അലക്സ് ഒന്നും പറയാനാവാതെ നിൽക്കുകയായിരുന്നു.. കേട്ടതൊന്നും ഉൾക്കൊള്ളാനാവാതെ…
“ഞാൻ പറഞ്ഞിട്ടാണ് അയിഷ ആ ടെസ്റ്റ് നടത്തിയത്.. ഡെയ്സി അയിഷയെ കൺസൾട്ട് ചെയ്യാൻ വന്നപ്പോൾ നീയും ഉണ്ടായിരുന്നതല്ലേ..?”
എന്തിന് എന്നുള്ള ചോദ്യം അപ്പോഴും അലക്സിന്റെ തൊണ്ടയിൽ കുടുങ്ങി നിന്നു..
“നിങ്ങളോട് അന്ന് ഞാൻ പറയാതിരുന്ന ഒരു കാര്യമുണ്ട്.. മണിക്കൂറുകളോളം ടോർച്ചർ ചെയ്ത വിക്ടിംസിന്റെ ബോഡിയിൽ ഉണ്ടാക്കിയ മുറിവുകളിൽ നിന്നും രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചിരിക്കുന്നത്.. സർജിക്കൽ ബ്ലേഡ് കൊണ്ടുണ്ടാക്കിയ മുറിവുകൾ.. മനുഷ്യശരീരത്തിലെ ഫങ്ക്ഷനുകളെ പറ്റി സയന്റിഫിക്കലായി അറിവുള്ള ഒരാളാണ് കൊലപാതകിയെന്നായിരുന്നു ഞങ്ങളുടെ നിഗമനം.. മെഡിക്കൽ ഫീൽഡുമായി അടുത്ത ബന്ധമുള്ള ഒരാൾ..”
“പക്ഷെ… ഡെയ്സി മെഡിസിന് പഠിച്ചിരുന്നുവെന്നൊക്കെ പറയുമ്പോൾ.. നോ ഇട്സ് ഇമ്പോസിബിൾ.. ഐ കാണ്ട് ബിലീവ് ഇറ്റ്…”
അലക്സ് തല കുടഞ്ഞു കൊണ്ടു പറഞ്ഞു.. ചന്ദ്രകാന്ത് മറുപടിയൊന്നും പറഞ്ഞില്ല..
“ചന്ദ്രൂ, ബ്ലഡ് കാണുന്നത് പോലും അവൾക്ക് പേടിയാണ്..പല ക്രിട്ടിക്കൽ സിറ്റുവേഷനിലും പാനിക്ക് അറ്റാക്ക് വരുന്നൊരാൾ.. ഒരിക്കൽ.. ഒരിക്കൽ ഞങ്ങൾ കാറിൽ വരുമ്പോൾ ഒരാക്സിഡന്റ് കണ്ടിരുന്നു.. ചോരയിൽ കുളിച്ചൊരാൾ.. അന്ന് മുഴുവനും ഡെയ്സി അപ്സെറ്റ് ആയിരുന്നു.. ഭക്ഷണം പോലും കഴിക്കാതെ…”
“ഒരുപക്ഷെ അവളുടെ പേരെന്റ്സിന്റെ ആക്‌സിഡന്റിനു ശേഷമാവാം അങ്ങനെ.. ഡെയ്സിക്ക് വേറെ റിലേറ്റീവ്സ് ആരുമില്ലേ..?”
“ഡെയ്സി ഒറ്റ മോളായിരുന്നു.. പപ്പയും മമ്മയും അല്ലാതെ അവളൊരു അങ്കിളിന്റെയും ആന്റിയുടെയും കാര്യം പറയാറുണ്ട്.. ഡെയ്സിയുടെ മമ്മയുടെ ബ്രദറും വൈഫും.. അവർക്ക് കുട്ടികളില്ലായിരുന്നു.. ഡെയ്സി അവരുടെയും മകളായിരുന്നു.. രണ്ടും പേരും ഡോക്ടർസ് ആയിരുന്നത്രേ.. ഇവർ അഞ്ചു പേരും കൂടെ ഒരു യാത്ര പോവുന്നതിനിടെയായിരുന്നു ആക്‌സിഡന്റ് സംഭവിച്ചതും ഡെയ്സി മാത്രം രക്ഷപെട്ടതും..”
“ദാറ്റ് ഐ ക്നോ അലക്സ്.. ഡോക്ടർ ജോസഫ് മാത്യു ആൻഡ് ഡോക്ടർ ആലീസ് ജോസഫ്.. ഒരു ഇന്റെറെസ്റ്റിങ് ഫാക്ട് കൂടെയുണ്ട്.. ഡെയ്സിയുടെ പേരന്റസ് ഇവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു പോയ അതേ സമയം തന്നെയാണ് ഇവരും ഇവിടുത്തെ പ്രാക്ടീസ് ഒക്കെ മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോയത്.. അതും രണ്ടു ഫേമസ് ഡോക്ടർസ്..”
“ചന്ദ്രൂ.. എനിക്കിതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല..”
“റിലാക്സ് അലക്സ്..”
ചന്ദ്രകാന്ത് അവന്റെ ചുമലിൽ തട്ടി..
