റെഡ് റോസസ്സ് ~ അവസാനഭാഗം, രചന: സൂര്യകാന്തി

“ഞാനെന്തിനാണ് അലക്സിനോട് വരാൻ പറഞ്ഞതെന്നല്ലേ.. ഐ വാണ്ട്‌ ടു ടോക്ക് ടു യു.. ഇങ്ങനൊരു അറ്റ്മോസ്ഫിയർ ആയിരുന്നില്ല ഞാൻ പ്ലാൻ ചെയ്തത്.. പക്ഷെ തന്റെ എസിപി, ഹി ഈസ്‌ ടൂ സ്മാർട്ട്.. എന്റെ പ്ലാനുകളെല്ലാം പൊളിച്ചടുക്കി.. പക്ഷെ..”

അയാൾ ചിരിച്ചു..

“പക്ഷെ ചന്ദ്രകാന്തിനു തെറ്റി..അയാൾ ആ പിക്ക് കണ്ടതും പാലത്തിനടുത്തുള്ള ആ ബിൽഡിങ്ങിലേക്ക് പോയി..എന്റെ ഫൈനൽ ഡെസ്റ്റിനേഷൻ.. അത് ഇവിടെയായിരുന്നു..”

അയാൾ ചുറ്റുമൊന്നു നോക്കി.. ആ മുഖം മുറുകുന്നത് നേർത്ത വെളിച്ചത്തിലും അലക്സ്‌ കണ്ടു..

“അലക്സിനു അറിയാത്ത, തീരെ പരിചയമില്ലാത്ത, ഒരു ഡെയ്സി ഉണ്ടായിരുന്നു.. ആരും ഇഷ്ടപ്പെട്ടു പോവുന്നവൾ… അവളെ പറ്റിയാണ് എനിക്ക് പറയാനുള്ളത്,എന്നെപ്പറ്റി.. ഞങ്ങളുടെ പ്രണയത്തെ പറ്റി…”

അലക്സ്‌ കേൾക്കുകയായിരുന്നു.. അറിയുകയായിരുന്നു ആ പ്രണയം അയാളുടെ വാക്കുകളിലൂടെ…

*****************

“കാട്ടുമാക്കാൻ.. മുഖത്തേക്ക് ഒന്ന് നോക്കിയാലെന്താ, ഒന്നുല്ലേലും ഒരേ ക്ലാസ്സിൽ പഠിക്കുന്നതല്ലേ..”

കോളേജ് വരാന്തയിലൂടെ അവരെ കടന്നുപോയ, ശ്രീറാമിനെ നോക്കി ഡെയ്സി കൂടെയുള്ളവരോട് പിറുപിറുക്കുന്നത് അവനും കേട്ടിരുന്നു..കൂട്ടുകാരികൾക്കൊപ്പം കലപില കൂട്ടി നടന്നു പോയ,അവളെ തിരിഞ്ഞു നോക്കിയ അവന്റെ ചുണ്ടിലൊരു ചെറുചിരി തെളിഞ്ഞിരുന്നു..

ക്ലാസ്സിൽ വെച്ച് കണ്ട നാൾ മുതൽ ഡെയ്സി പിറകെ നടക്കുന്നതാണ്….ശ്രീറാമിന്റെ സൗഹൃദത്തിനായി..അനാഥാലയത്തിൽ നിന്നും പകർന്നു കിട്ടിയ അപകർഷതാബോധത്തിന്റെ പിടിയിലായിരുന്നു അപ്പോഴും..

ഡെയ്സി..എല്ലാവരോടും ഫ്രണ്ട്‌ലിയായി പെരുമാറുന്ന പെൺകുട്ടി.. എപ്പോഴും മുഖത്ത് ആ ചിരി ഉണ്ടാവും.. എപ്പോഴൊക്കെയോ അവളെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു.. പക്ഷെ അപ്പോഴും കൂടുതലൊന്നും സംസാരിക്കാൻ തോന്നിയില്ല..പേടിയായിരുന്നു.. തന്റേത് മാത്രമായ ലോകത്തിൽ മറ്റൊരാൾ എത്തി നോക്കുന്നത് പോലും..

