നിൻ ചാരെ…
രചന: Vaiga Lekshmi
“”അച്ചുമോന് എന്നോട് ദേഷ്യം ആയിരിക്കും അല്ലേ ജാനി????””
രാത്രിയിൽ തന്റെ നെഞ്ചിൽ ചാരി ഇരിക്കുന്ന ജാൻവിയോട് കൈലാസ് ചോദിച്ചു….
“”എന്തിനാ കണ്ണേട്ടാ ഇപ്പോ ഇങ്ങനെ ഒക്കെ പറയുന്നത്… എല്ലാം ഞാൻ കാരണം അല്ലേ… അച്ചുവിനെ കർണാടകയിൽ വിട്ടു പഠിപ്പിക്കാൻ എനിക്ക് പേടി എന്ന് പറഞ്ഞത് കൊണ്ട് മാത്രം അല്ലേ ഏട്ടൻ അവനോട് നാട്ടിൽ പഠിച്ചാൽ മതി എന്ന് തീർത്തു പറഞ്ഞത്… ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് അവന് ഒരുപാട് വിഷമം ആകും, ഏട്ടൻ പറഞ്ഞാൽ ആദ്യം ഏട്ടനോട് ദേഷ്യം തോന്നുമെങ്കിലും പിന്നെ അവൻ അനുസരിക്കും എന്നൊക്കെ എന്നോട് പറഞ്ഞിട്ടല്ലേ ഇന്ന് അവനോട് അങ്ങനെ പറഞ്ഞത്.. നമ്മുടെ മോൻ അല്ലേ… അവന് എത്ര ദിവസം പിണങ്ങി ഇരിക്കാൻ പറ്റും… പിണക്കം ഒക്കെ മാറുമ്പോൾ ഞാൻ തന്നെ പറയാം അച്ചുവിനോട് അവന്റെ സ്വപ്നം നടക്കാതെ ഇരുന്നതിന്റെ കാരണം അച്ഛൻ അല്ല അമ്മ ആണെന്ന്…””
“”വേണ്ട ജാനു.. അങ്ങനെ ഒന്നും പറയേണ്ട… എനിക്ക് അറിയാം നിന്നെ.. ഒറ്റ മോൻ ആയത് കൊണ്ട് ഉള്ള നിന്റെ പേടി…. അവൻ കൂട്ടുകാരുടെ കൂടേ സിനിമക്ക് പോയാലും ഒന്ന് കറങ്ങാൻ പോയാളുമെല്ലാം ഉള്ള നിന്റെ ആധി… ഓരോ തവണ നീ അവനെ വിളിക്കുമ്പോഴും ഞാൻ നിന്നിൽ കാണുന്നത് ഒരു അമ്മയുടെ ടെൻഷൻ ആണെങ്കിലും അവന് അത് ചിലപ്പോൾ ശല്യം ആയിട്ടായിരിക്കും തോന്നുന്നത്… സ്വന്തം അമ്മക്ക് തന്നെ ഇത്രത്തോളം വിശ്വാസം ഇല്ലേ എന്ന്…
അത് കൊണ്ട് ഞാൻ ഒരു കാര്യം തീർത്തു പറയാം.. ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകരുത്.. അച്ചുവിന് കർണാടകയിൽ നല്ല ഒരു കോളേജിൽ തന്നെ ആണ് അഡ്മിഷൻ കിട്ടിയത്.. അത് നിന്റെ പേടി കൊണ്ട് മാത്രം ആണ് ഞാൻ വേണ്ട എന്ന് അവനോട് പറഞ്ഞത്… ഇനി അവനെ അവന്റെ ഇഷ്ടത്തിന് വിടണം… മക്കളെ ഒരു പ്രായം കഴിഞ്ഞാൽ പിന്നെ നമ്മുടെ ഇഷ്ടത്തിന് പിടിച്ചു വെക്കരുത് മോളെ.. അവൻ പറക്കട്ടെ അവന്റെ ഇഷ്ടത്തിന്… നമ്മുടെ ഒരു കണ്ണ് മാത്രം അവനിൽ ഉണ്ടായാൽ മതി….””