“ഡെയ്സിയുടെ ഭൂതകാലത്തിൽ എന്തൊക്കെയോ ദുരൂഹതകളുണ്ട്.. ഒന്നുകിൽ അവൾ ബ്രില്ലിയന്റായി ആക്ട് ചെയ്യുന്നു.. അല്ലെങ്കിൽ അവൾ അറിയാത്ത എന്തോ ഒന്ന് അവളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്..”
അലക്സിന്റെ മുഖത്ത് അപ്പോഴും സംശയങ്ങൾ നിറഞ്ഞിരുന്നു..
“ഒരാളോടും പ്രണയം തോന്നിയിട്ടില്ലെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്…”
അലക്സ് സ്വയമെന്നോണം പറഞ്ഞു..
“അവളെ പറ്റി കൂടുതൽ അറിയണമെങ്കിൽ ഡെയ്സിയുടെ ഭൂതകാലത്തിലേക്ക് പോവണം.. കൂടെ പഠിച്ചവർ, സുഹൃത്തുക്കൾ, അദ്ധ്യാപകർ.. അങ്ങനെ..”
അലക്സിന്റെ മുഖം വല്ലാതെ കനത്തിരുന്നു..
“തല്കാലം നീയിതൊന്നും ഡെയ്സിയോട് പറയണ്ട..”
അലക്സ് പതിയെ തലയിലക്കി..
“സെൻസേഷനലായൊരു കേസാണ്.. തല്കാലം ഡെയ്സിയെക്കുറിച്ചും, ആ ബൊക്കെയ്സിനെ പറ്റിയുമുള്ള വിവരങ്ങൾ നമുക്കിടയിൽ ഒതുങ്ങി നിൽക്കട്ടെ.. അലക്സ് നീ ഡെയ്സിയെ വാച്ച് ചെയ്യണം..”
“ചന്ദ്രൂ ഡെയ്സി… അവൾ..”
അലക്സിന്റെ മുഖത്ത് വേദന നിറഞ്ഞിരുന്നു..
“ഹേയ് റിലാക്സ് മാൻ.. നീ അവളെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.. അവളെ ചുറ്റിപറ്റി എന്തൊക്കെയോ ദുരൂഹതകളുണ്ട്, ആ കൊലപാതകങ്ങളുമായി ബന്ധമുള്ളത്.. പക്ഷെ നിന്റെ ഡെയ്സി വില്ലത്തിയാണെന്നൊന്നും തോന്നുന്നില്ലെടാ.. ഒന്നുകിൽ അവൾ അറിയില്ലെന്ന് നടിക്കുന്ന, അല്ലെകിൽ അവളറിയാത്തത് എന്തോ ഒന്ന് അവളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്..”
കാറിൽ തിരികെ ഫ്ലാറ്റിലേക് പോവുമ്പോഴും അലക്സിന്റെ ചെവികളിൽ ചന്ദ്രകാന്തിന്റെ വാക്കുകൾ മുഴങ്ങിക്കൊണ്ടേയിരുന്നു.. തികട്ടി വരുന്ന ചിന്തകളിൽ,ഇടക്കിടെ അസ്വസ്ഥതയോടെ തലകുടഞ്ഞു കൊണ്ടയാൾ മുഖം അമർത്തിത്തുടച്ചു ഡ്രൈവിങ്ങിൽ മാത്രം ശ്രെദ്ധിക്കാൻ ശ്രെമിച്ചു കൊണ്ടേയിരുന്നു..
ഡെയ്സിയെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടാണ് സ്വന്തം ഫ്ലാറ്റിലേക്ക് നടന്നത്.. വാതിൽ തുറക്കുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു.. അകത്തേക്ക് കയറി വാതിൽ അടയ്ക്കുമ്പോഴാണ് എന്തിലോ ചവിട്ടിയത് പോലെ തോന്നിയത്.. നിലത്ത് ഒരു വെള്ള എനവലപ്പ് കിടന്നിരുന്നു..വാതിലിന് താഴെക്കൂടെ ഉള്ളിലേക്ക് നിരക്കിയിട്ടാതാവണം..അത് തുറക്കുമ്പോൾ എന്തിനെന്നില്ലാതെ അലക്സിന്റെ ഉള്ളൊന്ന് കാളി..
അതിൽ ഒരു വൈറ്റ് പേപ്പറായിരുന്നു..പ്രിന്റ് ചെയ്ത വാക്കുകളിലൂടെ അയാൾ കണ്ണോടിച്ചു..
“അലക്സ്,ഡെയ്സി ഈസ് ഇന്നസെന്റ്.. അവൾക്കൊന്നും അറിയില്ല.. ആ റിസൾട്ടിനെ പറ്റി അവളറിയരുത്.. അറിഞ്ഞാൽ ഡെയ്സിയെ അലക്സിനു നഷ്ടമാവും.. എന്നെന്നേക്കുമായി..”
