സീതയുടെ മനസ്സ് – രണ്ടാം ഭാഗം – രചന: NKR മട്ടന്നൂർ
ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
അന്നത്തെ തപാലിലും വന്നിരുന്നു സച്ചുവിന്‍റെ ഒരെഴുത്ത്. അമ്മായി അത് എന്നരികില്‍ കൊണ്ടു വെച്ചു. ഞാനതുമെടുത്ത് മുറിയിലെത്തിയിട്ട് തുറന്നു നോക്കി.
സീതേ…ആറാമത്തെ എഴുത്താണിത്. കാത്തിരിക്കാറുണ്ട് ഓരോ ദിവസവും നിന്‍റെ ഒരു മറുപടിക്കായിട്ട്…നിരാശയോടെ മടങ്ങി പോവും…പോട്ടെ സാരമില്ലാ. സീതയ്ക്ക് എന്നെങ്കിലും ഈ സച്ചുവിനോട് ക്ഷമിക്കാനാവുന്നത് വരെ ഞാന്‍ കാത്തിരിക്കാം…
അന്നേ ഇനി സീതയുടെ മുന്നിലും ഞാന്‍ വരികയുള്ളൂ…എന്നോട് ഒരുവട്ടമെങ്കിലും ക്ഷമിച്ചൂടെ…ഒരിക്കല്‍ കൂടി മാപ്പ്…അനുവാദമില്ലാതെ നിന്നെ…കരയിപ്പിച്ചതിനും, നിന്‍റെ ജീവിതം തകര്‍ത്തതിനും…
ഒരിക്കലും ഒരിക്കലും ഞാനങ്ങനെ ചെയ്യരുതായിരുന്നു…സംഭവിച്ചു പോയി…തന്നോട് എന്നുമുതലോ തോന്നിയൊരിഷ്ടം…അതാ അന്ന് അങ്ങനെ.
പക്ഷേ…അതോര്‍ത്ത് ഒരുപാട് രാത്രികളില്‍ നിന്‍റെ കാലില്‍ വീണ് ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്…എന്‍റെ കണ്ണീരു കൊണ്ട് ആ കാല്‍ പാദങ്ങളെ ഞാന്‍ കഴുകിയിട്ടുണ്ട്. ഒന്നും മറക്കാനാവില്ലെന്നറിയാം എന്നാലും…ഇനിയൊരു തെറ്റും ഞാന്‍ ചെയ്യുകയില്ല.
താഴെ പിന്നേയും എന്തൊക്കെയോ എഴുതി വെട്ടിക്കളഞ്ഞിട്ടുണ്ട്. ആ എഴുത്തും മടക്കി ഡയറിക്കകത്ത് വെച്ചു. ഒരു തുള്ളി കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങിയത് പുറംകൈ കൊണ്ട് തുടച്ചു.
ആരോടും അധികം സംസാരിക്കാറില്ല. മാളു വരും വല്ലപ്പോഴും…അവളോടും ആവശ്യത്തിന് വല്ലതും സംസാരിച്ചാലായി. അമ്മാവന്‍റെയും അമ്മായിയുടേയും കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുക്കാറുണ്ട്.
സച്ചു പോയിട്ട് ആറു മാസം കഴിഞ്ഞു. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ എന്നും വിളിക്കുമായിരുന്നു. എന്നോട് എന്തേലും സംസാരിക്കാന്‍ ഒരുവട്ടം അമ്മായി പറഞ്ഞതാ…ഞാന്‍ പറഞ്ഞു…അവനോട് എനിക്കൊന്നും സംസാരിക്കാനില്ലാന്ന്…ഇന്നെന്നല്ല ഒരിക്കലും.
പിന്നെ ആരും അതും പറഞ്ഞു വന്നിട്ടില്ല. അവനും പിന്നെ വിളി കുറച്ചു ആഴ്ചയില്‍ ഒന്നാക്കി. പിന്നെ എന്തേലും ആവശ്യത്തിന് മാത്രാ വിളി. ഒരു മാസം കഴിഞ്ഞപ്പോഴാ എന്‍റെ പേരില്‍ ഇവിടത്തെ അഡ്രസ്സില്‍ ഒരെഴുത്ത് വന്നത്. അമ്മായി അതെന്‍റെ കയ്യില്‍ തന്നു.
