എന്റെ മോന്റെ അമ്മ
രചന: Vijay Lalitwilloli Sathya
“അച്ഛ..നാളെയല്ലേ അമ്മയെ കാണാൻ പോകേണ്ട ദിവസം..?”
രണ്ടുവർഷമായി വിച്ചു മോൻ അമ്മയൊക്കെ കണ്ടിട്ട്..
അതുകേട്ട് ദേവൻ ചിരിച്ചു. നാലു വയസ്സുള്ള മോനെ ഇവിടെ ഇട്ടിട്ടു പോയതാണ്..
കല്യാണ സിഡിയിലും വിച്ചു മോന്റെ ഒന്നും രണ്ടും മൂന്നും വയസിൽ ഉള്ള ബർത്ഡേ ഫംഗ്ഷൻ വീഡിയോയിലും അവന്റെ അമ്മയുടെ സ്മരണയെ നിലനിർത്തിക്കൊണ്ട് രണ്ടുവർഷം മകനെ ആ ദുഃഖം അറിയിക്കാതെ വളർത്തി..
മാസത്തിൽ ഒരു പ്രാവശ്യം പോയി മകനെ കാണണമെന്ന് കോടതിവിധി ഉണ്ടെങ്കിലും വേറെ വിവാഹം കഴിഞ്ഞു മറ്റൊരുവന്റെ ഗർ ഭം ധരിച്ച സമയം ആയതുകൊണ്ട് അവൾ വരാൻ കൂട്ടാക്കിയില്ല..
പക്ഷേ ഇപ്പോൾ പ്രസവിച്ചിട്ടു ഒരു വർഷമായി.. ഇനിയൊരു വരുത്തും പോക്കും ഉണ്ടാവില്ല എന്ന് വിചാരിച്ചു.
അത്ഭുതപ്പെടുത്തികൊണ്ട് മിനിഞ്ഞാന്ന് അവളുടെ കോൾ വന്നു കുഞ്ഞിനേയും കൊണ്ട് പാർക്കിൽ ചെല്ലാൻ…! അവൾ വരുമത്രേ…
അതറിഞ്ഞപ്പോൾ തൊട്ട് ആ ഒന്നാം ക്ലാസുകാരൻ അതീവ സന്തോഷത്തിലാണ്..
സ്വത്ത് വകകൾ അന്യാധീനപ്പെട്ടു പോവുക എന്ന് കേട്ടിട്ടുണ്ട്.. ഭാര്യയും അന്യാധീനപ്പെടുക എന്ന ദുരവസ്ഥ ഏതായാലും തന്നെപ്പോലെ അപൂർവ്വം ചിലർക്കേ ഉണ്ടാവും.. നീലിമയെക്കുറിച്ചുള്ള ചിന്തകൾ ഒന്നിനുപുറകെ ഒന്നായി അയാളെ മഥിച്ചു കൊണ്ടിരുന്നു…
“ചേട്ടന്റെ പൂജാമുറിയിലെ വിളക്കൊക്കെ തുടക്കുമ്പോൾ എനിക്കൊരു ഐഡിയ വീണുകിട്ടി”
“എന്നാൽ പറയൂ”
“ദേവേട്ടൻ അല്ലേ പറഞ്ഞത് ഗ ർഭിണികൾ ഇങ്ങനെ കമിഴ്ന്ന് കിടക്കാൻ പാടില്ല എന്ന് കിടക്കാൻ വേണ്ടി ഞാനൊരു സൂത്രം കണ്ടുപിടിച്ചു.”
“എന്തോന്ന് നീലിമേ?”
ദേവൻ അത് ചോദിച്ചതും കട്ടിലിൽ മലർന്നു കിടക്കുകയായിരുന്നു ദേവന്റെ മുകളിൽ അവൾ കമിഴ്ന്ന് മുട്ടുകുത്തി മുഖം ദേവേട്ടൻ റെ മുഖത്തിന് നേരെ കൈകൾ രണ്ടും തലയിണയിൽ കുത്തി പിടിച്ചു കിടന്നു.
