പപ്പയുടെ അലർച്ച കേട്ടാണ് ആൻമരിയ കണ്ണുതുറന്നത്….തൻ്റെ മുന്നിൽ ആടി കൊണ്ട് നിൽക്കുന്ന പപ്പയെ കണ്ട് ആൻമരിയക്ക്…

ആൻമരിയ…

രചന: സ്നേഹ സ്നേഹ

:::::::::::::::::::

അമ്മ മരിച്ചതിൻ്റെ പിറ്റേന്ന് പള്ളിയിലെ കുർബ്ബാനക്ക് ശേഷം വീട്ടിലെത്തിയ ബന്ധുക്കൾ കാപ്പി കുടിയും കഴിഞ്ഞ്  ആൻമരിയയുടെ അടുത്ത് യാത്ര പറയാനായി എത്തി.

കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന ആൻമരിയ ബന്ധുക്കളെ കണ്ട് എഴുന്നേറ്റിരുന്നു.

പപ്പയുടെ പെങ്ങൻമാരും അമ്മായിമാരും ആണ് പിന്നെ പപ്പയുടെ അനിയനും ഭാര്യയും ഉണ്ട്. എല്ലാവരേയും കണ്ട് ആൻമരിയ പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം പഴായി പോയി.

“മോളെ ഞങ്ങൾ പോവുകയാണ് സമയം കിട്ടുമ്പോലെ ഞങ്ങളിങ്ങോട്ട് ഇറങ്ങാം “

ആൻമരിയ വെറുതെ തലയാട്ടുക മാത്രം ചെയ്തു….

“പപ്പയേയും അപ്പച്ചനേയും ഇനി മോളു വേണം നോക്കാൻ. അപ്പച്ചൻ്റെ ആരോഗ്യകാര്യത്തിലൊക്കെ മോളുടെ ശ്രദ്ധ വേണം'”

“അപ്പച്ചന് പ്രായമായില്ലേ അതിൻ്റേതായ ക്ഷീണവും തളർച്ചയൊക്കെയുണ്ട് ” അപ്പച്ചൻ്റെ പെങ്ങൾ അപ്പച്ചന് സപ്പോർട്ടുമായി വന്നു.

ഉം..

മോളുടെ പപ്പ ഒരു പാവം ആണ് ഇത്തിരി കുടിക്കുമായിരുന്നെങ്കിലും മോൾടെ അമ്മയെ ജീവനായിരുന്നു. എൽസിയുടെ മരണത്തോടെ ഒറ്റക്കായി പോയത് മോൾടെ പപ്പയാണ്. പപ്പയെ പ്രത്യേകം ഒന്നു ശ്രദ്ധിച്ചേക്കണം

ഉം….ആൽമരിയ വെറുതെ മൂളികൊണ്ടിരുന്നു.

എന്നാൽ ഞങ്ങളിറങ്ങട്ടെമോളെ…..അപ്പച്ചനേയും പപ്പയേയും പ്രേത്യകം ശ്രദ്ധിക്കണേ……ആൻമരിയയെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി കൊണ്ട് പപ്പയുടെ ബന്ധുക്കളെല്ലാം ആ വീടിൻ്റെ പടിയിറങ്ങി.

അല്ലം നേരം കൂടി ആൻമരിയ ആ ഇരിപ്പ് ഇരുന്നിട്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി പപ്പ എവിടെ എന്ന് അന്വേഷിച്ചു….

വീടിൻ്റെ പിന്നാപുറത്ത് ഉറ്റ സുഹൃത്തിനോടൊപ്പമിരുന്നു മ ദ്യസേവ നടത്തുന്ന പപ്പയെ ആണ് ആൻമരിയ കണ്ടത്.

“പപ്പാ.. ” ആൻമരിയ നീട്ടി വിളിച്ചു കൊണ്ട് ആൻ്റണിയും കൂട്ടുകാരും ഇരുന്ന് കുടിക്കുന്നിടത്തേക്ക് നടന്നു ….

ആ… “മോളെ…പപ്പ ഇപ്പോ തന്നെ വരാട്ടോ..”

“എന്താ പപ്പ ഇത് ഇനിയും ഈ ക ള്ളുകുടി നിർത്താറായില്ലേ പപ്പക്ക് “

“ഇന്നത്തോടെ എല്ലാം നിർത്തുകയാ എൻ്റെ മോളാണേ സത്യം ഇനി ഞാൻ മ ദ്യപിക്കില്ല” ആൻമരിയയുടെ ഇരുകൈകളും കുട്ടിപ്പിടിച്ച് ഡേവിഡ് സത്യം ചെയ്തു. മോളു പൊയ്ക്കോ ഞാനിപ്പോ തന്നെ വരാം…

ആൻമരിയ ഒന്നും മിണ്ടാതെ തന്നെ അവിടെ നിന്നും പിൻവാങ്ങി. തൻ്റെ മുറിയിലെത്തി  ടേബിളിൽ ഇരിക്കുന്ന അമ്മയുടെ ഫോട്ടോ എടുത്ത് ഒന്നു നോക്കിയതിന് ശേഷം ആ ഫോട്ടോയിലേക്ക് തൻ്റെ ചുണ്ടുകളമർത്തി ചുംബിച്ചു. എന്നിട്ടാ ഫോട്ടോയിലേക്ക് നോക്കി പിറുപിറുത്തു.

അമ്മ കേട്ടല്ലോ പപ്പയുടെ ബന്ധുക്കൾ പറഞ്ഞിട്ടു പോയത്. പപ്പയേയും അപ്പച്ചനേയും ഞാൻ നോക്കണമെന്ന് . പപ്പക്ക് അമ്മയെ ജീവനായിരുന്നു എന്ന്…ങും… ജീവനായിരുന്നു…പപ്പക്ക്….അമ്മയെ അല്ലന്ന് മാത്രം അത് എനിക്കു മാത്രമല്ലേ അറിയു….

പപ്പയുടെ അടിയും ഇടിയും ഇല്ലാത്ത ലോകത്ത് അമ്മ സമാധാനമായി ഇപ്പോ ഇരിക്കുന്നുണ്ടല്ലോ ?അതുമതിയമ്മേ ഈ മോൾക്ക് സമാധാനിക്കാൻ…

അമ്മ അറിഞ്ഞോ? അമ്മയുടെ വീട്ടുകാർ ഇന്നലെ തന്നെ പോയി … ഇനി അവരുടെ ആരാ ഇവിടെയുള്ളത്…..

അമ്മക്കറിയോ അമ്മയുടെ മോൾ ഇന്നു മുതൽ തനിച്ചാ ഈ ലോകത്ത് പ്രായമായ അപ്പച്ചനും മുഴുക്കു ടിയനായ പപ്പയും ഇവരുടെ നടുവിൽ ഞാനൊറ്റക്ക്….സാരമില്ല അമ്മ രക്ഷപ്പെട്ടല്ലോ എനിക്ക് അതുമതി.

