മൈഥിലി
രചന: Vaiga Lekshmi
ഇന്ന് ഈ ചെയ്തത് ഓർത്തു ഒരിക്കൽ ദേവേട്ടൻ വിഷമിക്കും… അപ്പോൾ ഈ വിളി കേൾക്കാൻ മൈഥിലി ഉണ്ടായി എന്ന് വരില്ല… തെറ്റ് ചെയ്തില്ല എന്ന് ഞാൻ പറയില്ല… പക്ഷേ ഒരായിരം തവണ ഞാൻ നിങ്ങളോട് മാപ്പ് പറഞ്ഞു.. അപ്പോൾ സ്വന്തം ആദർശങ്ങൾ വലുത്.. കണ്ണ് അടച്ചു ഇരുട്ടാക്കിയാൽ നിങ്ങൾക്ക് മാത്രം ആണ് ഇരുട്ട്… ഇനി ദേവനാരായണന്റെ ജീവിതത്തിലേക്ക് മൈഥിലി വരില്ല…. “”
“”നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് ഇനി ക്ഷണിക്കുന്നതും ഇല്ല… പിന്നെ പോകുമ്പോൾ ഞാൻ കെട്ടിയ താലി ഇവിടെ വെച്ചിട്ട് വേണം പോകാൻ… നിന്നെ പോലെ ഒരുത്തിക്ക് എന്റെ താലിയുടെ അവകാശി ആകാൻ പോലും ഉള്ള യോഗം ഇല്ല….””
വാക്കുകൾ കൊണ്ട് അവൻ മുറിവേല്പിക്കുമ്പോൾ വീണ്ടും ഒരു വാക്ക് തർക്കത്തിന് തയാർ അല്ല എന്ന പോലെ അവൾ താലി ഊരി അവന്റെ കൈയിൽ കൊടുത്തു… ആ നിമിഷം നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകൾ മതിയാരുന്നു താലി അവൾക്ക് എത്രത്തോളം പ്രിയപ്പെട്ടത് എന്ന് തെളിയിക്കാൻ….
ദേവർമഠത്തിന്റെ പടി ഇറങ്ങുമ്പോൾ അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാനും അവൾ മറന്നില്ല… മൂന്നു വർഷം തന്റെ ലോകം ആരുന്നു ഈ വീട് എന്ന് അവൾ ഓർത്തു…
****************
“”ശെരിക്കും എന്താണ് തങ്ങൾക്ക് ഇടയിൽ സംഭവിച്ചത്… മൂന്ന് വർഷം ആയി അവൾ ജീവിതത്തിലേക്ക് വന്നിട്ട്… മക്കൾ ഇല്ല എന്ന കാര്യം ഒഴിച്ചാൽ അവൾ തന്റെ അടുത്ത് സന്തോഷവതി ആരുന്നു…. മൈഥിലിയുടെ വാശിക്ക് ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തപ്പോൾ ആണ് കുട്ടികൾ ഉണ്ടാകാത്തത് തന്റെ കുഴപ്പം ആണെന്ന് പറഞ്ഞത്…
ആ വിഷമത്തിലും അവൾ പറഞ്ഞത്
“”ദേവേട്ടൻ ആരുടെ മുന്നിലും തല താഴ്ത്തരുത്… എല്ലാവരോടും എനിക്ക് ആണ് കുഴപ്പം എന്ന് പറ… കൂടി പോയാൽ മച്ചി എന്ന വിളി കേൾക്കും… എങ്കിൽ ആ വിഷമം രാത്രി ഏട്ടൻ ഒന്ന് ചേർത്തു പിടിച്ചാൽ മാറും….””
ഒരുപാട് സങ്കടങ്ങൾക്ക് ഇടയിൽ അവളുടെ വാക്കുകൾ അവന്റെ നെഞ്ച് കീറി മുറിക്കുന്നത് ആരുന്നു… ഒരിക്കലും താലി കെട്ടിയവൻ മറ്റൊരാളുടെ മുന്നിൽ താഴരുത് എന്ന ഒരു പെണ്ണിന്റെ വാശി… അവനോട് ഉള്ള സ്നേഹം….
