കോളേജ് വരാന്തകളിലെ തൂണുകൾ പോലും ആവേശത്തിന്റെ വിറയലാൽ ഉലഞ്ഞു പോയിരുന്നു…

ഇനിയൊരു നാൾ

രചന: അന്നമ്മു ജോ

പഴയ ആ ഇരുമ്പുപ്പെട്ടി തുറന്നു നോക്കി. ഒരു കാലത്തെ വീര്യം ചോരാത്ത സഖാവിന്റെ ഗന്ധം അതിൽ നിന്നും പുറത്ത് വന്ന പോലെ തോന്നി.. നിറം മങ്ങിയ വെള്ള കൊടികൾക്കു ഇടയിൽ നിന്നും പൊടി പിടിച്ചൊരു ഡയറി കയ്യിൽ തട്ടി.. അതിന്റെ അവസാന താളുകളിൽ ഇങ്ങനെ എഴുതിയിരുന്നു.. ” ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നീ എന്നെ കണ്ടെത്തും മുന്നേ ഞാൻ നിന്നെ കണ്ടെത്തിയിരുക്കും..”

അലക്‌സിയുടെ ഓർമകൾ 20 വർഷം പുറകോട്ട് പോയി..മഹാരാജാസ് കോളേജിൽ പ്രചരണം ചൂട് പിടിച്ച ഇലക്ഷൻ കാലഘട്ടം.. അവനാസ വർഷ ബിരുദ വിദ്യാർത്ഥി ആയിരുന്ന അലക്സ് കുര്യൻ ആയിരുന്നു ചെയർ മാൻ സ്ഥാനത്തേക്ക് മത്സരിച്ചു ഇരുന്നത്.. അന്നത്തെ ഇലക്ഷൻ വർക്കുകൾ കഴിഞ്ഞ് ഒറ്റ ചങ്ങാതി മനുവുമായി കാന്റീനിൽ ഇരുന്നു അത്രയും പ്രിയപ്പെട്ട ചൂട് കാപ്പി കുടിച്ചു കൊണ്ട് ഇരിക്കവെയാണ് കാന്റീനിൽ അടുത്തുള്ള അര മതിലിൽ എഴുതിയിരുന്ന വരികൾ അവന്റെ കണ്ണിൽ പെട്ടത്..

” പ്രണയമാണ് സഖാവെ നിന്റെ കാൽപ്പാട് പതിഞ്ഞ അഴുക്ക് ചാലിനോട് പോലും” .. ആ വരികളിൽ മുഴുകി ഇരിക്കുമ്പോൾ ആണ് മനു പുറകിൽ വന്നു തട്ടിയത്..

” എന്ത് ആലോയിച്ച് നിക്കുവാടാ നാളെ അല്ലേ പരസ്യ പ്രചരണത്തിന്റെ അവസാന ദിനം അതൊന്നു കൊഴിപ്പിക്കണം..”

“അത് പിന്നെ പറയാൻ ഉണ്ടോ ഇന്ന് ഏതായാലും ഹോസ്റ്റലിൽ തങ്ങാം. നാളെ രാവിലെ തന്നെ കോളേജിൽ എത്തണം”.. രണ്ടു പേരും പതിയെ എണീറ്റ് ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു തുടങ്ങി..

” സഖാവേ…….” പൊടുന്നനെ ഒരു വിളി അവരുടെ കാതുകളിൽ വന്നു പതിച്ചു.. രണ്ടു പേരും തിരിഞ്ഞു നോക്കി എങ്കിലും ആരെയും കണ്ടില്ല..

“എടാ അലക്സി ഒരു പെണ്ണിന്റെ ശബ്ദം അല്ലേടാ കേട്ടത്.” മനുവിലെ കോഴി സട കുടഞ്ഞു എഴുന്നേറ്റു.

“എടാ മോനേ നിന്റെ മീനു ഇത് അറിയണ്ട നിന്നെ പച്ചക്ക് കത്തിക്കും”

“അയ്യോ ഓർമിപ്പിക്കല്ലേ അളിയാ ഇപ്പൊ തന്നെ അവളുടെ പരാതി കേൾക്കാനേ എനിക്ക് നേരം ഉള്ളൂ” .. ഇത് കേട്ട് അലക്സി ഒന്ന് ഊറി ചിരിച്ചു.