ഏറെ നേരം ആ കടലാസിലേക്ക് തുറിച്ചുനോക്കി അയാൾ അങ്ങനെ തന്നെ നിന്നു.. അനങ്ങാനാവാതെ…
ആ റിസൾട്ട്.. അതെങ്ങനെ.. താനോ ചന്ദ്രുവോ ആയിഷയോ അല്ലാത്ത മറ്റാരും അറിയാത്ത കാര്യം.. ഡെയ്സി പോലും…
ചിന്തകൾ അവിടെ എത്തിയതും അയാളൊന്ന് ഞെട്ടി.. അതിനർത്ഥം..? ആ കൊലയാളി.. അതെ..അയാൾ തങ്ങൾക്ക് പിറകെ തന്നെയുണ്ട്.. എല്ലാം ശ്രെദ്ധിച്ചു കൊണ്ട്..
കഴിഞ്ഞ ദിവസം ഡെയ്സി പറഞ്ഞത് അയാൾക്ക് ഓർമ്മ വന്നു..
“അലക്സ് ഐ ഫീൽ സം വൺ ഈസ് സ്റ്റാക്കിങ് മി.. ആരോ എപ്പോഴും പിറകെ ഉള്ളത് പോലെ.. പക്ഷെ നോക്കുമ്പോൾ ആരും ഇല്ലതാനും..”
ഇപ്പോൾ സംഭവിക്കുന്നതൊക്കെ കൊണ്ടു ചുമ്മാ തോന്നുന്നതാണെന്ന് പറഞ്ഞു താനവളെ സമാധാനിപ്പിച്ചു..
പക്ഷെ… ഷി.. ഷീ വാസ് റൈറ്റ്..
അയാൾക്ക് ആ നിമിഷം ഡെയ്സിയെ കാണണമെന്ന് തോന്നി.. ചന്ദ്രു പറഞ്ഞതെല്ലാം അലക്സ് മറന്നുപോയിരുന്നു…
ഡെയ്സിയുടെ ഫ്ലാറ്റിനു മുൻപിലെത്തി കോളിങ്ങ് ബെൽ അടിക്കാനായി വിരൽ ഉയർത്തുമ്പോഴാണ് അലക്സ് അത് കണ്ടത്.. വാതിൽ പൂർണ്ണമായും ചേർത്തടച്ചിട്ടില്ല.. സംശയത്തോടെ അലക്സ് ഡോർ ഹാൻഡിലിൽ കൈ വെച്ചു തിരിച്ചു.. അത് തുറന്നതും ആന്തലോടെയാണ് അയാൾ അകത്തേക്ക് കയറിയത്..
“ഡെയ്.. ഡെയ്‌സി..”
അലക്സിന്റെ ശബ്ദം ഇടറിയിരുന്നു..ടേബിളിൽ മുഖം ചേർത്ത് ഇരുന്നിരുന്ന ഡെയ്സി പതിയെ മുഖമുയർത്തി.. അലക്സിൽ നിന്നും ആശ്വാസത്തിന്റെ നിശ്വാസം ഉയർന്നത് അയാൾ പോലും അറിഞ്ഞിരുന്നില്ല..
ഡെയ്സി പക്ഷെ എഴുന്നേറ്റതോ,ഒന്നും പറഞ്ഞതോയില്ല..അലക്സ് വാതിൽ ലോക്ക് ചെയ്തു അവൾക്കരിലേക്ക് നടന്നു..
“താനിത് എന്നാ പണിയാടോ കാണിച്ചത്. വാതിൽ ലോക്ക് പോലും ചെയ്യാതെ…”
പിന്നെയും എന്തോ പറയാൻ തുടങ്ങുമ്പോഴാണ് അയാൾ അവളുടെ നിറഞ്ഞ മിഴികൾ കണ്ടത്..
“വാട്ട്.. വാട്ട് ഹാപ്പെൻഡ് ഡെയ്സി..”
അയാൾ അവളുടെ ചുമലിൽ കൈ വെക്കാൻ തുടങ്ങുമ്പോഴേക്കും ഇരുന്നു കൊണ്ടു തന്നെ ഡെയ്സി അയാളെ കെട്ടിപ്പിടിച്ചിരുന്നു.. അയാളുടെ വയറിലൂടെ ചുറ്റിപിടിച്ചു മുഖം ചേർത്തവൾ അങ്ങനെ ഇരുന്നു..
അലക്സ് ഒന്നും പറയാതെ അവളുടെ തലയിലൂടെ വിരലോടിച്ചു.. ചന്ദ്രുവുമായുള്ള കൂടിക്കാഴ്ചയോ തനിക്ക് വന്ന കടലാസ് കഷ്ണത്തിലെ മെസ്സേജോ അപ്പോൾ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.. അത്രമേൽ അയാളവളെ പ്രണയിച്ചു പോയിരുന്നു…
പൊടുന്നനെയാണ് അലക്സ് മേശപ്പുറത്തു ഇരിക്കുന്ന ആ ബൊക്കെ കണ്ടത്.. റെഡ് റോസസ്സ് വിത്ത് നമ്പർ 6
ഹാളിലെ ശബ്ദമില്ലാതെ വെച്ച ടിവിയിലെ രംഗങ്ങളും അപ്പോഴാണ് അയാളുടെ കണ്ണിൽ പെട്ടത്…
ആറാമത്തെ കൊലപാതകം… ആറാമത്തെ ബൊക്കെ…
“അലക്സ്.. ആ ബൊക്കെ കണ്ടോ…?”