ആൻമരിയ ഫോട്ടോയിൽ നോക്കി എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.

ഫോട്ടോ പഴയ സ്ഥാനത്തു വെച്ചിട്ട് ആൻമരിയ തൻ്റെ ബെഡിലേക്ക് കമിഴ്ന്ന് വീണ് പൊട്ടിക്കരഞ്ഞു…..

അമ്മയെ ഒന്നു കാണാനും ആ മടിയിൽ കിടന്ന് പൊട്ടികരയാനും ആൻമരിയക്ക് കൊതി തോന്നി…

എത്ര നേരം ആ കിടപ്പ് കിടന്നു എന്നറിയില്ല.

എന്താടി…ത ള്ള ചത്ത് നേരത്തോട് നേരം കഴിഞ്ഞിട്ടും നീ എന്തിനാ ഇപ്പോഴും കിടന്നു മോങ്ങുന്നത്

പപ്പയുടെ അലർച്ച കേട്ടാണ് ആൻമരിയ കണ്ണുതുറന്നത്….തൻ്റെ മുന്നിൽ ആടി കൊണ്ട് നിൽക്കുന്ന പപ്പയെ കണ്ട് ആൻമരിയക്ക് പുച്ഛം തോന്നി ….

ഈ മനുഷ്യനെയാണല്ലോ എൻ്റെ അമ്മ ദൈവത്തെ പോലെ പൂജിച്ച് ആരാധിച്ചതും സ്നേഹിച്ചതും..

എന്താടി നീ നോക്കി പേടിപ്പിക്കുകയാണോ?

ആൻമരിയയുടെ തലമുടിയിൽ കുത്തി പിടിച്ച് കൊണ്ട് ആടിയാടി നിന്നുകൊണ്ട് ഡേവിഡ് ചോദിച്ചു.

എന്നെ വിട്..എനിക്ക് വേദനിക്കുന്നു..

വേദനിക്കട്ടേടി നിനക്ക് വേദനിച്ചാൽ എനിക്കെന്താ നീ എൻ്റെ ആരാണ്.?അവളുടെ ജാരൻ്റെ കുഞ്ഞാണ് നീ ….

അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ?

പറഞ്ഞാൽ നീ എന്തു ചെയ്യൂടി. ആൻമരിയയുടെ മുടിക്കുത്തിൽ പിടി മുറുക്കികൊണ്ട് ഡേവിഡ് ഉച്ചത്തിൽ അലറി.

തൻ്റെ മുടിയിലെ പിടുത്തം വിടുവിച്ചതിന് ശേഷം ആഞ്ഞൊരു തള്ളു കൊടുത്തിട്ട് ആൻമരിയ ടേബിളിൻ്റെ ചാരി നിന്ന് കിതച്ചു.

ഡേവിഡ് പിടഞ്ഞെഴുന്നേറ്റ് വീണ്ടും ആൻമരിയയുടെ ഉടുപ്പിൽ പിടിച്ച് വലിച്ച് തന്നോട് അടുപ്പിക്കാൻ ശ്രമിച്ചു. ആൻമരിയ ഡേവിഡിനെ പിടിച്ച് തള്ളിയെങ്കിലും ഈത്തവണ അയാളുടെ കാലുകൾ വിറച്ചില്ല….അപ്പോഴാണ് ആൻമരിയുടെ കണ്ണ് അമ്മയുടെ തയ്യൽ മെഷീനു മുകളിൽ ഇരിക്കുന്ന കത്രികയിൽ ചെന്നു പതിച്ചത്.

വേഗം ആ കന്ത്രിക കൈക്കലാക്കിയതിന് ശേഷം സർവ്വ ശക്തിയും എടുത്ത് ഡേവിഡിൻ്റെ പിടിവിടുവിക്കാൻ ശ്രമിച്ചു. തൻ്റെ ഉടുപ്പിൽ നിന്ന് പിടി വിട്ട ഡേവിഡിനെ പിടിച്ചു തള്ളി താഴെയിട്ടു.

കുടിച്ചു വന്ന നിങ്ങളുടെ പരാക്രമങ്ങൾ തീർക്കാൻ ഞാൻ അമ്മയല്ല…..നിങ്ങളെ സഹിക്കേണ്ട കാര്യവും എനിക്കില്ല

നിന്നെ ഞാനിന്ന് തീർക്കും ജനിച്ച അന്നു മുതൽ നിന്നെ തീർക്കാൻ ഞാൻ ശ്രമിച്ചതാ അന്നെല്ലാം അതിന് വിലങ്ങുതടിയായി നിന്നത് ചത്തുപോയ നിൻ്റെ ത ള്ളയായിരുന്നു.

ഇങ്ങോട് വാ കൊ ല്ലാനായിട്ട് ഞാൻ നിന്നു തരാം….

ഡേവിഡ് വീണ്ടും ആൻമരിയക്ക് നേരെ പാഞ്ഞടുത്തു. ആ നിമിഷം തന്നെ കത്രിക ഇരുന്ന ആൻമരിയയുടെ കൈയും ചലിച്ചു…ഡേവിഡിൻ്റെ വയറു ലക്ഷ്യമാക്കി

ആ…..അമ്മേ….വലിയൊരു ആർത്തനാദത്തോടെ ഡേവിഡ് നിലം പൊത്തി….

ആൻമരിയ ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു…ആത്മസംയമനം വീണ്ടെടുത്തു കൊണ്ട് ആൻമരിയ കുനിഞ്ഞ് ഡേവിഡിൻ്റെ അരികിലിരുന്നു….

മരിച്ചിട്ടില്ല…നേർത്ത ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു.

മരിക്കട്ടെ…ആൻമരിയ മനസ്സിലോർത്തുകൊണ് ഡേവിഡിനെ ഒന്നുകൂടി നോക്കിയ ശേഷം കന്ത്രികയും കൈയിലെടുത്ത് വീടിന് വെളിയിൽ ഇറങ്ങി.

അയൽപക്കക്കാരിൽ ചിലർ മുറ്റത്ത് നിൽക്കുന്നുണ്ട്. ഒച്ചപ്പാട് കേട്ട് വന്നതാകും….

മുറ്റത്ത് നിൽക്കുന്നവരുടെ ഇടയിൽ റോഷൻ നിൽക്കുന്നത് ആൻമരിയ കണ്ടു് ആൻമരിയ റോഷൻ്റെ അടുത്തേക്കു ചെന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.

ഞാൻ അയാളെ കുത്തി….മ രിച്ചോ എന്നറിയില്ല.

