പ്രവാസി
രചന: റിയാ അജസ്
രാവിലെ കിടക്കപ്പായിൽ നിന്നും എഴുന്നേറ്റിട്ടില്ല….ഒരു മീൻകാരൻ്റെ ഓൺ അടി പുറത്ത് കേൾക്കുന്നുണ്ട് …..ഒപ്പം ഭാര്യയുടെ ശബ്ദം റൂമിലും .മീൻകാരാൻ വന്നിട്ടുണ്ട്… പൈസ താ മീൻ വാങ്ങാൻ …..
ഇന്ന് മീൻ വാങ്ങണോ ….വേറെ ഒന്നും മില്ലെ കൂട്ടാത്തിന് ….
പിന്നെ കോട്ടപ്പടി ഇരിക്കയല്ലേ ഇവിടെ …. എന്നും ചേനയും ചേമ്പും കാച്ചിലും ഇന്ന് അതുമില്ല ….
എന്ന നീ അങ്ങോട്ട് പോക്കോ ഞാൻ വരാം….അവൾ തുള്ളി കൊണ്ട് പുറത്തേക്ക് പോയി…
ഞാൻ ചെല്ലുമ്പോൾ ആ നാട്ടിലെ സകല പെണ്ണുങ്ങളും കുറേ പൂച്ചകളും അമ്മയും അവളും എല്ലാമുണ്ട് മീൻ കാരാന് ചുറ്റും …..
മീൻകാരൻ ഇവരുടെ എല്ലാം ഇടയിൽ വല്ലാത്തൊരു ഗമയിൽ നിൽപ്പാണ്.
ഞാൻ ചെന്ന പാടെ പെട്ടിയിലേക്ക് നോക്കി ചോദിച്ചു …എന്ത് മീനാ ഇക്കാ ഉള്ളത് …
ഓലക്കൊടിയൻ ….കേര… ചാള ….
പടച്ചോനേ പെട്ട് ….എല്ലാം വിഐപി മീനുകളാണ് …ചാള ആയിരുന്നു നേരത്തെ പാവങ്ങൾക്ക് ഒരു പ്രതീക്ഷ …ഇന്നലെ കവലയിൽ വില ചോദിച്ചപ്പോ180….ഇന്ന് എത്രയാണാവോ …..
എൻറെ കയ്യിൽ ആണെങ്കിൽ ആകെ 200 രൂപയോളളു… വണ്ടിക്ക് പെട്രോൾ അടിക്കാൻ ഉള്ളത… 100 രൂപക്ക് എങ്കിലും അടിച്ചില്ലെ സ്റ്റാൻഡിലേക്ക് വണ്ടി എത്തില്ല….ഇന്നലെ വന്നപ്പോൾ പമ്പ് അടച്ചിരുന്നു….
ഇന്നലെ അടിച്ചിരുന്നെങ്കിൽ ഇതും കാണില്ലായിരുന്നു കയ്യിൽ….
എത്രയൊക്കെയ ഇക്കാ വില….
ഓലക്കൊടിയൻ 350 കേര 250 ചാള 120 …
ഓ രക്ഷപ്പെട്ടു….
ചാള എടുക്ക് ഇക്ക 100 രൂപക്ക്…. അതാണെങ്കിൽ വെക്കാനും വറുക്കാനും ഉണ്ടാവും….
പിന്നെ കുറച്ച് ഉണങ്ങാനും ഉണ്ടാവും….ഇതും പറഞ്ഞ് അവൾ അകത്തേക്ക് പോയി… അവൾക്ക് ചാള വാങ്ങിയത് ഒട്ടും ഇഷ്ടപ്പെട്ടില്ല….
ഞാൻ മീനും വാങ്ങി അകത്തേക്ക് ചെല്ലുമ്പോൾ അവളുടെ പതo പറച്ചിലാണ് ….. പിരുപിരുന്നുളള ചാള ….ഇനി ഞാൻ തന്നെ കുത്തിയിരുന്ന് നന്നാക്കണം ….വെല്യ മീൻ ആണെങ്കിൽ അയാള് നന്നാക്കി തന്നേനെ …..ആരോട് പറയാൻ …..എൻറെ കഷ്ടപ്പാട് ആരറിയാൻ ….”
മീൻ അവിടെ വെച്ച് തിരികെ ഞാൻ റൂമിലേക്ക് വന്നു …
ഞാൻ ഒരു പ്രവാസിയായിരുന്നു …..15 വർഷം പ്രവാസത്തിലായിരുന്നു ….നല്ലൊരു വീട് വെച്ചു…..വീടിനോട് ചേർന്ന് കുറച്ച് സ്ഥലം വാങ്ങി ……പിന്നെ മക്കൾക്ക് പഠിക്കാനുള്ള കുറച്ച് സമ്പാദ്യവും …..
