ഭാര്യയുടെയും എന്റെയും വീട്ടുകാർ രഹസ്യ ചർച്ചക്കൊടുവിൽ തീരുമാനം പറയാനായി എന്റെ അമ്മയെയാണു ചട്ടം കെട്ടിയത്….

രചന: സുധീ മുട്ടം

ഭാര്യ മരിച്ചു ആറുമാസം തികഞ്ഞില്ല അതിനു മുമ്പേ വീട്ടിൽ എന്നെ കല്യാണം കഴിപ്പിക്കാനുളള ചർച്ചകൾ ചൂടു പിടിച്ചു നടക്കുകയായിരുന്നു .അവൾ സമ്മാനിച്ച ഓർമ്മകളിൽ ജീവിക്കാനായിരുന്നു എനിക്ക് താല്പര്യം. അതിനായിട്ടവൾ അവളുടെ തന്ന ഛായയുള്ളൊരു പെൺകുഞ്ഞിനെ എനിക്ക് തന്നിട്ടാണ് കണ്ണടച്ചത്….

മോളേ നോക്കിയിരുന്നത് ഭാര്യയുടെ അനിയത്തി ആയിരുന്നു. പെണ്ണുകാണാനായി അവരുടെ വീട്ടിൽ ചെന്നപ്പോഴെ അനിയത്തിപ്പെണ്ണ് എനിക്ക് കൂടപ്പിറപ്പിന്റെ പട്ടം ചാർത്തി തന്നിരുന്നു…

അച്ഛനും അമ്മക്കും രണ്ടു പെൺകുട്ടികളായിരുന്നു എന്റെ ഭാര്യയും അനിയത്തിയും.ഏട്ടനോ അനിയനോ ആയിട്ട് അവരൊ ആങ്ങളയെ ആഗ്രഹിച്ചിരുന്നെങ്കിലും ഈശ്വരൻ കനിഞ്ഞിരുന്നില്ല.അതുകൊണ്ട് തന്നെയാണ് പെണ്ണിനെ കണ്ടു ഇഷ്ടമായപ്പോഴേക്കും അനിയത്തി പെൺകുട്ടി എന്നെ ഏട്ടായെന്ന് വിളിച്ചത്.ആ വിളി ആത്മാർത്ഥമായി തന്നെയാണെന്ന് അവൾ തെളിയിക്കുകയും ചെയ്തു…

വീട്ടിലെ ഒറ്റമകൻ ആയതിനാൽ ഞാനും ഒരു കൂടപ്പിറപ്പിനെ ആഗ്രഹിച്ചിരുന്നു. ഭാര്യയുടെ അനിയത്തിയെ കിട്ടിയപ്പോൾ അവളെനിക്ക് സ്വന്തം സഹോദരിയായി….

ഭാര്യയുടെയും എന്റെയും വീട്ടുകാർ രഹസ്യ ചർച്ചക്കൊടുവിൽ തീരുമാനം പറയാനായി എന്റെ അമ്മയെയാണു ചട്ടം കെട്ടിയത്….

മോനേ നിന്റെ ഭാര്യ ഞങ്ങൾക്ക് മകൾ തന്നെ ആയിരുന്നു, പ്രസവശേഷം അവൾ മരിച്ചെങ്കിലും നമുക്കൊരു കുഞ്ഞിനെ തന്നിട്ടാണ് അവൾ പോയത്,നിന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ ശ്രദ്ധിക്കാൻ ഒരാൾ കൂടിയേ തീരൂ അതിനാൽ നമ്മളെ മനസ്സിലാക്കിയ ഒരാൾ തന്നെ ആകുന്നതാണു കൂടുതൽ നല്ലതെന്നും അമ്മ പറഞ്ഞപ്പഴേ എനിക്ക് കാര്യം പിടി കിട്ടി…

“എന്റെ വിവാഹക്കാര്യമാണെന്ന്”

അമ്മേ അവൾ മരിച്ചിട്ട് ആറുമാസമേ ആയിട്ടുളളൂ ഇങ്ങനെ ഇപ്പോൾ ചിന്തിക്കുന്നത് തന്നെ തെറ്റാണെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല…

നിങ്ങളെ രണ്ടു പേരേയും ശ്രദ്ധിക്കാൻ ഭാര്യയുടെ അനിയത്തി തന്നെയാണ് ഏറ്റവും നല്ലതെന്നും അവളെ വിവാഹം കഴിക്കണമെന്നും ഇരുവീട്ടുകാരും തീരുമാനം എടുത്തെന്നും അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി…

കൂടെപ്പിറന്നില്ലെങ്കിലും അതെന്റെ സ്വന്തം അനിയത്തി തന്നെയാണ്. അതുകൊണ്ട് ഈ വിവാഹം നടക്കില്ലെന്നും ഞാൻ കട്ടായം പറഞ്ഞു..

എല്ലായിടത്തും ഇങ്ങനെ നടക്കാറുളളതാണെന്നും പ്രത്യേകിച്ച് പുതുമയൊന്നും ഇതിലില്ലെന്നും അമ്മ തീർപ്പ് കൽപ്പിച്ചു….

ഒരിക്കലും ആ കൂടപ്പിറപ്പിനെ എനിക്ക് ഭാര്യയുടെ സ്ഥാനത്ത് കാണാൻ പറ്റില്ല.അവളുമായി സംസാരിച്ചപ്പോഴും അവളുടെ നിലപാടും ഇതു തന്നെ ആയിരുന്നു….