പിറ്റേന്ന് കാലത്ത് തന്നെ ഇലക്ഷൻ പ്രചരണം ആരംഭിച്ചു.. കോളേജ് വരാന്തകളിലെ തൂണുകൾ പോലും ആവേശത്തിന്റെ വിറയലാൽ ഉലഞ്ഞു പോയിരുന്നു.. അലക്സിയുടെ ശബ്ദം വായുവിൽ ഉയർന്നു താണു..പെട്ടന്നാണ് അവരുടെ ആളുകളും മറ്റു പാർട്ടി പ്രവർത്തകരും തമ്മിൽ അടി നടന്നക്കുന്നുവെന്ന് ഓടി കിതച്ച് വന്നു മനു പറഞ്ഞത്..അവരെ തമ്മിൽ പിടിച്ച് മാറ്റുന്നതിനിടെ പാഞ്ഞു വന്നു നെറ്റിയിൽ തട്ടിയ കല്ലാൽ വേച്ച് പോയിരുന്നു അലക്സി..

“സാഖാവെ…” പരിചിതം ആയൊരു വിളി അവന്റെ കാതിൽ പതിച്ചു..കണ്ണുകളിൽ ഇരുട്ട് പടർന്നു കയറുന്നതിനു മുന്നേ അവൻ കണ്ടിരുന്നു കരഞ്ഞ് കലങ്ങിയ രണ്ടു കൂവളം കണ്ണുകളും കരിവള കൈകളും..

കണ്ണ് തുറക്കുമ്പോൾ അവൻ ഒരു ക്ലാസ്സ് മുറിയിലെ ബെഞ്ചിൽ കിടക്കുക ആയിരുന്നു. അരികെ മനുവും ഉണ്ടായിരുന്നു.. അലക്‌സിയെ പിടിച്ച് എഴുന്നേൽപ്പിച്ച് ഇരുത്തി മനു അവനെ കളിയാക്കാൻ തുടങ്ങി..

” ഒരു കല്ലിനെ പോലും തടുത്തു നിർത്താൻ ഉള്ള ആരോഗ്യം ഇല്ലല്ലോ ടാ”…

അടുത്ത് കിടന്ന കസേര എടുത്ത് അവന്റെ തലയ്ക്ക് ഇട്ടു ഒന്ന് കൊടുക്കാൻ തോന്നിയതും അവന്റെ മനസ്സിലേക്ക് ആ ശബ്ദവും മിഴികളും ഓടിയെത്തി..

പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ ഉച്ചത്തിൽ വിളിച്ച് പറഞ്ഞു..

” അതെ ഇത് അവൾ തന്നെ അന്നു കോളേജിൽ വച്ച് വിളിച്ച അതേ ശബ്ദം..”

” ദൈവമേ തലയ്ക്ക് ഏറു കൊണ്ട് ഇവന് പ്രാന്തായാ” അലക്സി പറയുന്നത് മനസ്സിൽ ആവാതെ മനു അന്തം വിട്ടു പറഞ്ഞു” ..

ഇത് കേട്ട് അവനെ അടിക്കാൻ അലക്സി പോയതും ജെറ്റ് വിട്ട പോലെ പാഞ്ഞിരുന്നു മനു.. പിന്നീട് ഉള്ള ദിവസങ്ങളിൽ അവളെ പലയിടങ്ങളിലായി അന്വേഷിച്ചു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.. അത്രയും വലിയ കോളേജിൽ കേവലം പേര് പോലും അറിയാത്ത അവളെ കണ്ടെത്തുക പ്രയാസം ആയിരുന്നു..ദിവസങ്ങൾ കൊഴിയവെ അവന്റെ മനസ്സിന്റെ ഒരു കോണിൽ മാത്രമായി ചുരുങ്ങി പോയിരുന്നു അവൾ..

ദിവസങ്ങൾക്ക് ശേഷം ഇലക്ഷൻ ജയിച്ച് ആഹ്ലാദ പ്രകടനം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയത്ത് ആണ് കുറച്ച് അകലെ മാറി ആരോ തന്നെ വീക്ഷിക്കുന്ന പോലെ അലക്‌സിക്ക് തോന്നിയത്.. പൊടുന്നനെ അവന്റെ ശ്രദ്ധ അങ്ങോട്ട് പാഞ്ഞതും കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ പിടപ്പുമായി കണ്ണുകൾ ചലിക്കുന്ന അവളെ അവൻ കണ്ടൂ.. അവൻ കണ്ട് എന്ന് ഉറപ്പ് ആയതും ഒരു നിമിഷം വൈകിക്കാതെ അവൾ തിരിഞ്ഞ് ഓടാൻ തുടങ്ങിയിരുന്നു..വിട്ടു കൊടുക്കാൻ തയ്യാറാകില്ല എന്ന പോലെ അവന്റെ കാലുകളും അവൾക്ക് പുറകെ പാഞ്ഞിരുന്നൂ..

