പ്രണയത്തെ കുറിച്ച് ഒരു വാക്ക് പോലും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ല, എങ്കിലും ഉള്ളിലെ ഇഷ്ടം…

എന്റെ നാരായണിക്ക്…

രചന: ശിവ

“”ഹലോ മാഷേ ഇങ്ങനെ ബഷീറും നാരായണിയും ആയാൽ മതിയോ നമുക്കൊന്ന് നേരിൽ കാണണ്ടേ …. കുറച്ചു കാലമായുള്ള മനസ്സിലെ ആഗ്രഹം അവളവനോട് ചോദിച്ചു..

“””നമ്മൾ കണ്ടിട്ടില്ലേ..??

“”അത് ഫോട്ടോയിൽ അല്ലേ.. നേരിട്ട് ഒന്ന് കാണണ്ടേ..??

“”അത് വേണോ.. അതിന്റെ ആവശ്യമുണ്ടോ നാരായണിയെ..?? അത് കേട്ടവൾ പുഞ്ചിരിച്ചു..

“”ഉണ്ട് ബഷീറേ.. കാലങ്ങൾ ആയുള്ള എന്റെ ഈ സൗഹൃദത്തെ എനിക്കൊന്ന് നേരിൽ കാണണം..ഒരേ ഒരു വട്ടം വന്നൂടെ..

“””വരാം സമയമായില്ല പെണ്ണേ..

“”ഇത് കുറെ ആയി കേൾക്കുന്നു.. ഫോട്ടോ ചോദിച്ചപ്പോളും ഇങ്ങനെ തന്നെ ആയിരുന്നു..ഒടുക്കം എന്റെ ശല്യം സഹിക്കാതെ ആണല്ലോ എനിക്ക് ഫോട്ടോ തന്നത്..അല്ല എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ എല്ലാത്തിനും ഇങ്ങനെ സമായാവട്ടെ എന്നും പറഞ്ഞു സമയം നോക്കി ഇരിക്കാൻ നിങ്ങൾ ആരാണ് ജ്യോൽസ്യനോ..?? പരിഭവം കലർത്തിയവൾ ചോദിച്ചു..മറുപടി ഒരു പൊട്ടിച്ചിരി മാത്രം ആയിരുന്നു..

“”ഓ ഒരു ഓഞ്ഞ ചിരി.. മാഷേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ എന്ന് കാണാം പറ്റുമെന്ന് പറ..

“”ദേഷ്യപ്പെടാതെ എന്റെ നാരായണിയെ.. അധികം വൈകാതെ നമുക്ക് കാണാം പോരെ..

“”ങ്ങേ വാക്കാണോ..??

“”വാക്ക്.. പോരെ..

“””മതിയേ..

“”എന്നാൽ എന്റെ നാരായണി ചെല്ല് എനിക്കിത്തിരി പണിയുണ്ട്..

“”ഇപ്പോൾ വെക്കണോ ബഷീറേ.. കുറച്ചു നേരം കൂടി സംസാരിച്ചിട്ട് പോരെ..

“”വെച്ചിട്ട് പോടീ പിശാശ്ശെ ഞാൻ പിന്നെ വിളിക്കാം എന്നും പറഞ്ഞു അവൻ കോൾ കട്ട്‌ ആക്കി..

ഒരു മഴയുടെ അകമ്പടിയോടെ ഓർമ്മകൾ അവളെ തേടിയെത്തി..മകളെ സ്നേഹിക്കാൻ നേരമില്ലാതെ കാഷിന് പിന്നാലെ പായുന്ന അച്ഛനും അമ്മയ്ക്കും ഇടയിൽ കിടന്നു സ്നേഹം കൊതിച്ചൊരു ബാലിക..അവൾ വളർന്നു വലുതായപ്പോളും അവൾ ആഗ്രഹിച്ച സ്നേഹം മാത്രം വിദൂരത്തായിരുന്നു..അവളുടെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത കുടുംബത്തിൽ ഒരു അന്യയെ പോലെ കഴിയേണ്ടി വന്നതിനിടയിൽ ആണ് ഫേസ്ബുക്കിലുടെ അവനെ പരിചയപ്പെടുന്നത്..സ്നേഹത്തെ കുറിച്ച് വാനോളം പുകഴ്ത്തിയുള്ള അവന്റെ കഥകളും കവിതകളും വായിക്കുമ്പോൾ തനിക്ക് കിട്ടാതെ പോയ സ്നേഹം കിട്ടിയ ഫീൽ ആയിരുന്നു….ഒരൽപ്പം മടിയോടെ എങ്കിലും അപരിചിതനായ ആ വ്യക്തിക്ക് ഞാനൊരു മെസ്സേജ് അയച്ചു..വൈകാതെ മറുപടി കിട്ടി ..

