ഉത്തരം പറയാനാവാതെ അവളുടെ പേര് ചൊല്ലി വിളിച്ചപ്പോഴേക്കും എന്റെ കൈയിൽ അവൾ അമർത്തിപ്പിടിച്ചു…

കനൽ

രചന: നിഹാരിക നീനു

“ൻ്റെ ഇച്ചായനെ അങ്ങ് ഏൽപ്പിക്കട്ടേ ടീ ഞാൻ…..”

കീ മോ തളർത്തിയ മുഖത്തെ, തിളക്കമാർന്ന മിഴിയാലെ ചോദിച്ചവൾ…

“ലിയാ….. “

ഉത്തരം പറയാനാവാതെ അവളുടെ പേര് ചൊല്ലി വിളിച്ചപ്പോഴേക്കും എന്റെ കൈയിൽ അവൾ അമർത്തിപ്പിടിച്ചു…..

“നിന്നെ മാത്രമേ സ്വർണ്ണാ നിക്ക് വിശ്വാസ ള്ളൂ അതല്ലേ?”

“ഞാൻ….നിക്ക് … നിക്ക് “

എന്തൊക്കെയോ പറയാൻ വന്നത് തൊണ്ടയിൽ ഉടക്കുന്നു…അവയെല്ലാം തന്നെ മിഴിനീരായി തീരുന്നു….

” പാവാടി, ൻ്റെ ഇച്ചൻ, വല്യ പോലീസ് കാരനൊക്കെയാ, ന്നാലും കുട്ട്യോളേക്കാൾ കഷ്ടാ… ഈ കുഞ്ഞിപ്പെങ്ങളാ ൻ്റെ ഇച്ചൻ്റെ ലോകം തന്നെ, നിനക്ക് നന്നായി അറിയാലോ സ്വർണ്ണ അത്… ചാച്ചനും മമ്മീം പോയപ്പോ ആ ചിറകിനടിയിൽ ഒതുക്കി ന്നെ വളർത്തി ഇത്രേം ആക്കി… പക്ഷെ …… ഇച്ചനേക്കാൾ ഇഷ്ടം എന്നേയാ ചാച്ചനും മമ്മിക്കും … അതല്ലേ ന്നെ അങ്ങട് ഇത്ര നേരത്തെ വന്ന് വിളിക്കണേ….. “

” ലിയാ…. മതി…. പ്ലീസ് നിക്ക് വയ്യ കേട്ടിരിക്കാൻ “

” ഹാ! പറയട്ടേ ടീ പെണ്ണേ ഞാൻ…..എത്ര നേരാ ഇനി ബാക്കിള്ളേ ന്നറിയില്ല, ഉള്ള നേരം കൊണ്ട് എല്ലാം ഒരു കരക്കെത്തിക്കണം…”

“ലിയാ” ഗാംഭീര്യമുള്ള ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു,

” ആൽവിൻ “”

കലങ്ങിയ മിഴികൾ ഉറപ്പിച്ചിരുന്നു പറഞ്ഞത് മുഴുവൻ കേട്ടിട്ടുണ്ട് എന്ന് …

“മരുന്ന്…… മരുന്ന് കഴിച്ചോ? “

“ഇച്ചാ”

എന്ന് പറഞ്ഞ് എന്തൊക്കെയോ തിരയുന്നവനെ അലിവോടെ വിളിച്ചു ലിയ….

” ൻ്റെ ഇച്ചാ … മരുന്നൊക്കെ നേരത്തിന് ഈ നഴ്സ് കൊച്ച് കഴിപ്പിച്ചെന്നേ….. ഇച്ചൻ ഇങ്ങ് വന്ന് ലിയ കൊച്ചിൻ്റെ അടുത്തൊന്നിരുന്നേ”

ഇച്ചൻ്റെം ഇച്ചൻ്റെ ലിയക്കൊച്ചിൻ്റേം ലോകത്ത് നിന്ന് സ്വർണ്ണ മെല്ലെ വിടവാങ്ങാനായി വാതിലിനു നേരെ നീങ്ങി…

” സ്വർണ്ണക്കൊച്ചവിടെ നിന്നേ… !! “

മെല്ലെ തിരിഞ്ഞപ്പോൾ അരികത്തേക്ക് ചെല്ലാനായി മാടി വിളിച്ചു ലിയ ….അവൾ അടുത്തേക്ക് ചെന്നു …മിഴികൾ മെല്ലെ തലതാഴ്ത്തി അവളുടെ കാലിനരികത്ത് ഇരിക്കുന്ന ആൽവിനിൽ എത്തി…

വയ്യാത്ത ഒരു കൊച്ചിനെ നോക്കണം എന്ന് പറഞ്ഞ് എത്തിയതാണ് ഇവിടെ…ലിയതോമസ് എന്ന പതിനാറുകാരി …വിടരും മുമ്പ് കൊഴിയാൻ പോകുന്ന ഒരു പൂമൊട്ട്…. അതിനെ ജീവനായി കരുതുന്ന ഒരേട്ടൻ…..മെല്ലെ മെല്ലെ താനും അതിലൊരാളാവുകയായിരുന്നു ….ഇപ്പോ ആരേയും നഷ്ടമാവാനാവാത്ത വിധം ഇവിടെ ഞാൻ തളക്കപ്പെട്ടിരിക്കുന്നു …..

