പീ ഡനം
രചന : വിജയ് സത്യ
::::::::::::::::::
എന്താ ശിനി മോളുടെ മുഖം വല്ലാണ്ട് ഇരിക്കുന്നത്…? ജാൻസി ടീച്ചർ അവളോട് ചോദിച്ചു…
അവൾ ഒന്നും മിണ്ടിയില്ല…
സെക്കൻഡ് സ്റ്റാൻഡേർഡിലെ ക്ലാസ് ടീച്ചർ ആണ് ജാൻസി…ആ ക്ലാസിലെ കുസൃതി കുടുക്കയാണ് ശിനി…എന്നും ചുറുചുറുക്കോടെ ക്ലാസ്സിൽ ഇരിക്കുന്ന ശിനി മോൾക്ക് ഇതെന്തുപറ്റി..
രാവിലെ വന്നപ്പോൾ തൊട്ടു ടീച്ചർ ശ്രദ്ധിച്ച്ചിരുന്നു. ക്ലാസ്സിലെ മുമ്പിലുള്ള ബെഞ്ചിൽ ആകെ വിഷണ്ണയായി ഇരിക്കുന്ന അവളുടെ കണ്ണുകൾ ഇപ്പോൾ നിറഞ്ഞിരിക്കുന്നു…വല്ല പനിയോ വയറു വേദനയോ അതുപോലുള്ള അസുഖവും അവൾക്ക് ഉണ്ടാവുമോ…എന്നോട് പറയാൻ പേടിച്ചിട്ടാണോ അവൾ മിണ്ടാതിരിക്കുന്നത്..
ജാൻസി ടീച്ചർ അടുത്തുചെന്നു വീണ്ടും ചോദിച്ചു
എന്താ പ്രശ്നം പറയു ശിനിമോളെ..
അവൾ ആ ഞെട്ടിക്കുന്ന സത്യം ടീച്ചറോട് തുറന്നുപറഞ്ഞു..
അച്ഛൻ അവളുടെ അനിയത്തിയെ എന്നും വടികൊണ്ട് തല്ലുമത്രെ…
പ്ലസ്ടുവിന് പഠിക്കുന്ന ചേച്ചിയെയും അച്ഛൻ വെറുതെ വിടാറില്ല..ചേച്ചിയെയും അവിടെയുമിവിടെയുമൊക്കെ നുള്ളുകയും പിച്ചകയും ചെയ്തു വേദനിപ്പിക്കും
ഇതൊരു വലിയ പ്രശ്നം ആണല്ലോ…ടീച്ചർ മനസ്സിൽ കരുതി…
അപ്പോൾ വീട്ടിൽ മോൾടെ അമ്മയില്ലേ..?
അമ്മ എന്നും രാവിലെ ജോലിക്ക് പോവും….പക്ഷേ അച്ഛനും ജോലിക്ക് പോകും..വൈകിട്ട് വന്നിട്ട് ആവും രണ്ടുപേരെയും നിർത്തി തല്ല് കൊടുക്കുന്നത്…
എന്തിനാ അവരെ ത ല്ലുന്നത്…മോളെ തല്ലാറുണ്ടോ?
ഇല്ല എന്നോട് വളരെ സ്നേഹമാണ്…എന്നെ ഇന്നുവരെ തല്ലിയിട്ടില്ല…പക്ഷേ അവരെ തല്ലുന്നത് കാണുമ്പോൾ എനിക്ക് വളരെ വിഷമം ആവും.
എന്തിനാ അച്ഛൻ അവരെ മാത്രം തല്ലുന്നത്…?
ഞാൻ പഠിക്കാഞ്ഞിട്ടാ..എന്റെ കൂടെ കൂട്ടുകൂടി കളിച്ചു എന്നെ പഠിക്കാത്ത കുട്ടിയാക്കി മോശമാക്കുന്നു എന്നു പറഞ്ഞു എന്നെ പഠിപ്പിക്കുന്ന നേരമാ അവർക്ക് നന്നായി തല്ലു കൊള്ളുക. എന്നെ തല്ലുന്നതിനു പകരം അച്ഛൻ ദേഷ്യപ്പെട്ടു അവരെയാകും തല്ലുക…..!