“ആഹാ ഇതാണോ ഐഡിയ…മാസം ഇത് എട്ടാ അത് ഓർമ്മ വേണം നമ്മുടെ കുഞ്ഞു..”
“അതിന് ഒന്നും പറ്റില്ല.. അവൾ ഇത്തിരി കുറുമ്പോടെ പറഞ്ഞു
കുറേനേരം അങ്ങനെ അവൾ കിടക്കും.
പ്രസവിക്കും വരെ നീലിമ വയർ എവിടെയും കൊള്ളാതെ തന്റെ മാ റിൽ അങ്ങനെ വിശ്രമിക്കും ആയിരുന്നു.
അവളുടെ വീട് ദൂരെ ഗ്രാമത്തിൽ ഒറ്റപ്പെട്ട ഒരിടത്ത് ആയതുകൊണ്ട് പത്താം മാസം വരെ ഇവിടെ തന്നെ ആയിരുന്നു
ഡെലിവറിക്ക് സമയമായപ്പോൾ തന്റെ അമ്മയെയും കൂട്ടിഅവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.
വിച്ചു മോന്റെ തലക്ക് അല്പം വളർച്ച കൂടുതൽ ആയിരുന്നു. നോർമൽ ആയി പ്രസവിക്കാൻ പറ്റിയില്ല.
ഡേറ്റ് ആയിട്ടും വലിയ പ്രസവ വേദനയില്ലാതെ ലേബർ റൂമിൽ നിന്നും മുക്കി മുക്കി കഴുത്തിന് നീര് വന്നപ്പോൾ ഡോക്ടർ പറഞ്ഞു സി സേറിയൻ വേണമെന്നു. വേദനയെ ഒരുപാട് ഭയക്കുന്ന അവൾക്ക് ഒരു അനുഗ്രഹമായി.
വിച്ചുവിന് നാലു വയസ്സുവരെ വലിയ പ്രശ്നം ഒന്നും ഇല്ലാതെ ജീവിതം മുന്നോട്ടുപോയി
തനിക്ക് എവിടെയാണ് പിഴച്ചത്?
എപ്പോഴാണ് ത്തന്നെ അവൾക്ക് വേണ്ടാതാകുന്നത് ?
സത്യത്തിൽ ഒരാൾക്ക് ഒരാളെ വേണ്ടെന്നു വെക്കാനുള്ള മനസ്ഥിതി എപ്പോഴാണ് ഉണ്ടാവുന്നത്?
പലപ്പോഴും പലരും തെറ്റായി വ്യാഖ്യാനിച്ചിട്ടുള്ള ഒരു ചോദ്യമാണത് .
നമ്മളെ കൊണ്ട് അവർക്കുള്ള ആവശ്യം കഴിയുമ്പോളെന്നാകും ആദ്യ ഉത്തരം .
നമ്മുടെ സ്ഥിതി മോശമാകുമ്പോളെന്നും ഉത്തരം പറഞ്ഞേക്കാം .
ഉപയോഗമില്ലാത്ത ആളായപ്പോൾ വേണ്ടാന്ന് വച്ചു എന്നതും കേട്ടിട്ടുണ്ട് .
എന്നാൽ ഒന്നുകൂടി ചിന്തിച്ചു നോക്കൂ …. നമ്മളെ ഒരാൾ ഒഴിവാക്കാൻ ശ്രമിച്ചാൽ അതിനർത്ഥം നമ്മൾ അയാൾക്ക് ഏതോ തരത്തിൽ പൊരുത്തപ്പെടാകാത്ത ഒന്നായി എന്നതല്ലേ ?