പിന്നെ അയാളുടെ എഴുത്തുകളെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി മെസ്സേജ് അയച്ചു ഒടുവിൽ അതൊരു സൗഹൃദത്തിൽ എത്തി..എങ്കിലും അയാൾ അപ്പോഴും എനിക്ക് അജ്ഞാതൻ ആയിരുന്നു..എന്റെ പ്രൊഫൈൽ ഫോട്ടോകളിലൂടെ അയാൾ ആണെങ്കിൽ എന്നെ കണ്ടിട്ടും ഉണ്ടാവും..അങ്ങനെ ആ അജ്ഞാതനെ കളിയാക്കി ഞാൻ ബഷീർ എന്നും അയാൾ എന്നെ നാരായണി എന്നും വിളിച്ചു തുടങ്ങി..ഒടുക്കം ആ സൗഹൃദം എന്നിൽ പ്രണയം ഉണർത്തിയോ എന്നൊരു സംശയം..അവനോടു മിണ്ടാതെ ഇരിക്കാനോ , അവനില്ലാതെ ഇരിക്കാനോ പറ്റില്ല എന്നൊരു അവസ്ഥ..ഇതുവരെ അവനോട് ഇത് തുറന്നു പറഞ്ഞിട്ടില്ല..പ്രണയത്തെ കുറിച്ച് ഒരു വാക്ക് പോലും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ല….എങ്കിലും ഉള്ളിലെ ഇഷ്ടം അവനെ നേരിട്ട് അറിയിക്കണം..അതുമവന്റെ മുഖത്ത് നോക്കി പറയണം..അതിനാണ് നേരിൽ കാണാൻ അവനോടു ആവശ്യപ്പെട്ടത്..അങ്ങനെ മഴ പെയ്തു തോർന്നതും ഓർമ്മകളിൽ നിന്നും അവൾ ഉണർന്നു..

ദിവസങ്ങൾ പിന്നെയും കടന്ന് പോയി.അതിനിടയിൽ അവൻ നേരിൽ കാണാമെന്നു സമ്മതിച്ചു ഡേറ്റ് ഫിക്സ് ചെയ്തു..

ആ ദിവസം വന്നെത്തി കുളിച്ചു വന്നു ഈറൻ മുടി തോർത്തി ഉണക്കി..അവന് പ്രിയപ്പെട്ട കറുപ്പ് കളർ ചുരിദാർ അണിഞ്ഞു..കണ്ണിൽ കരിമഷി എഴുതി നെറ്റിയിൽ കുഞ്ഞു വട്ട പൊട്ടും കുത്തി പതിവിലും സുന്ദരിയായി അവനെ കാണാനായി പുറപ്പെട്ടു..അവിടെത്തി ചേർന്നു കുറെ സമയം കാത്തു നിന്നിട്ടും അവൻ വന്നില്ല..നിരാശയോടെ വീട്ടിലേക്ക് അവൾ മടങ്ങി..വീട്ടിൽ എത്തിയപാടെ അവൾ റൂമിനുള്ളിലേക്ക് പോയി..കുറച്ചു സമയം കഴിഞ്ഞതും മുറ്റത്തൊരു ആംബുലൻസ് വന്നു നിന്നു..ഭയത്തോടെ ഓടി കിതച്ചു മുറ്റത്തു വന്നു നിൽക്കുമ്പോൾ ആംബുലൻസിനുള്ളിൽ നിന്നും ഒരു ബോഡി ഇറക്കുന്നു പിന്നാലെ അച്ഛനും അമ്മയും ഇറങ്ങുന്നു..ഞാൻ ആ ബോഡിയിലേക്ക് സൂക്ഷിച്ചു നോക്കി എന്റെ മുഖം..ഒരു നിമിഷം ഞെട്ടി തരിച്ചു പോയി.. ഒരിക്കൽ കൂടി നോക്കിയ ശേഷം അതിനടുത്തേക്ക് ഓടിയെത്തി..

