അവരും നിന്നെ പോലെ വല്ലാത്ത എതിർപ്പ് തന്നെയായിരുന്നു ആദ്യം . പക്ഷേ ഇപ്പോൾ ഞാനില്ലാതെ അവർക്ക് ഉറക്കം വരില്ല…

മക്കൾ

രചന: സന്തോഷ് അപ്പുക്കുട്ടൻ

“എടീ ദേവിയേ-വാതിൽ തൊറക്ക് “

ചിതൽ പടർന്നു തുടങ്ങിയ വാടകവീടിൻ്റെ, ബലമില്ലാത്ത വാതിലിൽ മേലുള്ള പതിഞ്ഞ മുട്ടിനൊപ്പം വന്ന ആ വാക്കുകൾ കേട്ട് അവൾ ഞെട്ടിത്തെറിച്ചു.

ശബ്ദം കേൾക്കുന്നത് ഒരു ദു:സ്വപ്നത്തിലായിരിക്കണമെന്നവളുടെ കണ്ണീരോടെയുള്ള പ്രാർത്ഥന വെറുതെയാണെന്ന് ഇളകുന്ന വാതിൽ കൺമുന്നിൽ തെളി:ഞ്ഞപ്പോൾ അവൾ ഉറപ്പിച്ചു.

അവളുടെ ശോഷിച്ച കൈ തലയിണ ഭാഗത്തേക്ക് നീണ്ടു.

മൂർച്ചയുളള ഒരു വാക്കത്തിയിൽ അവൾ ശക്തിയോടെ പിടുത്തമിട്ടു.

പുറത്തെ ഇരുട്ടിൽ മഴ തകർത്തു പെയ്യുന്നതിൻ്റെ ശബ്ദം അവളുടെ കർണ്ണപുടത്തിലേക്ക് തുളച്ചു കയറി.

വാതിൽപ്പഴുതിലൂടെ തെറിച്ചെത്തിയ മിന്നൽ വെട്ടത്തിൽ അവളൊരു നിമിഷം മക്കളെ നോക്കി.

ഒന്നും, അറിയാതെ വിശപ്പിൻ്റെ ക്ഷീണത്തിൽ ബോധംകെട്ടുറങ്ങുന്ന തൻ്റെ പൊന്നു മക്കൾ.

എട്ടിലും, അഞ്ചിലും പഠിക്കുന്നതാണെങ്കിലും വല്ലാത്ത വളർച്ച ആണവ ർക്ക്.

ദേവൻ്റെ അതേ ഉയരവും തടിയും!

നന്നായി കഴിക്കണ്ട പ്രായത്തിൽ അരപ്പട്ടിണിയും, മുഴുപ്പട്ടിണിയും കിടക്കുന്ന മക്കൾ.

ക്ഷീണിച്ച ആ രണ്ട് വയറുകൾ അവളുടെ കണ്ണിൽ നീർ നിറച്ചു.

തൊണ്ടക്കുഴിയോളം എത്തിയ ഒരു തേങ്ങൽ അവിടെ തന്നെ പിടഞ്ഞു തീർന്നു.

മക്കളുടെ ദയനീയമായ ആ കിടപ്പ് കണ്ടപ്പോൾ, വാക്കത്തിയിലമർന്നിരുന്ന അവളുടെ കൈ പതിയെ പിൻവാങ്ങി.

മക്കളുടെ ഒട്ടിയവയറിലൂടെ അവളുടെ കൈ പതിയെ പരതി നീങ്ങുമ്പോൾ, കണ്ണുകളിൽ കർക്കിടക പെയ്ത്ത് തുടങ്ങിയിരുന്നു.

ഗതികെട്ട ഒരു അമ്മയുടെ നോവ്, പേറ്റുനോവിനെക്കാൾ ഭികരമാണെന്ന് തിരിച്ചറിയുന്നുണ്ടവൾ….