റോഷൻ പകപ്പോടെ ആൻമരിയയുടെ മുഖത്തേക്കു നോക്കി…ആൻമരിയയുടെ മുഖത്ത് യാതൊരു ഭാവഭേദവും ഇല്ലാതെ ചെറു പുഞ്ചിരി മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു.

വലിയ ഒരു പരീക്ഷ വിജയിച്ചു വന്ന വിജയിയുടെ ഭാവമായിരുന്നു അപ്പോൾ ആൻമരിയക്ക്.

ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോവുകയാണ്….അതും പറഞ്ഞ് ആൻമരിയ നടന്നു കഴിഞ്ഞു…പോലീസ് സ്റ്റേഷനിൽ ചെന്നു കീഴടങ്ങി.

വാർത്ത കേട്ടവർ കേട്ടവർ പല തരത്തിലുള്ള കഥകൾ മെനഞ്ഞു…ഇതൊന്നും അറിയാതെ ലോക്കപ്പിൻ്റെ തണുത്ത സിമൻ്റു തറയിൽ മുട്ടു കാലിൽ തല ചായ്ച്ചു വെച്ചിരുന്ന് ആൻമരിയ ഓരോന്നോർത്തെടുക്കാൻ ശ്രമിച്ചു.

തനിക്ക് ഓർമ്മ വെച്ച കാലം മുതൽ കാണുന്നതാ മ ദ്യപിച്ചെത്തുന്ന പപ്പയെ…പപ്പ വരുന്നതിന് മുൻപു തന്നെ അമ്മ കഥകൾ പറഞ്ഞും പാട്ടു പാടിയും അമ്പിളിമാമനെ കാണിച്ചു തന്നും ഊട്ടി ഉറക്കുമായിരുന്നു.

അമ്മയുടെ കരച്ചിൽ കേട്ട് പലപ്പോഴും ഞെട്ടി ഉണരുമായിരുന്നു. പപ്പയുടെ അലർച്ചകേട്ട് ഭയന്ന് ഒന്നും മിണ്ടാതെ ഉറങ്ങിയപോലെ കിടക്കുമായിരുന്നു. ശ്വാസം വിടാൻ പോലും ഭയന്നു വിറച്ച് ….

എന്നാൽ ഇത്തിരി കൂടി വളർന്നു കഴിഞ്ഞപ്പോൾ പപ്പ അമ്മയെ ഉപദ്രവിക്കുന്നതു കാണുമ്പോൾ പപ്പയെ തടയാൻ ചെല്ലുമായിരുന്നു. അമ്മക്കിട്ട് കിട്ടുന്ന തല്ലിൻ്റെ പാതി തനിക്കും കിട്ടുമായിരുന്നു.

ഒരിക്കൽ പപ്പയുടെ സംസാരത്തിൽ നിന്ന് മനസ്സിലായി അമ്മക്ക് വിവാഹത്തിന് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന്..

അതിനെ കുറിച്ച് അമ്മയോട് ചോദിച്ചപ്പോൾ അമ്മയിൽ നിന്ന് ഒരു തേങ്ങൽ മാത്രമാണ് ഉണ്ടായത്. പല പ്രാവശ്യം ചോദിച്ചതുകൊണ്ടാണന്ന് തോന്നുന്നു അമ്മ അമ്മയുടെ പ്രണയത്തെ കുറിച്ച് എൻ്റെ മുന്നിൽ മനസ്സു തുറന്നത്.

കൗമാരത്തിൻ്റെ ചാപല്യം ആയിരുന്നില്ല അവരുടെ പ്രണയം വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചുറച്ച് പ്രണയിച്ചവരായിരുന്നു അവർ…എന്നാൽ ജാതിയിൽ താഴ്ന്ന ആൾക്ക് തൻ്റെ മകളെ കൊടുക്കാൻ അമ്മയുടെ അപ്പച്ചൻ തയ്യാറായില്ല. അമ്മയുടെ വീട്ടുകാർ അമ്മയുടെ വിവാഹം ഉറപ്പിച്ചു പപ്പയും ആയിട്ടുള്ളു…

പപ്പ അമ്മയെ കണ്ട് ഇഷ്ടപ്പെട്ടു വന്നു ചോദിച്ചതാണ് അങ്ങനെ പപ്പയും അമ്മയുമായുള്ള മനസമ്മതം നടന്നു….

മനസമ്മതത്തിൻ്റെ പിറ്റേന്ന് അമ്മ വീട്ടിൽ നിന്നിറങ്ങി…തൻ്റെ കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ചുറപ്പിച്ച്‌….

എന്നാൽ മനസമ്മതം കഴിഞ്ഞ അമ്മയെ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല…അദ്ദേഹം തന്നെ അമ്മയെ തിരികെ വീട്ടിലെത്തിച്ചു…ആരോ പറഞ്ഞ് പപ്പ ഈ വിവരം അറിഞ്ഞു…പക്ഷേ അറിഞ്ഞതായി ഭാവിക്കാതെ വിവാഹം നടത്തി…

ആദ്യം കുറെക്കാലം വലിയ കുഴപ്പങ്ങൾ ഇല്ലാതെ പോയി….എൻ്റെ ജനനത്തോടെയാണ് പ്രശ്നങ്ങൾ തലപൊക്കിയത്.

അതിന് കാരണമുണ്ടായിരുന്നു മാസം തികയാതെയാണ് ഞാൻ ഭൂവിലേക്ക് വന്നു പിറന്നത്. അതോടെ എൻ്റെ പിതൃത്വത്തെ ചൊല്ലിയാണ് എന്നും വഴക്കുണ്ടാക്കുന്നത്….

അമ്മ ഉറപ്പിച്ച് പറയുന്നു പപ്പയാണ് എൻ്റെ പിതാവെന്ന്…ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു കാരണം പപ്പയുടെ തനി പകർപ്പാണ് ഞാനെന്ന് എല്ലാവരും പറയുന്നു. എനിക്ക് എൻ്റെ അമ്മയെ വിശ്വാസമായിരുന്നു. അമ്മ പലവട്ടം തൻ്റെ നെഞ്ചിൽ കൈവെച്ച് സത്യം ചെയ്തു പറഞ്ഞിട്ടും പപ്പ ഇതുവരെ വിശ്വസിച്ചിട്ടില്ല…ഞാൻ പപ്പയുടെ മകളാണന്ന്.

പപ്പ എത്ര ഉപദ്രവിച്ചാലും അമ്മക്ക് പപ്പയെ ജീവനായിരുന്നു. തല്ലു കിട്ടി തളർന്നു കിടന്നാലും അമ്മ പപ്പക്ക് ഭക്ഷണം വിളമ്പി കൊടുക്കും.  ഞാൻ അന്ന് അങ്ങനെ ചെയ്തതു കൊണ്ടല്ലേ പപ്പ അമ്മയെ സംശയിക്കുന്നത് എന്നാണ് അമ്മ പറയാറുള്ളത്…..