ഒടുവിൽ ആളൊഴിഞ്ഞ ക്ലാസ്സ് മുറികളിൽ ഒന്നിൽ ജനൽ കമ്പനികളിൽ പിടിച്ച് പുറം തിരിഞ്ഞ് നിന്ന് കിതക്കുന്നവളെ അവൻ കണ്ടു. അവളുടെ തൊട്ടു അരികെ എത്തി ആ കണ്ണിലേക്ക് നോക്കവെ തന്നിൽ പല വേലിയേറ്റങ്ങളും നടക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

എന്തോ ഓർത്ത് പോലെ അവൻ പെട്ടന്ന് ചോദിച്ചു..

” ആരാ താൻ എന്തിനാ എന്നെ പിൻ തുടരുന്നത്”.. എത്ര ചോദിച്ചട്ടും ഒരു ഉത്തരവും അവളിൽ നിന്നും ലഭിക്കാതെ ആയപ്പോൾ പെട്ടന്ന് വന്ന ദേഷ്യത്തിൽ അവളുടെ ഷോൾഡറിൽ കയ്കൾ അമർത്തി പിടിച്ച് കൊണ്ട് ശബ്ദം ഉയർത്തിയിരുന്നു അവൻ..പെട്ടന്നാണ് അവൻ എന്താണ് ചെയ്തത് എന്ന ബോധം അവന് ഉണ്ടായത്..ഒരു നിമിഷം കണ്ണുകൾ അടച്ച് തല കുടഞ്ഞ് മുഖം ഉയർത്തി നോക്കിയ അവൻ കണ്ടു കരഞ്ഞ് കലങ്ങിയ ആ കണ്ണുകൾ അന്ന് താൻ വീണു കിടന്നപ്പോൾ കണ്ട അതേ കൂവള മിഴികൾ..

“അലക്സീ… അലക്സീ… ” അവനെ അന്വേഷിച്ചു വരുന്ന മനുവിനെ കാൺകെ ക്ലാസ്സ് മുറിയിൽ നിന്നും പുറത്തേക്ക് നടന്ന അവൾ ഒരു നിമിഷം തിരിഞ്ഞ് അവനെ നോക്കി ബാഗിൽ നിന്നും ഒരു നോട്ട് പുസ്തകം എടുത്ത് അരികെ കിടന്ന ബെഞ്ചിൽ വച്ച് നടന്നു നീങ്ങിയിരുന്നു..അവള് വച്ച പുസ്തകവും എടുത്ത് ഒരു സ്വപ്ന ലോകത്തിൽ എന്ന പോലെ അവനും അവിടെ തറഞ്ഞു നിന്ന് പോയിരുന്നു..

അന്നു വേഗത്തിൽ തന്നെ അലക്സി വീട്ടിൽ പോയി.. മുറ്റത്തെ അതിർത്തിയിൽ പൂത്തു നിന്നിരുന്ന ചെമ്പക ചോട്ടിൽ അവൾ തന്ന പുസ്തകവുമായി ഇരിക്കുമ്പോൾ അന്തരീക്ഷത്തിൽ ആകെ ചെമ്പക പൂവിന്റെ വശ്യമായ ഗന്ധം നിറഞ്ഞു നിന്നിരുന്നു..

എവിടെ നിന്നോ വന്ന കാറ്റിൽ പുസ്തകത്തിന്റെ ആദ്യ താൾ മറിയവെ അതിൽ ഇങ്ങനെ എഴുതിയിരുന്നു..

” നിന്റെ നിഴൽ ചുംബിച്ച് ഉറങ്ങുവാൻ മാത്രം ഞാൻ ഈ മണ്ണിൽ മൃതി അടയട്ടെ..”

ആ കയ്യക്ഷരം മറ്റെവിടെയോ കണ്ട പോലെ അവന് തോന്നി.. തലച്ചോർ അത് കണ്ടെത്തും മുന്നേ മനസ്സ് കൊഞ്ചി പറഞ്ഞിരുന്നു കാന്റീനിലെ അരമതിലും ആ വരികളും ” പ്രണയമാണ് സഖാവേ നിന്റെ കാൽപ്പാട് പതിഞ്ഞ അഴുക്ക് ചാലിനോട് പോലും..”