ഞാനതു വാങ്ങി മുറിയില്‍ കൊണ്ടുവെച്ചു. കുറേ ദിവസം അതവിടെ കിടന്നു….അനാഥമായ്…ഒരു ദിവസം അതെടുത്ത് തുറന്നു നോക്കി. നല്ല ജോലിയാണെന്നും ചെറിയ വിഷമം തോന്നുന്നുണ്ടെങ്കിലും ‘നമുക്ക് വേണ്ടി’ പരമാവധി പിടിച്ചു നില്‍ക്കുമെന്നും. കഴിഞ്ഞു പോയതെല്ലാം മറക്കണം.
പിന്നെ ചെയ്തു പോയ അപരാധത്തിന് കുറേ മാപ്പും പറഞ്ഞ് നിര്‍ത്തിയിരിക്കുന്നു. മറുപടി എന്തായാലും എഴുതണമെന്ന്. പിന്നത്തെ കത്തില്‍ മറുപടി അയക്കാത്തതിന്‍റെ പരിഭവങ്ങളും സങ്കടങ്ങളും.
എഴുതി എഴുതി മടുക്കും എന്നെങ്കിലും ഒരുനാള്‍. അന്നു തനിയേ നിര്‍ത്തിക്കോളും…കരയട്ടെ…വേദനകള്‍ എന്താണെന്നറിയട്ടെ…ഇത്രനാളും ചെയ്തു കൂട്ടിയ തെറ്റുകള്‍ക്കുള്ള ശിക്ഷ അനുഭവിച്ചറിയട്ടെ…
അമ്മായി ഒരു ദിവസം കുറച്ചു പണവുമായ് എന്‍റരികില്‍ വന്നു. സച്ചു നിനക്ക് വേണ്ടി അയച്ചതാണെന്നും ഇഷ്ടമുള്ളതെല്ലാം പോയി വാങ്ങിക്കോളൂന്നും പറഞ്ഞു. എനിക്കൊന്നും വാങ്ങാനില്ലെന്നും പറഞ്ഞ് ഞാന്‍ അകത്തേക്ക് പോയി.
എന്‍റെ പഴയ വസ്ത്രങ്ങള്‍ എല്ലാം ഞാന്‍ വീട്ടില്‍ പോയപ്പോള്‍ എടുത്തു കൊണ്ടുവന്നിരുന്നു. അതുമതി ഇനിയെന്നും…അവിടേയും ഒരുവട്ടം മാത്രേ ഇതുവരെ പോയുള്ളൂ…
ആരോടുമുള്ള പക പോക്കലല്ലിത്…സ്വയം തീര്‍ത്തൊരു അഗ്നികുണ്ഠം…അതില്‍ കിടന്നു നീറണം…നീറി നീറി ഒടുവിലൊരുനാള്‍ മണ്ണടിയണം. സീതയ്ക്ക് തെറ്റു പറ്റിയോ എന്നറിയില്ല. പക്ഷേ ആ പാവം വിഷ്ണുവിനെ നോവിച്ചല്ലോ…തീരാ സങ്കടം കൊടുത്തല്ലോ….
ഒരുദിവസം ഹാര്‍ഡ്വേര്‍ ഷോപ്പിന്‍റെ മുതലാളിയും പാര്‍ട്ണറും വീട്ടിലേക്ക് വന്നു. കമ്പ്യൂട്ടര്‍ സെക്ഷനില്‍ സീതയുടെ ഒഴിവിലേക്ക് ആരേയും ഇനി എടുത്തിട്ടില്ലാന്നും താല്‍പര്യമുണ്ടെല്‍ നാളെ മുതല്‍ വന്നു തുടങ്ങാനും പഴയതിലും കൂടുതല്‍ ശമ്പളവും തരാമെന്നും പറഞ്ഞു.
