അയാളെന്നേ കാണുമ്പോഴൊക്കെ നെഞ്ചിലേക്ക് തുളച്ചു കയറുന്നൊരു നോട്ടമാവും. അത് കണ്ട സീതമ്മ എന്നോട് പറയാറുണ്ട്

പിഴവുകള്‍ – രചന: NKR മട്ടന്നൂർ

റോഡിലൂടെ പോകവേ ആ കട വരാന്തയ്ക്കു മുന്നിലെത്തിയപ്പോള്‍…പുകവലിച്ചൂതുന്ന ആ ചെമന്ന കണ്ണുകളുള്ള, കണ്ടാല്‍ പേടി തോന്നുന്ന അയാള്‍ എന്‍റെ ശരീരമാകെ ചുഴിഞ്ഞു നോക്കി. പേടിയോടെ, അതിലും അറപ്പോടെ ഞാന്‍ കൂനികുത്തി നടന്നു പോയി…

കുറച്ചു ദൂരം മുന്നോട്ട് പോയി പേടിയോടെ ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ എഴുന്നേറ്റ് നിന്ന് ഇങ്ങോട്ട് തന്നെ നോക്കി നില്‍ക്കണതു കണ്ടു…ദൈവമേ…ഇവിടേയും സമാധാനം തരില്ലേ എനിക്ക്…?

ഞാന്‍ താമര…ഇവിടെ തലശ്ശേരി ടൗണില്‍ എത്തിയിട്ട് കുറച്ചു നാളുകളേ ആയുള്ളൂ..തെരുവിന്‍റെ മകളാണ്…ഞങ്ങൾ…ഇവിടെ നൂറിലധികം പേരുണ്ട്. ഈ നാട്ടില്‍ എവിടേ പോയാലും…നിങ്ങളുടേയെല്ലാം ആട്ടും തുപ്പും അവഗണനയും അടിയുമേറ്റ് കടത്തിണ്ണയിലോ ആളില്ലാ വീട്ടുപറമ്പിലോ പുറംപോക്കിലോ കഴിയാന്‍ വിധിക്കപ്പെട്ട പാഴ്ജന്മങ്ങള്‍…സഹിക്കാനിനി ഒന്നും ബാക്കിയില്ല…

ഇപ്പോഴെനിക്ക് പേടിയാണ്…നെഞ്ചിന്‍റെ വലിപ്പം കൂടി വരികയാണ്…ഇപ്പോള്‍ കാണുന്നവരൊക്കെ അവിടേയാണ് നോക്കുന്നത്..ചിലരുടെ നോട്ടം കാണുമ്പോള്‍ ചൂളിപ്പോവും…കുറേ നാള്‍ മുന്നേ ഇരിട്ടിയിലായിരുന്നു ഞങ്ങള്‍. എനിക്കാരുമില്ല സ്വന്തമായിട്ട്. രാത്രിയാവുമ്പോള്‍ എനിക്കു പേടിയാണ്.

വാറ്റു ചാരായം മൂക്കറ്റം കുടിച്ച് തളര്‍ന്നുറങ്ങുന്ന ലക്ഷിയമ്മയുടെ അരികില്‍ ചുരുണ്ടു കൂടി ഉറങ്ങുകയാണ് പതിവ്. അന്നും ലക്ഷ്മിയമ്മയ്ക്ക് നല്ല പൂസായിരുന്നു. പേടിയോടെ ഞാന്‍ ആ മുഷിഞ്ഞ സാരിത്തുമ്പില്‍ തലയൊളിച്ചു വെച്ച് പേടിയോടെ കിടക്കുകയായിരുന്നു. ചുറ്റവട്ടത്തെ കടയിലെ വെളിച്ചമെല്ലാം അണഞ്ഞു.

