ഇത് എല്ലാ സിനിമയിലും കാണുന്ന പൊലെ ഒരു ഏർപ്പാട് ആണ് എന്ന് അറിയാഞ്ഞിട്ടല്ല…

രചന: സനൽ SBT

ഫസ്റ്റ് നൈറ്റില് കയ്യിൽ ഒരു മുഴം മുല്ലപ്പൂവും ചുറ്റി നല്ല തൂവെള്ള കുർത്തയും കസവുകര മുണ്ടും ഉടുത്ത് ജനലഴികളിലൂടെ വിജനതയിലേക്ക് അങ്ങിനെ നോക്കി നിൽക്കുവാണ് ഞാൻ .

ഇത് എല്ലാ സിനിമയിലും കാണുന്ന പൊലെ ഒരു ഏർപ്പാട് ആണ് എന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ വയസ്സ് അറിയിച്ച കാലം മുതൽ ഞാൻ മനസിൽ കണ്ടു കൊണ്ടിരിക്കുന്ന ഒരു സ്വപ്നം ഉണ്ട് ആ ദിവസം ആണ് ഇന്ന് അതുകൊണ്ടുതന്നെ മനസ്സിൽ നേരത്തെ കോറിയിട്ട കാര്യങ്ങളിൽ ഒരു അണുവിട അങ്ങോട്ടോ ഇങ്ങോട്ടോ വിട്ടു വീഴ്ച ചെയ്യാൻ ഞാൻ തയ്യാറല്ല. പിന്നെ ആണുങ്ങൾക്ക് വയസ്സ് അറിയിക്കുവോ എന്ന് ചോദിക്കണ്ട ഞങ്ങൾക്ക് ഉണ്ട് അതൊക്കെ പക്ഷേ ആരോടും പറയാറില്ല എന്ന് മാത്രം

വീണ്ടും ഞാൻ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി .നല്ല നിലാവ് ഉള്ള രാത്രി കൂടെ നല്ല പാതിരാക്കാറ്റും .കാറ്റിലൂടെ ഒഴുകിയെത്തുന്ന നല്ല കാട്ടുചെമ്പകത്തിൻ്റെ സുഗന്ധം.എന്തായാലും മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ഉണ്ട്. അല്പസമയത്തിന് ശേഷം പുറകിൽ നിന്നും കതക് അടയ്ക്കുന്ന ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.

, “ഹായ് തനു.”

“അല്ല ഇതെന്താ മാഷേ രാത്രി വല്ല ഗാനമേളയോ നാടകമോ ഉണ്ടോ ഈ വൈറ്റ് ആൻറ് വൈറ്റ് വേഷത്തില്. “

“അത് പിന്നെ ഞാനൊരു പരമ്പരാഗത ലുക്കിൽ ആയിക്കൊട്ടെ എന്ന് കരുതിയിട്ടാ. “

അപ്പോഴാണ് ഞാൻ അവളെ അടിമുടിയൊന്ന് നോക്കിയത്.

“അല്ല നീയെന്താ ഈ വേഷത്തില് ? “

“ഇതിനെന്താ കുഴപ്പം നല്ല നൈറ്റിയല്ലേ .?”

” നൈറ്റിയോ ?”

” ആ എൻ്റെ മാഷേ ഇതൊന്നും ഞാൻ ചുമന്നോണ്ട് വന്നതല്ല നിങ്ങള് തന്നെ ഇവിടെ മേടിച്ച് വെച്ചിരുന്നതാ.”

” അപ്പോ സെറ്റ് സാരി ഒന്നും ഉടുത്തില്ലേ. ഇത് ഒരു മാതിരി ചന്ത ലുക്ക് .ആ പോട്ടെ ഇനിയിപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല. അല്ല പാല് എവിടെ ?”

” പാലോ രാത്രി മാഷിന് പാല് കുടിക്കുന്ന ശീലം ഉണ്ടോ? എന്നോട് ആരും പറഞ്ഞില്ല.”

