നേർത്ത ഇരുൾ വീണ മുറിയിൽ ഒരറ്റത്തായി ഇരിക്കുന്നവളിൽ നിർവികാരതയായിരുന്നു….

സിത്താര

രചന: ദേവ സൂര്യ

“”അറിഞ്ഞില്ലേ രാജകുമാരി സിത്താരക്ക് നിക്കാഹ്….പല നാട്ടിൽ നിന്നും വരുന്ന രാജകുമാരന്മാരിൽ നിന്ന് ഒരുവനിൽ നിന്ന് മഹറ് സ്വീകരിച്ച് വരനായി തിരഞ്ഞെടുക്കുമെത്രെ….””

കവലയിലെ മരച്ചോട്ടിൽ ഇരുന്ന നാലവർ സംഘത്തിൽ നിന്നുയർന്ന വാർത്ത കാട്ടുത്തീ പോലെ ദേവരാസി സാമ്രാജ്യത്തിൽ പടർന്നു….കൗതുകത്തിനപ്പുറം ആഘോഷം പോലെ ചിലർ നാടാകെ പറയുമ്പോൾ… ചിലരുടെ മുഖം വിഷാദത്താൽ താണിരുന്നു…രാജകുമാരി സിത്താര അവർക്കിടയിൽ പലർക്കും തന്റെ മകളെ പോലെയായിരുന്നു…സിത്താരക്കൊപ്പം സേഷാനും അവർക്ക് പ്രിയപെട്ടവനായിരുന്നു…പലരും ആ അത്തറിന്റെ മണമുള്ള ആൽത്തറയിലേക്ക് നെടുവീർപ്പോടെ നോക്കി നിന്നു…

നേർത്ത ഇരുൾ വീണ മുറിയിൽ ഒരറ്റത്തായി ഇരിക്കുന്നവളിൽ നിർവികാരതയായിരുന്നു… കണ്ണിൽ നിന്നുരുണ്ടു വീഴുന്ന നീർതുള്ളികൾ മാത്രം എന്തെല്ലാമോ വാചാലമാവുന്നുണ്ട്… മിഴികൾ മെല്ലെയുയർത്തി കൈ എത്തിച്ച് മേശമേൽ ഇരുന്ന ക്യാൻവാസ് എടുത്തു… ഛായക്കൂട്ടുകളാൽ കടഞ്ഞെടുത്ത ആ മുഖത്ത് നീണ്ടു മെലിഞ്ഞ വിരലുകളാൽ തലോടി… രണ്ടിറ്റ് കണ്ണുനീർ ആ പുഞ്ചിരിക്കുന്ന മുഖത്തേക്ക് ചിന്നി ചിതറി….നേർത്ത വിങ്ങലോടെ അവൾ കഴിഞ്ഞു പോയ കാലം ഓർത്തെടുത്തു…

ചെറുപ്പം മുതൽക്കേ ഉപ്പയോടൊപ്പം നാട് കാണാൻ പോകുന്നത് ഒരു വിനോദമായിരുന്നു സിത്താരക്ക്… പ്രശ്ചന്ന വേഷത്തിൽ ഉപ്പയോടൊപ്പം ആദ്യമാധ്യം നടന്നത് പിന്നീട്.. നാളുകൾക്ക് ശേഷം ഒറ്റക്ക് ആരുമറിയാതെ രാജകുമാരിയിൽ നിന്ന് വേഷം പാടെ മാറി ഒരു കാക്കാത്തി പെണ്ണിനെ പോലെ ഊര് ചുറ്റി നടക്കും…ഉമ്മയില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന അവൾക്ക് ഊരുചുറ്റൽ വലിയൊരാശ്വാസമായിരുന്നു… രാജ്യത്തെ ജനങ്ങളുടെ സുഖവിവരം അറിയാൻ സദാനേരവും തിരക്കിലായിരുന്ന സുൽത്താൻ പലപ്പോഴും അവളെ പറ്റി ചിന്തിക്കാറില്ലായിരുന്നു…