നേർത്ത ശബ്ദത്തിൽ ഡെയ്സി ചോദിച്ചു..അലക്സ് ഒന്ന് മൂളി…
“ശരിക്കും കണ്ടോ..?”
ഡെയ്സി പതിയെ മുഖമുയർത്തി അയാളെ നോക്കി.. തെല്ല് സംശയത്തോടെ നെറ്റി ചുളിച്ചുകൊണ്ടാണയാൾ ആ ബൊക്കെ കയ്യിലെടുത്തത്..
അതിൽ പതിവില്ലാതെ, ഒരു വൈറ്റ് നോട്ട് ഉണ്ടായിരുന്നു.. അതിൽ പ്രിന്റ് ചെയ്ത ഇംഗ്ലീഷ് അക്ഷരങ്ങളും..
“യുവർ ഗാർഡിയൻ എയ്ഞ്ചൽ..”
ഡെയ്സി പതിയെ എഴുന്നേറ്റു
“എന്നെ നന്നായി അറിയാവുന്ന ആരോ ഒരാൾ.. എന്റെ ചുവന്ന റോസാപ്പൂക്കളോടുള്ള ഇഷ്ടം അറിയുന്നയാൾ..പക്ഷെ ഇങ്ങനെയൊക്കെ…”
അവൾ പൂർത്തിയാക്കാതെ നിർത്തി..ഡെയ്സിയുടെ കണ്ണുകൾ ടിവിയിലേക്ക് നീണ്ടു.. പൊടുന്നനെയവൾ കണ്ണുകൾ ഇറുകെയടച്ചു…
“എനിക്ക്.. എനിക്കൊന്നും മനസ്സിലാവുന്നില്ല.. എന്നാത്തിനാ ഇങ്ങനെയൊക്കെ..”
ആ കണ്ണുകളിൽ നിഷ്കളങ്കത മാത്രമേ അയാൾക്ക് കാണാനായുള്ളൂ..അവൾ അലക്സിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..
“അലക്സ്.. എനിക്ക്.. എനിക്കാരുമില്ലാത്തത് പോലെ.. എല്ലാരും എന്നെ ഒറ്റയ്ക്കാക്കി പോയി… ഞാൻ..”
അവളുടെ വാക്കുകളിലെ ദയനീയത അലക്സിന്റെ മനസ്സിനെ കുത്തിനോവിച്ചു..
അയാൾ അവളെ ഇറുകെ ചേർത്തുപിടിച്ചു..
“ഞാനില്ലെടോ..”
രാത്രി ഏറെ വൈകിയിട്ടും അലക്സിന് ഉറക്കം വന്നിരുന്നില്ല.. ഇന്ന് ഇവിടെ തന്നെ നിന്നാൽ മതിയെന്നത് ഡെയ്സിയുടെ നിർബന്ധമായിരുന്നു..ഒരു പരിധിയ്ക്കപ്പുറത്തുള്ള ഇന്റിമസി കാണിച്ചിട്ടില്ലാത്തവൾ ഇന്ന് തന്റെ നെഞ്ചിൽ ചേർന്നാണുറങ്ങിയത്..
ബെഡ്ലാമ്പിന്റെ നേർത്ത വെളിച്ചത്തിൽ ശാന്തമായി ഉറങ്ങുന്ന, അവളുടെ മുടിയിഴകൾ ഒതുക്കിവെച്ചയാൾ ആ നെറുകയിലൊന്ന് തലോടി…
ഇത്രമേൽ താനവളെ സ്നേഹിച്ചിരുന്നുവെന്നത് അയാളും അറിയുകയായിരുന്നു…
രാവിലെ അലക്സ് ഉണരുമ്പോഴും ഡെയ്സി നല്ല ഉറക്കമായിരുന്നു..
കോഫിയിട്ട് അതുമായി ഇരുന്നു ഫോൺ കയ്യിൽ എടുക്കുമ്പോഴേക്കും അത് റിങ് ചെയ്തിരുന്നു..
ചന്ദ്രൂ..
“എടാ…?”
“അലാ.. ഡെയ്സി..?”
“ഉറക്കമാണ്..”
“ഉം.. ഉണർത്തണ്ടാ.. നീ ഡോർ ലോക്ക് ചെയ്‌ത് പുറത്തേയ്ക്ക് വാ..”
“എന്നാടാ.. എന്നതാ പ്രശ്നം..?”
“ഹേയ്.. ഒച്ച വെച്ച് അവളെ ഉണർത്താതെ പുറത്തോട്ട് വാ.. ഡേയ്സിയുടെ ഓപ്പോസിറ്റ് ഫ്ലാറ്റിലേക്.. ഡോർ ലോക്ക് ചെയ്തിട്ടില്ല.. ക്വിക്ക്..”
അലക്സ് എന്തോ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും കാൾ കട്ട് ആയിരുന്നു..ഡെയ്സിയെ ഒന്ന് കൂടെ നോക്കി പുറത്തേക്കിറങ്ങി അലക്സ് വാതിൽ ലോക്ക് ചെയ്തു..