🌺🌺🌺🌺🌺🌺
ഇത് കൈലാസ് നാഥ് എന്ന ജാൻവിയുടെ സ്വന്തം കണ്ണേട്ടൻ… സ്വന്തം ആയി ചെറിയ ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു… ഭാര്യ ജാൻവി എന്ന ജാനി… ഒറ്റ മോൻ.. അഥർവ് കൈലാസ് എന്ന അച്ചു.
അച്ചു പഠനത്തിലും മറ്റു മേഖലയിലുമെല്ലാം മിടുക്കൻ ആണെങ്കിലും ഒറ്റ മോൻ ആയത് കൊണ്ട് തന്നെ എന്തിനും ജാനുവിന് അവന്റെ കാര്യത്തിൽ ആധി ആണ്… അത് മാറ്റാൻ കൈലാസ് ഒരുപാട് ശ്രമിച്ചു എങ്കിലും അവളുടെ വാശിക്ക് മുൻപിൽ അവൻ തോൽവി സമ്മതിക്കും…
അച്ചുവിന് കർണാടകയിൽ എഞ്ചിനീയറിംഗ് അഡ്മിഷൻ കിട്ടി പക്ഷേ മോനെ കാണാതെ ഒരു ദിവസം പോലും ഇരിക്കാൻ പറ്റില്ല എന്ന ജാൻവിയുടെ വാശിക്ക് മുൻപിൽ കൈലാസ് തോറ്റു…
പോകാൻ പറ്റില്ല എന്ന് അച്ചുവിനോട് പറഞ്ഞപ്പോൾ ഉള്ള അവന്റെ മറുപടി ആണ് കൈലാസിനെ ഞെട്ടിച്ചത്…
“”എന്തിനാ അച്ഛാ എന്നേ ഇങ്ങനെ വീട്ടിൽ ഇരുത്തുന്നത്… എനിക്ക് എന്റേതായിട്ടുള്ള സ്വപ്‌നങ്ങൾ ഉണ്ട്… അതിന് സപ്പോർട്ട് ചെയുന്നതിനു പകരം എപ്പോഴും നാട്ടിൽ തന്നെ നിൽക്കണം എന്ന് ഇങ്ങനെ വാശി പിടിക്കുന്നത് എന്തിനാ…????
കഴിഞ്ഞ ദിവസം തന്നെ ഞാൻ ഒന്ന് കൂട്ടുകാരനെ കാണാൻ പോയി.. അവിടെ എത്തി രണ്ട് മിനിറ്റ് കഴിയുന്നതിനു മുൻപ് വീട്ടിൽ നിന്ന് വിളി എത്തി.. നീ എവിടെ ആണെന്ന് ചോദിച്ചു… കൂട്ടുകാരന്റെ മുന്നിൽ ഞാൻ ആകെ നാണം കെട്ടു… അവൻ എന്താ എന്നോട് ചോദിച്ചത് എന്ന് അറിയാമോ??? നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ ഇത്ര പോലും വിശ്വാസം ഇല്ലേ എന്ന്…
കൂട്ടുകാരുടെ കൂടേ ഒന്ന് ട്രിപ്പ് പോകാൻ പറ്റില്ല.. ഉടനെ പറയും വെള്ളം മാറി കുളിച്ചാൽ നിനക്ക് പനി വരും, അമ്മയ്ക്ക് രണ്ട് ദിവസം ഒന്നും നിന്നെ കാണാതെ ഇരിക്കാൻ പറ്റില്ല മോനെ എന്നൊക്കെ ഉള്ള സെന്റിമെന്റൽ ടോക്ക്സ്….
എന്ത് ആവശ്യപ്പെട്ടാലും മുന്നിൽ എത്തും എന്നത് കൊണ്ട് എനിക്ക് സന്തോഷം ലഭിക്കണം എന്നില്ല.. എന്നേ ഞാൻ ആയി ഒന്ന് ജീവിക്കാൻ അനുവദിക്കാൻ പറ്റുവോ നിങ്ങൾക്ക്??? ഏത് നേരവും അച്ചു അച്ചു അച്ചു… മടുത്തു എനിക്കിത്… എന്തെങ്കിലും പറഞ്ഞാൽ ഒടുവിൽ അച്ഛന്റ വഴക്ക്.. അമ്മയെ വിഷമിപ്പിക്കരുത് എന്ന് പറഞ്ഞു… അപ്പോൾ പിന്നെ എന്റെ വിഷമം നിങ്ങൾ ആരും കാണാത്തത് എന്താ????
