കത്രിക പൂട്ട്…
രചന: വിജയ് സത്യ
ഒരു ലേഡീസ് ഹോസ്റ്റൽ…
സന്ധ്യാ നേരത്തെ കൂട്ട് പ്രാർത്ഥനയ്ക്കുശേഷം പ്രാർത്ഥന ഹാളിൽ നിന്നും സീമ തന്റെ റൂമിലേക്ക് ഇടനാഴിയിലൂടെ മടങ്ങി..ജോലി കഴിഞ്ഞ് വന്നിട്ട് ഇത്ര നേരമായിട്ടും ബെഡിൽ കുളിക്കാതെ ചടഞ്ഞു കൂടി കിടക്കുന്ന ഷെൽജയെ കണ്ടപ്പോൾ സിമേച്ചി അത്ഭുതത്തോടെ ചോദിച്ചു
നീ എന്താടി പ്രാർത്ഥനയ്ക്ക് വരാതിരുന്നത്..? ആകെ വല്ലാതിരിക്കുന്നല്ലോ മുഖം..നിനക്കിതെന്ത് പറ്റി…
ഷെൽജ ഒന്നും മിണ്ടിയില്ല.
അതുകണ്ടപ്പോൾ സീമേച്ചി കുസൃതിയോടെ അവളുടെ ച ന്തി യിൽ തപ്പിനോക്കി..
അയ്യേ എന്തോ വൃത്തികേടാണ് ചേച്ചി ഈ കാണിക്കുന്നത്?
പ്രാർത്ഥനയ്ക്ക് വരാതിരുന്നത് എന്താ എന്നു അറിയാൻ വേണ്ടിയുള്ള ഒരു നൂതന വഴിയാണ് മോളെ….
ശോ…അതിന് മനുഷ്യന്റെ മ റ്റൊ ടത്തു തപ്പി ആണോ നോക്കുന്നത്…?
ഷെൽജയ്ക്ക് അല്പം ദേഷ്യം വന്നു…
പിന്നെ നിന്റെ വായിൽ നിന്നും ഇതിനെക്കുറിച്ച് ഒന്നും വരില്ലല്ലോ അതുകൊണ്ടാ..
കഷ്ടം…എനിക്കു നല്ല മൂഡില്ലായിരുന്നു ചേച്ചി..
എന്താ പ്രശ്നം…തേച്ചിട്ടുപോയ നിന്റെ ഷിബുവിനെ കുറിച്ച് ഓർത്ത് ആണോ..കഴിഞ്ഞാഴ്ച അവനോട് ഉടക്കി ആ പ്രശ്നം തീർത്തത് ആണല്ലോ..
പ്രശ്നം ഒക്കെ അങ്ങ് പറഞ്ഞു തീർത്തു..അതു ശരി തന്നെ..പക്ഷേ ഇപ്പോൾ അവൻ കെട്ടാൻ പോകുന്നു..അത് അറിഞ്ഞപ്പോൾ തൊട്ടു മനസ്സ് വല്ലാതെ ഇരിക്കുകയാണ്. ഒഴിഞ്ഞു എന്ന് പറയാൻ ഒക്കെ എളുപ്പമാണ്…മനസ്സിൽ നിന്നും മാഞ്ഞു പോകുന്നില്ല…
ഓ പിന്നെ…അവൻ കെട്ടട്ടെ നിനക്കെന്താ പ്രശ്നം..നീ അവനുമായുള്ള ഇടപാട് ഒക്കെ തീർത്തു നിന്റെ വഴി നോക്കൂ..അവൻ ഇല്ലാണ്ട് പറ്റില്ല എന്ന് തോന്നുന്നതൊക്കെ ഈ പ്രായത്തിൽ ഉള്ള ഒരു വെറും മിഥ്യാവബോധം ആണ്..ക്വയറ്റ് ഇല്യൂഷൻ…
അതല്ല ചേച്ചി…എനിക്കവനെ ഇഷ്ടമായിരുന്നു…ജോലിയുടെ ആവശ്യം പറഞ്ഞു ദൂരെ നാട്ടിൽ പോയപ്പോഴും അതിന്റെ തിരക്കിലാണെന്നും പറഞ്ഞു വിളിക്കാതെ ഇരുന്നപ്പോഴും നല്ല കാര്യത്തിനല്ലേ എന്ന് കരുതി ഞാനും വിളി കുറച്ചു പോയി. അത് അവന് ഗുണം ചെയ്തു…ക്രമേണ അകൽച്ചയും തുടങ്ങി..രണ്ടാഴ്ച മുമ്പ് ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ ആണ് പെങ്ങൾക്ക് തുല്യമാണ് കണ്ടത് എന്ന് പറഞ്ഞു അവൻ തീരെ കൈയൊഴിഞ്ഞത്..അന്ന് ഞാൻ കുറെ ബഹളംവെച്ചു ഉടക്കി പിരിഞ്ഞു എന്നത് സത്യമാണ്…അവൻ അവസരം മുതലാക്കി ഇപ്പൊ വേറെ പെണ്ണിനെ കെട്ടി ജീവിക്കാൻ ഒരുങ്ങുകയാണ്…ഞാനിതെങ്ങനെ സഹിക്കും.. ആ കൊച്ചിനെ എനിക്കറിയാം..അവളോട് എല്ലാം തുറന്നു പറഞ്ഞു അവന്റെ വിവാഹം കുളമാക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല..തേച്ചിട്ടു പോയ അവനു അതേ നാണയത്തിൽ തിരിച്ചടിക്കാൻ എനിക്കറിയാം…ആ ഒരു ദുഃഖത്തിൽ ഇങ്ങനെ ഇരുന്നു പോയതാണ്..അല്ലാണ്ട് എനിക്ക് പീ രിയ ഡ് ന്നും ആയിട്ടില്ല….
