രചന: ഷൈനി വർഗീസ്
മോളെ കാണാതായിട്ട് ഒരാഴ്ചകഴിഞ്ഞു. നിങ്ങളെന്താ മനുഷ്യ അന്വേഷണമൊക്കെ നിർത്തിയോ
ഒരാഴ്ചയായി അന്വേഷിച്ചോണ്ടിരിക്കുമല്ലേ അവൾ പോകാൻ സാധ്യതയുള്ളയിടത്തെല്ലാം അന്വേഷിച്ചു. എനിക്കറിയില്ലടി ഇനി എവിടെ പോയാ തപ്പേണ്ടതെന്ന് .
നിങ്ങൾ ആ സ്റ്റേഷനിലെ എസ്ഐയെ ഒന്നു വിളിച്ചേ എന്തേലും വിവരം കിട്ടിയോന്ന് അറിയാലോ
എടി ഇന്നലെ രാത്രി കിടക്കു മുൻപ് ഞാനാ സാറിനെ വിളിച്ചത് നീ കണ്ടതല്ലേ അപ്പോ ആ സാറ് പറഞ്ഞത് നീയും കേട്ടതല്ലേ എന്തേലും വിവരം കിട്ടിയാൽ അറിയിക്കാമെന്ന്. നേരം വെളുക്കും മുൻപ് വിളിച്ചാൽ ആ സാറിന് അത് ഇഷ്ടമായില്ലങ്കിലോ
എന്നാലും നമ്മുടെ മോൾ എവിടെ പോയതായിരിക്കും ഏട്ടാ ഒരു കുറവും വരുത്താതെ എത്ര ലാളിച്ചാ നമ്മൾ നമ്മുടെ മോളെ വളർത്തിയത്. എന്നിട്ടും ഒരു വാക്കു പോലും പറയാതെ നമ്മളെ വിട്ടിട്ട് പോയില്ലേ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഏട്ടാ
ഈ ഒരാഴ്ചയായിട്ട് നീ ഇതു തന്നെയല്ലേടി പറയുന്നത്. നിൻ്റെ ഈ വേദന നമ്മുടെ മോൾ മനസ്സിലാക്കിയിരുന്നെങ്കിൽ അവൾ നമ്മളെ ഇട്ടിട്ട് പോകുമായിരുന്നോ?
അവളെ പിരിഞ്ഞ് ഒരു രാത്രി പോലും നിൽക്കാൻ പറ്റാത്ത ഏട്ടനിതെങ്ങനെ സഹിക്കുന്നു.കോളേജിൽ നിന്ന് കൊണ്ടു പോകുന്ന ടൂറിന് വിട്ടത് പോലും മനസ്സില്ലാ മനസ്സോടെ ആയിരുന്നല്ലോ.
ഫോൺ ബെല്ലടിക്കുന്നത് കേട്ട് അഹ്ലാദത്തോടെ ഹരി ഫോണെടുത്തു. സ്റ്റേഷനിൽ നിന്ന് S I സാർ ആയിരിക്കും എന്ന് ഭാര്യയോട് പറഞ്ഞും കൊണ്ട് ഡിസ്പ്ലേയിലേക്ക് നോക്കി കമ്പനി മാനേജരുടെ പേര് കണ്ടതും ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു.
ആരായിരുന്നു
കമ്പനി മാനേജർ നിസാർ
ഫോൺ കട്ട് ചെയ്യണ്ടായിരുന്നു. നിസാർ എന്തേലും അത്യാവശ്യത്തിന് വിളിച്ചതാണെങ്കിലോ ഏട്ടൻ കമ്പനിയിലേക്ക് പോയിട്ട് മാസം ഒന്നു കഴിഞ്ഞില്ലേ. നിസാർ ഇനി വിളിച്ചത് മോളെ കുറിച്ച് എന്തേലും വിവരം കിട്ടിയിട്ടാണങ്കിലോ അതു പറയാൻ വേണ്ടി ആണെങ്കിലോ.
