ജീവിതം
രചന: സൂര്യകാന്തി (ജിഷ രഹീഷ് )
“അങ്ങനെ ദേവിക ഒരു മുഴം കയറിൽ ആ ജീവിതം അവസാനിപ്പിച്ചു.. അയാളോടുള്ള അവളുടെ പ്രതികാരം.. അവളെയോർത്ത് ഉരുകിയുരുകി കിഷോറിന്റെ പിന്നീടുള്ള രാത്രികൾ ഉറക്കമില്ലാത്തതായി..”
അയാൾ സംതൃപ്തിയോടെ എഴുതി അവസാനിപ്പിച്ചു.. അവളുടെ കഥ..
പാതിരാവിലെപ്പോഴോ,സുഖസുഷുപ്തിക്കിടയിലാണ് അയാൾക്ക് അരികെയാരോ ഇരിക്കുന്നത് പോലെ തോന്നിയത്.. കണ്ണുകൾ പാതി തുറന്നതും..അരികിലൊരു പെണ്ണ്..
“ആ.. ആരാ..?”
“ഞാനോ… ഞാൻ ദേവിക…”
“ദേവി.. ദേവിക..”
“അതേ.. ദേവിക. എന്റെ കഥയല്ലേ നിങ്ങളെഴുതി അവസാനിപ്പിച്ചത്..”
അയാളുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു..അവൾ ചിരിച്ചു..
“ഞാൻ കിഷോറിന്റെ അടുത്ത് പോയിട്ട് വരുവാ.. അയാൾ ഉറക്കമില്ലാതെ കിടക്കുവല്ല.. രണ്ടാം ഭാര്യയെയും കെട്ടിപ്പിടിച്ചു സുഖമായിട്ട് ഉറങ്ങുവാ..”
അവൾ എഴുന്നേറ്റു.. കണ്ണുകളൊന്ന് ജ്വലിച്ചുവോ.. അയാൾ ഒന്നൂടെ ചുരുണ്ടു കൂടിയിരുന്നു.. തൊണ്ട വരണ്ടു..അവൾ ചിരിച്ചു.. പരിഹാസമായിരുന്നതിൽ..
“ഞാൻ തൂ ങ്ങി മരിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ അയാൾ കൂട്ടുകാരനോട് പറഞ്ഞത് എന്താണന്നറിയോ..?”
“മാരണം ഒഴിഞ്ഞു പോയത് നന്നായി.. അല്ലേൽ മനുഷ്യന് പണിയായേനെ.. കൊറച്ചു പെട്രോൾ ചെലവാക്കേണ്ടി വന്നേനെ.. ഇതിപ്പോ ശല്യം തീർന്നു.. നാട്ടാരുടെ മുറുമുറുപ്പൊന്ന് തീർന്നിട്ട് വേണം അടുത്തേനെ സെറ്റാക്കാൻ.. പെണ്ണിനാണോ ഇവടെ പഞ്ഞം..”
അവൾ എന്റെ നേരെ തിരിഞ്ഞു..
“പ്രാണനെ പോലെ സ്നേഹിച്ചവൻ പറഞ്ഞത്.. ആർക്കുവേണ്ടിയാണോ കുടുംബവും കൂടപ്പിറപ്പുകളെയും ഉപേക്ഷിച്ചു ഞാൻ ഇറങ്ങി വന്നത്.. അയാളാണ് പറഞ്ഞത് ഞാനൊരു ശല്യമായിരുന്നെന്ന്..”
അവളുടെ ശബ്ദം ഒന്നിടറിയോ..? അയാൾ ശ്രെദ്ധിച്ചിരുന്നില്ല… ഭയം മാത്രമേ അപ്പോളയാൾ അറിഞ്ഞിരുന്നുള്ളൂ..
“അയാളുടെ കാലടിക്കീഴിൽ ചതഞ്ഞരയുമ്പോൾ അച്ഛന്റെയും അമ്മയുടെയും കാൽക്കൽ വീണൊന്ന് മാപ്പ് പറയാൻ തോന്നിയിട്ടുണ്ട്.. അത്രയ്ക്ക് പറഞ്ഞിരുന്നു അന്നെന്റച്ചൻ അയാളോടൊപ്പം പോവരുതെന്ന്..”