തൊട്ടപ്പുറത്തെ ഫ്ലാറ്റിന്റെ വാതിൽ അടഞ്ഞു കിടന്നിരുന്നു..അലക്സ് ഇടവും വലവും നോക്കി.. കോറിഡോറിൽ ആരും ഇല്ലായിരുന്നു.. പതിയെ വാതിലിന്റെ ഹാൻഡിലെ തിരിച്ചപ്പോൾ അത് തുറന്നു..
അകത്തു ചന്ദ്രകാന്ത് ഉണ്ടായിരുന്നു.. അയാൾ ആംഗ്യം കാണിക്കുന്നതിനു മുൻപേ അലക്സ് ഡോർ ലോക്ക് ചെയ്തിരുന്നു..
“ചന്ദ്രൂ.. എന്നതാ ഇവിടെ നടക്കുന്നെ..”
അത്യാവശ്യത്തിനുള്ള ഫർണീച്ചറും കാര്യങ്ങളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. വലിച്ചു വാരിയിട്ട സാധനങ്ങൾ കണ്ടപ്പോൾ ചന്ദ്രകാന്ത് പണി തുടങ്ങിയിട്ട് കുറച്ചു സമയമായെന്ന് അലക്സിനു മനസ്സിലായി…
“ശ്രീറാം വസുദേവൻ…”
ചന്ദ്രകാന്തിന്റെ വാക്കുകൾ കേട്ട് അലക്സ് മനസ്സിലാവാത്തത് പോലെ അയാളെ നോക്കി…
“നമ്മുടെ ഫ്ലവർ ഡെലിവറി ബോയ്.. ദി കില്ലർ..”
ചന്ദ്രകാന്ത് ഷെൽഫിലുള്ള സാധസങ്ങൾ പരിശോധിക്കുന്നതിനിടെ പറഞ്ഞു…
“ഡെയ്സിയുടെ ക്ലാസ്സ് മേറ്റ് മാത്രമായിരുന്നില്ല ശ്രീറാം.. അവൾ പ്രണയിച്ചവൻ.. അവളെ പ്രണയിച്ചവൻ…”
അലക്സിന്റെ മുഖം വിവർണ്ണമായി…
“കടുത്ത ദാരിദ്ര്യം കാരണം ആ ത്മഹത്യ ചെയ്ത ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നും രക്ഷപ്പെട്ട ഒരേയൊരാൾ.. അനാഥാലയത്തിലെ ബാല്യത്തിൽ തികച്ചും അന്തർമുഖനായൊരു കുട്ടി..വളർന്നിട്ടും തന്നിലേക്ക് ഒതുങ്ങുന്ന അവന്റെ സ്വഭാവത്തിൽ കാര്യമായൊരു മാറ്റവും വന്നിരുന്നില്ല.. പഠനത്തിൽ മിടുക്കനായിരുന്ന അവൻ സ്പോൺസറുടെ സഹായത്തോടെ എം ബി ബി എസിനു ചേർന്നു.. ക്ലാസ്സിലും അവന്റെ സ്വഭാവം അങ്ങിനെ തന്നെയായിരുന്നു.. ആരെയും അടുപ്പിച്ചില്ല…”
അലക്സ് എല്ലാം കേട്ടു നിൽക്കുകയായിരുന്നു..
“ഡെയ്സി.. ഷീ വാസ് ആ ബബ്ലി ഗേൾ വിത്ത് എ പോസിറ്റീവ് ആറിറ്റ്യൂഡ്.. ആൻഡ് ഷീ വാസ് വെരി ബ്രൈറ്റ് ആൾസോ..”
ചന്ദ്രകാന്ത് ഒന്ന് നിർത്തി അലക്സിനെ നോക്കിയിട്ട് തുടർന്നു
“ഡെയ്സിയെ പഠിപ്പിച്ചവരുടെ വാക്കുകൾ..ചുറ്റുമുള്ളവരിൽ സന്തോഷം നിറയ്ക്കുന്ന പെൺകുട്ടി…”
ചന്ദ്രകാന്ത് എന്തോ എടുത്തു നോക്കി തിരിച്ചു ഷെൽഫിലേക്ക് തന്നെ വെച്ചു..
“ഡെയ്സിക്ക് ക്ലാസ് മേറ്റായിരുന്ന ശ്രീറാമിനെ അത്ര പിടുത്തമില്ലായിരുന്നു.. കാരണം മറ്റുള്ള എല്ലാവരും ഡെയ്സിയുടെ സുഹൃത്തുക്കളായിരുന്നുവെങ്കിലും ശ്രീറാം അവളെ മൈൻഡ് ചെയ്തിരുന്നില്ല…”
അലക്സ് ഒന്ന് നിശ്വസിച്ചു.. കേൾക്കുന്ന വാക്കുകൾ മനസ്സിലേയ്ക്ക് തറച്ചു കയറുന്നുണ്ടായിരുന്നു..
“പക്ഷെ പെട്ടെന്നൊരു നാൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടവർ സൗഹൃദത്തിലായി.. പിന്നെ പ്രണയത്തിലും..”
കയ്യിലെ പൊടി തട്ടിക്കൊണ്ടു ചന്ദ്രകാന്ത് പറഞ്ഞു..