മകൾക്ക് കല്യാണത്തിനുള്ള സ്വർണ്ണവും എല്ലാ സമ്പാദിച്ചാണ് തിരിച്ച് നാട്ടിലേക്ക് വന്നത്.
നാട്ടിലേക്ക് വന്നത് തന്നെ ….. ഭാര്യയും മക്കളുമായി കഴിയാനുള്ള മോഹം കൊണ്ടാണ്…..
ഇവിടെ വന്ന് ഒരു ഓട്ടോ എടുത്തു ……അത്യാവശ്യം നിത്യ ചെലവിനും മറ്റ് വട്ട ചെലവിനുമുള്ള കാശ് അതുകൊണ്ട് ഒപ്പിക്കും ….
അത്രയും ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഞാൻ നാട്ടിൽ വന്ന് സ്ഥിരമാക്കിയത് അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും ഒന്നും അത്ര ഇഷ്ടമായിട്ടില്ല …..
ഞാൻ അവിടെ ആയിരുന്നപോൾ അയക്കുന്ന പൈസകൊണ്ട വീട്ടുകാര്യങ്ങളെല്ലാം അവളായിരുന്നു നടത്തിയിരുന്നത് …..
മാസത്തിൽ രണ്ടു പ്രാവശ്യം ഓട്ടോ വിളിച്ച് ടൗണിലെ സൂപ്പർമാർക്കറ്റിൽ പോയി ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാo വാങ്ങിക്കും….
ഇറച്ചിയും മീനും ആവശ്യത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വാങ്ങി സ്റ്റോക്ക് ചെയ്യും….
ഇപ്പോൾ റേഷൻ പോലെ ഞാൻ വാങ്ങിക്കുന്ന സാധനങ്ങളും…. കണക്കും പിശുക്കും ഒന്നും അവൾക്ക് പിടിക്കുന്നില്ല….
പലവട്ടം അവൾ പറയുന്നത് ഞാൻ കേട്ടു ….ഗൾഫിലായിരുന്നപ്പോൾ ഇഷ്ടംപോലെ ഭക്ഷണവും ഡ്രസ്സും വാങ്ങാമായിരുന്നു …ഇപ്പോ അത് രണ്ടും ഇല്ലാതായി …..
അന്ന് അത്താഴം കഴിച്ച് ഇരിക്കുന്ന സമയത്ത് ഞാൻ എല്ലാവരോടുമായി പറഞ്ഞു ….
ഇന്ന് ഞാൻ എൻറെ കൂട്ടുകാരൻ മുജീബിനെ കണ്ടിരുന്നു …..അവൻ ഗൾഫിൽ നിന്നും നിർത്തി പോന്നു…..അവൻറെ വിസയിൽ വേണമെങ്കിൽ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു ……
അതുവരെ എൻറെ ഭാര്യയിൽ ഇല്ലാത്ത ഒരു സന്തോഷം ഞാനപ്പോൾ കണ്ടു ….
ആണോ എന്നിട്ടു ചേട്ടൻ എന്തു പറഞ്ഞു …..
ഞാനെന്തു പറയാൻ ….. നിങ്ങളോട് ഒക്കെ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു ……
അതിനെന്താ ഇത്ര ആലോചിക്കാൻ …..നല്ല വിസ യാണെങ്കിൽ ചേട്ടൻ പൊയ്ക്കോ….
ഈ ഓട്ടോ ഓടിച്ച് ആ കവലയിലും ഈ കവലയിലും നടന്നിട്ട് എന്ത് കിട്ടാനാ…..
ഗൾഫിൽ പോയാൽ ഒരു സ്ഥിരവരുമാനം ഉണ്ടാവുല്ലോ…. മക്കളുടെ പഠനം വിവാഹം ഇനിയും എല്ലാം ചെലവ് അല്ലേ…
അതിനൊക്കെ ഞാൻ സമ്പാദിച്ചു വച്ചിട്ടുണ്ടല്ലോ…
അതൊക്കെ തികയുമോ ഇന്നത്തെ കാലത്ത്…
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു…
അപ്പൊ മകൻ പറയാം… അച്ഛൻ പോകുവാണേൽ ഓട്ടോ വിറ്റ് എനിക്ക് ഒരു ബൈക്ക് വാങ്ങണം ….ഫ്രണ്ട്സിന് എല്ലാവർക്കും ബൈക്ക് ഉണ്ട് …..