ഞാൻ മുതിർന്ന് കഴിഞ്ഞപ്പോൾ എന്നോടുള്ള പപ്പയുടെ പെരുമാറ്റം മറ്റൊരു തരത്തിലായിരുന്നു. പതിവില്ലാത്ത സ്നേഹവുമായി വന്ന പപ്പയുടെ സ്നേഹത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദുരുദ്ദേശം മനസ്സിലാക്കിയെടുത്തപ്പോൾ നടുങ്ങി പോയി.

അമ്മയോട് ഒന്നും പറയാതെ ദിവസങ്ങൾ കഴിച്ചുക്കുട്ടി ഒരു ദിവസം അമ്മയില്ലാത്ത നേരം നോക്കി പപ്പ തൻ്റെ അടുത്ത് വന്ന് പപ്പയുടെ ആവശ്യം ഉന്നയിച്ചു.

നീ എൻ്റെ മോളല്ല….ഞാൻ നിൻ്റെ പപ്പയും അല്ല….നിൻ്റെ അമ്മ എന്നെ ചതിച്ചതാ തന്നെ പപ്പ ചേർത്തു പിടിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

പപ്പ പുറത്തു പോ ഞാൻ അമ്മയോട് എല്ലാം പറഞ്ഞു കൊടുക്കും

പറഞ്ഞു കൊടുക്കടി അതിന് മുൻപ് ഒരു തവണ നിൻ്റെ സൗന്ദര്യമൊന്ന് ആവോളം ആസ്വദിക്കണം എന്നെ പപ്പയുടെ നെഞ്ചോട് ചേർത്തു പിടിച്ചു  തൻ്റെ ചുണ്ടിൽ ചുംബിക്കാൻ അഞ്ഞു കൊണ്ട് പപ്പ പറഞ്ഞു

താൻ മുഖം വെട്ടിച്ച് പപ്പയുടെ കൈത്തണ്ടയിൽ നല്ലൊരു കടി കൊടുത്തു. കടിയുടെ വേദനയാൽ പുളഞ്ഞ പപ്പയുടെ ശ്രദ്ധ മാറിയ ആ നിമിഷം പപ്പയെ പിടിച്ച് ആഞ്ഞൊരു തള്ളു കൊടുത്തു. ബാലൻസ് നഷ്ടപ്പെട്ട പപ്പ തറയിലേക്ക് വീണു. ഞാൻ വേഗം തന്നെ മുറിയിൽ നിന്നിറങ്ങി തൊടിയിലേക്ക് പോയി…

അമ്മയില്ലാത്ത ദിവസങ്ങളിൽ വീടിനുള്ളിൽ ഇരിക്കാതെ തൊടിയിലൂടെ നടക്കുമായിരുന്നു. പിന്നീട് പല അവസരങ്ങളിലും പപ്പ ദുരുദ്ദേശ്യത്തോടെ വരുമായിരുന്നു ഓരോ ദിവസവും കഷ്ടിച്ച് രക്ഷപ്പെടുമായിരുന്നു.

അങ്ങനെയിരിക്കുമ്പോളാണ് ക്യാൻസർ എന്ന വില്ലാളി അമ്മയുടെ ജീവിതത്തിലേക്ക് വിരുന്ന് വന്നത് ഫോർത്ത് സ്റ്റേജ് ആയിരുന്നു. അറിഞ്ഞതിൻ്റെ പതിനഞ്ചാം ദിവസം അമ്മ ഈ ലോകത്തോട് വിട പറഞ്ഞു.

മരിക്കാൻ നേരത്തും അമ്മ പപ്പയോട് പറഞ്ഞു ഞാൻ പപ്പയുടെ മോളാണന്ന്. അമ്മ പപ്പയെ വഞ്ചിച്ചിട്ടില്ലന്ന് . പക്ഷേ പപ്പ വിശ്വസിക്കാൻ തയ്യാറായില്ല…ഇന്നും പപ്പ എൻ്റെ അടുത്ത് വന്നതും നല്ല ഉദ്ദേശ്യത്തോടെയല്ല…മരണമൊഴി പോലെ അമ്മ പറഞ്ഞിട്ടും പപ്പ വിശ്വസിച്ചിട്ടില്ല….ഇനിയും ഞാനാ വീട്ടിൽ സുരക്ഷിത ആയിരിക്കില്ല….

അമ്മ ഉള്ളപ്പോൾ തന്നെ കൂട്ടുകാരേയും കൂട്ടി വന്ന് ക ള്ളുകുടിയും ചീ ട്ടുകളിയുമാണ് പാതിരാത്രി വരെ…..

നീ കു ത്തിയ നിൻ്റെ ത ന്ത ചത്തട്ടില്ല…

ലോക്കപ്പിൻ്റെ മുന്നിലെത്തി ഒരു പോലീസുകാരൻ വിളിച്ചു പറഞ്ഞു….

കൊലപാതക ശ്രമത്തിന് നിൻ്റെ പേരിൽ കേസ് എടുത്തിട്ടുണ്ട്. പക്ഷേ നിൻ്റെ അപ്പന് പരാതിയില്ലന്ന്….നാളെ നിന്നെ കോടതിയിൽ ഹാജരാക്കും അവിടെ നിന്ന് നാളെ നിനക്ക് ജാമ്യം കിട്ടും…..പോലിസുകാരൻ പറഞ്ഞതു കേട്ടിട്ടും ആൻമരിയക്ക് സന്തോഷം ഒന്നും തോന്നിയില്ല….

പിറ്റേന്ന് ഡേവിഡിന് പരാതി ഇല്ലാത്തതിനാൽ കോടതി ആൻമരിയയെ വെറുതെ വിട്ടു.

കോടതിയിൽ നിന്നിറങ്ങിയ ആൻമരിയെ കാത്ത് റോഷൻ കാറുമായി എത്തിയിരുന്നു.

ഈ ലോകത്ത് തൻ്റെ സങ്കടങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നത് തൻ്റെ കളിക്കാട്ടുകാരൻ റോഷനോടായിരുന്നു.

റോഷൻ ഒരു പൊതി എടുത്ത് ആൻമരിയക്ക് നൽകി കൊണ്ട് പറഞ്ഞു.