കർണാടകയിൽ പഠിക്കാൻ പോകുന്നത് ഞാൻ എത്ര സ്വപ്നം കണ്ടു എന്ന് അറിയാമോ??? അപ്പോൾ അതും ഇനി അമ്മയുടെ പേടിക്ക് മുൻപിൽ ഞാൻ മാറ്റി വെക്കണം.. ആയിക്കോട്ടെ.. അങ്ങനെ തന്നെ ആയിക്കോട്ടെ.. അല്ലെങ്കിലും എപ്പോഴും അമ്മയുടെ സന്തോഷവും സമാധാനവും അല്ലേ അച്ഛന് വലുത്.. ഇതും അങ്ങനെ തന്നെ നടക്കട്ടെ… ഞാൻ എവിടെയും പോകുന്നില്ല… ഇവിടെ തന്നെ കാണും.. പോരെ….!!!
🌺🌺🌺🌺🌺🌺
രാവിലെ ആരോ തലയിൽ തലോടുന്നത് പോലെ തോന്നി ആണ് അച്ചു കണ്ണ് തുറന്നത്… മുന്നിൽ ജാൻവിയെ കണ്ടതും അച്ചു അവളുടെ മടിയിൽ തല വെച്ചു കിടന്നു…
“”അച്ഛനോട് ദേഷ്യം ഉണ്ടോ മോനു?? നിന്റെ സ്വപ്നങ്ങൾക്ക് എല്ലാം അച്ഛൻ ഒരു വിലങ്ങു തടി ആണെന്ന് ഒരു വിചാരം ഉണ്ടോ അമ്മയുടെ പൊന്നിന്????””
“”ദേഷ്യം അല്ല അമ്മാ… എപ്പോഴും ഒരുപാട് റെസ്ട്രിക്ഷൻസ് ആണ്.. ഇപ്പോഴും കണ്ടില്ലേ… അമ്മയുടെ ടെൻഷൻ എനിക്ക് മനസിലാക്കാം.. പക്ഷേ അച്ഛനോ ?? അച്ഛന്റ ഇഷ്ടം എന്നിൽ അടിച്ചേല്പിക്കാൻ അല്ലേ നോക്കുന്നത്…
എനിക്കും അഭിപ്രായങ്ങൾ ഉണ്ട് അമ്മാ… അമ്മയുടെ സന്തോഷം നോക്കുന്നത് പോലെ തന്നെ എന്നെയും പരിഗണിക്കാൻ പറയണം… അച്ഛനോട് ദേഷ്യം ഒന്നുല്ല.. പക്ഷേ പലപ്പോഴും അച്ഛൻ പറയുന്നത് എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്…
പിന്നെ അച്ഛന്റെ ഒരു അവസാന ഡയലോഗ്.. നീ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുമ്പോൾ മാത്രം അച്ഛനെ എതിർത്തു സംസാരിച്ചാൽ മതിയെന്ന്… എന്താ അമ്മാ അച്ഛൻ ഇങ്ങനെ???””
അതിന് മറുപടി എന്ന പോലെ ജാൻവി ഒന്ന് കൂടി അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു പറഞ്ഞു…
“”അച്ഛൻ എന്താ എന്റെ മോനോട് ഇങ്ങനെ സംസാരിക്കുന്നത് എന്ന് അറിയാൻ ഒരിക്കൽ നീ അച്ഛന്റ സ്ഥാനത്ത് വരണം… ഭാര്യയുടെയും മകന്റെയും വാശിയുടെ ഇടയിൽ….
