ടൊരു കുത്തും വെച്ചപ്പോളേക്കും വീണ്ടും അവളെ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു…പതർച്ചയോടെ ചുറ്റും നോക്കി അവനെ ആഞ്ഞുതള്ളി ഉള്ളിലേക്ക് ഓടുമ്പോൾ ഇരുവരുടെ ചുണ്ടിലും പുഞ്ചിരിയുണ്ടായിരുന്നു… പ്രണയം കൊണ്ടെഴുതിയ പുഞ്ചിരി….
“”എടിയേ….ഒന്ന് വിളിയെടി.. “” മാസങ്ങൾക്കിപ്പുറം അവന്റെ നെഞ്ചോരം സീമന്തരേഖയിൽ പ്രണയത്തിൽ ചാലിച്ച സിന്ദൂരവും ചാർത്തി… കുറുകി കിടക്കുന്നവളുടെ മുടിയിഴകളിൽ പതിയെ വിരലോടിച്ചു കൊണ്ട് വിളിച്ചു….ആദ്യരാത്രി ആയത് കൊണ്ട് തന്നെ കിങ്ങിണി അമ്മയുടെ കൂടെ നേരത്തെ കിടന്നിരുന്നു…
“”എന്തോന്നാ അലക്സിച്ചായാ…””
ആ ഇടം നെഞ്ചിൽ “ശിവാനി ” എന്നെഴുതി അവിടെ ചുംബിച്ചു കൊണ്ടവൾ ചോദിച്ചു…
“”അലക്സിയെ കൂട്ടാതെ… ഇച്ചായാ എന്നൊന്ന് നീട്ടി വിളിയെന്റെ ശിവാനി കൊച്ചേ… ഞങ്ങൾ കോട്ടയം നസ്രാണികൾക്ക്… കെട്ടിയ പെണ്ണുമ്പിള്ള ഇച്ചായാന്ന് നീട്ടി വിളിക്കുന്നതാടി ഉവ്വേ ഇഷ്ടം…””
“”എന്റെ ഇച്ചായോ…””
ഒന്നുയർന്ന് പൊങ്ങി…അവന്റെ മീശ മെല്ലെ പിരിച്ചു വെച്ച് കൊഞ്ചലോടെ വിളിക്കുമ്പോളേക്കും അവന്റെ ചുണ്ടുകൾ അവളുടേതിനെ പൊതിഞ്ഞിരുന്നു…നാണത്തോടെ ആ സീമന്ദരേഖ കണ്ണുപൊത്തുമ്പോളേക്കും ഒരിളം തെന്നൽ ഇരുവരെയും തലോടി പോയിരുന്നു…
“”ഒറ്റ മന്ദാരത്തെ പ്രണയിച്ച കാറ്റിന്റെ കഥയറിയുവോ കൊച്ചേ നിനക്ക്??..””
ആർദ്രമായ അവന്റെ ചോദ്യത്തിന് നേർത്ത പുഞ്ചിരിയോടെ അവൾ ആ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു….
“”ആരോരും ഇല്ലാത്ത… ആരും ശ്രദ്ധിക്കാതെ പോയ ഒറ്റ മന്ദാരത്തിനെ മൗനമായി വർഷങ്ങളോളം പ്രണയിച്ച കാറ്റിന്റെ കഥ എന്റെ ഡയറിക്കകത്ത് നിന്ന് വായിച്ചത് ഞാൻ അറിഞ്ഞെന്റെ ഇച്ചായോ…””
കൊഞ്ചലോടെ പറയുന്നതോടൊപ്പം ആ ഇടനെഞ്ചിൽ വീണ്ടും ചുണ്ടുകൾ ചേർത്തു… അപ്പോളും ജനാലഴികൾക്കിപ്പുറം ആ രാക്കറ്റ് രാവിൽ വിരിഞ്ഞ ഒറ്റ മന്ദാരത്തിനോട് എന്തോ സ്വകാര്യം പറഞ്ഞിരുന്നു… അത് കേൾക്കെ പൂവിൻ കവിളിണ ചുവന്ന് തുടുത്തിരുന്നു… അവളുടെ നെറ്റിയിലെ പ്രണയത്തിൻ നിറമുള്ള സിന്ദൂരം പോലെ….
അവസാനിച്ചു