അവന്‍ ദാഹം തീര്‍ത്ത ശരീരത്തോട് എനിക്ക് അറപ്പു തോന്നി. കരഞ്ഞു മടുത്ത കണ്ണുകളോടെ മഴയിലൂടെ നടന്നു

സീതയുടെ മനസ്സ് – ഒന്നാം ഭാഗം – രചന: NKR മട്ടന്നൂർ

വലിയ ആള്‍ക്കൂട്ടമൊന്നും വേണ്ടാന്നായിരുന്നു എന്‍റെ തീരുമാനം…ആരും അതിന്ന് എതിരൊന്നും പറഞ്ഞില്ല…

അങ്ങനെ എന്‍റെ വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയൊരു പന്തലില്‍ വെച്ച് അവനെന്‍റെ കഴുത്തില്‍ താലി ചാര്‍ത്തി…എന്‍റച്ഛനും അമ്മയും പിന്നെ അവന്‍റെ അമ്മാവനും വേറെ മൂന്നാലു ആളുകളും…

അവനെന്‍റെ കൈപിടിച്ച് മുന്നുവട്ടം പ്രദക്ഷിണം പൂര്‍ത്തിയാക്കി പന്തലീന്നിറങ്ങി. ചോറും കറികളും ഒരുക്കിയിരുന്നു കുറച്ചു പേര്‍ക്ക്…ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ഒരു കാറില്‍ ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ടു…

ഒരു കിലോമീറ്റര്‍ ദൂരെയായിരുന്നു അവന്‍റെ വീട്…അവിടേയും അലങ്കാരങ്ങളൊന്നുമില്ല…മുറ്റത്ത് ഞങ്ങളെ കാത്ത് പത്തോളം പേര്‍…അവന്‍റെ അമ്മ ഒരു നിലവിളക്കുമായ് എനിക്കരികിലേക്ക് വന്നു…അതും വാങ്ങി വലതു കാലുവെച്ച് ഞാനെന്‍റെ ഭര്‍തൃഹത്തിലേക്ക് കയറി.

ലോകത്ത് ആദ്യമായിട്ടാവും ഇങ്ങനെ ഒരു വിവാഹം നടക്കുന്നത്. ആരുടെ മുഖത്തും സന്തോഷം കാണാനില്ല…ഞങ്ങള്‍ക്കായ് ഒരുക്കിയ മണിയറയില്‍ പോയി കട്ടിലില്‍ ഇരുന്ന എന്നരികിലേക്ക് ഭവ്യതയോടെ അവന്‍റെ പെങ്ങള്‍ മാളു വന്നു. അലമാരയില്‍ നിന്നും മാറാനുള്ള വസ്ത്രങ്ങളെടുത്തു എന്നരികില്‍ വെച്ചിട്ട് ഒന്നും മിണ്ടാതെ അവളും പോയി.

ഞാന്‍ വാതിലടച്ച് തഴുതിട്ടു. കല്യാണ വസ്ത്രങ്ങഴിച്ചു അലമാരയില്‍ വെച്ചിട്ട് ഒരു കോട്ടണ്‍ സാരിയും ചുറ്റിവാതില്‍ തുറന്നു…കട്ടിലില്‍ വെറുതേ ഇരുന്നു…നാലുമണി ആയപ്പോള്‍ പുറത്തിറങ്ങി…

വരാന്തയില്‍ ഒരു മൂലയ്ക്ക് എന്‍റെ കഴുത്തില്‍ താലി കെട്ടിയവന്‍ എന്തോ ഓര്‍ത്തിരിപ്പുണ്ടായിരുന്നു…ഞാന്‍ ചൂലെടുത്ത് പോയി മുറ്റമടിക്കാന്‍ തുടങ്ങി…മാളു അതു കണ്ടിട്ടാവും എന്നരികിലേക്ക് നടന്നുവന്നെങ്കിലും ഒന്നും മിണ്ടാതെ തിരികേ പോയി…

വൈകിട്ട് കുളിച്ചു ഉമ്മറത്ത് നിലവിളക്കു കൊളുത്തിയിട്ട് ചമ്രംപടഞ്ഞിരുന്നു രാമനാപം ജപിക്കുമ്പോള്‍ ഓരോ മുഖങ്ങളും പടിക്കല്‍ വന്നു തലകാട്ടുന്നുണ്ടായിരുന്നു…രാത്രി മേശമേല്‍ അഞ്ചു പേരുമിരുന്ന് ഭക്ഷണം കഴിച്ചെങ്കിലും ഒരു സംസാരവുമുണ്ടായില്ല….