ഞാന്‍ അമ്മാവനോട് ചോദിച്ചോളൂ എന്നും പറഞ്ഞ് അകത്തേക്ക് പോയി. അന്നു രാത്രി ഊണുകഴിക്കുമ്പോള്‍ അമ്മാവനാ പറഞ്ഞത്…സീതയ്ക്ക് സമ്മതാണെങ്കില്‍ നാളെ മുതല്‍ ഷോപ്പിലേക്ക് പൊയ്ക്കൊള്ളൂന്ന്.
അന്നു രാത്രി മുഴുവന്‍ അതോര്‍ത്ത് കിടന്നു. ഇവിടെ ഇരുന്നു വെറുതേ സമയം കൊല്ലുന്നതിലും നല്ലത് അതു തന്നെയാണ്. മനസ്സിന് ഇത്തിരി ആശ്വാസവും ആവും…പക്ഷേ …വിഷ്ണുവിനെ
ആ വഴിയില്‍ എന്നും കാണാറുള്ളതാണ്. രണ്ടു പേരുടെ സമയവും, അതിനായ് പരസ്പരം ശരിയാക്കി നിര്‍ത്തിയതുമാ…എന്തായാലും പോവുകതന്നെ…
അങ്ങനെ പിറ്റേന്ന് രാവിലെ ഉണര്‍ന്നു പണികളെല്ലാം ഒതുക്കി ഇറങ്ങി. ആരോടും യാത്ര പറയാതെ…രണ്ടുപേരും ഉമ്മറത്തിരിപ്പുണ്ടായിരുന്നു. അവരും ഒരുപാട് വേദനിക്കുന്നുണ്ട് ഞാന്‍ കാരണം…പക്ഷേ…സീതയാണോ അതിന്‍റെ കാരണക്കാരി…അല്ല.
അവരുടെ മകന്‍…അവര്‍ പെറ്റു പോറ്റി വലുതാക്കിയ അവരുടെ മകന്‍…അവനെ നല്ലതു ചൊല്ലി നേര്‍വഴിക്കു നടത്തേണ്ടതും മറ്റുള്ളവരെ ആദരിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കേണ്ടതും അവരുടെ കടമയായിരുന്നു. അവരത് ചെയ്തില്ല…
അമ്മായിക്ക് എത്ര വേഗം പറയാന്‍ കഴിഞ്ഞു. ഇത്തിരി ലാളന കൂടി പോയതാണെന്ന്. പക്ഷേ…സീതയ്ക്ക് നഷ്ടമായതൊന്നും ഇനി അവനെന്നല്ല ആര്‍ക്കും തിരിച്ചു തരാനാവില്ല. ആ നഷ്ടങ്ങളെ എനിക്കു മറക്കാനുമാവുന്നില്ല. പിന്നേയും നിറഞ്ഞ കണ്ണുകള്‍ തുടച്ചു.
നടക്കുമ്പോള്‍ ആരേയും കാണാതിരിക്കാന്‍ കൊതിച്ചുവെങ്കിലും ദൂരേന്ന് കണ്ടു ആ രൂപം. നടന്നരികിലേക്ക് വരുന്നുണ്ട്…പാദങ്ങള്‍ക്ക് വല്ലാത്ത ഭാരം തോന്നി. മണ്ണില്‍ ആഴ്ന്ന പോലെ…വലിച്ചിട്ട് കിട്ടുന്നില്ല. താഴേക്ക് നോക്കി അങ്ങനെ നിന്നു…
സീതേ….
അടുത്തു നിന്ന് കേട്ടു ആ വിളി.
താന്‍ പിന്നേയും ഷോപ്പില്‍ പോവാന്‍ തുടങ്ങിയതാണോ…? അതേയാലും നന്നായി…
ഒരു മാറ്റവുമില്ലാത്ത ആ പഴയ സ്വരം. അങ്ങനെ പറഞ്ഞ് നടന്നകന്നു പോയി. നടന്നു ഷോപ്പിലെത്തിയതറിഞ്ഞില്ല. ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. മൂളലിലും രണ്ടു വാക്കിലും എല്ലാവരേയും മടക്കി ആ പഴയ സീറ്റു തന്നെ കിട്ടി.
