നരേന്ദ്രന്റെ പെണ്ണ്
രചന: നന്ദു അച്ചു കൃഷ്ണ
“”ഏത്… ആ വിധവയോ…..””
“”അവളാണോ ഒളിച്ചോടിയെ…..””
“”എപ്പോ………..,””
“”ആരുടെ കൂടാ ഓടിപ്പോയെ …..””
“”ആരാ പറഞ്ഞേ….””
ചായക്കടയിൽ ചർച്ചകൾ പൊടിപൊടിക്കുന്നുണ്ടായിരുന്നു….
അപ്പോഴാണ് പിള്ളേച്ചൻ റോഡിലൂടെ പോകുന്ന ദേവസിയെ കണ്ടേ…..
“”ദേവസിയേട്ടാ… ഇങ്ങളറിഞ്ഞോ.. ആ നരേന്ദ്രന്റെ പെണ്ണ് ഒളിച്ചോടിപ്പോയി…””
“”ആര്… ആ വിധവയോ…””
“”ആന്നേ….””
“”അല്ലേലും അവളെ കണ്ടാലറിയില്ലാരുന്നോ അവളൊരു പോക്ക് കേസാണെന്ന്…””
“”വന്നുകേറി മൂന്നുകൊല്ലം തികയും മുന്നേ കെട്ട്യോനെ കൊ ന്നു… ദാ ഇപ്പൊ ആറുമാസം തികയും മുന്നേ ഒളിച്ചോട്ടവും… ഇവളെയൊക്കെയുണ്ടല്ലോ മുള്ളും മുരിക്കിൽ കെട്ടിയിട്ടടിക്കണം.. നല്ലവണ്ണം ജീവിക്കുന്ന പെൺപിള്ളേരെ കൂടെ പറയിപ്പിക്കാൻ…ശ്ശേ…””
“”ഹോ എന്നാലും കുറെ കടുപ്പമായിപ്പോയി…. ഈ പെൺപിള്ളേരൊക്കെ ഇങ്ങനെ തുടങ്ങിയാലെങ്ങനാ.. അല്ലെ….””
“”അല്ല… അവള് ആരുടെ കൂടാ പോയെന്നുവല്ലോം അറിഞ്ഞോ….””
“”അപ്പൊ അതറിഞ്ഞില്ലേ… ആ ശിവന്റെയൊപ്പമാ പോയെ….””
“”ഏത് ശിവൻ… നരേന്ദ്രന്റെ ചങ്കോ….””
“”ആ… അവൻ തന്നെ…..””
“”അതിപ്പോ കൂട്ടുകാരൻ പോയപ്പോ… അവനവൾക്കൊരു കൂട്ടുകൊടുത്തു… അതിത്ര വലിയ തെറ്റാണോ.. ആണോ നായരെട്ടാ…..””
“”ഓഹ്…. ന്തോന്നു തെറ്റ്….. ആറുമാസം ഒറ്റക്കവൾ കിടന്നില്ലെടാ.. അവൾക്കും വേണ്ടെടാ ആണൊരുത്തന്റെ ചൂടും ചൂരുമൊക്കെ ….””
“””ഹ… ഹഹ….. ഹഹ…..””
അന്നത്തെ ദിവസം മുഴുവൻ ചൂടുള്ള ചായക്കൊപ്പം പോയ കടി, പരിപ്പുവടയോ ഉഴുന്നുവടയോ പഴംപൊരിയോ ഒന്നുമായിരുന്നില്ല… മറിച്ചു നരേന്ദ്രന്റെ പെണ്ണായിരുന്നു…
മോശം പറയരുതല്ലോ, സംഭവത്തിന് വല്ലാത്ത വിറ്റുവരവായിരുന്നു… ഒരുപാട് കാലത്തിനു ശേഷം നായരുടെ ചില്ലുകൂടുകൾ അന്നു കാലിയായി… എണ്ണ കുതിർന്ന പേപ്പർ മാറ്റുന്നതിനിടയിൽ നായർ, മുന്നിൽ കത്തിച്ചു വെച്ചിരിക്കുന്ന ഗുരുവായൂരപ്പന്റെ ഫോട്ടോയിലേക്കൊന്നു നോക്കി…
“”ആഴ്ചയിൽ ഒരു പെണ്ണിന്റെയെങ്കിലും ഒളിച്ചോട്ടാമോ, ഏതെങ്ങെങ്കിലുമൊരു അവിഹിതമോ, ഒന്നും പറ്റിയില്ലേൽ ഒരു കുഞ്ഞു റേപ്പോ, പോലെ ന്തെങ്കിലുമൊരു കൊസറാകൊള്ളി ഒന്നൊപ്പിച്ചു തരണേ ഗുരുവായൂരപ്പാ.. വാർത്തയില് സത്യമൊന്നുമില്ലെങ്കിലും ഞാനതങ് പൊലിപ്പിച്ചോളാം.. രണ്ടാള് ചേർന്ന് വല്ലോരുടെയും കുറ്റം പറയുന്ന