ഒമ്പതു മണിയായപ്പോഴേക്കും എച്ചില്‍ പാത്രങ്ങളെല്ലാം കഴുകി വെച്ച് ഞാനെന്‍റെ മുറിയിലേക്ക് പോയി…അവനും വന്നു….ഞാനപ്പോള്‍,കട്ടിലില്‍ ഇരിക്കയായിരുന്നു…കട്ടിലില്‍ ഒരു ഭാഗത്ത് അവന്‍ കിടന്നു…വാതിലടച്ച് ഞാനും മറുഭാഗത്ത് കിടന്നു…

ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്…പക്ഷേ…ഇവിടെ അതിന്‍റെ ആഘോഷങ്ങളൊന്നുമില്ല. ഈ രാത്രി എനിക്കു ഉറങ്ങാനാവില്ല. എന്‍റെ മനസ്സിലെ വിവാഹം ഇതൊന്നുമായിരുന്നില്ല. ഞാനെന്നെ പങ്കുവെയ്ക്കാനും മനസ്സറിഞ്ഞ് സ്നേഹിക്കാനും കൊതിച്ചത് ഇവനെയായിരുന്നില്ല.

ഇതെന്‍റെ അമ്മാവന്‍റെ മകനാ സച്ചു…അവനൊരിക്കലും എന്‍റെ മനസ്സിനെ സ്നേഹിച്ചിരുന്നില്ല. അവനെ വല്ലാതെ കൊതിപ്പിച്ചിരുന്നത് എന്‍റെ ശരീരം മാത്രായിരുന്നു. പല പെണ്‍കുട്ടികളുടേയും സുഖം മാത്രമറിഞ്ഞ് അവരുടെ മനസ്സറിയാന്‍ ശ്രമിക്കാതെ. പണക്കൊഴുപ്പിന്‍റെ അഹംഭാവത്തോടെ നടക്കുന്ന മനസ്സാക്ഷിയില്ലാത്തവനായിരുന്നു സച്ചു.

പല കൂട്ടുകാരികളും പല കഥകളും പറയുന്നത് കേട്ടെങ്കിലും ഒന്നും നേരിട്ടു കാണാത്തതിനാലും…പിന്നെ അവനെനിക്ക് ‘അങ്ങനെ ‘ ആരുമല്ലാത്തതിനാലും ഞാനവനെക്കുറിച്ച് ഓര്‍ത്തതേ ഉണ്ടായിരുന്നില്ല.

ഞാന്‍ എന്‍റെ വിഷ്ണുവിന്‍റെ കൂടെയൊരു ജീവിതം സ്വപ്നം കണ്ടു നടക്കുകയായിരുന്നു. ഒരു ഹാര്‍ഡ് വേര്‍ ഷോപ്പിലെ കമ്പ്യൂട്ടര്‍ സെക്ഷനിലായിരുന്നു എനിക്കു ജോലി. വിഷ്ണു ഒരു പ്രൈവറ്റ് കോളജില്‍ അധ്യാപകനായി ജോലി നോക്കുന്നു. എങ്കിലും നല്ലൊരു ജോലിക്കായ് അവന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു.

അങ്ങനെ ഒരു ജോലി കിട്ടും എന്നുള്ള ആത്മവിശ്വാസവും നല്ലപോലെ അവനിലുണ്ടായിരുന്നു. കുറച്ചു നാളുകള്‍ കൂടി കാത്തിരുന്നാൽ വിഷ്ണുവിന്‍റെ സ്വന്തമാകേണ്ട പെണ്ണായിരുന്നു ഞാന്‍.