പിന്നെ എന്റെ മോൻ മനസിലാക്കിയത് ഒന്നും അല്ല അച്ഛൻ… ഇനിയും നീ ഒരുപാട് ആ മനുഷ്യനെ മനസിലാക്കാൻ ഉണ്ട്… എല്ലാം അതിന്റെ സമയമാകുമ്പോൾ നടക്കും… ആ നിമിഷം നീ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്റെ അച്ഛനെ ആയിരിക്കും… അത് ഈ അമ്മയ്ക്ക് ഉറപ്പാണ്…
ഇപ്പോൾ മോൻ കുറച്ചു നേരം കൂടി കിടന്നോ.. അമ്മയ്ക്ക് അടുക്കളയിൽ ജോലി ഉണ്ട്.. അച്ഛന് രാവിലെ പോകണം… അമ്മ അച്ഛന് കൊണ്ട് പോകാൻ ഉള്ള ആഹാരം ഉണ്ടാക്കട്ടെ കേട്ടോ…””
ഇതും പറഞ്ഞു ജാൻവി അവന്റെ നെറ്റിയിൽ ചുംബിച്ചു അടുക്കളയിലേക്ക് പോയപ്പോൾ അവൾ പറഞ്ഞതിന്റെ അർത്ഥങ്ങൾ തേടുകയായിരുന്നു അവൻ…
🌺🌺🌺🌺🌺🌺
ICU വിനു മുൻപിൽ എല്ലാ ദൈവങ്ങളെയും വിളിച്ചു നിന്നപ്പോൾ തന്റെ അച്ഛന് ഒന്നും വരരുതേ എന്നായിരുന്നു അവന്റെ പ്രാർത്ഥന… മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇരുന്നിടത്തു നിന്ന് അനങ്ങാതെ ഇരിക്കുന്ന അമ്മയെ കണ്ട് അവൻ ആകെ പേടിച്ചു…
അപ്പോഴാണ് ഒരു നേഴ്സ് ICU വിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നത്…
“”ഡോക്ടർ നിങ്ങളെ അകത്തേക്ക് വിളിക്കുന്നു… വാ..””
കേൾക്കേണ്ട താമസം അച്ചുവിന്റെ ഒപ്പം ജാനിയും കേറി അകത്തേക്ക്…
“”സീ മിസ്റ്റർ അഥർവ്… ട്യൂമർ റിമൂവ് ചെയ്യുക എന്നല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല.. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് എല്ലാം ഞങ്ങൾ ചെയ്തു… നിങ്ങൾക്ക് അദ്ദേഹത്തിനെ കയറി കാണണം എങ്കിൽ കാണാം. അവസാനമായി സർജറി മാത്രം ഉള്ളു ഞങ്ങളുടെ മുന്നിൽ… അതും 50-50..””
ലോകം തന്നെ തല കീഴായി മറിയുന്നത് പോലെ തോന്നി അച്ചുവിന്… അമ്മയുടെ മുഖത്തേക്ക് നോക്കാൻ കൂടിയുള്ള ധൈര്യം അവന് ഇല്ലാരുന്നു…
എങ്കിലും എവിടെ നിന്നൊക്കെയോ ധൈര്യം സംഭരിച്ചു അവൻ ജാനിയെ കൊണ്ട് അകത്തേക്ക് കയറി…
ഒരുപാട് വയറുകൾ പിടിപ്പിച്ചു കിടക്കുന്ന അച്ഛനെ കണ്ട് അവന്റെ രണ്ട് കണ്ണും നിറഞ്ഞൊഴുകിയപ്പോൾ ജാൻവി നിർവികാരമായി കൈലാസിനെ നോക്കി നിന്നു…
