രോമനിബിഡമായ അവന്റെ നെഞ്ചിൽ തല ചായ്‌ച്ചു അവനെ ഇറുക്കി പുണർന്നു കൊണ്ട് വിനീത അരുണിനോട് ചോദിച്ചു.

തെറ്റ് – രചന: Aswathy Joy Arakkal

നമ്മളീ ചെയ്യുന്നത് തെറ്റാണോ അരുൺ..?

മനസ്സിനെയും, ശരീരത്തെയും ചൂട് പിടിപ്പിച്ച ഉന്മാദപൂർണ്ണമായൊരു കൂടിച്ചേരലിന്റെ അവസാനം രോമനിബിഡമായ അവന്റെ നെഞ്ചിൽ തല ചായ്‌ച്ചു അവനെ ഇറുക്കി പുണർന്നു കൊണ്ട് വിനീത അരുണിനോട് ചോദിച്ചു.

എന്തു തെറ്റ്…ഇനിയിപ്പോ തെറ്റാണെങ്കിൽ തന്നെ ഇതൊക്കെ ചെയ്യാത്ത പുണ്യാളൻമാർ ആരാ ഇപ്പൊ…അതും പറഞ്ഞു അവളുടെ തൊണ്ടിപ്പോഴം പോലെ ചുവന്ന ചുണ്ടിൽ ചുണ്ട് ചേർത്തു കൊണ്ട് അരുൺ വീണ്ടും അവളിലേക്കു അലിഞ്ഞു.

കൊതിയൻ…എന്നു പറഞ്ഞവനെ തള്ളിമാറ്റി കൊണ്ട് എണിറ്റു മാറാൻ ഒരു ശ്രമം നടത്തിയെങ്കിലും അവന്റെ ബലിഷ്ഠമായ കൈകൾ അപ്പോഴേക്കും അവളെ ചുറ്റി വരിഞ്ഞിരുന്നു.

അല്ല എന്താ എന്റെ വിനികുട്ടിക്കു ഇപ്പൊ ഇങ്ങനെയൊക്കെ തോന്നാൻ…ആരെങ്കിലും വല്ലതും പറഞ്ഞോ ന്റെ കുട്ടിയോട്…അതോ വല്ല സദാചാര കഥകളും വായിച്ചോ…പൊട്ടിച്ചിരിച്ചു കൊണ്ടവൻ ചോദിച്ചു.

ഒന്ന് പോ അരുൺ…അവൾ കെർവിച്ചു. മഹിയെട്ടനോട് തെറ്റ് ചെയ്യുകയാണോ എന്നൊരു കുറ്റബോധം ചിലപ്പോളൊക്കെ മനസ്സിലേക്ക് വരുന്നു. മോളെ മഹിയെട്ടന്റെ അമ്മയെ ഏൽപ്പിച്ചു. കൂട്ടുകാരിയുടെ വിവാഹത്തിനെന്നു പറഞ്ഞു പോന്നപ്പോൾ ഞാനും വരട്ടെയെന്നു ചോദിച്ചവളൊന്ന് ചിണുങ്ങി. ആകെ കിട്ടുന്ന സൺ‌ഡേ അമ്മക്കു എന്റെ കൂടെ ഇരുന്നൂടെ എന്നു പരിഭവിച്ചപ്പോൾ എന്റെ മനസ്സൊന്നു പതറി.

പിന്നെ മഹിയേട്ടൻ ഫോൺ ചെയ്തു സമാധാനിപ്പിച്ചപ്പോഴാണ് അവളൊന്നു അടങ്ങിയത്. സത്യത്തിൽ കുറ്റബോധം കൊണ്ട് ഉരുകിപ്പോയി ഞാൻ. അവരെയൊക്കെ ചതിക്കുകയാണ് ഞാനെന്ന തോന്നൽ. തെറ്റല്ലേ അരുൺ ഞാൻ ചെയ്യുന്നത്.

ഞങ്ങൾക്കായി മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്ന മഹിയെട്ടനെയും, ഒന്നുമറിയാത്ത എന്റെ കുഞ്ഞിനേയും വഞ്ചിക്കുകയല്ലേ ഞാൻ.