കുറച്ചുകൂടി ലളിതമാക്കിയാൽ നമ്മൾ അയാളെ ഏതോ തരത്തിൽ അറിഞ്ഞോ അറിയാതെയോ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടാകും. നമ്മുടെ സാമീപ്യം അവരുടെ സുഖമമായ വിഹാരത്തിന് തടസ്സവും ആകുന്നുണ്ടാവാം
അയാളുടെ സ്വാതന്ത്ര്യത്തിലോ ,വികാരങ്ങളിലോ ,ജീവിതത്തിലോ നമ്മൾ പരിധിക്കുമപ്പുറം ഇടപെടുന്നുണ്ടാകും .അതായത് നമ്മളെ ഒരാൾ ഒഴിവാക്കുന്നത് നമ്മുടെ തന്നെ തെറ്റാണ് !
ഇങ്ങനെയാണ് പലരും ഈ ഒഴിഞ്ഞു പോക്കിന് നിർവചിക്കുക.
ഇനി ,ഒഴിവാക്കി തുടങ്ങിയവർ പോലും തിരികെ നമ്മിലേക്കെത്താനും പൊതുവേ സമൂഹം കൊണ്ടുനടക്കുന്ന ഒരു വഴിയുണ്ട്
ഒരുവട്ടം കൂടി മനസുതുറന്നു സംസാരിക്കുക. വിട്ടുവീഴ്ചയോടെ ജീവിക്കാൻ ശ്രമിക്കുക.
താൻ അതും ചെയ്തു എന്നിട്ടുപോലും അവൾ കൂട്ടാക്കിയില്ല…
വിവാഹത്തിന്റെ പിറ്റേന്ന് മുറി ഒക്കെ അടിച്ചുവാരുമ്പോൾ അത് മേശവലിപ്പ് തുറന്നു പാസ്പോർടട്ടിലെയും സ്കൂൾ, കോളേജ് സർട്ടിഫിക്കറ്റിലെയും ഡേറ്റ് ഓഫ് ബർത്ത് കോളം തപ്പുമ്പോൾ തന്റെ ഉള്ളൊന്ന് കാളി.
മുപ്പത്തിമൂന്നു വയസ്സുള്ള തനിക്ക് മുപ്പതു ആണെന്ന് പെണ്ണു വീട്ടുകാരോട് പറഞ്ഞത് ബ്രോക്കർ ആണ്..
സാമ്പത്തിക സ്ഥിതി വളരെ കുറവായിട്ടും ശാലീന സൗന്ദര്യവും എളിമയും കണ്ടപ്പോൾ സർബത്ത് ഗ്ലാസ് കയ്യിൽ തന്ന് ഷാളിന്റെ അറ്റം കൊണ്ട് വിരലിട്ടു വട്ടം ചുറ്റി തിരിക്കുന്ന ഗ്രാമീണതയുടെ നിഷ്കളങ്കത അവളിൽ കണ്ടപ്പോൾ പിന്നെ അതും ഉറപ്പിക്കുകയായിരുന്നു.
വിവാഹ നിശ്ചയത്തിനുശേഷം സംസാരിക്കവേയാണ് മൂന്നു വയസ്സ് ബ്രോക്കർ കുറച്ചു പറഞ്ഞ കാര്യം അറിയുന്നത്.. സ്നേഹം നഷ്ടപ്പെട്ടു പോകുമോ, വിവാഹം മുടങ്ങി പോകുമോ എന്തോ അന്ന് സത്യം തുറന്നു പറയാൻ മനസ്സ് അനുവദിച്ചില്ല.
റിക്കാർഡുകൾ നോക്കി വയസ്സ് വിരൽ കൊണ്ട് കണക്കുകൂട്ടുന്ന അവളെ കണ്ടപ്പോൾ എല്ലാം തകർന്നു കരുതി. പക്ഷെ ഒന്നും ഉണ്ടായില്ല.
വിവാഹ തലേന്ന് തുടങ്ങിയ നീരസം ആയിരിക്കാം ഒരു പക്ഷേ കൗമാരക്കാരെ ഇഷ്ടപ്പെടാനും അവരെ ഫ്രണ്ട് ലിസ്റ്റിൽ കൂട്ടാനും ചാറ്റാനും അവളെ പ്രേരിപ്പിച്ച ഘടകം..