ആറുവര്‍ഷം ഇരുന്നു ജോലി ചെയ്ത കസേരയാണത്. അന്നൊക്കെ എന്തിനും ഏതിനും നിറഞ്ഞ മനസ്സും സന്തോഷവും കൂട്ടുണ്ടായിരുന്നു. ഇന്നിപ്പോള്‍ തനിച്ചാണ്…ഓര്‍മ്മകളേയെല്ലാം ഒരു അരികിലേക്ക് ഒതുക്കി നിര്‍ത്തിയിട്ട് ജോലി തുടങ്ങി…
ഇന്ന് സീത തനിച്ചാണ്. ആര്‍ക്കും വേണ്ടാത്തൊരു ജന്മം…ആരും ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്തൊരു പെണ്ണ്….
പിറ്റേന്നും അതേ നേരത്ത് തന്നെ വീട്ടീന്നിറങ്ങി. പതിവു സ്ഥലത്തെത്തിയപ്പോള്‍ കാലുകളുടെ വേഗത താനേ കുറഞ്ഞു. ദൂരേക്ക് നോക്കി കാണാനില്ല. പതിയെ നടന്നു. ഷോപ്പിനടുത്തെത്തിയിട്ടും കണ്ടില്ല.
പോയി സീറ്റിലിരുന്നു. ഒന്നും കാണാന്‍ വയ്യ. ആരുടെ ശബ്ദവും കേള്‍ക്കുന്നുമില്ല. യാന്ത്രികമായ് എന്തൊക്കെയോ ചെയ്തു. വൈകിട്ട് കുറച്ചു നേരത്തേ ഇറങ്ങി. നേരെ നടന്നു ചെന്നു…ഈ ഹൃദയഭാരം താങ്ങാന്‍ വയ്യ…എല്ലാവരും പൊയ്ക്കഴിഞ്ഞു കാണും.
മൈതാനത്തു കൂടെ കയ്യിലൊരു പുസ്തകവുമായി നടന്നു വരുന്നത് കണ്ടു. പോയി ആ മുന്നില്‍ നിന്നു. കണ്ണുകള്‍ നിറയാതിരിക്കാന്‍ പാടുപെട്ടു.
സീതേ…താന്‍ എന്താ ഇവിടെ…?
സൗമ്യമായ സ്വരം. ഒന്നും പറയാതെ തലകുനിച്ചു നിന്നു. കുറച്ചു നിമിഷത്തെ നിശബ്ദതയ്ക്കൊടുവില്‍ ചോദിച്ചു.
സുഖാണോ തനിക്ക്…? ആളുടെ കോലമാകെ മാറി പോയല്ലോ…? വേദന നിറഞ്ഞ ശബ്ദം. എന്താടോ താന്‍ ഹാപ്പിയല്ലേ…? എന്താ ഒരു വിഷമം പോലെ…കഴിഞ്ഞതൊക്കെ വിട്ടുകള. ആ ഓര്‍മ്മകളെ ഇനിയും താലോലിക്കല്ലേ…അതൊരിക്കലും നല്ലതിനാവില്ല…
പിന്നെ പറയൂ…എന്തൊക്കെയാ പുതിയ വിശേഷങ്ങള്‍…? സച്ചുവിന്‍റെ ജോലി എങ്ങനെ…? അവന്‍ വിളിക്കാറില്ലേ…?