ടീച്ചർ ഉടനെ സിഡബ്യുസി പ്രവർത്തകരുമായി ബന്ധപ്പെട്ടു…ഇന്ന് വൈകിട്ട് തന്നെ കുട്ടിയുടെ വീട്ടിൽ ചെന്ന് കാര്യം അന്വേഷിക്കാം. അവർ അതിനായി തയ്യാറെടുത്തു…
ഇതെങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല…മക്കളെ പക്ഷഭേദം ത്തോടെ വളർത്തുക, മക്കളെ ക്രൂ രമായി പീ ഡിപ്പിക്കുക ഇതൊക്കെ നിയമപരമായി ചോദ്യം ചെയ്യേണ്ടതാണ്..
ആട്ടെ മോളെ…കുറെ നാളായോ ഇങ്ങനെ അച്ഛൻ അവരെ ഉപദ്രവിക്കുന്നത്…?
എന്നെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ തൊട്ട് ഇങ്ങനെയാണ്..
അയ്യോ…ഈശ്വര എന്തോരം സഹിച്ചിട്ടുണ്ടാവും ആ പാവം കുട്ടികൾ….
ടീച്ചർക്ക് അതൊക്കെ ചിന്തിച്ചപ്പോൾ വലിയ സങ്കടമായി..
അതെന്താ മോള് അപ്പോഴേ ടീച്ചറോടു ഇതേ കുറിച്ച് പറയാതിരുന്നത്. അവർക്ക് വേദന വന്നു കരയുമ്പോൾ അമ്മ കേൾക്കാറില്ലേ…അമ്മ കാണാറില്ലേ ഇത്….
അമ്മ കാണും…പക്ഷേ ഒന്നും മിണ്ടില്ല…അപ്പോഴേക്കെ അച്ഛൻ വടി കൊണ്ടു അവരുടെ കാലിലും മേലിലും തല്ലുകയോ ഉണ്ടായിരുന്നുള്ളൂ…ഇനി ശിക്ഷാ കൂടും. നാളെ ടീച്ചർ തരുന്ന പ്രോഗ്രസ് കാർഡിൽ മാർക്കു.കുറഞ്ഞാൽ അവരുടെ രണ്ടിനെയും കണ്ണ് കുത്തി പൊട്ടിക്കും എന്നാണു അച്ഛൻ പറഞ്ഞിരിക്കുന്നത്…
അതോർത്തായിരുന്നു എനിക്ക് സങ്കടം വന്നത്
ഇനി സങ്കടപ്പെട്ടു ഒന്നും കാര്യമില്ല നിന്റെ അച്ഛൻ അഴിക്കുള്ളിൽ പോകും കൊച്ചേ..അതിനു വേണ്ടത് ഞാൻ ചെയ്തു കഴിഞ്ഞു
ടീച്ചർ….ടീച്ചർ..എന്റെ അച്ഛൻ പാവമാണ്…എന്നോട് ഭയങ്കര ഇഷ്ടമാണ്…അച്ഛനെ പോലീസിനെ കൊണ്ട് പിടിപ്പിക്കല്ലേ…
പാവമോ…ടീച്ചർക്ക് സംശയം…ഒരാളോട് സ്നേഹവും മറ്റു രണ്ടുപേരോട് വെറുപ്പും…അതെന്തു സ്വഭാവം…അതെന്താ കാരണം…..
ടീച്ചർക്ക് ദേഷ്യം വന്നു..
അതൊന്നും എനിക്കറിയില്ല….എന്റെ അച്ഛനെ പോലീസിനെ കൊണ്ട് പിടിപ്പിക്കല്ലേ..
ആഹാ അതു കൊള്ളാലോ.. അവര് അച്ഛന്റെ മക്കൾ അല്ലേ…?
ടീച്ചർ അല്പം ഉച്ചത്തിൽ ചോദിച്ചു.
അല്ല ടീച്ചറെ
പിന്നെ
അവർ എന്റെ മക്കളാ…
ങേ…
അതേ ടീച്ചർ…..അതു രണ്ടും എന്റെ പാവക്കുട്ടികളാ…ഒന്ന് ചെറിയ കുഞ്ഞു അത് എന്റെ അനിയത്തിയും..മറ്റേത് ബാഗും തൂക്കി കോളേജിൽ പോകുന്ന രൂപത്തിൽ ഉള്ളത്..അത് എന്റെ ചേച്ചിയും..അതുങ്ങളെ തല്ലിയാൽ അവ ഒന്നും മിണ്ടാറില്ല…എന്നെ തല്ലിയാൽ അച്ഛന് അമ്മയുടെ കയ്യിൽ നിന്നും കിട്ടും…
അതുകൊണ്ടാണ് എന്റെ പാവക്കുട്ടികളെ തല്ലി എന്നെ പേടിപ്പിച്ച് പഠിപ്പിക്കുന്നത്…