കവലയിൽ അശോകേട്ടന്റെ കൂടിരുന്നു ചീട്ടു കളിക്കുന്ന സമയങ്ങളിൽ ആ പയ്യനും വന്നിരിക്കാറുണ്ട്…

നിയോഗം

രചന: ആമ്പൽ സൂര്യ

“”എട്ടൊന്നിലെ രമേശനെ പോലീസ് പിടിച്ചത്രേ…….””

രാവിലെ കണ്ണ് തുറന്നപ്പോൾ കേൾക്കുന്നത് ഉമ്മറത്തേക്കോടി വന്നു കുഞ്ഞെറുക്കൻ അച്ഛനോട് പറയുന്നതാണ്….

“എന്റെ ഈശ്വരാ….. അതൊരു ചെറിയ കുട്ടിയല്ലെ…. കുഞ്ഞെറുക്കാ….”

“അതെ തമ്പ്രാ……. പന്ത്രണ്ടോ പതിമൂന്നോ വയസ്സ്…….”

“എന്തായിപ്പോൾ ആ കുട്ട്യേ പിടിക്കാൻ കാരണം…”.

“മോഷണം…….”

“മോഷണോ…….”

അച്ഛൻ വീണ്ടുമൊന്ന് ചോദിച്ചു….

“അതെ തമ്പ്രാ നമ്മുടെ മമ്മതിന്റെ മോളുടെ നികാഹ് ആയിരുന്നല്ലോ ഇന്നലെ ചെക്കന്റെ വീട്ടിൽ നിന്നെ മഹർ കൊണ്ടു വന്ന സ്വർണ്ണ നാണയം……. അവര് കെട്ട് നന്നായി കഴിയട്ടെന്നും കരുതി ആരോടും പറഞ്ഞില്ല …എല്ലാം കഴിഞ്ഞു എല്ലാരും വീടൊഴിഞ്ഞു പോയപ്പോളാണ് മോഷണക്കാര്യം പുറത്ത് വരുന്നത്…..”””

“”കൊച്ചെറുക്കൻ പൊക്കോളൂ.. ഞാനൊന്നു മമ്മതിന്റെ വീട് വരെ പോയേച്ചും വരാം…..””

“സാവിത്രി ആ കുട…..”

പറഞ്ഞു തീർന്നില്ല അകത്തു നിന്നും അമ്മ കുടയുമായ് ചെന്നു ……..

അച്ഛൻ പോകുന്നതും നോക്കിയാ ജനൽ പാളിയിൽ പിടിച്ചിരുന്നു…….

രമേശൻ….. അവനെക്കുറിച്ചായിരുന്നു ചിന്ത….എന്തോ മനസ്സിനൊരാശ്വാസവും തോന്നുന്നില്ല…..കവലയിൽ അശോകേട്ടന്റെ കൂടിരുന്നു ചീട്ടു കളിക്കുന്ന സമയങ്ങളിൽ ആ പയ്യനും വന്നിരിക്കാറുണ്ട്…..ഇടക്കൊക്കെ ഞങ്ങൾ ചായയൊ മറ്റോ വാങ്ങുമ്പോൾ കൊതിയോടെ നോക്കി ഇരിക്കുന്നവനെ കണ്ടിട്ടുമുണ്ട്…….അശോകേട്ടൻ അവനും ചായ വാങ്ങി നൽകുന്നതും ആർത്തിയോടെ മോന്തുന്നതുമെല്ലാം കണ്ട് കണ്ണ് തള്ളിട്ടുണ്ട്…..ഉള്ളിലിരുന്നാരോ പറയുന്നു അവൻ കള്ളനല്ലന്ന്….

വീട്ടിൽ നിന്നിറങ്ങി നടക്കുമ്പോളും മനസ്സിൽ അത്‌ തന്നെയുരുവിട്ട് കൊണ്ടിരുന്നു….നേരെ ചെന്നത് ആലിഞ്ചോട്ടിലാണ് ഇന്നത്തെ വിഷയം രമേശൻ തന്നെ…..

“മഹി…. നീയറിഞ്ഞോ…..”

“അറിഞ്ഞു അശോകേട്ട….. കേട്ടത് സത്യാണോ….”.

“ആണെന്നും അല്ലെന്നും…..എനിക്കറിയില്ല മഹി…. എനിക്കുറപ്പാ അവനത് ചെയ്യില്ലെന്ന്…..”അശോകേട്ടൻ കട്ടായം പറഞ്ഞു..