മകൾ ….അച്ഛൻ പോകുന്നതാ നല്ലത്…എൻറെ കൂട്ടുകാരുടെ അച്ഛൻന്മാരെല്ലാം ജോലിക്കാരും ഗൾഫുകാര് ഒക്കെയാ ….എനിക്ക് നാണമാവുo അച്ഛൻ ഓട്ടോ ഓടിക്കുവാന്ന് പറയാൻ ….
അമ്മ ..ഇളയ പെങ്ങളുടെ വീടു പണിയാ….അവൾക്ക് കാര്യമായിട്ട് എന്തെങ്കിലും കൊടുക്കണ്ടേ ….ഇതിലെ നടന്നാൽ എങ്ങനെയാ….
ഭക്ഷണം പാതി കഴിച്ച് ഞാൻ എഴുന്നേറ്റു…. കുറച്ചു സമയം റൂമിൽ പോയിരുന്നു….
ആരുടെയൊക്കെ കൂടെ സന്തോഷത്തോടെ കഴിയാനാണോ ഗൾഫിൽ കിടന്ന് ഇത്രയും നാൾ അധ്വാനിച്ചതുo സമ്പാദിച്ചതും അവർക്കൊന്നും ഇപ്പൊ തന്നെ വേണ്ട ….. തൻറെ പണം മാത്രം മതി …..
ഗൾഫിൽ എത്ര കഷ്ടപ്പെട്ടാണ് ഇത്രയും സമ്പാദിച്ചത് …..അതുകൊണ്ട് തന്നെയാണ് ഒരു രൂപ പോലും അനാവശ്യമായി ചെലവാക്കാൻ മനസ്സ് അനുവദിക്കാത്തതും ….
റൂമിൽ നിന്ന് എഴുന്നേറ്റ് സിറ്റൗട്ടിലേക്ക് ചെല്ലുമ്പോൾ ……അച്ഛൻ ചാരുകസേരയിൽ എന്തോ ആലോചനയിലായിരുന്നു ….
അച്ഛാ …ഞാൻ പോകുന്ന കാര്യം പറഞ്ഞിട്ട് അച്ഛൻ ഒന്നും പറഞ്ഞില്ല ….
ഞാനെന്തു പറയാനാ …..
ഇവിടെ ഇപ്പോ നിൻറെ ആവശ്യമില്ല എന്ന തോന്നലിൽ അല്ലേ തിരിച്ചു പോക്കിനെ കുറിച്ച് നീ ആലോചിക്കുന്നത് …..
ഏതൊരു പ്രവാസിയുടെയും അവസ്ഥ ഇതുതന്നെയാണ് മോനെ ……ആ മണലാരണ്യത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നും ഓർത്ത് നാട്ടിൽ ആർക്കും ഒരു ബേജാറില്ല ….
വരുന്ന പണത്തിൻ്റെ എണ്ണം കുറയുമോ ….താമസിക്കുമോ എന്നൊക്കെയാണ് നാട്ടിലുള്ളവരുടെ ബേജാറ് ……
ഏതൊരു ഇല്ലായ്മയിലും മനസ്സറിഞ്ഞ് കൂടെ നിൽക്കാൻ പെണ്ണൊരുത്തി ഉണ്ടെങ്കിൽ സ്വദേശത്ത് ആണേലും വിദേശത്ത് ആണേലും ആണിന്റ ഭാഗ്യം അതാണ്…..
അത് ഇല്ലാത്തവൻ എവിടെയായാലും കണക്ക …..
ഓട്ടോ ഓടിച്ചാലും പാട്ട പറക്കിയാലും ഏതൊരു തൊഴിലിനും അതിൻറെ തായ ഒരു അന്തസ്സുണ്ട് …..
ഭാര്യയെയും മക്കളെയും അമ്മയെയും ഒന്നും തൃപ്തിപ്പെടുത്താൻ എല്ലാം ഉപേക്ഷിച്ച് നീ പോകേണ്ട…..
സ്വന്തം മണ്ണിൽ അധ്വാനിച്ച് ജീവിക്കുന്നതിന്റെ മഹത്വം ഒന്നും വേറൊരു നാട്ടിലും കിട്ടില്ല …..മോനെ…
പ്രവാസി അങ്ങനെയാണ് ….. പ്രവാസി ആയാൽ പിന്നെ ജീവിത അവസാനം വരെ പ്രവാസത്തിൽ കഴിയുന്നതാണ് ഉറ്റവർക്കും ഇഷ്ടം …