” ഇച്ചാ ….. കെട്ടാമോ കരയാൻ മാത്രം അറിയാവുന്ന ഈ പാവം സ്വർണ്ണക്കൊച്ചിനെ …. നിക്ക്, അത്രക്ക് ഇഷ്ടാ സ്വർണ്ണയെ ഇച്ചാ … ഇച്ചനെ പ്പോലെ….. “

മിഴികൾ ഇറുക്കിച്ചിമ്മി ആ മുറി വിട്ട് പോയി ആൽവിൻ ……

” സ്വർണ്ണക്കൊച്ചേ…. “

നിറഞ്ഞ കണ്ണുകൾ ഒളിക്കാനാവില്ല എന്ന അറിവോടെ അവൾ ലിയയുടെ അടുത്തേക്ക് ചെന്നു ..

” സമ്മതല്ലേ…..? ആണെന്നൊന്ന് മുഖത്ത് നോക്കിപ്പറ കൊച്ചേ… നിക്കറിയാം ആ മനസിൽ ൻ്റ ഇച്ചനുണ്ട്ന്ന് “

“ലിയ മോളെ…സ്വർണ്ണക്ക് പറയാൻ ഒരു വീടോ ബന്ധുക്കളോ ആരും ഇല്യ… ഓർമ്മ വച്ചത് മുതൽ അനാഥാലയത്തിലാ… ഒന്നും മോഹിക്കാണ്ടിരിക്കാൻ അവിടന്ന് പഠിച്ചതാ…. പക്ഷെ മമ്മീം ചാച്ചനും മാത്രേ നിങ്ങൾക്ക് ഇല്യാത്തതുള്ളൂ…. പേര് കേട്ട ഒരു തറവാടും ബന്ധുക്കളും ഒക്കെ ഇപ്പഴും ണ്ട്… ആൽവിൻ സാറിൻ്റെ കല്യാണം മോൾക്ക് കാണണെങ്കിൽ നമുക്ക് നടത്താം… എത്രെം പെട്ടെന്ന്, ട്ടോ… “

” ടീ ചേച്ചിപ്പെണ്ണേ നിനക്ക് പറ്റില്ലെങ്കി അത് പറഞ്ഞാ മതി…. വേറെ എന്ത് വേണം ന്ന് ഞാൻ തീരുമാനിച്ചോളാം…. “

ദേഷ്യത്തോടെ അത്രേം പറഞ്ഞതും അസഹ്യമായ തലവേദനയാൽ അവൾ കരയാൻ തുടങ്ങി…

“ലിയ മോളേ…. “

എന്ന് ഉറക്കെ വിളിച്ച് അടുത്തുചെന്നവളോട്,

“ന്നെ തൊടണ്ട “

എന്നവൾ വേദനക്കിടയിലും പറയുന്നുണ്ടായിരുന്നു …

അപ്പഴേക്ക് ആൽവിനും എത്തി അവൾക്ക് ഉറങ്ങാനുള്ള ഇൻജക്ഷൻ കൊടുത്തിരുന്നു….

“ന്നോട് മിണ്ടണ്ടാ. …ഞാനും മിണ്ടില്ല…”

എന്ന് പിറുപിറുത്ത് ഉറക്കത്തിലേക്ക് പോകുന്നവളെ കാണാൻ വയ്യാതെ സ്വർണ്ണ അവിടെ നിന്നു പോയി…

കള്ളക്കണ്ണൻ്റെ കുഞ്ഞു ഫോട്ടോ ബാഗിൽ നിന്നെടുത്ത് ഉളളുരുകി വിളിച്ചു അവൾ….

” ൻ്റെ ജീവൻ കൊടുത്താണെങ്കിലും ൻ്റെ ലിയമോൾടെ ജീവിതം തിരിച്ച് കൊടുത്തേക്കാമോ??” എന്ന്….

” ഇനിയും നിക്ക് കാണാൻ വയ്യ എന്ന് “

എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല

“സ്വർണ്ണാ”

എന്ന വിളി കേട്ടാണ് മിഴിയുയർത്തി നോക്കിയത്…..

” പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം, ലിയമോൾക്ക് വേണ്ടി ആ കഴുത്തിൽ ഞാനൊരു മിന്ന് കെട്ടിക്കോട്ടെ …. അവളുള്ളത് വരെ മതി…. ൻ്റെ കൊച്ച് ന്നെ വിട്ട് പോവുമ്പോ…. തനിക്കും പോവാ… അത് മാത്രേ ഇനിയെൻ്റെ കൊച്ചിനായി എനിക്ക് …….”

ഏങ്ങലോടെ പോയവനെ നോക്കി, അത്രമേൽ തളർന്നു പോയവനെ ….

കഴുത്തിൽ മിന്ന് കേറുമ്പോഴും പ്രാർത്ഥിച്ചത് ചിരിയോടെ ആ വീൽചെയറിൽ മനസ് നിറഞ്ഞിരിക്കുന്നവളുടെ ആയുസ്സിനായാണ്, അത്ഭുതങ്ങൾ നടത്തുന്ന കർത്താവിനോട് ആ പാവത്തിനെ കൊണ്ടു പോവല്ലേ എന്നാണ്……

രാത്രി ഒരുക്കി അവളുടെ ഇച്ചൻ്റെ മുറിയിലേക്കാക്കിയത് അവളാണ് വീൽ ചെയറിൽ സ്വയം ചലിക്കാനാവാതെ ഇരിക്കുമ്പോഴും ആ ചുണ്ടിൽ നിറഞ്ഞ ചിരിയുണ്ടായിരുന്നു …

കണ്ണിൽ എല്ലാം ചെയ്ത് കഴിഞ്ഞവളുടെ സംതൃപ്തിയുണ്ടായിരുന്നു ..

” ടീ സ്വർണ്ണക്കൊച്ചേ ഞാൻ നിന്നെ ചേട്ടത്തി നൊന്നും വിളിക്കേല ട്ടോ….നീയെൻ്റെ സ്വർണ്ണക്കൊച്ചാണ് എന്നും …”

ചിരിയോടെ അവളുടെ തലയിൽ തഴുകി ….,

“ഇച്ചാ…. വാ വന്ന് കിടക്ക്, ദാ കെട്ട്യോൾ കാത്ത് നിക്കുവാണേ”

എന്ന് കുസൃതിയോടെ അവൾ പറഞ്ഞപ്പോ,

അവളെ ബോധിപ്പിക്കാനായി ഇത്തിരി നേരം മുറിയിൽ ഇരുന്നു അവളുടെ ഇച്ചൻ,

ഒടുവിൽ അവളു റങ്ങിക്കാണും എന്ന് ബോധ്യമായപ്പോൾ,

സ്വർണ്ണ കിടന്നോളൂ എന്ന് പറഞ്ഞ് പോയി…

ഉറക്കം വരില്ല എന്നറിയാമായിരുന്നു …ഇത്തിരി നേരം കഴിഞ്ഞ്, വെള്ളം കുടിക്കാനായി പോയപ്പോൾ ഇരുട്ടിൽ നിന്ന് കേട്ട തേങ്ങൽ ഉള്ളിൽ കൊണ്ടു……

“സാർ”

എന്ന് വിളിച്ച് അടുത്തേക്ക് ചെന്നപ്പോൾ ഇറുക്കെ പുണർന്ന് പൊട്ടിക്കരഞ്ഞു ആ പാവം…

നിസാഹായനായ ഒരേട്ടൻ്റെ സങ്കടം:…ഒറ്റപ്പെട്ട് പോയ ഒരുവൻ്റെ സങ്കടം….എല്ലാം ഇറക്കി വക്കാൻ , ആശ്വസിപ്പിക്കാൻ അറിയില്ല എങ്കിലും ഞാൻ നിന്ന് കൊടുത്തു……

ഇത്തിരി കഴിഞ്ഞപ്പോ ,

“സോറി “

എന്ന് പറഞ്ഞ് എന്നിൽ നിന്നും മാറി പുറത്തേക്ക് നടന്നു,

ആരോരുമില്ലാത്തവൾക്ക് ഇത്തിരി നാൾക്ക് ആരെയൊക്കെയോ കിട്ടിയതിൻ്റെ സന്തോഷം ഉള്ളിലങ്ങനെ നിറഞ്ഞ് നിന്നു…ശാശ്വതമല്ലെന്ന് അറിഞ്ഞിട്ടും ..ഇന്നിത്തിരി കൂടുതലായിരുന്നു അവൾക്ക് …വേദന വല്ലാണ്ടവളെ തളർത്തിയിരുന്നു, പരാജിതനെ പോലെ അവളുടെ ഇച്ചൻ അരികത്ത് തല കുനിച്ചിരുന്നിരുന്നു….