അങ്ങനെ ആണേൽ അവൻ ഇനിയും വിളിക്കും കമ്പനിയുടെ ആവശ്യമാണെങ്കിൽ ഇപ്പോ അതൊന്നു ശ്രദ്ധിക്കാനുള്ള മൂഡും ഇല്ല
അങ്ങനെ പറഞ്ഞാൽ എങ്ങനാ ഏട്ടാ ഏട്ടൻ ശ്രദ്ധിക്കാതെ ഇരുന്നാൽ കമ്പനി നശിച്ച് പോകില്ലേ
നശിച്ച് പോകട്ടെ ആർക്കു വേണ്ടിയാ സമ്പാദിക്കുന്നത് ഈ സ്വത്തിനെല്ലാം അവകാശി ആയിരുന്നവൾ എല്ലാം ഇട്ടെറിഞ്ഞ് പോയില്ലേ
എട്ടാ നമ്മുടെ മോൾ ഒരു ദിവസം തിരികെ വരില്ലേ നമ്മളെ തേടി
വരട്ടെ വരുമ്പോൾ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കും. പക്ഷേ ഈ സ്വത്തിൽ ഒരവകാശവും ഞാനവൾക്കു കൊടുക്കില്ല.
പിന്നെ ഏട്ടൻ എന്തുചെയ്യും ഈ സ്വത്തെല്ലാം
അതിനൊരുവഴി ഞാൻ കണ്ടിട്ടുണ്ട്.
അപ്പോഴാണ് ഒരു കാർ ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറി വന്നത്
നിസാർ ആണല്ലോ അത്.
കാറിൻ്റെ ഡോർ തുറന്നിറങ്ങിയ നിസാർ ഹരിയുടെ നേരെ നടന്നടുത്തു
സാർ ഞാൻ സാറിനെ വിളിച്ചിരുന്നു. സാർ കോൾ കട്ടാക്കിയതുകൊണ്ടാണ് ഞാനിങ്ങോട്ട് വന്നത്.
എന്താ നിസാർ കാര്യം
അതൊക്കെയുണ്ട് സാറും മാഡവും എൻ്റെ കൂടെ ഒരു സ്ഥലം വരെ വരണം
എന്താ കാര്യം കമ്പനി ആവശ്യമാണേൽ എനിക്ക് ഇപ്പോ താത്പര്യം ഇല്ല
കമ്പനി ആവശ്യം അല്ല മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. സാർ എൻ്റൊപ്പം വരണം. എൻ്റെ കാറിന് പോകാം.
എന്തായാലും നമുക്കൊന്ന് പോകാം ഏട്ടാ നിസാർ .എന്തേലും അത്യാവശ്യമില്ലാതെ നമ്മളെ വിളിക്കില്ലല്ലോ
എന്നാൽ നിസാർ ഇരിക്ക് ഞങ്ങളിപ്പോ വരാം.
പ്പെ ട്ടന്ന് തന്നെ അവരിരുവരും ഡ്രസ്സ് മാറി ഇറങ്ങി നിസാറിനൊപ്പം കാറിൽ യാത്ര തിരിച്ചു.
യാത്രക്കിടയിൽ മൂന്നുപേരും സംസാരിക്കുന്നില്ല. മൂന്നു മണിക്കൂർ യാത്രക്ക് ശേഷം അവരൊരു കൊച്ചുഗ്രാമത്തിലെത്തി ചേർന്നു നിസാർ വണ്ടി നിർത്തി ആരെയോ വിളിച്ചു. വഴിയൊക്കെ ചോദിച്ചറിയുന്നുണ്ട്.
നിസാർ സത്യം പറ എൻ്റെ മോൾ ഇവിടെ ഉണ്ടോ അവളെ കാണാനാണോ നമ്മൾ പോകുന്നത്.