ഒന്നും മിണ്ടാതെ നിന്നു. വാക്കുകളുണ്ട് പക്ഷേ ഒന്നും പറയാന്‍ വയ്യ. ഈ ജീവിതം ഇങ്ങനെ ജീവിച്ചു തീര്‍ക്കാനും വയ്യ. ഹൃദയത്തിനാണോ മനസ്സിനാണോ എന്നറിയില്ല…എന്തോ നഷ്ടമായതു പോലെ…വിലപ്പെട്ടതെന്തോ കൈമോശം വന്നതു പോലെ….അതു തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു…
പിന്നെ ഭക്ഷണം കിട്ടിയില്ലേലും വസ്ത്രങ്ങള്‍ കിട്ടിയില്ലേലും ജീവിച്ചു കൊള്ളാം. ആരുടേയും ഒന്നും വേണ്ട…പൊന്നും വേണ്ട പണവും വേണ്ട…ജോലി വേണ്ട…അതിനോട് ചേര്‍ന്നു നിന്നോളാം…കൊല്ലുവാനായാലും വളര്‍ത്താനായാലും കൊണ്ടുപോയ്ക്കോട്ടെ യാതൊരു പരാതിയോ പരിഭവമോ കാട്ടാതെ ആ കൂടെ പൊയ്ക്കോളാം ഞാന്‍ ഏതു ചുടുകാട്ടിലേക്കായാലും…ഏതു നരകത്തിലേക്കായാലും…
പക്ഷേ ഒന്നിനും വയ്യാല്ലോ…ആരോ ഒരാള്‍ കഴുത്തിലൊരു കയറുകൊണ്ട് കെട്ട് ഇട്ടിരിക്കുന്നു അതു കാരണം പോവാനാവുന്നില്ല എവിടേക്കും.
സീതേ….അരികിലുണ്ട് ആ സ്നേഹം നിറഞ്ഞ ശബ്ദം. എത്ര കേട്ടാലും ഒരിക്കലും മടുക്കാത്ത മധുരമുള്ള ആ ശബ്ദം.
താന്‍ അന്നെന്‍റെ മുന്നില്‍ വന്ന് പെട്ടെന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ തളര്‍ന്നുപോയി…ഒരു മരവിപ്പായിരുന്നു. ചുറ്റിലും ഒരുപാട് പേര്‍ക്കിടയില്‍ നിന്നും പെട്ടെന്ന് അനാഥനായതു പോലെ…അല്ലെങ്കില്‍ ഹൃദയം ആരോ പറിച്ചെടുത്തതു പോലെ. എന്താ…എങ്ങനെയാ അത് ഞാന്‍ തനിക്കു പറഞ്ഞു മനസ്സിലാക്കിത്തരിക…?
രാവോ പകലോ തിരിച്ചറിയാതെ മുറിക്കുള്ളില്‍…എത്രയോ നാളുകള്‍…പിന്നീടെന്നോ സ്വബോധം തിരികേ കിട്ടുമ്പോള്‍ വെറുതേ കൊതിച്ചു…
വിഷ്ണുവിനെ വിട്ട് ഈ സീത എവിടേക്ക് പോവാനാ…? എന്നും ചോദിച്ചു താന്‍ അരികിലേക്ക് നടന്നു വന്നെങ്കിലെന്ന്…ഞാനൊരു കളി പറഞ്ഞതല്ലേ…വിഷ്ണുവില്ലാതെ ഈ സീതയുണ്ടോ…? അവള്‍ക്കൊരു പൂര്‍ണ്ണതയുണ്ടോ…? എന്നൊന്ന് ചോദിച്ചെങ്കിലെന്ന്.
പക്ഷേ…ഒരുനാള്‍ അമ്മ വന്നു പറഞ്ഞു. ഇന്നു സീതയുടെ വിവാഹമാണെന്ന്…പിന്നേം അമ്മയുടെ സങ്കടം തീരാത്തതിനാലാവും അങ്ങനെ പറഞ്ഞത്…എന്‍റെ മകനെ ഇത്രേം കണ്ണീരു കുടിപ്പിച്ച അവളുടെ തലയില്‍…
പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ഓടിപ്പോയി ഞാനമ്മയുടെ വാ പൊത്തി…അരുത് അമ്മേ…എന്‍റെ സീതയെ ഒരിക്കലും ശപിക്കരുത്….അപ്പോഴും തന്നെ ഞാന്‍ സ്നേഹിക്കുന്നുണ്ടായിരുന്നു. ഒരിക്കലും വെറുക്കാനാവാത്ത വിധം.