അവളോടുള്ള സ്നേഹവും തന്റെ വിശാലമനസ്കതയും ക്ഷമ ശീലവും അവൾ നന്നായി വിനിയോഗിച്ചു എന്ന് തോന്നുന്നു..
ഒരു ബഹളമോ കലഹം ഒന്നുമില്ലാതെ അവിടെ അമ്മയ്ക്ക് സുഖമില്ലെന്നും പറഞ്ഞു ഇറങ്ങിപ്പോയ അവൾ പിന്നെ ഈ പടി കയറിയില്ല.
നാലു വയസ്സുള്ള വിച്ചു മോനെ ഇവിടെ നെഴ്സറിയിൽ എൽകെജിയിൽ ചേർത്തുകൊണ്ടു. എനിക്ക് അവളുടെ കൂടെ അവിടെ പോയി നിൽക്കാൻ പറ്റിയില്ല. മോന്റെ പഠനം മുടങ്ങും.
അവൾ അകന്ന രീതികൾ ഏതു വഴിക്കെന്നു ആലോചിക്കുകയായിരുന്നു. ചുമ്മാ വെറുതെ പിണങ്ങി കട്ടിലിൽ തിരിഞ്ഞു കിടക്കും.
പിന്നെ കട്ടിലിൽനിന്ന് താഴെ തുണി വിരിച്ചു കിടക്കും. പിന്നെ വീട്ടിലേക്ക് ഒരു പോക്ക്.. അതാണ് ഉണ്ടായത്..
അങ്ങനെ അകന്നകന്നു പോയി കൊണ്ടിരുന്നു. ഡിവേഴ്സ് നോട്ടിസ് കിട്ടിയപ്പോൾ അതുറപ്പിച്ചു. ആരൊക്കെയോ അവളുടെ പിന്നിലുണ്ട്.
ജോയിന്റ് പെറ്റിഷൻ കേസ് കൊടുക്കാൻ തന്നോട് പറയാൻ അവൾക്ക് ധൈര്യമില്ലായിരുന്നു..
അതുകൊണ്ട് ഒറ്റയ്ക്ക് പോയത്..തനിക്കറിയാം തന്റെ മാരേജ് സർട്ടിഫിക്കറ്റ് അസാധുവാക്കാൻ കോടതിക്ക് ചുമ്മാതെ സാധിക്കില്ല.. അവിടെ പങ്കാളിയുടെ ആഗ്രഹത്തിന് ഒന്നും വിലയില്ല. തക്കതായ കാരണം വേണം. അത് അവളുടെ വക്കീലിനും അറിയാം.. തന്നിൽ നിന്നും അകലാൻ ഇത്രയും ആഗ്രഹമുണ്ടെങ്കിൽ തന്റെ വിച്ചുവിനെ കളയാൻ ഇത്രയും കൊതി ഉണ്ടെങ്കിൽ പിന്നെ എന്തിനു തടയണം.
എന്തുകൊണ്ട് തനിക്ക് അവളെ തുറന്നു വിട്ടു പറക്കാൻ വിട്ടുകൂടാ.
ഒടുവിൽ തന്റെ വക്കീലിനോട് തനിക്ക് ഏല്ലാം സമ്മതമാണെന്ന് എഴുതിക്കൊടുത്തു കേസ് മുന്നോട്ടു കൊണ്ടുപോകാൻ പറഞ്ഞു. അതുകൊണ്ട് പെട്ടെന്ന് വിധിയായി..
രാത്രി ഭക്ഷണത്തിന് ശേഷം കാർട്ടൂൺ ടിവി കണ്ടിരുന്ന വിച്ചു മോൻ സോഫയിൽ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ അയാൾ അവനെ എടുത്ത് ബെഡിൽ കൊണ്ടുപോയി കിടത്തി. ടിവി ഓഫാക്കി ലൈറ്റ് ഓഫ് ആക്കി വാതിലടച്ചു താനും കിടക്കാൻ തുടങ്ങുകയായിരുന്നു.