അന്ന്,കയ്യിലെ പുസ്തകം മറിച്ചു നോക്കി, പടികൾ ഇറങ്ങുന്നതിനിടെയായിരുന്നു, കൈ നിറയെ ഫയലുകളുമായി പടികൾ കയറാൻ തുടങ്ങുന്നവളെ കണ്ടത്. അടുത്ത് നിമിഷം ഫയലുകൾ ചിതറി വീണതിനൊപ്പം ആളും കാലിടറി താഴെ വീണിരുന്നു.. ആദ്യമൊന്ന് ഞെട്ടി ധൃതിയിൽ പടികൾ ഇറങ്ങിയെങ്കിലും വീർപ്പിച്ച മുഖം കണ്ടു,പരുക്കൊന്നുമില്ലെന്ന് മനസ്സിലായത്..ചിരിയടക്കി, അവളെ ശ്രെദ്ധിക്കാതെ നടക്കാൻ തുടങ്ങുമ്പോഴാണ് കേട്ടത്..

“ഡോ..”

ശ്രീറാം തിരിഞ്ഞു നോക്കി..

“ഒരാൾ വീണത് കണ്ടാൽ പോലും തിരിഞ്ഞു നോക്കരുത് .. പിടിക്കെടോ..”

ചെറു ചിരിയോടെയാണ് തനിക്ക് നേരെ നീട്ടിയ കയ്യിൽ പിടിച്ചത്.. പക്ഷെ അടുത്ത നിമിഷം താൻ താഴെയായിരുന്നു. അവൾ പിടിച്ചു വലിച്ചിട്ടത്..കയ്യിലെ പൊടി തട്ടി ഫയലുകൾ പെറുക്കിയെടുക്കുമ്പോൾ അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു..

“കളിയാക്കിയാൽ ഇങ്ങനെയിരിക്കും.”

അവൾ പടികൾ കയറാൻ തുടങ്ങുമ്പോഴാണ് ഷാളിൽ പിടുത്തം വീണത്.. ആലോചിക്കും മുൻപേയവൾ ശ്രീറാമിന്റെ നെഞ്ചിൽ തട്ടി നിന്നിരുന്നു..അപ്പോഴേക്കും ആ അധരങ്ങൾ അവളിൽ ചേർന്നിരുന്നു..

നിമിഷങ്ങൾക്കൊടുവിൽ കണ്ണും മിഴിച്ചു നിന്ന, അവളെ നോക്കാതെ നടന്നകലുമ്പോൾ ഉള്ളിലാശങ്കയായിരുന്നു..എങ്ങനെ ധൈര്യം വന്നെന്ന് അറിയില്ല.. ആ കുറുമ്പ് കണ്ടപ്പോൾ ചെയ്തു പോയതാണ്..

പക്ഷെ ആരോടും അവളൊന്നും പറഞ്ഞില്ല.. അതിൽ പിന്നെ തന്നെ കളിയാക്കുന്നതവൾ നിർത്തിയിരുന്നു..പതിയെ തന്റെ നേർക്കെത്തുന്ന പാളി നോട്ടങ്ങൾ പുഞ്ചിരിയായി മാറിയിരുന്നു .. താനും ആ മനസ്സിൽ എന്നേ കയറിപ്പറ്റിയിരുന്നുവെന്നവൾ പറഞ്ഞത് പിന്നീടായിരുന്നു..

പ്രണയകാലമായിരുന്നു.. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്..ഡെയ്സിയുടെ പപ്പയ്ക്കും മമ്മയ്ക്കുമൊപ്പം അങ്കിലിനും ആന്റിയ്ക്കുമൊക്കെ ശ്രീറാം പ്രിയപ്പെട്ടവനായി മാറി..

“അന്ന്.. ആ നശിച്ച ദിവസം..”

ശ്രീറാമിന്റെ പരുക്കൻ ശബ്ദം വീണ്ടുമുയർന്നു..

“ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ്,ജെന്നിഫറിന്റെ വിവാഹം ഉറപ്പിച്ചതിലുള്ള പാർട്ടിയായിരുന്നു അന്ന്..അവരുടെ റിസോർട്ടിൽ.. ഇവിടെ.. ഇതേ സ്ഥലം..”

ശ്രീറാമിന്റെ മുഖം വീണ്ടുമിരുണ്ടു…

“ജെന്നിഫറിന്റെ ക്ലാസ്സ് മേറ്റ്സിനും , അവളുടെ ചേട്ടന്റെ ഫ്രണ്ട്സിനും മാത്രം…ഡെയ്സിയുടെ കാറിലായിരുന്നു ഞാനും അവളും വന്നത്. പാർട്ടി കഴിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.. ഇറങ്ങാൻ തുടങ്ങിയപ്പോൾ ഞങ്ങളുടെ കാറിനു എന്തോ ഒരു പ്രശ്നം.. ജെന്നിഫറിന്റെ ചേട്ടനാണ് അയാളുടെ ഒരു ഫ്രണ്ട് ഞങ്ങളുടെ സ്ഥലത്തേയ്ക്കാണെന്നും അയാൾ ഡ്രോപ്പ് ചെയ്യുമെന്നും പറഞ്ഞത് .. കൂടെയുള്ളവരെല്ലാം പോയിട്ടും ഞങ്ങൾ അവിടെ സംസാരിച്ചിരുന്നു..സമയം പൊയ്ക്കൊണ്ടേയിരുന്നു..ഒടുവിൽ ഞങ്ങൾ ചെന്നു നോക്കുമ്പോൾ അവരെല്ലാം മദ്യലഹരിയിലായിരുന്നു.. അവിടെ.. അവിടെ വെച്ച്…”

ശ്രീറാമിന്റെ ശബ്ദം വിറച്ചു…

“അവർ.. അവരവളെ.. ഡെയ്സിയെ… എന്റെ മുൻപിൽ വെച്ച്.. മാറിമാറി…”

ശ്രീറാം പടികളിൽ ഇരുന്നിരുന്നു

ശ്രീറാമിന്റെ കണ്ണുകളിലെ തിളക്കം നീർതുള്ളികളുടേതാണെന്ന് അലക്സ്‌ അറിഞ്ഞു.. അയാളുടെ ശരീരത്തിലൂടെ ഒരു തരിപ്പ് കടന്ന് പോയി.. കണ്ണുകളിൽ ഡെയ്സിയുടെ ആ ചിരിയായിരുന്നു..

“അത്രയും പേർക്കിടയിൽ ഞാൻ.. ഞാൻ തോറ്റു പോയി അലക്സ്‌.. പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…”

ശ്രീറാം ഇരുകൈകൾ കൊണ്ടും മുഖം പൊത്തി..അയാൾ കരയുകയാണെന്ന് അലക്സിനു അറിയാമായിരുന്നു..

“ബോധം മറയുമ്പോഴും അവളുടെ നിലവിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു.. ആ നിമിഷത്തിൽ അവൾ മരിച്ചുപോയെങ്കിലെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു അലക്സ്‌…”

അലക്സിന്റെ കണ്ണുകൾ നിറഞ്ഞു..

“ബോധം വരുമ്പോൾ തമിഴ്നാട് അതിർത്തിയിലെവിടെയോ ആയിരുന്നു.. ഒന്നെഴുന്നേൽക്കാൻ പോലും കഴിയാതെ..”

ഒന്ന് നിർത്തി എന്തോ ഓർത്തെന്നത് പോലെ ശ്രീറാം തുടർന്നു..

“നടക്കാറായപ്പോൾ ഞാനവളെ അന്വേഷിച്ചെത്തി.. എനിക്ക് കണ്ടെത്താനാവാത്തിടത്തേയ്ക്ക് മാഞ്ഞു പോയവളെ തേടിയലഞ്ഞു.. ഒടുവിൽ ജോസഫ് അങ്കിൾ അവർക്കായി ഒരുക്കിയ ഒളിയിടം ഞാൻ കണ്ടെത്തി.. പക്ഷെ…”

ശ്രീറാം കിതച്ചു..