ജാലക വാതിലിൽകൂടി ചിതറി വീഴുന്ന മിന്നൽ വെട്ടത്തിൽ തെളിയുന്ന വാക്കത്തിയെയും, മക്കളെയും അവൾ നെഞ്ചിടിപ്പോടെ മാറി മാറി നോക്കി!

ഒരമ്മയുടെ നിസ്സഹായവസ്ഥയുടെ അങ്ങേ അറ്റത്ത് നിൽക്കുമ്പോൾ, മാനം വെറും കരിയിലയാണെന്നു തോന്നി അവൾക്ക് i

വിധിയുടെ ചുടുകാറ്റിൽ ദിക്കറിയാതെ പാറി പറക്കപ്പെടാൻ വിധിക്കപ്പെട്ട വെറും കരിയില

ആരൊക്കെയോ ഊതി പെരുപ്പിച്ച് വലുതാക്കി മാനം മുട്ടെ ഉയർത്തിയ വെറും രണ്ടക്ഷരം!

അതാണിപ്പോൾ തനിക്കു മാനം!

ഉയർന്നു താഴുന്ന മക്കളുടെ ശോഷിച്ച്, എല്ലു ന്തിയ വയറിലേക്ക് നോക്കിയപ്പോൾ, അവൾ പതിയെ തൻ്റെ വില കുറഞ്ഞ സാരി അഴിച്ചു തുടങ്ങി…

തൻ്റെ ശരീരത്തിലൂടെ അവളുടെ വിരലുകൾ പതിയെ ചലിച്ചു.

പട്ടിണിയും, പരിവട്ടവും കൊണ്ട് വെറും മരുഭൂമി പോലെ ആയി മാറിയ ഈ ശരീരത്തിൽ എന്തു കണ്ടിട്ടാണ് കോരയെന്ന കഴുകൻ തനിക്കു ചുറ്റും വട്ടമിട്ടു പറന്നത്?

” ദേവൻ നിന്നെ കെട്ടിക്കൊണ്ടു വന്ന കാലത്ത് തുടങ്ങിയ ഒരു ആശയാണ് ദേവീ നിന്നോട്- നീ ക്ഷീണിച്ചെങ്കിലും കോരയുടെ ആശ തളർന്നിട്ടില്ല മോളേ “

ഒരിക്കൽ കോര മുതലാളി നാവ് നുണഞ്ഞ് പറഞ്ഞ വാക്കുകൾ ഓർത്തപ്പോൾ അവൾ അറപ്പോടെ തല വെട്ടിച്ചു.

ദേവൻ.

ആ നാമം മനസ്സിലുരുവിട്ടപ്പോൾ അവളുടെ നെഞ്ച് ഒന്നു പിടഞ്ഞു.

സ്നേഹിച്ചിട്ടും,സ്നേഹിച്ചിട്ടും കൊതി തീരുന്നില്ല പെണ്ണേയെന്ന് പറഞ്ഞ് തൻ്റെ അടുക്കൽ നിന്ന് മാറില്ലായിരുന്നു’

പാത്രം കഴുകുമ്പോൾ, മുറ്റമടിക്കുമ്പോൾ, തുണിയലക്കുമ്പോൾ കൂടെ വന്നു നിൽക്കും.

ആരെങ്കിലും കണ്ടാൽ പെൺ കോന്തനാണെന്നു പറഞ്ഞു കളിയാക്കുമെന്ന് പറഞ്ഞാൽ ഓടി വന്ന് കെട്ടിപ്പിടിക്കും.

സ്നേഹമുള്ള പെണ്ണിനു മുന്നിൽ ഇത്തിരി പെൺകോന്തനായാൽ ഒരു കുഴപ്പവുമില്ല -ൻ്റെ ദേവിയേ എന്നും പറഞ്ഞ് നെറ്റിയിൽ ചുണ്ടമർത്തും.

ഓരോന്നോർത്തപ്പോൾ അവളുടെ മിഴികൾ നനഞ്ഞു തുടങ്ങിയിരുന്നു.