ഉറങ്ങാനുള്ള ഇഞ്ചക്ഷൻ കയ്യിലെടുത്തപ്പോൾ,

“ന്നെ ഉറക്കല്ലേ, സ്വർണ്ണക്കൊച്ചേ… ൻ്റെ ഇച്ചനെ ഇങ്ങനെ കണ്ടോണ്ടിരിക്കട്ടെ ഇത്തിരി കൂടെ ” എന്ന് പറഞ്ഞു…

” ഇച്ചൻ്റെ കുട്ടിക്ക് വല്ലാണ്ട് നോവുന്നോ “

എന്ന് ചങ്കു പൊട്ടിയാ മനുഷ്യൻ ചോദിച്ചപ്പോൾ,

“ഈ നോവിന് വല്ലാത്ത സുഖമാ ഇച്ചാ ..ൻ്റെ ഇച്ചന് കൂട്ട് കിട്ടിയതിൻ്റെ സുഖം”

എന്നവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞിരുന്നു,

” നേർത്ത്, നേർത്ത് വന്ന ശ്വാസത്തിനൊടുവിൽ ചുണ്ടിലാ കുസൃതിച്ചിരി ബാക്കി വച്ച് അവൾ മമ്മീടെം ചാച്ചൻ്റെം അടുത്തേക്ക് മെല്ലെ പറന്നു പോയിരുന്നു ….

അലറി, അലറി കരയുന്നവനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ പകച്ച് അവളും…….

ഒടുവിലെല്ലാം ശാന്തമായപ്പോൾ, ലിയമോൾക്കായി ധരിച്ച വേഷം അഴിച്ച് വച്ച് പടിയിറങ്ങാനുള്ള സമയമായി എന്നവൾ തിരിച്ചറിഞ്ഞു…മിന്ന് കഴുത്തിൽ നിന്ന് ഊരിയെടുക്കുമ്പോൾ ഉള്ളിൽ വല്ലാത്ത പിടപ്പ് അവൾ അറിഞ്ഞു…നെഞ്ചൊക്കെ നീറിപ്പുകയും പോലെ …

ചിരിയോടെ, ഇരിക്കുന്നവളുടെ മാലയിട്ട ഫോട്ടോ ഒന്ന് നോക്കി….

ശ്വാസം വിലങ്ങും പോലെ …

സ്വർണ്ണക്കൊച്ചിൻ്റെ ഇവിടത്തെ ജോലി കഴിഞ്ഞു ലിയമോളെ..ഇറങ്ങാ….

എന്ന് പറഞ്ഞപ്പോഴക്ക് ഒരലറിക്കരച്ചിൽ അവളുടെ തൊണ്ടയിൽ വന്ന് തങ്ങി …

” ഞാൻ….. ഞാൻ ഇറങ്ങാ “

എന്നു മാത്രം പറഞ്ഞ് മുറിയിൽ ഇരിക്കുന്നവനരിക്കെ ഊരിയ മിന്ന് വച്ച് നടക്കുമ്പോൾ, ഇവിടെ തൻ്റെ മരണമാണ് എന്നവൾ തിരിച്ചറിഞ്ഞിരുന്നു, ഒപ്പം എപ്പഴോ മനസിൽ അയാളോട് മൊട്ടിട്ടത് പ്രണയമാണ് എന്നും എങ്ങോട്ടെന്നറിയില്ലെങ്കിലും പോയല്ലേ പറ്റൂ…

പടിയിറങ്ങി വലിച്ച് വച്ച് നടക്കുമ്പോൾ മിഴികളിൽ പടർന്നിറങ്ങിയത് ചോരത്തുള്ളികൾ ആയിരുന്നു ..

” സ്വർണ്ണാ”

പാതി മുറ്റം പിന്നിട്ടപ്പോൾ , വിളി കേട്ടവൾ തിരിഞ്ഞ് നോക്കി….

“ലിയ മോള് അവൾടെ ഇച്ചനെ വിശ്വസിച്ച് ഏൽപ്പിച്ചിട്ട്… തന്നിട്ടേച്ചും പോവാണോ ടോ”

എന്ന് പതറുന്ന ശബ്ദത്തോടെ ചോദിച്ച് പടിയിൽ നിൽക്കുന്നവനെ അവൾ നോക്കി…

“എനിക്ക് ….. എനിക്കതിനുള്ള അർഹതയില്ല സാർ”

“ൻ്റെ ലിയക്കൊച്ച് തന്നോടന്ന് ആവശ്യപ്പെട്ടില്ലേ… അതാ തൻ്റെ അർഹത…… ൻ്റെ ലിയക്കൊച്ചിനെ ഉറക്കമിളച്ച് നോക്കിയില്ലേ അതാ തൻ്റെ അർഹത, ആരൂല്ലാത്തവന് തുണക്കായി വരാവോ തനിക്ക് ….”

ഓടിച്ചെന്നാ നെഞ്ചോരം ചേരുമ്പോ, ഒരിളം കാറ്റ് കുസൃതിയോടെ തഴുകിയിരുന്നു അവരെ ……..

അവസാനിച്ചു