രചന: ശിവ
“””അവൾ പോക്ക് കേസാടാ.. നട്ടപ്പാതിരക്കും അവളെ ഓൺലൈനിൽ ഞാൻ കാണാറുണ്ട്….
“””എനിക്കും സംശയം ഉണ്ട്.. ആ പിന്നെ കെട്ടിയോൻ കിടപ്പല്ലേ.. അവൾ ആണെങ്കിൽ ചെറുപ്പവും.. അതിന്റെ ഏനക്കേട് ഇല്ലാതെ ഇരിക്കുമോ..??
“””എനിക്കാ ബൈക്കിൽ വരുന്നവനെ ആണ് സംശയം..രണ്ടും മുട്ടി ഉരുമ്മി ഇരുന്നുള്ള പോക്ക് കണ്ടാലേ അറിയാം അവർ തമ്മിൽ സെറ്റ് അപ്പ് ആണെന്ന്….
“”ആഹ് അവന്റെ യോഗം..അമ്പലകുളത്തിനരികെ ഉള്ള ആൽത്തറയിൽ ഋതുവിനെ കുറിച്ചുള്ള സംസാരം ചൂട് പിടിച്ചിങ്ങനെ ഇങ്ങനെ നീണ്ടു പോവുകയാണ്..
“””അളിയാ നമുക്ക് ഒന്ന് മുട്ടിയാലോ.. നമ്മൾ ഇവിടെ ഉള്ളപ്പോൾ കണ്ട വരുത്തന്മാർ കേറി ഇറങ്ങുന്നത് ശെരിയാണോ..??
“””അതൊക്ക ശെരിയാ മച്ചാനെ പക്ഷേ സംഭവം പെണ്ണ് കേസായാൽ പണി ആവും….അവളെ വിശ്വസിക്കാൻ പറ്റില്ല.. ആദ്യം അവളെ കൈയോടെ പൊക്കണം എന്നിട്ട് ആവാം ബാക്കി….
“””അത് ശെരിയാ അളിയാ, അങ്ങനെ അവളെ നമ്മുടെ റൂട്ടിൽ എത്തിക്കാം..എന്തൊരു മൊതലാണ്..അവളുടെ ഫേസ്ബുക് ഫോട്ടോസ് കണ്ടാലേ അറിയാം ഇളക്കം ഉള്ള കൂട്ടത്തിൽ ആണെന്ന്…..
“”നീ പിടക്കാതെ ഇരിക്കെടാ നമുക്ക് സെറ്റ് ആക്കാം….അന്നത്തെ ചർച്ച അവിടെ തീർന്നു..
ആക്‌സിഡന്റിൽ കാല് തളർന്നു കിടക്കുന്ന ഭർത്താവുമായി പറയത്തക്ക ബന്ധു സഹായങ്ങൾ ഒന്നുമില്ലാതെ ജീവിക്കുന്ന ഋതുവിനെ കുറിച്ചു വാർത്തകൾ പലതും ഇങ്ങനെ പ്രചരിച്ചു കൊണ്ടിരുന്നു..അവളാകട്ടെ അതെല്ലാം അറിഞ്ഞിട്ടും ഭർത്താവിനെ അറിയിക്കാതെ അറിയാത്ത ഭാവത്തിൽ നടന്നു….അവനറിയാതെ എപ്പോഴെക്കെയോ ആ കണ്ണുകൾ നിറഞ്ഞിരുന്നു….ഒടുവിൽ നാട്ടിലെ ഏഷണിക്കാരി ശോശാമ്മ ചേട്ടത്തി എല്ലാം അവന്റെ കാതുകളിൽ എത്തിച്ചു…..അവന്റെ മുഖത്ത് ഗൗരവം നിറയുന്നത് കണ്ടവർ വന്ന കാര്യം സാധിച്ച സംതൃപ്തിയോടെ മടങ്ങി…..ജോലി കഴിഞ്ഞു ഋതു എത്തി..മാനം ഇരുണ്ടു..വെള്ളിടി വെട്ടി..കാറ്റും മഴയും വന്നു പോയി….
ഒരു ഭൂകമ്പം പ്രതീക്ഷിച്ചു ഋതുവിന്റെ വീട്ടിലേക്ക് നോക്കി നിന്ന ശോശാമ്മ ചേട്ടത്തിയുടെ മുഖത്ത് നിരാശ പടർന്നു…..കുറച്ചു സമയം കഴിഞ്ഞതും ആ വീട്ടിൽ നിന്നും ഋതുവിന്റെയും ഭർത്താവിന്റെയും പൊട്ടിചിരി ഉയരുന്നത് അവർ കേട്ടു…..അതോടെ അവർ പ്രതീക്ഷകൾ നഷ്ടപ്പെട്ടു വീടിന് അകത്തേക്ക് പോയി….
ഓൺലൈൻ കഥകളെയും കവിതകളെയും സ്നേഹിക്കുന്ന ഭർത്താവിന് അവന്റെ ആവശ്യ പ്രകാരം ഉറങ്ങും മുൻപ് ഫേസ്ബുക്കിലും മറ്റും വരുന്ന കഥകൾ വായിച്ചു കൊടുക്കാൻ കേറുന്നത് ആണ് താൻ രാത്രി എന്നും….തന്റെ ഫോട്ടോസ് ഫേസ്ബുക്കിൽ ഇടാൻ സെലക്ട് ചെയ്തു തരുന്നത് ഭർത്താവ് ആണെന്നും..പിന്നെ ജന്മം കൊണ്ടല്ല കർമ്മം കൊണ്ടും ആങ്ങളയും പെങ്ങളും ആവാമെന്ന സത്യം തിരിച്ചറിയാത്തതുമായ ഒരു സമൂഹത്തിന്റെ ദുഷിച്ച ചിന്തകളെ അവർ ചിരിച്ചു തള്ളാതെ ഇരിക്കുമോ….??
വിശ്വാസവും സ്നേഹവും ആവോളം ഉള്ള ഭർത്താവുള്ളപ്പോൾ മറ്റൊരാണിന്റെ ചൂട് തേടി പോവാൻ മാത്രം വിഡ്ഢിയല്ല താനെന്നു മനസ്സിൽ മന്ത്രിച്ചു കൊണ്ടവൾ അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തിഅവന്റെ ഇടനെഞ്ചിൽ ചുംബനം കൊണ്ട് പൊതിയുമ്പോൾ അവന്റെ കൈകൾ അവളെ തന്നിലേക്ക് ചേർത്ത് വരിഞ്ഞു മുറുക്കിയിരുന്നു…..അവരുടെ പ്രണയാർദ്ര നിമിഷങ്ങൾക്ക് കൂട്ടായി കുളിര് പകർന്നു കൊണ്ട് രാത്രി മഴയും വന്നെത്തി……
ഇതൊന്നും അറിയാതെ പരദൂക്ഷണക്കാർ അവളെ കുറിച്ചുള്ള ചർച്ചകൾ തുടർന്ന് കൊണ്ടേ ഇരുന്നു…..ഇവരിങ്ങനെ കഥകൾ നെയ്തു കൊണ്ടേയിരിക്കും അവർ പ്രണയിച്ചു കൊണ്ടും…..