എന്നാൽ ഈ സ്നേഹം തന്നെ……
**************
രാത്രി ആഹാരം കഴിക്കാൻ ഇരുന്നിട്ടും ഒരു വറ്റ് പോലും അവന് ഇറങ്ങുന്നില്ലാരുന്നു…. എവിടെ നോക്കിയാലും അവളുടെ മുഖം ആണ്… അച്ഛനും അമ്മയും കാണാതെ ഒരു പിടി ചോർ അവളുടെ വായിൽ കൊടുക്കുന്നതും…. കൈ കോർത്തു പിടിക്കുന്നതും… എല്ലാം…. ഇന്നലെ കഴിഞ്ഞ പോലെ…
“”ചോർ കഴിക്കുമ്പോൾ പാത്രത്തിൽ നോക്ക് ദേവേട്ടാ… അമ്മയും അച്ഛനും എന്ത് പറയും….
ഒരു ദിവസം പോലും സമയത്തു കഴിക്കാൻ വരില്ല… ഏത് നേരവും ജോലി ജോലി…
ഈ അടുക്കളയിലെ ജോലി എല്ലാം കഴിഞ്ഞു ഞാൻ പെട്ടെന്ന് വരാം ഏട്ടാ….””
ഓരോ സമയം കഴിയുമ്പോഴും അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ ആയി…
“”ഇനിയും എന്തിനാ ദേവ നീ ഇങ്ങനെ അവളെ ഓർത്തു ഇരിക്കുന്നത്??. പോയവൾ പോയി… ഒരു മച്ചിയെ ഇവിടെ നിർത്തുന്നതിനേക്കാൾ നല്ലത് അല്ലേ അവൾ അവളുടെ വീട്ടിൽ നിൽക്കുന്നത്… എത്രയും പെട്ടെന്ന് ഡിവോഴ്‌സിന്റെ കാര്യങ്ങൾ ചെയ്യണം…. നിന്റെ കുഞ്ഞിനെ താലോലിക്കാൻ ഞങ്ങൾക്കും ഉണ്ട് ആഗ്രഹം….””
രണ്ട് ദിവസം മുൻപ് അവൾ തള്ളി ഇട്ടു എന്ന് പറഞ്ഞു കണ്ണ് നിറച്ച അമ്മയും അച്ഛനും ആണോ ഇതെന്ന് അവന് അത്ഭുതം തോന്നി പോയി.. ആ ദിവസം അമ്മ പറഞ്ഞ വാക്കുകൾ ആരുന്നു അവന്റെ മനസ്സിൽ…
“”സ്വന്തം മോളെ പോലെ അല്ലേ അവളെ ഞാൻ നോക്കിയത്… എന്നിട്ടും എന്നേ…””
അമ്മ സ്റ്റയറിൽ നിന്നും വീണു എന്നും അതിന്റെ കാരണം മൈഥിലി ആണ് എന്ന് പറഞ്ഞപ്പോഴും വിശ്വസിക്കാതെ ഇരിക്കാൻ അവന് പറ്റിയില്ല.. കാരണം ഒരിക്കലും കള്ളം പറയാത്ത അച്ഛൻ ആണ് തന്നോട് പറഞ്ഞത്… അവൾ തള്ളി ഇടുന്നത് കണ്ടു എന്ന്….
പിന്നെ അമ്മയെ അവൾ പല തവണ ഉപദ്രവിച്ചു എന്നൊക്കെ തെളിവ് സഹിതം പറഞ്ഞപ്പോൾ സത്യം അല്ല എന്ന് മനസ് പറഞ്ഞിട്ടും അവരുടെ മുന്നിൽ അവളെ അനുകൂലിക്കാൻ തോന്നിയില്ല… അവൾ തന്നെ മറന്നു മറ്റൊരു ജീവിതം സ്വീകരിക്കട്ടെ എന്ന സ്വാർത്ഥത തന്നെ അതിന് കാരണം….