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
“കേട്ടില്ല.. പ്രണയമായിരുന്നു വലുത്.. പക്ഷെ ജീവിതം തുടങ്ങിയപ്പോഴാണ് എല്ലാം തിരിച്ചറിഞ്ഞത്.. എന്ത് ചെയ്യാൻ, ആരോടു പറയാൻ, എങ്ങോട്ട് പോവും.. പഠിത്തം പോലും പൂർത്തിയാക്കാതെയല്ലേ അയാളോടൊപ്പം ഇറങ്ങി വന്നത്..ഒടുവിൽ അയാൾ മറ്റൊരുത്തനെയും കൊണ്ടു വന്നു കൂടെക്കിടക്കാൻ പറഞ്ഞപ്പോ..”
അവൾ സ്വയമെന്നോണം പറഞ്ഞു..
” അയാളുടെ വിജയിച്ചവന്റെ ചിരി കാണുമ്പോൾ തോന്നാറുണ്ട് ചാകരുതായിരുന്നു.. ജീവിക്കണമായിരുന്നു.. എല്ലാം മനസ്സിലാക്കിയപ്പോഴെങ്കിലും രക്ഷപ്പെടണമായിരുന്നു.. പക്ഷെ..”
ശബ്ദത്തോടൊപ്പം അവളുടെ രൂപവും പതിയെ പതിയെ മാഞ്ഞില്ലാതെയായി..അയാൾ ചാടിയെഴുന്നേറ്റു….
സ്വപ്നമായിരുന്നോ..? അല്ല ആ ശബ്ദം താൻ കേട്ടുവല്ലോ….
ജനലരികെ ആരോ നിൽക്കുന്നുണ്ട്. ഭയം കാലുകളെ പിന്നോട്ട് വലിച്ചെങ്കിലും അയാൾ പതിയെ അവിടെയെത്തി..നേരിയ നിലാവെളിച്ചത്തിൽ പുറത്തു നിന്നിരുന്നവളുടെ നിറഞ്ഞ കണ്ണുകൾ അയാൾ കണ്ടു.. നേർത്ത ശബ്ദം കേട്ടു..
“എന്നെ മനസ്സിലായില്ലേ.. ഞാൻ സുമ.. നിങ്ങളുടെ കഥയിൽ, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് തീവെച്ചു കൊന്നവൾ…”
അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.. അവൾ ചിരിച്ചു ആത്മനിന്ദയോടെ..
“ഇന്ന് അയാളുടെ രണ്ടാം വിവാഹമായിരുന്നു… സ്ത്രീധനം എന്നെക്കാൾ കൂടുതൽ കിട്ടിയിട്ടുണ്ട്.. അതിനനുസരിച്ചു അയാൾ രണ്ടാം ഭാര്യയെ സ്നേഹിക്കുന്നത് കണ്ടിട്ട് വരുന്ന വഴിയാണ്…”
അയാൾ അവളെ തന്നെ നോക്കി നിന്നു..
“എന്തൊക്കെയായിരുന്നു..സ്ത്രീപീ ഡകനെ മാതൃകാപരമായി ശിക്ഷിക്കാനുള്ള പ്രഹസനങ്ങൾ.. ജോലിയിൽ നിന്നും സസ്‌പെൻഷൻ..സ്ത്രീധനവിവാഹങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ, കവലപ്രസംഗങ്ങൾ, ഹാഷ് ടാഗുകൾ…”
അവളൊന്ന് ഉച്ചത്തിൽ ചിരിച്ചു..