ലക്ഷ്മിയമ്മയ്ക്ക് ചാരായം അകത്തു ചെന്നാല്‍ എന്നോട് ഇത്തിരി ഇഷ്ടമൊക്കേയാ. പകല്‍ നേരങ്ങളില്‍ പാട്ടയോ കടലാസോ പെറുക്കാന്‍ അവരെന്നെ കൂടേ കൂട്ടില്ലായിരുന്നു. എത്ര വഴക്കു കേട്ടാലും ഞാന്‍ എന്തിനോ ആ പിറകേ നടന്നു എപ്പോഴും. രാത്രി കനത്തപ്പോള്‍ ഞാന്‍ പേടിയോടെ ലക്ഷ്മിയമ്മയേ ഉരുട്ടി വിളിച്ചെങ്കിലും അവര്‍ ഞരങ്ങുകയും മൂളുകയും മാത്രം ചെയ്തു.

കുറച്ചുകഴിഞ്ഞപ്പോള്‍ രണ്ടുപേര് ആടിയാടി നടന്നു വരുന്നതു കണ്ടു…ആരേയോ തേടിയുള്ള വരവാണ്…മെല്ലെ ഞങ്ങളുടെ അരികിലെത്തി..എന്‍റെ പാവാടയും മുട്ടിന് താഴെ ഭാഗവും അവര്‍ക്കു കാണാം. ദാഡാ…ഇവിടുണ്ട്…പറഞ്ഞതും രണ്ടുപേരും എനിക്കരികില്‍ ഇരുന്നു. പേടിച്ച് തൊണ്ടവരണ്ടു. ശരീരം കിടുകിടാ വിറച്ചു.

ഓരാളുടെ കൈ പരതി വന്ന് എന്‍റെ അരക്കെട്ടിലൂടെ മേലേക്ക് വന്ന്…നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു…വേദനയോടെ പുളഞ്ഞു കരഞ്ഞു പോയി…അയാള്‍ പിടിച്ചിടം അടര്‍ന്നുപോയെന്ന് ഭയന്നു പോയി…ഒരു അലറിക്കരച്ചലോടെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ എന്‍റെ വായ് പൊത്തി രണ്ടുപേരും കൂടി എന്നെ തൂക്കിയെടുത്തു കടയുടെ പിറകിലേക്ക് നടന്നു…

ഒന്നിനും വയ്യ…അത്രയ്ക്ക് ശക്തിയുണ്ട് ആ കൈകള്‍ക്ക്…കരയാനാവാതെ പിടയാനാവാതെ ആ കൈകളില്‍ ഞെരിഞ്ഞമര്‍ന്ന്…വരാന്‍ പോവുന്ന നിമിഷങ്ങള്‍ ഓര്‍ത്തു…ചിലപ്പോള്‍ മരണമാവാം…ആരാണൊരാശ്രയം…ഉച്ചയ്ക്ക്ഭക്ഷണം തരാറുള്ള അമ്പലത്തിലെ ആ കല്‍വിഗ്രഹത്തെ മനസ്സില്‍ ഓര്‍ത്ത് കേണു…ഒന്നു വന്നെന്നെ രക്ഷിക്കണേ…

ഒരു വാഹനം പാഞ്ഞു വന്ന് അരികില്‍ നിര്‍ത്തിയതും…അതീന്ന് ആരൊക്കെയോ ഇറങ്ങി ഞങ്ങള്‍ക്കരികിലേക്ക് വന്നതും പെട്ടെന്നായിരുന്നു…ഡാ…’ പൊലീസ് ‘ എന്നും പറഞ്ഞ് എന്നെ നിലത്തേക്കിട്ടിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവര്‍ രണ്ടുപേരും പൊലീസിന്‍റെ കൈകളിലായി. ഞാന്‍ വേദന മറന്ന് പിടഞ്ഞെഴുന്നേറ്റു.

