നാലു പെണ്ണുങ്ങൾ
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
യമുന, സെലീന, ചന്ദ്രിക, ബിജി….
അവർ നാലു പെണ്ണുങ്ങളും, ഒരേ നാട്ടുകാരായിരുന്നു. ഒരിക്കൽ, ഏതോ കല്ല്യാണസദ്യയുടെ തിരക്കുകൾക്കിടയിൽ, അവർ തെല്ലുനേരം ഒത്തുചേർന്നു.
യമുന:
സ്വന്തം വിവാഹത്തിനു രണ്ടുനാൾ മുൻപേ, വിവശനായ കാമുകനു സർവ്വവും സമർപ്പിച്ച് ആത്മനിർവൃതിയടഞ്ഞവൾ. അന്നതൊരു പ്രതികാരം കൂടെയായിരുന്നു. പ്രണയത്തേ അംഗീകരിക്കാത്ത, സ്വന്തം വീട്ടുകാരോടുള്ള പ്രതിഷേധം….വിവാഹം കഴിഞ്ഞ്,പത്താം മാസം പ്രസവിച്ചപ്പോൾ, കുഞ്ഞിനേയോർത്ത് ഉൾക്കിടിലങ്ങൾ പേറിയവൾ…താലി ചാർത്തിയ പുരുഷൻ്റെ കുഞ്ഞുതന്നെയാണെന്ന്, മുഖച്ഛായയാൽ കാലം തെളിയിച്ചു. ഇരുപതു കൊല്ലം മുൻപത്തേ ആ വിവാഹപൂർവ്വ ദിനം, അവളുടെ മനസ്സിൽ നിറം മങ്ങാതെയുണ്ട്. ഈ നാൽപ്പതാം വയസ്സിലും…..
സെലീന :
കടം കയറി, വീടും ഇത്തിരിപ്പുരയിടവും നഷ്ട്ടപ്പെട്ട ഭർത്താവിന് തുണയായത്, സെലീന ജോലി ചെയ്യുന്ന ബേക്കറിയുടെ ഉടമയുടെ കാരുണ്യമാണ്. സെലീനയ്ക്കും ഭർത്താവിനും, ഇഷ്ടംപോലെ വാങ്ങിക്കൂട്ടിയ വീടുകളിലൊന്നയാൾ വാടകയ്ക്കു നൽകി. അടുത്ത ജില്ലയിൽ പ്രവർത്തിക്കുന്ന, സ്വന്തം പന്നിഫാമിൻ്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും, അവളുടെ ഭർത്താവിനേയേൽപ്പിച്ചു. സെലീന, സ്വന്തം മുതലാളിയോട് ഏറെ നന്ദിയുള്ളവളായിരുന്നു. രാത്രി വൈകുമ്പോൾ, അപ്പുറത്തേ മുറിയിൽ മക്കളുറുങ്ങുമ്പോൾ, പാത്തും പതുങ്ങിയും വരുന്ന മുതലാളിയോട് സെലീന നന്ദി പ്രകാശിപ്പിക്കാറുണ്ട്….രാ വെളുക്കുവോളം……
ചന്ദ്രിക:
നാട്ടിലെ മാടമ്പിയായ അമ്പതുകാരൻ, ഭാര്യയുടെ മരണശേഷം, രണ്ടാമതു കെട്ടിയതാണു നാൽപ്പതുകാരി ചന്ദ്രികയേ…ചന്ദ്രികയ്ക്കും, അത് രണ്ടാം വിവാഹമായിരുന്നു. പതിറ്റാണ്ടുകൾക്കു മുൻപ്, മധുവിധുവിൻ്റെ ചൂടു മാറും മുൻപാണ് അവളുടെ ഭർത്താവ് പാമ്പുകടിയേറ്റു മരിച്ചത്. ദാരിദ്ര്യം അരങ്ങു തകർത്തുവാണ വീട്ടിലെ, സങ്കടക്കടലിൽ നിന്നും, രണ്ടാം വിവാഹമെന്നത് അവൾക്കൊരു സുരക്ഷയുടെ തുരത്താവുകയായിരുന്നു. വർഷമൊന്നു കഴിഞ്ഞപ്പോൾ, അവൾക്കൊരു കാര്യം ബോധ്യമായി. മാടമ്പിക്കു വച്ചു വിളമ്പാനും, അയാളുടെ വിഴുപ്പലക്കാനും, നേരാനേരങ്ങളിൽ പഞ്ചാര രോഗമടക്കമുള്ള അനേകം വ്യാധികൾക്കുള്ള മരുന്നു കൊടുക്കാനും മാത്രമാണ്, തന്നെ കെട്ടിക്കൊണ്ടു വന്നതെന്ന്…..അവൾ ഏറെ സങ്കടപ്പെട്ടു.വീട്ടിലെ, ചെറുപ്പക്കാരനായ ഡ്രൈവറെ ശരിക്കും പരിചയപ്പെടും വരേ…ഇന്ന്, ചന്ദ്രിക സന്തോഷവതിയാണ്….
