എനിക്ക് കേൾക്കുന്നതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും കേട്ട വാക്കുകൾ എന്നെ വളരെയേറെ സന്തോഷിപ്പിച്ചു….

രചന: സുധീ മുട്ടം

“ഭാര്യയെന്ന നിലയിൽ നീ സംതൃപതയാണോ????

എന്നത്തേയൂം പോലെ ഒരു കട്ടിലിന്റെ ഇരുധ്രുവങ്ങളിൽ,നടുവിൽ മക്കളുമായി കിടക്കുമ്പോഴാണ് ഭർത്താവിന്റെ പതിവില്ലാത്തൊരു ചോദ്യം ഞാൻ കേട്ടത്…

ഒരുമാത്ര ഞാനൊന്ന് ഞെട്ടി…

വിവാഹം കഴിഞ്ഞിട്ട് പത്തു വർഷങ്ങൾ കഴിഞ്ഞു..ഒരിക്കൽ പോലും സ്നേഹത്തോടെ ഒരു വാക്കോ തലോടലോ ലഭിച്ചിട്ടില്ല….എന്നും ആൾക്ക് സ്വന്തം കാര്യം മാത്രം….

“ഭാര്യയെന്ന നിലയിൽ നീ സംതൃപതയാണോ????

പതിവില്ലാത്ത വിധം വീർപ്പുമുട്ടൽ നിറഞ്ഞിരുന്നാ സ്വരത്തിന്…നഷ്ട ബോധത്തിന്റെ വീർപ്പുമുട്ടൽ എന്നിലും നിറഞ്ഞു…

“ആൾക്കിത് എന്തു പറ്റി….

എന്നൊരു നിമിഷം ചിന്തിക്കാതിരുന്നില്ല….മെല്ലെ ഞാൻ തല ചരിച്ചു നോക്കി ആൾ കിടന്ന ഭാഗത്തേക്ക്…

സീറോ വാൾട്ട് ബൾബിന്റെ മങ്ങിയ പ്രകാശത്തിലും ആളെന്നെ നോക്കി അഭിമുഖമായി കിടക്കുകയാണ്….

ജീവിതത്തിലെ ആദ്യത്തെ അനുഭവം….

എന്നിലൊരു കോരിത്തരിപ്പുണ്ടായി….ലൈറ്റിന്റെ പ്രകാശത്തിൽ ആ മുഖമൊന്ന് കാണാൻ കൊതിയായി…

വർദ്ധിച്ച ആഹ്ലാദത്തോടെ ചാടി എഴുന്നേറ്റു ലൈറ്റിന്റെ സ്വിച്ചിനായി കൈകൾ പരതി…

” ലൈറ്റ് ഇടണ്ടാ….”

പിന്നാലെയുള്ള അദ്ദേഹത്തിന്റെ ശബ്ദമെന്നെ വിലക്കി…

“ഇരുട്ടാണ് നല്ലത് നിന്നെ അഭിമുഖീകരിക്കാൻ….

അപകർഷതാബോധം അദ്ദേഹത്തെ കാർന്ന് തിന്നും പോലെ തോന്നി….

” ഇവിടെ എനിക്ക് അരികിൽ വന്നൊന്ന് ഇരിക്കാമോ?

അപേക്ഷിക്കും പോലൊരു സ്വരം….കേൾക്കാൻ കൊതിച്ചത് പോലെ ആൾക്ക് അരികിൽ ഇരുന്നു…കൈകൾ പരസ്പരം കോർത്തു പിടിച്ചു..

ഭർത്താവിന്റെ ശരീരം വിറക്കുന്നത് ഞാനറിഞ്ഞു….

“എന്തു പറ്റിയിന്ന് പതിവില്ലാതെ ഓരോന്നും….

” ഒന്നുമില്ല ശാരി… നിന്നോട് തെറ്റുകൾ ചെയ്യും പോലെയൊരു തോന്നൽ… വേണ്ട വിധം പരിഗണിക്കുന്നില്ലെന്നൊരു കുറ്റപ്പെടുത്തൽ….