“അവൾ.. അവൾ എന്റെ ഡെയ്സിയായിരുന്നില്ല .. രൂപത്തിലും ഭാവത്തിലും തികച്ചും മറ്റൊരുവൾ “

അലക്സ്‌ ശ്രീറാമിനെ തന്നെ നോക്കി നിന്നു

“അന്ന് പുലർച്ചെ നാട്ടിലേക്ക് പോവുകയായിരുന്നു ജോസഫ് അങ്കിളും ഭാര്യയും.. പെരുമഴയത്ത്,റോഡരികിൽ ആരോ കിടക്കുന്നത് കണ്ടിട്ടും ആദ്യം നിർത്താതെ പോയെങ്കിലും, ഇത്തിരി ചെന്നപ്പോൾ വീണ്ടുമവർ തിരിച്ചു വന്നു.. അവർ ആ മഴയത്ത്,റോഡരികിൽ പൂർണ്ണനഗ്നയായി അവർ കണ്ടത് അവളെയായിരുന്നു… ഡെയ്സിയെ.. അവരുടെ ഡെയ്സിയെ..”

“ആരെയും ഒന്നുമറിയിച്ചില്ലവർ.. ഡെയ്സിയുടെ കൂടെയുണ്ടായിരുന്ന എന്നെപ്പറ്റി ഒരു വിവരവുമില്ല..സംസാരിക്കാൻ പോലും കഴിയാത്തൊരവസ്ഥയിലായിരുന്നു ഡെയ്സി.. ജോസഫ് അങ്കിൾ അവരെ ഇവിടെ നിന്നും കൊണ്ടു പോയി..”

അലക്സ്‌ അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു..

“പതിയെ ഡെയ്സിയുടെ ശാരീരികാവസ്ഥ മെച്ചപ്പെട്ടെങ്കിലും,മാനസിക നില അപ്പോഴും പൂർവസ്ഥിതിയിൽ ആയിരുന്നില്ല.. തനിക്ക് സംഭവിച്ചതൊന്നും ഉൾക്കൊള്ളാൻ അവൾക്കായില്ല.യാഥാർഥ്യം മനസ്സിലാക്കാനോ അതിനോട് പൊരുത്തപ്പെടാനോ അവൾ തയ്യാറായില്ല.. ട്രോമയിലൂടെ കടന്ന് പോവുന്ന ചിലർക്ക് ചിലപ്പോൾ അങ്ങനെയും സംഭവിക്കാം..”

ശ്രീറാം മുഖം അമർത്തി തുടച്ചു..

“അവളുടെ ആ മാനസികാവസ്ഥയിൽ തുടരുന്നത് അപകടമാണെന്ന് ജോസഫ് അങ്കിളിന് അറിയാമായിരുന്നു.. അദ്ദേഹം അവളെ സെലക്റ്റീവ് മെമ്മറി ഇറേസലിന് വിധേയയാക്കി.. ഒരാളുടെ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിലെ ഓർമ്മകൾ അയാളുടെ ബോധമനസ്സിൽ നിന്നും ഇല്ലാതാക്കുന്ന തെറാപ്പി.. ഇസിടി തെറാപ്പിയുൾപ്പടെയുള്ള തെറാപ്പികളിലൂടെ അവളുടെ മനസ്സിലെ ഒരു കാലഘട്ടം അദ്ദേഹം ഇല്ലാതെയാക്കി..”

അലക്സ്‌ അറിയാതെ തന്നെ മുന്നോട്ട് ചുവടുകൾ വെച്ചു പോയിരുന്നു….

