ദിയയുടെ കത്തുകൾ
രചന: ജയ്മോൻ ദേവസ്യ
പതിവ് പോലെ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തി, പറമ്പിലെ ഏത്തവാഴകൾക്ക്, വെള്ളം ഒഴിക്കുകയായിരുന്നു …! അച്ഛൻ വാഴക്കന്ന് നട്ടു തരുംബാക്കി പണികളെല്ലാം മക്കൾ ഊഴമിട്ടു ചെയ്യണം.. അതാണ് വ്യവസ്ഥ …മക്കളെ കൃഷി പഠിപ്പിക്കാൻ വേണ്ടി അച്ഛൻ കണ്ടുപിടിച്ച പണിയാണിത് …
എല്ലാ ദിവസത്തെയും നനയ്ക്കൽ സൂരജിൻ്റെ ഡ്യൂട്ടിയിൽപ്പെട്ടതാണ് ..പത്തു പതിനഞ്ചു വാഴകൾ ഉണ്ട്…പറമ്പിൻ്റെ വടക്കേ അരികിലായി കുള്ളൻ വാഴകൾ അഞ്ചെണ്ണം വേറെയുമുണ്ട്..അതിനെ പരിചരിക്കാനാണ് സൂരജിന് കൂടുതലിഷ്ടം.അതിലുണ്ടായ വാഴക്കുലയിൽ കൈ എത്തും എന്നതും അത് സ്വന്തം കൃഷി ആണെന്നതുമാണതിന് കാരണം.കിണറ്റിൽ നിന്ന് കോരി വേണം നനയ്ക്കാൻ ..ബക്കറ്റിലേക്ക് അനിയൻ വെളളം കോരി തരും..
കുറച്ചു നാളായി ഈ പണികൾ അച്ഛൻ ചെയ്യിക്കാൻ തുടങ്ങിയിട്ട്.ഒഫീസിൽ നിന്നെത്തുമ്പോൾ വാഴയെല്ലാം നന്നായി നനച്ചേക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. കുറച്ച് കട്ടിയുളള ഈ പണി ചെയ്യുമ്പോൾ ക്ഷീണം അറിയാതിരിക്കാൻ ഈയിടെയായി ഒരു പുതിയ ഉപായം സൂരജ് തന്നെ കണ്ടെത്തിയിട്ടുണ്ട് : …ദിയയെ ഓർത്തു കൊണ്ട് പണികൾ ചെയ്താൽ മതി എന്നാണത്. …
ഇന്നു വൈകുന്നേരവും സ്കൂളിൽ നിന്ന് വരുന്ന വഴി അവളെ കണ്ടിരുന്നു…കൊലുസിൻ്റെ ഉച്ചത്തിലുള്ള മണികിലുക്കം കേൾക്കുമ്പഴേ അറിയാം ദിയയാണ് വരുന്നതെന്ന് ..അവളുടെ കാലിലെ കൊലുസുകൾക്ക് മറ്റുള്ളവർ ഇടുന്നതിലും കൂടുതൽ മണികൾ ഉണ്ടെന്ന് തോന്നുന്നു…..അതോ ചരിഞ്ഞ്, കുണുങ്ങിയുള്ള അവളുടെ നടത്തത്തിൽ കൊലുസിൻ്റെ കൂടുതൽ ശബ്ദം കേൾക്കുന്നതാണോ?അറിയില്ല …..
കുറച്ചു ദൂരെയുള്ള സ്കൂളിൽ നാട്ടിൽ നിന്നും നാലഞ്ചു പേർ പത്തിൽ തന്നെ പഠിക്കുന്നുണ്ട്. പല ഡിവിഷനിലായാണ് മിക്കവരും ..പെണ്ണായിട്ട് അവൾ മാത്രമേയുളളു..ഒരേ ക്ലാസിലല്ല ..വീടുകൾ തൊട്ടടുത്തല്ലെങ്കിലും പരസ്പരം അറിയാവുന്ന ദൂരം മാത്രമേ വീടുകൾ തമ്മിലുള്ളു. പക്ഷെ ഇന്നു വരെ തമ്മിൽ തമ്മിൽ കാര്യമായി സംസാരിച്ചിട്ടില്ല എന്നതാണ് രസകരം. സ്കുളിലെക്കുള്ള ബസിൽ കയറുമ്പോൾ ചില ദിവസങ്ങളിൽ, ഫോർമലായി സംസാരിച്ചിട്ടുണ്ടെന്ന് മാത്രം…അതും ഒന്നോ രണ്ടോ തവണ മാത്രം….അപ്പനും അമ്മയ്ക്കും ഏകമകളാണ് ദിയ. നന്നായി പഠിക്കുന്ന കുട്ടി. സ്കൂളിലെ ഏറ്റവും സുന്ദരി എന്നു തന്നെ പറയാം..ദിയയുടെ അമ്മ ടീച്ചറും, അപ്പൻ സർക്കാർ സർവീസിലും ആണ്.