“മറ്റൊരു ഹാഷ്ടാഗ് വന്നതോടെ എല്ലാരും എന്നെ മറന്നു.. പണം വാരിയെറിഞ്ഞു ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടവൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജോലിയിൽ തിരികെ കയറി.. ഇന്നിതാ കോടികൾ സ്ത്രീധനം വാങ്ങി ഒരു കളിപ്പാവയെ കൂടെ സ്വന്തമാക്കി…”
“നിന്റെ തെറ്റല്ലേ.. അയാൾ നിന്നെ ഉപദ്രവിച്ചപ്പോൾ നീ ആരോടെങ്കിലും പറഞ്ഞോ, രക്ഷപ്പെടാൻ ശ്രെമിച്ചോ…”
അവളുടെ മുഖമൊന്നു മങ്ങി…
“പറഞ്ഞില്ല.. ആരോടും ഒന്നും പറഞ്ഞില്ല.. ഉള്ളതൊക്കെ വിറ്റ് പെറുക്കിയാണ് അച്ഛൻ അത്രേമൊക്കെ തന്നത്.. ആദ്യരാത്രി മുതൽ തുടങ്ങിയതാണ് സ്ത്രീധനത്തിന്റെ പേര് പറഞ്ഞു ഉപദ്രവിക്കാൻ.. അയാളുടെ അമ്മയും അച്ഛനും പെങ്ങളുമൊക്കെ ഉപദ്രവിക്കാൻ കൂട്ട് നിൽക്കുമായിരുന്നു..ഇത്രയൊക്കെ തന്നു കെട്ടിച്ചയച്ചിട്ടും അയാളെ വേണ്ടെന്നു പറഞ്ഞു എങ്ങനെ വീട്ടിലേക്ക് കയറിചെല്ലും.. ആൾക്കാരെന്ത് പറയും..”
അവൾ എന്തോ ഓർമ്മയിലെന്ന പോലെ മെല്ലെ പറഞ്ഞു…
“ഒരിക്കൽ.. ഒരിക്കൽ ഞാൻ അമ്മയോട് പറഞ്ഞിരുന്നു..”
“എന്നിട്ട്…?”
അല്പം കഴിഞ്ഞാണവൾ മറുപടി പറഞ്ഞത്..
“പെണ്ണുങ്ങളായാൽ കൊറച്ചൊക്കെ സഹിച്ചു നിക്കണമെന്ന്..ആണുങ്ങളാവുമ്പോ അടിച്ചൂന്നൊക്കെ വരും.. അതും പറഞ്ഞു വീട്ടിൽ വന്നു നിക്കാമ്പറ്റോ…. ആൾക്കാർ നിന്റെ കുഴപ്പാണെന്നേ പറയൂ എന്നൊക്കെ പറഞ്ഞു അമ്മ …”
“എന്നിട്ട് നീ മരിച്ചപ്പോൾ ആൾക്കാരെന്ത് പറഞ്ഞു..?”
“പാവമായിരുന്നെന്ന്, രക്ഷപ്പെടാമായിരുന്നില്ലെന്ന്, ഡിവോഴ്സ് വാങ്ങി വീട്ടിൽ വന്നു നിന്നൂടായിരുന്നോന്ന്, പഠിപ്പുണ്ടായിരുന്നല്ലോന്ന്..”
അവൾ ചിരിച്ചു..
“നീയെന്താ ചിരിക്കുന്നേ..?”
“അതിന്റെ രണ്ടാഴ്ച്ച മുൻപേയാണ് ഞാൻ ഷീജേച്ചിയെ കണ്ടത്..”
“ആരെ..?”
“ഞങ്ങടെ വീടിന്റെ അടുത്താ.. അവരുടെ കെട്ട്യോൻ അവരെ കൊല്ലാകൊല ചെയ്യുമായിരുന്നു.. രക്ഷപ്പെട്ടോടി വന്നതാ.. കൊച്ചുങ്ങളേം കൊണ്ടു..”
“എന്നിട്ടെന്താ…?”
“എന്താകാൻ,അയാളെ വിട്ട് ചേച്ചി വീട്ടിൽ വന്നു നിന്നപ്പോൾ കുറ്റം മുഴുവനും ചേച്ചിയ്ക്കായിരുന്നു.. ചേച്ചിയുടെ സ്വഭാവദൂഷ്യം കൊണ്ടു അയാൾ ഉപദ്രവിച്ചതാണെന്നും ചേച്ചിയ്ക്ക് വേറെ ബന്ധമുണ്ടെന്നും വരെ പറഞ്ഞുണ്ടാക്കി…”
“ആ ചേച്ചി കുട്ട്യോളേം കൊണ്ടു ജീവനൊടുക്കി കാണും..”
“ഇല്ല..'”
അവൾ മെല്ലെ തലയിളക്കി..
“പിന്നെ…?”