“”ഇത് ഞാനല്ല.. ഞാനല്ല എന്ന് ഞാൻ ഉറക്കെ പറഞ്ഞു.. പക്ഷേ ആരും കേട്ടില്ല..കരഞ്ഞു തളർന്നു നിൽക്കുന്ന അച്ഛനെയും അമ്മയെയും വാരി പുണരാൻ നോക്കി എനിക്ക് കഴിയുന്നില്ല..അതിനിടയിൽ ആരോ പറയുന്നത് കേട്ടു റോഡ് ആക്‌സിഡന്റ് ആയിരുന്നു എന്ന്..അതിനർത്ഥം ഞാൻ. ഞാൻ മരിച്ചു പോയിരിക്കുന്നു..വിതുമ്പലോടെ അവൾ മുറ്റത്തേക്ക് തളർന്നിരുന്നു..അവളുടെ കണ്ണീരിനൊപ്പം മഴയും കണ്ണീർ വാർത്തു..

അവനെ ഇനി ഒരിക്കലും കാണാൻ കഴിയില്ല, തന്റെ ഇഷ്ടം അവനൊരിക്കലും അറിയാനും പോവുന്നില്ല..എന്തിനാ ദൈവമേ എന്നോട് ഈ ക്രൂരത കാട്ടിയത്..അവളുടെ തേങ്ങലുകൾ അവിടെ നിറഞ്ഞു..ഒരു രാത്രി മുഴുവൻ പാട്ടും പ്രാത്ഥനയുമായി കഴിഞ്ഞു പോയി..എല്ലാം കണ്ടു കൊണ്ട് മൂകയായി അവൾ അവിടെ ഉണ്ടായിരുന്നു..ആർക്കും കാണാൻ കഴിയാതെ അദൃശ്യയായി ..നേരം പുലർന്നു..അടക്കിനുള്ള സമയം ആയതും പള്ളിയിൽ നിന്നും അച്ഛൻ വന്നു പ്രാത്ഥിച്ചു അവളുടെ ശരീരം വീട്ടിൽ നിന്നും എടുത്തു….കൂട്ട നിലവിളികൾ ഉയർന്നു..ഒടുവിൽ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ ഓരോ പിടി മണ്ണിനൊപ്പം എന്നെ അടക്കം ചെയ്തു..ഇനി അവിടെ ഞാനും എന്നെപോലെ ഉള്ള കുറച്ചു ആത്മാക്കളും മാത്രം….എല്ലാവരും ചടങ്ങ് പൂർത്തിയാക്കി മടങ്ങുന്നത് വേദനയോടെ ഞാൻ നോക്കി നിന്നു..ഇതിനിടയിൽ ചടങ്ങിന് വന്ന ആൾക്കൂട്ടത്തിന് ഇടയിൽ കണ്ണുകൾ അവനെ തിരഞ്ഞിരുന്നു പക്ഷേ നിരാശയായിരുന്നു ഫലം..ഒരു തളർച്ചയോടെ കല്ലറക്കരുകിൽ ഇരുന്നവൾ കണ്ണീർ വാർത്തു കൊണ്ടിരുന്നു..പെട്ടെന്ന് കുറച്ചു റോസാപൂക്കളും ഒരു ഗിഫ്റ്റു ബോക്സും അതിന് മുകളിലായി ആരോ വെച്ചു..അവൾ മുഖം ഉയർത്തി നോക്കി..ആ കണ്ണുകൾ വിടർന്നു..താൻ കാണാൻ കൊതിച്ച മുഖം..