കേട്ടാൽ നാലാളു അതെന്താണെന്നറിയാൻ ചുറ്റും കൂടും.. പിന്നീട് പത്തുപേരതങ്ങു എറ്റെടുക്കും.. പിന്നെയത് ചർച്ചയായി തർക്കമായി തീരുമാനമായി… ഹോ, രാവിലെ മുതൽ ന്റെ ചായക്കട മൊത്തം ആളായിരിക്കും… ഇന്നത്തെപോലെ പത്തു കാശ് മെസേമേല് വീഴുവേം ചെയ്യും ..”” പൊഴിയാൻ ബാക്കിയുള്ള ആറേഴ് പല്ലുകൾ പുറത്തുകാട്ടി അയാൾ വെളുക്കെ ചിരിച്ചു നിന്നു…
“””ഈ പോക്ക് പോയാൽ തനിക്ക് ഞാൻ കുറേ ഉണ്ടാക്കി തരും.. തന്റെ കണക്ക് പുസ്തകം ഞാൻ എഴുതിക്കൂട്ടി കണക്കാക്കുന്ന ദിവസം ഉണ്ടല്ലോ, പൊന്നു മോനെ കൃഷ്ണൻകുട്ടി, തന്നെ ഞാൻ ജീവനോടെ എണ്ണയിലിട്ടു വറക്കും.. സമയം ഒന്ന് ആയിക്കോട്ടെന്ന് കരുതി ഞാൻ വെയിറ്റിംഗ്ലാ… ഹും… പണി പുറകെ വരുന്നുണ്ട് അവറാച്ച സ്റ്റൈലിൽ , നായരെ നോക്കി ഒന്നുപുച്ഛിച്ചു കൊണ്ട് ഗുരുവായൂരപ്പൻ കടയിൽ നിന്നിറങ്ങിപ്പോയി..””
“”അല്ലേലും ജീവിതത്തിൽ ആരാണ് മനസ്സമാധാനം ആഗ്രഹിക്കാത്തത് …””
“”എന്താ ശിവാ നിന്റെ ഉദ്ദേശം…. രാവിലെ നീയൊരുത്തിയേ വിളിച്ചുകൊണ്ടകത്തിരുത്തിയിട്ട് ഇറങ്ങി പോയ പോക്കാ… ആ കൊച്ചിനിമിഷംവരെ ഒന്നും സംസാരിച്ചിട്ടില്ല.. ഒരു വറ്റ് കൈകൊണ്ട് തൊട്ടിട്ടില്ല…””
മുന്നിൽ നിൽക്കുന്ന അച്ഛന്റെ ചോദ്യത്തിൽ ശിവൻ അദ്ദേഹത്തെ ഒന്ന് നോക്കി അകത്തേക്ക് നടന്നു … പുറകെ അച്ഛനും അമ്മയും അവന്റെ പെങ്ങളും…
മുറിയിലെ വെട്ടം തെളിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി… രാവിലെ ഇരുന്ന ഇരിപ്പാണന്ന് തോന്നുന്നു.. ഇതുവരെ ആഹാരം കഴിക്കാത്തതിന്റെ ക്ഷീണം മുഖത്ത് വ്യക്തമായി ഉണ്ട്… മയക്കം പിടിക്കാൻ തുടങ്ങിയ കണ്ണുകളിൽ നോക്കിക്കൊണ്ട് തന്നെ അവൻ അവളെ വിളിച്ചുണർത്തി…
“”ഗായത്രി…. ഗായത്രി…””
“”മ്മ്…””
“” എഴുന്നേൽക്ക് എന്തെങ്കിലും കഴിക്കാം..””
“” വേണ്ടാ..””.അവൾ ദയനീയമായി അവനെ നോക്കി…
“”ന്താ നിരാഹര വൃതമാണോ നിനക്ക് …””
അവള് മറുപടിയൊന്നുമില്ലാതെ മുഖം താഴ്ത്തി…
“”ബാ എഴുന്നേൽക്ക്..””
അവനെ അനുസരിച്ചുകൊണ്ട് എഴുന്നേൽക്കാൻ നോക്കിയതും അവള് തലചുറ്റി അവന്റെ കൈകളിലേക്ക് വീണു..
“”ഗായത്രി.. ഗായത്രി.. ടോ… അമ്മേ.. ചിപ്പി ഇത്തിരി വെള്ളമെടുത്തെ…””
മുഖത്തേക്ക് വെള്ളം വീണതും അവള് കണ്ണുചിമ്മി..
കണ്ണുതുറന്നപ്പോൾ കാണുന്നത് ദേഷ്യം കൊണ്ടു മുറുകിയ മുഖവുമായി നിൽക്കുന്ന ശിവനെയാണ്..