ഇതിൽ കുറച്ചു കാശാണ്. നീ ഈ നാട്ടിൽ നിന്നു പോകണം. സങ്കടങ്ങൾ മാത്രം തന്ന ഈ നാട് നിനക്ക് ഇനി വേണ്ട  നിനക്കൊരു ജോലിയും താമസ സൗകര്യവും ഞാൻ ഒരുക്കിയിട്ടുണ്ട്. നിന്നെ ഞാൻ അവിടെ ആക്കി തരാം

വേണ്ട റോഷൻ അങ്ങനെ പേടിച്ച് ഓടി ഒളിക്കാൻ നോക്കിയാൽ അതിന് മാത്രമേ സമയമുണ്ടാകു…നീ പൊയ്ക്കോ ഞാൻ വന്നോളാം…

എന്നാൽ നീ കാറിലേക്ക് കയറ് നിന്നെ ഞാൻ വീട്ടിലെറക്കിവിടാം

വേണ്ട റോഷൻ…എന്നേയും കൊണ്ട് കാറിൽ പോകുന്നത് ആരെങ്കിലും കണ്ടാൽ മതി പരദൂഷണകാർക്ക് പുതിയൊരു കഥ മെനയാൻ എന്നെ കുറിച്ച് ഇപ്പോ പലരും പല കഥയും പറയുന്നുണ്ടാകും ഞാനതൊന്നും ശ്രദ്ധിക്കുന്നില്ല. പക്ഷേ നിന്നെ കുറിച്ച് ആരും പുതിയ കഥകളുണ്ടാക്കരുത്…അതും എന്നേയും ചേർത്ത് അതും പറഞ്ഞ് ആൻമരിയ മുന്നോട്ട് നടന്നുകഴിഞ്ഞു…..

ഇവൾ എന്താ ഇങ്ങനെ ?….

ആൻമരിയ വീട്ടിൽ വന്നു കയറുമ്പോൾ അയൽപക്കത്തെ ഒന്നു രണ്ടു പേർ വീട്ടിൽ ഉണ്ടായിരുന്നു. ആൻമരിയ അവരെ നോക്കി പുഞ്ചിരിച്ചു എന്നാൽ അവർ മുഖം തിരിച്ചു കളഞ്ഞു.

ആൻമരിയ വേഗം തന്നെ അപ്പച്ചൻ്റെ മുറിയിലേക്ക് നടന്നു. കണ്ണുകളടച്ച് കിടക്കുന്ന അപ്പച്ചനെ ഒരു നിമിഷം നോക്കി നിന്നതിന് ശേഷം പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി……

എന്താ നിനക്ക് ഇനി എന്നേയും കൊ ല്ലണോ? കൊ ല്ലണമെങ്കിൽ കൊന്നോ ആരും നിന്നെ തടയില്ല….. അപ്പച്ചൻ പൊട്ടിതെറിച്ചു.

അപ്പച്ചൻ്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ ആൻമരിയ മുറി വിട്ട് പുറത്തിറങ്ങി തൻ്റെ മുറിയിലെത്തി ബെഡിലേക്ക് കിടന്നു……

കൈനീട്ടി അമ്മയുടെ ഫോട്ടോ കൈയിലെടുത്തു….അമ്മ അറിഞ്ഞോ ഇന്നലെ മുതൽ ഈ മകൾ പിന്നിട്ട വഴികൾ…നാട്ടുകാരുടെ മുന്നിൽ ഞാനിപ്പോ സ്വന്തം അപ്പനെ കൊല്ലാൻ ശ്രമിച്ച ക്രൂ രയായ മകളാണ്. ഞാൻ ആരേയും തിരുത്തുന്നില്ല….അമ്മക്ക് മനസ്സിലാകുമല്ലോ ഈ മോളെ അതുമതി…അമ്മയുടെ അദൃശ്യമായ സാന്നിദ്യം ഉണ്ടായാൽ മതി ഈ മോൾക്ക്….

നാളെ മുതൽ ഞാൻ പി എസ് സി കോച്ചിംഗിന് പോവുകയാണ്. അതിനായി അമ്മയുടെ സ്വർണ്ണം ഞാനെടുക്കുകയാണ്…അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം

ഫോട്ടോ തിരിച്ച് ടേബിളിൽ വെച്ചിട്ട് ആൻമരിയ എഴുന്നേറ്റ് തൻ്റെ മുറി വൃത്തിയാക്കി അതിന് ശേഷം കുളിക്കാനായി കയറി ഷവറിനടിയിൽ എത്ര നേരം നിന്നു എന്നറിയില്ല.

തണുത്ത വെള്ളം തലയിൽ നിന്ന് ദേഹത്തേക്ക് ഒലിച്ചിറങ്ങി അതിനോടപ്പം തൻ്റെ കണ്ണീരും അകവും പുറവും ഒരു പോലെ തണുപ്പ് അനുഭവപ്പെട്ടു കഴിഞ്ഞപ്പോളാണ് ആൻമരിയ ഷവർ ഓഫ് ചെയ്തത്. കുളിച്ചിറങ്ങിയ ആൻമരിയ എല്ലാം മറന്നിരുന്നു സ്നേഹനിധിയായ അമ്മയെ ഒഴികെ എല്ലാം മറന്നു….

പിറ്റേന്നു മുതൽ ആൻമരിയ കോച്ചിംഗിന് പോയിതുടങ്ങി തനിക്കും അപ്പച്ചനുമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചതിന് ശേഷം തനിക്ക് ഉച്ചത്തേക്കുള്ളതും എടുത്ത് ബാഗിൽ വെച്ചു.

താൻ കോച്ചിംഗിന് പോരുകയാണെന്ന് പറയാൻ വേണ്ടി അപ്പച്ചൻ്റെ മുറിയിലേക്ക് ചെന്നു …..

അപ്പച്ചാ…

നീ എന്നെ അങ്ങനെ വിളിക്കണ്ട……

അപ്പച്ചന് എല്ലാം അറിയാവുന്നതല്ലേ എന്നിട്ടും?

അവൻ ഇത്തിരി മുൻകോപിയാണന്നല്ലാതെ വേറെ എന്താ അവനൊരു പ്രശ്നം…

അത്രയേ അപ്പച്ചനും അറിയു….അന്ന് ആദ്യമായി അവൾക്ക് അമ്മയോട് ദേഷ്യം തോന്നി…അമ്മ ആരേയും ഒന്നും അറിയിക്കാതെ എല്ലാം സഹിച്ചതിന്…നാട്ടുകാരുടേയും വീട്ടുകാരുടേയും മുന്നിൽ മാന്യനായ ഒരാൾ ആയിരുന്നു പപ്പ ആ മാന്യത നഷ്ടപ്പെടാതെയിരിക്കാൻ അമ്മ എല്ലാം മൗനമായി സഹിച്ചു…

മുൻകോപക്കാരനായ മകൻ ഭാര്യയോടും മകളോടും ചെയ്തു കൂട്ടിയ പരാക്രമങ്ങൾ പാവം അപ്പച്ചൻ അറിയുന്നുണ്ടായിരുന്നില്ല…..