പക്ഷേ…ഒരു ദിവസം വൈകിട്ട് ഞാന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍…പാതി വഴിയിലെത്തുമ്പോഴേക്കും ആര്‍ത്തലച്ചു പെയ്തു മഴ….കുട കരുതിയിരുന്നില്ല. ഇവിടെ ഈ വീട്ടിലേക്ക് ഓടിക്കയറുമ്പോഴേക്കും നല്ലപോലെ നനഞ്ഞിരുന്നു.

ഉമ്മറത്ത് സച്ചു ആരോടോ ഫോണില്‍ സംസാരത്തിലായിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്‍റെ കണ്ണുകളൊന്ന് കുറുകിയടഞ്ഞു. അതു തിരിച്ചറിയാനുള്ള കഴിവോ കണ്ണുകളോ എന്നിലുണ്ടായിരുന്നില്ല. അകത്തു പോയി തല തുവര്‍ത്തിക്കോ എന്നും പറഞ്ഞ് അവന്‍ സംസാരം തുടര്‍ന്നു.

അമ്മാവനോ അമ്മായിയോ അകത്തു കാണും എന്ന ധൈര്യത്തിലായിരുന്നു ഞാന്‍ കേറിപോയത്. പക്ഷേ അവരാരും അവിടെ അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കുമ്പോഴേക്കും…

കണ്ണാടിക്കുമുന്നില്‍ നിന്ന് ദേഹത്തെ വെള്ളം തോര്‍ത്തുകൊണ്ട് ഒപ്പിയെടുക്കുകയായിരുന്നു. ബലിഷ്ടമായ കരങ്ങള്‍ വന്ന് പിറകിലൂടെ ചുറ്റിപ്പിടിച്ചു. പിന്‍ കഴുത്തില്‍ മുഖമമര്‍ത്തി ചുംബിച്ചു. തടുക്കുവാനും തടയുവാനും ആവുന്നത് ശ്രമിച്ചെങ്കിലും ആ കരുത്തിന് മുന്നില്‍ കരഞ്ഞുപോയി.

വിഷ്ണുവിനായ് കാത്തുവെച്ചതെല്ലാം നഷ്ടപ്പെടുന്നതോര്‍ത്തപ്പോള്‍ ശരീരം തളര്‍ന്നുപോയി. പിന്നെ ഒരുതരം മരവിപ്പിലിയിരുന്നു. എന്നിലെ എന്നെ കൊന്നു കളയുമ്പോഴും അവന്‍ പറഞ്ഞതും അങ്ങനെയായിരുന്നു…

ഒരുപാട് നാളുകളായ് എന്‍റെ ഉറക്കം കെടുത്തുന്ന ഒരു സ്വപ്നമായിരുന്നു നീ. ഈ ശരീരത്തോളം ഞാന്‍ ഈ ലോകത്ത് മറ്റൊന്നിനേയും കൊതിച്ചിട്ടില്ലായിരുന്നു. നിന്നില്‍ നിന്നും ഒരുപാട് അവഗണന സഹിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും നിന്‍റെ കണ്ണില്‍ ഞാനാരുമല്ലായിരുന്നു. അതെനിക്കു സഹിക്കാവുന്നതിനപ്പുറമായിരുന്നു.

