പിറ്റേ ദിവസം മയക്കത്തിൽ നിന്നുണരുമ്പോൾ ബന്ധുക്കളെല്ലാം ചുറ്റിനുമുണ്ട്…

രചന: സുധീ മുട്ടം

“അ ടിവയറ്റിൽ കത്തിപ്പടർന്ന വേദനയുമായി ഞാൻ താഴേക്കിരുന്നു. ഇരുകയ്യുമെടുത്ത് വയറ്റത്ത് ശക്തമായി അമർത്തിപ്പിടിച്ചു.വേദനക്ക് യാതൊരു ശമനവുമില്ല…..

തു ടകൾക്കിടയിലൂടെ എന്തോ ഒഴുകിയിറങ്ങുന്നതായി എനിക്ക് അനുഭവപ്പെട്ടു. കൊഴുത്ത ദ്രാവക രൂപത്തിലെന്തോ ഒന്ന്…

അതിശക്തമായി ഞാൻ നടുങ്ങിപ്പോയി.മാസമിത് മൂന്നാണ്.എന്റെ നാലാമത്തെ ഗർഭവും അലസിപ്പോയിരിക്കുന്നു.എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിലത്തേക്ക് തളർന്നു കിടന്നു….

മരിക്കുന്നെങ്കിൽ മരിക്കട്ടെ.എന്തിനാണിങ്ങനെ തീ തിന്നു ജീവിക്കുന്നത്. പതിയെ എന്റെ ബോധം മറയുന്നത് ഞാനറിഞ്ഞു.അങ്ങനെയെത്ര മണിക്കൂർ കിടന്നുവെന്ന് എനിക്കറിയില്ല…

മയക്കം തെളിയുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ്. ചെറിയ സ്പീഡിൽ കറങ്ങുന്ന സീലിംഗ് ഫാൻ.എന്റെ മിഴികൾ പതിയെ ആരെയോ തേടി.പ്രതീക്ഷിച്ച മുഖം പുഞ്ചിരി തൂകി നിൽക്കുന്നു.താലി കെട്ടിയ ഭർത്താവ്…

പെട്ടന്നാണു എന്റെ ഭാവം മാറിയത്. ഇവനാണ് എന്റെ കുഞ്ഞിനെ കൊല്ലുന്നവൻ. ഭർത്താവിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് അലറി.ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചയെന്നെ ബലമായി ആരൊക്കയൊ ബെഡ്ഡിൽ പിടിച്ചു കിടത്താൻ ശ്രമിക്കുന്നു. എന്റെ ശരീരത്തിലൂടെ സൂചിയിലൂടെ മരുന്ന് രക്തത്തിൽ കലരുന്നത് ഞാനറിഞ്ഞു. പിന്നീട് നീണ്ടൊരു മയക്കം….

പിറ്റേ ദിവസം മയക്കത്തിൽ നിന്നുണരുമ്പോൾ ബന്ധുക്കളെല്ലാം ചുറ്റിനുമുണ്ട്. എല്ലാവരും തിരക്കിട്ട ആലോചനയിലാണ്.തുറന്ന മിഴികൾ ഞാൻ അടച്ചു പിടിച്ചു. മാനസിക നില തെറ്റിയ എന്നെ ഏതോ ഭ്രാന്താശുപത്രിയിൽ അഡ്മിറ്റാക്കുവാനുളള ശ്രമത്തിലാണ്.മുൻ കയ്യെടുത്തു നിൽക്കുന്നത് എല്ലാവരുടെയും മുമ്പിൽ സ്നേഹ സമ്പന്നനായ ഭർത്താവാണ്.ഇതിനു മുമ്പും മാനസിക നില തെറ്റിയതൊക്കെയാണു അദ്ദേഹം ചൂണ്ടി കാണിക്കുന്നനൊത്. ഞാനൊന്നും മിണ്ടിയില്ല.ഈ ശാപത്തിൽ നിന്നും അങ്ങനെയെങ്കിലും എനിക്കൊരു മോചനം ലഭിക്കട്ടെ….

മൂന്നു ദിവസങ്ങൾക്ക് ശേഷം ഞാൻ ഭ്രാന്താശുപത്രിയിലേക്ക് മാറ്റപ്പെട്ടു. അടിച്ചിരുന്ന സെല്ലിന്റെ അഴികളിൽ പിടിച്ചു ഞാൻ ദൂരേക്ക് നോക്കി നിന്നു. മഴമാറി മാനം തെളിഞ്ഞിരിക്കുന്നു.നക്ഷത്രങ്ങൾ ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു….

എന്റെ ഓർമ്മകൾ പത്തു വർഷം പിറകെ പോയി.ജോലിക്കാരൻ ഭർത്താവും വീട്ടുകാരും ആവശ്യപ്പെട്ടതിൽ കൂടുതൽ സ്ത്രീധനം കൊടുത്താണു എന്റെ വീട്ടുകാർ വിവാഹം നടത്തിയത്. വീട് വിൽക്കേണ്ടി വന്നു അവർ പറഞ്ഞ തുകയും സ്വർണ്ണവും കൊടുക്കാൻ. എതിർത്ത എന്നെ അച്ഛൻ വഴക്കു പറഞ്ഞു.