സാറിത്രയും നേരം ക്ഷമിച്ചില്ലേ ഇനി ഒരു പത്ത് മിനിറ്റ് കൂടി
ശരി ഞാനിനി ഒന്നും ചോദിക്കുന്നില്ല
പത്തു മിനിറ്റിന് ശേഷം കാർ ചെന്നു നിന്നത് ഇടുങ്ങിയ ഒരു വഴിയരികിൽ ആണ്
സാർ ക്ഷമിക്കണം വണ്ടി അങ്ങോട് പോകില്ല ഇറങ്ങി നടക്കണം.ആ പാടവരമ്പിലൂടെ
ശരി നടക്കാം കാറിൻ്റെ പിൻവാതിൽ തുറന്ന് ഭാര്യയോട് ഇറങ്ങാൻ പറഞ്ഞു.
നിസാർ കാർ ലോക്ക് ചെയ്തതിനു ശേഷം മുന്നേ നടന്നു. പിറകെ ഹരിയും ഭാര്യയും.
സാർ സൂക്ഷിച്ച് നടക്കണേ മാഡത്തിനെ നോക്കിക്കോളണേ.
നിസാർ നടന്നു ചെന്നു കയറിയത് ടാർപോളിൻ കൊണ്ട് മേഞ്ഞ് പടത കൊണ്ട് മറച്ച ഒരു കുടിലിക്കോയിരുന്നു. തൊട്ടടുത്ത വീടുകൾ എല്ലാം ആ മോഡൽ വീടുകൾ ആയിരുന്നു.
അപ്പോഴെക്കും അവിടേക്ക് നിസാറിൻ്റെ തന്നെ പ്രായമുള്ള ഒരു ചെറുപ്പക്കാരൻ വന്നു.
വീട് ഇതു തന്നെയല്ലേ
അതെ ഇതു തന്നെ ഞാൻ വിളിക്കാം മിനാക്ഷി ചേച്ചിയെ
ചേച്ചി മിനാക്ഷി ചേച്ചി
ആരാത്
ഞാനാ ചേച്ചി പവിത്രൻ
തകരം കൊണ്ടുണ്ടാക്കിയ വാതിൽ തുറന്ന് പുറത്തേക്ക് വന്ന സ്ത്രിയെ കണ്ട് ഹരിയും ഭാര്യയും ഞെട്ടിത്തരിച്ച് നിന്നു. മീനാക്ഷിക്ക് പുറകിൽ നിന്ന ആരതി തൻ്റെ മുന്നിൽ നിൽക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് പകപ്പോടെ പുറം തിരിഞ്ഞ് ഒളിക്കാൻ ശ്രമിച്ചപ്പോഴെക്കും
മോളെ ആരതി അമ്മേടെ അച്ചു
ഓടി വന്ന് മോളെ ആർത്തിയോടെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തു ചുംബനങ്ങൾ കൊണ്ട് മൂടി
ഇത് കണ്ടു നിന്ന മീനാക്ഷിക്ക് തേങ്ങലടക്കാൻ സാധിച്ചില്ല.ഇതേ സമയം ഹരിക്ക് തൻ്റെ ചങ്ക് പൊട്ടുന്ന വേദനയോടെ നിലത്തേക്കിരുന്നു.
അച്ഛാ എന്തു പറ്റിയച്ഛാ
മോളെ കാണാതായ അന്നു മുതൽ ശരിയായ രീതിയിൽ ഭക്ഷണമില്ല ഉറക്കമില്ല എന്നും രാവിലെ ഇറങ്ങും മോളെ അന്വേഷിച്ച്
അത് അമ്മേ ഞാൻ എൻ്റെ സ്വന്തം അമ്മയെ തേടി പോകുവാന്ന് നിങ്ങളോട് എങ്ങനെ പറയും. അതാണ് ആരോടും പറയാതെ വീട്ടിൽ നിന്നിറങ്ങിയത്.