അരികില്‍ വന്ന ഒരു സാര്‍ എന്‍റെ മുഖത്തേക്ക് ടോര്‍ച്ചടിച്ചിട്ട് ചോദിച്ചു. നീ ഏതാടീ…? ആ ടാക്കീസിന് സമീപത്ത് റോഡരികില്‍ കിടക്കുന്നവരാ…നീയെന്താടീ ഇവിടെ…? എന്നെ….എന്നെ അവര് വാപൊത്തി കൈകാലുകള്‍ കൂട്ടിപ്പിടിച്ച് എടുത്തു കൊണ്ടു വന്നതാ സാറേ…

കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടിട്ടാവും ആ സാറ് പറഞ്ഞു…ആ…പോയാട്ടെ…ഞാന്‍ വിറയ്ക്കുന്ന കാലുകളോടെ ലക്ഷ്മിയമ്മയ്ക്ക് അരികിലേക്ക് പോയി. കരയാനറിയില്ല…വെറുതേ കണ്ണുകള്‍ നിറഞ്ഞൊഴുകി…കാണാനോ കേള്‍ക്കാനോ ആരുമില്ലാത്തവര്‍ക്ക് കണ്ണുനീരില്ലാ ല്ലോ…?

ഇരിട്ടിയില്‍ തന്നെ അവരോടൊപ്പം കൂടിയാല്‍ മതിയായിരുന്നു..പക്ഷേ…അവിടെ വയ്യായിരുന്നു…രാത്രിയില്‍ എന്നും ശല്യമാണ്. ഞങ്ങളുടെ കൂടെ കഴിഞ്ഞിരുന്ന ‘ കുഞ്ഞിപ്പെണ്ണിനെ’ ആരോ എടുത്തു കൊണ്ടുപോയി കൊന്നതു കണ്ടു, പേടിച്ചു പോയതാ…കണ്ണൊക്കെ പുറത്തേക്ക് തള്ളി വസ്ത്രങ്ങളൊക്കെ വലിച്ചു കീറി…ഒാര്‍ക്കാനേ വയ്യാ…

ആരാണത് ചെയ്തതെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങളുടെ ഓലമറയ്ക്കടുത്തെ പീടികയില്‍ എന്നും കാണാറുള്ള ഒരാളുണ്ട്. അയാളും വേറൊരാളും കൂടി കുഞ്ഞിപ്പെണ്ണിനെ എടുത്തോണ്ട് പോവുന്നത് ഞാന്‍ കണ്ടിരുന്നു. ഒച്ച വെയ്ക്കാനാവാതെ പേടിയോടെ കിടന്നു.

പിന്നേയും മൂന്നു ദിവസം അവിടായിരുന്നെങ്കിലും കിടന്നിട്ട് ഉറക്കം വന്നില്ലാ…നാലാം നാള്‍ എന്‍റെ പേടിച്ചുള്ള നടത്തവും രാത്രിയില്‍ ഉറങ്ങാതെ ചുരുണ്ടുകൂടി ഇരിക്കുന്നതും കണ്ടിട്ടാവാം സര്‍ക്കാര്‍ ബസ്സില്‍ എന്നേയും കൂട്ടി ലക്ഷ്മിയമ്മ തലശ്ശേരിക്ക് വന്നത്. ആ കൂട്ടത്തില്‍ സീതമ്മയും ഉണ്ടായിരുന്നു. എന്നോട് വല്യ ഇഷ്ടായിരുന്നു അവര്‍ക്ക്. പക്ഷേ സീതമ്മയുടെ കെട്ടിയോനെന്ന് പറയുന്ന ആ കൊമ്പന്‍ മീശക്കാരനേയും എനിക്കു പേടിയാണ്.

അയാളെന്നേ കാണുമ്പോഴൊക്കെ നെഞ്ചിലേക്ക് തുളച്ചു കയറുന്നൊരു നോട്ടമാവും. അത് കണ്ട സീതമ്മ എന്നോട് പറയാറുണ്ട്. മോള് കണ്ണേട്ടന്‍റടുത്തൊന്നും പോയിരിക്കല്ലേന്ന്. തനിച്ച് എവിടേയും ഇരിക്കാറില്ല. ലക്ഷ്മിയമ്മയ്ക്ക് ചുറ്റിലും നില്‍ക്കും എപ്പോഴും. അവരുടേയും ഒരു വേദനിപ്പിക്കുന്നൊരു നോട്ടമുണ്ട്.