അപ്പച്ചനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല…അപ്പച്ചൻ്റെ ധാരണയെ ഇനിയും തിരുത്താനും പോകുന്നില്ല…..

ഞാനിന്നു മുതൽ പഠിക്കാൻ പോവുകയാണ്. അപ്പച്ചനുള്ള ഭക്ഷണം എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് സമയത്ത് എടുത്ത് കഴിക്കണം അത്രയും പറഞ്ഞിട്ട് ആൻമരിയ ആ മുറി വിട്ടിറങ്ങി…..

ബാഗുമെടുത്ത് ആൻമരിയബസ് സ്റ്റോപ്പിലേക്ക് നടന്നു. ബസ് സ്റ്റോപ്പിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. സ്കൂൾ കുട്ടികളും വിവിധ ജോലികൾക്കായി പോകുന്നവരും ആയിരുന്നു അവരിൽ അധികം പേരും. ആൻമരിയയെ കണ്ടതും എല്ലാവരും മുഖം തിരിക്കാനും പിറുപിറുക്കാനും തുടങ്ങി …..

എങ്ങനെ തോന്നി സ്വന്തം അപ്പനെ കുത്താൻ…..

അമ്മ മരിച്ചിട്ട് നേരത്തോട് നേരം കഴിയും മുൻപ് അച്ഛനേയും കൊന്ന് കാമുകനൊപ്പം പോകാനായിരിക്കണം പ്ലാൻ

ഇതു പോലെ ഒരച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം

ഇത്തിരി മദ്യപിക്കുമെങ്കിലും ഡേവിഡ് ഒരു പാവമായിരുന്നു.ഭാര്യയേയും മകളേയും ജീവനായിരുന്നു…ഡേവിഡിന്…

അങ്ങനെ പോയി ഓരോരുത്തരുടേയും സംസാരം….ആൻ മരിയ അതൊന്നും കേട്ടതായി ഭാവിച്ചില്ല….

അമ്മ മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞില്ല. അതിന് മുൻപ് കെട്ടി ഒരുങ്ങി ഇറങ്ങിയിരിക്കുന്നു സമ്മതിക്കണം…അപ്പൻ മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ ആണ് എന്നിട്ടും ഒരു കൂസലും ഇല്ല…..

എത്രയും പെട്ടന്ന് ബസ് വന്നിരുന്നെങ്കിലെന്ന് ആൻമരിയ ആഗ്രഹിച്ചു. ആ സമയത്താണ് റോഷൻ അവിടേക്ക് വന്നത്. ആൻമരിയയെ കണ്ടതും റോഷൻ അവളുടെ അടുത്തേക്ക് വന്നു.

എവിടേക്കാ……

കോച്ചിംഗിന്…..

നല്ല തീരുമാനം….നന്നായി പരിശ്രമിച്ചാൽ തനിക്ക് നേടി എടുക്കാൻ പറ്റും പറ്റണം.

ഉം ആൻമരിയ ഒന്നു മൂളിയതിന് ശേഷം റോഷൻ്റെ അടുത്ത് നിന്ന് മാറി നിന്നു.

ബസ് എത്തി കോച്ചിംഗ് സെൻ്ററിൽ എത്തിയിട്ടും അവിടേയും ഇതു തന്നെയായിരുന്നു ചർച്ച…ആൻമരിയ ആ ചർച്ചകൾക്കൊന്നും ചെവികൊടുക്കാതെ എല്ലാവരിൽ നിന്നും ഒഴിവായി നിന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോളെക്കും ചർച്ചകളും അഭ്യൂഹങ്ങളും കുറഞ്ഞു വരുന്നത് ആൻമരിയ ശ്രദ്ധിച്ചു …..

ഒരാഴ്ച കഴിഞ്ഞൊരു ദിവസം പപ്പ ഡിസ്ചാർജായി വന്നു….പപ്പക്കൊപ്പം പപ്പയുടെ സഹോദരിമാരും ഉണ്ടായിരുന്നു.

വന്നു കേറിയ ഉടനെ അവർ അവരുടെ ജോലി ഏറ്റെടുത്തു. കുറ്റപ്പെടുത്താനും പ്രാരാകാനും തുടങ്ങി..ശക്തമായ ഭാഷയിൽ ശപിക്കാനും മറന്നില്ല…. രണ്ടു ദിവസം സമാധാനം എന്താന്ന് അറിഞ്ഞില്ല …. 

ബന്ധുക്കളെല്ലാം പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും പപ്പക്ക് എന്നോടുള്ള വെറുപ്പ് കുറഞ്ഞില്ല…….

ദിവസങ്ങൾ വേഗത്തിൽ പോയി കൊണ്ടിരുന്നു. മുറിവെല്ലാം ഉണങ്ങി പപ്പ സധാരണ നിലയിലേക്ക് വന്നു. പുറത്തേക്കിറങ്ങാൻ തുടങ്ങി തിരിച്ചു വീട്ടിലെത്തുന്നത് മ ദ്യപിച്ച് കാലുകൾ നിലത്തുറക്കാത്ത രീതിയിലായിരുന്നു….വന്നു കഴിഞ്ഞാലോ ചീത്തവിളിയും ആക്രോശങ്ങളും…. എല്ലാം കേട്ടിട്ടും കേട്ടില്ലന്ന് നടിച്ച് മുന്നോട്ട് ജീവിക്കാൻ തന്നെ തീരുമാനിച്ചു

അമ്മ മരിച്ച് ആറുമാസം കഴിയുന്നതിന് മുൻപ് തന്നെ പപ്പ മറ്റൊരു സ്ത്രിയുടെ കൈയും പിടിച്ച് വീടിൻ്റെ പടി കയറി വന്നപ്പോളും മൗനം പാലിച്ചു…..അവരു വന്നതിൻ്റെ പിറ്റേന്ന് തന്നെ വീടിൻ്റെ പൂർണ്ണ ഉത്തരവാദിത്വം അവർ ഏറ്റെടുത്തു. ഒന്നിലും തനിക്ക് അവകാശം ഇല്ലന്ന് മനസ്സിലാക്കിയപ്പോഴും മൗനം തുടർന്നു.