” ശ്ശോ അതല്ല ഈ ആദ്യരാത്രിയിൽ സെറ്റ് സാരിയും മുല്ലപ്പൂവും ഒക്കെ ചൂടി ഒരു ഗ്ലാസ് പാലുമായിട്ടല്ലേ സാധാരണ പെൺകുട്ടികൾ മണിയറയിലേക്ക് വരാറ്.”

” എൻ്റെ പൊന്നു മാഷേ നിങ്ങൾ ഒക്കെ ഏത് ലോകത്താ ഈ ജീവിക്കണേ. കെട്ടാൻ പോണത് മലയാളം മാഷാണ് എന്ന് ബ്രോക്കറ് പറഞ്ഞപ്പോൾ ഞാൻ ഇത്രം പ്രതീക്ഷിച്ചില്ല. അല്ല ഇക്കണക്കിന് പോയാൽ എന്നെ എല്ലാ മാസവും ഒറ്റ മുറിയിൽ അടച്ചിടുമോ? പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നും ഇനിയും വണ്ടി കിട്ടിയിട്ടിലല്ലേ. ? “

” ഹേയ് അതൊന്നും അല്ല ഇതൊക്കെ ഒരു നാട്ടുനടപ്പാണ് പിന്നെ നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗവും .നീ പുറത്ത് പോയി പഠിക്കുന്നത് കൊണ്ടാവും ഇതെപ്പറ്റി ഒരു അറിവില്ലാത്തത് ഹാ സാരല്ല എല്ലാം നമ്മുക്ക് ശരിയാക്കിയെടുക്കാം.”

” ഉം. ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ ശെരിയാക്കി എടുക്കും.”

” ഹാ അതൊക്കെ പോട്ടെ സമയം ഒത്തിരിയായി ബാ നമുക്ക് കിടക്കാം .”

” ഞാനും അത് പറയാൻ ഇരിക്കുവായിരുന്നു നല്ല ക്ഷീണം ഉണ്ട്.”

അവൾ ബെഡിൽ കയറി പുതപ്പും പുതച്ച് തിരിഞ്ഞ് ഒരു കിടപ്പാ .

” ശ്ശെടാ . അതെ ശൂ ശൂ. “

” ഉം. എന്താ”

” ഉറങ്ങാൻ പോവ്വാണോ?”

” അതെന്താ രാത്രി പിന്നെ ഇവിടെയുള്ളവർ ഉറങ്ങാറല്ലേ പതിവ്.”

” അല്ല ഇന്ന് നമ്മുടെ ഫൈസ്റ്റ് നൈറ്റ് അല്ലേ.”

” അതിന്?”

” കുറച്ച് നേരം മിണ്ടീം പറഞ്ഞും ഒക്കെ ഇരുന്ന് പതിയെ ഉറങ്ങിയാൽ പോരെ. “

അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. ഞാൻ ഒരടി പുറകിലേക്ക് മാറി ഇരുന്നു.

” വെള്ളേം വെള്ളേം ഡ്രസ്സ് കയ്യില് മുല്ലപ്പൂ നല്ല വില കൂടിയ പെർഫ്യൂ പിന്നെ ഓഗസ്റ്റ് 15 ന് ക്ലാസ് മുറി അലങ്കരിക്കുന്ന പൊലെ മണിയറ ഡേക്കറേഷൻ അതെ ഈ കാള വാലു പൊക്കുന്നത് കണ്ടപ്പഴേ മനസ്സിലായ് അസൂഖം എന്താന്ന്.”

അവൾ ഒരു പുശ്ചഭാവത്തോടു കൂടി എന്നെ ഒന്ന് നോക്കി ചിരിച്ചു.

” അല്ല അത് പിന്നെ ഞാൻ .”