ഈ മൂന്ന് കൊല്ലത്തിനിടയിൽ പല തവണ കണ്ടത് ആണ് കുട്ടികളോട് ഉള്ള അവളുടെ സ്നേഹം… തനിക്ക് വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കുറ്റകാരി ആയി നിൽക്കുന്നത് കാണുമ്പോൾ നെഞ്ചിൽ കല്ല് വെച്ച പോലെ ആണ്…
പലപ്പോഴും എല്ലാം അച്ഛനോടും അമ്മയോടും തുറന്നു പറയാൻ പോയപ്പോൾ തടഞ്ഞത് അവൾ ആണ്.. അവസാനം എല്ലാം കൂടി ആയപ്പോൾ രണ്ടും കല്പിച്ചാണ് മിത്തുവിനോട് അങ്ങനെ പറഞ്ഞത്…
അറിയാം അവളുടെ മനസ്സിൽ താൻ മാത്രം ഉള്ളു എന്ന്… പക്ഷേ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി എങ്കിലും അവൾ മാറി ചിന്തിച്ചാലോ എന്ന പ്രതീക്ഷ…
**********
രാത്രിയിൽ എത്ര ഉറങ്ങാൻ നോക്കിയിട്ടും കഴിയാതെ മിത്തുവിന്റെ അടുത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് അച്ഛന്റെയും അമ്മയുടെയും മുറിയിൽ നിന്നും സംസാരം കേട്ടത്…
“”ഇനി അവൻ ഉപേക്ഷിച്ചു എന്ന് വെച്ചു അവൾ എന്തെങ്കിലും കടുംകൈ ചെയുവോ??? നമ്മൾ ആണ് ഇതിന്റെ പുറകിൽ എന്ന് അറിഞ്ഞാൽ ദേവൻ വെറുതെ ഇരിക്കില്ല….””
“”അവൻ എങ്ങനെ അറിയാൻ ആണ്… എന്ത് വന്നാലും അവൾ നമ്മളുടെ പേര് പറയില്ലല്ലോ… ദേവേട്ടൻ സ്നേഹം അല്ലേ… പോയത് നന്നായി… ഇനി എങ്കിലും ദേവൻ വേറെ ഒരു കല്യാണം കഴിച്ചാൽ മതിയാരുന്നു….”” റൂമിൽ നിന്നും ഉള്ള അമ്മയുടെ അടക്കി പിടിച്ച സംസാരം കേട്ട് അവിടെ തറഞ്ഞു നിന്നു പോയി അവൻ…
സ്വന്തം അച്ഛന്റെയും അമ്മയുടെയും കുരിട്ട് ബുദ്ധി ആണ് ഇതെന്ന് അവന് വിശ്വസിക്കാൻ പറ്റിയില്ല…
തെറ്റ് ആണ് ചെയ്തത്… താലി കെട്ടിയവളെ അമ്മയ്ക്ക് വേണ്ടി തള്ളി പറഞ്ഞു… കണ്ടില്ല എന്ന് നടിച്ചു… അവസാന ശ്വാസം വരെ കഴുത്തിൽ വേണം എന്ന് പറഞ്ഞു അണിയിച്ച താലി ഒരു ദയയും ഇല്ലാതെ അവളിൽ നിന്നും തിരികെ വാങ്ങി… അവളുടെ നല്ല ഭാവി നോക്കി ആണെങ്കിലും ഇപ്പോൾ തന്റെ പെണ്ണില്ലാതെ ഒരു നിമിഷം പറ്റില്ല എന്ന് സ്വയം മനസിലാക്കിയ നിമിഷം ആണ് മുറിയിൽ നിന്ന് ഇറങ്ങിയത്… പക്ഷേ അച്ഛന്റെയും അമ്മയുടെയും വാക്കുകൾ കൂടി ആയപ്പോൾ ആകെ തകർന്നു ദേവൻ….