എങ്ങനെയെങ്കിലും ഒരു ജോലി നേടുക അതുമാത്രമായിരുന്നു ലക്ഷ്യം അതിനായി നന്നായി പരിശ്രമിച്ചു. ടെസ്റ്റ് എഴുതി റിസൽട്ടിനായി കാത്തിരിക്കുമ്പോളാണ് ആ സ്ത്രി എൻ്റെ വിവാഹ കാര്യവും പറഞ്ഞ് എൻ്റെയടുക്കൽ വന്നത്. അവരുടെ ബന്ധുവായിരുന്നു പയ്യൻ എന്നാൽ ആൻമരിയ ആ വിവാഹത്തിന് സമ്മതിച്ചില്ല…..കാരണം പത്തു പവൻ്റെ സ്വർണാഭരണം അവർ എനിക്ക് വിവാഹത്തിനണിയാൻ തരും പകരം എൻ്റെ അമ്മയുടെ പേരിലുള്ള ഒരേക്കർ സ്ഥലം ഞാനവരുടെ പേരിലേക്ക് എഴുതി കൊടുക്കണം. അതിന് എനിക്ക് സമ്മതമായിരുന്നില്ല…

എൻ്റെ സമ്മതം വകവെയ്ക്കാതെ എന്നെ പെണ്ണുകാണാനായി ചെറുക്കൻകൂട്ടര് എത്തി……ബുദ്ധി ഉറക്കാത്ത ഒരാളായിരുന്നു പയ്യൻ. ചെറുക്കൻ വീട്ടുകാരും ചെറിയമ്മയും പപ്പയും കൂടി കല്യാണം ഉറപ്പിച്ചു. മനസമ്മതത്തിൻ്റെ തിയതിയും തീരുമാനിച്ചു

എന്തേലും ചെയ്തേ പറ്റു അല്ലങ്കിൽ ജീവിതകാലം മുഴുവൻ ബുദ്ധി ഉറയ്ക്കാത്ത ഭർത്താവിനേയും പരിചരിച്ച് കാലം കഴിക്കേണ്ടിവരും….

ആൻമരിയ റോഷനെ കാണാനായി അവൻ്റെ വീട്ടിലേക്ക് ചെന്നു. അവനോട് മനസ്സു തുറന്ന് സംസാരിക്കണം അതു മാത്രമായിരുന്നു ഉദ്ദേശ്യം . ആൻമരിയ റോഷൻ്റെ വീട്ടിൽ ചെന്നു കയറുമ്പോൾ റോഷൻ അവിടെ ഉണ്ടായിരുന്നില്ല. അവൻ്റെ അമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ….

ആൻമരിയയെ കണ്ടതും റോഷൻ്റെ അമ്മ വാത്സല്യത്തോടെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. ഒത്തിരി സഹിച്ചു അല്ലേ? റോഷൻ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.

റോഷൻ എവിടെ?

അവൻ ഇവിടെയില്ല മോളെ ഒരു ജോലി കാര്യത്തിനായി പോയതാ….മോൾടെ കല്യാണം ഉറപ്പിച്ചു അല്ലേ.?

ഉം…അതിനെ കുറിച്ച് പറയാൻ ആണ് ഞാൻ റോഷനെ കാണാൻ വന്നത്.

അവനിപ്പോ തന്നെ വരും മോളെ നീ ഇരിക്ക് ഞാൻ ചായ എടുക്കാം അത് കുടിച്ച് തീരുമ്പോളെക്കും അവനിങ്ങെത്തും…

എന്താ മോൾടെ തീരുമാനം ആ പയ്യന് എന്തോ കുഴപ്പം ഉള്ളതായിട്ടാണല്ലോ റോഷൻ പറഞ്ഞത്

ഈ വിവാഹം നടക്കില്ല അത്ര തന്നെ …..

മോളുടെ പപ്പയും ചെറിയമ്മയും സമ്മതിക്കുമോ?

അവരുടെ സമ്മതം എനിക്ക് എന്തിനാ എൻ്റെ സമ്മതം ചോദിച്ചിട്ടാണോ അവർ ഈ കല്യാണം ഉറപ്പിച്ചത് അല്ലാലോ അപ്പോ ഈ കല്യാണം നടക്കണം എന്ന് ഒരു നിർബദ്ധവും ഇല്ല…..

അതു ശരിയാ…അതാണ് ന്യായം….അവിടേക്ക് വന്ന റോഷൻ പറഞ്ഞു..

ങാ നീ വന്നോ? ഞാനിപ്പോ ഈ കുട്ടിയോട് പറഞ്ഞതേയുള്ളു നീ ഉടൻ തന്നെ ഇവിടെ എത്തും എന്ന്…..

റോഷാ…ആൻസി റോഷൻ്റെ അടുത്തേക്ക് ഓടി ചെന്നു

എന്താ ആൻസി….

എനിക്ക് നിന്നോട് സംസാരിക്കണം……

അതിനെന്താ സംസാരിക്കാലോ നിൻ്റെ വിവാഹത്തെ കുറിച്ചാണോ നിനക്ക് സംസാരിക്കാനുള്ളത്.

അല്ല…

അല്ലേ? പിന്നെ എന്തിനെ കുറിച്ചാണ് നിനക്ക് സംസാരിക്കാനുള്ളത്.

എനിക്ക് ഇവിടെ നിന്ന് എവിടെക്കെങ്കിലും ഒന്നു മാറി നിൽക്കണം

എവിടേക്ക്

അതെനിക്കറിയില്ല. നീ എന്നെ സഹായിക്കണം എനിക്ക് സുരക്ഷിതമായ ഒരിടം നീ കണ്ടു പിടിച്ച് തരണം

ഇതിനേക്കാൾ സുരക്ഷിതമായ ഒരിടം മോൾക്ക് എവിടെ കിട്ടാനാ? മോൾ ഒരിടത്തേക്കും പോകുന്നില്ല

പിന്നെ ഞാനെന്തുചെയ്യും….

മോൾക്ക് ഈ വീട്ടിൽ താമസിക്കാം എൻ്റെ റോഷൻ്റെ ഭാര്യയായി അല്ലങ്കിൽ എൻ്റെ മകളായി ഇവിടെ ഈ വീട്ടിൽ നീ സുരക്ഷിതയായിരിക്കും…എന്താ റോഷാ നിൻ്റെ അഭിപ്രായം.

തൻ്റെ ആഗ്രഹം അറിഞ്ഞു പറഞ്ഞതുപോലെ റോഷന് തോന്നി. റോഷൻ്റെ മനസ്സിൽ കുളിരുകോരി അതു മുഖത്ത് തെളിഞ്ഞു ….

ആൻമരിയക്ക് ഇഷ്ടമാണങ്കിൽ മാത്രം….ആൻസി എന്തു പറയുന്നു?