അമ്മയുടെ കണ്ണീരു കാണാന്‍ വയ്യാതേയാ പിന്നേയും കുട്ടികള്‍ക്കു മുന്നിലേക്ക് വന്നു തുടങ്ങിയത്. ഒന്നും മറക്കാനാവാത്തതിനാല്‍ ആ ഓര്‍മ്മകള്‍ക്കിടയില്‍ തന്നെ ജീവിക്കുകയായിരുന്നു…ഇന്നലെ വരെ…
ആര്‍ക്കും എന്‍റെ മനസ്സീന്ന് തന്നെ കൊണ്ടു പോവാനാവില്ലാന്ന് ഓര്‍ത്തപ്പോള്‍ എന്‍റെ സങ്കടങ്ങളെല്ലാം മാറി…
കണ്ണീരോടെ ആ മുഖത്തേക്ക് നോക്കി ചോദിച്ചു…ഇത്രയും വേദനിപ്പിച്ചിട്ടും, ഒരിക്കല്‍ പോലും വെറുത്തില്ലേ എന്നെ…?പ്രാകാമായിരുന്നില്ലേ…നശിച്ചുപോവട്ടേന്ന്..
മനം നൊന്ത് ശപിക്കാമായിരുന്നില്ലേ…?
അറിയോ നിങ്ങള്‍ക്ക്…? അന്നുമുതല്‍ ഇന്നലെ വരെ ഒരു രാത്രി പോലും മനസ്സമാധാനത്തോടെ ഒന്നുറങ്ങാന്‍ കഴിഞ്ഞിട്ടില്ല…കണ്ണടയ്ക്കുമ്പോള്‍, ഈ മുഖമാ ഓര്‍മ്മ വരിക…
ഈ മനസ്സിനേല്‍പിച്ച മുറിവ് താങ്ങാനാവണേന്ന് പ്രാര്‍ത്ഥിക്കാത്ത ദിവസങ്ങളില്ല…കരയാത്ത രാത്രികളില്ല…ആവുന്നില്ല ഒന്നിനും…കൂടെ മറക്കാനും കഴിയുന്നില്ല.
സീതേ…താന്‍ ഇപ്പോഴും അവിടെ തന്നെ നില്‍ക്കുകയായിരുന്നോ…? അപ്പോള്‍ സച്ചുവും അമ്മാവനും അമ്മായിയിമൊക്കെ…?
ഒന്നു ചിരിച്ചു. ഒന്നും ചോദിച്ചോണ്ട് ആരും വരില്ല എന്നരികിലേക്ക്…ഒന്നും ഈ സീതയുടെ തെറ്റെല്ലാല്ലോ. അറിയാം എല്ലാവര്‍ക്കും അതു നല്ലപോലെ.
സീതേ…ഒന്നും നമ്മള്‍ക്ക് വിധിച്ചിട്ടുണ്ടാവില്ല. അങ്ങനെ സമാധാനിക്കണം. കൈവിട്ടു പോയതൊന്നും ഇനി തിരികേ കൊതിച്ചാലും കിട്ടത്തില്ല. അത് ശരിയുമല്ല. കൊതിച്ചത് കിട്ടിയില്ലല്ലോ എന്നോര്‍ത്ത് ഈശ്വര വിധിയെ മാനിക്കാതെ ഒന്നും നഷ്ടപ്പെടുത്തല്ലേ ഇനിയും തന്നെ…
നമ്മള്‍ ഒരു തെറ്റും ചെയ്യാതെ പരസ്പരം അകലേണ്ടിവന്നു. ഇനിയും അതോര്‍ത്ത് കയ്യില്‍ കിട്ടിയ ജീവിതം പാഴാക്കരുത്. ആ മുഖത്തേക്ക് നോക്കി…നമുക്ക് എന്നും നല്ല കൂട്ടുകാരായിരിക്കാം ഇനിയുള്ള കാലം മുഴുവന്‍…
തന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഞാനുണ്ടാവും എന്നും ഒരു വിളിപ്പുറത്ത്…പൊയ്ക്കോളൂ…
ചെറിയൊരു ആശ്വാസത്തോടെ മുന്നോട്ട് നടക്കുമ്പോള്‍ വെറുതേ ഒന്നു തിരിഞ്ഞു നോക്കി…
അവിടെത്തന്നെ നില്‍പുണ്ടായിരുന്നു…ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളതെന്തോ…എന്നോ നഷ്ടപ്പെട്ടുപോയ അതേ മുഖഭാവത്തോടെ…
**** ശുഭം ****