അതു കാണുമ്പോള്‍ എവിടേലും പോയി കുഞ്ഞിപ്പെണ്ണിനെ പോലെ ചത്തുകിടന്നാല്‍ മതിയായിരുന്നൂന്ന് തോന്നും. റോഡിലൂടെ മഴക്കാലത്ത് വല്യ വീട്ടിലെ കുട്ടികള്‍ അക്ഷരം പഠിക്കാന്‍ പോവുമ്പോള്‍, ചോരുന്ന കൂരയിലിരുന്ന്…കണ്ണിലെ വെള്ളമെല്ലാം മഴവെള്ളത്തില്‍ അലിയിച്ചു കളയുകാ പതിവ്…

സീതമ്മയുടെ കെട്ടിയോന്‍ നാലുദിവസമായ് വരാത്തതുകൊണ്ട് ദുഃഖിച്ചിരിക്കുന്ന, അവര്‍ക്കരികില്‍ ഞാനും പോയിരുന്നു…എന്നേ കണ്ടപ്പോള്‍ അവര്‍ സാരിത്തലപ്പുകൊണ്ട് കണ്ണുകളൊപ്പി…അതൊന്നും കാണുമ്പോള്‍ ഇപ്പോള്‍ സങ്കടമൊന്നും തോന്നാറില്ലെനിക്ക്…ഈ ചെറു പ്രായത്തിലേ കണ്ണുനീര്‍ വറ്റിയതാവും.

മോളേ…സീതമ്മ എന്‍റരികിലേക്ക് ചേര്‍ന്നിരുന്നു…ലക്ഷ്മി നിന്‍റേ ശരിക്കും അമ്മയാണെന്ന് നിനക്കറിയിവോ…? സീതമ്മേ…ഞാന്‍ ഞെട്ടലോടെ വിളിച്ചു. അതെ…നിന്നെ പ്രസവിച്ചത് ലക്ഷ്മിയാണ്…പക്ഷേ…ഞാന്‍ നിറകണ്ണുകളോടെ ഓരോ ഓര്‍മ്മകളിലേക്ക് പോയി.

നല്ലോണം കുടിക്കുമ്പോള്‍ മാത്രം…വായീന്ന് വല്ലപ്പോഴും വരുന്നൊരു വാക്കാണ് ‘ മോളേ’ എന്ന വിളി…എന്നിട്ട് കൈപിടിച്ചു വല്ലതും പറയാന്‍ തുടങ്ങുമ്പോഴേക്കും മറിഞ്ഞു വീണ് ഉറക്കമാവും. പകല്‍ നേരങ്ങളില്‍ അടുത്തിരിക്കുന്നതോ കൂടേ നടക്കുന്നതോ ഇഷ്ടമല്ലെങ്കില്‍ തിന്നുന്നതിന്ന് ഒരു പാതികൊണ്ടുത്തന്ന് അരികില്‍ വെയ്ക്കും. ചോറു വിളമ്പിത്തരും…പലപ്പോഴും …ഒന്നും മോഹിക്കാനറിയില്ല…കാരണം ഒരു വിലയുമില്ലാത്ത ജീവിതമാണ് ഏന്‍റേതെന്ന് മാത്രം എനിക്കറിയാം…

കുഞ്ഞിപ്പെണ്ണിനെ പോലേയോ, അല്ലെങ്കില്‍ പാറുവിനേ പോലെ ഉറങ്ങുമ്പേള്‍ മേലേക്ക് വണ്ടി കേറിയോ, എന്നെങ്കിലും എവിടേയെങ്കിലും മരിച്ചു വീഴുന്നതുവരേയാ ഞങ്ങളുടെ ആയുസ്സ്. സീതമ്മ പറഞ്ഞതാ…കുഞ്ഞിപ്പെണ്ണ് ചത്തപ്പോള്‍…