“താനൊരു മെഡിക്കൽ സ്റ്റുഡന്റ് ആയിരുന്നുവെന്ന് ഡെയ്സിക്ക് ഓർമ്മയില്ല.. ഒരിക്കൽ അതി ക്രൂ രമായ ഗ്യാങ് റേ പ്പിന് വിധേയയായവളാണെന്നും അവൾക്കോർമ്മയില്ല…പിന്നെ…”

ശ്രീറാമിന്റെ ശബ്ദം മന്ത്രണം പോലെയായിരുന്നു..

“എന്റെ പ്രണയമായിരുന്നുവെന്നും..”

“ജോസഫ് അങ്കിൾ എന്നോട് പറയാതെ പറഞ്ഞത് അവളുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോവാനായിരുന്നു…”

ശ്രീറാം ശബ്ദമില്ലാതെ ചിരിച്ചു..

“അവൾക്ക് ഇനിയൊരിക്കലും ആ ഓർമ്മകൾ തിരിച്ചുകിട്ടിയേക്കില്ല.. ആ സമയത്തെ ആളുകൾ , കാഴ്ചകൾ, ഒന്നും അവളുടെ കണ്മുന്നിൽ വന്നാലും അവൾ തിരിച്ചറിയില്ല.. പക്ഷെ അതൊക്കെ അവളുടെ മനസ്സിനെ അസ്വസ്ഥമാക്കും.. ഇനിയൊരു ട്രോമയിലേക്ക് അവൾ തിരിച്ചു പോവാതിരിക്കാനാണ് അദ്ദേഹം അവളെ അവിടെ തന്നെ പിടിച്ചു നിർത്തിയത്…”

“അവളുടെ കണ്മുന്നിൽ പോവാതെ ഒളിച്ചു നിന്നാണ് ഞാനവളെ കണ്ടത്.. പക്ഷെ എന്നെ അറിയാത്ത അവൾ എന്റെ പഴയ ഡെയ്സി ആയിരുന്നില്ല..”

ശ്രീറാം എഴുന്നേറ്റു…

“അലക്സനറിയുമോ, ഒരിക്കൽ പ്രാണനെ പോലെ സ്നേഹിച്ചയാളുടെ അപരിചിതത്വത്തോടെയുള്ള നോട്ടം തരുന്ന വേദന.. ഞാൻ തിരികെ വന്നു ഇങ്ങോട്ട്..”

അയാളുടെ മുഖം വീണ്ടും മുറുകി..

“ഇവിടെ.. ഇവിടെ.. ഞങ്ങളുടെ ജീവിതം തകർത്തവർ സുഖമായി കഴിയുകയായിരുന്നു ഒന്നുമറിയാത്തവരെപോലെ…”

അയാൾ ചിരിച്ചു..

“ഞാൻ അവരുടെ സ്വസ്ഥമായ ജീവിതങ്ങളിലേക്ക് കയറിച്ചെന്നു.. ജോലികളിൽ, ബിസിനസ് ഡീലുകളിൽ, ദാമ്പത്യത്തിൽ, അസ്വസ്ഥതകൾ സമ്മാനിച്ചു.. കാല് വെന്ത നായകളെപ്പോലെ അവന്മാർ ഓടിപ്പാഞ്ഞു നടക്കുമ്പോൾ അത് കണ്ടു ഞാൻ പൊട്ടിച്ചിരിക്കുകയായിരുന്നു..”

ശ്രീറാം അട്ടഹസിച്ചു.. അയാൾ അതുവരെ കണ്ട ആളായിരുന്നില്ല..

“പിന്നെ ശ്രീറാം എന്നാത്തിനാ ഡെയ്സിക്ക് ആ ബോക്കേകൾ അയച്ചത്…?”

അലക്സിന്റെ ശബ്ദം ശാന്തമായിരുന്നു…ശ്രീറാമിന്റെ മുഖത്തപ്പോൾ തെറ്റ്‌ ചെയ്ത കുട്ടിയുടെ ഭാവമായിരുന്നു..