പിന്നീട് ഓരോ പേജും മറിക്കുമ്പോൾ അവൻ അറിയുക ആയിരുന്നു അവളെയും അവള് കാലങ്ങൾ ആയി സൂക്ഷിച്ചു വച്ച എന്നോട് ഉള്ള പ്രണയത്തെയും..

ഒടുവിൽ അവസാന പേജിൽ അലക്സിയുടെത് എന്ന് തോന്നിപ്പിക്കുന്ന രണ്ടു കണ്ണുകളും അതിനു താഴെ ഇങ്ങനെയും എഴുതിയിരുന്നു ,

” കടം എടുത്ത വാക്കുകളാൽ എന്റെ പ്രണയത്തെ മനോഹരം ആക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. നിനക്ക് പ്രിയമുള്ളത് അല്ലെങ്കിൽ നിന്റെ മൗനത്തിൽ അത് അലിഞ്ഞ് ചേരട്ടെ..”

“അലക്സീ…. ടാ മോനേ അകത്ത് കേറിയെ നേരം എത്ര ആയെന്നാ…”

അമ്മയുടെ ശബ്ദം കേൾക്കവെ യാന്ത്രികമായി അവൻ അവന്റെ മുറി ലക്ഷ്യം ആക്കി നടന്നു.. ” ഓർമകൾ പൂക്കുന്ന കാവിനു അരികെ ഓട് പാകിയ വീടിന്റെ മുറ്റത്ത് നമുക്കായി പൂക്കുന്ന മന്ദാരത്തിനരികെ ഒരു സായാഹ്നം , കൈവിരൽ കോർത്ത് നിൻ നെഞ്ചോരം ചേർന്ന് അസ്തമയ സൂര്യനെ കാണണം. ഞാൻ പറയാൻ മറന്ന പ്രണയം ഒക്കെയും നമ്മുടെ നിഴൽ വീണ മണ്ണിൽ എഴുതപ്പെടണം.” മുറിയിൽ എത്തി ഇത്രയും എഴുതി ആ പുസ്തകം അടക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നൂ..

പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ തന്നെ അവനെ കാത്തെന്ന പോലെ അവൾ നിൽക്കുന്നുണ്ടായിരുന്നു. കയ്യിലെ പുസ്തകം അവളെ ഏൽപ്പിച്ച് കള്ള ഗൗവരവം നടിച്ച് കുറച്ച് നടന്നു തിരിഞ്ഞ് നോക്കിയപ്പോൾ വെപ്രാളം പൂണ്ട മുഖവുമായി ആ പുസ്തകത്തിൽ പരതുന്നതും നഷ്ടപ്പെട്ടത് എന്തോ കിട്ടിയ കൊച്ചു കുഞ്ഞിന്റെ മുഖ ഭാവം അവളിൽ വിടരുന്നതും കൗതുകത്തോടെ അവൻ നോക്കി നിന്നു..ഇത്ര മേൽ തന്നെ പ്രണയിക്കുന്നവളെ വിട്ടു കൊടുക്കില്ല എന്ന വാശിയിൽ മാത്രമായി അവന്റെ ഹൃദയം അത്രയും മിടിച്ചു തുടങ്ങിയിരുന്നു..

ഋതിക വിശ്വനാഥൻ അതായിരുന്നു അവളുടെ പേര്. കണ്ണിനും കവിളിനും ഇടക്ക്‌ കുഞ്ഞു കറുത്ത കാക്ക പുള്ളി ഉള്ള കരിവള മാത്രം അണിയുന്ന ഇരു നിറത്തിന്റെ ഐശ്വര്യം ആവോളം മുഖത്ത് നിറഞ്ഞു നിൽക്കുന്ന പെണ്ണ്.

പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞില്ല എങ്കിലും പലപ്പോഴായി ഉള്ള നോട്ടങ്ങളിലൂടെ മാത്രം പ്രണയിച്ചു ഇരുന്നവർ..ദിവസങ്ങൾ കടന്നു പോകവേ മൗനമായ പ്രണയത്തിന്റെ തീവ്രത കൂടി കൊണ്ടേ ഇരുന്നു.