പക്ഷേ ഫോട്ടോയിൽ കണ്ടപോലെ അല്ല..ക്ഷീണിച്ച ശരീരം..കണ്ണുകൾ ആകെ കുഴിഞ്ഞു അകത്തേക്ക് ആയിരിക്കുന്നു. തലയിൽ മുടിയില്ല..എന്തൊരു കോലമാണിത്..എന്തായാലും ഒടുക്കം അവൻ തന്റെ മുന്നിൽ എത്തിയല്ലോ ..ആവേശത്തോടെ അവളവനെ കെട്ടി പിടിക്കാൻ ചാടി എഴുന്നേറ്റു ശ്രമിച്ചു..താൻ ഒരാത്മാവ് ആണെന്നും അവന് തന്റെ രൂപമോ ശബ്ദമോ കേൾക്കാൻ കഴിയില്ലെന്നും അവൾ മറന്നു പോയിരുന്നു..ഒടുക്കം കണ്ണീർ വാർത്തവൻ കല്ലറയിൽ ചുംബിച്ചു മടങ്ങി പോവുമ്പോൾ തടയാൻ കഴിയാതെ അവൾ നോക്കി നിന്നു..തന്റെ കണ്ണുകളിൽ നിന്നും അവൻ മാഞ്ഞപ്പോൾ അവൻ വെച്ച ഗിഫ്റ്റ് ബോക്സിലേക്ക് അവൾ സൂക്ഷിച്ചു നോക്കി..അതിന് മുകളിൽ ഒരു കടലാസ്സിൽ എന്തോ എഴുതിയിരിക്കുന്നു….അവളത് വായിച്ചു തുടങ്ങി….

“”എന്റെ നാരായണിക്ക് വിധി എന്നെ തോൽപിച്ചു..ആദ്യം നിന്നെ എന്നിൽ നിന്നും പറിച്ചെടുത്തു..പക്ഷേ ഞാനൊരിക്കലും നിന്നെ വിട്ടു പോവില്ല..വൈകാതെ തന്നെ ഞാനും വരും നിന്റെ ലോകത്തേക്ക്..ഇനി അതിന് വേണ്ടിയുള്ള നിമിഷങ്ങൾ എണ്ണി കഴിയാൻ ഡോക്ടർ വിധി എഴുതി കഴിഞ്ഞു ..

വിധിയെ മറികടക്കാൻ കീമോക്കും കഴിയാതെ പോയി…..ഈ കാലമത്രയും അടക്കി പിടിച്ച വേദനകളിലും സങ്കടങ്ങളിലും എനിക്ക് സ്നേഹം പകർന്നത് നീയായിരുന്നു..നിന്റെ ചിരിയും കളിയും എനിക്കുള്ള മരുന്നായി മാറി….ജീവിക്കാൻ കൊതിയായിരുന്നു….ഒടുക്കം അവസാന പ്രതീക്ഷയും കൈവിട്ടു എന്നറിഞ്ഞപ്പോൾ ആണ് അവസാനമായി നിന്നെ ഒന്ന് കാണാൻ കൊതിച്ചത്..പക്ഷേ അവിടെയും വിധി എന്നെ തോൽപിച്ചു..എന്നാലും ഞാൻ ജയിക്കുക തന്നെ ചെയ്യും….ഈ ലോകത്ത് നഷ്ടമായ നിന്നെ ഞാൻ ആത്മാക്കളുടെ ലോകത്ത് നേടിയിരിക്കും..

നീ എനിക്ക് അത്രയേറെ പ്രിയപ്പെട്ടവൾ ആണ്….വിലമതിക്കാൻ ആവാത്ത സൗഹൃദത്തിനും അപ്പുറം….അവളത് വായിച്ചു തീർന്നതും വായിച്ചു തീർന്നതും ഒരു കാറ്റ് വീശി….ആ കാറ്റിൽ കടലാസ് പറന്നുയർന്നു പോയി..അതിനൊപ്പം അവളും എവിടേക്കോ മാഞ്ഞു പോയി……ഒരു പക്ഷേ അവന്റെ വരവിനെ കാത്തവൾ ആത്മാക്കളുടെ ലോകത്തേക്ക് പോയതാവാം….അല്ലെങ്കിൽ തന്റെ പ്രിയപ്പെട്ടവനരികെ പോയതാവാം….കാണാമറയത്തിരുന്നു അവനെ പ്രണയിക്കുന്ന അവന്റെ സ്വന്തം നാരായണിയായി…..