നാല് പെൺമക്കൾ
രചന: റിയ അജാസ്
കൂലിപ്പണിക്കാരനായ ആ ഉപ്പാക്ക് നാല് പെൺമക്കളായിരുന്നു …..
ചുറ്റും സഹതാപത്തോടെയുള്ള നോട്ടങ്ങളായിരുന്നു പണ്ടുമുതലേ …. നാട്ടുകാർക്കും വീട്ടുകാർക്കും …..
ആ മക്കളുടെ ഭാവിയെ കുറിച്ചുo വിവാഹത്തെക്കുറിച്ചും ആ നാട്ടുകാർ മൊത്തം ബേജാറായപ്പോഴും ആ ഉപ്പയും ഉമ്മയും സങ്കടപ്പെട്ടും പരിതപ്പിച്ചും ആരും കണ്ടിട്ടില്ല …..
മൂത്തപെൺകുട്ടി യെ 17 മത്തെവയസ്സിൽ പ്ലസ് ടു കഴിഞ്ഞ് പഠിക്കനായി കോളേജിൽ ചേർത്തപ്പോൾ നാട്ടുകാരും വീട്ടുകാരും മൊത്തം എതിർത്തു….
നിങ്ങൾക്ക് ഇത് എന്തിൻറെ കേടാണ് ഇക്കാ….താഴെ ഇനിയും മൂന്നെണ്ണം നിക്കല്ലേ ….ഇക്കൊല്ലം വെല്ല തയ്യലും പഠിക്കാൻ വിട്ട് അടുത്ത കൊല്ലം നിക്കാഹ് കഴിപ്പിച്ച് അയക്കാൻ നോക്ക് …..
ഉപദേശകർ പല രീതിയിൽ ഉപദേശിച്ചു …..
പക്ഷേ ആ ഉപ്പ അത് ഒന്നും ചെവി കൊണ്ടില്ല ….നന്നായി അധ്വാനിച്ചു ….. ഒരു പൈസ പോലും സാമ്പദിച്ച് വെച്ചില്ല …. കിട്ടുന്നത് മുഴുവൻ മക്കളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിച്ചു …..
മൂത്തമകൾ പഠിച്ച് കോളേജ് ലക്ചററായി ജോലി കിട്ടി …..
ആ സമയത്താണ് ആ ഉപ്പ വിവാഹാലോചനകൾ തുടങ്ങുന്നത് ….. ബിഎഡും എം എഡുo എല്ലാ ഡിഗ്രികളും ഉണ്ടായിട്ടും എന്തു കൊടുക്കും എന്ന ചോദ്യം വിവാഹ ആലോചനകളിൽ മുന്നിട്ട്നിന്നു ….
പ്രത്യേകിച്ച് ഒന്നും കൊടുക്കില്ല …..നല്ല വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട് ….ഒരു ജോലിയുഠ ഉണ്ട് …..ഇനി ഇതിൽ കൂടുതൽ ഒന്നും കൊടുക്കാനില്ല …..
അവളുടെ വിദ്യാഭ്യാസത്തിന് അനുസരിച്ച് ഒരാൾ വന്നാൽ കൊടുക്കും …..അതല്ലെങ്കിൽ വീട്ടിൽനിന്നു കൊള്ളും …വിൽക്കാൻ ഉദ്ദേശിക്കുന്നില്ല ….
വളരെ സാധുവായ കൂലിപ്പണിക്കാരനായ ആ മനുഷ്യൻറെ വാക്കുകൾ …..ആ നാട്ടിലെ പലർക്കും ഒരു ധിങ്കാരമായി തോന്നിയിരുന്നു …..
ഒന്നുമല്ലെലും നാല് പെൺകുട്ടികൾ അല്ലേ ഇത്രയും ആഹങ്കാരം പാടുണ്ടോ…..പലരും രഹസ്യമായും പരസ്യമായും പലവട്ടം ചോദിച്ചു …..
എന്നാലും ആ ഉപ്പ ആ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു …..