അധികകാലം ഒന്നിച്ചുണ്ടാവില്ലെന്ന് ദേവന് അറിയാമായിരിക്കും.

അതു കൊണ്ടല്ലേ ഒരു ജന്മത്തിൻ്റെ സ്നേഹം തന്ന് പാതി വഴിയിൽ തന്നെയും, മക്കളെയും തനിച്ചാക്കി ദേവൻ പോയത്!

കാതിൽ കിന്നാരവും പറഞ്ഞ് പോയവൻ്റെ വണ്ടി, ഏതോ വണ്ടിയുമായി കൂട്ടിയിടിച്ചെന്നു ആരോ പറയുന്നത് കേട്ട നിമിഷം തളർന്നുവീണതാണ് .

ആരൊക്കെയോ ചുണ്ടിലേക്കുറ്റിക്കുന്ന വെള്ളത്തിൽ, കണ്ണീരും കലർന്ന നിമിഷങ്ങൾ.

തുന്നിക്കൂട്ടിയ ദേവൻ്റെ ശവശരീരത്തിനു മുന്നിൽ തളർന്നിരിക്കുന്ന തനിക്കു നേരെ ഉയർന്ന ശാപ വർഷങ്ങൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.

“എൻ്റെ മോനെ കൊലയ്ക്കു കൊടുത്തതാണ് ആ ദുഷ്ട “

നെഞ്ചത്തടിച്ച് നിലവിളിച്ച് തനിക്കു നേരെ ശാപം ചൊരിയുന്ന ദേവൻ്റെ അമ്മ.

“ഞങ്ങളെയൊക്കെ എതിർത്ത് നീ തിരഞ്ഞെടുത്ത വഴിയല്ലേ?എന്തായാലും നീ അനുഭവിച്ചോ? “

ചിത കത്തി തീരും മുൻപെ വീട്ടിൽ നിന്നിറങ്ങിയ അച്ഛൻ്റെ വാക്കുകൾ.

എല്ലാം നഷ്ടപ്പെട്ട് രണ്ട് മക്കളെയും മാറോട് ചേർത്ത് ഇരിക്കുമ്പോൾ കണ്ടു;

ദു:ഖം കടിച്ചമർത്തി,തന്നെ തിരിഞ്ഞു നോക്കി പോകുന്ന അമ്മയെയും, അനിയത്തിയെയും.

തൊട്ടടുത്ത് ഒരു മരം കടപുഴകി വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ ഓർമ്മകളിൽ നിന്നുണർന്നു.

വാതിലിൽ ഇപ്പോഴും പതിയെയുള്ള മുട്ട് കേൾക്കുന്നുണ്ട്.

കോരയെന്ന മാംസദാഹി അക്ഷമയിലാണെന്നവൾക്കു തോന്നി.

ഇനിയും താമസിച്ചാൽ അയാൾ വാതിൽ തല്ലി പൊളിക്കും.

അതോർത്തപ്പോൾ അവളൊന്നു കിടുങ്ങി.

തൻ്റെ മക്കളുടെ മുന്നിൽ വെച്ച്?

ആ ഓർമ്മയിൽ അവളുടെ കൈ വാക്കത്തിയിലേക്കു നീണ്ടതും, അനാഥരായ രണ്ട് കുട്ടികൾ ഭക്ഷണത്തിനായ് അലഞ്ഞു നടക്കുന്ന രംഗം മനസ്സിലേക്കിരച്ചു കയറി.

ഹൃദയം പിളർത്തുന്ന -ആ ഓർമ്മയിൽ വാക്കത്തിയിൽ നിന്ന് പിടി വിട്ട അവളുടെ കൈവിരലുകൾ ബ്ലൗസിൻ്റെ ഹുക്കിലേക്ക് നീണ്ടു.