“”ഇവരൊക്കെ പകല് ഒരുപാട് തവണ കഴിക്കാൻ വിളിച്ചിട്ടും താൻ ചെന്നില്ലെന്നറിഞ്ഞു.ഗായത്രി ഈ പരുപാടി ഇന്ന് കൊണ്ടു നിർത്തിക്കോണം…കേട്ടല്ലോ..””
അവള് തലയാട്ടി…
കഴിച്ചു കഴിഞ്ഞതും ശിവൻ ചിപ്പിയെ പിടിച്ചുനിർത്തി.. “”മോൾടെ ഒന്ന് രണ്ടു ഡ്രസ്സ് അവൾക്കുപയോഗിക്കാൻ കൊടുക്കണം..എട്ടന് കൂപ്പില് ലേലം പിടിച്ചത് കച്ചവടമായാലേ കയ്യില് കാശെത്തുള്ളൂ.. അതാണ്… പിന്നേ ഇന്നുമുതൽ അവളുമുണ്ടാകും മുറിയിൽ, മോൾക്കൊപ്പം…””
ചിപ്പി എന്തോ ചോദിക്കാൻ വന്നത് പകുതി നിർത്തിക്കൊണ്ട് അകത്തേക്ക് പോയി…
കുറച്ചു കഴിഞ്ഞും തന്നെ ചുറ്റിപ്പറ്റി നിക്കുന്ന അച്ഛനെയും അമ്മയെയും കണ്ടു ശിവൻ അവർക്കരികിലേക്ക് ചെന്നിരുന്നു…
“”ചോദിച്ചോളൂ…””
“”അതുവേണ്ടാ നീ പറഞ്ഞോളൂ… “” മടിയിലേക്ക് കിടന്ന ശിവന്റെ മുടിയിൽ തഴുകി അമ്മ പറഞ്ഞു…
“”അവളെ നിങ്ങൾക്കറിയാത്തതൊന്നുമല്ലല്ലോ.. ഒരു പരിധിയിലും താഴെ പാവം കുട്ടിയാ.. അതാണവളുടെ ശാപവും…പതിനെട്ടാമത്തെ വയസ്സിൽ കല്യാണം.. 21 തികയും മുന്നേ വിധവ… കഷ്ടം, അല്ലെ അമ്മേ…””
“”മ്മ്…””
“”ആ വീട്ടില് അവൾടെ അവസ്ഥ വല്ലാതെ മോശം ആയിരുന്നമ്മേ… പത്തിനെട്ടാമത്തെ വയസ്സിൽ ജോലികഴിക്കും പോലെ അതിനെ കെട്ടിച്ചു വിട്ടു.. കെട്ടിയോൻ ചത്തിട്ടും മോള് അവന്റെ വിധവയായി അവിടെ തന്നെ നിന്നോട്ടെന്ന് കരുതി അതിനെ ആ വീട്ടിലുപേക്ഷിച്ചു സ്വന്തം വീട്ടുകാർ…””
“”നരേന്ദ്രന്റെ വീട്ടുകാര് നല്ലാൾക്കാരല്ലേ മോനെ….”
“”അവന്റെ അച്ഛനുമമ്മയുമൊക്കെ നല്ലത് തന്നെ.. പക്ഷെ… ഹാ അതു വിട്.. അവളെന്തായാലും ഇനിമുതൽ ഇവിടെ കാണും… ഇനി നമ്മളായിരിക്കും അവളുടെ കുടുംബം…”” അത്രയും പറഞ്ഞു ശിവൻ എഴുന്നേറ്റു…
“”മോനെ നാട്ടുകാർ..””
“”അവർക്ക് പുതിയൊരു ഇരയെ കിട്ടും വരെയേ ഉള്ളൂ ഈ ബഹളങ്ങളൊക്കെ … അതു കഴിഞ്ഞാ ഇതു വിട്ടു അതിനു പുറകെ പൊക്കോളും… അല്ലെ അച്ഛാ… ആ പിന്നേ, അവളെന്തേലും ഇങ്ങോട്ട് പറയുന്നുണ്ടേൽ കേട്ടാൽ മതിയേ… ഒന്നുമങ്ങോട്ട് ചോദിക്കണ്ട, ചിപ്പിയോടും കൂടെ പറഞ്ഞേരെ…..””
“”മ്മ്…””
“”സതീശേട്ടാ, നാട്ടുകാര് പോട്ടെന്നു വെക്കാം.. കുടുംബക്കാരോട് ന്ത് പറയും….””