“കൂടപ്പിറപ്പിനെ വിവാഹം കഴിക്കാൻ പറ്റില്ല.കുഞ്ഞിനെ ഞാൻ നോക്കി കൊളളാം”

അത് പറയാനും അനിയത്തിക്കൊരു ന്യായീകരണം ഉണ്ടായിരുന്നു….

അവളുടെ കൂട്ടുകാരിയുടെ ചേച്ചിയെ ഒരു പട്ടാളക്കാരൻ വന്നു പെണ്ണു കണ്ടു.എല്ലാം ഉറപ്പിച്ചു വിവാഹ തലേദിവസം ആയപ്പോഴേക്കും സ്നേഹിച്ചവന്റെ കൂടെ അവൾ ഇറങ്ങിപ്പോയി. പരിഹാരമായി വീട്ടുകാർ കണ്ടുപിടിച്ചത് അനിയത്തിയെ പട്ടാളക്കാരനെ കൊണ്ട് കെട്ടിച്ച് നാണക്കേടിൽ നിന്ന് തലയൂരാനായി ശ്രമം.ആ പെൺകുട്ടി കരഞ്ഞു പറഞ്ഞിട്ടും അവളുടെ മനസ്സ് ആരും കണ്ടിരുന്നില്ല.അയാൾക്കും ഇത് നടന്നാൽ മതിയെന്നായിരുന്നു….

അവരുടെ വിവാഹം നടന്നുവെങ്കിലും ആ ബന്ധത്തിന് ഒരാഴ്ചത്തെ ആയുസ്സ് ഉണ്ടായിരുന്നുള്ളു.. മണിയറയിൽ ഭാര്യയും ഭർത്താവും കണ്ടുമുട്ടുമ്പോൾ ഏട്ടനും അനിയത്തിയായിട്ടുമാണു അവർക്ക് ഫീൽ ചെയ്തിരുന്നത്…..

ബന്ധം വേർപ്പെടുത്തി അയാൾ മറ്റൊരു വിവാഹം കഴിച്ചെങ്കിലും തകർന്നത് ആ സാധു പെൺകുട്ടിയുടെ ജീവിതം ആയിരുന്നു….

അനിയത്തിക്കുട്ടി ആ കഥകൾ വിശദമായി പറയുമ്പോൾ ഞാനടക്കം എല്ലാവരുടേയും കണ്ണു നിറഞ്ഞു.തെറ്റുകൾ മനസ്സിലാക്കി എല്ലാവരും ഈ ബന്ധത്തിൽ പിൻ മാറുമ്പോൾ ആശ്വാസം തോന്നിയത് എനിക്കും അനിയത്തിക്കുട്ടിക്കും ആയിരുന്നു….

പിന്നെയും മാസങ്ങൾ പിന്നിടുമ്പോൾ അനിയത്തിക്കുട്ടി അവളുടെ കൂട്ടുകാരിയുടെ കാര്യം എനിക്ക് മുമ്പിൽ വീണ്ടും അവതരപ്പിച്ചത്….

“ഏട്ടാ ഏട്ടനു ചേച്ചിയെ മറക്കാൻ കഴിയില്ലെന്ന് അറിയാം.എങ്കിലും ഏട്ടനൊരു ജീവിതം വേണം. ഏട്ടൻ സന്തോഷമായിരിക്കുന്നതാണു ചേച്ചിയും ആഗ്രഹിക്കുന്നത്.ഏട്ടനൊരു വിവാഹം കഴിക്കണമെന്ന് തോന്നിയാൽ എന്റെ കൂട്ടുകാരിക്കൊരു ജീവിതം കൊടുത്താൽ അതവൾക്കും ആശ്വാസം ആയിരിക്കും. മോളൂട്ടി കൂടി ഉളളതിനാൽ അവൾ സമ്മതിക്കും”

അനിയത്തി പറഞ്ഞ കാര്യങ്ങൾ ആലോചിച്ചപ്പോൾ അത് നല്ലതാണെന്ന് എനിക്കും തോന്നി.നാളെ എന്നെങ്കിലും അനിയത്തിയുടെ വിവാഹം നടത്തേണ്ടി വരും.ഒരു പെൺകുഞ്ഞ് ആയതിനാൽ അവൾക്കൊരു അമ്മ വേണം. അച്ഛനു പെണ്മക്കളെ വളർത്തുന്നതിൽ പരിമിതികൾ ഉണ്ട്. അമ്മയാകുമ്പോൾ കൂട്ടുകാരിയെപ്പോലെ ഓരോന്നും പറഞ്ഞു കൊടുത്തും നല്ല രീതിയിൽ കുഞ്ഞിനെ വളർത്തും”

ഒരുപാട് ആലോചനകൾക്കൊടുവിൽ വിവാഹത്തിനു ഞാൻ പച്ചക്കൊടി കാണിക്കുമ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു.എന്റെ അനിയത്തിക്കും….

കാരണം എന്റെ കുഞ്ഞിനൊരു അമ്മയെ മാത്രമല്ല മകന്റെ ജീവിതത്തിനും അർത്ഥം കിട്ടാൻ എന്റെ മാതാപിതാക്കളും ആഗ്രഹിക്കുന്നുണ്ടാകും….

ഓരോ മക്കളുടെയും ജീവിതം നന്നായി പോകുന്നത് കാണാൻ സ്നേഹമുളള ഏത് മാതാപിതാക്കളാണ് ആഗ്രഹിക്കാത്തെ…

അവസാനിച്ചു