എവിടെയൊക്കെയോ മരങ്ങൾ കാറ്റിൽ കടപുഴകി വീഴുന്ന ശബ്ദം കേട്ടപ്പോൾ അവളുടെ ചുണ്ടിലും ഒരു വരണ്ട ചിരിയുതിർന്നു .

ഇത്രയുംകാലം, പ്രതിബന്ധങ്ങളിൽ കാലിടറാതെ നിന്നിരുന്ന താനും ഈ രാത്രിയിൽ കടപുഴകിവീഴും.

അവളുടെ കൈ അറിയാതെ തിരുനെറ്റിയിലേക്ക് നീണ്ടു.

സിന്ദൂരച്ചാർത്ത് നഷ്ടപ്പെട്ട് തരിശുനിലമായി കിടക്കുന്ന ആ നെറ്റിയിലൂടെ അവൾ പതിയെ വിരലോടിച്ചു.

ചുംബനങ്ങളേറ്റുവാങ്ങിയിടം ഇപ്പോൾ ശൂന്യമാണ്.

“എടീ – മോളേ വാതിൽ തൊറക്കടീ “

തെറിയോടൊപ്പം വന്ന ആ ഭീഷണി സ്വരം കേട്ടപ്പോൾ അവൾ വട്ടപായയിൽ നിന്നെഴുന്നേറ്റു.

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി പുറത്തേക്ക് നോക്കി.

ഭ്രാന്തിളകിയ മാനം ഇപ്പോഴും കലിതുള്ളുന്നുണ്ട്.

അതിലേറെ ഭ്രാന്തിൽ കോര മുതലാളി മഴ നനഞ്ഞ് പുറത്ത് നിൽപ്പുണ്ട്.

” കെട്ടിയോൻ ചത്ത നീ ഇതൊക്കെ എന്തിനാടീ കെട്ടി പൂട്ടി നടക്കുന്നേ?”

ഇന്ന് രാവിലെ കൊയ്ത്തുപാടത്ത് എത്തിയ കോര മുതലാളി, തന്നെ നോക്കി അങ്ങിനെ പറഞ്ഞപ്പോൾ അറപ്പ് ആണ് തോന്നിയത്.

ഇറച്ചിക്കഷ്ണം നോക്കി കൊതിയോടെ നിൽക്കുന്ന തെരുവ് പട്ടിയുടെ ഭാവമായിരുന്നു അയാൾക്കപ്പോൾ.

അത് കൊണ്ടു തന്നെയാണ് അയാൾക്കു നേരെ കാർക്കിച്ചു തുപ്പിയതും.

അങ്ങിനെ ചെയ്തപ്പോൾ അയാൾ ദേഷ്യപ്പെട്ടില്ല.പകരം ആ ചുണ്ടിൽ പുഞ്ചിരിയായിരുന്നു.

“നീ തുപ്പിയാലും, അടിച്ചാലും ഞാൻ ക്ഷമിക്കും – എൻ്റെ ആവശ്യമായി പോയില്ലേ?”

അകലെ കണ്ടത്തിൽ ഞാറ് നടുന്ന പെണ്ണുങ്ങളെയും നോക്കി അയാൾ പതിയെ ചിരിച്ചു.

” അവരും നിന്നെ പോലെ വല്ലാത്ത എതിർപ്പ് തന്നെയായിരുന്നു ആദ്യം . പക്ഷേ ഇപ്പോൾ ഞാനില്ലാതെ അവർക്ക് ഉറക്കം വരില്ല “

അയാൾ ചുറ്റും നോക്കി ആരും കാണുന്നില്ലായെന്നു ഉറപ്പു വരുത്തി അവളുടെ കൈ പിടിച്ചു:

“നീ പേടിക്കേണ്ട. നമ്മൾ തമ്മിലുള്ള അഡ്ജസ്റ്റ്മെൻ്റ് ഞാൻ ആരോടും പറയില്ല. ഒന്നില്ലെങ്കിലും എൻ്റെ ഡ്രൈവർ ആയിരുന്നല്ലോ ദേവൻ “

അവൾ പേടിയോടെ ചുറ്റും നോക്കി .