നിറക്കൂട്ടുകൾ ചാലിച്ച് ക്യാൻവാസിൽ അന്ന് കണ്ടത് പടർത്താൻ അവൾക്ക് വലിയ ഇഷ്ട്ടമായിരുന്നു… കൈ നോക്കി ഭാവി പറഞ്ഞ ചിലരുടെ മുഖം ഒപ്പിയെടുത്ത് പിന്നീട് ചെല്ലുമ്പോൾ സമ്മാനമായി കൊടുക്കുമായിരുന്നു അവൾ… വയസ്സായ അമ്മമാരുടെ കൈ നോക്കി കൊഞ്ചി പറയുന്നതോടൊപ്പം… ചുളിവ് വീണ ആ കൈകളിൽ കുസൃതി കാണിക്കുമായിരുന്നു അവൾ…. കുഞ്ഞി മക്കളുടെ കൂടെ കൊത്തക്കല്ല് കളിച്ചും… വൃദ്ധർക്ക് കമ്പിളി പുതപ്പ് തുന്നി കൊടുത്തും ആഴ്ചയുടെ അവസാനം അവളൊരു വിരുന്നുകാരിയായിരുന്നു അവിടെ…

സുൽത്താന്റെ ഹൂറിയെയും മകളെയും പറ്റി വെറും കേട്ടറിവ് മാത്രം ഉണ്ടായിരുന്ന ജനങ്ങൾക്ക് മകളുടെ പേര് സിത്താര എന്ന് മാത്രമേ അറിയുകയുണ്ടായിരുന്നുള്ളു…

“”സുൽത്താൻ ഹാഷിഫ് സാഹിബിന്റെ മകൾ സിത്താര നല്ല സുന്ദരിയാണത്രെ…”” ആരും കാണാത്ത സുൽത്താന്റെ മകളെ പറ്റി അവളോട് തന്നെ അടക്കം പറയുന്ന അമ്മമാരുടെ വാക്കുകൾ കേൾക്കുമ്പോൾ അവൾ കുസൃതിയോടെ ചിരിക്കും…

“”എല്ലാവരുടേം കൈ നോക്കി കളവ് പറയുന്ന കാക്കാത്തി പെണ്ണിന്റെ കൈ ഞാൻ ഒന്ന് നോക്കിയാലോ…””

ഒരിക്കൽ ആഴ്ചയവസാനം നാട് ചുറ്റാൻ എത്തിയപ്പോൾ…ആൽത്തറയിൽ ഇരുന്ന് കൂട്ടുകാരികളോട് സൊറ പറയുന്നതിനിടയിലാണ് ആ സ്വരം ചെവിയിലെത്തിയത്…പിടപ്പോടെ ചുറ്റും നോക്കിയപ്പോൾ… തലയിൽ പലവർണ്ണങ്ങളാൽ കെട്ടിയ തലപ്പാവ് ആണ് ആദ്യം കണ്ണിലുടക്കിയത്… മീശ പിരിച്ചു തന്നെ നോക്കുന്ന മുഖം കാൺകെ കണ്ണൊന്ന് കുറുകി…

“”കാക്കാത്തി പെണ്ണ് കളവ് പറയാൻ പാടില്ല എന്നാണ് തത്വം…ഈ ഞാനും…””അവൾ തലവെട്ടിച്ച് ആ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കി…

“”എങ്കിൽ ഞാനൊന്ന് ശ്രമിക്കുന്നതിന് തെറ്റുണ്ടോ??…””അവന്റെ മറുചോദ്യം കേൾക്കെ ആ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാതെ കൈകൾ നീട്ടി…

“”ഹ്മ്മ്മ്മ്മ്… ഛായക്കൂട്ടുകളാൽ മാനത്തെ സിത്താരങ്ങളെ പോലും വിസ്മയിപ്പിക്കുന്നവൾ… സിത്താര…””

ഞെട്ടലോടെ കൈകൾ പിൻവലിച്ചു പിടപ്പോടെ അയാളെ നോക്കുമ്പോളേക്കും…ചെറുപുഞ്ചിരിയോടെ മീശ പിരിച്ചു നടന്നകന്നിരുന്നു….

