എനിക്കിപ്പോഴും പതിനാറ് ആണന്നാ വിചാരം. എന്തിനാ ഞാനിപ്പോ കിളവി ആകുന്നത്. ഞാൻ ഒരു നേർച്ചയും നേർന്നിട്ടില്ല…

രചന: സ്നേഹ സ്നേഹ

“നാൽപതു വയസു കഴിഞ്ഞു എന്നിട്ടും കോലം കെട്ടലിന് ഒരു കുറവും ഇല്ല…..എൻ്റെ വീട്ടിലെങ്ങാനും ആയിരിക്കണം എപ്പോ തല്ലു കിട്ടിയേനെ എന്നു കണ്ടാ മതി…”

ജീനയെ നോക്കി സുഹൃത്ത് സ്മിത പറഞ്ഞു…

“അതിന് ഞാനെന്തു കോലം കെട്ടി എന്നാ നീ പറയുന്നത്”

“നല്ലൊന്നാന്തരം മുടി മുറിച്ച് ഈ കോലത്തിലാക്കിയിട്ടില്ലേ അതു തന്നെ”

“ഓ അതാണോ….?”

“നിനക്കിപ്പോഴും പതിനാറ് ആണന്നാ നിൻ്റെ വിചാരം….”

“അതെ….എനിക്കിപ്പോഴും പതിനാറ് ആണന്നാ വിചാരം. എന്തിനാ ഞാനിപ്പോ കിളവി ആകുന്നത്. ഞാൻ ഒരു നേർച്ചയും നേർന്നിട്ടില്ല, നാൽപതു കഴിഞ്ഞാൽ പിന്നെ കിളവിയെ പോലെ ജീവിച്ചോളാം എന്ന്…”

“ഞാനൊന്നും പറയുന്നില്ല…..നീ ആ ജൂലിയെ പോലെയാ എനിക്കിപ്പോ അങ്ങനെയാ തോന്നുന്നത്…..”

“നിങ്ങൾ ഈ ജുലിയെ കുറ്റം പറയുന്നുണ്ടല്ലോ, അവളെന്തു ചെയ്തു എന്നാ പറയുന്നത് ഭർത്താവ് ഉപേക്ഷിച്ചു പോയി കഴിഞ്ഞ് മറ്റൊരുവനൊപ്പം താമസിക്കുന്നതാണോ…”

“ഒരുത്തനൊപ്പം മാത്രമാണെങ്കിൽ കുഴപ്പം ഇല്ല ഇതു കാണുന്നവൻമാർക്കൊപ്പം എല്ലാം താമസിക്കുകയല്ലേ ഇന്നു ഒരാൾ ആണെങ്കിൽ നാളെ മറ്റൊരാൾ….എന്നിട്ട് അവളുടെ നടപ്പും പത്രാസും കണ്ടാൽ അവളെക്കാൾ മറ്റൊരു പതിവ്രതയില്ലന്ന് തോന്നും മുടിയും തോളപ്പം വെട്ടി ജീൻസും ഇട്ടു നടക്കണ കണ്ടാലും മതി. ഇപ്പോ നിന്നെ കാണുമ്പോ എനിക്ക് അവളെയാ ഓർമ്മ വരുന്നത്…..”

“സമിത നീ ഒരു കാര്യം ഓർക്കണം മുടി മുറിച്ചു, ജീൻസിട്ടു എന്നോർത്ത് ആരും ആരേയും പോലെ ആകുന്നില്ല എൻ്റെ കുടുംബത്തിൽ തന്നെ എൻ്റെ ചേച്ചിമാരും ആൻ്റിമാരും എല്ലാവരും തന്നെ മുടി ലെയർ വെട്ടിയതാ അതുപോലെ അവരൊക്കെ ജീൻസും ഇടും എന്നും വെച്ച് അവരാരും ഭർത്താക്കന്മാരെ ഉപേക്ഷിച്ചിട്ടില്ല….വേറെ ആരുടെയും കൂടെ പോകാറും ഇല്ല…അതൊക്കെ തെറ്റിദ്ധാരണകളാണ്.”

“എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ടപ്പെട്ടില്ല നീ മുടി മുറിച്ചത്. ഭയങ്കര ബോറാണ് ഇതു കാണുമ്പോൾ…”

“നീ ഇഷ്ടപ്പെട്ടണ്ട നിൻ്റെ ഇഷ്ടത്തിനല്ലാലോ ഞാൻ ജീവിക്കേണ്ടത്. എൻ്റെ മകനും ഭർത്താവും എനിക്കൊപ്പം ഇന്നലെ ബ്യൂട്ടി പാർലറിൽ വന്നു. മുടി വെട്ടി ത്രഡ് ചെയ്തു പേഷ്യലും ചെയ്തു അതുവരെ അവർ രണ്ടു പേരും പാർലറിൻ്റെ പുറത്ത് വെയിറ്റ് ചെയ്തു. എല്ലാം കഴിഞ്ഞ് ഞാൻ പുറത്തു വന്നപ്പോൾ സൂപ്പറായിട്ടുണ്ട് എന്ന് ആദ്യം പറഞ്ഞത് എൻ്റെ മോനാണ് പതിനെട്ട് വയസു കഴിഞ്ഞ അവന് അറിയാം അവൻ്റെ അമ്മ മുടി മുറിച്ചാലും ഇല്ലങ്കിലും അവൻ്റെ അമ്മ എന്താണന്നും ആരാണന്നും പിന്നെ എൻ്റെ ഇച്ചായനും അറിയാം എന്നെ…പിന്നെ ഞാൻ ആരെയാ ബോധ്യപ്പെടുത്തേണ്ടത്….”

“നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല..നാട്ടുകാർ അതും ഇതും പറയുമ്പോൾ പഠിച്ചോളും…”

“ഞാനിപ്പോ എങ്ങനെ നടന്നാലും നാട്ടുകാർ പറയാനുള്ളത് അവർ പറയും പിന്നെ അവരുടെയൊന്നും സർട്ടിഫിക്കറ്റ് എനിക്കാവശ്യം ഇല്ല….”

“എന്തു ഭംഗിയായിരുന്നു നിൻ്റെ മുടി കാണാൻ അതു വെട്ടി വെറുതെ നശിപ്പിക്കണ്ടായിരുന്നു…”

“ആ പറഞ്ഞത് ന്യായം…കുറെ വർഷം ആയില്ലേ നീണ്ട മുടിയുമായി നടക്കാൻ തുടങ്ങിയിട്ട് ഇടക്കൊരു മാറ്റം ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടോ ? പിന്നെ അതുമല്ല ഭയങ്കരമായ മുടി കൊഴിച്ചിലും…മുടിയെല്ലാം കൊഴിഞ്ഞ് ഉള്ളെല്ലാം പോയി കുറെ നീളത്തിൽ മുടി ഉണ്ടായിട്ടെന്താ കാര്യം എന്നോർത്തപ്പോൾ ലെയർ വെട്ടാം എന്നു തീരുമാനിച്ചതാ….”

“എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ പഴയതുപോലെ കാണാൻ പറ്റില്ല….”

“കാണണ്ട എനിക്കൊരു നിർബന്ധവും ഇല്ല..കാരണം ഇത്രനാളും കൂടെ നടന്നിട്ടും എന്നെ നീ മനസ്സിലാക്കിയിട്ടില്ല…എടി നീ ഒന്നോർത്തോ….മാന്യമായി വസ്ത്രവും ധരിച്ച് മുടിയും നീട്ടി വളർത്തി എന്തിന് ഒരു പൊട്ടു പോലും വെയ്ക്കാതെ പഞ്ചപാവങ്ങളായി മാന്യമായി നടക്കുന്നവരും ഭർത്താക്കൻമാരെ വഞ്ചിക്കുന്നുണ്ട്….അതുകൊണ്ട് നീ ആർക്കും മാർക്കിടണ്ട….”