അങ്ങോട്ടുളള ഇഷ്ടം ദിയക്ക് തിരിച്ചുണ്ടാേ എന്നറിയില്ല.മിക്കവാറും സമയങ്ങളിലും അവൾ ഒറ്റയ്ക്കായിരിക്കും യാത്രയും നടത്തവുമെല്ലാം..ക്ലാസ്സിലെത്തിയാൽ പഠനം തന്നെ ആണ് മിക്ക സമയവും ….ക്ലാസ്സിൽ പോലും അത്രവലിയ കൂട്ടുകെട്ടില്ല.കൂട്ടുള്ളത് ഒരു രാജിയുമായി മാത്രം ..രാജിയാവട്ടെ ഇവളെക്കൊണ്ട് ആരോടും മിണ്ടിക്കുക കൂടിയില്ലാത്ത പ്രകൃതവും.
സ്കൂളിലെ മിക്ക ആൺകുട്ടികളും അവളുടെ കൂട്ടുകൂടാൻ കെണഞ്ഞ് ശ്രമിക്കുന്നുണ്ട്..പക്ഷെ ആരും അതിൽ വിജയിച്ചിട്ടില്ല.സൂരജിനാണെങ്കിൽ അഞ്ചാം ക്ലാസ്സ് മുതൽ ദിയയെ നന്നായി അറിയാം..പക്ഷെ സൂരജിന് പോലും ദിയയോട് കൂട്ട് കൂടാൻ പറ്റിയിട്ടില്ല ….ഒൻപതിൽ പഠിക്കുമ്പോൾ ദിയയെ കെട്ടിമറിഞ്ഞ് വീണ ഒരു സംഭവം അവിചാരിതമായി സൂരജിന് ഉണ്ടായിട്ടുണ്ട്. അതിൽ പിന്നെയാണ് അവളൊട് കൂടുതൽ ഇഷ്ടം തോന്നാനും കാരണം…
ഉച്ചക്ക് ഊണും കഴിഞ്ഞ് ഓടിപ്പിടുത്തം കളിക്കവെ കൂട്ടുകാരൻ പ്രിൻസ്, സൂരജിനെ ഓടിക്കുമ്പോൾ ക്ലാസിന് വെളിയിലെ വരാന്തയിലേക്ക് ചാടിയിറങ്ങിയതും ഇവൾ വരാന്തയിലൂടെ വന്നതും ഒരുമിച്ചായിരുന്നു.
അറിയാതെ സൂരജിൻ്റെ കരങ്ങൾ അവളെ കെട്ടിപ്പിടിച്ചു…അവളാണെന്നറിഞ്ഞല്ല.. എതിരെ വന്ന ആളും താനും താഴെ വീഴാതിരിക്കാൻ പെട്ടെന്നെടുത്ത ഒരു മുൻകരുതൽ മാത്രമായിരുന്നത്…പെട്ടെന്നവൾ കുതറി മാറി ക്ലാസിലേക്ക് പോയി…ആരോടെങ്കിലും പരാതി പറയും എന്ന് കരുതി…പക്ഷെ അങ്ങനെയൊന്ന് ഉണ്ടായില്ല.അതു മാത്രവുമല്ല, ഈ സംഭവത്തോടുകൂടി ദിയയുടെ നോട്ടം തന്നിലേക്കുണ്ടോ എന്ന ചെറിയ സംശയം കൂടി സൂരജിനുണ്ട്.
സൂരജിൻ്റെ ക്ലാസ് ടീച്ചർ അന്നമ്മ ടീച്ചറിൻ്റെ മകൻ ജോർജിനും ദിയയെ പൊടി നോട്ടം ഉണ്ട്. അവനും നന്നായി പഠിക്കുന്നവനും അമ്മമാർ തമ്മിൽ പരിചയക്കാരുമാണ്.താൻ നായകനും അവൻ വില്ലനും എന്ന് പലപ്പോഴും സൂരജ് ഓർക്കാറുണ്ട് ….ഇങ്ങനെയിരിക്കവെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദിയയുടെ പേരു വച്ച് എഴുതിയ ഒരു കത്ത് സൂരജിന് വന്നു ..അതിനടുത്ത ദിവസവും ഒരു കത്തു വന്നു… തുടർച്ചയായി നാലഞ്ചെണ്ണം വന്നു…. വീട് കുറച്ചുള്ളിലായതിനാൽ വഴിയിലെ കടയിലാണ് പോസ്റ്റ്മാൻ കത്തിടുന്നത്.അതൊരു ഭാഗ്യമായി കരുതി…വീട്ടുകാർ അറിഞ്ഞിട്ടില്ല.അവർ കാണാതെ എല്ലാം ഒളിപ്പിച്ചു വച്ചിരിക്കുകയാണ്..