ഒന്ന് നിർത്തുന്നുണ്ടോ നീ…നിന്നോടാണ് സ്നേഹം എങ്കിൽ അയാൾ നിന്നെ ഇവിടെ തനിച്ചാക്കി അവിടേക്കു പോകുമോ. പിന്നെ അയാളും അവിടെ ഇതൊക്കെ തന്നെ അല്ല ചെയ്യുന്നതെന്ന് ആരു കണ്ടു.

അരുൺ പ്ലീസ്…വേണ്ട…

ആകെ ഇങ്ങനെ ഒത്തു കിട്ടുന്നത് വല്ലപ്പോഴുമാണ്. അപ്പോൾ ഓരോന്നുമായി വന്നോളും മൂഡ് കളയാൻ…അവൻ പരിഭവിച്ചു. അവന്റെ പരിഭവമവൾക്കു താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു.

കൊക്കുരുമി അവന്റെ പിണക്കം തീർത്ത ശേഷം ഗാഡ നിദ്രയിലായിപ്പോയ അവന്റെ കരവലയത്തിൽ നിന്നു മെല്ലെയടർന്നു മാറി അവൾ ഷവറിനടിയിൽ ചെന്നു നിന്നു. എത്ര വെള്ളം വീണിട്ടും തണുക്കാത്ത മനസ്സുമായി അവൾ റൂമിലേക്ക്‌ ചെന്നു.

ബാഗ് തുറന്നു അരുണിന്റെ ഇഷ്ടനിറമായ കടും ചുവപ്പ് നിറത്തിലുള്ള സാരി എടുത്തു ഭംഗിയായി ചുറ്റി…മുടിയുണക്കി…അവൻ വാങ്ങിച്ചു വെച്ചതിൽ ബാക്കിയുള്ള മുല്ലപ്പൂ എടുത്തു തലയിൽ ചൂടി. നോക്കുമ്പോൾ അവൻ നല്ല ഉറക്കം. പതുക്കെ വാതിൽ തുറന്നു. മുന്നിൽ കടലാണ്.

അരുണിനെന്നു പ്രിയം കടലുകളോടാണ്. ബീച്ച് റിസോർട്ട് ആണ് എപ്പോഴും ബുക്ക് ചെയ്യാറും. പുറത്തേക്കിറങ്ങി കടൽ തീരം ലക്ഷ്യമാക്കി നടന്നു. കല്യാണം കഴിഞ്ഞു കൂട്ടുകാരികളുമായുള്ള ഗെറ്റ് ടുഗെതറും കഴിഞ്ഞു നാളെയെ എത്തു എന്നു പറഞ്ഞിരുന്നെങ്കിലും മോളെ വിളിച്ചു സംസാരിച്ചു.

മഹിയേട്ടനോട് കുഴപ്പമൊന്നുമില്ല. സുഖമായിരിക്കുന്നു. എല്ലാരും ഒപ്പമുണ്ട്, നാളെ വീട്ടിലെത്തിയിട്ട് വിളിക്കാം എന്നു വോയിസ്‌ മെസ്സേജ് അയക്കുമ്പോൾ എന്തോ ഒരു വിങ്ങൽ അവൾക്കനുഭവപ്പെട്ടു. മനസ്സു ഓർമകളിലൂടെ ഊളിയിട്ടു.

അവളെക്കാൾ പത്തു വയസ്സ് മൂപ്പുള്ള മഹിയേട്ടനുമായുള്ള വിവാഹം കഴിഞ്ഞിട്ടു വർഷം ഏഴ് കഴിഞ്ഞിരുന്നു. പ്രായ കൂടുതലും, അവളുടെ സങ്കൽപ്പത്തിനൊത്ത സൗന്ദര്യവും ഇല്ലാഞ്ഞിട്ടും വീട്ടുകാരുടെ നിർബന്ധത്തിലാണ് കല്യാണം നടന്നത്.

