ഒരാഴ്ചകൊണ്ട് എല്ലാം പഠിച്ച ഞാൻ കണ്ടക്ടർ ജോലിക്കു ശുഭാരംഭം കുറിച്ചു…

ഒരു ബസ് പ്രണയകഥ..

രചന: Sivan Thandassery

ഡിഗ്രി പഠനം കഴിഞ്ഞ്, തെക്ക് വടക്ക് തേരാ പാരാ നടക്കുമ്പോഴാണ് കൂട്ടുകാരൻ്റെ ക്ഷണം.. “ഡാ നീ വരുന്നോ ഞാൻ ഡ്രൈവർ ആയി പോണ ബസിൽ കണ്ടക്ടറുടെ ഒഴിവുണ്ട് വേണെങ്കിൽ പോരെ. “

മനസിൽ ഒരു ലഡ്ഡു പൊട്ടി.. എങ്കിലും പറഞ്ഞു, അതിനെനിക്ക് ലൈസൻസ് ഒന്നുമില്ലല്ലൊ. പോരാത്തതിന് റിസൾട്ട് വന്നാൽ എന്തെങ്കിലും കോഴ്സ് നോക്കണം. ഞാൻ പറഞ്ഞു.

” അതു സാരമില്ല യൂണിവേഴ്സിറ്റിയുടെ കാര്യമറിയാലോ റിസൾട്ട് വരാൻ കുറെ സമയം എടുക്കും.

പിന്നെ ലൈസൻസ് അതൊക്കെ വേഗം ശരിയാക്കാം.”

അങ്ങനെ ഞാൻ മലയോരത്തു നിന്നും കടലോരത്തിലേക്കുള്ള ബസിൽ പ്രാക്ടീസ് തുടങ്ങി. ഒരാഴ്ചകൊണ്ട് എല്ലാം പഠിച്ച ഞാൻ കണ്ടക്ടർ ജോലിക്കു ശുഭാരംഭം കുറിച്ചു.

കണ്ടക്ടറായി ഞാനും, ഡ്രൈവറായി കൂട്ടുകാരനും, പിന്നെ ഒരു കിളിയും. രാവിലെയും വൈകിട്ടുമുള്ള ട്രിപ്പിൽ നിറയെ കോളേജ് കുമാരിമാരും, കുമാരൻമാരും പിന്നെ കുറെ സ്ഥിര യാത്രികരും. ആനന്ദലബ്ദിക്കിനിയെന്തു വേണം!

കോളേജിൽ വച്ച് കുറെ പ്രണയങ്ങൾ പൂവിട്ടിരുന്നുവെങ്കിലും എല്ലാത്തിനും അല്പായുസായിരുന്നു. അങ്ങിനെ രസകരമായി പോയി കൊണ്ടിരുന്ന ജോലിക്കിടയിലാണ് പുതിയ സംഭവവികാസങ്ങൾ തുടങ്ങിയത്.

രാവിലത്തെ ട്രിപ്പ് പോയി കടലോരത്തു നിന്ന് തിരിച്ചുപോരുമ്പോഴാണ് സംഭവം. ഒരു സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റി ബസ് എടുത്തതിന് പിന്നാലെയാണ് ഇടവഴിയിൽ കൂടി ഓടി വരുന്ന ഒരു കുട്ടിയെ കണ്ടത്. സ്ഥിര യാത്രക്കാരായ കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ വിസിലടിച്ചു വണ്ടി നിർത്തിച്ചു. ആ കുട്ടി ഓടിയെത്താൻ അല്പം സമയമെടുത്തു. കയറി കഴിഞ്ഞതും ഡ്രൈവറുടെ വക ചീത്ത വിളി തുടങ്ങി.

“നേരം കൈപിടിച്ചാണ് ഓട്ടം പിന്നിലെ ബസ് കയറിപ്പോയാൽ എന്നെ പറയരുത്. നിനക്ക് കാശും വാങ്ങി നടന്നാൽ മതി. കളക്ഷൻ കുറഞ്ഞാൽ മുതലാളിയുടെ ചീത്ത ഞാനും കേൾക്കണം.”

എനിക്കു കിട്ടിയതിൻ്റെ ഡോസ് ഞാൻ ആ കുട്ടിക്കും കൊടുത്തു.