“അതുപോലെ തന്നെ ഒരു നാൾ ആരോടും ഒന്നും പറയാതെ ഡെയ്സിയും കുടുംബവും ഇവിടം വിട്ടുപോയി..”
ചന്ദ്രകാന്ത് അലക്സിനെ തന്നെ നോക്കി..
“അതിൽ പിന്നെ ശ്രീറാമിനെ ആരും കണ്ടിട്ടില്ല.. ഹി ഈസ് സ്റ്റിൽ മിസ്സിംഗ്..”
“വാട്ട്..?”
“യെസ്.. ഒരു കാര്യം കൂടെയുണ്ട്.. ഇവരുടെ ഒരു ക്ലാസ്സ് മീറ്റിന്റെ എൻഗേജ്മെന്റ് ന്റെ അന്ന് രാത്രിയിലാണ് ഡെയ്സിയെയും ശ്രീറാമിനെയും ഇവരെല്ലാം അവസാനമായി കണ്ടിട്ടുള്ളത്…”
“പക്ഷെ ചന്ദ്രൂ ഇതെല്ലാം തമ്മിൽ.. പക്ഷെ ഡെയ്സി ഇതൊന്നും…”
അലക്സ് എന്ത് പറയണമെന്നറിയാതെ കൈകൾ കോർത്തു പിടിച്ചു..
“ശ്രീറാം തന്നെയാണ് കില്ലർ എന്നുള്ളതിന് ഇനിയും തെളിവുകളൊന്നും കിട്ടിയിട്ടില്ല.. പക്ഷെ ശ്രീറാമാണ് ഡെയ്സിയ്ക്ക് ആ ബൊക്കെയ്സ് അയക്കുന്നത്…”
അലക്സ് ഞെട്ടലോടെ ചന്ദ്രകാന്തിനെ നോക്കി..
“ഇവർക്കിടയിൽ എന്തോ ഒരു മിസ്സിംഗ് ലിങ്ക് ഉണ്ട് അലാ.. ഇങ്ങനെയൊരു പാസ്ററ് ഉണ്ടെന്ന് ഡെയ്സി ഭാവിക്കാതിരിക്കുന്നുണ്ടെങ്കിൽ.. “
ചന്ദ്രകാന്ത് ചുറ്റും നോക്കി..
“ഒന്നുമില്ല… ഒരു ക്ലൂ പോലും ബാക്കി വെച്ചിട്ടില്ല..”
“ഇതൊക്കെ നീ എങ്ങനെ മനസ്സിലാക്കി..?”
“ഇവർ പഠിച്ചിരുന്നിടത്തു നിന്ന് പലരിൽ നിന്നുമായി കിട്ടിയ വിവരങ്ങൾ..എന്തായാലും ഡെയ്സിക്ക് ഈ ബൊക്കെയ്സ് അയക്കുന്നയാൾ ഇവിടുത്തെ ഏതോ ഫ്ലാറ്റിൽ ഉള്ളയാളാണെന്ന് ഞാൻ ഊഹിച്ചിരുന്നു..പക്ഷെ ഇത്രയും ഫ്ലാറ്റിലുള്ള ആളുകളെ നിരീക്ഷിക്കുന്നത് എളുപ്പമായിരുന്നില്ല.. എനിക്കൊരിക്കലും ശ്രീറാമിലേക്ക് എത്താൻ കഴിയുമായിരുന്നില്ല..അന്നത്തെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കിട്ടിയ ഒരു സീനിൽ ശ്രീറാമുമായി നേരിയ മുഖസാദൃശ്യമുള്ളയാളെ കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ..”
അലക്സിന്റെ കണ്ണുകൾ കട്ടിലിൽ തുറന്നു വെച്ചിരിക്കുന്ന ലാപ്പ് ടോപ്പിൽ എത്തി..
“പാസ്സ്‌വേർഡ് ലോക്ക്.. ഞാൻ നോക്കി..”
“ഡെയ്സി..?”
“ഇല്ലെടാ.. ആ പേരും ഞാൻ അടിച്ചു നോക്കി..”
ഒരു നിമിഷത്തെ തോന്നലിലാണ് അലക്സ് ആ കീപാഡിൽ വിരലുകൾ അമർത്തിയത്..
“ഡെയ്സി മൈ ലവ് “
സ്ക്രീൻ ഓപ്പൺ ആയതും അലക്സിന്റെ മനസ്സിൽ ഡെയ്സിയുടെ ഫോണിന്റെ പാസ്സ്‌വേർഡ് തെളിഞ്ഞു..
“അലക്സ് മൈ ലവ്”
വാളിൽ ഡെയ്സിയുടെ ചിത്രമായിരുന്നു.. അലക്സിനു പരിചയമില്ലാത്ത രൂപത്തിലും ഭാവത്തിലും.. നീണ്ടിടതൂർന്ന മുടി മെടഞ്ഞു മുന്നിലേക്കെടുത്തിട്ടിരിക്കുന്ന അവളുടെ നെറ്റിയിൽ കറുത്ത വട്ടപ്പൊട്ട് കുത്തിയിരുന്നു.. ആ ചിരി മാത്രം അലക്സിനു പരിചയമുണ്ടായിരുന്നു.. അപൂർവമായി മാത്രം ഉണ്ടാവുന്ന അലക്സിനു ഏറെ ഇഷ്ടമുള്ള അതേ ചിരി…
ലവ് എന്നെഴുതിയ ആദ്യം ഓപ്പൺ ചെയ്ത ഫോൾഡറിൽ നിറയെ അവളുടെ ചിത്രങ്ങളായിരുന്നു..