വിവാഹശേഷം പൊന്നു പോലെയാണ് അദ്ദേഹം തന്നെ നോക്കിയിരുന്നത്. മോളുടെ ജനിച്ചപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു. തന്നെയും, മോളെയും ഒറ്റക്കാക്കി പ്രാണ വേദനയോടെ ആണ് അദ്ദേഹം മടങ്ങി പോകാറ്.

അങ്ങനെ ഇരിക്കുമ്പോഴാണ് മുഖ പുസ്തകത്തിലൊരു ഫ്രണ്ട് റെക്വസ്റ്റുമായി അരുൺ അവളുടെ ജീവിതത്തിലെത്തുന്നത്. മഹിയേട്ടന്റെ പ്രായക്കൂടുതലും, അവരുടെ ചേർച്ചയില്ലായ്മയും, വിനിതയുടെ സൗന്ദര്യ വർണനകളുമായി അരുൺ പതുക്കെ അവളിലേക്കടുത്തു.

അരുണും വിവാഹിതനാണ്. ഭാര്യ ലക്ഷ്മി വിദേശത്തു നേഴ്സ് ആണ്. പരസ്പരം പറഞ്ഞും, അറിഞ്ഞും ആ ബന്ധം കൂടികാഴ്ചകളിലും പിന്നീട് പരസ്പരം കൂടിച്ചേരലിലും എത്തി.

ഒരു നെടുവീർപ്പോടെ വിനിത ഒഴിഞ്ഞ കോണിൽ കണ്ട ചാരു ബെഞ്ചിൽ ഇരുന്നു. ഓളം തല്ലുന്ന തിരയെ നിശബ്ദമായി നോക്കുന്നതിനിടയിലാണ് അമ്മ കടല വാങ്ങമ്മാ എന്നൊരു ശബ്ദം അവളെ തട്ടി ഉണർത്തിയത്.

നോക്കുമ്പോൾ പത്തൊൻപതോ, ഇരുപതോ വയസുള്ള ഒരു തമിഴ് പെൺകുട്ടി…ഒരു കയ്യിൽ കപ്പലണ്ടി പാക്കറ്റുകളും, മറുകയ്യിൽ ഒരു പൊടികുഞ്ഞുമായി.

വാങ്ങമ്മാ…ഇനി മൂന്ന് പാക്കറ്റ് ഉള്ളു. കയ്യിലൊരു പിഞ്ചു കുഞ്ഞിനേയും പിടിച്ചവൾ പറഞ്ഞു. അവളുടെ കയ്യിലിരുന്ന കപ്പലണ്ടി പാക്കറ്റുകൾ മുഴുവൻ വാങ്ങിയിട്ട് ഒരു നൂറിന്റെ നോട്ട് എടുത്തു വിനിത അവൾക്കു നേരെ നീട്ടി. ബാക്കി കൊടുത്ത അവളെ തടഞ്ഞു കൊണ്ട് വേണ്ട ബാക്കി വെച്ചോളൂ എന്നു വിനിത പറഞ്ഞു.

വേണ്ടമ്മാ…എന്നാലേ വേല എടുത്തു ഇവനെ പാക്കരുതക്കു മുടിയും. വാഴ്‍ന്താ അഭിമാനത്തോടെ താ വാഴണന്നു അമ്മ സൊല്ലി കൊടുത്തിരുക്കു…ഇവനെ മാസമായി ഇരിക്കുമ്പോ താൻ ഇവൻ അപ്പാ ആക്‌സിഡന്റിൽ പെട്ടു ഇരന്തു പോയത്. നിറയെ പേര് വന്നു ഹെല്പ് പണ്ണരുത്ക്കു…

ആനാ എല്ലാർക്കും എന്റെ ഉടലു താ വേണം. സത്താലും അഭിമാനത്തോടെ താൻ സാവണം. അതിനാല് പിച്ച കൂടെ എടുക്കമാട്ടെ നാന്. തമിഴും മലയാളവും കൂട്ടിക്കലർത്തി എന്തൊക്കെയോ പറഞ്ഞു…

ബാക്കി രൂപയും തന്നെ ഏൽപ്പിച്ചു പോയ ആ പെൺകുട്ടിയെ നോക്കി തരിച്ചിരുന്നു പോയി വിനിത…അവളുടെ കാലിലൊന്ന് വീഴണം എന്നവൾക്കു തോന്നി. മരവിച്ച മൃതദേഹം കണക്കെ, വർദ്ധിച്ച കുറ്റബോധത്തോടെ അവൾ നടന്നു റൂമിലെത്തി.