മോള് ഇതൊക്കെ എങ്ങനെ അറിഞ്ഞു. ഞങ്ങൾടെ പൊന്നുമോളല്ല മോള് എന്ന് എപ്പഴാ മോൾക്ക് തോന്നി തുടങ്ങിയത്.
അത് അമ്മേ അമ്മമുടെയും അച്ഛൻ്റേയും മോളല്ലന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല പക്ഷേ കഴിഞ്ഞ മാസം രോഹൻ വീട്ടിൽ വന്നത് അമ്മ ഓർക്കുന്നില്ലേ
ഉണ്ട് അവൻ ഇടക്കിടക്ക് വരാറുള്ളതല്ലേ
അതെ അവന് നമ്മുടെ വീട്ടിൽ അമിതസ്വാതന്ത്ര്യവും ഉണ്ടായിരുന്നല്ലോ. അവനാ ആ അമിതസ്വാതന്ത്ര്യം എന്നോടും കാണിക്കാൻ തുടങ്ങി പലപ്പോഴും ഞാനത് അമ്മയോടും അച്ഛനോടും പറഞ്ഞിട്ടും ഉണ്ട്.
അപ്പോഴെല്ലാം അച്ഛനും അമ്മയും പറഞ്ഞത് എന്നോടുള്ള സ്നേഹം കൊണ്ടാണന്നല്ലേ അവൻ എന്നെ വിവാഹം കഴിക്കേണ്ടവൻ എന്നായിരുന്നല്ലോ നിങ്ങളുടെ നിലപാട്
കഴിഞ്ഞ മാസം അവൻ വീട്ടിൽ വന്നപ്പോ അച്ഛനും അമ്മയും വീട്ടിൽ ഇല്ല അന്ന് അവനെന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഞാനതിന് എതിർത്തു. വിവാഹ ശേഷമല്ലാതെ എൻ്റെ ദേഹത്ത് തൊടാൻ ഞാൻ സമ്മതിക്കില്ലന്ന് പറഞ്ഞപ്പോ അവൻ പറഞ്ഞ വാക്കുകൾ എൻ്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു.
ആര് നിന്നെ വിവാഹം കഴിക്കുന്നു. ഏതോ സ്ത്രി പി ഴച്ച പെറ്റ സന്തതിയെ എനിക്ക് വേണ്ട എന്ന്
ഞാൻ അവൻ്റെ വാക്കുകൾ കേട്ട് ഞെട്ടി ഞാൻ ദത്തുപുത്രിയാണന്ന് എനിക്ക് മനസ്സിലായി അങ്ങനെയാണ് ഞാൻ അച്ഛൻ്റെ പഴയ ഡയറികൾ തേടി കണ്ടു പിടിച്ചതും മീനാക്ഷി അമ്മയെ കുറിച്ചറിഞ്ഞതും
എന്തിനാ എന്നെ പെറ്റ ഉടനെ വിറ്റത് എന്നറിയാനായിരുന്നു എൻ്റെ യാത്ര അച്ഛൻ്റെ ഡയറിയിലുള്ള സ്ഥലത്ത് എത്തിയപ്പോഴാണ് അറിയുന്നത് മീനാക്ഷിയമ്മ നാട്ടുകാരാലും വീടുകാരാലും വെറുക്കപ്പെട്ട് ആ നാട്ടിൽ നിന്ന് പോന്നു എന്നുള്ളത്.