“ചേച്ചി ടൗണിൽ ഒരു കടയിൽ ജോലിയ്ക്ക് പോയി തുടങ്ങി… നാട്ടുകാർ പല കഥകളും ഉണ്ടാക്കി.. ചേച്ചി മൈൻഡ് ചെയ്തില്ല.. അവരുടെ പിന്നാലെ നടന്നു നിരാശരായവർ പുതിയ കഥകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.. ചേച്ചി സ്വന്തമായി അധ്വാനിച്ചു കുഞ്ഞുങ്ങളെയും കൊണ്ടു ജീവിക്കുന്നു..
അവളുടെ ശബ്ദത്തിലെ നിരാശ അറിഞ്ഞാണയാൾ ചോദിച്ചത്..
“ചെയ്തത് തെറ്റായിപ്പോയീന്ന് തോന്നുന്നുണ്ടോ.…?”
അവളുടെ മുഖം കുനിഞ്ഞു..
“നഷ്ടം എനിക്ക് മാത്രമായിരുന്നു.. അച്ഛനും അമ്മയും ഇടയ്ക്കൊക്കെ എന്നെയോർത്ത് കരയും.. അയാൾ സുഖമായി ജീവിക്കുന്നു.. എന്നെ ഓർക്കാറു പോലുമില്ല.. നാട്ടുകാരും..”
ഇടറിയ സ്വരത്തിനൊപ്പം മാഞ്ഞ ആ മുഖത്തിന് പകരം പ്രത്യക്ഷമായത് അയാൾക്കേറെ പരിചയമുള്ളവളായിരുന്നു..അയാൾ ആകാംക്ഷയോടെ അവളെ നോക്കി..
“റോസ്‌ലിൻ… നീ എബിയെ കാണാറുണ്ടോ..?”
അവൾ അയാളെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല..
“പാവം തകർന്നു പോയിക്കാണും.. നിന്നെ ഒത്തിരി സ്നേഹിച്ചിരുന്നതല്ലേ..?”
അവൾ പൊട്ടിച്ചിരിച്ചു..
“അയാൾ വേറെ കെട്ടി, ഒരു കുട്ടിയുമായി..”
“അയാളോ..?നീയെല്ലേ പറഞ്ഞത് ഉപദ്രവിക്കാറുണ്ടെങ്കിലും അയാൾക്ക് നിന്നോട് അടക്കാനാവാത്ത സ്നേഹമാണെന്ന്..”
“അയാൾ സ്വയമല്ലാതെ വേറെയാരെയും സ്നേഹിച്ചിരുന്നില്ല..പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ സമ്മതിച്ചിരുന്നില്ല..ദേഷ്യം വരുമ്പോൾ എന്നെ കൊല്ലാകൊല ചെയ്യുമായിരുന്നു.. കുറച്ചു കഴിഞ്ഞു എന്റെ കാലിൽ വീണു കരയുമായിരുന്നു… വിട്ടുപോകരുതെന്ന് പറയുമായിരുന്നു… ഞാൻ മാത്രേ ഉള്ളൂവെന്ന് പറയുമായിരുന്നു..”
“നിന്നെ വീട്ടുകാർ വിളിച്ചതല്ലേ.. അയാളെ കളഞ്ഞിട്ട് വരാൻ പറഞ്ഞല്ലേ..?”
“ഞാൻ വിട്ടിട്ട് പോയാൽ ചത്തു കളയുമെന്ന് അയാൾ പറഞ്ഞിരുന്നു..ഞാനില്ലാതെ അയാൾക്ക് ജീവിക്കാൻ പറ്റില്ലെന്ന് ഞാനും കരുതി..അത്രയ്ക്ക് ഞാനയാളെ സ്നേഹിച്ചിരുന്നുവല്ലോ…”
സ്വന്തം പെണ്ണിനെ ദേഷ്യം വന്നപ്പോൾ അടിനാഭിയ്ക്ക് തൊഴിച്ചു കൊന്നവൻ.. അത്രമേൽ അവൾ സ്നേഹിച്ചിരുന്നവൻ..
അവളുടെ തേങ്ങൽ പതിയെ കാറ്റിൽ അലിഞ്ഞു ചേർന്നു…
പിറകിലാരോ നിൽക്കുന്നത് പോലെ തോന്നിയപ്പോഴാണ് അയാൾ തിരിഞ്ഞത്.. പൊള്ളിയടർന്ന മുഖം കണ്ടിട്ടും അയാൾ ഞെട്ടിയില്ല… അയാൾക്കവളെ അറിയാമായിരുന്നു..
