കൊച്ചു വാഴയിലയിൽ തുളസിമാലയും പൂക്കളുമായി അവൾ അമ്പലത്തിലേക്ക് കാലുവലിച്ചു നടന്നു…

അമ്മായിയമ്മ പറഞ്ഞു…വരണേ മോളേ….

രചന: R Muraleedharan Pillai

മോളേ, കാശിനു പഞ്ഞം ആയല്ലോ …വിശാലിന് ഇന്നുതന്നെ ഫീസ് അടച്ചേമതിയാവൂ. അവന്റെ അഞ്ചാം സെമസ്റ്റർ അല്ലെ ഇപ്പൊ. അവനെ ഇതുവരെ ബുദ്ധിമുട്ടറിയിക്കാതെ പഠിപ്പിച്ചു…പക്ഷേ…’

രമ, കയ്യിൽ ശേഷിച്ച രണ്ടുവളകളും ഊരി അമ്മായിയമ്മയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു …’ഇതു മതിയാകുമോ അമ്മേ?

‘ധാരാളം മതി മോളേ…അച്ഛന് നിന്നോടു ചോദിക്കാൻ ഒരു മടി…വേണു ആണെങ്കിൽ ‘അമ്മ ചെന്ന് അവളോടു നേരിട്ടു ചോദിക്ക്’ എന്നു പറയുകയാണ്. നീ അവന്റെ ഭാര്യ ആണെങ്കിലും നിന്നോടു ചോദിക്കാൻ അവനും മടിയാണ്. ‘എത്ര വേഗമാണ് അമ്മ ഊരിക്കിട്ടിയ രണ്ടു വളകളുമായി പോയത്? ഈ അടുത്ത കാലത്തു വീട്ടിൽ പണത്തിനു വലിയ ഞെരുക്കമാണ്. വിശാലിന്റെ എം ബി ബി എസ്സ് പഠനം പുരോഗമിക്കുംതോറും പണത്തിനു ഞെരുക്കം കൂടിവരുന്നതേയുള്ളൂ…ഇനി ഏതാണ്ടു രണ്ടു വർഷംകൂടി കഴിയുമ്പോൾ അവൻ ഒരു ഡോക്ടർ ആയി മെഡിക്കൽ കോളേജ് വിടും. പിന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിത്തുടങ്ങും.

‘എനിക്കറിയാമായിരുന്നു അമ്മ എന്റെ വളകൾക്കു വരുമായിരുന്നെന്ന്. വിശാലിനു വേണ്ടി ഇതുവരെ ഞാൻ എട്ടു വളകൾ കൊടുത്തു. നിഷമോടെ എം സി എ പഠനത്തിനും എന്റെ വളകൾ തന്നെ ഫീസ് ആയി പോകുന്നത്. പിന്നെ ഇളയവൻ വിഷ്ണുവിനും എന്റെ ഒരു മാലയും, ഒരു ജോഡി കമ്മലും കൊടുത്തു. ആകെ ഇരുപത്തിരണ്ടു പവൻ സ്വർണ്ണവുമായാണ് ഞാൻ ഈ വീട്ടിൽ വന്നു കയറിയത്. ഇപ്പൊ കഴുത്തിൽ താലിമാലയും, ഇട്ടോണ്ടുവന്ന കമ്മലും മാത്രമേയുള്ളൂ. എന്നാലും എനിക്ക് സംതൃപ്തിയാണ്. എന്റെ ഭർത്താവിന്റെ സഹോദരങ്ങൾക്ക് എന്റെ ആഭരണങ്ങൾ ഉപകരിച്ചല്ലോ?’

അമ്മ എപ്പോഴും പറയും ‘എന്റെ രമമോള് ഇവിടെ കാലെടുത്തുവച്ചതു മുതൽ വീട്ടിൽ പണത്തിന്റെ ബുദ്ധിമുട്ടുകൾ കുറഞ്ഞു തുടങ്ങി എന്ന്. അതു കേൾക്കുമ്പോൾ എനിക്കുണ്ടാവുന്ന സന്തോഷം ഒന്നു വേറെ തന്നെ.