“”സേഷാൻ അഹ്‌മദ്‌ കാസിം””… മറുനാട്ടിൽ നിന്ന് അത്തർ വിൽക്കാൻ വരുന്നവൻ… റജബിന്റെ അവസാന ചന്ദ്രോദയത്തിന് തെക്ക് നിന്ന് കപ്പൽ കടന്ന് വരും… ആഘോഷമാസമായ റമദാനും കഴിഞ്ഞ് ഭാണ്ടകെട്ടുമായി എങ്ങോട്ടോ പോകുന്നത് കാണാം…

അന്വേഷിച്ചറിഞ്ഞത് കേട്ടപ്പോൾ നേരിയ കൗതുകം തോന്നി…ആ രാവിൽ കൗതുകത്തോടെ ഛായകൂട്ടുകളാൽ ആ മുഖം ക്യാൻവാസിൽ ഒപ്പിയെടുത്തു…കണ്ണിൽ നേർത്ത തിളക്കം കണ്ടപ്പോൾ അവളുടെ ചുണ്ടിൽ നേർത്ത പുഞ്ചിരി വിരിഞ്ഞു…

“”ഓയ് സേഷാൻ….””

പിറ്റേന്ന് ആൽത്തറയിൽ അത്തർ വിൽക്കാനായി ഇരിക്കുന്നവനെ പിന്നിൽ നിന്ന് വിളിക്കുന്നത് കേട്ടപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി… പതിവില്ലാതെ പിറ്റേന്നും തന്നെ ആ കവലയിൽ കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ആ കണ്ണുകൾ പതിയെ കുറുകി…

“”ഇതാ കാക്കാത്തി പെണ്ണിന്റെ കൈനോക്കിയതിന് ചെറിയ പാരിദോഷികം…””

മടക്കിയ ക്യാൻവാസ് ആ കൈകളിൽ വെച്ച് തിരിഞ്ഞു നടക്കുമ്പോൾ തന്റെ ചുണ്ടിലും പതിഞ്ഞ പുഞ്ചിരി വിരിഞ്ഞിരുന്നു…

പിന്നീട് മിക്ക ദിവസങ്ങളിലും കാക്കാത്തി പെണ്ണ് ആ കവലയിൽ സന്ദർശകയായി….അത്തറിന്റെ മണമുള്ള ആ ആൽത്തറയിലേക്ക് ഇടക്ക് ഇടങ്കണ്ണിട്ട് നോക്കുമായിരുന്നു…ആ കണ്ണുകളുമായി ഉടക്കുമ്പോൾ പതർച്ചയോടെ കണ്ണുകൾ പിൻവലിക്കും…ആ രാവുകളിൽ ഉറക്കമുളച്ച് ക്യാൻവാസിൽ അവൾ കൗതുകത്തോടെ മുഖം ഒപ്പിയെടുക്കും….

“”ഇത്ര നന്നായിട്ടെങ്ങനെ ഓർത്തെടുത്തു വരയ്ക്കാൻ സാധിക്കുന്നു…താൻ നല്ലൊരു ചിത്രകാരിയാണ് കാക്കാത്തി…ഞാൻ ഒരു ചിത്രം തന്നാൽ എനിക്ക് വരച്ചു തരാമോ??… റമദാൻ കഴിഞ്ഞു തിരികെ പോവുമ്പോൾ ഒരാൾക്ക് സമ്മാനമായി കൊടുക്കുവാൻ ആണ്…””

താൻ കൊടുത്ത ക്യാൻവാസിൽ വിടർന്ന കണ്ണുകളോടെ കൈകൾ പരതുന്നതിനോടൊപ്പം കേട്ട വാക്കുകൾക്ക് പുഞ്ചിരിയോടെ തലയാട്ടി…

“”കാണാൻ ഇങ്ങനെ ഒന്നുമല്ല നല്ല സുന്ദരിയാണ്… പേര് ആയിഷ…””

തന്നെയും കൂട്ടി ആ വാടക വീട്ടിലേക്ക് പോയി… കട്ടിലിന്റെ അടിയിൽ നിന്ന് ഒരു പെട്ടി തുറന്ന് തനിക്ക് നേരെ ആ ചിത്രം നീട്ടി പറഞ്ഞപ്പോൾ പിടഞ്ഞ കണ്ണുകളോടെ അയാളെ നോക്കി… കണ്ണുകൾ നിറഞ്ഞു തുളുമ്പാറായത് കണ്ടപ്പോൾ അരികിലായി വന്ന് താടിയിൽ പിടിച്ചുയർത്തി…

“”ആയിഷ അഹ്‌മദ്‌ കാസിം…””എന്റെ ഉമ്മയുടെ ചെറുപ്പകാലത്തെ ചിത്രമാണ്… ഉപ്പ എടുത്തത്…””

കണ്ണുകളിൽ നോക്കി കുസൃതിയോടെ പറയുന്നതോടൊപ്പം ആ കൈകൾ തന്നെ വലിഞ്ഞു മുറുകിയിരുന്നു….