“പിന്നേ കുടുംബക്കാരല്ലേ ഈ വീട്ടിലേ ചിലവിനന്വേഷിക്കുന്നെ.. ഒന്ന് പോടീ.. ഇനിയാർക്കേലും ചൊറിച്ചില് വല്ലാണ്ട് കൂടുതലുണ്ടെൽ ശിവനോട് ചോദിക്കാൻ പറഞ്ഞാൽ മതി.. അവനത് മെനക്ക് തീർത്തുകൊടുത്തോളും…സമയമൊരുപാടായി.. താൻ വന്നു കിടക്കാൻ നോകിയെ…””
പിറ്റേന്ന് വല്ലാതെ താമസിച്ചാണവള് എഴുന്നേറ്റത്.. നാളുകൾക്ക് ശേഷം സുഖമായി ഉറങ്ങി… കണ്ണുതുറന്നു മച്ചിലേക്ക് നോക്കികിടക്കുന്ന ഗായത്രിയെയും കണ്ടുകൊണ്ടാണ് ചിപ്പി മുറിയിലേക്ക് കേറിവന്നത്…
“”ഉറക്കം തെളിഞ്ഞോ..””
“”അതു.. ഞാൻ…””
“”ഏയ്.. ചേച്ചി ഇങ്ങനെപേടിക്കയൊന്നും വേണ്ടാ.. ഉറങ്ങി തീരും വരെ വിളിക്കേണ്ടെന്നാ എട്ടൻ പറഞ്ഞിരുന്നേ… ഉറക്കം തെളിഞ്ഞെങ്കിൽ വാ.. ന്തെങ്കിലും കഴിക്കാം…””
ഇതേസമയം നരേന്ദ്രന്റെ വീട്ടില്,
“”ഇത്രയും ദിവസം നീയെവിടെയാരുന്നു ഇന്ദ്ര ….””
“”അതു.. അതൊരു ഫ്രണ്ടിന് പെട്ടെന്നൊരു ആക്‌സിഡന്റ്…””
പറഞ്ഞുതീർന്നതും ലക്ഷ്മിയമ്മയവനെ കരണം പുകച്ചടിച്ചു…
“”അമ്മേ…””
“”മിണ്ടിപ്പോകരുത്…””
“”പ്രായത്തിൽ ഇളയതായിരുന്നെങ്കിലും അവൻ മരിക്കുന്നവരെ നീയവളെ ചേട്ടത്തിയെന്നു തന്നല്ലേടാ വിളിച്ചേ.. ആ അവളെത്തന്നെ വേണമായിരുന്നോടാ നിനക്ക് കേറിപ്പിടിക്കാൻ… “” പറഞ്ഞുതീരുകയും അടുത്ത കവിളിലും അടി വീണിരുന്നു….
“”അമ്മേ.. അതു ഞാൻ.. വല്ലാതെ കഴിച്ചപ്പോ നിത്യയാണെന്ന് കരുതി….അറിഞോണ്ടല്ല…””
“”നിന്റെ ന്യായം കൊള്ളാം.. വെള്ളമടിച്ചാ നിനക്കാളുമാറുമെങ്കിൽ നാളെ അപ്പൊ ഞാനാകുമെല്ലോ ആ സ്ഥാനത്തു….””
“”അമ്മേ….””
“”ന്താടാ കേട്ടപ്പോ പൊള്ളിയോ…””
അവന്റെ മുഖം താഴ്ന്നു…
“”ഞാൻ ഇറങ്ങുന്നു… ഇതു തരാൻ വേണ്ടിമാത്രമാണ് കാത്തു നിന്നത്..”” നിത്യ കയ്യിലിരുന്ന താലി ഇന്ദ്രനെ ഏൽപ്പിച്ചു…
“”നിത്യ… പ്ലീസ്.. അറിയാതെ ഒരബദ്ധം പറ്റിയതാ.. ഇനി… ഇനിയൊരിക്കലും… പ്ലീസ്… നമ്മുടെ കുഞ്ഞിനെ കരുതിയെങ്കിലും….””