കഴിഞ്ഞ വർഷം രമയുടെ സ്വന്തം അമ്മ വന്നപ്പോ രണ്ടു സ്വർണ്ണ വളകൾ കൂടി അവൾക്കു കൊണ്ടുവന്നു കൊടുത്തു. അവൾക്കു വീതംവച്ചു കൊടുത്ത പറമ്പിലെ തേങ്ങയുടെയും, മുറിച്ചു മാറ്റിയ മരങ്ങളുടെയും, പിന്നെ അച്ഛൻ അവൾക്കുവേണ്ടി ബാങ്കിൽ സമ്പാദിച്ച പണവും എല്ലാം കൂടി ചേർത്ത് വാങ്ങിയതാണ് ആ വളകൾ.. കൊടുത്തപ്പോൾ മറ്റേ ആഭരണങ്ങൾ എവിടെ എന്ന് അമ്മ ചോദിച്ചിരുന്നു. അലമാരിയിൽ ഉണ്ടെന്നു കള്ളം പറഞ്ഞു. കള്ളം പറഞ്ഞു എന്നല്ല, കള്ളം പറയേണ്ടി വന്നു.

വിശാലിനും, നിഷാമോക്കും. വിഷ്ണുവിനും ചേട്ടത്തിയമ്മയെ വലിയ ഇഷ്ടമാണ്. എന്തിനു പോയാലും, എവിടെപ്പോയാലും, ചേട്ടത്തിയമ്മയോടു ചോദിക്കാതെ പോകില്ല. വയസ്സ് ഇരുപത്തെഴേ ഉള്ളെങ്കിലും അവരുടെയൊക്കെ അമ്മയെപ്പോലെയാണ് അവരെയൊക്കെ സ്നേഹിക്കുന്നതും പെരുമാറുന്നതും. പത്തൊമ്പത് വയസ്സിൽ വന്നതാണ്. വന്നിട്ട് എട്ടു വർഷമായി. പക്ഷേ ഒരു വിഷമമേയുള്ളൂ. ഇതുവരെ ഗർഭിണിയാകാൻ സാധിച്ചില്ല. ആ വിഷമം അവളുടെ മനസ്സിൽ എപ്പോഴും ഒളിഞ്ഞു കിടക്കുന്നുണ്ടുതാനും.

കാലം കടന്നുപോന്നു. സമയ പാച്ചിലിൽ വീടും, മുറ്റവും, അയൽക്കാരും, വീട്ടുകാരും, നാട്ടുകാരും എല്ലാംതന്നെ മാറുകയാണ്. അതിന്റെ ദൃക്സാക്ഷിയായെന്നോണമാണ് പെട്ടന്നൊരു ദിവസം രമയുടെ ചേട്ടൻ, വേണു, അവളുടെ ചെവിയിൽ മന്ത്രിച്ചത്…

‘രമാ, എന്റെ ബിസ്സിനെസ്സ് ഒന്നുകൂടിയൊന്നു മോടിപിടിപ്പിക്കണം. നീ കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങൾ ഇങ്ങെടുത്തോണ്ടുവാ…ബിസിനസ്സ് മെച്ചപ്പെടുമ്പോൾ അങ്ങു തിരിയെ വാങ്ങിത്തരാം…’

‘ചേട്ടൻ എന്താ ഈ പറയുന്നേ? ഈ താലിമാലയും, കാതിലെ കമ്മലും മാത്രമേ എനിക്കിപ്പോ ആഭരണമായുള്ളൂ…’

‘കിറുക്കു പറയുന്നോ? പിന്നെ സ്വർണ്ണം എവിടെപ്പോയി?’

‘ചേട്ടനെന്താ ഈ ഒന്നും അറിയാത്തോണം പറയുന്നേ? പിള്ളേരെ പഠിപ്പിക്കാൻ പണത്തിനായി എല്ലാ ആഭരണങ്ങളും അമ്മ വാങ്ങിക്കൊണ്ടുപോയില്ലേ?’

‘എപ്പോ…?’

ചേട്ടനുംകൂടി അറിഞ്ഞാ വാങ്ങിക്കൊണ്ടുപോയത്. ഇപ്പൊ ഒന്നും അറിയാത്തോണം? എന്റെ ശുദ്ധഗതികൊണ്ടു ഞാൻ അത് ചർച്ച ആക്കിയില്ല. അതിന്റെയാ ഇപ്പൊ എനിക്കിതു കേൾക്കേണ്ടി വന്നത്.’

രമാ, എന്നോട് ചോദിക്കാതെ നീ വല്ലോം ചെയ്തിട്ടുണ്ടെ നീ തന്നെ അതു പരിഹരിക്കണം . ഒരാഴ്ചക്കകം സ്വർണ്ണം നീ എന്റെ മുന്നിൽകൊണ്ടു വച്ചേക്കണം…ഞാൻ പറഞ്ഞില്ലെന്നു വേണ്ട…’ വേണു ദേഷ്യംപിടിച്ച് അവിടെ നിന്നും പോയി.