ഒന്നും മോശമായ എഴുത്തൊന്നും അല്ല… സൗഹൃദ പരമായ എഴുത്തുകൾ മാത്രം..എന്നാലും ഒരു ഭയം ഉണ്ട്.. അതാണ് മാറ്റി വച്ചിരിക്കുന്നത് ..കത്തു കൂടി വന്നതോടെ നടത്തത്തിനിടയിലും, പoനത്തിനിടയിലും, ജോലിക്കിടയിലും എന്നു വേണ്ട എപ്പോഴും ദിയയെ മാത്രമായി ചിന്ത..
നാലഞ്ച് വാഴയ്ക്ക് വെള്ളം കോരി …വീടിന് മുൻവശത്തു നിന്ന് ജിമ്മിയുടെ പതിവില്ലാത്ത കുര കേൾക്കാം..വാതിക്കലേക്കെത്തി നോക്കിയപ്പോഴുണ്ട്, ദിയയുടെ അമ്മ കലിതുള്ളി വീടിന് മുന്നിൽ….ടീച്ചറുടെ കൈയിൽ, ചുരുട്ടി വച്ച നിലയിൽ നീല നിറമുള്ള ഇല്ലൻ്റുകൾ ..
“എടാ …. നീയെൻ്റെ മകളെ പഠിക്കാൻ സമ്മതിക്കില്ലല്ലേ…?” എന്നെ കണ്ടതേ, എന്നെ നോക്കി കലിച്ചുള്ള ചോദ്യം .. എനിക്കാെന്നും മനസ്സിലായില്ല. അകത്തു നിന്നും അമ്മ മുറ്റത്തേക്കിറങ്ങി
“എന്താ ടീച്ചറേ… എന്താ പ്രശ്നം..?” അമ്മയുടെ ചോദ്യം …
“ദേണ്ടെ … നിങ്ങളുടെ മകൻ എൻ്റെ മകൾക്കെഴുതിയ എഴുത്താണിത്…വായിക്ക്.. ഇതിനാണോ ഇവനെ സ്കൂളിൽ അയക്കുന്നത്…?”
ഉച്ചത്തിൽ ടീച്ചറിൻ്റെ കലിപ്പിലുള്ള വർത്തമാനം …അമ്മ കത്ത് വാങ്ങി..എന്നാൽ അതിലെ അക്ഷരങ്ങൾ എൻ്റെതല്ലാ എന്ന് അമ്മക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി എന്നു തോന്നുന്നു….പക്ഷെ വികാരവിവശനായുള്ള പ്രേമലേഖനങ്ങളാണതിൽ …അതിൽ മാത്രം അമ്മക്ക് സംശയമുണ്ട്…ദിയയുടെ നേരെ ചെറിയ നോട്ട പിശക് മകനുണ്ടെന്ന് അമ്മക്കറിയാമെന്ന് തോന്നുന്നു…അമ്മ എന്നെ വിളിച്ചു… “നീ ഇങ്ങ് വന്നെ… “അമ്മയുടെ അടുത്തെത്തി…അമ്മ ആ സമയം കൊണ്ട് ടീച്ചറെ അനുനയിപ്പിച്ച് അകത്തു കയറ്റി ഇരുത്തി..പ്രതിയും വാദിയും ഒരു മുറിയിൽ …..
” ഇത് നീ എഴുതിയതാണോ..” അമ്മ ..
“അല്ല .. ” സുരജ്.
“പിന്നെങ്ങിനെ നിൻ്റെ പേരിൽ ഈ എഴുത്തുണ്ടായി…?”