അവന്‍ ദാഹം തീര്‍ത്ത ശരീരത്തോട് എനിക്ക് അറപ്പു തോന്നി. കരഞ്ഞു മടുത്ത കണ്ണുകളോടെ മഴയിലൂടെ നടന്നു ഒരു ഭ്രാന്തിയേ പോലെ വീട്ടിലേക്ക്…ഇത്രനാളും കണ്ട സ്വപ്നങ്ങളും നെഞ്ചിലൊളിപ്പിച്ചു താലോലിച്ച മോഹങ്ങളുമെല്ലാം ഒരു മഴ പെയ്ത്തില്‍ ഒലിച്ചു പോയിരിക്കുന്നു…

ഇന്നലെവരെ ഒരു കെടാവിളക്കുണ്ടായിരുന്നു ഹൃദയത്തിനുള്ളില്‍ ഇന്നത് ആരോ തല്ലിക്കെടുത്തിയിരിക്കുന്നു…ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണു കാത്തുസൂക്ഷിക്കുന്നതെന്തും അവളുടെ അറിവോ സമ്മതമോ ഇല്ലാതെ ആരെങ്കിലും ഒന്നു തൊട്ടുനോക്കുന്നതു പോലും ആത്മാഭിമാനമുള്ള ഒരു പെണ്ണിനും സഹിക്കവയ്യാത്തതാണ്…

ഇവിടെ ഒന്നും സംഭവിച്ചില്ലെന്നോര്‍ത്ത് ആരും കണ്ടില്ലല്ലോ എന്നു കരുതി വീണ്ടും ആ പഴയ സീതയായ് എന്നും പോവുന്ന വഴിയിലൂടെ ഇന്നലെ ജീവിച്ച പോലെ ജീവിക്കാമായിരുന്നു. പക്ഷേ ഈ സീതയുടെ അനുവാദമില്ലാതെ അവനെന്നെ തൊട്ടപ്പോള്‍ തന്നെ കീറി മുറിഞ്ഞു പോയൊരു ഹൃദയമുണ്ട് ഈ ശരീരത്തില്‍…ആ മുറിവൊരിക്കലും ഉണങ്ങില്ല എന്നത് കൊണ്ട് സീത മരിച്ചു പോയതിന് തുല്യമായി തീര്‍ന്നു.

ആര്‍ക്കും ഒരുത്തരവും കൊടുത്തില്ല അന്നും ഇപ്പോഴും…വിഷ്ണുവിന്‍റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മരവിച്ച മനസ്സോടെ പറഞ്ഞു ഇനി ഈ സീതയില്ല…ഓര്‍ക്കരുത് എന്നല്ല….മറക്കണം…ശപിക്കയും കൂടെ വെറുക്കുകയും വേണം…പോവുകയാ…

പിന്നേയും എന്നും വിഷ്ണുവിന്‍റെ കോളുകള്‍ വരുമായിരുന്നു. ആരും എടുക്കാതെ മുറിഞ്ഞുകൊണ്ടിരുന്നു ആ വിളികള്‍…രണ്ടുദിവസം, പിന്നീട് മൂന്നു നാള്‍ എന്നു പോയി ആഴ്ചയിലൊരുവട്ടം എന്നായി…

അവന്‍റെ ഹൃദയത്തില്‍ കാത്തു സൂക്ഷിച്ച വിഗ്രഹത്തെ ഒരിക്കലും മറക്കാനാവില്ല എന്നു അവനോളം എനിക്കും അറിയാഞ്ഞിട്ടല്ല…കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിന്നേയും വന്നു ഒരു കോള്‍….കരഞ്ഞു കൊണ്ട് റിങ്ങ് അവസാനിക്കുന്നത് വരെ ഫോണും നോക്കിയിരുന്നു…

പരസ്പരം പങ്കുവെച്ച ഹൃയത്തെ ഒരു കാരണവുമില്ലാതെ ഒരാള്‍ പറിച്ചെടുത്തു കൊണ്ടു പോയി….ആര്‍ക്കും സഹിക്കാനാവില്ലല്ലോ ആ വേദന….

അങ്ങനെ ഈ വിവാഹം സീതയുടെ തീരുമാനം പോലെ കാരണവന്‍മാര്‍ തീരുമാനിച്ചുറപ്പിച്ചു. സച്ചുവിനെ പോലെയൊരു തരികിട മകന് ഒരിക്കലും സ്വപ്നം കാണാനാവുന്നതിനുമപ്പുറമായിരുന്നു സീതയെന്ന തുളസിക്കതിര്‍ പോലെ പരിശുദ്ധിയുള്ള പെണ്ണ്.