‘എത്രനാളാപ്പാ മനുഷ്യരെ ഇങ്ങനെ പഠിച്ചുകൊണ്ടേ ഇരിക്കേണ്ടത്? മരണംവരെ ഇങ്ങനെ പഠിച്ചുകൊണ്ടേ ഇരുന്നേ മതിയാകുള്ളല്ലോ…ഒന്നിനും ഒരു നിർത്തും ഇല്ല. നിറം മാറിമാറിക്കാണിക്കും. അപ്പൊ ഒന്നിനും ഒരു സ്ഥിരത ഇല്ലേ?!!!അടുത്തത് എന്ത് എന്നോർക്കുമ്പോ എന്റെ ശരീരം കിടുങ്ങുന്നു.’ രമ, മാറിനിന്നു ചിന്തിക്കുകയായിരുന്നു.

അവൾക്ക് ഇപ്പൊ എല്ലാരേയും ഭയമായിത്തുടങ്ങി. വിശാലിനെയും, നിഷാമോളെയും, വിഷ്ണുവിനെയും…അവരും പെട്ടന്നൊരു ദിവസം മാറും… കളം മാറിമാറി ചവിട്ടും. പെരുമാറ്റത്തിന് ആർക്കും ഒരു സ്ഥിരതയില്ലാത്ത കാലം. ഇന്നു വൈകിട്ടു പറഞ്ഞവസാനിപ്പിച്ചതല്ല നേരംപുലരുമ്പോൾ തുടരുന്നത്. പേടിയാവുന്നൂ. അന്തസും, അഭിമാനവും, വാക്കിനുവിലയും വച്ചുപുലർത്തുന്നവർ വിഡ്ഢികളെന്നു മുദ്രകുത്താൻ കാത്തിരിക്കുന്ന ആൾക്കാർ. അപ്പൊ ഇതിനൊന്നും ഒരു വിലയുമില്ലേ?

അവളുടെ ശരീരം നടുങ്ങി…ഇന്നലെ, മുറ്റത്തെ മാവിൻമറവിൽ നിന്നു കേൾക്കേണ്ടിവന്നത് കാറ്റുപോലെ തലക്കകത്തു വീശിയടിക്കുന്നു. അത് ഒരു പൂർണ്ണ ചിന്തയിൽ കലാശിക്കാതിരിക്കാൻ അവൾ മറ്റുകാര്യങ്ങൾ മാറിമാറി ചിന്തിച്ചു.. പക്ഷേ അത് അവളെക്കൊണ്ട് വീണ്ടും ചിന്തിപ്പിച്ചേ പിന്മാറൂ…ഇതുവരെ കണ്ടിട്ടില്ലാത്ത അമ്മയുടെ വേറൊരു മുഖം…ഇതുവരെ കണ്ടിട്ടില്ലാത്ത ചേട്ടന്റെ വേറൊരു മുഖം…സായാഹ്നത്തിൽ വന്നുപതിക്കുന്ന സൂര്യപ്രഭയിൽ കണ്ട അവരുടെ പുതിയ മുഖങ്ങൾ! അമ്മയുടെ പുതിയ സ്വരം…

‘എടാ മോനേ, നീ അവളോടു സ്വർണ്ണം ചോദിക്ക്. ഞാൻ വാങ്ങിയതായി നീ അറിഞ്ഞിടം കാണിക്കണ്ട. അവക്കോളെ വീട്ടിപ്പോയി കൊണ്ടുവരട്ട്. അങ്ങേർക്ക് ഒരു നല്ല തുക പ്രോവിഡന്റ് ഫണ്ട് ആയി ഇന്നലെ കയ്യിൽവന്നിട്ടുണ്ടെന്നു ഞാനറിഞ്ഞു. അവൾ ഇതു വരെ ഗർഭിണിയാകാത്ത കുറ്റബോധം അവർക്കുണ്ടാവും. അതു സ്വർണ്ണമായി അവർ പരിഹരിക്കും. ഇതു ഞാനാ പറയുന്നേ’

‘അത് അമ്മേ…അവൾക്ക് ഒരു കുഴപ്പവും ഇല്ലല്ലോ? കുറ്റബോധം എനിക്കാ വേണ്ടത്…’

‘അത് അവൾക്കറിയില്ലട മണ്ടാ …നീ ഞാൻ പറയുന്നത് ചെയ്യ്. കടുപ്പിക്ക്….’

രമ വിയർത്തു…വിറച്ചു… ‘ഈ അമ്മ…’ഒരു പുതിയ സ്ത്രീ!

