ഞങ്ങള്‍ വന്നതല്ല, നിങ്ങള്‍ ജനിക്കുമ്പോള്‍ മുതല്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നതല്ലേ, കാലം വീണ്ടും പറഞ്ഞു…

കാലം

രചന: Geetha R Nair

ആഷാഢ മാസത്തിലെ ഒരു നനുത്ത പകല്‍. ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന്, പൂമുഖത്ത് ചെറുചൂടുള്ള ഒരു ചായയും നുണഞ്ഞ് വെറുതെ വെളിയിലേക്ക് നോക്കിയിരുന്നു. ഒരു മഴ പെയ്ത് തോര്‍ന്നതേയുള്ളൂ. വഴിയരികില്‍ നില്‍ക്കുന്ന അരയാലിന്റെ ഇലകളില്‍നിന്നും വെള്ളം ഇറ്റിറ്റ് വീഴുന്നു. അത് കണ്ടപ്പോള്‍ ആ വടവൃക്ഷം സങ്കടപ്പെട്ടു കരയുകയല്ലേ എന്ന് തോന്നിപ്പോകുന്നു. അല്‍പ്പം മുമ്പ് പെയ്ത മഴയില്‍ നിന്നും രക്ഷനേടാന്‍ അതിന്റെ ചുവട്ടില്‍ അഭയം തേടിയ മനുഷ്യര്‍ മഴ തോര്‍ന്നപ്പോള്‍ അതിനെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നകലുന്നത് കണ്ടിട്ടാവാം.

മയക്കത്തിന് മുമ്പ് വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ താളുകള്‍ അലസമായി മറിച്ചുനോക്കി. പ്രണയം ദാഹിച്ച് ജീവിതം ഹോമിക്കേണ്ടിവന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകം ‘നീര്‍മാതളം പൂത്തപ്പോള്‍’. പലതവണ ആവര്‍ത്തിച്ചു വായിച്ചിട്ടുള്ളതാണെങ്കിലും വീണ്ടും വീണ്ടും വായിക്കാന്‍ മോഹിപ്പിയ്ക്കുന്ന അക്ഷരക്കൂട്ടങ്ങള്‍, എന്തോ, മനസ്സുറയ്ക്കുന്നില്ല. പുസ്തകം മടക്കി വച്ചു. അപ്പോഴാണ് ഓര്‍മ്മ വന്നത്. ഇന്നലെ മകള്‍ വന്നപ്പോള്‍ അവള്‍ പരിഭവരൂപേണ പറഞ്ഞത്. ‘അമ്മയ്ക്ക് അത്ര പ്രായമൊന്നുമായിട്ടില്ല, ഒന്ന് ഒരുങ്ങി ഇറങ്ങിയാല്‍ നമ്മള്‍ ചേട്ടത്തിയും, അനുജത്തിയുമാണെന്നേ ആളുകള്‍ പറയൂ. ഈ മുടി ഒന്ന് കറുപ്പിച്ചൂടെ? ഞാന്‍ ഏട്ടനോട് പ്രത്യേകം പറഞ്ഞു മേടിപ്പിച്ച ഡൈ ആണ്. യാതൊരു റിയാക്ഷനും ഇല്ലാത്തത്. കൊച്ചുമകളും ഒട്ടും മോശമല്ല. അവള്‍ക്കും അമ്മൂമ്മ ചെറുപ്പമായി കാണണം. ഇന്നലെ മടിയില്‍ ഇരുന്നപ്പോള്‍ മുടിച്ചുരുളില്‍ പിടിച്ചു ‘അയ്യോ ദേണ്ടെ അമ്മൂമ്മേടെ മുടി വെളുത്തിരിക്കുന്നു’ എന്നുപറഞ്ഞു. ഓ എന്തും ആകട്ടെ ഒന്നു പറഞ്ഞാല്‍ കേട്ടുകൂടെ? ഒരു പ്രായം കഴിഞ്ഞാല്‍പ്പിന്നെ കുട്ടികള്‍ പറയുന്നത് അല്ലെ കേള്‍ക്കേണ്ടത്. ഞാന്‍ ഡൈയും, ബ്രഷും ഒക്കെ ആയി കുളിമുറിയിലേക്ക് പോയി. പതിയെ പ്രയോഗത്തിനുള്ള തുടക്കമായി. വാതില്‍പ്പാളിക്ക് പിന്നില്‍ ആരോ അമര്‍ത്തിച്ചിരിക്കുന്നു. ആരാണ് ഈ ചിരിക്കുന്നത്. ഇവിടെ മറ്റ് ആരും ഇല്ലല്ലോ. സഹായത്തിനായുള്ള കുട്ടി ചായ തന്നിട്ട് പോയതാണല്ലോ? ഞാന്‍ വാതിലിലേക്ക് പാളി നോക്കി.