അത് നല്ലപോലെ അറിയാവുന്ന മാമനും മാമിക്കും മുന്നില്‍ പോയി പതറാതെ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു ഞാന്‍. എനിക്കു സച്ചുവിനെ കല്യാണം കഴിച്ചു തരണം എത്രയും വേഗം. ആരേയും അറിയിക്കേണ്ട. പൊരുത്തവും നോക്കേണ്ടാ. നല്ല മുഹൂര്‍ത്തവുംതേടേണ്ടാ. എല്ലാം അവന്‍ നോക്കിയിട്ടുണ്ട് മുന്നേ തന്നെ….

കൂടുതല്‍ എന്തേലും അറിയേണമെങ്കില്‍ മകനോട് ചോദിച്ചാല്‍ മതി. അന്തംവിട്ടു വാ പൊളിച്ചു നിന്ന അവര്‍ക്കുമുന്നില്‍ നിന്നും ഇറങ്ങി പോരുകയായിരുന്നു…മകനോട് ചോദിച്ചറിഞ്ഞു കാണും ആ മാതാപിതാക്കള്‍ സത്യമെന്താണെന്ന്.

അച്ഛന്‍റെ സമ്പാദ്യത്തില്‍ ജീവിതം ആഘോഷിക്കുന്ന സച്ചു എന്നവന് അച്ഛന്‍റെ ആജ്ഞ അനുസരിക്കയേ നിര്‍വ്വാഹമുണ്ടാവുകയുള്ളൂ. അവിടുന്നിറങ്ങി നേരേ പോയത് വിഷ്ണുവിന്‍റെ മുന്നിലേക്കായിരുന്നു. എന്‍റെ കല്യാണം തീരുമാനിച്ചു….മാമന്‍റെ ആ വൃത്തികെട്ട മകന്‍ സച്ചുവാ പയ്യന്‍…ഇനി ഈ നമ്പറുണ്ടാവില്ല…സീത എന്ന പെണ്ണും…

ആ പറഞ്ഞതില്‍ നിന്നും വിഷ്ണുവിന് എല്ലാം മനസ്സിലായിട്ടുണ്ടാവില്ലെങ്കിലും…അത്ര മതി…സ്നേഹിച്ചും മോഹിപ്പിച്ചും ആ പാവത്തിനെ വഞ്ചിച്ചുവെന്ന് വരരുത്. അങ്ങനെ ഒരുപാട് വേദനിപ്പിച്ചു ഞാന്‍ വലിച്ചെറിഞ്ഞ വിഷ്ണുവിന്‍റെ ശാപം കൂടി വീണിട്ടുണ്ടാവും ഈ സീതയുടെ തലയില്‍.

രാവിലെ ഉണര്‍ന്നു കുളിച്ചു അടുക്കളയില്‍ കയറി പുട്ടും കടലക്കറിയും ഉണ്ടാക്കി പാത്രത്തില്‍ അടച്ചു വെച്ചു. പ്രാതലും കഴിഞ്ഞു മാളുവും ഭര്‍ത്താവും പോകാനൊരുങ്ങുന്നത് കണ്ടു. ഞാന്‍ എന്തോ വല്ലായ്മ തോന്നിയിരുന്നതിനാല്‍ മുറിയില്‍ പോയി ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ മാളു കയറി വന്നു. ഒരു പാവം പെണ്ണാണവള്‍. മുന്നേ തന്നെ എന്നെ വല്യ ഇഷ്ടായിരുന്നു അവള്‍ക്ക്. പക്ഷേ ഒരിക്കലും ഞാനവളുടെ ചേട്ടത്തിയമ്മയായ് വരാന്‍ ആ മനസ്സ് കൊതിച്ചിട്ടുണ്ടാവില്ല. കാരണം അവളുടെ ഏട്ടനെ നന്നായിട്ടവള്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ലേ….?