“”അച്ഛന്റെ മോൻ വന്നേ.. ഒരു കാര്യം പറയട്ടെ…”” കൈലാസിന്റെ ശബ്ദം കേട്ടതും അച്ചു അച്ഛന്റെ അരികിലേക്ക് ചെന്നു ആ കൈയിൽ പിടിച്ചു…
“”അച്ഛൻ എന്റെ മോനെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്.. അതൊക്കെ ഒരിക്കലും നിന്നോട് സ്നേഹം ഇല്ലാത്തത് കൊണ്ട് അല്ല.. ഒരുപാട് സ്നേഹം ഉള്ളത് കൊണ്ട് മാത്രം ആണ്.. പിന്നെ ഞാൻ പറയുമ്പോൾ ഉള്ള നിന്റെ വിഷമം അമ്മയുടെ മടിയിൽ കിടക്കുമ്പോൾ മാറും.. പക്ഷേ എന്റെ ജാനി ആണ് നിന്നെ വഴക്ക് പറയുന്നത് എങ്കിൽ അത് എന്റെ മോനു സഹിക്കില്ലല്ലോ.. കാരണം നീ അമ്മക്കുട്ടൻ അല്ലേ…
അച്ഛൻ ഇനി തിരിച്ചു വരുമോ എന്ന് ഉറപ്പില്ല… ഒരു കാര്യം മാത്രമെ അച്ഛന് നിന്നോട് പറയാൻ ഉള്ളു… അമ്മയെ പൊന്ന് പോലെ നോക്കണം.. ഒരിക്കൽ എല്ലാവരെയും ഉപേക്ഷിച്ചു അച്ഛന്റെ കൂടേ ജീവിക്കാൻ വേണ്ടി ഇറങ്ങി വന്നവളാണ്… ഇത് വരെ കണ്ണ് നിറയാൻ ഞാൻ അനുവദിച്ചിട്ടില്ല… പലപ്പോഴും നിന്നെക്കാൾ ഉപരി മോന്റെ അമ്മയെ പരിഗണിച്ചത് അച്ഛന്റെ സ്വാർത്ഥത ആണെന്ന് തന്നെ കൂട്ടിക്കോ… ഏത് അവസ്ഥയിലും അമ്മയെ തള്ളി പറയരുത്.. അമ്മയുടെ കണ്ണ് നിറയാൻ ഇട വരുത്തരുത്… മോന്റെ അമ്മ ഒരു പാവം ആണ്… നിന്നോട് ഉള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് അവൾ ഓരോ നിബന്ധനകൾ വെക്കുന്നത്.. അല്ലാതെ അത് ഒരിക്കലും മോനെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല… നിന്നെ അല്ലാതെ വേറെ ആരെ ആണെടാ ഞങ്ങൾ വിശ്വസിക്കേണ്ടത്…””
അത് കഴിഞ്ഞാണ് കൈലാസ് അകത്ത് നിൽക്കുന്ന ജാൻവിയെ നോക്കിയത്.. അവൻ ഒന്ന് കൈ പൊക്കി വിളിച്ചപ്പോഴേക്കും അവൾ അവന്റെ നെഞ്ചിൽ വീണിരുന്നു….
“”എന്റെ പെണ്ണ് ഇങ്ങനെ കരയല്ലേ.. നീ അല്ലേ നമ്മുടെ മോനു ധൈര്യം കൊടുക്കേണ്ടത്… എനിക്ക് ഒന്നുല്ലല്ലോ… ഒരു സർജറി കഴിയുമ്പോൾ ഞാൻ ഓക്കേ ആകും… ഇനി എനിക്ക് എന്തെങ്കിലും പറ്റിയാൽ തന്നെ നിന്റെ വാശി ഒക്കെ കളഞ്ഞു അവന്റെ ഇഷ്ടങ്ങൾ നടക്കട്ടെ എന്ന് വിചാരിക്കണം കേട്ടോ…നമ്മുടെ മോൻ അല്ലേ…””
അത്രയും ആയപ്പോഴേക്കും ഒരു നേഴ്സ് വന്നു അവരോട് പുറത്തേക്ക് നിൽക്കാൻ പറഞ്ഞു….