“”ആ കുഞ്ഞിനെ കരുതി തന്നെയാണ് ഇങ്ങനൊരു തീരുമാനം ഇന്ദ്രേട്ടാ …നാളെ എനിക്ക് ജനിക്കുന്നത് ഒരു പെൺകുട്ടിയാണെങ്കിൽ, നിങ്ങൾ എത്ര നന്നായീന്നു പറഞ്ഞാലും എന്റെ ഉള്ളിന്റെ ഉള്ളിൽ എപ്പോഴുമൊരു പേടി ഒളിഞ്ഞിരിക്കും.. അതെന്നെ ഒരൊ നിമിഷവും കൊന്നോണ്ടിരിക്കും.. എനിക്കു വയ്യ ഇന്ദ്രേട്ടാ ഇഞ്ചിഞ്ചായി മരിക്കാൻ…””
“”എന്നെ … എന്നെ വീട്ടിലൊന്നു കൊണ്ടാക്കുമോ അച്ഛാ…””
തലക്ക് കയ്യും കൊടുത്തു സെറ്റിയില്കിരിക്കുന്ന ഇന്ദ്രന്റെച്ഛന്റ്റെരുകിലേക്ക് നിത്യ ചെന്നു…
“”അച്ഛനുമമ്മയും എന്റെ മുന്നിലിങ്ങനെ തലകുനിഞ്ഞു നിക്കല്ലേ.. എനിക്കത് കണ്ടിട്ട് സഹിക്കുന്നില്ല…””
“”മോളേ…””
“”ഒന്നും പറയേണ്ട അച്ഛാ.. നിങ്ങളൊരിക്കലും നിങ്ങളുടെ മോന്റെ ഈ പ്രവർത്തിയിൽ തെറ്റുകാരല്ല… നിങ്ങള് രണ്ടുപേരും നിങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസവും, നല്ല ശീലങ്ങളും തന്നെയാണ് പഠിപ്പിച്ചുകൊടുത്തത്.. പക്ഷെ എത്ര നല്ല ഫലം തരുന്ന മാവിലും കാണില്ലേ പുഴുക്കുത്തുള്ള ഒന്ന് രണ്ടെണ്ണമെങ്കിലും.. ഇതിനെയും അതായി കണ്ടാൽ മതി..”” ഇന്ദ്രനെ നോക്കിയൊന്നു പുച്ഛിച്ചുകൊണ്ട് അവൾ ആ അച്ഛന്റെ കണ്ണുകൾ തുടച്ചു….
“”മോള് ഇവിടുന്ന് പോയാലും, ഞങ്ങളുടെ മകൾ തന്നെയാണുട്ടോ…””
“”അതെന്നും അങ്ങനെ തന്നെയാരിക്കും അച്ഛാ… ഇവിടുന്ന് പോകുന്നത് അച്ഛന്റെ മകന്റെ ഭാര്യ പദവി ഉപേക്ഷിച്ചാണെന്ന് മാത്രേയുള്ളു… ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളുടെ മകള് തന്നെയാരിക്കും..നിങ്ങള് രണ്ടുപേരും എന്നും ഈ കുഞ്ഞിന്റെ അപ്പൂപ്പനും അമ്മൂമ്മയുമായിരിക്കും …””
“”മോളേ…””
“”ഇറങ്ങാം അച്ഛാ… ഈ മുഖം ഇനിയും കണ്ടോണ്ടിരിക്കാൻ വയ്യ…””
“”മ്മ്.. പോകാം മോളേ…””
ഇറങ്ങും മുന്നേ നിത്യ ഇന്ദ്രനെ തിരിഞ്ഞു നോക്കിയില്ല.. കൈവെള്ളയിലിരുന്ന ജീവിതവും, സ്വന്തം കുഞ്ഞും എന്നന്നേക്കുമായി കണ്മുന്നിൽനിന്നുമകന്നുപോകുന്നത് നോക്കി ഒന്നും ചെയ്യാൻ കഴിയാതെ ഇന്ദ്രനേങ്ങി….
രാത്രിയിൽ ചിപ്പിയോടൊപ്പം കിടക്കും നേരമാണ് ഗായത്രി അവളോടെല്ലാം പറഞ്ഞത്…
“”മകൻ മരിച്ചിട്ടും ഗായത്രിയുടെ കുടുംബതത്തിലെ പ്രാരാബ്ദം കാരണം നരേന്ദ്രന്റെ അമ്മയും അച്ഛനുമവളെ വീട്ടിൽ തന്നെ പിടിച്ചു നിർത്തിയതും മകളുടെ സ്ഥാനത്തു കണ്ടതും കോളേജിൽ പിന്നെയും പഠിക്കാൻ വിട്ടതുമൊക്കെ അവള് ചിപ്പിയോടെണ്ണി …””
“”ആദ്യമൊക്കെ ഇന്ദ്രൻ നല്ലകരീതിയിൽ തന്നെയാണ് പെരുമാറിയത്.. പതിയെ സ്വഭാവം മാറി.. അതു വികൃതമായെന്നറിയുന്നത് ആരും വീട്ടിലില്ലാതിരുന്ന നേരം നോക്കി തന്നെ കീഴടക്കാൻ ശ്രെമിക്കുമ്പോ മാത്രമാണ്…””
“”പിന്നവിടെ നിക്കാൻ മനസ് വന്നില്ല…. പക്ഷെ അമ്മ സമ്മതിക്കിന്നുണ്ടായിരുന്നില്ല.. അങ്ങനെ സത്യമെല്ലാം അമ്മയുടെ മുൻപിൽ തുറന്നു പറയേണ്ടി വന്നു.. ഒക്കെ പറഞ്ഞു തീർന്നപ്പോൾ കണ്ടു നിത്യയെയും.. ഒരുമകൻ ആക്‌സിഡന്റിൽ നഷ്ടമായി.. ബാക്കിയുള്ള ഒന്നിനെയും കൂടെ അവരിൽ നിന്നും പിരിക്കാൻ കഴിയതോണ്ട് മാത്രം അവിടുന്ന് ഇറങ്ങി.. ചെന്നത് വീട്ടില്.. ആദ്യം കണ്ട സ്നേഹം അവിടെ നിൽക്കാൻ പോകുവാണെന്ന് പറഞ്ഞപ്പോൾ വീട്ടുകാരുടെ മുഖത്തു നിന്നും മായുന്നത് കണ്ടു.. പിന്നീട് രണ്ടു ദിവസം പെൺകുട്ട്യോൾ കുറച്ചൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നുമൊക്കെ നടിച്ചു ജീവിച്ചാലെ കുടുംബജീവിതം നന്നായിപോകുന്നുള്ള ക്ലാസ്സ് അനിയത്തിമാർക്കമ്മയെപ്പോഴും നൽകുന്നത് കണ്ടു… ഉപദേശം അവർക്കാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും എന്നെയാണുദ്ദേശിക്കുന്നതെന്ന് മനസ്സിലായപ്പോ ജീവിതത്തോട് തന്നേ ആകെ മടുപ്പ് തോന്നി… അപ്പൊ പിന്നെ ആർക്കും വേണ്ടാത്ത ഈ ജീവിതമങ്ങു അവസാനിപ്പിച്ചേക്കാമെന്നു കരുതി..””