മോളേ…ലക്ഷ്മിയമ്മയ്ക്ക് ആരോ കൊടുത്തതാ നിന്നെ പതിനാറാമത്തെ വയസ്സില്‍. ഇതുപോലെ എല്ലാവരും ഒന്നിച്ചുറങ്ങുമ്പോള്‍ അവളെ ആരൊക്കെയോ എടുത്തു കൊണ്ടുപോയി വലിച്ചു കീറിയതാ…ചത്തില്ലായിരുന്നു…ആരേയോ പേടിച്ച്…ആരും ഒന്നും മിണ്ടിയില്ല.

കടിച്ചു പറിച്ചെടുത്ത പോലെയുള്ള ദേഹത്തെ മുറിവുകളിലെല്ലാം പച്ചില പറിച്ചെടുത്ത് അതിന്‍റെ നീര് ഉറ്റിച്ചു മുറിവുണക്കി. നമ്മുടെ ഇടയിലെ നല്ല കുട്ടിയായിരുന്ന ലക്ഷ്മി. എല്ലാവരോടും അവള്‍ക്ക് ഇഷ്ടവുമുണ്ടായിരുന്നു. മുഷിഞ്ഞ…ആരൊക്കെയോ ദാനം തന്ന വസ്ത്രങ്ങളൊക്കെ കഴുകി ഉണക്കിയും, അടുത്ത പുഴയില്‍ പോയി എന്നും കുളിക്കുകയും ചെയ്തിരുന്ന ലക്ഷ്മി ഞങ്ങള്‍ക്കിടയിലെ സുന്ദരിയായിരുന്നു.

തമിഴ് നാട്ടീന്ന് അവളുടെ അമ്മയും അച്ഛനും കുറേ വര്‍ഷങ്ങള്‍ക്കുമുന്നേ വന്ന് ഇവിടെ പുഴക്കരയിലെ പുറംപോക്കില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയതാണ്. മൂന്നു നാലു മാസം കഴിഞ്ഞപ്പോഴാ ലക്ഷ്മിയുടെ വയര്‍ വീര്‍ത്തു വരുന്നത് എല്ലാവരും ശ്രദ്ധിച്ചത്. അവള്‍ മിക്കപ്പോഴും മിണ്ടാതിരിക്കയാവും. ശര്‍ദ്ദിയും ക്ഷീണവും…എല്ലാവരും അവളെ കുറ്റപ്പെടുത്തി. പാവമായിരുന്നു ലക്ഷ്മി.

എന്‍റെ മടിയില്‍ കിടന്ന് കുറേ കരയുമായിരുന്നു. പിന്നേയാ അവള്‍ കുളിക്കുന്നതും വസ്ത്രം കഴുകുന്നതുമൊക്കെ നിര്‍ത്തിയത്. നമ്മളുടെ ഇടയില്‍ പൂമ്പാറ്റയേ പോലെ പാറി നടന്നവള്‍ ഒരു മുറിയുടെ മൂലയില്‍ കിടന്നു രണ്ടുവര്‍ഷത്തോളം. അവളുടെ അച്ഛന്‍ മരിച്ചത് അവളൊരു പെണ്‍കുഞ്ഞിനെ പെറ്റപ്പോളായിരുന്നു.

ലക്ഷ്മിയുടെ അമ്മയും രോഗിയായ് എവിടേയോ വീണുകിടന്നു ഒരു ദിവസം. സര്‍ക്കാരാശുപത്രിയില്‍ പൊലീസായിരുന്നു അവരുടെ ജീപ്പില്‍ കൊണ്ടുപോയത്. ഒരു ദിവസം അവിടെ കിടന്നു, രണ്ടാം നാള്‍ അവരും മരിച്ചു. ലക്ഷ്മി കുഞ്ഞിനെ നോക്കാറേയില്ലായിരുന്നു. വെറുതേ എവിടേയെങ്കിലും നോക്കി അങ്ങനേ ഇരിക്കും. കുഞ്ഞു കിടന്ന് കരഞ്ഞാലും ഒരു ഭാവവ്യത്യാസവുമുണ്ടാവില്ല.