“അല്ലെങ്കിലും അശോകന് അവനോടൊരു സഹതാപം ഉണ്ട്……””. മഹിയോടായി അവിടെയുള്ളവർ പറഞ്ഞു……

“നിക്കാഹിന് കൊടുത്തത് ആയത്കൊണ്ടാണ് അവരൊന്നും ആദ്യം പുറത്താക്കാതിരുന്നതെന്നു…..മമ്മതിക്കയുടെ വീടിന്റെ അടുക്കള വാതിലിനു പുറത്തൂടി പമ്മിയിറങ്ങി വരുന്നവനെ എല്ലാരും ചേർന്ന് കയ്യോടെ പൊക്കി…….പോലീസ് കൊണ്ടോയിട്ടുണ്ട്…… അതറിഞ്ഞാ ചെക്കന്റെ തള്ള കുഴഞ്ഞു വീണെന്നോ എല്ലാരും കൂടി പൊക്കിക്കൊണ്ട് ആസ്പത്തിരിക്ക് പോയേക്ക….. അവരുടെ കാര്യം കഷ്ട……..ഈ ചെക്കന് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ…”” പലരും പലതും പറഞ്ഞു……..

നടന്നൊടുവിൽ മമ്മതിക്കയുടെ പുരെടെ മുന്നിലെത്തി…..

അച്ഛൻ ഉമ്മറത്തു തന്നെയുണ്ട്……

“”എന്നാലും മമ്മതെ വീടൊക്കെ അരിച്ചു പെറുക്കിട്ട് വേണ്ടായിരുന്നോ ഒരുത്തന്റെ മേലേ പഴി ചാരാൻ…..””

“”അത്‌……ബാല ഞമ്മള്……””

“”മതി ഇനിയിപ്പോൾ എന്ത്‌ പറഞ്ഞിട്ടെന്താ കാര്യം എല്ലാം കഴിഞ്ഞില്ലേ…….””

“എന്താ……. അക്ബറിക്ക…..”

“എന്റെ മഹി സ്വർണ്ണം കിട്ടി….. ആ കട്ടിലിന്റെ മൂട്ടിൽ കിടപ്പുണ്ടായിരുന്നു…. ആ ചെക്കൻ വിശന്നിട്ടു ഇത്തിരി ബിരിയാണിയാ എടുത്തത്…. എല്ലാ ഹമുക്കുകളും കൂടി അതിനെ കള്ളനും ആക്കി…. ഇപ്പോൾ ദേ യത്തീമും ആയി……അവന്റെ ഉമ്മ മയ്യത്തായിന്ന്….. ഇനി ആരോടാ പറയേണ്ടത്………””

“മഹി…..”

പെട്ടെന്നാണ് അച്ഛൻ വിളിച്ചത്…..

“എന്റെ കൂടെ വാ……..”

അച്ഛന്റെ കൂടെ നടക്കുമ്പോൾ എങ്ങോട്ടാണെന്ന് ചോദിക്കാൻ പറ്റിയില്ല….നടത്തം അവസാനിച്ചത്…. രമേഷിന്റെ ഒറ്റ മുറി വീട്ടിലാണ്…..അമ്മയുടെ വിറങ്ങലിച്ച ശരീരത്തിൽ വീണ് താൻ നിരപരാധിയാണെന്ന് കരഞ്ഞു പറയുന്ന കൊച്ചു പയ്യൻ…….

അന്ത്യകർമ്മങ്ങളൊക്കെ വേഗം കഴിച്ചു….. ഒടുവിലാ ചിതക്ക് മുന്നിൽ നിൽക്കുന്നവനെ കണ്ടപ്പോൾ ഉള്ളു പിടഞ്ഞു…….

അവന്റെ കൈ പിടിച്ചു അച്ഛന്റെ കൂടെ മംഗലത്തെ പടിപ്പുര കയറുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു….. കള്ളനെന്ന് വിളിച്ചവനെ നാളെയൊരു പോലീസാക്കണമെന്ന്………

പതിമൂന്ന് വർഷങ്ങൾക്കിപ്പുറം…….കള്ളനെ പിടിക്കുന്ന പോലീസായ് നാട്ടിലെ സ്റ്റേഷനിൽ ചാർജ് എടുത്തവനെ കണ്ടപ്പോൾ ഏട്ടനെന്ന നിലക്ക് സന്തോഷം മാത്രമല്ല തോന്നിയത്……കള്ളനെന്ന പേരിൽ നിന്നും ഉയർത്തു വന്നവനെയോർത്തു അഭിമാനമാണ്……….

അതെ അവൻ കള്ളൻ ആണ്….. ആയിരുന്നു….. വിശപ്പിന് വേണ്ടി കള്ളൻ ആയവൻ…..ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നമ്മുടെ മുന്നിൽ കൈ നീട്ടുന്നവരുണ്ട്…. ചിലപ്പോൾ കിട്ടാതെ വരുമ്പോൾ മോഷ്ടിക്കുന്നവർ അറിഞ്ഞു കൊണ്ടാവില്ല പട്ടിണി അത്രമേൽ അവരെ കാർന്ന് തിന്നിട്ടുണ്ടാകും…….

ശുഭം…..