“അത്.. അതെന്റെ സ്വാർത്ഥതയായിരുന്നു.. അവർക്ക് ഞാൻ കൊടുത്ത ശിക്ഷകൾ.. ഒരുപക്ഷെ ഈ ജന്മം അവളത് തിരിച്ചറിയില്ലായിരിക്കും.. എന്നാലും ഞാൻ അവൾക്ക് വേണ്ടി ഇത്രയെങ്കിലും…”

അയാൾ പൂർത്തിയാക്കിയില്ല…

“ശ്രീറാം എന്താണ് അവരെയൊക്കെ അന്നേ അവസാനിപ്പിക്കാതിരുന്നത്.. എന്തിനാ ഇത്രയും കാലം കാത്തിരുന്നത്..?”

ചോദ്യം അലക്സിന്റെ പിന്നിൽ നിന്നായിരുന്നു.. ചന്ദ്രകാന്തിനെ കണ്ടു അലക്സ്‌ ഞെട്ടിയെങ്കിലും ശ്രീറാമിന്റെ മുഖത്ത് ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല…

“വെൽക്കം മിസ്റ്റർ എസിപി.. ഞാൻ കുറച്ചുകൂടെ നേരത്തേ പ്രതീക്ഷിച്ചു..”

കൈകൾ പിറകിൽ കെട്ടികൊണ്ട് ചിരിയോടെ ശ്രീറാം പറഞ്ഞു..

“ഇനി താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം..അവർക്കെതിരെയുള്ള എല്ലാ പ്ലാനുകളും ഫൈനൽ സ്റ്റേജിൽ എത്തിയപ്പോഴായിരുന്നു ഡെയ്സിയുടെയും ഫാമിലിയുടെയും ആക്‌സിഡന്റ്.. അവൾ തനിച്ചായിപ്പോയത്..അവളറിയാതെ അവളുടെ കൂടെത്തന്നെ ഉണ്ടായിരുന്നു ഞാൻ… നിഴലുപോലെ.. ശ്രെമിച്ചെങ്കിലും, അവൾ തിരിച്ചിങ്ങോട്ട് വരുന്നത് തടയാൻ എനിക്കായില്ല.. അവൾ പോവുന്നിടത്തൊക്കെ ഞാനും ഉണ്ടായിരുന്നു..ഡെയ്സി അലക്സുമായി പ്രണയത്തിലായപ്പോൾ ഏറ്റവും സന്തോഷിച്ചത് ഞാനായിരുന്നു..”

ശ്രീറാം അലക്സിനെ നോക്കി..

“ചന്ദ്രകാന്ത് സാർ, പറയാതിരിക്കാൻ വയ്യ, യു ആർ സ്മാർട്ട്‌..വൈകിപ്പോയെങ്കിലും എന്നെ നിങ്ങൾ കണ്ടുപിടിച്ചു കളഞ്ഞു..”

ചന്ദ്രകാന്ത് ചിരിയോടെ അലക്സിനെ കടന്ന് മുൻപോട്ട് ചുവടുകൾ വെച്ചു.. അയാളുടെ കയ്യിലെ റിവോൾവർ അപ്പോഴാണ് അലക്സ്‌ കണ്ടത്…

അലക്സിന് അപ്പോൾ ശ്രീറാമും പ്രിയപ്പെട്ടവനായിരുന്നു…

“ഞാൻ തീർത്തും വൈകിയിട്ടില്ല ശ്രീറാം.. ഒരാൾ കൂടെ നിങ്ങളുടെ ലിസ്റ്റിൽ പെൻഡിങാണ്.. ദി മെയിൻ വില്ലൻ.. ജെന്നിഫറിന്റെ സഹോദരൻ..ലിജോ..

ചന്ദ്രകാന്തിന്റെ വാക്കുകൾ കേട്ടതും ശ്രീറാം പൊട്ടിച്ചിരിച്ചു..

“പ്രതികാരം ചെയ്യാൻ ഒരുത്തൻ തുനിഞ്ഞിറങ്ങിയാൽ ആർക്കും തടയാനാവില്ല എസിപി സാറേ..”