നീലിമയുടെ ഓർമ്മ കൂടുമ്പോൾ അയാൾ അവളുടെ അലമാരി തുറന്നു അവളുടെ കല്യാണ സാരി എടുത്തു തന്റെ തലയിൽ ചേർത്തു വെച്ച് കിടക്കും
“അച്ഛാ എനിക്കും ഇച്ചിരി സാരി താ..”
തന്റെ ഈ അസുഖം അവനിലും പടർന്നിരിക്കുന്നു..
അയാൾ സാരി വിടർത്തി ഇടുമ്പോൾ അവൻ അതിൽ മുഖം ചേർത്തു മണപ്പിച്ചു ചോദിച്ചു..
“അമ്മ ഏത് സ്പ്രേ ആണച്ചാ ഉപയോഗിച്ചത്..”
“നല്ല സ്പ്രേ ത്തന്നെ മകനെ..”
അവൾക്ക് വേണ്ടി വാങ്ങിച്ചു കൂട്ടിയതും അവൾ ഉപയോഗിച്ചതുമായ ഒരുപാട് വസ്ത്രങ്ങള് അലമാരയിൽ ഉണ്ട്. എന്തിനേറെ പൊട്ടിച്ച ഉപയോഗിച്ച് ഇനിയുംപകുതി യുള്ള നാപ്കിൻ വരെ അവിടെത്തന്നെയുണ്ട്.. അവൾ അവസാനം പതിപ്പിച്ച പൊട്ട് കണ്ണാടിയിൽ അങ്ങനെതന്നെ ഉണ്ട്.. അവൾ ഉപയോഗിച്ചാൽ മുത്തു മാലകൾ പൊട്ടിയതും പൊട്ടാത്ത തും കാതിലെ, കൈയിലെ വളകൾ ഒക്കെ ഉള്ള ബോക്സുകൾ അങ്ങനെ ഉണ്ട്. ഒരു കാര്യവുമില്ലാതെ വെറുതെ കലഹിച്ചു ഈ മുറിയുടെ പല മൂലകളിലേക്കും അവൾ താലിമാല വലിച്ചെറിഞ്ഞിട്ടുണ്ട്.. ഈ റൂമിലെ ചുമരിന്റെ നാല് വശങ്ങളിലും അവൾ മൊബൈലുകൾക്ക് എറിഞ്ഞു പൊട്ടിച്ചു ട്ടുണ്ട്. അവൾക്കു ചാറ്റുന്ന, മിണ്ടുന്ന ആൾക്കാരോട് അയാൾക്ക് ഒന്നും പറയാൻ പാടില്ല. പറഞ്ഞാൽ ആ മൊബൈൽ പിന്നെ കാണൂല… സ്നേഹത്തിന്റെ പേരിലൊക്കെ സഹിച്ചു..
അയാൾ ഇനിയും സഹിക്കാൻ തയ്യാറാണ്. കാരണം അയാളൊരു സാത്വികനായ മനുഷ്യനാണ്.. അയാൾ പഠിച്ചത് ഇങ്ങനെയാണ്
പുല്ലായും പുഴുവായും നരിയായും നരനായും ആയിരക്കണക്കിന് ജന്മങ്ങൾ എടുക്കുമ്പോൾആ ആത്മാവിൻ ഒപ്പം സഞ്ചരിക്കുന്നത് അവന്റെ അല്ലെങ്കിൽ അവളുടെ ‘പാതി ‘മാത്രമായിരിക്കും..
കോടാനുകോടി ജന്മാന്തരങ്ങൾ കൂടെ നടന്ന ആ രണ്ടു ആത്മാവുകൾ തമ്മിൽ തെറ്റി പിരിയാൻ തീരുമാനിക്കുക എന്ന് പറയുന്നത് ഇപ്പോൾ എടുത്ത് ശരീരത്തിന്റെ പരമ വിഡ്ഢിത്തമാണെന്ന് അയാൾക്കറിയാം..