അങ്ങനെ യൂണിയൻ ഡേ വന്നെത്തി. അവന്റെ ഇഷ്ടം വാക്കുകളിൽ കൂടി അറിയിക്കാൻ അവൻ തീരുമാനിച്ച ദിവസം. കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് അവൾ വന്നു. ചുവപ്പും കറുപ്പും കലർന്ന ദാവണി ഉടുത്ത് കണ്ണ് നിറയെ കരിമഷി പാകി കുഞ്ഞു കറുത്ത മൂക്കുത്തി ഇട്ടു നടന്നു വരുന്നവളെ കാൺകെ അവളെ ചേർത്ത് നിർത്തി നെറുകിൽ ഒരു ചുംബനം നൽകാൻ അവന്റെ മനസ്സ് വെമ്പി..അവനെ കാൺകെ അവളുടെ കാലുകളുടെ വേഗതയേറി വന്നു..

പെട്ടന്ന് വന്ന അത്യുഗ്രമായ ഒച്ചയിൽ വേച്ച് പോയിരുന്നു അവൻ.. എന്താണ് നടന്നത് എന്നറിയാൻ കുറച്ച് സമയം വേണ്ടി വന്നു. ഒരുപാട് പ്രണയങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചിരുന്ന ചുവപ്പ് തോരണങ്ങൾ അണി നിരന്നു നിന്നിരുന്ന വലിയ മരത്തിന്റെ ചില്ലകളിൽ ഒന്ന് നിലം പതിച്ചിരുന്നു..

നിമിഷങ്ങൾ കഴിയവേ ഉയർന്നു വരുന്ന നിലവിളികൾ കാതിൽ പതിക്കവെ അവൻ കണ്ടു ചുവന്ന ഒരു ദാവണി തുമ്പും നിശ്ചലം ആയ കരിവള കൈകളും..

അവിടെ ഉച്ചത്തിൽ കിടന്നു നിലവിളിച്ചു എന്നും അവളുടെ ശരീരം ആരെയും തോടീക്കാതെ ചേർത്ത് പിടിച്ചു ഇരുന്നു എന്നും രണ്ടു വർഷം നീണ്ട മനോരോഗ ആശുപത്രിയിൽ നിന്നും തിരികെ വന്നപ്പോൾ മനു പറഞ്ഞ് അറിഞ്ഞു..

അലക്സിയുടെ നിർബന്ധം കൂടി വന്നപ്പോൾ അവളുടെ അസ്ഥി തറയിലേക്ക് മനു അവനെ കൂട്ടി കൊണ്ട് പോയി..

അവിടെ തളം കെട്ടി കിടക്കുന്ന നിശ്ശബ്ദത ക്ക്‌ പോലും അവളുടെ പ്രണയത്തിന്റെ ഗന്ധം ഉണ്ടെന്ന് അവനു തോന്നി..മടങ്ങി പോരുമ്പോൾ വാക മരങ്ങൾ ഇല്ലാതെ ഇരുന്ന പ്രദേശം ആയിട്ട് കൂടി മണ്ണിട്ട പാതയിൽ അവന്റെ കാൽ ചുവട്ടിൽ ഒരു വാക പൂവ് വീണു കിടന്നിരുന്നു.. അത് അവൾ നൽകിയ പ്രണയ ഉപഹാരം ആണെന്ന് വിശ്വസിക്കാൻ ആയിരുന്നു അവനു ഇഷ്ടം.

അന്നു രാത്രിയിൽ ജനൽ കടന്നു വന്ന ചെമ്പക പൂവിന്റെ വശ്യതയിൽ പുക മറ കണക്കെ ഒരു ആൾരൂപം ഉണ്ടായിരുന്നു.. കരിയില പറന്നുയരുന്ന കണക്കെ അവനെ തഴുകി അത് കടന്നു പോകവേ നഷ്ട പ്രണയത്തിന്റെ നോവിനു പകരം വരാനിരിക്കുന്ന ജന്മത്തിൽ സ്വന്തം ആക്കാൻ ആഗ്രഹിക്കുന്ന എന്തിന്റെയോ പ്രതീക്ഷ അവയിൽ നിറഞ്ഞിരുന്നു..

നേരം പുലരവെ ഡയറി എടുത്ത് അവൻ ഇങ്ങനെ കുറിച്ചു…

” ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നീ എന്നെ കണ്ടെത്തും മുന്നേ ഞാൻ നിന്നെ കണ്ടെത്തിയിരിക്കും”..