സത്യങ്ങളെല്ലാം അറിയാവുന്ന മിതാക്ഷിയമ്മയുടെ കൂട്ടുകാരിയാണ് അമ്മ ഈ നാട്ടിൽ ഉണ്ടന്ന് പറഞ്ഞത്. ആ കൂട്ടുകാരിയാണ് പറഞ്ഞത് അമ്മമ്മ ജോലിക്ക് നിന്ന വീട്ടിലെ കൊച്ചുമുതലാളിക്ക് കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും മക്കൾ ജനിച്ചില്ലന്നും അവരുടെ രക്തത്തിൽ പിറന്ന ഒരു കുഞ്ഞിന് വേണ്ടി എൻ്റെ അമ്മയുടെ ഗർഭപാത്രം വാടകക്ക് എടുത്ത് എനിക്ക് ജന്മ നൽകി എൻ്റെ മുഖമൊന്ന് കാണുന്നതിന് മുൻപ് എന്നേയും കൊണ്ട് കൊച്ചുമുതലാളിയും ഭാര്യയും നാട് വിട്ടെന്ന്
സഹോദരങ്ങൾക്കും തളർന്ന് കിടക്കുന്ന അച്ഛനു വേണ്ടി ബലിയാടായ എൻ്റെ അമ്മ കൊണ്ടുവന്ന ലക്ഷങ്ങൾ അവർ വീതിച്ചെടുക്കുമ്പോൾ എൻ്റെ അമ്മ പി ഴച്ചവൾ ആയി. ആ അമ്മയെ ഒന്നു നേരിൽ കാണാനുള്ള കൊതി കൊണ്ട് പോന്നതാ ഞാൻ
മോൾക്ക് ഒരു വാക്ക് എന്നോട് പറയാമായിരുന്നല്ലോ മോളെ
ഞാൻ പറഞ്ഞിരുന്നെങ്കിൽ അച്ഛനും അമ്മയും എതിർത്തേനെ എൻ്റെ മീനാക്ഷിയമ്മയെ കണ്ടു പിടിച്ച് ഇവിടുന്നും സ്ഥലം മാറ്റിയേനെ ശരിയല്ലേ അച്ഛാ
ശരിയാ മോളെ നിനക്ക് മറ്റൊരവകാശി അത് ഞങ്ങൾക്ക് സഹിക്കാൻ പറ്റില്ലായിരുന്നു.
മോളെ നീ ഞങ്ങളോടൊപ്പം വരുവല്ലേ ഇപ്പോൾ
വരാം അതിന് മുൻപ് അച്ഛനെ നിക്ക് വാക്ക് തരണം നമ്മുടെ നാട്ടിൽ അല്ല നമ്മുടെ വീട്ടിൽ എന്നോടൊപ്പം എൻ്റെ അമ്മയും ഉണ്ടായിരിക്കണം
സമ്മതം മോളെ എന്തിനും സമ്മതം നീ ഞങ്ങളോടൊപ്പം എന്നും ഉണ്ടായാൽ മതി.
മോളെ ആരതി അമ്മ ഈ നാട് വിട്ട് എങ്ങോട്ടും ഇല്ല എൻ്റെ മോൾക്ക് അമ്മയെ കാണണം എന്നു തോന്നുന്നോ അപ്പോ ഇവരുടെ സമ്മതത്തോടെ ഇവിടെ വരാം അമ്മയോടൊത്ത് ഇവിടെ താമസിക്കാം.