“”അങ്ങനെയാ നിലംകൊല്ലി മടയിലേക്ക് പോയെ.. ആ കൊക്കയിലേക്ക് വീണാൽ ശവം പോലും കിട്ടില്ലല്ലോ.. അപ്പൊ പിന്നേ ശവം ദഹിപ്പിക്കേണ്ട കാര്യവും വരുന്നില്ലല്ലോ.. അതാകുമ്പോ എല്ലാർക്കും ഉപകാരമായി … പക്ഷെ ആ രാത്രിയിൽ ചെന്നുപെട്ടത് കൂപ്പു ലേലം കഴിഞ്ഞുവരുന്ന ശിവൻചേട്ടന്റെ മുന്നിലേക്ക.. പിന്നെയൊക്കെ നിങ്ങൾക്കറിയാലോ.. അന്നെന്നെ തിരിച്ചുകൊണ്ട് വരും വഴി,ആ രാത്രിയിൽ കുറച്ചു നാട്ടുകാർ ന്നേ എട്ടന്റെ കൂടെ കണ്ടിരുന്നു.. അതോടെ ഒളിച്ചോട്ടമായി.. അവിഹിതമായി…”” ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു..
“”മോള് കരയാതെ.. ഇവിടുന്നെന്തായാലുമാരും മോളെ ഇറക്കി വിടില്ല .. ആ ഉറപ്പ് അമ്മ തരാം..””
പിന്നീടങ്ങോട്ട് ശിവനെയും ഗായത്രിയേം ചേർത്തു കരക്കമ്പികളുടെ പ്രവാഹമായിരുന്നു… നേരത്തെ അവര് പ്രേമിച്ചു നടന്നതാണെന്നും, കല്യാണത്തിന് ശേഷവും ബന്ധം തുടർന്നപ്പോ രണ്ടൂടെ നരേന്ദ്രനെ തട്ടിയതാണെന്നുമൊക്കെയായി ആകെ പുകിലായിരുന്നു.. ഇതിനിടയിൽ പലരോട് ചേർത്തു ഒരു പത്തു ഗർഭകഥളും അടിച്ചിറക്കാൻ അവര് മറന്നില്ല …
ഇതിനിടയിൽ ശിവന്റെയും ഗായത്രിയുടെയും കല്യാണകാര്യം പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടു.. അപ്പോഴൊക്കെ അവരത് തള്ളിവിട്ടു കൊണ്ടിരുന്നു ..
ഗായത്രിയേ ശിവൻ വീണ്ടും പഠിക്കാൻ വിട്ടു… അവളെക്കൊണ്ട് ഡിഗ്രിയും pg യും എടുപ്പിച്ചു … ഇതിനിടയിൽ വരുന്ന psc എക്സമുകളെല്ലാമെഴുതിച്ചു രണ്ടുപേരെയും കൊണ്ട്… ഒന്ന് രണ്ടെണ്ണം റാങ്ക് ലിസ്റ്റിൽ വന്നെങ്കിലും പിന്നീടുള്ള കലാപരിപാടിക്കിടെയിൽ അതു റദാക്കപ്പെട്ടു.. പക്ഷെ അപ്പോഴേക്കും ജീവിതത്തിൽ വിജയിച്ചു മുന്നേറാനുള്ള വാശി, ഗായത്രി നേടിയെടുത്തിരുന്നു… വീണ്ടും പഠിച്ചെഴുതി.. അവസാനം പഞ്ചായത്ത് ഓഫീസിൽ ക്ലറിക്കൽ പോസ്റ്റിലേക്ക് എത്തും വരെ അവള് തന്റെ പരിശ്രമം തുടർന്നു….