” എന്തായാലും ഒരു പരിപാടിയും നടക്കാൻ പോണില്ല. മാഷ് കൂടുതൽ മഞ്ഞ് കൊള്ളാതെ വന്ന് കിടക്കാൻ നോക്ക്.”

” ങ്ങേ അതെന്ത്.”

” ങ്ങാ അത് അങ്ങനാ. “

” ഹോ ഇന്ന് നമ്മുടെ ആദ്യത്തെ ദിവസം അല്ലേ നന്മൾ പരസ്പരം പരിചയപ്പെട്ട് നല്ല പൊലെ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ട് മതി എന്നാവും അല്ലേ. ?”

” അയ്യോ രണ്ട് മൂന്ന് ദിവസം കഴിഞ്ഞല്ല മൂന്നാല് മാസം കഴിഞ്ഞാലും ഒന്നും നടക്കാൻ പോണില്ല. “

” ഈശ്വരാ .”

എൻ്റെ തൊണ്ടയിലെ വെള്ളം വറ്റി,

” തനൂ.”

” എന്താ.”

” ഞാനൊരു കാര്യം ചോദിക്കട്ടെ.'”

” ആ .”

” നീ ഇനി മറ്റേത് ഒന്നും അല്ലല്ലോ.”

” ഏത് .”

” ലെബനീസ് . ശ്ശേ ലെ സ്ബിയൻ,”

” പ്ഫാ മാഷേ എന്ന് വിളിച്ച നാക്ക് കൊണ്ട് ആദ്യ ദിവസം തന്നെ മാറ്റി വിളിപ്പിക്കല്ലേ ..”

ദൈവമേ ഇവളിതേത് ടൈപ്പ് .

“അതെ കല്യാണ നിശ്ചയം കഴിഞ്ഞപ്പോൾ പറഞ്ഞ എഗ്രീമെൻറ് ഒക്കെ മറന്നോ.?”

” അതിന് ഞാൻ ഒന്നും ചോദിച്ചിലല്ലോ? സ്ത്രീധനം ആയിട്ട് സ്വർണ്ണം വേണ്ട ,കാറ് വേണ്ട ,പൈസ വേണ്ട ,പാത്രങ്ങൾ വേണ്ട ,എന്നൊക്കെ പറഞ്ഞതല്ലേ .അയ്യോ അതൊന്നും ഇനിയും വേണ്ട ഇതൊന്നും ആരും ഇവിടെ ചോദിക്കാനും പോണില്ല ഇതൊക്കെ നന്മുടെ സംസ്കാരത്തിന് നിരക്കാത്തതാ.”

” വെറെ ഒന്നുകൂടി പറഞ്ഞിരുന്നു .”

” അതെന്ത്. ?”

” കല്യാണം കഴിഞ്ഞാലും എന്നെ പഠിപ്പിച്ചോളാം എന്ന് അതായത് ബി. എഡ് കംപ്ലീറ്റ് ചെയ്യിപ്പിക്കാം എന്ന്.”

” അതിനെന്താ ആ പറഞ്ഞതും ഇനി മാറാൻ പോണില്ല നിനക്ക് എത്ര വേണേലും പഠിക്കാം ജോലിക്കും പോകാം അതിനൊന്നും ആരും ഇവിടെ എതിരല്ല. “

” ഹാ അപ്പോ പിന്നെ മിണ്ടാണ്ട് കിടന്നോ !”

” അല്ല അതും ഇതുമായി എന്താ ബന്ധം ?”

” എൻ്റെ കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഇനിയും ഒരു വർഷം ഉണ്ട് അതിനിടയിൽ ഞാൻ ഗർഭിണിയായാൽ പിന്നെ പഠിപ്പിൻ്റെ കാര്യം ഗുദാ ഹവാ അതോണ്ട് അത് വേണ്ട മാഷേ. “

” അല്ല അങ്ങിനെ ആവാതിരിക്കാൻ നോക്കിയാൽ പോരെ അത് ഒത്തിരി മാർഗങ്ങൾ ഉണ്ട് നന്മുടെ ശാസ്ത്രം അത്രയ്ക്കും വളർന്നിട്ടുണ്ട്.”