അത് പറയുമ്പോൾ അവൾ ഹോസ്റ്റലിലെ റൂംമാറ്റ് ആണെങ്കിലും ഏട്ടത്തിയെ പോലെ കാണുന്ന സീമേച്ചിയെ കണ്ണിൽ നോക്കി ചിണുങ്ങി..
സോറി ഡാ…ഏതായാലും നീ കേറി കുളിക്ക്..മെസ്സിൽ പോവാൻ നേരം ആയി വരുന്നു…
ഷെൽജ എഴുന്നേറ്റ് ടവ്വൽ എടുത്തു ബാത്റൂമിൽ കുളിക്കാൻ കയറി….
മൂന്നാലു വർഷം പ്രേമിച്ചിട്ടുണ്ട് നിങ്ങൾ തമ്മിൽ…അവൻ ഒരു ജോലിയൊക്കെ കിട്ടിയപ്പോഴാണ് നിന്നെ ഒഴിവാക്കുന്നത്….ഇതെങ്ങനെ വെറുതെ വിട്ടാൽ പറ്റൂല…നീ പറഞ്ഞത് ശരിയാ..അവന് പെണ്ണിനെ ചതിച്ചാൽ ഉള്ള ശിക്ഷ എന്താണെന്നു കാണിച്ചു കൊടുക്കണം…ഞാനുണ്ട് നിന്റെ കൂടെ…
രാത്രി മെസ്സിൽ നിന്നും ഭക്ഷണം കഴിഞ്ഞ് വരുമ്പോൾ സീമേച്ചി ഷെൽജയ്ക്ക് ധൈര്യം പകർന്നു….
പിറ്റേന്ന് സീമേച്ചിയും ഷെൽജയ്യും ഷിബുവിന് എട്ടിന്റെ പണികൊടുക്കാൻ യാത്രയായി…
======
നാളെയാണ് ഷിബുവിന്റെ കല്യാണം..
കല്യാണമണ്ഡപത്തിൽ വെച്ചാണ് വിവാഹം. അവന്റെ വീട്ടിലും ഉണ്ടായിരുന്നു വലിയ ഒരുക്കങ്ങൾ..ധാരാളം ആൾക്കാർ വന്നു കൂടും..
ഷെൽജയെ ഒഴികെ അവൻ എല്ലാവരെയും ക്ഷണിച്ചിരുന്നു…
പക്ഷേ വൈകിട്ട് ഷിബുന്റെ മൊബൈലിൽ ഒരു മെസ്സേജ് വന്നു…
തന്റെ പെണ്ണ് റീന വേറെ ഒരുത്തനുമായി താലികെട്ടുന്ന, മാല ചാർത്തുന്ന വിവാഹശേഷം ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന പല പല ദൃശ്യങ്ങൾ…
ഷിബു ആകെ തകർന്നുപോയി…
വീട്ടുകാർ എല്ലാം സന്തോഷത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുകയാണ്…താൻ ഇതെങ്ങനെ അവരോട് പറയും…
അവന്റെ മുൻപിൽ പിന്നെ ഒരേ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ..ആ ത്മഹത്യ…
വിളിച്ചുപറഞ്ഞ ആയിരക്കണക്കിന് ആൾക്കാർ നാളെ വരും വിവാഹത്തിന്..എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു…
പെണ്ണിന്റെ വീട് കുറേ ദൂരം ആയതുകൊണ്ടു തന്റെ നാട്ടിലും വീട്ടിൽ ആർക്കും വിവരം ലഭിച്ചിട്ടില്ല…എന്തായാലും കുറച്ചു കഴിയുമ്പോൾ എല്ലാവരും അറിയും..താൻ ആകെ നാറും…
ഏത് ചെറുപ്പക്കാരനും വിവാഹ തലേന്നാൾ അടിമുടി തകർക്കുന്ന ഇത്തരം വിവരങ്ങൾ അറിഞ്ഞാൽ എങ്ങനെ താങ്ങും മെസ്സേജ് കണ്ടപ്പോൾ തൊട്ടു അവൻ പരവേശം പിടിച്ചു നടക്കുകയാണ്…ശരിക്കും പെട്ടു.. കത്രികപൂട്ടിൽ കുടുങ്ങിയ ഇരയേ പോലെ കുടുക്കിലാക്കുകയും വേദനിക്കുകയും ചെയ്യുന്നു…
എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി..വിഷം കഴിക്കണോ തൂ ങ്ങിചാവണോ..അതോ നാട് വിട്ടു പോകാനോ എന്നറിയാതെ ഉഴറി..നാളെ വിവാഹത്തിനായി ജനങ്ങൾ എത്തും
ആത്മാഭിമാനം തകർന്നു താനെങ്ങനെ ആൾക്കാരെ ഫേസ് ചെയ്യും..