“ഇവിടെ വെച്ച് വേണ്ട ദേവി – ഞാൻ രാത്രി നിൻ്റെ വീട്ടിലേക്ക് വരാം “

പറഞ്ഞു തീർന്നതും, അയാൾ ഒരു സിഗററ്റ് എടുത്ത് കത്തിച്ചു പുക പുറത്തേക്ക് വിട്ടു അവളെ നോക്കിയൊന്നു ചുണ്ടു നനച്ചു.

” ആശയോടെ -ഈ രാത്രി ഞാൻ നിൻ്റെ വീട്ടിൽ വരുമ്പോൾ, നീ വാതില് തുറന്നില്ലായെങ്കിൽ നീയും നിൻ്റെ രണ്ട് മക്കളും ഈ ഭൂമുഖത്ത് ഉണ്ടാവില്ല. അത് നന്നായി ഓർമ്മ വേണം”

സിഗററ്റിലെ അവസാന പുകയുമെടുത്ത് ദേവിയുടെ മുഖത്തേക്ക് ഊതിക്കൊണ്ട് അയാൾ ക്രൂരമായി ചിരിച്ചു.

ഒരു നിമിഷം തൻ്റെ ശരീരമൊന്നു ഉഴിഞ്ഞു നോക്കി, വികൃതമായി കണ്ണടച്ച് തിരിഞ്ഞു പോകുന്ന കോരയെ നോക്കി അവൾ തരിച്ചുനിന്നു.

പുറത്തെ മഴയ്ക്ക് ശക്തി കൂടുന്നതവൾ അറിഞ്ഞു.

മുറിഞ്ഞെത്തുന്ന ഓർമ്മകളിൽ നിന്ന് മനസ്സിനെ പിൻവലിച്ചവൾ കണ്ണടച്ചു നിന്നു.

“ഞാനിത് തല്ലി പൊളിക്കണോ ?”

മഴ ശബ്ദത്തെ ഭേദിച്ച് കോരയുടെ ശബ്ദമുയർന്നപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു.

വിറയ്ക്കുന്ന കാലടികളോടെ അവൾ വാതിലിനരികെ ചെന്ന് ഒരു നിമിഷം നിന്നു.

നെഞ്ചിടിപ്പോടെ വാതിലിൻ്റെ കൊളുത്ത് മാറ്റി തുറന്നതും, അപ്പോൾ വീണ മിന്നൽ വെട്ടത്തിൽ കോരയെ കണ്ടു അവൾ.

വിദേശ പെർഫ്യൂമിൻ്റെയും, മ ദ്യത്തിൻ്റെയും സമ്മിശ്രമായ ഗന്ധം പേറി മഴയിൽ കുളിച്ചു നിൽക്കുന്ന അയാളെ കണ്ടപ്പോൾ, ഇതുവരെ സംഭരിച്ച ധൈര്യമൊക്കെ എവിടെയോ ചോർന്നു പോകുന്നത് പോലെ അവൾക്ക് തോന്നി.

ആടിയാടി അയാൾ അകത്തേക്ക് കടന്നു വാതിലടച്ചു.

പുറത്തെ മഴശബ്ദങ്ങൾ അവ്യക്തമായി തീർന്നതവൾ ഞെട്ടലോടെ അറിഞ്ഞു.

മിന്നൽ വെട്ടം പോലുമില്ലാതെ ആ കൂരിരുട്ടിൽ, അയാളിൽ നിന്ന് വീഴുന്ന ശ്വാസമേറ്റ് അവൾ ഉരുകിതുടങ്ങി.

“ഞാനൊന്നു കാണട്ടെ എൻ്റെ ദേവിയെ “

പറഞ്ഞതും, അയാൾ മൊബൈൽ ടോർച്ച് ഓൺ ചെയ്തു.