“8 മണി വരെ കിടന്നുറങ്ങിയിട്ട് നേരം വൈകി ഓടി വന്നോളും, കുറച്ചു നേരത്തെ വന്നു നിന്നൂടെ കുട്ടീ..ആ ഡ്രൈവറുടെ വായിലിരിക്കുന്നത് കേൾപ്പിച്ചപ്പോ സമാധാനായല്ലൊ…”

മുൻഭാഗത്തു പോയി ടിക്കറ്റും കൊടുത്ത് വരുമ്പോഴാണ് ആ കുട്ടിയെ ശരിക്കും ശ്രദ്ധിച്ചത്. മനോഹരമായ തട്ടമിട്ട ഒരു സുന്ദരിക്കുട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അത്രയും വഴക്കു പറയണ്ടായിരുന്നു എന്നെനിക്കപ്പോൾ തോന്നി.പറഞ്ഞത് തിരിച്ചെടുക്കാനാവില്ലല്ലൊ..

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു, ആ കുട്ടി എന്നെ കണ്ടാൽ മുഖം തരാതെ ദ്വേഷ്യത്തോടെ തിരിഞ്ഞു നിൽക്കും, ബസ് ചാർജ് കൂട്ടുകാരികളാണ് തരുന്നത്.. ഇതങ്ങിനെ വിട്ടാൽ പറ്റില്ലെന്ന് ഞാനും തീരുമാനിച്ചു.

കൂട്ടുകാരികളോട് ചോദിച്ച് അവളുടെ പേര് ഞാൻ മനസിലാക്കി ഷെഹാന..ഇഷ്ടായി പേര്, അവളെയും.. ഇത്രമൊഞ്ചുള്ള ഈ സുന്ദരികുട്ടിയെ എന്തേ ഞാൻ ഇതുവരെ ശ്രദ്ധിച്ചില്ല എന്നോർത്ത് ഒരു വിഷമം തോന്നി. അവൾ ഉപയോഗിക്കുന്ന വില കൂടിയ വിദേശ പെർഫ്യൂമിൻ്റെ മണം അവളിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചു…

ദിവസങ്ങൾ കടന്നു പോകവെ അവൾക്കെന്നോടുള്ള ദ്വേഷ്യം കുറഞ്ഞു വരുന്നതായി തോന്നി തുടങ്ങി. അവളുടെ കൂട്ടുകാരികളോട് ഞാൻ പറയുന്ന തമാശകൾ അവളും ആസ്വദിക്കുന്നുണ്ടായിരുന്നു. കോളേജ് പടിക്കൽ ഇറങ്ങി നടന്നു പോകുമ്പോൾ തിരിഞ്ഞു നോക്കി ചെറിയൊരു പുഞ്ചിരി സമ്മാനിക്കുന്നതും ഞാൻ അറിഞ്ഞു..

ദിവസങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്. പരിക്ഷക്കുള്ള വെക്കേഷൻ ആരംഭിച്ചപ്പോഴാണ് അവളെ കാണാത്ത വിഷമം ശരിക്കും അനുഭവിച്ചത്. ആദ്യമായി അവൾ ഓടി വന്നു ബസിൽ കയറിയ ആ ഇടവഴിയിലൂടെ എൻ്റെ കണ്ണുകൾ എന്നും സഞ്ചരിക്കുമായിരുന്നു. ദൂരെയൊരു സുന്ദരിക്കുട്ടി എന്നെ കാത്തെന്നോണം നില്കുന്നത് കാണുമ്പോൾ മനസ് നിറഞ്ഞിരുന്നു…

ഒരു മാസം കഴിഞ്ഞ് വീണ്ടും കോളേജ് തുറന്നു. മനസ് നാസിക് ഡോളിനെക്കാൾ ഉച്ചത്തിലാണ് മിടിക്കുന്നത്. ദൂരെ നിന്നേ അവളുടെ സ്ഥിരം സ്റ്റോപ്പിലേക്ക് എൻ്റെ കണ്ണുകൾ പാഞ്ഞു. തട്ടമിട്ട കുറെ കുട്ടികൾ ഉണ്ട്, ഭാഗ്യം അവസാനമായി അവളും ബസിൽ കയറി..