“എനിക്കറിയില്ല …”
“കണ്ടോ… കണ്ടോ… ഇവൻ നുണയനാണ് .. ഇവൻ തന്നെയാണ് എഴുതിയതെന്നതിന് ഒരു സംശയവും വേണ്ട…” ടീച്ചറുടെ കലിപ്പ് മുഴുവൻ എന്നോടാണ്…ഒറ്റമകളോടുള്ള സകല വാത്സല്യവും, മകളുടെ പുറകെ കൂടി വഴിപിഴപ്പിക്കാൻ നടക്കുന്നവനോടുള്ള ദേഷ്യവും ടീച്ചറുമാരുടെ സ്വതവേ ഉള്ള അഹങ്കാരവും എല്ലാം ചേർന്നുള്ള ഗർജനമാണ്.. -. ആദ്യമൊക്കെ പിടിച്ചു നിൽക്കാൻ നോക്കി..പറ്റുന്നില്ല … ഇപ്പോൾ അമ്മയും ടീച്ചറിൻ്റെ കൂടെ കൂടി മകനെതിരെ സംസാരിക്കാൻ തുടങ്ങി…സഹികെട്ടു …
“ടീച്ചറെ… ഈ കത്തെഴുതിയത് ഞാനാണെന്ന് അത്രക്ക് ഉറപ്പുണ്ടോ…?”സൂരജ് ദിയയുടെ അമ്മയെ നോക്കി ചോദിച്ചു…
“ഉറപ്പിനെന്താ കുഴപ്പം…? ഇത് നീ തന്നെ എഴുതിയതാണ് … ഒരു സംശയവും ഇല്ല…..” ടീച്ചറുടെ അവകാശവാദം …
“ശരി.. എങ്കിൽ ടീച്ചറുടെ മോൾ എഴുതിയത് ഞാനും കാണിക്കാം ….” ഇത്രയും പറഞ്ഞ് ഞാൻ മാറ്റി വച്ചിരുന്ന എഴുത്തുകൾ എടുത്ത് ടീച്ചറുടെ മുന്നിലേക്കിട്ടു…ടീച്ചർ സ്തബ്ദയാകുന്നത് ഞാൻ കണ്ടു….അവർ ചാടി അതിലൊരെണ്ണമെടുത്തു.
ഇല്ലന്റു തുറന്നതേ .. അവർ കൂടുതൽ വലിഞ്ഞു മുറുകുന്നത് കണ്ടു..വായിച്ചില്ല… അതിൻ്റെ കൈ അക്ഷരം ശ്രദ്ധിച്ചു.കൊണ്ടുവന്ന കത്തിലെയും , സൂരജ് നൽകിയതിലെ കൈ അക്ഷരവും ഒന്നാണെന്ന് മനസ്സിലാക്കാൻ ടീച്ചറായ അവർക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല …
മകളുടെ പേരിൽ സൂരജിനും സൂരജിൻ്റെ പേരിൽ ദിയക്കും അയച്ചത് ഒരാൾ തന്നെ …ടീച്ചർ ഉടൻ തന്നെ അടവുനയം എടുത്തു ..
“നിങ്ങൾ പഠിക്കുന്ന കാലത്ത് അതിൽ ശ്രദ്ധിക്കാതെ, ഇതൊക്കെയായി നടക്കുന്നതെന്തിനാ…?” സൂരജ് വിജയ ഭാവത്തിലാണ് മൂളി കേട്ടുകൊണ്ട് നിൽക്കുന്നത് ..
എന്നാൽ അടുത്ത വാചകം അവനെ ആനന്ദ പുളകിതനാക്കി …..
”നിങ്ങൾ നന്നായി പഠിച്ച്, നല്ല നിലയിൽ എത്തിയാൽ ഞങ്ങൾ കാർന്നൊന്മാർ ചേർന്ന് നിങ്ങളുടെ ആഗ്രഹം പൂർത്തീകരിച്ചു തരില്ലേ …? “
നിങ്ങൾ … !! അപ്പോൾ ..
വീട്ടിൽ വച്ച് അവളോടുളള ചോദ്യം ചെയ്യലിൽ എന്താണ് നടന്നതെന്നറിയില്ല ..പക്ഷെ നിങ്ങൾ എന്ന വാക്കിൽ നിന്നും അവൾ എന്തോ പറഞ്ഞിരിക്കുന്നു…ആരെഴുതിയതാവും ഈ കത്തുകൾ …
എഴുത്തിൻ്റെ മൂഡിൽ അങ്ങിനെയിരിക്കവെ മുറിയിലേക്ക് മകൾ കയറി വന്നു…പെട്ടെന്ന് ബുക്ക് ഞാൻ അടച്ചു അവൾക്കെന്തോ സംശയം തോന്നിയിട്ടാവും ബുക്ക് എടുത്തു…ഞാനത് പ്രതീക്ഷിച്ചിരുന്നില്ല …
“ഇങ്ങ് താടി .. ” എന്ന് പറഞ്ഞ് ബുക്ക് തട്ടിപ്പറിക്കാൻ അവളുടെ പുറകെ ഓടിയ എന്നെ വിലക്കിക്കൊണ്ട്, കഥ നടന്ന കാലത്തേതിലും സുന്ദരിയായി, അപ്പനും മകൾക്കും ഇടയിലേക്കവൾ കയറി ….! അതെ എൻ്റെ ദിയ തന്നെ …!!
✍🏻 ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്