അവൾ പോയിട്ടും മനസിൽ വീണ നിലാവ് മായുന്നില്ല. ഒന്നു കൂടെ കാണണമെന്ന് തോന്നി, മിണ്ടണമെന്ന് തോന്നി…

രചന: ദശരഥൻ

“ഞാനിറങ്ങി വന്നാൽ സുധിയേട്ടൻ സ്വീകരിക്കുമോ?”

ദിവ്യയാണ്.

പ്രതീക്ഷയോടെ അവളെന്നെ നോക്കി നിന്നു.

ഞാൻ മറുപടി പറഞ്ഞില്ല. എൻ്റെ മനസ് വളരെ പെട്ടെന്ന് ഭൂതകാലത്തേക്ക് ഓടിപ്പോയി.

ക്യാമ്പസ് …

ആഘോഷത്തിൻ്റെയും, ആവേശത്തിൻ്റെയും കൊടുമുടികൾ ഏറിയ കാലഘട്ടം. കവിതയും, ലഹരിയും ,വിപ്ലവവും സിരകള ത്രസിപ്പിച്ചിരുന്ന നാളുകൾ….

രാത്രിതുടങ്ങിയ മഴ കലിയടങ്ങാതെ പെയ്തു കൊണ്ടിരുന്ന, കർക്കിടമാസത്തിലെ ഒരു പ്രഭാതത്തിൽ, നവാഗതരെ സ്വീകരിക്കാൻ കോളേജ് ഗേറ്റിന് മുന്നിൽ നില്ക്കുകയായിരുന്നു ഞാനും സംഘവും. അപ്പോൾ മഴനൂലുകൾക്കിടയിലൂടെ അവൾ നടന്നു വന്നു. മഴയിലൂടെ പാറി വന്ന ഒരു നോട്ടം എൻ്റെ ഹൃദയത്തിലാണ് കൊണ്ടത്. പ്രണയം ഒരു വിലകുറഞ്ഞ ഏർപ്പാടാണ് എന്ന് പറഞ്ഞ് ബുദ്ധിജീവികളിച്ച് നടക്കുകയായിരുന്നു ഞാനതു വരെ. പക്ഷേ അവളെ കണ്ടപ്പോൾ അവാച്യമായ എന്തോ ഒരനുഭൂതി മനസിലേക്ക് പടർന്നു കയറുകയായിരുന്നു. എത്ര പ്രതിരോധിച്ചാലും, എത്രയുദ്ധം ചെയ്താലും അന്തിമ വിജയം പ്രണയത്തിനായിരിക്കും എന്ന് ഞാൻ മനസിലാക്കിയ നിമിഷങ്ങളായിരുന്നു അത്.

അവൾ പോയിട്ടും മനസിൽ വീണ നിലാവ് മായുന്നില്ല. ഒന്നു കൂടെ കാണണമെന്ന് തോന്നി, മിണ്ടണമെന്ന് തോന്നി…

കണ്ടു, മിണ്ടി, പരിചയപ്പെട്ടു.

ദിവ്യ എന്നായിരുന്നു അവളുടെ പേര്. എൻ്റെ അയൽ ഗ്രാമക്കാരിയാണ്. ഇത്രയുംനാൾ എവിടെ ഒളിച്ചിരുന്നാവോ! ടീച്ചറാകണമെന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം.

സുധിയേട്ടന് ആരാവാനാ ആഗ്രഹം? അവൾ ചോദിച്ചു.

ദിവ്യയുടെ ഭർത്താവ് .. ഞാൻ പറഞ്ഞു.

അവൾ ,നാണം വന്ന് മൂടി മറുപടി പറയാനാകാതെ നിന്നു.

പ്രണയം എന്നു കേട്ടാൽ തന്നെ പരിഭ്രമിക്കുന്ന അവളെക്കൊണ്ട്, ഇഷ്ടമാണ് എന്ന് ഒന്ന് പറയിക്കാൻ ഒരുപാട് യത്നിക്കേണ്ടി വന്നു എങ്കിലും വിജയം എന്നോടൊപ്പമായിരുന്നു.

പ്രണയകാലം ..

ഹാ.. !എത്ര മനോഹരമായിരുന്നു അത്. പ്രണയലഹരിയിൽ, ഭാരമന്യമായി സ്വപ്നാകാശങ്ങളിൽ പാറിനടക്കുകയായിരുന്നു. അവൾക്ക് വേണ്ടി ഉണരുകയും അവളെയോർത്ത് ഉറങ്ങുകയും ചെയ്തിരുന്ന നാളുകൾ.