മരിക്കുക തന്നെ അവൻ തീരുമാനിച്ചു…ആ രാത്രി ബെഡ്റൂമിന്റെ വാതിൽ അടച്ചു കുറ്റിയിട്ടു..
സ്റ്റൂളിൽ കയറി കുരുക്കിട്ട് ഫാനിൽ കെട്ടി മറുതല കുരുക്കിട്ട് കഴുത്തിൽ മുറുക്കി സ്റ്റൂൾ കാല് കൊണ്ടു തട്ടികളയാൻ ഒരുങ്ങവെ ബെഡിലിരുന്ന മൊബൈൽ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…ഫോൺ സ്വിച്ച് ഓഫ് ആക്കാൻ മറന്നുപോയിരുന്നു..
ആരാ ഈ നേരത്ത് ശകുനം മുടക്കി…അവൻ കഴുത്തിൽനിന്നും കുരുക്കഴിച്ച് താഴെയിറങ്ങി
ഷെൽജ…തന്റെ പ്രണയിനി…
എന്താ ആ ത്മഹത്യ ചെയ്യാൻ പോവുകയാണോ..?
അത് അത് എങ്ങനെ നീ അറിഞ്ഞത്?
അവൻ സംശയത്തോടെ അതിലുപരി അത്ഭുതത്തോടെ ചോദിച്ചു
നിന്റെ മുന്നിൽ ഇനി അതല്ലേ വഴിയുള്ളൂ..
ശരിയാണ്..
അതേടി…ഷെൽജ അവൾക്ക് വേറെ പ്രണയമുണ്ടായിരുന്നു..അവൾ ഇന്ന് വിവാഹിതയായി…
ആണോ കണക്കായിപ്പോയി..എന്നെ തേച്ചിട്ട് വലിയ ആളായി വലിയ പണിക്കാരി പെണ്ണിന് കെട്ടാൻ പോയതല്ലേ ഇപ്പൊ എന്തായി
ആട്ടെ നീ എങ്ങനെ അവളുടെ കാര്യം അറിഞ്ഞു..
അതൊന്നും നീ അറിയേണ്ട…എന്റെ നിന്നോടുള്ള പ്രണയം ആത്മാർത്ഥമായിരുന്നു..അതുകൊണ്ട് ദൈവം തോന്നിപ്പിച്ചു..ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടാവും എന്ന്…നിന്നെ വിളിക്ക് എന്നും തോന്നിപ്പിച്ചു..
ഒരു അവധൂതനെപ്പോലെ അവൾ പറഞ്ഞു….
ആണോ ഷെൽജ….
ഉം അവൾ മൂളി….
സത്യത്തിൽ ഞാൻ ആത്മാഭിമാനം തകർന്ന ഞാൻ വല്ലാത്ത മാനസികാവസ്ഥയിൽ ആയി ആ ത്മഹത്യക്കു ഒരുങ്ങിയതാണ്..നിന്റെ കോൾ ആണ് എന്നെ രക്ഷിച്ചത്..നിന്നെപ്പോലുള്ള ഒരു പെണ്ണിനെ തള്ളിക്കളഞ്ഞ ഒരു പരമ ദ്രോഹിയായ എനിക്ക് മുന്നിൽ ഈ അവസരത്തിൽ ഈ ആ ത്മഹത്യയേ വഴി യുള്ളൂ..
അയ്യോ അങ്ങനെ പറയല്ലേ…അങ്ങനെ ചുമ്മാ ചാവാൻ വരട്ടെ…എന്റെ മനസ്സിൽ ഉണ്ടായിരുന്ന സ്നേഹം ഇപ്പോഴും കുറഞ്ഞിട്ടില്ല..