അവന് സ്വയം നിയന്ത്രിക്കാൻ പറ്റില്ല എന്ന് വന്നപ്പോൾ വണ്ടിയും ആയി ലക്ഷ്യം ഇല്ലാതെ പോയവൻ…
*******
എതിരെ വരുന്ന ലോറിയുടെ ലൈറ്റ് മുഖത്തേക്ക് അടിച്ചതും വണ്ടിയുടെ നിയന്ത്രണം കൈയിൽ നിന്നും പോയതും ഒരുമിച്ചാരുന്നു…
തല പൊട്ടി റോഡിൽ മുഴുവൻ ചോര പടർന്നപ്പോൾ അകലെ ഒരു മുഴം കയറിൽ അവളും ജീവൻ അവസാനിപ്പിച്ചിരുന്നു…..
ഒരു ബന്ധവും ബന്ധനങ്ങൾ അല്ലാത്തിടത്തേക്ക് അവർ ഒരുമിച്ചു യാത്രയായി… അപ്പോഴും അവളുടെ താലി അവന്റെ നെഞ്ചോടു ചേർന്ന പോക്കറ്റിൽ ഭദ്രം ആരുന്നു….
**********
അടുത്ത ദിവസം വീടിന്റെ ഉമ്മറത്ത് ജീവനില്ലാത്ത രണ്ട് ശരീരങ്ങൾ വെള്ള പുതച്ചു കിടത്തിയപ്പോൾ കുറ്റബോധം കൊണ്ട് കണ്ണീർ ഒഴുക്കാൻ അല്ലാതെ മറ്റൊന്നും സാധിക്കില്ലാരുന്നു…
അവരുടെ കളിയും ചിരിയും എല്ലാം ആ വീട്ടിൽ നിറഞ്ഞു നിൽക്കുന്ന പോലെ…
ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും ഇറങ്ങിയപ്പോൾ ആണ് മൈധിലിയുടെ അടുത്ത കൂട്ടുകാരി അശ്വതി അവരോട് പറഞ്ഞത്…
“”മൈഥിലിക്ക് അല്ല അമ്മേ കുഴപ്പം.. ദേവേട്ടന് ആണ്… ഏട്ടനെ ആരും കുറ്റം പറയുന്നത് സഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞാണ് എല്ലാം അവൾ ഏറ്റെടുത്തത്….
ജീവനെ പോലെ സ്നേഹിച്ചിട്ടും ഏട്ടൻ അവളെ തള്ളി പറഞ്ഞത് നിങ്ങൾക്ക് വേണ്ടി ആണ്… ഭാര്യക്ക് വേണ്ടി അമ്മയെ ഉപേക്ഷിച്ച മകൻ ആകാതെ ഇരിക്കാൻ…
പക്ഷേ ദൈവം എന്ന് പറഞ്ഞ ഒരാൾ ഉണ്ട് അമ്മേ.. അല്ലെങ്കിൽ രണ്ട് പേരുടെയും മരണസമയം പോലും ഒന്ന് ആകില്ലാരുന്നു…. ഇനി മരണ ശേഷം മറ്റൊരു ലോകം ഉണ്ട് എങ്കിൽ അവർ അവിടെ ജീവിക്കട്ടെ… ആരുടേയും കുത്തുവാക്കുകൾ കേൾക്കാതെ ദേവേട്ടന്റെ മാത്രം മിത്തു ആയി…
*************
തങ്ങൾ ചെയ്ത തെറ്റ് ഓർത്തു ഇവിടെ അവർ കണ്ണീർ പൊഴിക്കുമ്പോൾ മറ്റൊരു ലോകത്ത് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു അവൻ അവളെ നെഞ്ചോട് ചേർത്തിട്ട് ഉണ്ടാരുന്നു…..
അവസാനിച്ചു
Nb : ഒരുപാട് എഴുതി പഴകിയതാണെങ്കിലും മനസ്സിൽ വിരിഞ്ഞ ആശയം തൂലികയിൽ പകർത്തിയെന്ന് മാത്രം