സ്റ്റവ് പൊട്ടിത്തെറിച്ചു മരിച്ചവൾ.. രാധ..
“ഞാൻ.. ഞാനെന്റെ മോനെ കണ്ടിട്ട് വരുവാ..”
അവൾ കരഞ്ഞു തളർന്നിരുന്നു…
“അയാൾ വേറെ കല്യാണം കഴിച്ചു.. അമ്മ പറഞ്ഞത് പോലെ നല്ല സ്ത്രീധനമൊക്കെ വാങ്ങിയിട്ട്.. അയാളുടെ രണ്ടാം ഭാര്യയ്ക്ക് എന്റെ കുഞ്ഞിനെ കണ്ടൂടാ.. കൊച്ചുകുഞ്ഞാണെന്ന് ഓർക്കാതെ ഉപദ്രവിക്കും, പട്ടിണിയ്ക്കിടും…”
“അയാളൊന്നും പറയില്ലേ..?”
“അയാൾക്കും അമ്മയ്ക്കും പുതിയ ഭാര്യയെ പേടിയാണ്.. അവരെക്കാൾ പണക്കാരിയാണ്.. അവൾ പറയുന്നതിനപ്പുറം ആരും പോവില്ല..…”
അവൾ തേങ്ങി കരഞ്ഞു…
“ഇന്ന്.. ഇന്നെന്റെ കുഞ്ഞിന് ഒന്നും തിന്നാൽ കൊടുത്തിട്ടില്ല.. അയാളും അവളും കഴിക്കിന്നിടത്ത് ചെന്നു നോക്കി നിന്നിട്ടും ഒന്നും കൊടുത്തില്ല.. അവൾ ആട്ടിയോടിച്ചു.. അയാളത് കണ്ട ഭാവം പോലും കാണിച്ചില്ല..”
അവളുടെ കരച്ചിൽ ഉച്ചത്തിലായി.. അയാളും വല്ലാതായിപ്പോയി..
“എന്റെ കുഞ്ഞ് കരയുവാ…. ഒരുപിടി വറ്റിനു വേണ്ടി…”
കവിളുകൾ തുടയ്ക്കുന്നതിനിടെ അവൾ പറഞ്ഞു..
“അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രെമിച്ചിരുന്നുവെങ്കിൽ.. ഇന്നെന്റെ കുഞ്ഞിനു ഈ ഗതി വരില്ലായിരുന്നു.…”
ഭർത്താവിന്റെ അമ്മയുടേതായിരുന്നു ആ പൊട്ടിത്തെറിച്ച സ്റ്റവിന് പിന്നിലെ സൂത്രധാരണം.. അയാളുടെയും പങ്കാളിത്തം ഉണ്ടായിരുന്നുവത്രേ…മകന്റെ നിലയ്ക്കും വിലയ്‌ക്കുമനുസരിച്ചുള്ള സ്ത്രീധനം കിട്ടിയിരുന്നില്ല പോലും..
രാധയ്ക്ക് പിറകിലായി അയാൾ കണ്ടു മിന്നിമായുന്ന അനേകം മുഖങ്ങൾ.. അവർക്കിടയിൽ അയാൾ സുഹറയേയും കണ്ടു..
ഭർത്താവ് ചിരവ കൊണ്ടടിച്ചു കൊന്നവൾ.. പതിനെട്ടാം വയസ്സിൽ വിവാഹിതയായവൾ.. വിവാഹത്തലേന്ന് അയാൾ കൊള്ളരുതാത്തവനാണെന്ന് ആരോ പറയുന്നത് അവൾ മാത്രമല്ല വീട്ടുകാരും കേട്ടിരുന്നു.. ആരും ഒന്നും പറഞ്ഞില്ല..അവൾക്ക് താഴെ മൂന്ന് പെൺകുട്ടികൾ കൂടെ അവിടെ ഉണ്ടായിരുന്നുവല്ലോ….