തെല്ല് പരിഹാസത്തോടെ പറഞ്ഞുകൊണ്ട് ശ്രീറാം മിഴികളുയർത്തി …

അവിടേക്ക് നോക്കിയ അലക്സ്‌ കണ്ടു മുകളിൽ തൂങ്ങിയാടുന്ന വികൃതമാക്കപ്പെട്ട ശവശരീരം…ലിജോ ജോർജ്..

“സാറിന്റെ സംരക്ഷണയിൽ ഉള്ളവനെ ഞാനിങ്ങു പൊക്കി…”

“യു….”

“നഗരത്തെ വിറപ്പിച്ച സീരിയൽ കില്ലർ പോലീസ് എൻകൌണ്ടറിൽ വെടിയേറ്റ് മരിച്ചു.. എസിപി ചന്ദ്രകാന്താണ് അക്രമാസക്തനായ പ്രതിയെ വെടിവെച്ചിട്ടത്..”

ശ്രീറാം ചിരിച്ചു കൊണ്ടു തന്നെയാണ് പറഞ്ഞത്…

ചന്ദ്രകാന്ത് ശ്രീറാമിന് നേരെ കുതിച്ച നിമിഷത്തിൽ,കൈകൾ മുന്നോട്ടാക്കിയ ശ്രീറാമിന്റെ വലം കയ്യിലൊരു റിവോൾവർ പ്രത്യക്ഷമായിരുന്നു…

“ശ്രീറാം.. നോ…”

അലക്സ്‌ അയാൾക്ക് നേരെ കൈകൾ നീട്ടി…

“ഡെയ്സിയെ വേദനിപ്പിക്കരുത്.. പാവമാ…”

അപ്പോഴേക്കും ശ്രീറാമിന്റെ കയ്യിലെ റിവോൾവർ വെടിയുതിർത്തിരുന്നു..ചോര തെറിയ്ക്കുന്നത് അലക്സ്‌ കണ്ടു…

“അല.. ക്സ്.. ടേ.. ടേക്ക് .. കെയർ ഓ…”

ശ്രീറാമിന്റെ കയ്യിലെ റിവോൾവർ തെറിച്ചു പോയിരുന്നു.. അയാൾ പടികളിലേക്ക് വീഴുന്നതും ആ നെറ്റിയിലൂടെ ഒഴുകിയിറങ്ങുന്ന രക്തവും അലക്സ്‌ കണ്ടു…

വീണ്ടും നോക്കാതെ, ഒന്നും പറയാതെ തിരിഞ്ഞു നടക്കുമ്പോൾ അലക്സിന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു.. ചന്ദ്രകാന്ത് ഫോണിൽ ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു.. അലക്സ്‌ സ്വപനത്തിലെന്നത് പോലെ പുറത്തേക്ക് നടന്നു..

കാറിന്റെ ഡോർ തുറന്നതും കയറിയതുമൊക്കെ യാന്ത്രികമായായിരുന്നു.. ഏറെ നേരം സ്റ്റിയറിങ്ങിൽ തലചായ്ച്ചയാൾ കിടന്നു..

ചുമലിൽ നേർത്ത സ്പർശമേറ്റപ്പോഴാണ് അയാൾ മുഖമുയർത്തിയത്..

“അലാ.. ആർ യു ആൾറൈറ്…?”

ഒരു നിമിഷം അയാൾ ചന്ദ്രകാന്തിനെ നോക്കി നിന്നു.. പിന്നെ പതിയെ തലയാട്ടി…

“ഡെയ്സി.. അവൾ.. അവളുണർന്നിട്ടുണ്ടാവും.. എന്നെ അന്വേഷിക്കും…”

വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ ചന്ദ്രകാന്ത് പറയുന്നതൊന്നും അയാൾ കേട്ടില്ല.. ഡ്രൈവ് ചെയ്യുന്നതിനിടയിൽ പലവട്ടം അയാൾ മിഴികൾ തുടയ്ക്കുന്നുണ്ടായിരുന്നു..