സന്തോഷം കൊണ്ട് ഒന്നും ചോദിക്കാനോ പറയാനോ കഴിയുന്നില്ല. തിരക്കിനിടയിലും മനോഹരമായ ഒരു പുഞ്ചിരി എനിക്കവൾ സമ്മാനിച്ചു, കൂടെ അവളുടെ തട്ടത്തിലെ പെർഫ്യൂമിൻ്റെ സുഗന്ധവും.. ഇറങ്ങാൻ നേരം ഞാൻ പതുക്കെ പറഞ്ഞു “അധികമുണ്ടെങ്കിൽ ഒരു പെർഫ്യൂം എനിക്കും തരാട്ടോ…

പിറ്റേ ദിവസം തിരക്കിനിടയിൽ ഒരു കൈ എൻ്റെ നേർക്ക് നീളുന്നത് ഞാൻ കണ്ടു, കയ്യിലൊരു കവറും.. ആരും കാണാതെ ഞാനതു വാങ്ങി കണ്ടക്ടർ ബാഗിൽ വച്ചു. സ്റ്റാൻ്റിലെത്തിയതും ഞാൻ ഓടി ലാട്രീനിൽ പോയി അവൾ തന്ന സമ്മാനം തുറന്നു നോക്കി. എന്നും അവൾ ഉപയോഗിക്കുന്ന അതേ പെർഫ്യൂം…!

അധികം വൈകിയില്ല ബസിലെ സ്ഥിര യാത്രക്കാരും, കുട്ടികളും ഞങ്ങളുടെ പ്രണയം അറിഞ്ഞു തുടങ്ങി. ഒരു ദിവസം അവൾ മുടങ്ങിയാൽ “എന്താ കണ്ടക്ടറെ ഒരു വിഷാദം ” എന്നൊക്കെ ചോദ്യങ്ങൾ വന്നു തുടങ്ങി…

യാഥാസ്ഥിതിക കുടുംബത്തിൽ പെട്ട ഒരു കുട്ടിയായിരുന്നു അവൾ.. ഉപ്പയും, ഇക്കയും ഗൾഫിൽ.. നല്ല സാമ്പത്തികം, ഉമ്മച്ചി കർശന നിയന്ത്രണത്തിലാണ് അവളെ വളർത്തുന്നത്. അതു കൊണ്ട് തന്നെ ഫോൺ വിളികൾ ഒഴിവാക്കിയിരുന്നു. ബസിലെ തിരക്കിൽ ആരും കാണാതെ തരുന്ന പ്രണയ ലേഖനങ്ങളായിരുന്നു ഒരാശ്വാസം.

എന്തുവന്നാലും അവളെ സ്വന്തമാക്കണമെന്ന ഒരാഗ്രഹം എനിക്കുണ്ടായത് ഒരു തെറ്റായി തോന്നിയില്ല.. ഹിന്ദുവായ എനിക്കെങ്ങിനെ അതു കഴിയും എന്ന ആശങ്കയിലായിരുന്നു ഞാൻ.

എങ്ങനെയോ അവളുടെ വീട്ടിലും വാർത്തകൾ എത്തി. അവളുടെ ബന്ധുക്കളുടെ ഭീഷണിയും വന്നു തുടങ്ങി. അവസാനം ആ ബസിലെ എൻ്റെ ജോലിയും പോയി.

കുട്ടുകാരികൾ വഴി വിശേഷങ്ങൾ അറിയാറുണ്ടായിരുന്നു. ശരിക്കും അവൾ വീട്ടുതടങ്കലിൽ ആയിരുന്നു.

അവസാനം ഞങ്ങൾ ഒരു തീരുമാനത്തിലെത്തി, ഫൈനൽ ഇയർ അവസാന പരീക്ഷ കഴിഞ്ഞ് മുങ്ങുക.. അതല്ലാതെ വേറെ വഴിയൊന്നും കണ്ടില്ല. എല്ലാം ഉദ്ദേശിച്ച രീതിയിൽ തന്നെ നടന്നു. കൂട്ടുകാരുടെ സഹായത്തോടെ 2 ദിവസം ഒളിച്ചു താമസിച്ചു, ഒരമ്പലത്തിൽ വച്ച് താലിചാർത്തി ഞാനെൻ്റെ ഷെഹാനയെ സ്വന്തമാക്കി.

മകളെ കാണാതെ വീട്ടുകാർ കേസു കൊടുത്തിരുന്നു. അങ്ങനെ ഞങ്ങൾ ജീവിതത്തിൽ ആദ്യമായി പോലീസ് സ്റ്റേഷൻ കയറി.. സ്റ്റേഷനിൽ വച്ച് അവൾ എൻ്റെയൊപ്പം പോകുവാണെന്ന് എഴുതി കൊടുത്തു. ഉമ്മച്ചി ഒന്നും പറയാതെ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു..