അമ്മ വാങ്ങിക്കൊണ്ടുപോയ ആഭരണങ്ങളെക്കുറിച്ചു ഭർത്താവുമായി ഒരു സംസാരവും ഉണ്ടായിട്ടില്ല. ഭർത്താവിന്റെ അനുജന്മാരെയും സഹോദരിയെയും പഠിപ്പിക്കാൻവേണ്ടി ആ ആഭരണങ്ങൾ വിറ്റതിനെച്ചൊല്ലി ഒന്നും മിണ്ടാതെ മാന്യമായി കഴിഞ്ഞുകൂടുക അതായിരുന്നു അവൾക്ക് നല്ലതായി തോന്നിയത്. പക്ഷെ ഇപ്പൊ തോന്നിത്തുടങ്ങി സംസാരിക്കണമായിരുന്നൂ. പ്രതികരിക്കണമായിരുന്നു. കൊച്ചു കൊച്ചു കാര്യങ്ങൾ പോലും വിടാതെ സംസാരിക്കണം. നമ്മുടെ അസ്തിത്വം തെളിയിച്ചോണ്ടേ ഇരിക്കണം. ശാന്തിയും സമാധാനവും വേണ്ടാന്നു വെക്കണം. എന്റെ സദുദ്ദേശ്യം അവർ എന്റെ കഴിവുകേടായി കണ്ടു…എന്നെ ബുദ്ധിയറ്റവളായി കണ്ടു. കൊത്തിക്കൊത്തി മുറത്തിൽകയറി കൊത്തിത്തുടങ്ങി എന്നു കേട്ടിട്ടേയുള്ളൂ.

—————-

കാലം കടന്നുപോന്നു. രമക്കു പണ്ടു കിട്ടിക്കൊണ്ടിരുന്ന പരിഗണനയൊന്നും ഇന്നില്ല. ഭർത്താവ് സ്വർണ്ണം കൊണ്ടുവരുന്നതിനെക്കുറിച്ച് ഊന്നി പറഞ്ഞു തുടങ്ങി. മാവിൻമറവിൽ കാതിൽ കേട്ടത് വിളിച്ചുകൂവണമെന്ന് പലപ്പോഴും ആലോചിച്ചു. പക്ഷേ അങ്ങനെ വിളിച്ചുകൂവിയാൽ ബന്ധം പ്രത്യക്ഷത്തിൽ മോശമായിത്തുടങ്ങും. അവരെ മുഖത്തോടുമുഖം നോക്കാൻ വിഷമമായി മാറും. വേണ്ട!

നിഷമോടെയും, വിശാലിന്റെയും, വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞു. വിശാൽ വിവാഹം കഴിച്ചതും ഡോക്ടറെ. വിഷ്ണു വിവാഹം കഴിച്ചത് കൂടെ ജോലിയുള്ള എഞ്ചിനീയർ പെൺകുട്ടിയെ. കഴുത്തു തിരിക്കാൻ വയ്യാത്തവിധം സ്വർണ്ണാഭരണങ്ങൾ ധരിച്ചാണ് അവർ വീട്ടിൽ വന്നു കയറിയത്.

അമ്മ എന്നെ വല്ലാതെ നോക്കിത്തുടങ്ങി. ഒരു പുളിപ്പ് അവരുടെ മിഴികളിൽ എനിക്ക് കാണാം. കണ്ണിനു വേറൊരു താളം. ‘മനുഷ്യരായാൽ നാണവും മാനവും വേണം. ഇരുപത്തിരണ്ടു പവനുംകൊണ്ട് കയറിവന്നിരിക്കുന്നൂ…’ അമ്മ പറയാതെ പറഞ്ഞു തുടങ്ങി. ഏറ്റവും മൂത്ത മരുമകളായ രമ ഇന്ന് കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. കളിയാക്കലും കുത്തുവാക്ക് പറച്ചിലും. ‘അയ്യയ്യോ…മനുഷ്യർക്ക് സമ്പത്തുവന്നുചേരുമ്പോൾ എത്ര മാറ്റമാപ്പാ ഉണ്ടാവുന്നത്? ആരും ഒന്നും പ്രത്യേകിച്ച് പറയുന്നില്ലെങ്കിലും, വീട്ടിൽ ചെയ്യപ്പെടുന്ന ജോലികളെല്ലാം ഒന്നപഗ്രഥിച്ചുനോക്കിയാൽ’ ഞാൻ ഒരു വേലക്കാരിയല്ലേ?’ എന്നു തോന്നിത്തുടങ്ങുന്നു രമയ്ക്ക്.

സങ്കടങ്ങളും, വിങ്ങലുകളും അവൾ അനുഭവിച്ചു തുടങ്ങി. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വയ്യാത്ത അവസ്ഥ. അവൾ ഈശ്വരന്മാരോട് പ്രാർത്ഥിക്കയായിരുന്നു…’എനിക്ക് സ്വത്തും വകകളും ഒന്നും ഇല്ലായെങ്കിലും എനിക്ക് മാന്യമായി ആ വീട്ടിൽ അവരോടൊപ്പം കഴിയാൻ സാധിക്കണേ, ഭഗവാനെ.’