ഒരു പെണ്ണിന്‍റെ മാനത്തിന് വില കല്‍പ്പിക്കാത്ത ഒരേട്ടനേയും ഒരു പെങ്ങള്‍ക്കും മനസ്സറിഞ്ഞ് സ്നേഹിക്കാനാവില്ല. സീതേച്ചി…അവള്‍ വന്നെന്‍റെ കൈ പിടിച്ചു…

ഏട്ടന്‍ ചെയ്ത അപരാധങ്ങള്‍ക്കെല്ലാം ഞാന്‍ മാപ്പു ചോദിക്കുന്നു….ഒന്നും തിരികേ തരാനാവില്ല എങ്കിലും…അച്ഛനുമമ്മയും പാവങ്ങളാ…എന്‍റെ ഏട്ടത്തിയമ്മ ഏട്ടനോടുള്ള ദേഷ്യമൊന്നും അവരോട് കാട്ടില്ലെന്നറിയാം എന്നാലും…

അവളുടെ മിഴികളില്‍ നനവു കണ്ടപ്പോള്‍ ഞാനെഴുന്നേറ്റ് അവളെ ചേര്‍ത്തു പിടിച്ചു. നീ സമാധാനത്തോടെ പൊക്കോളൂ…ഇടയ്ക്കിടെ വരേണം കേട്ടോ. അവളുടെ നെറ്റിയില്‍ ഒരുമ്മ കൂടി നല്‍കിയതോടെ തെളിഞ്ഞ മുഖത്തോടെ പെണ്ണ് യാത്ര പറഞ്ഞു പോയി.

പിറകേ കുളിച്ചു വേഷം മാറി സച്ചുവും പോയി. അടുക്കളയില്‍ പോയി ഉച്ച ഭക്ഷണമുണ്ടാക്കുനുള്ള പണി തുടങ്ങിയപ്പോള്‍ മാമി വന്നു. അവരുടെ മുഖത്തും കാണാനുണ്ട് വിഷാദം. സച്ചുവിന് അച്ഛന്‍റെ കൂട്ടുകാരന്‍ ഒരു വിസ ശരിയാക്കിയിട്ടുണ്ട് അതന്വേഷിക്കാന്‍ പോയതാ അവന്‍…

അവന്‍റെ തന്നെ നിര്‍ബന്ധം കൊണ്ടാ അച്ഛന്‍ അതിന് ശ്രമിച്ചത്. ഇനി ഞാന്‍ ആരേയും വേദനിപ്പിക്കുന്നതൊന്നും ചെയ്യില്ലാന്ന് എന്‍റെ തലയില്‍ കൈവെച്ചു സത്യം ചെയ്തിട്ടുണ്ട്. കുറച്ചു ലാളനകൂടി പോയതാ…ഞാനൊന്നും മിണ്ടാതെ ജോലിയില്‍ മുഴുകി.

മാമി കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു പോയി. എന്‍റെ ഹൃദയത്തിനേറ്റ മുറിവ് ഇപ്പോഴും അവിടെ കിടന്ന് നീറുന്നുണ്ട്. മറക്കാനും പൊറുക്കാനും മനുഷ്യനോളം കഴിവ് മറ്റാര്‍ക്കുമുണ്ടാവില്ല എങ്കിലും…എപ്പോഴെങ്കിലും എന്‍റെ മനസ്സൊന്ന് ശരിയാവട്ടെ…അതുവരെ ഇങ്ങനെ പോവും…

ഒരു പെണ്ണെന്നാല്‍ ശരീരം മാത്രമല്ലാ അതിനകത്തൊരു വേദനിക്കുന്ന മനസ്സു കൂടി ഉണ്ടെന്ന് അവനെങ്കിലും മനസ്സിലാക്കുന്ന കാലം വരെ ഞാന്‍ ഇങ്ങനെ തന്നെ ജീവിക്കും…അവനെ എന്നെങ്കിലും സ്നേഹിക്കാന്‍ കഴുയുമെങ്കില്‍ ആ കാലം വരെ….

തുടരും….

രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