ഞാൻ PG കംപ്ലീറ്റ് ചെയ്ത് പുറത്തിറങ്ങുമ്പോൾ അവൾ ഡിഗ്രി ഫൈനൽ ഇയറിലേക്ക് പ്രവേശിക്കുകയായിരുന്നു.

കലാലയമെന്ന കാല്പനിക ലോകത്തിൽ നിന്ന് ഞാനിറങ്ങിയത് ജീവിതയാഥാർത്ഥ്യങ്ങളുടെ തീച്ചൂളയിലേക്കായിരുന്നു. ഒരു ജോലി തേടി അലഞ്ഞെങ്കിലും ഒന്നും ശരിയായില്ല. തത്കാലം ഒരു പാരലൽ കോളേജിൽ അധ്യാപകനായി പോയിത്തുടങ്ങി.

ഒരു സ്ഥിരവരുമാനമില്ലാതെ ദിവ്യയെ ഞാനെങ്ങനെ എൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കും. എനിക്കവളെ നഷ്ടപ്പെടുമോ? നിരാശയുടെ നിഴൽ വീണ ചിന്തകൾ മനസിനെ അശാന്തമാക്കി. പ്രണയം, ഹൃദയത്തിലെ കുളിർകാറ്റിൽ നിന്നും തലച്ചോറിലെ കൊടുങ്കാറ്റായി രൂപം പ്രാപിച്ചു കൊണ്ടിരുന്നു.

ദിവ്യ ഡിഗ്രി കഴിഞ്ഞ് ബി എഡിന് ചേർന്നു.

പ്രണയവും വിഷാദവും ഭാവിയെ കുറിച്ചുള്ള ആശങ്കകളുമായി നാളുകൾ കൊഴിഞ്ഞുപോയി.

എന്നും തമ്മിൽ കാണുമായിരുന്നു. ഭാവിയെ കുറിച്ചുള്ള ഒരു പാട് സ്വപ്നങ്ങൾ ഒരുമിച്ച് നെയ്ത് കൂട്ടി.

ഇതിനിടക്ക് ദിവ്യ ബിഎഡ് കംപ്ലീറ്റ് ചെയ്തിരുന്നു.

ഒരു ദിവസം ദിവ്യ പറഞ്ഞു: സുധിയേട്ടാ.. അടുത്തുള്ള സ്കൂളില് ഒരു വേക്കൻസി വന്നിട്ടുണ്ട് .. പക്ഷേ പത്ത് ലക്ഷം കെട്ടി വക്കണം ..

ഉം.. ഞാൻ മൂളി.

സുധിയേട്ടൻ്റെ കൈയിലുണ്ടോ?

എൻ്റെ കൈയിൽ എവിടന്നാ .. നിനക്കറിയാല്ലോ എൻ്റെ അവസ്ഥ.

അവളുടെ മുഖത്ത് നിരാശ പടർന്നു :ആ ജോലി.. അതെൻ്റെയൊരു സ്വപ്നമായിരുന്നു….

ഞാൻ നിസഹായനായിരുന്നു.പത്ത് ലക്ഷം, എത്ര വലിയ തുകയാണത്?!

പിന്നെ കുറേ ദിവസം ദിവ്യയെ കാണാൻ കഴിഞ്ഞില്ല. വിളിച്ചിട്ടും കിട്ടിയില്ല.

ഞാനവളെ തിരക്കി അവളുടെ വീട്ടിലേക്ക് ചെന്നു. അവളെ കാണാതെ ഭ്രാന്ത് പിടിച്ചപ്പോൾ രണ്ടും കല്പിച്ച് പോയതാണ്. എന്നെ കണ്ടപ്പോൾ വലിയ സന്തോഷമൊന്നും അവളുടെ മുഖത്ത് കണ്ടില്ല.

നീയെന്താ വിളിച്ചിട്ട് എടുക്കാത്തത്?

അച്ഛൻ പറഞ്ഞു ഫോണെടുക്കണ്ടാന്ന്.. അവൾ പറഞ്ഞു.

അതെന്താ?