രാവിലെ കുളിക്കുന്നതിനും വഴക്കായി. ‘ഇത്രയും ജോലി അടുക്കളയിൽ കിടക്കുമ്പോ കുളിമുറിയടച്ചു കുളിക്കയാ നീ! ആർക്കു കാണണം നിന്നെ…’

‘എത്ര വേഗമാണ് എന്റെ നിലനിൽപ്പുതന്നെ അവതാളത്തിലായത്? പുതിയ മരുമക്കളെ കണ്ടപ്പോൾ അമ്മക്കുണ്ടായ മാറ്റമേ!’ അവൾ സ്വയം പറഞ്ഞു കണ്ണീർ ഒഴുക്കി.

ഒരു തിങ്കളാഴ്ച. രമ, രാവിലെ കുളിച്ച് അമ്പലത്തിൽപോകാൻ ഒരുങ്ങി. പഴയമാതിരി പതിവുപോലെ വീട്ടിൽ സംസാരമുയരുന്നുണ്ട്…എന്തോ അവൾ അതുകേൾക്കാൻ നിന്നില്ല. സാരിയുടുത്തു, നനഞ്ഞ മുടി കാറ്റിൽ പറത്തി, കൊച്ചു വാഴയിലയിൽ തുളസിമാലയും പൂക്കളുമായി അവൾ അമ്പലത്തിലേക്ക് കാലുവലിച്ചു നടന്നു. എന്തോ ഉള്ളത്തിൽ ഒരു ശക്തി അവൾക്കനുഭവപ്പെടുന്നു. പ്രാർത്ഥിച്ചു മടങ്ങുമ്പോൾ എന്തോ മനസ്സിനൊരുല്ലാസം…അമ്പല പരിസരം ഭക്തിസാന്തരമായിരിക്കുന്നു.

‘ഒരെണ്ണം എടുക്കു ചേച്ചീ…’ അവൾ തിരിഞ്ഞു നോക്കി. ശരിക്കും മുടന്തുള്ള ഒരു കുറുകിയ ആൾ, ഒരു കയ്യിൽ ഒരടുക്ക് ലോട്ടറി ടിക്കറ്റുകളും, കക്ഷത്തിൽ ഇറുക്കിപ്പിടിച്ച ബാഗുമായി, അടുത്തെത്തി. ഒരു ടിക്കറ്റ് അവൾക്കു നേരെ നീട്ടി. അയാളുടെ കണ്ണിൽ പ്രതീക്ഷ തിളങ്ങി. ഓണം ബമ്പർ! പന്ത്രണ്ടു കോടി ഒന്നാം സമ്മാനം, ചേച്ചീ…

‘പന്ത്രണ്ടു കോടിയോ!!!?’

‘അതെ, നോക്ക്.’ അയാൾ ടിക്കറ്റ് കയ്യിൽ കൊടുത്തു.

‘ടിക്കറ്റിനെന്തു വിലയാ?’

‘വെറും മുന്നൂറു രൂപയാ ചേച്ചി.’

വെറും മുന്നൂറു രൂപയോ? എനിക്കെങ്ങും വേണ്ട.’

‘ചേച്ചി ടിക്കറ്റ് തിരിച്ചുതന്നാൽ ദുഖിക്കേണ്ടി വരും. ഒന്നാലോചിച്ചുനോക്കു ചേച്ചി ഈ ടിക്കറ്റിനാ ഫസ്റ്റ് പ്രൈസ് അടിക്കുന്നതെങ്കിൽ കയ്യിൽവന്ന ദേവതയെ നിരസിക്കുന്നപോലെയല്ലേ?’

അവൾ പേഴ്സ് തുറന്നു. അറയിൽ പരതി. ഇരുന്നൂറ്റി നാൽപ്പതു രൂപയുണ്ട്. പെട്ടന്നാണ് ഓർത്തത് കഴിഞ്ഞപ്രാവശ്യം പോകാനിറങ്ങിയ അമ്മ തന്ന രൂപ. ബാക്കിലെ കുഞ്ഞറയിൽ വിരലുകൾ ഇട്ട്, മടക്കി വച്ചിരുന്ന നോട്ടുകൾ, വെളിയിലെടുത്തു. ഒന്നിച്ചു മടക്കിയ നൂറിന്റെ മൂന്നു നോട്ടുകൾ. രൂപ, ലോട്ടറിടിക്കറ്റിനു കൊടുത്ത്, ടിക്കറ്റ് ആ കുഞ്ഞറയിൽ വച്ച്, ചെയിൻ വലിച്ചു. പിന്നെ വീട്ടിലേക്കു നടന്നു.