കരഞ്ഞു പോകുമെന്നുള്ള അവളുടെ മുഖഭാവം കണ്ട് അയാൾക്ക് ഒരു അലിവും തോന്നിയില്ല.

വിറച്ചു നിൽക്കുന്ന ദേവിയുടെ ചുമലിൽ തൊട്ട് അയാൾ പതിയെ ചിരിച്ചു..

” ആദ്യമായി കണ്ടതിൽ നിന്ന് ഇത്തിരി ക്ഷീണം മാത്രമേ ഉള്ളൂ നിനക്ക് – അത് ഒരു മാസം കൊണ്ടു നമ്മൾക്ക് തീർക്കാം. കോരയാണ് പറയുന്നത് “

അവളുടെ ഇരു തോളിലും കൈ വെച്ച് തന്നിലേക്കടുപ്പിക്കെ, വലതു കൈയിലൂടെ എന്തോ കീറി മുറിച്ചുക്കൊണ്ട് പാഞ്ഞു പോയതുപോലെ അയാൾക്ക് തോന്നി.

ഒരു നിമിഷം കഴിഞ്ഞ് അയാൾ അലർച്ചയോടെ താഴേക്കിരുന്നു.

തനിക്കു ചുറ്റം രക്തം ഒഴുകിപ്പരക്കുന്നത്, മൊബൈൽ വെട്ടത്തിൽ കണ്ട അയാൾ ഒരു അലർച്ചയോടെ എഴുന്നേറ്റു ഇടതു കൈ കൊണ്ട് ദേവിയുടെ കഴുത്തിന് പിടിച്ചു മുറുക്കി

“വിളിച്ചു വരുത്തി ചതിക്കുന്നോടീ പട്ടീ”

ആക്രോശത്തോടെ അവളുടെ കഴുത്തിൽ അയാൾ പിടിമുറുക്കിയപ്പോൾ, ദേവി ശ്വാസം കിട്ടാതെ പിടഞ്ഞു.

കണ്ണുകൾ തുറിച്ച് ശ്വാസത്തിന്‌ വേണ്ടി പിടയുന്ന ദേവിയെ നോക്കി അട്ടഹസിച്ച അയാൾ ഒരു നിമിഷം അലർച്ചയോടെ തറയിലേക്ക് ഇരുന്നു.

തൂങ്ങിയാടുന്ന തൻ്റെ ഇടതു കൈയെയും, ദേവിയെയും ഭീതിയോടെ നോക്കിയ അയാൾ ഒരു തീപ്പെട്ടി കൊള്ളി ഉരച്ച ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു.

ചിമ്മിനിയിലേക്ക് വെട്ടം പകർന്ന ആ കൊള്ളി തൻ്റെ മുഖത്തിനു നേരെ പറന്നു വന്നപ്പോൾ അയാൾ ഒഴിഞ്ഞുമാറി.

തറയിലൊഴുകുന്ന ചോരയിൽ ചവിട്ടി ഒരു നിമിഷം തെന്നിയ അയാൾ ദേവിയുടെ ദേഹത്തേക്ക് വീണു.

“തൊട്ടു പോകരുത് എൻ്റെ അമ്മയെ “

അലർച്ചയോടൊപ്പം അയാളുടെ നടുപ്പുറത്ത് കൂടി വാക്കത്തി പാളി പോയി!

ചോരയിൽ കുതിർന്ന തറയിലേക്ക് അയാൾ തളർന്നുവീണു.

വീണ്ടും വാക്കത്തി ഉയർത്തിയതും, അവനു മുന്നിലേക്ക് ദേവി ചാടിവീണു.

“മോനേ-വേണ്ട കണ്ണാ “

അമ്മയെ അവൻ പതിയെ മാറ്റി നിർത്തി അയാളുടെ മുഖത്തേക്ക് നോക്കി കണ്ണൻ.