ആവോ! തോന്നിയതാവാം. ആരെയും കാണുന്നില്ലല്ലോ. ഞാന്‍ വീണ്ടും ഡൈ കൂട്ടാന്‍ തുടങ്ങി. അപ്പോള്‍ അതാ വീണ്ടും ആ അടക്കിയ ചിരി. ഞാന്‍ അല്പമൊന്ന് അന്ധാളിച്ചു. നിഴല്‍പോലെ ഒരു രൂപം അതിന് പിന്നില്‍ മറ്റൊന്നും. ഞാന്‍ അന്ധാളിപ്പോടെ ചോദിച്ചു. നിങ്ങള്‍ ആരാണ്? അവര്‍ ചിരി നിര്‍ത്തി! എന്നിട്ട് പറഞ്ഞു: ഞാന്‍ കാലം! അതെ , കാലം. എന്നെ അതിജീവിക്കാന്‍ ആണല്ലോ നിങ്ങള്‍ ഈ പാഴ്ശ്രമം നടത്തുന്നത്. ആരാണ് നിങ്ങളുടെ പിന്നില്‍?

മരണം…

മരണമോ?

അതെ. മരണം.

ഞാന്‍ ഒട്ട് ഈര്‍ഷ്യയോടുകൂടി ചോദിച്ചു. നിങ്ങള്‍ എന്തിന് ഇവിടെ വന്നു?

ഞങ്ങള്‍ വന്നതല്ല, നിങ്ങള്‍ ജനിക്കുമ്പോള്‍ മുതല്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നതല്ലേ, കാലം വീണ്ടും പറഞ്ഞു. ഇപ്പോള്‍ അല്ലേ നിനക്ക് ഞാന്‍ അന്യനായി തോന്നുന്നതും, എന്നെ ഒഴിവാക്കാന്‍ നോക്കുന്നതും. നീ എന്നെ ആഗ്രഹിച്ചിരുന്ന ഒരു അവസ്ഥ നിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ലേ?

ഞാന്‍ കുളിമുറിക്ക് പുറത്ത് ഇറങ്ങി കട്ടിലില്‍ തളര്‍ന്ന് ഇരുന്നു. കാലം പറഞ്ഞതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുകയായിരുന്നു. ഒരു അമ്പത് വര്‍ഷം പിന്നിലേക്ക്, കല്ലുപെന്‍സിലും, സ്ലേറ്റും ഒന്നാം ക്ലാസിലെ പാഠപുസ്തകവും, മാറത്ത് അടുക്കിപ്പിടിച്ച്, വെറ്റ മഷിത്തണ്ടും തിരഞ്ഞ്, പാടവരമ്പത്ത് കൂടി നടന്നുപോകുന്ന ഒരു അരപ്പാവാടക്കാരി. എനിക്ക് അല്‍പ്പം അസൂയ എന്റെ മൂത്ത ചേച്ചിയോട് ആയിരുന്നു. അവള്‍ക്ക് എന്നെക്കാള്‍ നീളം കൂടിയ പാവാടയും ഇറക്കം കൂടിയ ബ്ലൗസും ഉണ്ട്. ഞാന്‍ അത്രയും വലുതായിരുന്നു എങ്കില്‍ എനിക്കും അത് ഇടാമായിരുന്നു. അങ്ങനെ അവള്‍ (എന്റെ ചേച്ചി) എപ്പോഴും എനിക്ക് റോള്‍മോഡല്‍ ആയി. അവള്‍ ധാവണി ഉടുത്തപ്പോള്‍ അത് നോക്കി ഞാന്‍ കൊതിച്ചു.