സന്തോഷം തുളുമ്പുന്ന മുഖഭാവമുള്ള പെൺകുട്ടി.. ആ വിടർന്ന കണ്ണുകളിൽ കുറുമ്പിനോടൊപ്പം പ്രണയവും അലക്സ് കണ്ടു.. പിന്നെ അവൾ പ്രണയിച്ചവനെയും..
ശ്രീറാം.. സുമുഖനായൊരു ചെറുപ്പക്കാരൻ.. ആ മുഖത്ത ശാന്തതയായിരുന്നു.. ഡെയ്സിയെ നോക്കുന്ന കണ്ണുകളിൽ പ്രണയവും..
അലക്സിനു തീരെ പരിചയമില്ലാത്തൊരു ഡെയ്സിയെ അയാൾ അറിയുകയായിരുന്നു.. അവരുടെ പ്രണയവും…ആ ഫോട്ടോസിലൂടെ.. അവരുടെ നിമിഷങ്ങളിലൂടെ..
നെഞ്ചിൽ കാണാത്തതെന്തോ എടുത്തു വെച്ചത് പോലെ തോന്നുന്നുണ്ടായിരുന്നു അയാൾക്ക്..
അടുത്ത ഫോൾഡറിൽ ഡെയ്സിയുടെ ചിത്രങ്ങൾ മാത്രമായിരുന്നു..അവളറിയാതെ എടുത്തത്..അവൾ വീണ്ടും ഈ നഗരത്തിലേക്ക് വന്നതിന് ശേഷമുള്ളത്.. രൂപത്തിലും ഭാവത്തിലുമൊക്കെ പ്രകടമായ മാറ്റം.. കണ്ടാലും പെട്ടെന്നൊരാൾക്കും തിരിച്ചറിയാൻ കഴിയാത്ത വിധം..
ഓഫീസിലും പുറത്തു ഫ്ലാറ്റിലുമെന്നു വേണ്ടാ അവൾ പോകുന്ന എല്ലായിടത്തും അവളറിയാതെ ശ്രീറാമിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നു ആ ചിത്രങ്ങൾ അലക്സിന് മനസ്സിലാക്കി കൊടുത്തു..
അടുത്ത് ഫോൾഡർ തുറന്നതും അലക്സും ചന്ദ്രകാന്തും ഒരുമിച്ച് ഞെട്ടി… അതിൽ അലക്സിന്റെ ബയോഡേറ്റ മുതൽ കുടുംബത്തിലെ ഓരോരുത്തരുടെയും ഫോട്ടോസ് ഉണ്ടായിരുന്നു.. ലെനയുടേത് ഉൾപ്പടെ..
പിന്നെയും ഓരോന്നിലും തിരഞ്ഞുകൊണ്ടിരിക്കെ യാദൃശ്ചികമായാണ് അവർ ആ വിഡിയോ കണ്ടത്..
“ഹോ…”
അലക്സ് പൊടുന്നനെയതിൽ നിന്നും കണ്ണുകൾ പിൻവലിച്ചു.. ഒരു മനുഷ്യനെ കെട്ടി തൂക്കിയിട്ട് ടോർച്ചർ ചെയ്യുന്ന വിഡിയോ…
“സുധീർ കൃഷ്ണൻ..ആദ്യത്തെ വിക്ടിം..”
ചന്ദ്രകാന്തിന്റെ ശബ്ദം മുറുകിയിരുന്നു..
ആറ് വിഡിയോസ് ഉണ്ടായിരുന്നു..
“ഹി ഈസ് എ സൈക്കോ.. ഇങ്ങനെയൊക്കെ ആളുകളെ ടോർച്ചർ ചെയ്യാൻ പറ്റണമെങ്കിൽ..”
ചന്ദ്രകാന്ത് പിറുപിറുത്തു..
“വെയിറ്റ്..”
അലക്സ് അടുത്ത ഫോൾഡറിൽ തിരയുന്നതിനിടെയാണ് ചന്ദ്രകാന്ത് പറഞ്ഞത്..
“ആ ബിൽഡിങ്‌സ്….യെസ്.. വിക്ടിംസിന്റെ ബോഡി ഡിസ്പ്ലേ ചെയ്ത അതേ ബിൽഡിങ്ങിസ്..”
ആറെണ്ണം കൂടാതെ ഒന്ന് കൂടെ ഉണ്ടായിരുന്നു അതിൽ…
“ഓ മൈ ഗോഡ്… ദാറ്റ് മീൻസ്… “
ചന്ദ്രകാന്ത് പറഞ്ഞുകൊണ്ട് ഫോൺ വലിച്ചെടുത്തു..ആർക്കൊക്കെയോ എന്തൊക്കെയോ നിർദേശങ്ങൾ കൊടുക്കുന്നത് അലക്സ് കെട്ടു…
“അലാ. ഐ ഹാവ് ടു ഗോ…”
ലാപ്ടോപ് എടുത്തു അടച്ചു കൊണ്ടു പുറത്തേക്ക് ഓടുന്നതിനിടെ ചന്ദ്രകാന്ത് വിളിച്ചു പറഞ്ഞു..