ഇനിയുള്ള കാലം ഈ രണ്ട് അമ്മമാരും വേണം എനിക്ക്. നിങ്ങളോടൊപ്പം ഇരിക്കാനാ എനിക്കിഷ്ടം
മീനാക്ഷി ചേച്ചി ആരതി പറയുന്നതിലും കാര്യുണ്ട് ചെല്ല് ഇവരോടൊപ്പം മോൾടെ ആഗ്രഹമല്ലേ ‘
ശരി സമ്മതിക്കുന്നു. എന്തായാലും ഞാൻ ആ വീട്ടിലേക്ക് ഇല്ല ആ വീടിനടുത്ത് ഒരു ചെറിയ വാടക വീട് എടുത്ത് തന്നാൽ മതി. പിന്നെ ഞാൻ വരുമ്പോൾ ഒറ്റക്കല്ലാട്ടോ എന്നോടൊപ്പം ഇവരും ഉണ്ടാകും
അമ്മു മാളു ഇങ്ങോട് ഒന്നു വന്നേ
തൊട്ടടുത്ത വീട്ടിൽ കളിച്ചു കൊണ്ടിരുന്ന പതിനൊന്നും പത്തും വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പെൺകുട്ടികൾ ഓടി വന്ന് മീനാക്ഷിക്ക് മുന്നിൽ നിന്നു
അച്ചു ചേച്ചിയെ കൊണ്ടുപോകാൻ വന്നവരാണോ അമ്മേ ഇവർ
അവരെ രണ്ടു പേരേയും ഇരു സൈഡിലും ചേർത്ത് നിർത്തി കൊണ്ട് ആ അമ്മ പറഞ്ഞു
അതേ അച്ചു ചേച്ചി പോകുവാ നമുക്കും പോയാലോ ചേച്ചീടെ നാട്ടിലേക്ക്.
പോകാമ്മേ നമുക്കും പോകാം
എന്നാൽ എൻ്റെ മക്കൾ അവരോടൊപ്പം പോയി കളിച്ചോട്ടോ.
ഞാൻ പി ഴച്ച പെറ്റ എൻ്റെ മക്കളല്ലാട്ടോ അവര് എനിക്ക് തെരുവിൽ നിന്ന് കിട്ടിയ രണ്ട് പൊന്നോമനകളാ അവർ ഇന്ന് ഞാൻ ജീവിക്കുന്നത് അവർക്ക് വേണ്ടിയാ അവരുടെ നല്ല ഭാവിക്ക് വേണ്ടി കൂടിയാണ് ഞാൻ ആ നാട്ടിലേക്ക് വരുന്നത്.
അപ്പോ ഞങ്ങളിറങ്ങടെ അടുത്ത ആഴ്ച ഞങ്ങൾ വരും ഒരുങ്ങി ഇരുന്നോളു .
അച്ചു മീനാക്ഷിയമ്മയെ കെട്ടി പിടിച്ച് ഉമ്മ കൊടുത്തിട്ട് എല്ലാവർക്കും മുന്നിലായി നടന്നു കഴിഞ്ഞു.
സാർ ഈ പവിത്രൻ ആണ് അച്ചുമോൾ ഇവിടെ ഉണ്ടന്ന് ഇന്നലെ രാത്രി എന്നെ വിളിച്ച് പറഞ്ഞത്.
ഒരായിരം നന്ദി പവിത്രാ പവിത്രൻ എന്തു ചെയ്യുന്നു.
ഞാൻ ഓട്ടോ ഓടിക്കുന്നു. എൻ്റെ ഓട്ടോയിലാണ് ഇന്നലെ ഈ കുട്ടി ഇവിടേക്ക് വന്നത് മിനാക്ഷി ചേച്ചിയാണ് നിങ്ങളെ വിവരം അറിയിക്കാൻ എന്നെ പറഞ്ഞ് ഏൽപ്പിച്ച് നിസാറിൻ്റെ ഫോൺ നമ്പർ തന്നത്. കുട്ടീടെ ബാഗിൽ നിന്ന് കിട്ടിയ ഡയറിയിൽ നിന്ന് നിസാറിൻ്റെ നമ്പർ എടുത്ത് തന്നത്.
ശരി പവിത്രാ ഒരു ദിവസം ഇറങ്ങ് ഞങ്ങളുടെ കമ്പനിയിലേക്ക്. പവിത്രനായി നല്ലൊരു കസേര മാറ്റി ഇട്ടേക്കാം. ഇനി എനിക്ക് മക്കൾ മൂന്നാ, കമ്പനിയുടെ പ്രവർത്തനം ഉഷാറാക്കണം
ഒന്നു പ്രോത്സാഹിപ്പിക്കണേ എന്നാൽ അടുത്ത കഥയുമായി ഉടനെ വരാം