അങ്ങനെ മൂത്ത മകൾക്ക് ആ മനുഷ്യൻ ആഗ്രഹിച്ചത് പോലെ തന്നെ നല്ല വിദ്യാഭ്യാസമുള്ള ..ജോലിയുള്ള ഒരു പയ്യനെ കിട്ടി …..
ഇളയ മൂന്ന് പെൺകുട്ടികളുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയായിരുന്നു ആ ഉപ്പാക്ക്…..
പെൺമക്കളായതിൻറെ പേരിൽ ഒരിക്കലും അന്തിച് നിന്നില്ല ….
അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിന് രാപ്പകലില്ലാതെ അധ്വാനിച്ചു…..വിവാഹം എന്നത് അവസാനം മാത്രം ചിന്തിച്ചു …..അതും അവർക്ക് അനുയോജ്യരായവർ വന്നാൽ മാത്രം എന്ന് തീർത്തു പറഞ്ഞു …..
നാലു പെൺമക്കളുടെയും വിവാഹം കഴിഞ്ഞു….ആ ഉപ്പ ആഗ്രഹിച്ചതുപോലെ സന്തോഷമുള്ള ജീവിതം അവർക്ക് നേടിക്കൊടുത്തു …..
ഇന്ന് ആ നാട്ടിൽ ഏറ്റവും സന്തോഷത്തിൽ ജീവിക്കുന്ന മാതാപിതാക്കൾ അവരാണ് …..
ഒരിക്കൽ സഹതാപത്തോടെ ഈ നാല് പെൺമക്കളെ ഇവർ എന്ത് ചെയ്യുമെന്ന് കളിയാക്കിയവരും പരിഹസിച്ചവരും ഇന്ന് ആ ഉപ്പയുടെയും ഉമ്മയുടെയും ജീവിതത്തിൽ അസൂയപ്പെടുന്നുണ്ട് …..
ആ നാട്ടിൽ മൂന്നു ഉംറയും ഒരു ഹജ്ജും നിർവഹിച്ച മാതാപിതാക്കൾ അവർ മാത്രമാണ് ട്ടോ …..
പലരും തമാശയായി പറഞ്ഞു കേട്ടിട്ടുണ്ട് …വർഷത്തിൽ ഞങ്ങൾക്കെല്ലാം രണ്ടുതവണയാണ് പെരുന്നാളെന്ന്…..എന്നാൽ അലിയാര് ഇക്കയുടെ വീട്ടിൽ പെൺമക്കൾ വരുന്ന എല്ലാ ആഴ്ചകളിലും പെരുന്നാൾ ആണെന്ന് ….
അത് സത്യമാണ് …..മക്കൾ നാലുപേരും അവരുടെ വീട്ടിൽ ഒത്തുകൂടുന്ന ദിവസം ആ വീട്ടിൽ ഒരു പെരുന്നാളിന്റെ ആരവമാണ് …..മക്കൾ മരുമക്കൾ പേരക്കുട്ടികൾ അങ്ങനെ നിറയെ ആളുകൾ …..
അടുക്കളയിൽ നിന്നും പലത്തരം വിഭവങ്ങളുടെ കൊതിയൂറുന്ന മണം ……
നേരംപുലരുവോളം നീളുന്ന വർത്തമാനങ്ങളുo…..കൈകൊട്ടി പാട്ടും ….. ചിരിയും കളിയും….
മക്കൾ വിരുന്ന് കഴിഞ്ഞ് തിരിച്ചു പോയാൽ പിന്നെയും ആ വീട് നിശബ്ദമാണ്…..പിന്നെ കാത്തിരിപ്പാണ് മക്കളുടെയും പേരക്കുട്ടികളുടെ അടുത്ത വരവിന് വേണ്ടി …..
ഒരു അച്ഛൻ കിളിയും അമ്മക്കിളിയുo കാത്തിരിക്കാൻ ആ കൂട്ടിൽ ഉള്ളടത്തോളം കാലം തിരികെ ആ കൂട്ടിലേക്ക് എത്രയും നേരത്തെ പറന്നെത്താനാണല്ലോ ആ പെൺമക്കളും കൊതിക്കുന്നുണ്ടാവുക ….