🌺🌺🌺🌺🌺
ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ നിൽക്കുമ്പോഴും ജാൻവിയുടെ കൈ താലി മാലയിൽ ആരുന്നു…
സത്യം പറഞ്ഞാൽ ആ മകൻ മനസിലാക്കുകയായിരുന്നു തന്റെ മാതാപിതാക്കളുടെ സ്നേഹം..പരസ്പരം പകർന്നിരുന്ന വറ്റാത്ത പ്രണയം… എന്തിനും അച്ഛൻ ആരുന്നു അമ്മയുടെ ലോകം… അച്ഛനെ വിഷമിപ്പിക്കുന്നത് ഒന്നും അമ്മയോ, അമ്മക്ക് വിഷമം ആകുന്നത് ഒന്നും അച്ഛനോ ചെയ്തിരുന്നില്ല…
സ്ത്രീധനത്തിന് വേണ്ടി പെണ്ണിനെ കൊല്ലാനും മടി ഇല്ലാത്ത കാലത്ത് സ്ത്രീ ആണ് ധനം എന്ന് വിശ്വസിച്ച ഒരാൾ… ഭാര്യക്ക് വേണ്ടി മകന്റെ മുന്നിൽ സ്ട്രിക്ട് ആയ അച്ഛൻ… തന്റെ എന്ത് ആഗ്രഹവും നിമിഷങ്ങൾക്ക് ഉള്ളിൽ സാധിച്ചു തരുന്നവൻ… ഓരോ രാത്രിയും താൻ ഉറങ്ങി എന്ന് വിചാരിച്ചു നെറുകയിൽ തന്ന ചുംബനങ്ങൾ…
തന്റെ നല്ലതിന് വേണ്ടി ദേഷ്യത്തിന്റെ മുഖം മൂടി അണിയുമ്പോൾ സങ്കടപെട്ടത് ആ മനസ് തന്നെ ആണെന്ന് വളരെ വൈകി ആണ് അവൻ അറിഞ്ഞത്…
അമ്മയുടെ കൂടേ അവിടെ ഇരിക്കുമ്പോൾ അവൻ ഒരു കൈ കൊണ്ട് ജാൻവിയെ ചേർത്തു പിടിച്ചു… അപ്പോഴും ഉള്ളിൽ അറിയാം.. അച്ഛന്റെ കൈകൾ നൽകുന്ന സുരക്ഷിതത്വം ഒരിക്കലും തനിക്ക് നൽകാൻ ആകില്ലയെന്ന്….
🌺🌺🌺🌺🌺🌺
ഗൗരിയുടെ ശബ്ദം ആണ് അവനെ സ്വപ്‌നങ്ങളിൽ നിന്ന് ഉണർത്തിയത്…
“”എന്താ അച്ചേട്ടാ.. ഇത്ര ആലോചന??? എന്നോട് കൂടി പറ…””
“”ഒന്നുല്ല പെണ്ണെ… അമ്മ എവിടെ???””
“”അമ്മയും അച്ഛനും അവിടെ കല്ലു മോളുടെ കൂടേ കളിക്കുന്നു… അവളുടെ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലേ അച്ചാച്ചനും അച്ഛമ്മയും…””
ഗൗരി കാണിച്ച സ്ഥലത്തേക്ക് നോക്കിയതും അറിയാതെ തന്നെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
മൂന്ന് വയസ് ഉള്ള കല്യാണി എന്ന കല്ലു മോളുടെ കൂടേ കളിക്കുന്ന അവളുടെ അച്ചാച്ചനും അച്ഛമ്മയും.. കാര്യമായ പാചകത്തിൽ ആണ് മൂന്ന് പേരും… പാചകത്തിനു ഉപയോഗിക്കുന്ന സാധനങ്ങൾ ഇലകളും മണ്ണും ഒക്കെ ആണെന്ന് മാത്രം….
അമ്മയുടെ പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ടു കൈലാസ് പതിയെ ജീവിതത്തിലേക്ക് വന്നു… എങ്കിലും ഏതിനും തണൽ ആയി അമ്മ ഉണ്ടാരുന്നു അച്ഛന്റെ കൂടേ…
സ്വയം ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് അവൻ ജീവിതം അറിയാൻ തുടങ്ങിയത്… കല്യാണം കഴിഞ്ഞു കല്ലു മോൾ ആയി, അവളുടെ ഓരോ വാശികൾക്കും ഗൗരിക്ക് വേണ്ടി വഴക്ക് പറഞ്ഞപ്പോൾ എല്ലാം അവൻ മനസിലാക്കി തന്റെ അച്ഛന്റെ അവസ്ഥ… അന്ന് ഒരിക്കൽ അമ്മ പറഞ്ഞ വാചകത്തിന്റെ അർത്ഥവും…
“”നീ ഒരു അച്ഛൻ ആകുമ്പോൾ അറിയാം നിന്റെ അച്ഛന്റെ മനസ്….””
അതേ.. അച്ഛൻ എന്നും ഒരു വികാരം ആണ്.. അച്ഛൻ എന്ന തണൽ ഏതൊരു മക്കളുടെയും ഭാഗ്യവും…
അവസാനിച്ചു