പിന്നെയും ഒരു വർഷം കഴിഞ്ഞു ….ആദ്യം മുതലേ നരേന്ദ്രന്റെ അച്ഛനുമമ്മയുമൊക്കെ ശിവന്റെ വീട്ടിലേ നിത്യ സന്ദർശകർ ആണ്….
അങ്ങനെ ഒരു ദിവസത്തെ ഒത്തുകൂടലിൽ ശിവൻ എല്ലാരോടുമായി കാര്യമാവതരിപ്പിച്ചു… “”എല്ലാരുമുണ്ടെല്ലോ ഇപ്പൊ … കുറച്ചൂടെ കഴിയുയമ്പോ നമ്മുടെ ഗായത്രിയെ കാണാൻ ഒരു കൂട്ടര് വരും… “”
“”കൂട്ടരോ… ന്തിന്…”” ചോദ്യം നരേന്ദ്രന്റെ അച്ഛന്റെ ഭാഗത്തു നിന്നായിരുന്നു…
“”പെങ്കുട്ട്യേ എന്തിനാ കാണാൻ വരുന്നേ… അതിന് തന്നെ…””
“”കല്യാണാലോചനയോ…””
“”മ്മ്… അതെ…””
“”അപ്പൊ നിങ്ങൾ തമ്മിൽ… നിങ്ങള് തമ്മിൽ ഇഷ്ടത്തിലല്ലേ..””
“”ആഹാ… അപ്പൊ നിങ്ങളൊക്കെ ഇപ്പോഴും അതും കരുതിയിരിക്കുവാണോ… ഞങ്ങൾക്ക് പരസ്പരം ഇഷ്ടമുണ്ട്.. പക്ഷെ അതു പ്രണയമോ കല്യാണം കഴിക്കാനോ ഒന്നുമല്ല.. പരസ്പരം എല്ലാ ബഹുമാനവും കലർന്നൊരിഷ്ടം …””
“”ഗായത്രിയോട് പറയേണ്ടേ…””
“”മ്മ്… പറഞ്ഞു….””
“”അവള് സമ്മതിച്ചോ….””
“”മ്മ്… ഒരല്പം പാടുപെടേണ്ടി വന്നു… പക്ഷെ സമ്മതിച്ചു… പണ്ടത്തെ എട്ടും പൊട്ടും തിരിയാത്ത കുട്ടിയൊന്നുമല്ലല്ലോ… ആവശ്യത്തിനു പഠിത്തം ഉണ്ട്.. ജോലിയായി.. പത്തുപേരെ എന്നും കണ്ടു സംസാരിക്കുന്നുണ്ട്.. അപ്പൊ അതിന്റേതായ മാറ്റങ്ങൾ കാണുമെല്ലോ…””
കുറച്ചു കഴിഞ്ഞപ്പോൾ അവര് വന്നു… ശിവന്റെ സുഹൃത്തായിരുന്നു ചെക്കൻ, അരുൺ .. ടൌൺ സ്കൂളിൽ മാഷാണ് ….
പരസ്പരം സംസാരിക്കും നേരം ഗായത്രി തന്റെ അതുവരെയുള്ള കാര്യങ്ങളെല്ലാം അരുണിനോട് പറഞ്ഞു… ശിവനൊപ്പം ചേർന്നു വിളിക്കുന്ന പേരുവരെ..
“”ഒക്കെയെനിക്കറിയാം… ന്റെ വീട്ടുകാർക്കും.. ശിവൻ ന്റെ ആത്മാർത്ഥ സുഹൃത്താണ്.. അതുകൊണ്ടു തന്നെ അവന്റെ വാക്കുകളെ പൂർണ്ണ വിശ്വാസമാണെനിക്ക്… എന്തായാലും…അവന്റെ പേരിൽ നമ്മള് തമ്മിലൊരു വഴക്കുണ്ടാകില്ല.. ആ ഉറപ്പ് ഞാൻ തരാം “
“അപ്പൊ വഴക്കേ ഉണ്ടാകില്ലെന്നാണോ…”
“”ഉണ്ടാവുല്ലോ … ഉറപ്പായും ഉണ്ടാകും… ഒരു വഴക്കുണ്ടാക്കാനൊക്കെയാണോടോ കാരണം വേണ്ടേ.. ഈ കല്യാണമൊന്ന് കഴിഞ്ഞോട്ടെ.. നമുക്കൊരായിരമെണമെങ്കിലുമുണ്ടാക്കാന്നേ..”” അരുൺ ഉറക്കെ ചിരിച്ചു…
അവന്റെ ചിരിയേ ഗായത്രി നോക്കി നിന്നു…
“”മനസ്സ് തുറന്നുള്ള ചിരി…””
പിന്നെയെല്ലാം പെട്ടെന്നായിരുന്നു… കല്യാണം ഉറപ്പുച്ചു…
രാത്രിയിൽ ഉറങ്ങാൻ പോകും നേരം ദേഹണ്ണപ്പിരയിലെ സംസാരം ഗായത്രി അറിയാതെ കേൾക്കാനിടയായി..