ബിജി:
ബാംഗ്ലൂരിൽ നഴ്സിംഗ് സ്റ്റുഡൻ്റാണ്….’24 കോട്ടയം ഫീമെയിൽ’ സിനിമയിലേതു പോലെ ജീവിതത്തിൽ മികച്ച ദൂരങ്ങൾ താണ്ടണമെന്നും, ജീവിതം ഒന്നേയുള്ളുവെന്നും,അത് പരമാവധി ആസ്വദിക്കണമെന്നും തീർച്ചയുള്ളവൾ….
നാലുപേരും സമൂഹത്തിൽ നല്ല പ്രതിച്ഛായയുള്ളവർ.അവരിലേ അവരേ, അവർക്കു മാത്രം ബോധ്യമുള്ളവർ….അവരാണ് ഇന്ന് ഒത്തുകൂടിയിരിക്കുന്നത്. അവരുടെ സംഭാഷണ വിഷയം ജയന്തിയേക്കുറിച്ചായിരുന്നു.
സെലീന : “യമുനേ, ചന്ദ്രികേ, ബിജി ക്ടാവേ….മ്മടെ ജയന്തി പെറ്റതറിഞ്ഞില്ലേ…ഇനി, അവളുടെ ആങ്ങളമാര് നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും….വിനയനും ജയന്തിയും പ്രേമത്തിലായിരുന്നൂന്ന് എല്ലാവർക്കുമറിയാം….വിനയൻ മാന്യമായി പെണ്ണു ചോദിച്ചതുമാണ്…അന്ന്, ഈ ജയന്തീടെ വീട്ടുകാര് കൊടുത്തില്ല….അവന് കാശു പോരായിരുന്നൂത്രേ…അവൻ്റെ കല്യാണം കഴിഞ്ഞു കുട്ടികളൊക്കെയായി…ഇവള്, ചൊവ്വാദോഷം കാരണം,വീട്ടിലു നിൽപ്പുമായി….ഈ കാലത്തും അവര്, ബന്ധം തുടരുന്നുണ്ടായിരുന്നത്രേ….ഭയങ്കരം…..”
യമുന: “എനിക്കിതൊന്നും കേൾക്കാൻ വയ്യ….കുടുംബത്തിലെ ആണുങ്ങളേ പേടി വേണം….എന്നാലെ ഇങ്ങനത്തെ കാര്യങ്ങള് കാണിക്കാൻ പേടി തോന്നൂ….ഇപ്പോ എന്തായി….വിനയന് രണ്ടു പെണ്ണുങ്ങളില്,മൂന്നു മക്കളായി…..ആ ആങ്ങളച്ചെക്കൻമാരുടെ കാര്യമാണ് കഷ്ടം….അവർക്കിനി തല പൊന്തിച്ചു നടക്കാൻ പറ്റ്വോ…..? നല്ല വീട്ടീന്നൊരു പെണ്ണു കിട്ട്വോ….?”
ചന്ദ്രിക: ഇവർക്കീ പാതിരാപ്പരിപാടിക്കു പോവുമ്പോ, ഗർഭമുണ്ടാകുമെന്ന് അറിവുണ്ടായില്ലേ….. മ്മടെ സർക്കാരാശുപത്രീല് ചെന്നു ചോദിച്ചാല് അവര് ‘ഉറ’ വെറുതേ കൊടുത്തേനല്ലോ…… ഡീ, ബിജി ക്ടാവേ,നീയിതു കേട്ടു ഭാവന കൂട്ടണ്ടാ ട്ടാ….നന്നായി പഠിച്ചാൽ,നല്ലോടത്ത് ചെന്നു കയറാം….പ്രസവിക്കണേനു മുൻപത്തേ ചടങ്ങുകൾ എല്ലാം ഒരു പോലാണ്…ആരുടെ കൂടെയെന്നതാണ് പ്രധാനം….നമ്മള് പെണ്ണുങ്ങൾക്ക്,ചാരിത്ര്യമാണ് മുഖ്യം……
ബിജി: ഞാനൊന്നും കണ്ടിട്ടില്ല, കേട്ടിട്ടൂല്യാ….നമ്മള് ഈ വിഷയം പറഞ്ഞിട്ടൂല്യാ, പോരേ…..എൻ്റെ ലക്ഷ്യങ്ങള് വേറെയാണ് ചേച്ചിമാരേ……
അങ്ങനെ നാലുപേരും പിരിഞ്ഞു….പ്രണയത്തേക്കാൾ, ചാരിത്ര്യമാണ് മഹത്തരം എന്ന പ്രമേയം വിജയിപ്പിച്ചുകൊണ്ട്….സ്വന്തം ‘ഇട’ങ്ങളിലേക്കു മടങ്ങി…..ഇനിയുള്ള സംഗമങ്ങളിലും,ജയന്തിയേ വിമർശിക്കാൻ മനസ്സിൽ പ്രതിജ്ഞയെടുത്ത്……തീർത്തും, നിഷ്കളങ്കരായി……
Cover photo credit