വിവാഹം കഴിഞ്ഞന്ന് തുടങ്ങിയ പീഡനങ്ങൾ തുടർകഥയായിരുന്നുവെങ്കിലും സ്വന്തം വീട്ടിൽ ഈ കാര്യം മിണ്ടാൻ പോലും അവൾക്കാവുമായിരുന്നില്ല..രണ്ടു പെൺകുഞ്ഞുങ്ങൾ കൂടെ പിറന്നതോടെ എന്തും സഹിച്ചു അവിടെ പിടിച്ചു നിൽക്കുക എന്നൊരു മനോഭാവം കൂടെ അവൾക്ക് കൈ വന്നിരുന്നു..
“നിങ്ങളെന്തിനാ സഹിച്ചു നിന്നെ..?പണിയ്ക്ക് പോയി അയാളേം കൂടെ തീറ്റിപ്പോറ്റേണ്ട കാര്യമുണ്ടായിരുന്നോ..?”
എന്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി എനിക്കോർമ്മയുണ്ടായിരുന്നു..
” രണ്ടു പെണ്മക്കളല്ലേ.. വളർന്നു വരുമ്പോ വാപ്പ വേണ്ടേ.. അതുങ്ങളെ കെട്ടിക്കുമ്പോ ചോയ്ക്കീലേ വാപ്പ ഏടേന്നു.. പോരാത്തേന് ന്റെ വീട്ടില് വേറേം മൂന്ന് പെങ്കുട്ട്യേളും…. “
അയാളുടെ ഉപദ്രവങ്ങളൊക്കെ സഹിച്ചു,ദുരിതക്കടൽ നീന്തിയവർ,ആ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി.. ഒടുവിൽ,കെട്ടുപ്രായം തികഞ്ഞ പെൺകുട്ടികൾക്ക് വിവാഹലോചനകൾ വരാൻ തടസ്സമായത് വാപ്പയുടെ സ്വഭാവദൂഷ്യങ്ങളും..മൂത്ത മോൾക്ക്,ഏതാണ്ട് ഉറപ്പിച്ച ഒരു കല്യാണാലോചനയെയും അതിന്റെ ചിലവുകളെയും പറ്റി പറഞ്ഞപ്പോഴാണ് കുട്ടികളുടെ വാപ്പ ചിരവ കൊണ്ടടിച്ചു കൊന്നത്…
അയാൾക്ക് ചുറ്റും തേങ്ങലുകൾ ഉയർന്നു കൊണ്ടിരുന്നു..
മികവുറ്റ നർത്തകിയായിരുന്നു സ്വാതി.. അവളുടെ നൃത്തം കണ്ടു ഇഷ്ടപ്പെട്ടായിരുന്നു വരുൺ ആദ്യം പ്രണയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും അവളെ കൂട്ടിയത്.. പക്ഷെ അവൾക്ക് കിട്ടിയ അംഗീകാരങ്ങൾ, പ്രോത്സാഹനങ്ങൾ.. പതിയെ അയാളെ അസ്വസ്ഥനാക്കാൻ തുടങ്ങിയിരുന്നു.. ആദ്യം അവളുടെ ചിലങ്കകളെയും പിന്നെ വ്യക്തിത്വത്തിനെ തന്നെയും അയാൾ തടവിലാക്കി.. ഒടുവിൽ കടുത്ത വിഷാദ രോഗവും മാനസിക സമ്മർദ്ദവും അവളെ ആത്മഹത്യയിലേക്ക് കൂട്ടിക്കൊണ്ട് പോയി .. വർഷമൊന്ന് തികയുന്നതിനു മുൻപേ വരുൺ മറ്റൊരു പെൺകുട്ടിയുടെ ആരാധകനായി മാറിയിരുന്നത്രെ..
ഭർത്താവിന്റെ പീ ഡനങ്ങൾ സഹിച്ചു സഹിച്ചു മനസ്സ് മരവിച്ചു പ്രതികരണശേഷി പോലും ഇല്ലാതായി പോയവൾ.. സമീര..
ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ പോലീസിൽ പരാതി നൽകിയതിന് അയാൾ അടിച്ചുകൊന്നവൾ.. നസീറ…
എണ്ണമില്ലാത്ത മുഖങ്ങൾ തെളിഞ്ഞുമാഞ്ഞു കൊണ്ടേയിരുന്നു അയാൾക്ക് ചുറ്റും..
ആ തേങ്ങലുകൾ കേൾക്കാതിരിക്കാൻ ചെവികൾ പൊത്തിപ്പിടിക്കുമ്പോൾ അയാളുടെ മനസ്സിൽ അവളായിരുന്നു.. ഗായത്രി..തന്റെ മുൻഭാര്യ..