“”സത്യം ശിവാ.. ഞങ്ങളൊക്കെ കരുതിയത് നിങ്ങള് തമ്മിൽ പ്രേമത്തിലാണെന്നാ… നീയെ ആവളെ കെട്ടൂന്നാ… പക്ഷെ ഇതിപ്പോ നീ തന്നെ മുന്നിൽ നിന്ന് കല്യാണം നടത്തുന്നു.. ന്താടാ ഇങ്ങനൊക്കെ…””
“”അതങ്ങനെയാ അപ്പു… അവളെ ഞാൻ ആദ്യമായി കാണുമ്പോ ഓള് ന്റെ കൂട്ടുകാരന്റെ ഭാര്യായാ…. പിന്നെയവൻ പോയി, മരിക്കാൻ തുടങ്ങിയവളെ ജീവിതത്തിലേക്ക് പിടിച്ചു കേറ്റുമ്പോൾ ഞാൻ കണ്ടത് ന്റെ ചിപ്പി മോളെ തന്നെയാ.. വർഷങ്ങൾ ഇത്രേം കഴിഞ്ഞിപ്പോ തിരിഞ്ഞു നോക്കുമ്പോ ഞാനവളിലിന്നു കാണുന്നത് ന്റെ നല്ല കൂട്ടുകാരിയെയാണ് … ഇതിനിടയിലൊരിക്കൽ പോലും ഞങ്ങൾക്കിടയിൽ പ്രണയമെന്നൊരു വികാരം വന്നിട്ടില്ല.. അങ്ങനൊരു തോന്നലുണ്ടായെങ്കിൽ ഉറപ്പായും ഞങ്ങൾ വിവാഹിതരായേനെ… പക്ഷെ സത്യമാണെടാ, ആ ജാതി ചിന്തകളൊന്നും ഞങ്ങൾക്ക് ഉണ്ടായിട്ടില്ല…””
ഇതിനിടയിൽ ആരൊ ശിവനോട് വിളിച്ചു ചോദിക്കുന്ന കേട്ടു…
“”ടാ നരേന്ദ്രന്റെ പെണ്ണിന് പൊന്നെത്ര കൊടുക്കുന്നുണ്ട്…””
“”ആര് ദേവസിയേട്ടാ….””
“”അല്ല നരേന്ദ്രന്റെ പെണ്ണിനെ… സ്ത്രീധനം… കല്യാണത്തിന്… “” അയാൾ തലയും ചൊറിഞ്ഞോണ്ട് ശിവനരികിലേക്ക് വന്നു…
“”ആദ്യം തന്നെ നാളെ കല്യാണം നരേന്ദ്രന്റെ പെണ്ണിനല്ല… ഗായത്രിക്കാണ്… പിന്നേ സ്ത്രീധനം, സ്ത്രീ തന്നല്ലേ ധനം… അതിൽ കൂടുതൽ നമ്മളിപ്പോ ന്തു കൊടുക്കാനാ ന്റെ ദേവസിയേട്ടാ …””
“”ആ.. അതും നേരാ.. സ്ത്രീയാണ് ധനം… ഹും… “”ഒട്ടും ഇഷ്ടമില്ലാത്ത എന്തോ കേട്ട പോലെ മുഖവും കോട്ടിക്കൊണ്ട് ദേവസി പോയി..
എല്ലാം കേട്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ ഗായത്രി മുറിയിലേക്ക് പോയി.. ഉറങ്ങാൻ കിടക്കുമ്പോൾ അവളിൽ സന്തോഷമായിരുന്നു.. നല്ല നാളെയുടെ പ്രേതീക്ഷകളായിരുന്നു.. ഒരിക്കൽ മാറ്റുള്ളവർക്കു മുന്നിൽ തോൽക്കാൻ നിന്നുകൊടുത്തു മരണം സ്വീകരിക്കാൻ തുടങ്ങിയ നിമിഷത്തെ അവൾ ശപിച്ചു .. എല്ലാരും ഉപേക്ഷിച്ചപ്പോൾ വഴികാട്ടിയായി വന്ന ശിവന് മനസ്സാൽ നന്ദി പറഞ്ഞു …പയ്യെ പയ്യെ ഉറക്കം കണ്ണിൽ പിടിച്ചു…..അവൾ സമാധാനത്തോടെ ഉറങ്ങി… പ്രേതീക്ഷയുടെ പുതിയൊരു പുലരിയിലേക്ക് ഉണരുവാനായി….
ഇഷ്ടമായാൽ ഒരു വാക്ക് 😍