“സ്റ്റേ വിത്ത് ഡെയ്സി..”
ചുറ്റും ഒന്ന് നോക്കി അലക്സ് പുറത്തേക്ക് നടന്നു..ഡെയ്സിയുടെ ഫ്ലാറ്റിലെ വാതിൽ തുറക്കാൻ ശ്രെമിച്ചതും അയാളൊന്നു ഞെട്ടി.. വാതിൽ ലോക്ക് ചെയ്തിരുന്നില്ല..
വെപ്രാളത്തോടെ ഉള്ളിലേക്ക് കയറി അയാൾ ബെഡ്റൂമിലേക്ക് ഓടി.. ഡെയ്സി അവിടെ ഉണ്ടായിരുന്നില്ല… ഫ്ലാറ്റിൽ എവിടെയും..
കിതച്ചുകൊണ്ടയാൾ ഫോൺ കയ്യിലെടുത്തതും അത് ശബ്ദിച്ചു..
പരിചയമില്ലാത്തൊരു നമ്പർ..
“ഹലോ..”
ഒരു നിമിഷം കഴിഞ്ഞാണ് മുഴക്കമുള്ള ആ ശബ്ദം കേട്ടത്…
“അലക്സ്.. ഇട്സ് മി ശ്രീറാം…”
“ഡെയ്സി.. ഡെയ്സി എവിടെ..?”
“ഹേയ് കാം ഡൌൺ അലക്സ്.. ഷീ ഈസ് വിത്ത് മി.. അലക്സ് ഞാൻ പറയുന്നിടത്ത് വന്നാൽ അവളെ കൊണ്ടുപോകാം..”
“എന്നാ നിനക്ക് വേണ്ടേ.. എന്നാത്തിനാ നീയിങ്ങനെ..?”
“കൂൾ അലക്സ്.. ഷീ ഈസ് സേഫ്.. അലക്സുമായി ഒരു കൂടിക്കാഴ്ച്ച ഞാൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഇങ്ങനെയൊരു സാഹചര്യത്തിലായിരുന്നില്ല.. പക്ഷെ ഇനിയെനിക്ക് സമയമില്ല.. സൊ..”
ആ ശബ്ദം ഒന്ന് കൂടെ കനത്തു…
“അലക്സ് ഞാൻ പറയുന്ന സ്ഥലത്തെത്തണം…വിത്ത് ഇൻ ട്വന്റി മിനുട്സ്… പിന്നെ ആ എ സി പി യെ വിളിക്കണ്ടാ.. പുള്ളിക്കാരൻ ലാപ്പിൽ കണ്ട ആ പാലത്തിനടുത്തുള്ള ബിൽഡിങ്ങിൽ കൊണ്ടുപിടിച്ച തിരച്ചിലിലാണ്…”
എത്തേണ്ട സ്ഥലം പറഞ്ഞിട്ട് അലക്സിനു തിരിച്ചെന്തെങ്കിലും പറയാനാവുന്നതിനു മുൻപേ കാൾ കട്ടായിരുന്നു..
നഗരത്തിൽ നിന്നു തെല്ലകലെ ആ പുഴക്കരയിലെ ഇടിഞ്ഞു പൊളിയാറായ കെട്ടിടത്തിനു മുൻപിൽ വണ്ടി നിർത്തുമ്പോൾ അലക്സിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു…
ഡെയ്സിയുടെ മുഖമോർത്തു കൊണ്ടാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പടികൾ കയറിയത്..ഉള്ളിലെങ്ങും ആളനക്കമുള്ളതായി തോന്നിയില്ല…
പടികൾക്ക് മുകളിലായി ആ നിഴലാണ് ആദ്യം പ്രത്യക്ഷമായത്.. പിന്നെ അയാളും….
ആ കരുവാളിച്ച മുഖത്തെ,പരുക്കൻ ഭാവവും,പറ്റെ വെട്ടിയ മുടിയും കുറ്റിത്താടിയും.. ഫോട്ടോയിൽ കണ്ട ചെറുപ്പക്കാരന്റെ വിദൂരഛായയെ അയാൾക്ക് ഉണ്ടായിരുന്നുള്ളൂ..
“അലക്സ്..”
ആ നിശബ്ദതയിൽ അയാളുടെ പരുക്കൻ ശബ്ദം മുഴങ്ങി..
“ഡെയ്സി.. അവൾ.. അവളെവിടെ..?”
“പറഞ്ഞില്ലേ അലക്സ്.. ഷീ ഈസ് സേഫ്.. ശാന്തമായി ഉറങ്ങുന്നു അലക്സിന്റെ ഫ്ലാറ്റിൽ.. “
നേർത്തൊരു ചിരിയോടെ അയാൾ പറഞ്ഞു..
“വാട്ട് .?”
അലക്സ് ചുറ്റും നോക്കി…
അവസാനഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….