” ഹോ ഇതിനെ പറ്റി ഒക്കെ നല്ല അറിവാണ് അല്ലേ.”

” പിന്നല്ലാതെ ഒന്നും ഇല്ലെങ്കിലും ഞാൻ ഒരു അദ്ധ്യാപകൻ അല്ലേ.”

” അതിന് മാഷിൻ്റെ വിഷയം മലയാളം അല്ലേ ബയോളജി അല്ലല്ലോ?”

” എന്നാലും കുറച്ചൊക്കെ ബയോളജി പഠിച്ച് തന്നാ ഞാനും ഇത് വരെ എത്തിയത്.”

” എന്നാൽ ബയോളജി മാഷ് വന്ന് കിടക്കാൻ നോക്ക്” .

” തനൂ നീ ഒറ്റ വാക്കിൽ നോ പറയല്ലേ.”

” എൻ്റെ മാഷേ അതൊക്കെ എൻ്റെ പിഠിപ്പിന് ഡിസ്റ്റർബ് ആരും പിന്നെ വെറെ ഒന്നിലും കോൺസട്രേഷൻ ചെയാൻ പറ്റില്ല മാഷ് ഇത്രം കാലം വെയ്റ്റ് ചെയ്തില്ലേ ഇനി ഒരു വർഷം കൂടി അത്രo കൂടി എനിക്ക് വേണ്ടി വെയ്റ്റ് ചെയ്തൂടെ. പിന്നെ ഞാൻ മാഷിൻ്റെയാണ് മാഷിന് ഇഷ്ടമുള്ള പൊലെ നന്മുക്ക് ജീവിക്കാം .എൻ്റെ അച്ഛൻ ഒത്തിരി കഷ്ട്ടപ്പെട്ടാ എന്നെ ഇത്രം വരെ പഠിപ്പിച്ചത് ആ അച്ഛൻ്റെ സ്വപ്നമാണ് ഞാനൊരു ടീച്ചറായി കാണണം എന്നുള്ളത് അത് പാതി വഴിയിൽ ഉപേക്ഷിക്കാൻ എന്നെ കൊണ്ട് ആവില്ല. അത് കൊണ്ടാ മാഷിൻ്റെ ആലോചന വന്നപ്പോൾ തന്നെ എൻ്റെ അച്ഛൻ ഈ വിവാഹത്തിന് സമ്മതിച്ചത്.”

മറുപടി ഒന്നും പറയാതെ ഞാൻ പുതപ്പിൻ്റെ മറുതലയും പുതച്ച് കട്ടിലിൽ കമഴ്ന്ന് കിടന്നു.

” അതെ മറ്റന്നാൾ എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കണം കേട്ടോ ഇപ്പോൾ തന്നെ ഒത്തിരി ക്ലാസ് മിസ്സായി.”

” ഉം.”

ഞാൻ പതിയെ ഒന്ന് മൂളി.

എന്തൊക്കെ ബഹളം ആയിരുന്നു. കല്ല്യാണം , ആദ്യരാത്രി, ഹണിമൂണ് അങ്ങ് കുളു മണാലിയിൽ അങ്ങിനെ പടക്കക്കട ഹുദാ ഹവാ . മുപ്പത് വയസ്സില് പെണ്ണ് കെട്ടിയ ഇത്രയും ഗതി കെട്ടൻ വെറെ ആരേലും ഉണ്ടോ ദൈവമേ. അങ്ങ് ദൂരെ നിന്നും ഒരു യുപി സ്ക്കൂളിലെ കൂട്ടമണി എൻ്റെ നെഞ്ചിലാകെ കിടന്ന് മുഴങ്ങി.