“”നിറക്കൂട്ടുകളാൽ വിസ്മയിപ്പിക്കുന്ന ഈ കണ്ണുകളിലെ പ്രണയം ഞാൻ കണ്ടിരുന്നു…””

ചെവിയിൽ പതിഞ്ഞ സ്വരം കേൾക്കെ…ആ കണ്ണുകളിൽ നോക്കാനാവാതെ മിഴികൾ താഴ്ത്തുമ്പോളാണ് ആ വലം കയ്യിലെ കല്ലുമാല കണ്ണിലുടക്കിയത്…

“”നാളെ രാവുണരുമ്പോളേക്കും കടൽ കടക്കണം…മറ്റന്നാൾ ഉമ്മയുടെ അടുത്തെത്താം എന്നാണ് വാക്ക്….അത് തെറ്റിചൂടാ…””

മിഴികൾ മറ്റെവിടേക്കോ നീട്ടി പറയുമ്പോളേക്കും തന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… തല വേണ്ട എന്നർഥത്തിൽ ചലിപ്പിച്ചിരുന്നു…

“”പണ്ടൊരിക്കൽ ഉപ്പയുടെ കൂടെ വഴിതെറ്റി ആദ്യമായി കച്ചവടത്തിനായി വരുമ്പോൾ ആയിരുന്നു… തലപ്പാവ് വെച്ച ഒരു വലിയ മനുഷ്യന്റെ കൂടെ ഒരു പെൺകുട്ടിയെ കണ്ടത്… അന്ന് ഉപ്പ പറഞ്ഞ പഴങ്കഥയോർക്കുന്നു…ഭരിക്കുന്ന നാട് കാണാൻ വരുന്ന ഉപ്പയുടെയും മകളുടെയും ഒരു കുഞ്ഞികഥ… പിന്നീട് പലയിടങ്ങളിൽ നിന്നറിഞ്ഞു… ആരും കാണാത്ത രാജകുമാരി സിത്താരയെ കുറിച്ച്… ആ പെൺകുട്ടി മനസ്സിൽ പതിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു… ആ പെൺകുട്ടിക്ക് കാക്കാത്തി പെണ്ണിന്റെ ചേല് തോന്നിയത്… ആ സുന്ദരമായ നിറക്കൂട്ടുകളോട് ആ അത്തർ കുപ്പിക്ക് പ്രണയം തോന്നിയതും…””

ആ വാക്കുകൾ കേട്ടതും പിടച്ചിലോടെ കണ്ണുകളിലേക്ക് നോക്കി…

“”അതെ ആ നിറക്കൂട്ടുകളോട് പ്രണയമാണിന്ന് സിത്താര… ദേവരാസിക്കായി ഞാൻ നൽകുന്ന അത്തറിന് ഇന്ന് പ്രണയത്തിന്റെ ഗന്ധമാണ്…””

കയ്യിലെ കല്ലുമാല അവളുടെ കഴുത്തിൽ അണിയിച്ച് കാതോരമായി പറഞ്ഞപ്പോൾ ആ കവിളിണകൾ ചുവന്നിരുന്നു…കണ്ണുകളിൽ പ്രണയം നിറഞ്ഞിരുന്നു… ചുണ്ടിൽ മായാത്ത പുഞ്ചിരി ഉണ്ടായിരുന്നു…ആ രാത്രി അവളുറങ്ങിയില്ല… കയ്യിലെ ചിത്രത്തെ പുഞ്ചിരിയോടെ ക്യാൻവാസിലേക്ക് പടർത്തി… ഇടക്ക് നാണത്തോടെ കഴുത്തിലെ കല്ലുമാലയിൽ വിരലോടിച്ചു…

“”വരും ഞാൻ…. അടുത്ത റജബ് മാസം ആദ്യവാരം തന്നെ…അന്നേരം കടൽ കടക്കുമ്പോൾ കൂടെ മഹർ നൽകി സ്വന്തമാക്കിയ പെണ്ണുമുണ്ടാവും…””