ഗൾഫിൽ നിന്ന് വന്ന ഉപ്പ ഞങ്ങൾക്കിങ്ങനെയൊരു മോളില്ല ഇനി എന്നു പറഞ്ഞ് ഇറങ്ങിപ്പോയി.

എൻ്റെ അച്ഛനും അമ്മയും അത്ര സന്തോഷത്തോടെയല്ലെങ്കിലും ഞങ്ങളെ സ്വീകരിച്ചു. പിറ്റേ ദിവസം വൈകിയെണീറ്റ ഞാൻ കണ്ട കാഴ്ച സെറ്റുമുണ്ടുടുത്ത് അമ്പലത്തിൽ പോയി നെറ്റിയിൽ ചന്ദനക്കുറിയുമായി കയറി വരുന്ന ഷെഹാനയെയും, അമ്മയേയുമായിരുന്നു.!

വസ്ത്രം മാറാൻ ബെഡ് റൂമിലേക്ക് വന്ന ഷെഹാനയോട് ഞാൻ പറഞ്ഞു “നീ വന്നു കയറിയത് ഹിന്ദു കുടുംബത്തിലേക്കാണെങ്കിലും നിൻ്റെ വിശ്വാസങ്ങളിൽ ഞാൻ ഒരിക്കലും ഇടപെടില്ല, നിനക്ക് തട്ടമിടാം, നിസ്കരിക്കാനായി ഒരിടം എന്നും ഈ വീട്ടിൽ ഉണ്ടാകും.. ആരും നിന്നെ ശകാരിക്കാൻ വരില്ല.” അതിനു ശേഷം എവിടെ പോകുമ്പോഴും എൻ്റെ പ്രിയപ്പെട്ട താത്തക്കുട്ടിയായേ അവൾ വന്നിരുന്നുള്ളു.. പരസ്പര സ്നേഹത്തിനിടയിൽ ജാതിക്കും, മതത്തിന്നും ഒരു സ്ഥാനവുമില്ലെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു…

വർഷങ്ങൾ കടന്നു പോയതറിഞ്ഞില്ല സ്വന്തമായി വരുമാനം വേണമെന്ന വാശിയിൽ ഞാൻ പഠിച്ച് ഒരു ഗവ: ജോലി നേടി. ഷഹാനയും പഠിക്കുന്നു ജോലിക്കായി.. ഏറ്റവും സന്തോഷമുള്ള കാര്യം ഞങ്ങൾക്കൊരു മോളുണ്ടായി ഷഹാനയെപ്പോലെ ഒരു

ചുന്ദരികുട്ടി… ഇപ്പോൾ അവൾക്ക് 4 വയസായി. ഷെഹാനയുടെ വീട്ടുകാർക്കും പഴയ ദ്വേഷ്യമൊന്നുമില്ല, വീട്ടിൽ വരില്ലെങ്കിലും ഉമ്മച്ചി മോളെ പുറത്തു വച്ചു കാണാറുണ്ട്. അത്യാവശ്യം സഹായങ്ങളും…

ഇന്നു മോൾടെ പിറന്നാളാണ്

കേക്ക് മുറിക്കലും, സദ്യയുമൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് മോളുടെ ആ ചോദ്യം ” അച്ഛാ അച്ഛൻ ഹിന്ദുവല്ലെ അമ്മ മുസ്ലീമും.. അപ്പൊ ഞാൻ ആരെയാ കല്യാണം കഴിക്കാ?” ഞങ്ങൾ കൂട്ടിച്ചിരിയായി, ഞാൻ പറഞ്ഞു “പെണ്ണ് മൊട്ടേന്നു വിരിഞ്ഞില്ല അപ്പഴാ അവൾടെ കല്യാണക്കാര്യം, നിനക്കൊരു കൃസ്ത്യാനി ചെക്കനെ കഴിച്ചു തരാടി.. “

ഓക്കെ അച്ഛാ എന്നു പറഞ്ഞവൾ ഓടിപ്പോകുമ്പോൾ ഷെഹാന പറയുന്നുണ്ടായിരുന്നു അച്ഛൻ്റെയല്ലെ മോള് ഇതിലപ്പുറവും ചെയ്യും.. ഞാൻ കൂട്ടി ചേർത്തു ഉമ്മച്ചിയുടേയും… അവൾ തന്ന നുള്ളലിൻ്റെ സുഖത്തിൽ ഞാനവളോട് ഒന്നുകൂടി ചേർന്നിരുന്നു…

———————