പിറ്റേന്ന് നേരത്തെ എണീറ്റ് മകനെ ഒരുക്കി, അവനെയും കൊണ്ട് പറഞ്ഞ സമയത്ത് തന്നെ അയാള് പാർക്കിലെത്തി. അല്പം കഴിഞ്ഞപ്പോൾ ഒരു കാറിൽ അവൾ എത്തി. പുറത്തിറങ്ങിയപ്പോൾ വിച്ചു മോൻ കണ്ടു
“അച്ഛാ അതാ അമ്മ വന്നു”
“മോൻ പൊയ്ക്കോ”
അയാള് പാർക്കിലെ ബെഞ്ചിൽ തന്നെ ഇരുന്നു..
വിച്ചു മോൻ ഓടി അമ്മയുടെ കാറിനടുത്തേക്ക് പോയി..
നീലിമ തന്റെ ഒരു വയസ്സ് വീതമുള്ള ഇരട്ട പെൺകുട്ടികളുമായി കാറിന് പുറത്തിറങ്ങി നിൽക്കുകയാണ്..
“ഇതാരാണ് അമ്മേ ഈ കുഞ്ഞുങ്ങൾ”
“മോന്റെ അനിയത്തിമാരാണ്..”
നീലിമയുടെ പുതിയ ഭർത്താവ് കാറിലെ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തിറങ്ങി അതിൽ ഒരു കുട്ടിയെ എടുത്തു. മറ്റേതിനെ നീലിമയും എടുത്തു വിച്ചു മോനെയും കൂട്ടി പാർക്കിൽ ഒരു ബെഞ്ചിൽ അവർ നാലുപേരും ഇരുന്നു..
കയ്യിലുള്ള ബാഗ് തുറന്ന് എന്തൊക്കെ സ്വീറ്റ്സ് എടുത്ത് അവർ അവനു നൽകി. പാവം അവൻ അതു ആർത്തിയോടെ അതൊക്കെ കഴിച്ചു..
അവന്റെ നെറ്റിത്തടവും തലമുടിയും തലോടി നീലിമ പറഞ്ഞു
“ഇനി എപ്പോഴും ഇങ്ങനെ വരാൻ വാശി പിടിക്കണ്ട. അമ്മയ്ക്ക് ഈ വാവ കളെ നോക്കണ്ടേ ഇങ്ങനെ എപ്പോഴും വരാൻ പറ്റിയെന്നു വരില്ല.”
അവൻ തലയാട്ടി..
അയാൾ ദൂരെനിന്ന് വിച്ചു മോനും അമ്മയും സ്നേഹത്തോടെ അൽപ സമയമെങ്കിലും ഒന്നിക്കുന്നത് കണ്ടു സന്തോഷിച്ചു…അയാൾക്കും ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിൽ ഉണ്ട്. തന്റെതെന്നു കരുതിയ അവളിപ്പോൾ വേറൊരാളുടെതാണ് അതിലും രണ്ടുകുട്ടികൾ ആയിരിക്കുന്നു.. എന്നിട്ടും തന്റെ മനസ്സ് കേൾക്കുന്നില്ല ഇതൊന്നും കാണുന്നില്ല.. അവൾ തന്റെ എന്നുതന്നെ വിശ്വസിക്കുന്നു.. എന്തു ചെയ്യും. അൽപനിമിഷങ്ങൾക്കകം തന്നെ
വിച്ചു മോനെ അവർ തന്റെ അടുത്തേക്ക് പറഞ്ഞു വിടുന്നത് കണ്ടു..
ആ പിഞ്ചുകുഞ്ഞ് തന്നെ വിട്ടു നടന്നു പോകുന്ന വഴി കാഴ്ച ഒരു അമ്മ എങ്ങനെ സഹിക്കും..