തിരികെ യാത്രയായവന്റെ പിന്നാലെ ഓടിയണച്ച് കൈയ്യിലെ ക്യാൻവാസിൽ പടർത്തിയ ഉമ്മാന്റെ പടം നൽകിയപ്പോൾ പുഞ്ചിരിയോടെ കേട്ട വാക്കുകൾക്ക് മിഴിനീരോടെ മിഴികളുയർത്തി നോക്കി… കപ്പൽ കണ്ണിൽ നിന്ന് മറയുന്നത് വരെ വിതുമ്പലോടെ നോക്കി.. പിന്തിരഞ്ഞതും മുഖത്ത് ശക്തിയായി കൈകൾ ഉയർന്നു താഴ്ന്നു…

“”ഉപ്പാ….””

ഞെട്ടലോടെ വിളിക്കുമ്പോളേക്കും ആ കൈകളിൽ ബലിഷ്ടമായ കൈകളുടെ പിടി വീണിരുന്നു…സൈന്യത്തിന്റെ അകമ്പടിയോടെ സുൽത്താൻ വലിച്ചിഴച്ച് കൊണ്ട് പോകുന്ന കാക്കാത്തി പെണ്ണ് സിത്താരയാണെന്ന് കണ്ടു നിന്നവർ ഞെട്ടലോടെ മനസ്സിലാക്കി…

“”പച്ചവെള്ളം കൊടുത്തു പോവരുത്…”” രാജാവിന്റെ ആഗ്നക്ക് മുൻപിൽ മിഴിനീരോടെ അവൾ മുറിയിലൊതുങ്ങി… കൈകൾ മെല്ലെ കഴുത്തിലെ കല്ലുമാലയിലേക്ക് നീണ്ടു…ചുണ്ടുകൾ വിറകൊണ്ടു….

വേനലൊഴിഞ്ഞു…ശിശിരങ്ങൾ വഴിമാറി… പുതിയ കച്ചവടക്കാർ ദേവരാസിയിൽ കപ്പലിറങ്ങി… പിന്നീട് ഒരു റജബിനായി ആ നിറക്കൂട്ടുകൾ കാത്തിരുന്നു. നേർത്ത വിരഹത്തോടെ…അത്രമേൽ പ്രതീക്ഷയോടെ…

“”സിത്താര… ഇത് കഴിക്ക് പട്ടിണി കിടക്കണ്ട..””

ജോലിക്കാരിയും കൂട്ടുകാരിയുമായ ഫാത്തിമയുടെ ശബ്‌ദമാണ് ഒരു വർഷം മുൻപുള്ള ചിന്തകളിൽ നിന്ന് വിടുവിച്ചത്… കൊട്ടാരത്തിന് പുറത്തേക്കുള്ള തന്റെ യാത്ര പുറമേക്ക് അറിഞ്ഞിരുന്ന ഒരേയൊരാൾ അവൾ മാത്രമായിരുന്നു…മിഴികൾ ഉയർത്തി നോക്കുമ്പോളേക്കും അവൾ അരികിലേക്കായി ഒരു പാത്രം നീട്ടിയിരുന്നു… പാത്രത്തിലെ മടക്കിയ വെള്ളകടലാസ് കാൺകെ പുരികം ചുളിച്ച് അവളെ നോക്കി…

“”നിനക്ക് മനസ്സ് നിറയാനുള്ളത് ഈ പാത്രത്തിലുണ്ട്…””

കൂടുതൽ ഒന്നും പറയാതെ പോകുന്നവളെ മനസ്സിലാവാത്ത പോലെ നോക്കി… വിറയാർന്ന കൈകളാൽ ആ വെള്ളകടലാസ് തുറന്നു…

“”സന്ധ്യ കഴിഞ്ഞാൽ ഫാത്തിമ വരും… അവളുടെ കൂടെ വരണം…നിറക്കൂട്ടുകളെ പ്രണയിച്ച അവളുടെ അത്തർ കാത്തിരിക്കും.…””

വായിച്ചു കഴിഞ്ഞതും കണ്ണുകൾ നിറഞ്ഞൊഴുകി… ആ വെള്ളകടലാസ് മുഖത്തോട് അടുപ്പിച്ച് ആഞ്ഞുശ്വസിച്ചു…കാത്തിരിപ്പിന്റെ മണം…ഇന്നേക്ക് ഒരു വർഷമായിരിക്കുന്നു…ആ അത്തറിന്റെ മണം അറിഞ്ഞിട്ട്…. “”പ്രണയത്തിന് മധുരമൂറുന്ന ഗന്ധമുണ്ടെങ്കിൽ അത് കാത്തിരിപ്പിന്റെതാണ്…അത്തറ് പോലെ മനം മയക്കും ഗന്ധം….””