പിന്നെ നാൽപ്പതു കഴിഞ്ഞു എന്നോർത്ത് നമ്മുടെ ആഗ്രഹങ്ങളെല്ലാം കുഴിച്ചുമൂടി നമ്മളിലേക്ക് ഒതുങ്ങി  ജീവിക്കണം എന്നില്ല….എൻ്റെയൊരു കസിന് ഡാൻസ് ഭയങ്കര ഇഷ്ടമായിരുന്നു…നല്ലൊരു നർത്തകി ആകണം എന്നതായിരുന്നു ആഗ്രഹം വിവാഹത്തിന് മുൻപ് കുറച്ചൊക്കെ നൃത്തം പഠിക്കുകയും ചെയ്തു. പിന്നെ ജോലിയായി വിവാഹം കഴിഞ്ഞു തുടർന്ന് രണ്ടു പ്രസവം…ചേച്ചിക്ക് അപ്പോഴെല്ലാം അതിയായ ആഗ്രഹം ആയിരുന്നു തുടർന്നും നൃത്തം പഠിക്കണമെന്ന് ഭർത്താവിനോട് പറയാൻ മടി കാരണം ചേച്ചി പറഞ്ഞതുമില്ല….ഇനി മക്കളെ നൃത്തം പഠിപ്പിച്ച് തൻ്റെ ആഗ്രഹം അവരിലൂടെ പൂർത്തികരിക്കാം എന്ന് ചിന്തിച്ച് ചേച്ചി ചേച്ചീടെ ആഗ്രഹം കുഴിച്ചുമൂടി….എല്ലാ ദിവസവും ഡയറി എഴുതുന്ന ചേച്ചി ചേച്ചീടെ ആഗ്രഹവും ഡയറി താളുകളിൽ കുറിച്ചിട്ടു….വർഷങ്ങൾ കഴിഞ്ഞു…ആകസ്മികമായി ചേച്ചീടെ ഡയറി കാണാൻ ഇടയായ ഭർത്താവ് ഒരു അവധി ദിവസം ഭാര്യയേയും എട്ടും അഞ്ചും വയസുള്ള തൻ്റെ പെൺമക്കളേയും കൂട്ടി നഗരത്തിലെ നൃത്ത വിദ്യാലയത്തിൻ്റെ പടികൾ കയറി ചെന്നു. അപ്പോഴും ചേച്ചി ഓർത്തത് മക്കളെ നൃത്തം പഠിപ്പിക്കാൻ ആയിരിക്കുമെന്ന്…എന്നാൽ ചേട്ടൻ മൂന്ന് അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് ഒരു മാസത്തെ ഫീസും അടച്ചതിന് ശേഷം മൂന്നു പേരുടെയും കൈയിലേക്ക് തളിർ വെറ്റിലയിൽ ദക്ഷിണവെച്ചു കൊടുത്തപ്പോൾ മാത്രമാണ് ചേച്ചി അറിഞ്ഞത് തനിക്കും അഡ്മിഷൻ എടുത്തെന്ന് അന്ന് ചേച്ചീടെ പ്രായം മുപ്പത്തിയഞ്ച് തൻ്റെ മക്കളോടൊപ്പം നൃത്തം പഠിച്ച് അവർക്കൊപ്പം അരങ്ങേറ്റവും കഴിഞ്ഞു….അന്ന് ചേച്ചി നൃത്തം പഠിക്കാൻ പോയപ്പോൾ നാട്ടുകാരും വീട്ടുകാരും ചേച്ചിയെ പരിഹസിച്ചു വയസ നാം കാലത്താ ഓരോരു പൂതി തോന്നുന്നത് എന്നു പറഞ്ഞ് ഇന്ന് ചേച്ചിക്ക് നാൽപതു വയസ് കഴിഞ്ഞു. ചേച്ചി സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്നു നൂറോളം കുട്ടികൾ ഇന്ന് ചേച്ചീടെ നൃത്ത വിദ്യാലയത്തിൽ നൃത്തം പഠിക്കുന്നുണ്ട്. അന്ന് ചേച്ചിയെ പരിഹസിച്ചവരുടെ മക്കളും കൊച്ചുമക്കളുമാണ് ചേച്ചീടെ ശിഷ്യഗണത്തിൽ അധികപേരും….അന്ന് എല്ലാവരുടേയും പരിഹാസം കേട്ടിരുന്നെങ്കിലോ…

പരിഹസിക്കാനും തളർത്താനും ഒത്തിരി പേരുണ്ടാവും അവർക്ക് ചെവികൊടുത്താൽ നമുക്കൊരിക്കലും വളരാൻ പറ്റില്ല…..അതുകൊണ്ട് ആരുടെയും പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കും ചെവികൊടുക്കരുത്….നാൽപതാം വയസിൽ മുടി വെട്ടിയതുകൊണ്ടോ മാന്യമായ ഏതൊരു ഫാഷൻ വസ്ത്രം ധരിച്ചതുകൊണ്ടോ നമ്മളൊരിക്കലും നമ്മളലതായി മാറുന്നില്ല…അതു കൊണ്ട് നീ പറഞ്ഞതൊന്നും ഞാൻ കേട്ടിട്ടില്ല കേൾക്കുകയും ഇല്ല……

ജീന ഒന്നും മിണ്ടാതെ താൻ നോക്കി കൊണ്ടിരുന്ന ഫയലിലേക്ക് മുഖവും താഴ്ത്തി ഇരുന്നു…

ഇന്നലെ ഓഫീസിലെ ഒരാൾ മുടി ലെയർ വെട്ടി അതിനെ കുറിച്ച് എഴുതിയതാടോ…