അവളുടെ മാ റിടം കണ്ട് ഞാന്‍ വസ്ത്രം ഊരി നോക്കുമായിരുന്നു. ഹോ! എന്റെ മാ റിടം ഇനി എന്നാണ് അവളുടേതുപോലെ ആകുന്നത്. എന്നോടൊപ്പം ഉറങ്ങിയിരുന്ന അവള്‍ മാസത്തിന്റെ ചില ദിവസങ്ങളില്‍ ഉരപ്പുരക്ക് പിന്നില്‍ ഉള്ള ചായ്പ്പിലായി കിടപ്പ്. അങ്ങനെ ഓരോ ഘട്ടങ്ങളിലും… അതിന്റെ ഒന്നും അര്‍ത്ഥവും പൊരുളും മനസ്സിലായില്ല, എങ്കിലും അതെല്ലാം എന്നില്‍ കൗതുകം ഉണര്‍ത്തിച്ചു. അതാവാന്‍ ഞാന്‍ ആഗ്രഹിച്ചു.

അങ്ങനെ കുറെക്കാലം കഴിഞ്ഞപ്പോള്‍ ഞാനും അവളെപ്പോലെ ആയി. പെട്ടെന്ന് ഒരു നടുക്കത്തോടെ ഞാന്‍ ഓര്‍ത്തുപോയി. കുറച്ചുമുമ്പ് കാലം പറഞ്ഞത് എന്താണ്? അതെ അത് സത്യമാണ്. ഞാന്‍ കാലത്തിനെ വല്ലാണ്ട് മോഹിച്ചിരുന്നു. ആദ്യമായി… അങ്ങനെ അനിവാര്യമായതെല്ലാം എന്റെ ജീവിതത്തിലും സംഭവിച്ചു. ഭാര്യയായി, അമ്മയായി അമ്മൂമ്മയായി. ഇപ്പോള്‍ ഞാന്‍ കാലത്തിനെ വെറുക്കാനും തുടങ്ങി. കാലത്തിനെ ആട്ടിപ്പായിക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിജീവിക്കാനുള്ള പാഴ്ശ്രമം അതാണ്. അല്‍പ്പം മുമ്പ് കാലം എന്നെ നോക്കി പരിഹസിച്ചത്.

ഞാന്‍ തിരിഞ്ഞുനോക്കി. കാലവും, മരണവും അവിടെ ഇല്ല. വിഡ്ഢി! അത് നിന്നില്‍ നിന്നും വേറിട്ട് ഒരു അവസ്ഥ അല്ലല്ലോ. അത് എപ്പോഴും നിന്നോടൊപ്പം നിന്നില്‍ തന്നെ അല്ലേ ഉള്ളത്. ഞാന്‍ കാലത്തെ നോക്കി ഒന്ന് മന്ദഹസിച്ചു.

ഇപ്പോള്‍ പരിഹാസം എനിക്കാണ്. കാലമേ നിനക്ക് എന്റെ ശരീരത്തിലെ ഓരോ കോശകലകളെയും വികൃതമാക്കാന്‍ പറ്റും; നശിപ്പിക്കാന്‍ പറ്റും, പക്ഷേ നിനക്ക് എന്നെ ജയിക്കാന്‍ ആകില്ല. നിന്റെ സന്തത സഹചാരിയായ മരണത്തോടും പറഞ്ഞേക്ക് എന്നെ ജയിക്കാന്‍ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും കഴിയില്ല.

ഞാന്‍ രമണ മഹര്‍ഷിയുടെ വാക്കുകള്‍ ഓര്‍ത്തു.

‘വേദനിക്കുന്ന ഈ ശരീരം അല്ല ‘ഞാന്‍’.

ആലസ്യത്തോടെ ഞാന്‍ കട്ടിലിലേക്ക് ചാഞ്ഞു. എപ്പോഴോ മയക്കം എന്റെ കണ്‍പോളകളെ തളര്‍ത്തി.

Cover photo credit