ആണോ ഷെൽജ നിനക്കെന്നോട് ദേഷ്യം ഇല്ലേ…
ഒരിക്കലുമില്ല…ഷിബു നിന്റെ ദുഷ്ട ബുദ്ധിക്ക് നിനക്ക് കണക്കിന് കിട്ടി..
ഷെൽജ നാളെ എന്റെ വിവാഹം കൂടാൻ ആൾക്കാർ ഒരുപാട് വരും..നിനക്ക് എന്നെ സഹായിച്ചു കൂടെ…?
എങ്ങനെ ഷിബു…?
എന്റെ പെണ്ണായി നീ നാളെ കതിർമണ്ഡപത്തിൽ വരില്ലേ…?
ആണോ..? നിന്റെ മുന്നിൽ വേറെ വഴിയില്ലാഞ്ഞിട്ടല്ലേ ഷിബു ഇപ്പോൾ നീ എന്നെ ക്ഷണിക്കുന്നത്…നാളെ നീ എന്നെ കളഞ്ഞിട്ട് പോകില്ല എന്ന എന്താ ഒരു ഉറപ്പ്
വേണം എനിക്ക് നിന്നെ വേണം…ഇനി ഞാൻ ഒരിക്കലും നിന്നെ കൈവിടില്ല നിന്റെ സ്നേഹം ആത്മാർത്ഥം ആണല്ലോ…അത് കാണാതിരുന്നത് കൊണ്ടാണ് എനിക്ക് ഈ ഗതി വന്നത്..എന്നോട് പൊറുക്കണം എന്റെ ഈ തെറ്റ് വലതു തന്നെയായിരുന്നു…
പിറ്റേന്ന് ആ കല്യാണമണ്ഡപത്തിൽ വച്ചു ഷിബു ഷെൽജയെ താലികെട്ടി അവന്റെ ആത്മാഭിമാന സംരക്ഷിച്ചു…
======
ദിവസങ്ങൾക്കു മുമ്പ് പിന്നാമ്പുറത്തു നടന്നത്…..
ഷിബുവിനു വിവാഹത്തിനായി പറഞ്ഞുറപ്പിച്ച റീന എന്ന പെൺകുട്ടി ജോലി ചെയ്യുന്ന ആ വലിയ കമ്പനിയിൽ അവർ എത്തിച്ചേർന്നു..അവിടെ കമ്പനിയിൽ ഉയർന്ന പോസ്റ്റിലാണ് അവൾക്ക് ജോലി.
പുറത്തുനിന്നും അപ്പോയിന്റ്മെന്റ് എടുത്തവർ അവളുടെ ക്യാബിനിൽ എത്തിച്ചേർന്നു..
ഷെൽജ എന്ന തന്റെ കോളേജ് മേറ്റിനെ കണ്ടു റീന അമ്പരന്നു…തന്നെ വന്ന് കാണാൻ കാരണം അന്വേഷിച്ചപ്പോഴാണ് താൻ കെട്ടാൻ പോകുന്ന ഷിബു ചേട്ടന്റെ പഴയ കാമുകിയാണ് തന്റെ കൂട്ടുകാരി ഷെൽജ എന്ന് അവർക്ക് മനസ്സിലായി..വിവരമറിഞ്ഞപ്പോൾ റീന ധർമ്മസങ്കടത്തിലായി…
തന്റെ അച്ഛന്റെ നിർബന്ധപ്രകാരമാണ് ഷിബുവിനെ കെട്ടാൻ തയ്യാറായതെന്നും. തനിക്കൊരു പ്രണയം ഉണ്ടെന്നും അവൻ പാവപ്പെട്ടവനും അച്ഛനെ വെല്ലുവിളിച്ച് തന്നെ കെട്ടി കൊണ്ടുപോകാൻ അവൻ അശക്തനാണ് എന്നും അവരെ അവൾ അറിയിച്ചു..ഒടുവിൽ രണ്ടുപേരും വളരെ ദുഃഖത്തോടെ പറഞ്ഞ അവസാനിപ്പിച്ചാണ് ഞാൻ അച്ഛന്റെ നിർബന്ധ പ്രകാരം ഉള്ള ഈ വിവാഹത്തിന് ഒരുങ്ങുന്നത് എന്നും അവൾ അറിയിച്ചു.
തനിക്ക് പുറത്തുനിന്ന് ശക്തമായ സപ്പോർട്ട് കിട്ടിയാൽ ഈ വിവാഹം ഉപേക്ഷിച്ച് ആ പയ്യനെ കെട്ടുമെന്ന് അവൾ ഉറപ്പുകൊടുത്തു അങ്ങനെയാണ് സീമ ചേച്ചിയും ഷെൽജയ്യും റീനയ്ക്ക് അവളുടെ പ്രേമ സാക്ഷാത്കാരം സാധ്യമാകുന്ന വിധത്തിൽ ആ പാവം പയ്യനുമായി വിവാഹം ചെയ്തു കൊടുത്തത്.