കിട്ടിയതൊക്കെ വാരി വലിച്ചു ബാഗിലാക്കുമ്പോൾ ആണ് കുളിച്ചിറങ്ങി വന്ന അരുണിന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിനെ സ്പർശിച്ചത്. തന്നെ തള്ളിമാറ്റി ബാഗുമായി ഓടുന്ന വിനിതയെ അമ്പരപ്പോടെ നോക്കി നിന്നു അരുൺ.

**** **** **** *****

പിറ്റേന്ന് നേരം പുലർന്നത് ഞാറക്കലെ മഹിയുടെ ഭാര്യ ആത്മഹത്യ ചെയ്തു എന്ന വാർത്തയോട് ആണ്.

മഹിയേട്ടാ മാപ്പ്…എന്നെഴുതി വെച്ച ആത്മഹത്യ കുറിപ്പും കയ്യിൽ വെച്ച്, തന്റെ പൊന്നോമന മോളെയും കയ്യിൽ പിടിച്ചു എങ്ങനെ ആശ്വസിപ്പിക്കണമെന്നോ, സ്വയം ആശ്വസിക്കണമെന്നോ അറിയാതെ ആ പാവം മനുഷ്യൻ നിന്നു…

അരുൺ ആണെങ്കിലോ പുതിയ വിനീതമാർക്കുള്ള തിരച്ചിലിന്റെ തിരക്കിലായിരുന്നു അപ്പോൾ…ചില തെറ്റുകൾക്ക് മാപ്പില്ല…പ്രത്യേകിച്ച് ഇത് പോലെ ഉള്ള വിനീതമാരും, അരുൺമാരുമൊന്നും മാപ്പ് അർഹിക്കുന്നില്ല.

പക്ഷെ എല്ലാ തെറ്റിനും ആത്മഹത്യ മാത്രമല്ല പരിഹാരമെന്നു പലരും തിരിച്ചറിഞ്ഞിരുന്നെങ്കിൽ…തെറ്റിനെ തെറ്റ് കൊണ്ടു തന്നെ തിരുത്താൻ ശ്രമിക്കുകയാണ് പലരും.

ഇവിടെ അരുൺമാർ സധൈര്യം വിലസുമ്പോൾ കുടുംബത്തിനായ് ചോരയും, നീരും വറ്റിക്കുന്ന എത്ര മഹിമാർക്കു തങ്ങളുടെ ജീവിതം നഷ്ടപ്പെടുന്നുണ്ടാകും, എത്ര കുഞ്ഞുങ്ങൾ അനാഥരാകുന്നുണ്ടാകും . ആത്മഹത്യയിലൂടെ വിനിത ജീവിതത്തിൽ നിന്നും ഒളിച്ചോടിയപ്പോൾ എത്ര ലക്ഷ്മിമാർ ചതിക്കപ്പെടുക ആണെന്ന് പോലും തിരിച്ചറിയാതെ ഭർത്താവിനെ ദൈവമായി കണ്ടു ജീവിക്കുന്നുണ്ടാകും.

എതു ബന്ധത്തിൽ ആയാലും വിശ്വസ്ഥത പുലർത്തുക…അതിൽ കവിഞ്ഞു വേറൊന്നും ഇല്ല…ചതിക്കാനും, ചതിക്കപ്പെടാനും എളുപ്പമാണ്. പക്ഷെ…ഇതിനൊന്നും നിൽക്കാതെ ആത്മാഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു ജീവിക്കുകയാണ് അന്തസ്സ്…അല്ലേ…?

എന്നാണ് ഇനി ഇവരൊക്കെ ശെരിയും, തെറ്റും വേർതിരിച്ചു മനസ്സിലാക്കി ജീവിതം പഠിക്കുക…