കണ്ട പാടെ അമ്മ തുടങ്ങി…

‘രമാ, നീ ചെയ്തത് ഒട്ടും ശരിയായില്ല. വിശാലും, വിഷ്ണുവും എന്റെ രണ്ടു മരുമക്കളും ഒരുങ്ങി നിൽക്കുവാ… അവർക്കു ജോലിസ്ഥലങ്ങളിൽ രാവിലെ എത്തണം. എനിക്കാണേ വയ്യതാനും. അടുക്കളയിൽ കുന്നുകൂടി പാത്രങ്ങൾ കിടക്കുന്നു…ജോലിക്കാരി വന്നതും ഇല്ല. നീ ചെയ്തത് ഒട്ടും ശരിയായില്ല ഹ് ആ… ഹ് ആ…’

‘അതിനെന്റമ്മേ, ഞാൻ പെട്ടന്നിങ്ങു വന്നില്ലേ…ജോലിയുടെ കാര്യം എന്റെ മനസ്സിൽ ഉണ്ടമ്മേ…’

അവൾ പെട്ടന്ന് അടുക്കളയിൽ കയറി പാത്രങ്ങളെല്ലാം കഴുകി വച്ചു. ഇഡ്ഡലിക്ക് മാവുകോരിയൊഴിച്ചു. ഏത്തക്ക പുഴുങ്ങാൻ വച്ചു. പെട്ടന്ന് തന്നെ തേങ്ങാ ചമ്മന്തിയും, സാമ്പാറും ശരിയാക്കി. ചായ ഉണ്ടാക്കി പോട്ടിലൊഴിച്ചപ്പോൾ മണം അങ്ങു ചെന്നുകാണും…

‘ഇരിക്കു മക്കളേ…’ അമ്മയുടെ ശബ്ദം. എല്ലാരും ഇരുന്നു ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ശരീരം ക്ഷീണിച്ചു സാരി നനഞ്ഞു അവിടെയും ഇവിടെയും ഇഡ്ലിമാവ് തെറിച്ചുവീണ കലകളുമായി രമ ഭിത്തി ചാരി നിൽക്കുകയായിരുന്നു. ‘രമ മോളേ’ എന്ന് വിളിച്ചിരുന്ന അമ്മ ഇന്ന് ആദ്യമായാണ് നീയെന്നു സംബോധന ചെയ്തത്. അവൾക്ക് ഉൾബലം ചോർന്നു പോയിരിക്കുന്നു…വീട്ടിനകത്ത് പഠിത്തക്കാരും, ഉയർന്ന ജോലിയുള്ളവരും നിരന്നപ്പോൾ അവൾക്ക് ആകെ പരിഭ്രമമായിത്തുടങ്ങി.

————————–

യാദൃച്ഛികമായായിരുന്നു അവൾ ടെലിവിഷൻ ഓൺ ചെയ്തത്. എല്ലാവരും പലയിടങ്ങളിലായി പോയി. അമ്മ വെളിയിൽ അയൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നു. ഈ ഇടെയായി ഞാൻ ടെലിവിഷൻ ഓൺ ചെയ്യുമ്പോ അമ്മയുടെ പിറുപിറുപ്പ് കേൾക്കാൻ തുടങ്ങിയിട്ടുണ്ട്…’കറന്റ് ചാർജ് എങ്ങനെയാ കൂടാതിരിക്കുന്നെ?’തിരുവോണം ബമ്പർ റിസൾട്സ് തുടങ്ങാൻ പോന്നു. പെട്ടന്നാണ് അവൾ ബാഗിൽ ഇട്ടിരുന്ന ബമ്പർ ടിക്കറ്റ് നിവർത്തിയത്. ഫസ്റ്റ് പ്രൈസ് അവസാന നമ്പർ പറയുന്നവരെ അവളുടെ ഹൃദയം വലുതായി ഇടിച്ചു തുടങ്ങി. അവസാന നമ്പറും പറഞ്ഞു. അവൾ ടെലിവിഷൻ ഓഫ് ചെയ്തു. ടിക്കറ്റ് ബാഗിൽ വച്ച് അവൾ കസേരയിൽ ചാരിയിരുന്നു. തല കറങ്ങി. അവൾ വിയർത്തു. ഞാൻ മരിക്കുകയാണോ? അമ്മയുടെ കാൽപ്പെരുമാറ്റം കേട്ടപ്പോഴാണ് അവൾ കണ്ണു തുറന്നത്.

‘എന്താ ഒരു വല്ലായ്മ?’ അമ്മയുടെ ചോദ്യം. അവൾ എണീറ്റ് ഡ്രസ്സ് മാറി, ബാഗും പിടിച്ചു മുറ്റത്തിറങ്ങി. ‘ഞാൻ വീട്ടിലൊന്നു പോയിച്ചുവരട്ടെ?’

‘അതിനെന്തിനാ നീ കിടന്നു വിറക്കുന്നത്?’

അവൾ തിരിഞ്ഞു നോക്കാതെ റോഡിലേക്ക് നടന്നു.സ്പോഞ്ചിൽ കാലെടുത്തുവയ്ക്കുന്ന പ്രതീതി. ഭാഗ്യത്തിന് ഒരു ഓട്ടോ വരുന്നുണ്ടായിരുന്നു. അതിൽ കയറി വീട്ടിലേക്കു യാത്ര തിരിച്ചു. ഓട്ടോ വഴിയിൽ കവലതിരിഞ്ഞപ്പോഴേ ലോട്ടറിക്കാരൻ അവളെ സൂക്ഷിച്ചുനോക്കി…ഹാ…ചേച്ചീ…ചേച്ചീ… അയാളിൽ ഒരു പെടപ്പ്. അയാൾക്ക് ചുറ്റും കുറെ ആൾക്കാരും.

‘ഒന്നു വേഗം വിടൂ..അത്യാവശ്യമാണ്…’ നാലു നാലര കിലോമീറ്റർ ഓടിയപ്പോഴേ വീട്ടു പടിക്കൽ എത്തി. ഭാഗ്യത്തിന് വീട്ടുപടിക്കൽ അച്ഛൻ നിൽക്കുന്നു.

‘അച്ഛാ…അച്ഛാ… ഓട്ടോചാർജ് കൊടുത്തു വിടച്ഛാ…ഓട്ടോക്കാരൻ പോയി.

‘എന്താ മോളേ ഈ നേരത്ത്? അവിടെ പുതിയ പ്രശ്നം വല്ലോം?’

‘ഒരു കാര്യമുണ്ടച്ഛാ…വീട്ടിൽ കയറുമ്പോൾ പറയാം.’

‘അദ്ദേഹത്തിന് പേടിയായി. മോളേ അവർ…’

വീടിനകത്തുകയറിയ ഉടനെ അവൾ പറഞ്ഞു. ‘എനിക്ക് ലോട്ടറി അടിച്ചച്ഛാ…പന്ത്രണ്ടു കോടി. ‘ഉടനെ ബാങ്കിൽ നിക്ഷേപിക്കണം. നമുക്ക് ബാങ്കിലേക്ക് പോകാം അച്ഛാ…’

അദ്ദേഹം അടിച്ച ടിക്കറ്റ് സ്ഥിരീകരിച്ചു. ജീപ്പിൽ ബാങ്ക് മാനേജരും സ്റ്റാഫും എത്തി. ടിക്കറ്റ് ഡെപ്പോസിറ്റ് ചെയ്തു. ജീപ്പ് പോയതും ഒരു ഓട്ടോ ഗേറ്റിനടുത്തു വന്നു നിന്നു. കക്ഷത്തിൽ ബാഗും ഞെരിച്ച്, കയ്യിൽ ലോട്ടറി ടിക്കറ്റുകളുമായി അഭിമാനോത്തോടെ ഒരാൾ മുടന്തി മുറ്റത്തേക്കിറങ്ങിവന്നു. രണ്ടുപേർ വെളിയിൽ നിൽപ്പുണ്ട്.

‘ചേച്ചീ…ചേച്ചീ …’

രമയുടെ അച്ഛൻ വെളിയിലിറങ്ങി. പുറകെ അവളും.

‘ചേച്ചീ…ചേച്ചിക്ക് ഒന്നാം സമ്മാനം…പന്ത്രണ്ടുകോടി…’

‘അതു ഞങ്ങൾ അറിഞ്ഞു. ടിക്കറ്റ് ബാങ്കിൽ നിക്ഷേപിക്കയും ചെയ്തു.

‘അല്ല…ഞാൻ അതൊന്നറിയിക്കാൻ വന്നതാ…എന്തായാലും കുറെ ദിവസം ഇവിടെനിന്നും ഒന്നു മാറിനിൽക്കണം… എന്റെ പ്രവർത്തന പരിചയത്തിൽനിന്നും പറയുവാ. പല പിരിവുകാരും ഇങ്ങെത്തും…പറഞ്ഞെന്നേയുള്ളൂ…

‘എന്തായാലും ഇവിടെംവരെ വന്നതല്ലേ…ചായകുടിച്ചിട്ടു പോകാം…’

‘അത് വേറൊരു ദിവസം ആയിക്കോട്ടേ…’

‘ശരി…പിന്നെ ഒരു കൊച്ചു തുക ഞാൻ തരും…’ അച്ഛൻ പറഞ്ഞു.

‘അതു സാറിന്റെ ഇഷ്ടം…ഞാൻ നിരസിക്കില്ല. പോണു…’

നേരം വൈകിയപ്പോഴേ ഒരു കാറു നിറയെ ആൾക്കാരെത്തി…ഭർത്താവു വേണു, അമ്മായിയമ്മ, വിശാലും, ഭാര്യയും, വിഷ്ണുവും, ഭാര്യയും. അധികമൊന്നും സംസാരിക്കാത്ത അച്ഛൻ വീട്ടിൽ തന്നെ.

വന്നപാടെ അമ്മായിയമ്മ ഓടിവന്ന് രമയുടെ മുടിയിൽതഴുകിക്കൊണ്ട് ചോദിച്ചു…’മോളെക്കാണാതെ ഞങ്ങളെല്ലാം അങ്ങു വിഷമിച്ചുപോയി…സുഖമാണോ എന്റെ മോളേ?’

എന്തുവാമ്മേ നാലഞ്ചുമണിക്കൂറല്ലേ ആയുള്ളൂ ഞാൻ അവിടെനിന്നും ഇറങ്ങിയിട്ട്? ഹാ…സുഖം തന്നെ….’

‘അല്ല മോളേ…മോളേ കാണാതായപ്പോഴേ എന്റെ നെഞ്ചിൽ ഒരു പിടപിടപ്പ്…മോളെന്നെ വിട്ടു നിന്നിട്ടില്ലല്ലോ? അല്ല, വിട്ടു നിന്നിട്ടില്ലല്ലോ…അല്ല്യോ മോളേ…’

അമ്മായിയമ്മ ചാരിനിന്ന് കൈപ്പത്തികൾ മുടിയിൽനിന്നും മാറ്റി അവളുടെ രണ്ടു കവിളുകളിലേക്കുമാക്കി തഴുകാൻ തുടങ്ങി…വേണു വാലിനു തീ പിടിച്ചപോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്…വിരലുകൾ അനക്കുന്നുണ്ട്…കണക്കുകൂട്ടലുകൾ! ചായ സൽക്കാരം കഴിഞ്ഞു…

‘എന്നാ മോൾ ഒരുങ്ങീട്ടു വാ… വേഗമാവട്ടെ! ഞങ്ങൾ ഇറങ്ങുവാ…പോകാം…’

‘ഞാൻ ഇന്നു വരുന്നില്ല…തന്നെയുമല്ല അങ്ങോട്ടേക്ക് വരുന്നത് എനിക്കൊന്നുചിന്തിക്കണം…എന്തായാലും ഉടനെയൊക്കെ അങ്ങോട്ട് വരുന്നി ല്ല…

‘അതെന്താ? പെട്ടന്നു നടത്തം നിർത്തി, ഒരു പ്രതിമപോലെ നിന്ന്, വേണു കഴുത്തുനീട്ടി ചോദിച്ചു.’

‘ഒരു ചോദ്യവും ഇങ്ങോട്ടു വേണ്ട…വരണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും.’ എന്തോ ഒരു ശക്തി അവളിൽ പടർന്നു കയറി. പെട്ടന്നു വേണു നമ്പർ മാറ്റി…’പിന്നേ…മോളടുത്തില്ലെങ്കിൽ മോടെ ഈ ചേട്ടന് ഉറക്കം വരില്ല…അതുകൊണ്ടാ മോളേ….’

‘അയ്യോ ഒരു മോള്!’ അവൾ മനസ്സിൽ കുറിച്ചു. പിന്നെ പറഞ്ഞു…’കിടക്കുന്നതിന് അരമണിക്കൂറെങ്കിലും മുന്നേ ടെലിവിഷനും, ഫോണും ഓഫ് ആക്കിയാൽ മതി…ഉറക്കം താനേ വന്നോളും…’

മുഖം ഒന്ന് കടുപ്പിച്ചു കുലുക്കി, വേണു വെളിയിലേക്കിറങ്ങി…കൂടെ മറ്റുള്ളവരും. കാറ് വിടാൻ നേരം, സ്ക്രൂകളെല്ലാം അയച്ച മുഖവുമായി, അമ്മായിയമ്മ നിഷ്ക്കളങ്കത വരുത്തി ചിരിച്ചു…വരണേ മോളേ….’