” നിൻ്റെ വരവും കാത്തിരിക്കുകയായിരുന്നു ഞാൻ – ഓരോ രാത്രിയിലും ഉറങ്ങാതെ “

“മോനേ “

ദേവി ഓടിചെന്ന് അവനെ കെട്ടിപ്പിടിച്ചു.

” അതേ അമ്മേ – അമ്മയോടുള്ള ഇയാളുടെ സംസാരവും, അതിനു ശേഷം അമ്മയുടെ മുഖത്ത് ഉണ്ടാകുന്ന ഭീതിയും ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു – കാരണം ഇവൻ അത്ര നല്ല വനല്ലാത്തതുക്കൊണ്ട് തന്നെ “

ഒരു നിമിഷം തിരിഞ്ഞ് കണ്ണൻ തൊട്ടടുത്ത് നിന്ന് ഒരു കവർ എടുത്ത് കോരയുടെ ശരീരത്തിലേക്ക് കുടഞ്ഞു.

കോര അലറിക്കരച്ചിലോടെ തറയിൽ കിടന്നു പുളഞ്ഞു.

“നിൻ്റെ വരവും കണക്ക് കൂട്ടി ഞാൻ വാങ്ങി വെച്ച നല്ല ഒന്നാന്തരം മുളക് പൊടിയാണ് ഇത് “

കണ്ണൻ വീണ്ടും വാക്കത്തി-വീശാൻ തുടങ്ങിയപ്പോൾ അയാൾ കരഞ്ഞുകൊണ്ട് അവൻ്റെ കാൽ പിടിച്ചു.

അയാളുടെ ശിരസ്സ് കൈ കൊണ്ട് ഉയർത്തി. ആ കണ്ണുകളിലേക്ക് പക യോടെ നോക്കി അവൻ.

” അച്ഛൻ പോകുമ്പോൾ അമ്മയ്ക്ക് രണ്ടു മക്കളെ കൊടുത്തിട്ടാണ് പോയതെന്ന് നീ മറന്നു അല്ലേ?”

കോരയുടെ മുടിയിൽ പിടുത്തമിട്ട് വട്ടംചുഴറ്റി അവൻ.

തറയിലൂടെ വലിച്ചിഴച്ച് കോരയെ -വാതിലിനപ്പുറത്തെ മഴവെള്ളത്തിലേക്കിട്ടു കണ്ണൻ.

” ഇനി നീ അറിയാതെയാണെങ്കിൽ പോലും ഇവിടെ കയറിയാൽ മടങ്ങി പോകാൻ നീയുണ്ടാവില്ല “

പറഞ്ഞു തീർന്നതും അവൻ വാതിൽ വലിച്ചടച്ച് അമ്മയുടെ തോളിലേക്ക് ചാഞ്ഞു.

“മോനെ അയാൾ? “

ദേവി ഭീതിയോടെ അവൻ്റെ ശിരസ്സിൽ തലോടി.

അവൻ പതിയെ തലയുയർത്തി, അമ്മയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു.

“വെറുതെ മരിക്കുന്നതിലും നല്ലത് അല്ലേ അമ്മാ- പൊരുതി മരിക്കുന്നത്?”

ദേവി സന്തോഷകണ്ണീരോടെ കണ്ണൻ്റെ നെറുകയിൽ ചുംബിച്ചു…..

അച്ഛൻ്റെ, ഭർത്താവിൻ്റെ – ഇപ്പോഴിതാ മകൻ്റെ കരുതലിലൂടെ!

താനൊരിയ്ക്കലും തോറ്റിട്ടില്ല എന്ന ആവേശത്തോടെ മകൻ്റെ കവിളിൽ മാറി മാറി ഉമ്മ വെക്കുമ്പോൾ, പുറത്ത് മഴത്തുള്ളികൾ വാത്സല്യത്തോടെ ഭൂമിയെ തഴുകിക്കൊണ്ടിരിക്കുകയായിരുന്നു.