തന്റെ പീഡനങ്ങൾ സഹിക്കാനാവില്ലെന്ന് പറഞ്ഞു ഇറങ്ങിപ്പോയവൾ.. അവൾക്കെതിരെ കള്ളകഥകളുണ്ടാക്കി നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാനായെങ്കിലും അവളെ തോൽപ്പിക്കാനായില്ല… അവൾ ജയിച്ചവളായിരുന്നു..തന്റെ ജീവന്റേയും ജീവിതത്തിന്റെയും ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന് തിരിച്ചറിഞ്ഞവളായിരുന്നു..
************************
നിങ്ങൾ വായിച്ചു മടുത്ത വിഷയമാവാം എന്നാലും എഴുതാതിരിക്കാൻ കഴിഞ്ഞില്ല.. കാരണം ജീവിതത്തിന്റെ മദ്ധ്യാഹ്നവും കഴിഞ്ഞു വേർപിരിഞ്ഞ അച്ഛനമ്മമാരുടെ മകളാണ്.. അവർക്കിടയിൽ പ്രെഷർ കുക്കർ പോലുള്ളൊരു വീട്ടിൽ വെന്തു വെന്തു കഴിഞ്ഞവളാണ്..
ആർക്കും വേണ്ടിയും അബ്യൂസീവായൊരു ബന്ധത്തിൽ നിങ്ങൾ ശ്വാസം മുട്ടിക്കിടക്കരുത്.. പ്രത്യേകിച്ചു മക്കൾക്ക് വേണ്ടി.. കാരണം അതിലും വലിയൊരു ശിക്ഷ നിങ്ങൾക്ക് അവർക്ക് കൊടുക്കാനാവില്ല…
നിയമങ്ങൾ പലപ്പോഴും കടലാസുകളിലും വാക്കുകളിലും മാത്രം ഒതുങ്ങിപ്പോവുന്നൊരു നാട്ടിൽ നിങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങളോളം മാറ്റാർക്കുമില്ല….
കൂടെയുള്ളയാൾ എന്നെങ്കിലും മാറുമായിരിക്കുമെന്ന് വിശ്വസിച്ചു ജീവനും ജീവിതവും ഹോമിക്കാതെ ഏത് രീതിയിലാണെങ്കിലും രക്ഷപ്പെടാൻ ശ്രെമിക്കുക..
പെൺമക്കൾക്ക് വിവാഹത്തെക്കാൾ ആദ്യം വേണ്ടത് വിദ്യാഭ്യാസമാണ്, അവരെ ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ളവരായി വളർത്തുക.. പഠിക്കാൻ മിടുക്കില്ലെങ്കിൽ ഒരു കൈത്തൊഴിൽ എങ്കിലും പഠിപ്പിക്കുക..നാളെ ഒപ്പമുള്ളവൻ ഉപേക്ഷിച്ചാലും അല്ലെങ്കിൽ അവനെ ഉപേക്ഷിക്കേണ്ടി വന്നാലും പിടിച്ചു നിൽക്കാൻ അതവർക്ക് അത്യാവശ്യമാണ്.. അതൊരു മുൻകരുതലാണ്..
ഇതിനൊരു മറുപുറം കൂടെയുണ്ടെന്നതും മറക്കുന്നില്ല.. മറ്റൊരു പെണ്ണിന്റെ ജീവിതം നശിപ്പിക്കാൻ കൂട്ട് നിൽക്കുന്ന പെണ്ണുങ്ങളും,സ്വന്തം സുഖത്തിനു വേണ്ടി പിഞ്ചു കുഞ്ഞുങ്ങളെ എറിഞ്ഞും കഴുത്തു ഞെരിച്ചും കൊല്ലാൻ മടിയില്ലാത്ത അമ്മമാരും, കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു തള്ളാൻ തയ്യാറാവുന്ന ഭാര്യമാരും.. ലിസ്റ്റുകൾ നീളുന്നു..
സ്വന്തം ജീവന്റെയും ജീവിതത്തിന്റെയും ഉത്തരവാദിത്തം അവനവനിൽ കൂടുതലായി മാറ്റാർക്കുമില്ല..
Cover photo courtesy