ആരെങ്കിലും മടിയില്‍ എടുത്തു കിടത്തിയാല്‍ ഒന്നു മുലയൂട്ടും….അങ്ങനേ…..താമരക്കുട്ടിക്ക് അഞ്ചു വയസ്സൊക്കെ കഴിഞ്ഞപ്പോഴാ പിന്നേയും വല്ലതും പെറുക്കാനായ് ഇറങ്ങിയത്. താമര അപ്പോഴും അവളുടെ പിറകേ നടന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാ എവിടുന്നോ ചാരായം കഴിച്ചു വന്നത്. അതു പിന്നൊരു ശീലമായി.

കുഞ്ഞിനേ തീരേ ശ്രദ്ധിക്കാതേയുമായി. എല്ലാവരും, കൂടേയുള്ള ആരേയെങ്കിലും അന്തിക്കൂട്ടിന് കൂടെ കൂട്ടിയപ്പോള്‍ ലക്ഷ്മി മാത്രം അങ്ങനെ ആരേയും അടുപ്പിക്കാതെ കഴിഞ്ഞു. രാത്രിയില്‍ ഒരു കത്തി തലയ്ക്കരികിലെ ചാക്കില്‍ പൊതിഞ്ഞു വെയ്ക്കാറുണ്ട്. ഒരു തവണ ആരോ കാലും പൊത്തിപ്പിടിച്ചോണ്ട് ഓടിപ്പോയിരുന്നു. ലക്ഷ്മി കൊത്തിമുറിച്ചതാണെന്നാ എല്ലാവരും പറഞ്ഞത്.

മോളേ…സീതമ്മ എന്‍റെ മുടിയില്‍ തലോടി. ഞാനെന്‍റെ അമ്മ വരുന്നതും കാത്തിരിക്കയായിരുന്നു അപ്പോള്‍…എന്‍റെ അമ്മയെ ആരോ ചതിച്ചതല്ലേ. അതിന് എന്‍റെ അമ്മയെന്ത് പിഴച്ചു…? അതെന്‍റെ അമ്മയുടെ തെറ്റല്ലല്ലോ…? ഇനി ആ ചാരായം കുടി നിര്‍ത്തിക്കണം. ഞാന്‍ വെറുതേ ഓരോ സ്വപ്നങ്ങള്‍ കാണുകയായിരുന്നു.

എനിക്കറിയാം…കള്ളോ കഞ്ചാവോ കഴിച്ചു വരുന്ന ആരുടേയോ കാമം തീര്‍ക്കാനുള്ള വെറും പഴംതുണിക്കെട്ടിന്‍റെ വിലയേ എന്‍റെ ജീവനുള്ളൂ…അല്ലെങ്കില്‍ റോഡിലൂടെ പാഞ്ഞുവരുന്ന ഏതേലും വണ്ടിക്കടിയില്‍…അല്ലെങ്കില്‍ ഒരു പെരുമഴക്കാലത്ത് ദീനം പിടിച്ച് ഈ കുടിയില്‍ കിടന്ന് ഒരുദിവസം ചാവും. ഒന്നും വേണ്ടായിരുന്നു.

ഒരു തെറ്റും ചെയ്യാത്ത എന്നെ ചേര്‍ത്തുപിടിച്ചു ‘എന്‍റെ മോളെന്ന് ‘ ഒരുവട്ടം വിളിച്ചാല്‍ മതിയായിരുന്നു…ഒരു ചുവടും പിഴയ്ക്കാത്ത ഈ താമരയുടെ ആ മോഹം നടക്കുമോ എന്നെങ്കിലും…?