“ആകെയുള്ള മകൾക്കായിട്ടാണു ഞങ്ങൾ ജീവിച്ചത്.നിനക്കൊരു നല്ല ഭാവി കിട്ടിയില്ലെങ്കിൽ ഞങ്ങളെന്തിനാ അച്ഛനും അമ്മയും ആണെന്ന് പറഞ്ഞു ജീവിച്ചിരിക്കുന്നത്”

അതോടെ ഞാൻ നിശബ്ദയായി.സ്ത്രീധക്കൊതിയുള്ള വീട്ടുകാരിൽ നിന്നും ഒരിക്കലും സ്നേഹം ലഭിച്ചിരുന്നില്ല.എങ്ങനെയും കൂടുതൽ സ്വത്തുക്കൾ ഉണ്ടാക്കണമെന്ന അമിതമായ മോഹമാണ് അവർക്കുള്ളത്…

അയലത്ത് താമസിച്ചിരുന്ന വീട്ടുകാർ ഗതികേടിനാൽ വീടും സ്ഥലവും വിൽക്കാൻ തീരുമാനിച്ചു. വിവരമറിഞ്ഞ ഭർത്താവും വീട്ടുകാരും സ്ത്രീധനം കിട്ടിയ സ്വർണ്ണമെല്ലാം വിറ്റ് അവിടം വാങ്ങി.ഒരുമാസത്തേക്ക് അവർക്ക് അവിടെ താമസിക്കാമെന്നുള്ള വാക്കിന്റെ പുറത്തായിരുന്നു വിൽപ്പന….

രണ്ടാഴ്ചക്ക് ശേഷമുള്ള ഒരു സന്ധ്യാ സമയത്ത് അവരെ ഭർത്താവും വീട്ടുകാരും നിർബന്ധപൂർവ്വം ഇറക്കി വിട്ടു.കൊളുത്തിവെച്ച ദീപനാളം ഭർത്താവ് ചവുട്ടിത്തെറുപ്പിച്ചു.അന്നത്തെ അത്താഴത്തിനായി വാർത്തിട്ടിരുന്ന ചോറും കലവും കൂടി ദൂരേക്ക് വലിച്ചെറിഞ്ഞു..രണ്ടു പെണ്മക്കളുമായി തെരുവിലേക്കിറങ്ങണം.ഇന്നൊരു രാത്രി കൂടി ഈ വീട്ടിൽ കഴിയാനുള്ള അവിടുത്തെ അച്ഛന്റെ അപേക്ഷ നിർദ്ദയമായി തള്ളപ്പെട്ടു.അദ്ദേഹത്തെ ഭർത്താവും വീട്ടുകാരും കണക്കറ്റ് പരിഹസിച്ചു….

ഉടുത്തിരുന്ന തുണികളുമായി രണ്ടു പെണ്മക്കളെയും ഭാര്യയെയും കൂട്ടി അദ്ദേഹം അപമാനത്താൽ പടിയിറങ്ങി.ഇന്നുവരെ ആരെയും ഒന്നും പറയാതിരുന്ന ആ അമ്മ സന്ധ്യാനേരത്ത് നെഞ്ചത്തടിച്ചു നിലവിളിച്ചു….

“അന്നവും ദീപവും നീ കളഞ്ഞു.ഞങ്ങളുടെ പെണ്മക്കളുടെ മാനത്തിനു വില കൽപ്പിക്കാതെ ത്രിസന്ധ്യക്ക് തന്നെ ഇറക്കി വിട്ടു.നിന്നിലൂടെ ഒരു സന്തതിയിനി പിറവിയെടുക്കില്ല…

ആ അമ്മ പറഞ്ഞത് ഭർത്താവിനോടാണെങ്കിലും കൊണ്ടത് എന്റെ നെഞ്ചിലാണ്.ഭർത്താവ് പരിഹസിച്ച് ചിരിക്കുമ്പോൾ ആയമ്മ പിടഞ്ഞു താഴേക്ക് വീണു.ഭാര്യയുടെ മൃതദേഹം കൂടി കൊണ്ട് പോകേണ്ടി വന്നയവരുടെ അവസ്ഥയെന്റെ നെഞ്ചകം പിളർത്തി…..

പത്തു വർഷത്തിനിടയിൽ നാലു പ്രാവശ്യം ഗർഭിണിയായെങ്കിലും എല്ലാം യാതൊരു കാരണമില്ലാതെ അലസിപ്പോയി.ശാപം തലക്കു മുകളിൽ ഉണ്ട്. പിന്നെയെങ്ങനെ ഗുണം പിടിക്കും.ഭർത്താവും ഞാനും തമ്മിൽ നിരന്തരം വഴക്കായി.ഭർത്താവിന്റെ അച്ഛൻ പേപ്പട്ടി കടിച്ചു മരിച്ചത്.അദ്ദേഹത്തിന്റെ മരണം വളരെ ദയനീയമായിരുന്നു…..

ഒരുവർഷം കഴിഞ്ഞു ഭർത്താവ് എന്നെ തേടിയെത്തി. സ്വത്തും പണവും നഷ്ടപ്പെട്ടവനായി.എന്നോട് ക്ഷമ പറഞ്ഞത് ഞാൻ കേട്ട ഭാവം നടിച്ചില്ല.അന്ന് എനിക്കൊന്ന് എല്ലാം മറന്ന് ഉറക്കെയൊന്നു പൊട്ടിച്ചിരിക്കണമെന്ന് തോന്നി……

” ഹ ഹാ ഹാ ഹാ…..

മതിവരുവോളം ഞാൻ പൊട്ടിച്ചിരിച്ചു….ഒരു മുഴു ഭ്രാന്തിയെപ്പോലെ……

അവസാനിച്ചു