കൈക്കുഞ്ഞ് ആവുമ്പോൾ മുട്ടിൽ പരന്നു നീങ്ങിയ തന്റെ കുഞ്ഞിനെ ആദ്യമായി എണീറ്റ് നിന്നപ്പോൾ അവന്റെ വിരൽതുമ്പുകൾ പിടിച്ച് തന്റെ നേരെ ‘നടക്കു നടക്കു ‘എന്നു അവനെ പ്രോത്സാഹിപ്പിച്ച ഏതൊരു അമ്മയ്ക്കും ആ പിഞ്ചു പാദം അടുപ്പിച്ചടുപ്പിച്ച് വെച്ച് അങ്ങനെ തന്നിൽ നിന്നും ‘അകന്നു അകന്നു’ നടന്നു പോകുന്നത് കാണുമ്പോൾ ഉള്ളിൽ ഉള്ളത് ഒരു മാതൃ ഹൃദയം ആണെങ്കിൽ ഉരുകാത്ത മനവും ഉരുകും..അതിന്റെ പിഞ്ചുകാൽ ഇങ്ങനെ ചേർത്തുവച്ച് നടന്നുപോകുമ്പോൾ ഏതു മാതാവും പിൻവിളി വിളിച്ച് അതിനെ ചേർത്തണച്ചു പോകും..
വിച്ചുമോൻ തന്റെ അടുത്ത് എത്തിയെന്ന് ഉറപ്പായപ്പോൾ അവർ കയറിപ്പോയി.
ഒരു പൊട്ടു പോലെ അകലുന്ന ആ കാറിന് നോക്കി മകൻ നിൽക്കുമ്പോൾ ഒരു കുന്നോളം നൊമ്പരം അവൻ എങ്ങനെ താങ്ങും എന്നാലോചിച്ച് അയാൾ വിതുമ്പിപ്പോയി.
“അച്ചാ അമ്മടെ പുതിയ കാറിൽ വിച്ചു മോനെ ഇരുത്താത്തതെന്താ..ആദ്യയും അനവദ്യയും അതിൽ ഇരുന്നിട്ട് പോയി..”
വിധിയുടെ ഇരുളടഞ്ഞ പാതയിലൂടെ അച്ഛനും മകനും മുന്നോട്ടു നടക്കവേ
“നമുക്ക് രണ്ടുപേർക്കും പോയി മരിച്ചാലോ മോനെ..”
“എന്തിനാ അച്ഛാ മരിക്കണത്..നാളെ എനിക്കു സ്കൂളിൽ പോവണ്ടേ അപ്പോ… “
അവൻ നിഷ്കളങ്കമായി ചോദിച്ചു..
ശരിയാ നമ്മൾ ഇപ്പോഴേ മരിച്ചാൽ നീലിമയൊക്കെ ജീവിച്ച മരിച്ചു വരുമ്പോൾ കുറേ വർഷങ്ങൾ പിടിക്കും. അപ്പൊ പിന്നെ അടുത്ത ജന്മത്തിലും ഞാനും എന്റെ നീലിമയും തമ്മിൽ ഒരുപാട് വയസ്സ് വ്യത്യാസമായി ആയി ജനിക്കും. അപ്പോൾപിന്നെ എനിക്ക് അപ്പോഴും നീലിമയുടെ ഒന്നിച്ച് ജീവിക്കാൻ പറ്റാതെ ആവും.. അതുകൊണ്ട് ഞാൻ ജീവിച്ചേ പറ്റൂ എന്റെ മോനെ വളർത്തി നീലിമ ഉള്ള കാലത്തോളം ജീവിച്ചേ പറ്റൂ..
ആ ഉറച്ച തീരുമാനത്തോടെ അയാൾ മോനെയും കൂട്ടി വീട്ടിലേക്ക് നടന്നു..
❤❤
കമന്റുകൾ ലൈക്കും ചെയ്യണേ…