സുധിയേട്ടനോട് ഒന്നും ഒളിക്കാൻ എനിക്ക് പറ്റില്ല.. എൻ്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു തുടങ്ങി:എനിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട് … അത്യാവശ്യം കാശുള്ള കൂട്ടരാ.. അവരുടെ നാട്ടിലുളള സ്കൂളില് എനിക്ക് ജോലിവാങ്ങിത്തരാമെന്നേറ്റിട്ടുണ്ട്.. സുധിയേട്ടനറിയാല്ലോ, അധ്യാപികയാവുകയെന്നത് എൻ്റെ ഏറ്റവും വലിയ സ്വപ്നമാണ്..

മനസിലെ പ്രതീക്ഷകളും, സ്വപ്നങ്ങളും കൺമുന്നിൽ തകർന്നു വീഴുന്നത് കണ്ട് മിണ്ടാനാവാതെ ഞാനിരുന്നു.

ആ ജോലി വാങ്ങിത്തരാൻ സുധിയേട്ടന് പറ്റ്വോ… എങ്കിൽ ഞാനച്ഛനോട് പറയാം..

ഒന്നും പറയാതെ ഇറങ്ങി നടന്നു. പിന്നിൽ നിന്നും ആരും വിളിച്ചില്ല. പിന്നെ കണ്ടിട്ടുമില്ല.

കല്യാണം കഴിഞ്ഞെന്നും, ഏതോ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു എന്നുമൊക്കെ അറിഞ്ഞു.

പ്രാരാബ്ദങ്ങളോട് മല്ലിട്ട് ജീവിതം നിർമ്മിച്ചെടുക്കുന്ന തിരക്കിനിടയിൽ പഴയതെല്ലാം മനപൂർവം മറന്നു.

അവളെൻ്റെ ഹൃദയത്തിൽ ആഴത്തിൽ വെട്ടിയ മുറിവ് കാലം ഉണക്കിയെങ്കിലും, മനസ് ആർദ്രമാകുന്ന വേളകളിൽ അത് അസഹ്യമായ വേദന ഉണർത്തിയിരുന്നു.

വർഷങ്ങൾക്ക് ശേഷം ഇന്നാണ് ദിവ്യയെ വീണ്ടും കണ്ടത്. എന്നെ കണ്ടയുടനെ ഓടി വരികയായിരുന്നു. പഴയ ദിവ്യയെ പോലെ അവൾ വാ തോരാതെ കാര്യങ്ങൾ പറഞ്ഞു.

ദിവ്യയുടെ ഭർത്താവ് മുഴുക്കുടിയനാണ് പോലും. അതുകൂടാതെ പരസ്ത്രീബന്ധവും ഉണ്ടെന്ന്. അധ്യാപികയുടെ ജോലി ഓഫർ ചെയ്ത് അവളെ വിലക്കെടുക്കുകയായിരുന്നത്രേ ഭർതൃവീട്ടുകാർ.ഒരുപാട് സഹിച്ചു, ഇനി അയാളോടൊപ്പം വയ്യത്രേ..!

സുധിയേട്ടൻ ഒന്നും പറഞ്ഞില്ല…

അവളുടെ വാക്കുകൾ എന്നെ ചിന്തകളിൽ നിന്നുണർത്തി.

എന്തു പറയണം എന്നാലോചിച്ചിരുന്ന സമയത്താണ് അവിടെക്ക് എൻ്റെയൊരു സുഹൃത്ത് വന്നത്.വന്നപാടേ അവൻ ചോദിച്ചു: നീ ഒരു ഫോൺ വാങ്ങുന്നു എന്ന് പറഞ്ഞല്ലോ.. ഒരു സെക്കൻ്റ് ഹാൻഡ്സെറ്റ് ഒത്ത് വന്നിട്ടുണ്ട്. നോക്കുന്നോ?

ഞാനവനോട് പെട്ടെന്ന് പറഞ്ഞു: വാങ്ങുന്നെങ്കിൽ പുതിയതേ വാങ്ങുന്നുള്ളൂ….. എന്നിട്ട് ദിവ്യയുടെ മുഖത്തേക്ക് നോക്കി അൽപ്പം പുച്ഛത്തോടെ തുടർന്നു: സെക്കൻഡ് ഹാൻഡിനോട് താത്പര്യമില്ല..!

ദിവ്യയുടെ മുഖം വിളറുന്നത് കണ്ടു.

ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു.