വളരെ പതിയെയവൾ വാതിൽ തുറന്നു. വാതിലിനപ്പുറത്തെ ചുമരിൽ ഹാങ്ങ്‌ ചെയ്തിട്ട ഫ്ലവർ ബാസ്‌ക്കറ്റിൽ ആ…

റെഡ് റോസസ്സ്…

സൂര്യകാന്തി (ജിഷ രഹീഷ് )

കോഫിയുമായി ബാൽക്കണിയിലായിരുന്നു ഡെയ്സി..വലത് കൈ കൊണ്ടു മുടി മാടിയൊതുക്കുമ്പോഴാണ് കോളിങ്ങ് ബെൽ കേട്ടത്..

ഇത്ര രാവിലെ..? ആരാവും..?

പൊടുന്നനെ.. പൊടുന്നനെയവളുടെ ഹൃദയമിടിപ്പ് കൂടി.. ചുവന്ന റെഡ് റോസസ്സ് കൊണ്ടുള്ള ഒരു ബൊക്കെ മനസ്സിൽ തെളിഞ്ഞു വന്നു…അതിന്റെ അറ്റത്തായി റെഡ് വെൽവെറ്റിലുള്ള ഹാർട്ട്‌ ഷേപ്പ് .. അതിന്റെ നടുവിൽ ഒട്ടിച്ചിരിക്കുന്ന വെളുത്ത സ്റ്റിക്കർ.. അതിലെ നമ്പർ…

കോഫി മഗ്ഗ് ടേബിളിൽ വെച്ച്,വിയർത്തു വരുന്ന കൈകൾ കൊണ്ടു, സ്‌കർട്ടിന്റെ ഇരുവശങ്ങളിലും മുറുക്കി പിടിച്ചു,ഡെയ്സി വാതിലിനടുത്തേക്ക് നടന്നു.. അവളുടെ ദേഹമാകെ വിറകൊള്ളുന്നുണ്ടായിരുന്നു..പീപ്പ് ഹോളിലൂടെയവൾ എത്തി നോക്കി.. ആരുമില്ല…

വളരെ.. വളരെ പതിയെയവൾ വാതിൽ തുറന്നു..വാതിലിനപ്പുറത്തെ ചുമരിൽ ഹാങ്ങ്‌ ചെയ്തിട്ട ഫ്ലവർ ബാസ്‌ക്കറ്റിൽ ആ റെഡ് റോസസ്സ് ബൊക്കെ….

മെല്ലെയവൾ കോറിഡോറിലേക്ക് എത്തി നോക്കി.. ഇടവും വലവും അടഞ്ഞു കിടക്കുന്ന വാതിലുകൾ മാത്രം…
വിറയ്ക്കുന്ന കൈകളോടെയവൾ ആ ബൊക്കെ കയ്യിലെടുത്തു.. അതിലെ വെളുത്ത സ്റ്റിക്കറിലെ നമ്പർ.. നാല്..

വാതിൽ അടച്ചു, അതിൽ ചാരി നിന്നവൾ കിതച്ചു.…

മിഴികൾ ഹാളിലെ ഗ്ലാസ്‌ ഷെൽഫിലെത്തി നിന്നു..

വാടി തുടങ്ങിയ റോസാദളങ്ങളുമായി അതുപോലെയുള്ള മൂന്ന് ബൊക്കെകൾ ആ ഷെൽഫിൽ ഉണ്ടായിരുന്നു.. ഓരോന്നിലും ആ വെളുത്ത നമ്പർ സ്റ്റിക്കറും.…

ചോരചുവപ്പാർന്ന റോസാപ്പൂക്കൾ.. ഹൃദയാകൃതിയുള്ള വെൽവെറ്റ് തിളങ്ങുന്നുണ്ടായിരുന്നു.. ഇറ്റ് വീഴുന്ന രക്തത്തുള്ളികൾ മനസ്സിലേക്ക് എത്തിയതും, ഒരാന്തലോടെ ഡെയ്സി ആ ബൊക്കെ നിലത്തേക്കിട്ടു…

ഒറ്റക്കുതിപ്പിനവൾ ടിവിയുടെ അടുത്തെത്തിയിരുന്നു.. ടിവി ഓൺ ചെയ്തു റിമോർട്ടറിൽ പരതുമ്പോൾ ഡെയ്സി പാടുപെട്ടാണ് വിറക്കുന്ന വിരലുകൾ നിയന്ത്രിച്ചത്.…

“നഗരത്തിൽ വീണ്ടും കൊലപാതകം.. കോൺവെൻറ് ജംഗ്ഷനിൽ നിന്നു കുറച്ചു ഉള്ളിലേക്ക് മാറി,പണിതീരാതെ കിടക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയത്.. ആളെ തിരിച്ചറിഞ്ഞിട്ടില്ല..””

ന്യൂസ്‌ റീഡറുടെ വാക്കുകൾ കേട്ടതും, കുഴഞ്ഞു വീഴാതിരിക്കാൻ കസേരയിൽ പിടിച്ചിരുന്നവൾ..

“കീർത്തി… ദിവസങ്ങൾക്കു മുൻപേ നഗരത്തിൽ നടന്ന മറ്റു മൂന്ന് കൊലപാതകങ്ങളുമായി ഇതിനെന്തെങ്കിലും ബന്ധമുള്ളതായി സൂചനകളുണ്ടോ..?”

അവരുടെ, റിപ്പോർട്ടറോടുള്ള ചോദ്യം ഡെയ്സിയുടെ ശ്വാസഗതി വർദ്ധിപ്പിച്ചു..

“പ്രാഥമിക നിഗമനങ്ങൾ അങ്ങനെ തന്നെയാണ് സൂചിപ്പിക്കുന്നത്..മണിക്കൂറുകളോളം ടോർച്ചർ ചെയ്തിട്ടാണ് കൊലപാതകം നടന്നിട്ടുള്ളത്.. മറ്റു മൂന്നു കൊലപാതകങ്ങളിലുമെന്ന പോലെ ഇവിടെയും മൃ തദേഹത്തിന്റെ മുഖം തിരിച്ചറിയാനാവാതെ വി കൃതമാക്കിയിട്ടുണ്ട്.. ഏറ്റവും പ്രധാനപ്പെട്ട സമാനത വിക്ടിമിന്റെ നെറ്റിയിൽ ഒട്ടിച്ചിരിക്കുന്ന ആ വെളുത്ത സ്റ്റിക്കർ,ഇത്തവണ അതിൽ എഴുതിയിരിക്കുന്നത് 4 എന്നാണ്..”

ഡെയ്സിയുടെ കയ്യിൽ നിന്നും റിമോർട്ട് താഴെ വീണു.. വാതിലിനരികെ നിലത്തു വീണുകിടന്ന റോസപ്പൂക്കൾക്കിടയിലെ 4 എന്ന അക്കം വലുതാവുന്നത് പോലെ അവൾക്ക് തോന്നി.. ഭയം അടിമുടി തളർത്തിക്കളഞ്ഞിരുന്നു ഡെയ്സിയെ..

മൊബൈലിന്റെ റിങ്ടോൺ അവളെ ഞെട്ടിച്ചിരുന്നു…

“ഹലോ…?”

മന്ത്രണം പോലെയായിരുന്നു ഡെയ്സിയുടെ ശബ്ദം…

“ഡെയ്സി…?”

“അലക്സ്… അലക്സ്..”

“ഡെയ്സി ആർ യൂ ഒക്കെ..?”

“അലക്സ്.. ഞാൻ..”

“താൻ ആ ന്യൂസ്‌ കണ്ടോ..?”

“ഉം…”

“ഞാൻ വരാം…”

“അത്.. അത് മാത്രമല്ല അലക്സ്…”

അവൻ കട്ട് ചെയ്യുമെന്നോർത്ത് അവൾ ധൃതിയിൽ പറഞ്ഞു..

“റെഡ് റോസ്സസ് വിത്ത്‌ നമ്പർ ഫോർ.. അതല്ലേ..?”

“ഉം…”

ഡെയ്സി മൂളി…

“വെയിറ്റ്.. ഞാനിപ്പോ വരാം.. ഫൈവ് മിനുട്സ്..”

“അലക്സ്.. കട്ട്‌ ചെയ്യണ്ടാ…”

“ഓക്കെ…”

ഒന്നും സംസാരിച്ചില്ലെങ്കിലും ഫോണിലൂടെ അലക്സിന്റെ നിശ്വാസങ്ങൾ അവളിൽ എത്തുന്നുണ്ടായിരുന്നു.. ഡെയ്സിയ്ക്ക് ആ നിമിഷങ്ങളിൽ അതുപോലും ഒരാശ്വാസമായിരുന്നു..

കഴിഞ്ഞ ഒരു മാസം… ദിവസങ്ങളുടെ ഇടവേളകളിലാണ് ആ റെഡ് റോസസ്സ് വാതിൽക്കൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.കോളിങ്ങ് ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ ആരെയും കണ്ടില്ല..ആദ്യത്തെ ബൊക്കെ പുറത്തു ഹാങ്ങ്‌ ചെയ്ത ഫ്ലവർ ബാസ്കറ്റിലായിരുന്നു…

കൗതുകത്തോടെയാണ് എടുത്തു നോക്കിയത്..റെഡ് റോസസ്സ് തനിക്ക് ഒത്തിരി ഇഷ്ടമാണ്.. അതിലെ റെഡ് വെൽവെറ്റ് ഹാർട്ടിൽ ഒട്ടിച്ചു വെച്ച വെളുത്ത സ്റ്റിക്കറിലെ 1 എന്ന അക്കം കണ്ടപ്പോഴും പ്രത്യേകിച്ചു ഒന്നും തോന്നിയില്ല..

എന്നാലും ഒരാകാംക്ഷയുണ്ടായിരുന്നു.. രണ്ടാം വരവിൽ ഇവിടെ ആരോടും വലിയൊരു അടുപ്പമോ സൗഹൃദമോ ഉണ്ടായിട്ടില്ല.. അലക്സ് അല്ലാതെ…പിന്നെയാരാവും..?

അലക്സിനോട് പറഞ്ഞപ്പോൾ ചിരിയായിരുന്നു..

“തന്റെ ആരാധകരിൽ ആരേലുമാവും.. കർത്താവെ, ആറ്റുനോറ്റു വളച്ചെടുത്തേനേ വല്ല പരുന്തും റാഞ്ചിക്കൊണ്ടോവോ..?”

ചിരിയോടെ പറയുമ്പോൾ കുസൃതി ഓളം വെട്ടുന്ന ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു..

പക്ഷെ രണ്ടാമത്തെ ബോക്കെ വന്ന അന്നാണ് താൻ ആ ന്യൂസ്‌ കണ്ടത്.. വികൃതമാക്കപ്പെട്ട ആ മൃതദ്ദേഹത്തിന്റെ നെറ്റിയിൽ ഒട്ടിച്ചിരുന്ന 2 എന്നുള്ള വെളുത്ത സ്റ്റിക്കർ.. അന്ന് കിട്ടിയതിലും, ഗ്ലാസ്‌ ഷെൽഫിലെ വാടിതുടങ്ങിയ ആദ്യത്തെ ബൊക്കെയിലുമുള്ള അതേ സ്റ്റിക്കർ..

അലക്സ് അതും സീരിയസ് ആയി എടുത്തില്ല..

“താൻ ഓരോന്ന് സങ്കൽപ്പിച്ചു കൂട്ടി ഉണ്ടാക്കേണ്ട..ഇതാരുടെയെങ്കിലും പ്രാങ്കായിരിക്കും.. തന്നെയിട്ട് വട്ട് കളിപ്പിക്കാൻ..”

മൂന്നാമത്തെ ബൊക്കെയെടുത്ത് വാതിൽ അടയ്ക്കുമ്പോഴാണ് ടിവിയിൽ ആ ന്യൂസ്‌ കാണുന്നത്.. മൂന്നാമത്തെ വിക്ടിം…

മൂന്നാമത്തെ ബോക്കെ പരിശോധിക്കുമ്പോൾ അലക്സിന്റെ മുഖം മുറുകിയിരുന്നു.. പക്ഷെ തന്നെ ടെൻഷൻ അടിപ്പിക്കാതിരിക്കാനും ആള് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..

“താൻ ഇങ്ങനെ ടെൻഷൻ അടിക്കാതിരിക്കേടോ, ചിലപ്പോൾ നമ്മുടെ വെറും തോന്നലാവും ഇതൊക്കെ..”

“അങ്ങനെ അല്ലെങ്കിലോ അലക്സ്… ഓരോ കൊലപാതകവും പുറത്തു വരുന്ന ദിവസങ്ങളിലാണ് വാതിൽക്കൽ ഈ റോസസ്സ് പ്രത്യക്ഷപ്പെടുന്നത്.ആരാണെന്നോ എന്താണെന്നോ അറിയാതെ…”

തന്റെ കണ്ണുകളിലെ ഭയം കണ്ടാവണം അലക്സ് ചേർത്തു പിടിച്ചത്..

“ഞാനില്ലെടോ.. നമുക്കൊരു കാര്യം ചെയ്യാം.. എസി പി ചന്ദ്രകാന്ത് എന്റെ ഫ്രണ്ടാണ്.. സ്കൂൾ മേറ്റ്സ്.. ഞാനൊന്ന് അവനെ വിളിച്ചു നോക്കട്ടെ..”

എസിപി പറഞ്ഞത് അനുസരിച്ചു സിസി ടിവി ഫുട്ടേജ് നോക്കിയെങ്കിലും ഒന്നും കണ്ടുകിട്ടിയില്ല..

അതിനിടെ അലക്സ് ചില പേർസണൽ കാര്യങ്ങൾക്കായി നാട്ടിലും പോയി.. വർഷങ്ങളായി അലക്സ്‌ ഭാര്യയുമായി സെപ്പറേറ്റഡ് ആണെങ്കിലും ലീഗലി ഡിവോഴ്സ് നടന്നത് അടുത്തിടെയാണ്..

എന്തായിരുന്നു അവർക്കിടയിലെ പ്രശ്നങ്ങൾ എന്ന് ചോദിക്കാൻ തോന്നിയിട്ടില്ല..

“വീ ആർ ജസ്റ്റ്‌ നോട്ട് മെയ്ഡ് ഫോർ ഈച്ച് അദർ..”

അതിനപ്പുറം അലക്സ്‌ ഒന്നും പറഞ്ഞിട്ടില്ല അറിയാൻ ആഗ്രഹിച്ചിട്ടുമില്ല…

“ഡെയ്സി, ആം ഹിയർ, ഓപ്പൺ ദി ഡോർ “

അലക്സിന്റെ ശബ്ദം വീണ്ടും ഫോണിലൂടെ കേട്ടതും ഡെയ്സി ഓർമ്മകളിൽ നിന്നുണർന്നു…

അവൾ,പാതി തുറന്ന വാതിലൂടെ അകത്തേക്ക് കയറിയ അലക്സ്‌,നിലത്ത് കിടന്നിരുന്ന ബൊക്കെ കയ്യിലെടുത്തു..
അത് തിരിച്ചും മറിച്ചും നോക്കുമ്പോൾ അവന്റെ മുഖത്തെ ഗൗരവം ഡെയ്സി കണ്ടു..

“ഞാൻ ചന്ദ്രുവിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.. അവനിപ്പോ വരും…”

ബൊക്കെ മേശപ്പുറത്തേയ്ക്ക് വയ്ക്കുന്നതിനിടെ അവൻ പറഞ്ഞു..

ഡെയ്സി ഒന്നും പറഞ്ഞില്ല.. അപ്പോഴാണവൻ അവളെ ശ്രെദ്ധിച്ചത് .. ആകെ ഭയന്നിട്ടുണ്ട്.. ചെറുചിരി മുഖത്ത് വരുത്തിയവൻ ഇടം കയ്യാൽ അവളെ ചേർത്ത് പിടിച്ചു…

“ഒന്നുമില്ലെടോ, താനിങ്ങനെ ടെൻഷനടിക്കേണ്ട ഒരു കാര്യവുമില്ല..”

“എന്നാലും അലക്സ്‌ ആരാവും ഇങ്ങനെയൊക്കെ…?”

അലക്സ്‌ അവളുടെ തലയിലൊന്ന് തഴുകിയതല്ലാതെ ഒന്നും പറഞ്ഞില്ല…

ബാൽക്കണിയിൽ ഡെയ്സി കൊടുത്ത കോഫി സിപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവൻ ഓർത്തത് ഡെയ്സിയെ പറ്റിയായിരുന്നു..

വീണ്ടുമൊരു കല്യാണത്തിനായി നാട്ടിൽ അമ്മച്ചി മുറവിളി കൂട്ടിതുടങ്ങിയിട്ട് വർഷങ്ങളായി.. ചൂടുവെള്ളത്തിൽ വീണ പൂച്ചയായത് കൊണ്ടു മനസ്സ് വന്നില്ല..

ജൂനിയറായി ജോയിൻ ചെയ്ത ഡെയ്സിയെ ആദ്യമായ് കണ്ടപ്പോൾ പ്രേത്യേകിച്ചൊന്നും തോന്നിയിരുന്നില്ല.. ഒരു സാധാരണ പെൺകുട്ടി.. സൗമ്യമായ പെരുമാറ്റമെങ്കിലും ആരോടും വല്യ അടുപ്പമൊന്നുമില്ല.. തന്നിലേക്ക് ഒതുങ്ങിയ പ്രകൃതം.. അതുകൊണ്ട് തന്നെ ശ്രെദ്ധ അവളിലേക്ക് എത്തിയിരുന്നതുമില്ല..

ഒരു ലഞ്ച് ബ്രേക്കിനിടയിൽ, ക്യാബിനിലെ ഗ്ലാസ്‌ വാളിലൂടെ യാദൃശ്ചികമായാണ് ആ കാഴ്ച്ച കണ്ടത്..പൊട്ടിച്ചിരിക്കുന്ന ഡെയ്സി.. വല്ലാത്തൊരു ഭംഗിയായിരുന്നു അവൾക്കപ്പോൾ.. ഒരു മന്ദഹാസത്തിനപ്പുറം വിടർന്ന ചിരിയൊന്നും അവളിൽ കണ്ടിട്ടില്ലാത്തത് കൊണ്ടാവാം കൗതുകം തോന്നിയത്.. സഹപ്രവർത്തകയായ ജൂലിയുടെ മോളാടായിരുന്നു കക്ഷിയുടെ കളിയും ചിരിയുമെല്ലാം…

അതിൽ പിന്നെയായിരുന്നു അവളൊരു കൗതുകമായത്.. അപ്പോഴും വെറുതെ അവളെ ശ്രെദ്ധിക്കുക എന്നതിൽ കവിഞ്ഞൊന്നും ഉണ്ടായിരുന്നില്ല..ഒരേ ഓഫീസിൽ ജോലി ചെയ്തിട്ടും ഒരേ ഫ്ലാറ്റിൽ താമസിക്കുന്നവർ തമ്മിൽ പരസ്പരം വിഷ് ചെയ്യുന്നതിനപ്പുറമുള്ള വാക്കുകളൊന്നും കൈമാറിയിരുന്നതുമില്ല…

ഒരിക്കൽ മാളിലെ ഒരു ബുക്ക് ഷോപ്പിൽ നിന്നും കൈകളിൽ നിറയെ പുസ്തകങ്ങളുമായി ഇറങ്ങി വരുന്നത് കണ്ടപ്പോഴാണ് നോക്കി നിന്നത്.. കൗതുകം പതിയെ പ്രണയത്തിലേക്ക് വഴിമാറിയത് താൻ പോലും അറിഞ്ഞിരുന്നില്ല.. പക്ഷെ എങ്ങനെ അപ്പ്രോച്ച് ചെയ്യും.. അതും കൂടുതലൊന്നുമറിയാത്ത ഒരാളെ..

എന്നാലും മിഴികൾ എപ്പോഴും അവളെ തേടിക്കൊണ്ടിരുന്നു.. അവളറിയാതെ..

ഒരു സന്ധ്യയ്ക്ക് തങ്ങൾ രണ്ടുപേരും മാത്രമായി ലിഫ്റ്റിൽ കുടുങ്ങിപ്പോയപ്പോഴാണ് അവൾക്ക് പാനിക്ക് അറ്റാക്ക് വന്നത്.. അന്ന് തന്റെ നെഞ്ചിൽ ചേർത്താണവളെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയത്…

പിന്നെ കാണുമ്പോൾ ആ പതിവ് പുഞ്ചിരി ഒന്നും കൂടെ വിടർന്നിരുന്നു.. അതിനൊപ്പം ചില വാക്കുകളും.. പതിയെ പതിയെ അവളിലൊരു സൗഹൃദം താൻ സ്ഥാപിച്ചെടുക്കുകയായിരുന്നു.

ആരുമായും അടുപ്പം കാട്ടാത്തവളുടെ സൗഹൃദം സ്വന്തമാക്കിയെങ്കിലും പ്രണയം നിറഞ്ഞ മനസ്സിന് അത് പോരായിരുന്നു.. ആ കളിചിരികൾ തനിക്കും പങ്കുവെയ്ക്കപ്പെട്ടെങ്കിലും അപ്പോഴും അവൾക്ക് ചുറ്റും ആ അദൃശ്യമായ ആവരണമുണ്ടായിരുന്നു.. അതും കടന്ന് അവളിലേയ്ക്കെത്തുവാൻ മനസ്സ് തിടുക്കം കൂട്ടിയെങ്കിലും അവളുടെ പ്രതികരണമെന്താവുമെന്നൊരു ഉത്ഭയവും തന്നിലുണ്ടായിരുന്നു..

ഒരിക്കൽ ഇതേ ബാൽക്കണിയിൽ,റയ്ലിങ്ങിൽ കൈ വെച്ചു, അവൾ തന്ന കോഫിയുമായി അവളോടൊപ്പം നിൽക്കുന്നതിനിടെയാണ് പൊടുന്നനെ താൻ പറഞ്ഞത്..

“ഡെയ്സി ഐ ലവ് യൂ..”

എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയി ൽ കോഫി സിപ്പ് ചെയ്ത അവളൊന്നു ചുമച്ചു പോയി..

“എ.. എന്നാ പറഞ്ഞേ..?”

ചുമയ്ക്കുന്നതിനിടയിലാണവൾ ചോദിച്ചത്… അവളുടെ തലയിൽ മൃദുവായി തട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്…

“സോറി.. ഇറ്റ് വാസ് എ വൺ ടൈം ഓഫർ.. ഇനി പറയത്തില്ല..”

“ചോദ്യം അറിഞ്ഞാലേ ഉത്തരം തരാനാവത്തുള്ളൂ…”

ആ മുഖത്തുമൊരു ചിരി തെളിഞ്ഞപ്പോൾ ആശ്വാസമായിരുന്നു..

“ഞാൻ പറഞ്ഞത് താൻ കേട്ടിട്ടുണ്ടെന്ന് എനിക്കറിയാം.. നല്ല പോലെ ആലോചിച്ചു എന്നെയും ഇഷ്ടമാണെന്ന് പറഞ്ഞാൽ മതി..”

മിഴിച്ചു നിൽക്കുന്നവൾക്ക് നേരെ കണ്ണിറുക്കി പറഞ്ഞു കൊണ്ടു,കോഫി മഗ്ഗ് അവളുടെ കയ്യിൽ വെച്ച് താൻ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ, ആ കവിളുകളിൽ തെളിഞ്ഞ ചുവപ്പ് തന്റെ മനസ്സ് നിറച്ചിരുന്നു..

പിന്നെയും കുറേ ദിവസങ്ങൾക്കൊടുവിൽ, ഇതേ പോലൊരു രംഗത്തിലാണ് എന്തോ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്നവൾ പറഞ്ഞത്..

“അലക്സ്‌.. ഐ ലവ് യൂ ടൂ…”

കയ്യിലെ കോഫി തുളുമ്പിപ്പോയിരുന്നു.. എന്നാ എന്നുള്ള ചോദ്യത്തിന് അതേ ഉത്തരം..

“സോറി.. ഇറ്റ് വാസ് ആൾസോ എ വൺ ടൈം ഓഫർ..”

തന്നെ നോക്കി കണ്ണിറുക്കിയ അവളെ കരവലയത്തിലൊതുക്കുമ്പോൾ അവളും ചിരിക്കുകയായിരുന്നു…

ഇപ്പോൾ അവളാണ് തന്റെ ലോകം.. അലക്സിന്റെ പെണ്ണ്…

അലക്സിന്റെ ചിന്തകളെ മുറിച്ചുകൊണ്ടാണ് കോളിങ്ങ് ബെൽ ശബ്ദിച്ചത്.. കോഫി മഗ്ഗ് ടേബിളിൽ വെച്ചിട്ട് അലക്സ്‌ വാതിലിനു നേരെ നടക്കുമ്പോൾ കുളി കഴിഞ്ഞു തല തുവർത്തികൊണ്ട് ഡെയ്സിയും പുറത്തേയ്ക്ക് വന്നു…

“ചന്ദ്രു.”

പീപ്പ് ഹാളിലൂടെ നോക്കിയിട്ടാണ് പറഞ്ഞത്..

വാതിൽ തുറന്നതും അവൻ കെട്ടിപ്പിടിച്ചു.. ആള് ക്വാഷ്യൽ ഡ്രെസ്സിലാണ്..

“എത്ര കാലമായെടാ കണ്ടിട്ട്..”

അലക്സിന്റെ വയറിലൊന്ന് കളിയായി തട്ടിക്കൊണ്ടു ചന്ദ്രകാന്ത് ചോദിച്ചു..

“അതിന് എസിപി ഏമാന് സമയം വേണ്ടേ.. പണ്ടാ ഉമ്മച്ചിപ്പെണ്ണിനെ കട്ടോണ്ട് പോരുമ്പോ കുട പിടിക്കാൻ നമ്മള് വേണമായിരുന്നു.. സ്മരണ വേണെടാ സ്മരണ..’

“ചന്ദ്രകാന്ത് ചിരിച്ചു..

“അയിഷ കേൾക്കണ്ടാ .. നീയിപ്പോ ഗ്രൂപ്പിലൊന്നും വരണില്ലെന്ന് പരാതി പറയുന്നുണ്ടായിരുന്നു..”

“സമയം കിട്ടണ്ടെ സാറേ..”

“ഉം ഉം.. നീയിപ്പോ ഫുൾ ബിസിയാണല്ലോല്ലേ..”

അലക്സ്‌ ചിരിച്ചു.. അപ്പോഴാണ് അവന് പിന്നിലെത്തിയ ഡെയ്സിയിൽ ചന്ദ്രകാന്തിന്റെ നോട്ടമെത്തിയത്..

“ഡെയ്സി…?”

ഡെയ്സി പതിയെ തലയിളക്കി..

“ഡെയ്സി.. ഇതാണ് ചന്ദ്രകാന്ത്..ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്.. ഇവനും..”

അലക്സിനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ ചന്ദ്രകാന്ത് ഇടയിൽ കയറി..

“മതി.. മതി.. ഇനിയവൻ പറയാൻ പോവുന്നത് എന്റെ കെട്ട്യോൾ ഡോക്ടർ അയിഷാബീവിയെ തട്ടിക്കൊണ്ടോരാൻ സഹായിച്ച കഥയാണ്..”

ചദ്രകാന്ത് അലക്സിനു നേരെ കൈകൂപ്പി..

“പറ്റിപ്പോയതാണ്..അന്ന് നിന്നെത്തന്നെ കൂട്ട് വിളിക്കാൻ തോന്നിയത് എന്റെ വലിയ പിഴ..”

ചിരിക്കുന്നതിനിടെയാണ് ചന്ദ്രകാന്തിന്റെ മിഴികൾ ടേബിളിലെ ബോക്കെയിൽ എത്തിയത്.. ആ ഭാവം മാറി.. ഗൗരവം നിറഞ്ഞ മുഖത്തോടെ അയാൾ മേശയ്ക്കരികിലെത്തി…

“അപ്പോൾ ഇതാണ് കഥാനായിക..”

അതെടുത്ത് തിരിച്ചും മറിച്ചും പരിശോധിക്കുന്നതിനിടെ ചന്ദ്രകാന്ത് പറഞ്ഞു..അയാൾ പതിയെ ഷെൽഫിനരികിലേക്ക് നടന്നു.. അതിലുണ്ടായിരുന്ന വാടിക്കരിഞ്ഞ ബൊക്കെകൾ കൂടെ സൂക്ഷമമായി അയാൾ പരിശോധിച്ചു..

“ഡെയ്സിയ്ക്ക് ആരെയെങ്കിലും സംശയമുണ്ടോ.. എന്തെങ്കിലും ഊഹം..?പരിചയമുള്ള ആരെയെങ്കിലും.. ലൈക്ക്, എൻ അഡ്മിറർ…?”

അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി..

“എന്റെ അറിവിൽ അങ്ങനെയാരുമില്ല.. എനിക്കിവിടെ ആരുമായും അങ്ങനെ അടുപ്പവുമില്ല…”

“ഡെയ്സി പഠിച്ചതും വളർന്നതുമൊക്കെ..?”

“ഇവിടെ തന്നെയാണ്.. അച്ഛന് ഇവിടെയായിരുന്നു ജോലി.. ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് മമ്മയ്ക്ക് വയ്യാതായത്.. അങ്ങനെയാണ് അച്ഛൻ ജോലിയൊക്കെ മതിയാക്കിയതും മമ്മയുടെ ട്രീറ്റ്മെന്റിനായിഞങ്ങൾ നാട്ടിലേയ്ക്ക് പോയതും..പിന്നെ അവിടെയാണ് ഞാൻ പഠിച്ചതൊക്കെ.. പക്ഷെ…”

ഡെയ്സിയുടെ ശബ്ദം ഇടറി… അലക്സ്‌ അവളെ ചേർത്ത് പിടിച്ചിരുന്നു..

“അവരൊക്കെ എന്നെ ഒറ്റയ്ക്കാക്കി പോയി.. ഒരു കാർ ആക്‌സിഡന്റ്.. പപ്പയും മമ്മയ്ക്കുമൊപ്പം അങ്കിളും ആന്റിയും.. ഞാൻ മാത്രം ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടു..”

ഡെയ്സിയുടെ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു..

“പിന്നെയും അവിടെ ഒറ്റയ്ക്ക് നിൽക്കാൻ വയ്യാത്തത് കൊണ്ടാണ് തിരിച്ചു വന്നത്.. നാട്ടിൽ, മമ്മയുടെ അസുഖവും ട്രീറ്റ്മെന്റു മൊക്കെ ആയതോടെ ഇവിടുത്തെ കോൺടാക്ട് എല്ലാം വിട്ടുപോയിരുന്നു.. തിരിച്ചു വന്നിട്ടും ഞാൻ ഇവിടെ ആരുമായും അങ്ങനെ അടുപ്പമൊന്നും കാണിച്ചിട്ടില്ലായിരുന്നു..”

“കാരണം…?”

“എന്തോ പെട്ടെന്ന്,അവരൊക്കെ പോയപ്പോൾ തനിച്ചായത് പോലെ.. ആരോടും മിണ്ടാൻ പോലും തോന്നാറില്ലായിരുന്നു.. അങ്ങനെയങ്ങനെ..”

ഡെയ്സിയുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു.. അലക്സിന്റെ കൈ അവളുടെ ചുമലിൽ മുറുകി…

“ഡെയ്സി, കറക്റ്റായി കൊലപാതകം നടന്നു കഴിഞ്ഞ ദിവസങ്ങളിലാണ് ഡെയ്സിയ്ക്ക് ആ ബൊക്കെ വന്നതെന്നും,അതിലുണ്ടായിരുന്ന സ്റ്റിക്കറും വിക്ടിംസിന്റെ ബോഡിയിൽ ഉണ്ടായിരുന്ന സ്റ്റിക്കറും ഒരേ പാറ്റേണിൽ ഉള്ളതാണെന്നും മാത്രമാണോ, ഈ കൊലപാതകങ്ങളുമായി ഈ ബൊക്കെകൾക്ക് എന്തോ ബന്ധമുണ്ടെന്ന് ഡെയ്സിക്ക് തോന്നാൻ കാരണം…?”

ചന്ദ്രകാന്ത് അവളെ നോക്കി..

“രണ്ടാമത്തെ ബൊക്കെ വന്ന അന്നാണ് ഞാൻ ആ ബോഡിയിലെ സ്റ്റിക്കർ കാണുന്നത്.. കണ്ണുകൾ നേരെ എത്തിയത് ആ സ്റ്റിക്കറിലായിരുന്നു.. ആ നിമിഷം.. ആ നിമിഷം എനിക്ക് തോന്നിയതാണ്.. എന്തു കൊണ്ടാണെന്ന് സാർ ചോദിച്ചാൽ എനിക്ക് പ്രത്യേകിച്ചു ഒന്നും പറയാനാവില്ല.. ഒരു ഫീലിംഗ്.. പക്ഷെ പിന്നീട് വന്നതും…”

ഡെയ്സി ചന്ദ്രകാന്തിനെ നോക്കി.. അവളുടെ മുഖത്തെ ഭാവങ്ങളോരോന്നും ഒപ്പിയെടുക്കുകയായിരുന്നു അയാളുടെ മിഴികൾ..

“ഡെയ്സി വളർന്നതും പഠിച്ചതുമൊക്കെ ഇവിടെയാണെന്ന് പറഞ്ഞു.. കൊല്ലപ്പെട്ട ആരെയെങ്കിലും എന്തെങ്കിലും രീതിയിലുള്ള പരിചയം.. അറ്റ്ലീസ്റ്റ് അവരുടെ പേരുകളെങ്കിലും..”

“ഇല്ല സാർ.. ഇവരെല്ലാം ഞാൻ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവരാണ്..”

ഡെയ്സിയുടെ മറുപടി പെട്ടെന്നായിരുന്നു..

“പോലീസിനെ കുഴക്കികൊണ്ടിരിക്കുന്ന കേസാണിതിപ്പോൾ..കൊല്ലപ്പെട്ടവരെല്ലാം ഉന്നതരായത് കൊണ്ടു മുകളിൽ നിന്നും നല്ല പ്രഷറുമുണ്ട്..”

“ചന്ദ്രൂ..ഈ കൊല്ലപ്പെട്ടവർ തമ്മിൽ എന്തെങ്കിലും കണക്ഷൻ..?”

“അതാണ് മറ്റൊരു മിസ്റ്ററി… കൊല്ലപ്പെട്ടവർ ഏതാണ്ട് ഒരേ കാലഘട്ടത്തിൽ പഠിച്ചവരും പരിചയക്കാരും ആണെങ്കിലും തമ്മിൽ കാര്യമായ സൗഹൃദം ഉള്ളവരൊന്നും ആയിരുന്നില്ല.. അന്നും ഇന്നും.. അവരാരും തമ്മിൽ കോണ്ടാക്ടസും ഇല്ല. “

“അന്ന് സംഭവിച്ച എന്തെങ്കിലും കാര്യം.. അതിന്റെ റിവജ്ജ് ആയിരിക്കുമോ ഈ കൊലപാതകങ്ങൾ ?”

അലക്സാണ് ചോദിച്ചത്..

“അതും ഞങ്ങൾ അന്വേഷിച്ചിരുന്നു.. ഒരു തുമ്പും കിട്ടിയില്ല…അവരെയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഒരു റീസൺ ഉണ്ടാവേണ്ടേ..?”

“പക്ഷെ ഇതും ഡെയ്സിക്ക് വരുന്ന പൂക്കളും തമ്മിൽ..?”

“പ്രത്യക്ഷത്തിൽ ബന്ധമൊന്നും തോന്നുന്നില്ല അലക്സ്‌.. എന്തായാലും ഡെയ്സി ഇവിടെ പഠിച്ചിരുന്ന കാലയളവിലല്ല ഇവരുടെ പഠനം.. “

“കൊലപാതകങ്ങളെ പറ്റി ഒരു തെളിവും കിട്ടിയിട്ടില്ല എന്നാണോ ചന്ദ്രൂ..?”

ചന്ദ്രകാന്ത് ചിരിച്ചു..

“നിങ്ങളോട് പറയുന്നതിന് പ്രശ്നമൊന്നും ഇല്ലാലോ..വിക്ടിംസിന്റെ ബോഡിയിൽ നിന്നോ,സംഭവസ്ഥലത്തു നിന്നോ യാതൊരു എവിഡെൻസും കിട്ടിയിട്ടില്ല.. ഒരു ഫിംഗർ പ്രിന്റ് പോലും.. ഹു എവർ ഡിഡ് ദിസ്‌,ഹാസ് ഡൺ എ ഗുഡ് ജോബ്.. ബ്രില്ലിയന്റിലി എക്സിക്യൂട്ടഡ്…”

ചന്ദ്രകാന്തിന്റെ കണ്ണുകൾ പല തവണ ഡെയ്സിയെ തേടിയെത്തിയിരുന്നു..

അയാൾ ചിരിച്ചു..

“ആൻഡ് യെസ്, സ്ട്രിക്റ്റിലി ഓഫ്‌ ദി റെക്കോർഡ്..സത്യം പറഞ്ഞാൽ ഞങ്ങൾ ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ്..നോ എവിഡൻസസ്, നോട്ട് എനി ക്ലൂസ്…”

അയാൾ നേർത്ത ചിരിയോടെ പറഞ്ഞു..

ഡെയ്സി ഒന്നു നിശ്വസിച്ചു..

ചന്ദ്രകാന്ത് അലക്സിനെ ഒന്ന് നോക്കി..

“ചന്ദ്രൂ.. കോഫി..?”

“യെസ്,ഇഫ് യൂ ഡോണ്ട് മൈൻഡ്…”

ചന്ദ്രകാന്ത് ഡെയ്സിയെ നോക്കി.. അവൾ പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് കിച്ചണിലേക്ക് നടന്നു..ബാലക്കണിയിലേക്ക് നടന്ന ചന്ദ്രകാന്തിനു പിറകെ അലക്സും.…

“അലാ, ആർ യൂ സീരിയസ്…?”

“യെസ്.. ഒഫ്‌കോർസ്.. വൈ ആർ യൂ ആസ്കിങ് ചന്ദ്രു…?”

ചന്ദ്രകാന്ത് അതിന് ഒരു മറുചോദ്യമാണ് ഉന്നയിച്ചത്…

“ലെനാ..?”

അലക്സിന്റെ മുഖം മങ്ങി..

“ലെന.. വിവാഹം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നെ വിട്ടുപോയവൾ.. ഷീ ഈസ്‌ ഹാപ്പി.. അവൾക്കിഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കുന്നു.. ലിവിങ് ടുഗെതർ.. മാര്യേജിന്റെ കെട്ടുപാടുകൾ അവൾക്കിഷ്ടമല്ലത്രേ…”

“ഹേയ്..യൂ..”

ചന്ദ്രകാന്ത് അലക്സിന്റെ ചുമലിൽ തട്ടി.. അലക്സ്‌ ചിരിച്ചു..

“ഹേയ് എനിക്കൊരു വിഷമവുമില്ലെടാ.. ആക്ച്വലി ആം ഫോർച്ച്യുണേറ്റ്… ഇല്ലായിരുന്നുവെങ്കിൽ ഡെയ്സി എന്റെ ലൈഫിലേക്ക് വരില്ലായിരുന്നു..”

ചന്ദ്രകാന്ത് ഒന്നും പറഞ്ഞില്ല…

“ഞാനും ലെനയും തമ്മിലുള്ള വിവാഹം അതൊരു ബിസിനസ് ഡീലായിരുന്നു.. ഫാമിലികൾ തമ്മിൽ..പക്ഷെ അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ ശ്രെമിച്ചിരുന്നു.. ലെന.. അവളാണ് കണ്ടിന്യൂ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞത്..അന്നൊത്തിരി വിഷമിച്ചു.. പിന്നെ മനസ്സിലായി,യാതൊരു മനഃപൊരുത്തവുമില്ലാത്ത, ഉൾക്കൊള്ളാൻ പോലും കഴിയാത്ത രണ്ടുപേർ,അങ്ങനെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നതിൽ ഒരു കാര്യവുമില്ലായിരുന്നെന്ന്… ഷി വാസ് റൈറ്റ്..”

“ഡിവോഴ്സ് പ്രൊസീഡിങ്‌സ്..?”

“ലീഗലി..? ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ലായിരുന്നു..ഞാനും ചിന്തിച്ചിരുന്നില്ല.ലെന..അവളും ചോദിച്ചില്ല.. പക്ഷെ ഇത്തവണ നാട്ടിൽ പോയത് അതിനായിരുന്നു..എല്ലാം കഴിഞ്ഞു “

ചന്ദ്രകാന്ത് അവനെ നോക്കി..

“ചന്ദ്രൂ, വീ ആർ പ്ലാനിംഗ് ടു ഗെറ്റ് മാരീഡ്.. ഈസ്‌ ദേർ എനി പ്രോബ്ലം..?”

“നോ.. നോട്ട് ആസ് ഓഫ് നൗ..ഹൌ വെൽ ഡൂ യൂ ക്നോ ഡെയ്സി..?”

അലക്സ്‌ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി അയാൾ ആലോചിക്കുകയായിരുന്നു…

“അവൾ പറഞ്ഞത് കാര്യങ്ങളെ എനിക്കും അറിയൂ..”

ചന്ദ്രകാന്ത് ഒന്നും പറഞ്ഞില്ല..

“നിനക്ക് എന്നതേലും സംശയം ഉണ്ടോ ചന്ദ്രൂ..”

“ഇല്ലെടാ ഞാൻ ചുമ്മാ ചോദിച്ചൂന്നെയുള്ളൂ..”

“ചന്ദ്രൂ.. ആം ഇൻ ലവ്.. ഡെയ്സിയില്ലാതെ ഇനിയെനിക്ക് പറ്റില്ല “

അലക്സിന്റെ വാക്കുകൾ തെല്ലിടറിയിരുന്നു..

“ഹേയ് നീയെന്താടാ ഒരു മാതിരി സ്കൂൾ പിള്ളേരെ പോലെ..”

അലക്സ്‌ ഒന്നും പറഞ്ഞില്ല..ഡെയ്സി കോഫിയുമായി വരുന്നത് ചന്ദ്രകാന്ത് കാണുന്നുണ്ടായിരുന്നു..

“എടാ,നീയൊരു ദിവസം ഡെയ്സിയുമായി അങ്ങോട്ടിറങ്ങ് .. അറിഞ്ഞത് മുതൽ അയിഷ ഡെയ്സിയെ കാണണമെന്ന് പറയുന്നുണ്ട്..”

അവരോട് യാത്ര പറയുന്നതിനിടെ ചന്ദ്രകാന്ത് പറഞ്ഞു..

“ഓ, ഐ ഫോർഗോട്ട് ..ഡെയ്സിക്ക് വന്ന ഈ ഗിഫ്റ്റ്‌സ് എല്ലാം ഞാൻ കൊണ്ടുപോവുകയാണ്.. നമ്മക്ക് കാര്യമായിട്ട് ഒന്നു പരിശോധിച്ച് നോക്കാം.. ഡെയ്സിയുടെ ആരാധകനെ പറ്റി വല്ല തുമ്പും കിട്ടിയാലോ..?”

ചിരിയോടെയാണ് ചന്ദ്രകാന്ത് പറഞ്ഞത്..

അയാൾക്ക് പിറകിൽ വാതിലടഞ്ഞതും അലക്സ്‌ ഡെയ്സിയെ ഒന്ന് നോക്കി.. അവളും.. അലക്സ്‌ നീട്ടിയ കൈകളിലേക്ക് അവൾ ചേർന്നു നിന്നു…

“എസി പി സാറിന് എന്നെയെന്തോ സംശയം ഉള്ളത് പോലെ..”

“ഹ വിടെടോ പോലീസുകാരല്ലേ…”

“ഇച്ചായന്‌ എന്നെ സംശയമുണ്ടോ…?”

പതിഞ്ഞ ചോദ്യത്തിനൊപ്പം ഡെയ്സിയുടെ കണ്ണുകളിൽ കുറുമ്പ് നിറഞ്ഞിരുന്നു …

“എന്നതാ വിളിച്ചേ…?”

അപ്പോഴും ഈറനുണങ്ങാത്ത ഷോൾഡർ ലെങ്തിലുള്ള തലമുടി അവളുടെ മുഖത്തിന്‌ ചുറ്റും ചിതറിക്കിടന്നിരുന്നു..
വെള്ളനിറത്തിലുള്ള ടോപ്പിലും വെള്ളയും കറുപ്പും ഇടകലർന്ന നീളൻ കോട്ടൺ സ്‌കെർട്ടിലും അംഗലാവണ്യം തെളിഞ്ഞിരുന്നു..

അടുത്ത നിമിഷത്തിൽ അലക്സിന്റെ കൈകളിൽ നിന്നും വഴുതി മാറിയിരുന്നു ഡെയ്സി.. അലക്സ്‌ അവളെ പിടിക്കാൻ തുനിഞ്ഞപ്പോഴേക്കും കണ്ണിറുക്കി കൊണ്ടവൾ ഓടിയിരുന്നു…

“ടീ.. അവടെ നിക്കാൻ…”

മുത്തുമണികൾ കിലുങ്ങുന്നത് പോലുള്ള ആ ചിരിയൊച്ച ..അലക്സിനു ഏറെ ഇഷ്ടമുള്ളത്.. വല്ലപ്പോഴും മാത്രം കേൾക്കുന്നത് ..അവൻ കയ്യെത്തി പിടിക്കാൻ തുടങ്ങുമ്പോഴേക്കും ഡെയ്സി അകത്തു കയറി വാതിലടച്ചിരുന്നു..

“ഛെ..”

വാതിലിൽ ഇടിച്ച് കൊണ്ടാണ് അലക്സ് പറഞ്ഞത്..

“വാതിലടച്ചു ഒളിച്ചിരിക്കാതെ പുറത്തോട്ട് വാടി.. ചുമ്മാ മനുഷ്യനെ…”

വീണ്ടുമാ ചിരി കേട്ടു..

“വിട്ടോ.. വിട്ടോ..സ്റ്റാൻഡ് വിട്ട് പോയെ ഇച്ചായാ..”

അലക്സിന്റെ ചുണ്ടിലൊരു ചിരി വിടർന്നു.. അലക്സ്‌ എന്നേ വിളിക്കാറുള്ളൂ.വല്ലപ്പോഴും, സ്നേഹം കൂടുമ്പോഴാണ് ഇച്ചായൻ..

ഏറെ കഴിഞ്ഞാണ് ഡെയ്സി വാതിൽ തുറന്നത്..പതിയെ എത്തി നോക്കിയപ്പോൾ ആരെയും കണ്ടില്ല..ഹാളിലേയ്ക്ക് രണ്ടു ചുവട് വെച്ചപ്പോഴേക്കും രണ്ടു കൈകൾ അരക്കെട്ടിലൂടെ ചുറ്റിയിരുന്നു..

അലക്സ്‌ അവളുടെ മുടിയിഴകളിൽ മുഖം ചേർത്തു..ഡെയ്സിയുടെ മിഴികൾ പാതി അടഞ്ഞിരുന്നു…

പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞാണ് അന്ന് രാത്രിയിൽ ചന്ദ്രകാന്ത് അലക്സിനെ വിളിച്ചത്…

“അലാ.. ആ ബൊക്കെയ്‌സിൽ നിന്നും പ്രത്യേകിച്ചു ഒന്നും കിട്ടിയില്ല.. ഒരു ഫിംഗർ പ്രിന്റ് പോലും.. പക്ഷെ..”

“പക്ഷെ..?”

“ആ ബോഡികളിലും ഇതിലുമുള്ള സ്റ്റിക്കേർസ് സെയിമാണ്..”

അലക്സിന് ശബ്ദിക്കാൻ കഴിഞ്ഞില്ല…

“ഫ്ലാറ്റിലെ സിസി ടിവി വിഷ്വൽസ് ഞാൻ വിശദമായി പരിശോധിച്ചു… നിന്റെ സംശയം ശരിയായിരുന്നു. അതാരോ ടാമ്പർ ചെയ്തിട്ടുണ്ട്..ആ സമയത്തെ വിഷ്വൽസ്, അത് മാത്രമില്ല…ആൻഡ് ദാറ്റ്‌ മീൻസ് ..”

“ചന്ദ്രൂ..?”

“അവിടെത്തെ ഫ്ലാറ്റിലുള്ള ആരോ,അല്ലെങ്കി ൽ ഫ്ലാറ്റുമായി എന്തോ ബന്ധമുള്ള ആരോ ആണ് ആ ബൊക്കെയ്സ് അവിടെ കൊണ്ടു വെയ്ക്കുന്നത്..”

“ചന്ദ്രൂ.. ഡെയ്സി..”

“ഹേയ് അവളെ അപകടപ്പെടുത്തുമെന്ന് തോന്നുന്നില്ല.പക്ഷെ അയാൾ അവളെ എന്തോ അറിയിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ജസ്റ്റ്‌ ബി കെയർ ഫുൾ..”

പിറ്റേന്ന് വൈകുന്നേരം ഡെയ്സിയുടെ ഫ്ലാറ്റിലെ കോളിങ്ങ് ബെൽ ശബ്ദിച്ചപ്പോൾ ഡെയ്സി കിച്ചണിലായിരുന്നു..വാതിൽ തുറന്നത് അലക്സായിരുന്നു. വാതിലിനു പുറത്തും,കോറിഡോറിലും ആരെയും കണ്ടില്ല..

ഫ്ലവർ ബാസ്കറ്റിൽ ആ ചുവന്ന റോസാപ്പൂക്കൾ ഉണ്ടായിരുന്നു അതിൽ 5 എന്നടയാളപ്പെടുത്തിയ സ്റ്റിക്കറും.. ഹാളിലെ ടിവി യിൽ,റെയിൽവേ സ്റ്റേഷനരികെയുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദ്ദേഹത്തെ പറ്റിയുള്ള വാർത്തകാണിക്കുന്നുണ്ടായിരുന്നു

“ഫിഫ്ത് വൺ..”

അലക്സ്‌ മന്ത്രിച്ചു.. കിച്ചണിൽ നിന്നും വന്ന ഡെയ്സിയുടെ കണ്ണുകൾ അലക്സിന്റെ കയ്യിലേക്കും ടിവിയിലേക്കും മാറിമാറി പതിഞ്ഞു…അവളുടെ മുഖം വിളറിയിരുന്നു..

അയിഷയും ഡെയ്സിയും കിച്ചണിലായിരുന്നു.. സന്ധ്യ കഴിഞ്ഞപ്പോഴാണ് ചന്ദ്രകാന്തും അയിഷയും ഡെയ്സിയുടെ ഫ്ലാറ്റിലേക്ക് അലക്സിനോടൊപ്പം എത്തിയത്..

“ഡെയ്സിയ്ക്ക് വയ്യായിരുന്നെന്ന് അലക്സ്‌ പറഞ്ഞിരുന്നേൽ ഞങ്ങൾ വരത്തില്ലായിരുന്നു..”

“അതൊന്നും സാരമില്ലെന്നേ.. ഇതിപ്പോൾ രണ്ടു ദിവസമായി ഈ മെൻസ്‌ട്രൽ ക്രാമ്പ്സ്, എല്ലാ തവണയും ഉണ്ടാവും.. ഈയിടെയായി ഭയങ്കര പെയിൻഫുള്ളാണ്..ഞാനൊരു നല്ല ഗൈനക്കിനെ കാണിക്കണമെന്ന് കരുതിയിരിക്കുവാരുന്നു..”

“ഓ.. എന്നാ ഡെയ്സി നാളെ തന്നെ ക്ലിനിക്കിലോട്ടൊന്ന് വാ..നമുക്ക് നോക്കാം..”

ഡെയ്സിയും അയിഷയും ഫുഡ്‌ എടുത്തു വെച്ച് വിളിച്ചിട്ടും,പിന്നെയും കൊറേ കഴിഞ്ഞാണ് അലക്സും ചന്ദ്രകാന്തും കഴിക്കാനെത്തിയത്.. രണ്ടുപേരും ചെറുതായൊന്നു മിനുങ്ങിയിരുന്നു..

അവരുടെ ചിരികളിൽ ഡെയ്സിയും എല്ലാം മറന്നു പങ്കു ചേർന്നിരുന്നു..അയിഷയോട് വല്ലാത്തൊരു അടുപ്പവും അവൾക്ക്‌ തോന്നി..

പിറ്റേന്ന് അലക്സ്‌ ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴാണ് ചന്ദ്രകാന്ത് അർജന്റായി കാണണമെന്ന് പറഞ്ഞത്..

ചന്ദ്രകാന്തിന്റെ കാറിന് പുറകിൽ വണ്ടി നിർത്തുമ്പോൾ അലക്സിന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു..
മുഖവുരകളൊന്നുമില്ലാതെയാണ് ചന്ദ്രകാന്ത് ചോദിച്ചത്..

“അലാ നീയും ഡെയ്സിയും തമ്മിൽ.. നിങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ടോ..”

അലക്സ്‌ അയാളെ തുറിച്ചു നോക്കി..

“വാട്ട്‌ ഡൂ യൂ മീൻ ..?”

“ഐ മീൻ വാട്ട് ഐ സൈഡ്..”

“ഇല്ല.. ഷീ ഈസ്‌ ഡിഫറെൻറ്,അവളെന്നോട് മനസ്സുകൊണ്ട് അടുക്കാൻ തന്നെ ഒരുപാട് സമയമെടുത്തു ചന്ദ്രൂ.അങ്ങനെ ആരെയും പെട്ടെന്ന് ട്രസ്റ്റ്‌ ചെയ്യുന്ന ടൈപ്പ് അല്ലവൾ”

“ഉം..”

ചന്ദ്രൂ മൂളി..

“ചന്ദ്രൂ,നിനക്കെന്നോട് എന്നതാ പറയാനുള്ളത്..?”

“ഡെയ്സി.. ഷി ഈസ്‌ നോട്ട് എ വി ർജിൻ..”

അലക്സിന്റെ മുഖത്ത് നോക്കാതെയാണ് ചന്ദ്രു പറഞ്ഞത്.

“മോർ ഓവർ, ഷീ വാസ് എ മെഡിക്കൽ സ്റ്റുഡന്റ്..പാതി വഴിയിൽ പഠനം അവസാനിപ്പിച്ചവൾ..”

ആദ്യത്തെ വാക്കുകളെക്കാൾ അലക്സിൽ ഞെട്ടലുണ്ടാക്കിയത് രണ്ടാമത്തേതായിരുന്നു..

ഡെയ്സി ഡ്രെസ്സുകൾ മടക്കിവെക്കുമ്പോഴാണ് കോളിങ്ങ് ബെൽ അടിയുന്നത് കേട്ടത്…

ബാക്കിഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….