ഫാത്തിമക്ക് പിന്നാലെ നടക്കുമ്പോൾ കാലുകൾ പിഴച്ചിരുന്നില്ല… കൈകൾ ധൈര്യത്തിനെന്നോണം കഴുത്തിലെ കല്ലുമാലയിലേക്ക് നീണ്ടു…കൊട്ടാര കവാടം കടന്നപ്പോൾ മിഴിനീരോടെ പിന്തിരിഞ്ഞു നോക്കി… ഒരു വർഷമായി ഇരുട്ടറയിൽ നിന്നുമിറങ്ങിയിട്ട്…ഉപ്പയുടെ മുഖം കണ്ടിട്ട് പോലും മാസങ്ങൾ ആയെന്ന് മിഴിനീരോടെ ഓർത്തു…കപ്പലിനരികിലെ നിഴൽ കണ്ടതും ഫാത്തിമയോട് യാത്ര ചൊല്ലി അരികിലേക്കായി ഓടിയണച്ചു….

“”ഒരു വർഷം വേണ്ടി വന്നോ… ആ നിറക്കൂട്ടുകളെ ഓർത്തെടുക്കാൻ??…””

ചുണ്ടുകൾ പുറത്തേക്ക് ഉന്തി..ആ കുപ്പായത്തിൽ പിടിച്ചുലച്ച് മെല്ലെ പരിഭവിച്ചു… ആ കണ്ണുകളിൽ കുസൃതി ചിരി കണ്ടതും കൂടുതൽ ഒന്നും മിണ്ടാതെ കൈകൾ കെട്ടി മാറി നിന്നു…

കപ്പൽ മെല്ലെ തീരം വിടുമ്പോൾ… തനിക്കായി കൈ വീശുന്ന ഫാത്തിമയെ പുഞ്ചിരിയോടെ നോക്കി തിരികെ കൈ വീശി കാണിച്ചു…അരികിലായി ആളനക്കം അറിഞ്ഞിട്ടും പിണക്കത്തോടെ തിരിഞ്ഞു നിന്നു.. കഴുത്തിലെ കല്ലുമാല അഴിച്ചെടുത്ത് പൊന്നിന്റെ നേർത്ത മാല അണിയിച്ചപ്പോൾ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി…

“”സ്വന്തമായി ഒന്നുമില്ലായിരുന്നു കയ്യിൽ … ഉമ്മാക്ക് മുൻപിൽ ദേവരാസിയിലെ രാജകുമാരിയെ ഒരു കല്ലുമാല അണിയിച്ച് എങ്ങനെയാ നിർത്തുക…””

പുഞ്ചിരിയോടെ ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു… തന്നെ ചേർത്ത് പിടിച്ച കൈകൾ മെല്ലെ അയഞ്ഞു…

“”ആ അത്തറിനെ പ്രണയിക്കാൻ ഈ കല്ലുമാലയോളം ധൈര്യം ഒരു മഹറും തന്നിട്ടില്ല എന്റെ നിറക്കൂട്ടുള്ളൾക്ക്….””

ആ നെഞ്ചോരമായി ചേർന്ന് നിന്ന് പറയുമ്പോൾ ആ കണ്ണുകൾ വിടരുന്നതറിഞ്ഞു….ചേർത്ത് പിടിച്ച ആ കൈകൾക്ക് ബലം കൂടിവന്നു..ആ ചുണ്ടുകൾ നെറ്റിയിൽ അമരുമ്പോൾ തെക്ക് നിന്ന് വീശിയ ഇളം കാറ്റിന് അത്തറിന്റെ ഗന്ധമായിരുന്നു… അവരുടെ പ്രണയത്തിന്റെ മധുരമൂറുന്ന ഗന്ധം….

അവസാനിച്ചു