“ആൾക്കിത് എന്തുപറ്റി….

ഞാൻ വീണ്ടും അത്ഭുതപ്പെട്ടു…

” നിനക്ക് ഇഷ്ടമായിരുന്നല്ലോ ജോലിക്ക് പോകാൻ….മറ്റേന്നാൾ മുതൽ പൊയ്ക്കോളൂ ജോലിക്ക്..ഞാനൊരു ചെറിയ ജോലി തരപ്പെടുത്തിയട്ടുണ്ട്…

എനിക്ക് കേൾക്കുന്നതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും കേട്ട വാക്കുകൾ എന്നെ വളരെയേറെ സന്തോഷിപ്പിച്ചു….

“നാളെ ഞാൻ ലീവ് എടുക്കുവാ‌..നിന്നോടൊപ്പം ചിലവഴിക്കാൻ….

” നീ ആഗ്രഹിച്ച പോലെ കള്ളു ഷാപ്പിൽ പോയി കരിമീൻ വറത്തതും കക്കാ തോരനും കൂടി കൂട്ടി നമ്മൾ ഒരുമിച്ച് കള്ളു കുടിക്കുന്നു….

“ഈശ്വരാ …

അറിയാതെ നെഞ്ചിൽ കൈ വെച്ചു…. അപ്പോഴും ഇരുട്ടിൽ നിന്ന് വാക്കുകൾ എന്റെ കാതിലെത്തി….

” പിന്നെ നാളത്തെ ദിവസം പാതിരാത്രിയിൽ ബൈക്കിൽ കറങ്ങി., മെയിൻ റോഡിലിറങ്ങി ഉറക്കെ കൂവിക്കോളൂ… ഞാൻ കൂടെയുണ്ട്…

സന്തോഷത്താൽ കണ്ണുനീർ ചിതറി തെറിച്ചു… ഇരു കൈകളാലും അദ്ദേഹത്തെ സ്നേഹത്തോടെ പുണർന്നതും ആളുടെ കണ്ണിൽ നിന്നും മിഴിനീരുറവ എന്നിലേക്ക് അടർന്നു വീണു….

“ആഗ്രഹങ്ങളെല്ലാം എന്നോ ഒരു ഡയറി താളിൽ പകർത്തിയതാണ്….അവയെല്ലാം അതിലൊടുങ്ങിയെന്ന് കരുതിയതാണ്…

” ഇന്നാ ഡയറി ഞാൻ കണ്ടു….ഇന്നാണ് എനിക്ക് മനസ്സിലായത് തിരുത്തിയൊന്ന് ചിന്തിക്കാൻ…

“എന്നെ പോലെ നീയും വികാരവും വിവേകവുമുള്ളൊരു മനുഷ്യ ജീവിയാണെന്ന്… തെറ്റാണ് പൊറുക്കുക ചെയ്തതൊക്കെ….

എനിക്ക് പറയാൻ വാക്കുകൾ ഒന്നും ഇല്ലായിരുന്നു… പകരം എന്റെ സന്തോഷവും സ്നേഹവും കൂടി ചേർത്ത് ഭർത്താവിനെ കെട്ടിപ്പിടിച്ചു കവിളിലൊരുമ്മ കൊടുത്തു…

അതിനു പകരമായി ഒരുപാട് ചുംബനങ്ങളാൽ അദ്ദേഹമെന്നെ മൂടിപ്പൊതിഞ്ഞു….

” വൈകി വന്ന വിവേകം….

അപ്പോഴും എന്റെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു….

(അവസാനിച്ചു)

ഒരുപാട് നാളായി ചെറുകഥ എഴുതിയട്ട്..തെറ്റുകളും കുറവുകളും ഉണ്ടാകും… വായിച്ചു നല്ലതാണെങ്കിൽ റിവ്യൂ എഴുതൂ….

A story by സുധീ മുട്ടം