അലക്സ്‌ ലിഫ്റ്റിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് ഡെയ്സിയുടെ ഫ്ലാറ്റിന്റെ മുന്നിൽ നിൽക്കുന്നയാളെ കണ്ടത്.. അയാളുടെ കയ്യിൽ.. റെഡ് റോസസ്സ്… കോളിങ്ങ് ബെൽ അടിക്കുകയായിരുന്നു അയാൾ..

ഒറ്റക്കുതിപ്പിനാണ് അലക്സ്‌ അയാൾക്കരികിൽ എത്തിയത്.. തന്റെ കോളറിൽ പിടിച്ചു ആക്രോശിക്കുന്ന അലക്സിനെ അയാൾ കണ്ണ് മിഴിച്ചു നോക്കി…

“സാ.. സാർ.. ഡെയ്സി മാഡം..”

“ഹു ആർ യു..?”

“ഫ്ലവർ ഷോപ്പിൽ നിന്നാണ്.. ഇത്‌ ഇവിടെ ഡെലിവർ ചെയ്യാൻ ഇന്നലെ ഓർഡർ കിട്ടിയിരുന്നു …”

“ആരാണ് ഓർഡർ തന്നത്…?”

“അതറിയില്ല സാർ.. ഒരു ചെറുപ്പക്കാരനായിരുന്നു..”

അലക്സ് ബൊക്കെയ്ക്ക് കൈ നീട്ടി.. അയാൾ സംശയത്തോടെ അലക്സിനെ നോക്കി..

“സാർ.. ഡെയ്സി മാഡം…”

“ഞാൻ.. ഞാനവരുടെ ഭർത്താവാണ്…”

അയാൾ സംശയത്തൊടെ ചുറ്റുമൊന്നു നോക്കി.. പിന്നെ ആ ബൊക്കെ അലക്സിന്റെ കയ്യിൽ കൊടുത്തു.. ലിഫ്റ്റിന് അടുത്തേക്ക് നടക്കുമ്പോൾ അയാൾ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

അലക്സ്‌ തന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു ബെഡ് റൂമിൽ എത്തിയപ്പോഴും ഡെയ്സി കിടക്കുകയായിരുന്നു. കട്ടിലിൽ ഇരുന്നു അയാൾ പതിയെ അവളുടെ മുടിയിഴകളിൽ തഴുകി…ഡെയ്സിയുടെ മിഴികൾ ഇളകി… പിന്നെയത് പാതി തുറന്നു.. അലക്സിനെ നോക്കി അവൾ പുഞ്ചിരിച്ചു..ചുറ്റും നോക്കി…

“എങ്ങിനെ ഇവിടെത്തി…?”

അലക്സ്‌ അവളെ നോക്കി കണ്ണിറുക്കി…

ഡെയ്സി അയാളുടെ കഴുത്തിലൂടെ കൈകൾ ചുറ്റി തന്നിലേക്ക് ചേർത്തു.…

അലക്സിന്റെ ഉള്ളിൽ,അപ്പോൾ തെളിഞ്ഞത് അയാളുടെ മുഖമായിരുന്നു.. ശ്രീറാം വസുദേവിന്റെ… അയാളുടെ അവസാന വാക്കുകൾ… അലക്സ്‌ അവളെ മുറുകെ പിടിച്ചു…

അപ്പോഴും അലക്സിന്റെ, അടച്ചിട്ട ചുമരലമാരയിൽ ഭദ്രമായി വെച്ച,,ചുവന്ന റോസാപ്പൂക്കൾ കൊണ്ടുള്ള ആ ബൊക്കെയിലെ വെളുത്ത സ്റ്റിക്കറിലെ അക്ഷരങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു…

ഫിനിഷ്ഡ്…

തിരക്കിട്ടു എഴുതിയതാണ്..ചെറുകഥയിൽ ഒതുക്കാൻ നോക്കിയിട്ട് എട്ടിന്റെ പണി കിട്ടിയതാണ്

Selective memory erasure /suppression Ect കടപ്പാട് ഗൂഗിൾ