മോൾക്ക് സമ്മതമാണ് ……

കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകളാണ് താനിപ്പോൾ കേട്ടതെങ്കിലും എന്തു മറുപടി പറയണം എന്നറിയാതെ ആൻമരിയ വിഷമിച്ചു

നീ എന്താ ആൻമരിയ മറുപടി ഒന്നും പറയാതെ നിൽക്കുന്നത്.നിനക്ക് സമ്മതമാണങ്കിൽ നാളെത്തന്നെ പോയി നമ്മുടെ വിവാഹം രജിസ്റ്റർ ചെയ്യാം എനിക്ക് മറ്റാരോടും ആലോചിക്കാനില്ല. ആകെയുള്ളത് എനിക്ക് എൻ്റെ അമ്മ മാത്രമേയുള്ളു. ആ അമ്മക്ക് പൂർണ്ണ സമ്മതമാണ് നിന്നെ മരുമകളാക്കാൻ….

റോഷാ നീ എനിക്ക് വേണ്ടി നിൻ്റെ ജീവിതം നശിപ്പിക്കരുത്. നാട്ടിലാകെ പേരുദോഷമുള്ള പെണ്ണാണ് ഞാൻ …
എന്നോടൊപ്പം പുറത്തിറങ്ങുമ്പോൾ പലരുടേയും കളിയാക്കലുകളും പരിഹാസങ്ങളും കേൾക്കേണ്ടിവരും…..അതുമല്ല നിനക്ക് നല്ലൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടും….പെട്ടന്ന് ഒരു തീരുമാനം എടുത്താൽ പിന്നീട് ദുഃഖിക്കേണ്ടി വരും.

ആരു പറഞ്ഞു പെട്ടന്ന് എടുത്ത തീരുമാനം ആണന്ന്….ഒരു പെണ്ണിനെ സ്വപ്നം കാണാൻ തുടങ്ങിയ പ്രായം മുതൽ എൻ്റെ മനസ്സിൽ ഒരു മുഖം മാത്രമേ തെളിഞ്ഞു വന്നിട്ടുള്ളു…. അത് ഈ മുഖമാണ് റോഷൻ തൻ്റെ കൈവെള്ളയിൽ ആൻസിയുടെ മുഖം എടുത്തു ആ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

റോഷൻ പറഞ്ഞതു കേട്ട് ആൻമരിയയുടെ മനസ്സുനിറഞ്ഞു. താനും സ്വപ്നം കാണാൻ തുടങ്ങിയ കാലം മുതൽ സ്വപ്നം കാണുന്ന മുഖമാണ് റോഷൻ്റേത്. പലപ്പോഴും തുറന്ന് പറയാൻ ആഗ്രഹിച്ചിട്ടുണ്ട്… അപ്പോഴൊക്കെ പേടിയായിരുന്നു. തൻ്റെ സൗഹൃദം ഉപേക്ഷിച്ച് റോഷൻ പോകുമോന്ന്..

ആൻമരിയ ഇനിയും ആലോചിക്കാൻ സമയം ഇല്ല താനൊരു തീരുമാനമെടുക്ക്

ആലോചിക്കാൻ ഒന്നുമില്ല റോഷൻ എനിക്ക് സമ്മതമാണ്……

ആൻമരിയ പറഞ്ഞതു കേട്ട് തൻ്റെ ഹൃദയതാളം നിലച്ചുപോകുന്നതുപ്പോലെ തോന്നി ആൻമരിയക്ക്.

പിറ്റേന്ന് റോഷനും അമ്മക്കുമൊപ്പം പോയി വിവാഹം രജിസ്റ്റർ ചെയ്തു വലതുകാൽ’ വെച്ച് റോഷൻ്റെ വീട്ടിലേക്ക് കയറുമ്പോൾ ആൻമരിയയുടെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു.

ആൻമരിയയെ കാണാതായിതറിഞ്ഞ് അന്വേഷണം ആരംഭിച്ചു….സംശയത്തിൻ്റെ പേരിൽ റോഷൻ്റെ വീട്ടിലും എത്തി ഡേവിഡ്….

റോഷൻ്റെ വീട്ടിൽ ആൻമരിയ ഉണ്ടെന്നറിഞ്ഞപ്പോൾ ഡേവിഡിൻ്റെ കണ്ണുകൾ കത്തി ജ്വലിച്ചു….

എടി നശിച്ചവളെ…നിൻ്റെ അമ്മയെ പോലെ വിവാഹത്തിന് മുൻപ് കാമുകനെ തേടി ഇറങ്ങിയതാണോ നീ…വാടി ഇവിടെ…എന്ന് അലറി കൊണ്ട് ആൻമരിയയുടെ മുടി കുത്തിന് പിടിക്കാനായി ആഞ്ഞു വന്ന ഡേവിഡിനെ റോഷൻ തടഞ്ഞു……

ഇത് എൻ്റെ വീടാണ്…..ഇവൾ എൻ്റെ ഭാര്യയും….എടി ,പോടി എന്നൊക്കെ വിളിക്കാൻ ഇവൾ നിങ്ങളുടെ മോളല്ലാലോ….ഇറങ്ങി പോ എൻ്റെ വീട്ടിൽ നിന്ന്…..

ഡേവിഡ് തൻ്റെ കൈ പിൻവലിച്ചുകൊണ്ട് ദേഷ്യത്താൽ മുഷ്ടി ചുരട്ടി….

ങും പോകാൻ നോക്ക്…ഡേവിഡിനെ പിടിച്ചു വാതിലിന് വെളിയിൽ ഇറക്കിവിട്ടതിന് ശേഷം റോഷൻ പറഞ്ഞു. നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്ക്. ഞാൻ അവളേയും കൂട്ടി സ്റ്റേഷനിൽ വരാ….അവളുടെ സമ്മതമില്ലാതെ ബുദ്ധി ഉറക്കാത്തവനുമായുള്ള വിവാഹം ഉറപ്പിച്ച കാര്യം അവളു പറഞ്ഞോളും പോലീസുകാരോട്

ഡേവിഡ് ചവിട്ടി തുള്ളി അവിടുന്ന് ഇറങ്ങി പോയി…..

തൻ്റെ പ്ലാനുകൾ ഒന്നും നടക്കാത്തതിൻ്റെ ദേഷ്യം മുഴുവൻ വിലാസിനി ഡേവിഡിന് നേരെ തീർത്തു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി ഡേവിഡിൻ്റെ പേരിലുള്ള സകല സ്വത്തുക്കളും കൈവശപ്പെടുത്തിയതിന് ശേഷം വിലാസിനി ഡേവിഡിൻ്റെ ഉറ്റ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി …..

ആ സംഭവം ഡേവിഡിനെ വല്ലാതെ ഉലച്ചു കളഞ്ഞു. ഡേവിഡ് മ ദ്യപിക്കാൻ പോലും പുറത്തിറങ്ങാതായി….കിടപ്പിലായ  പ്രായമായ അപ്പച്ചനെ നോക്കാൻ പോലും ആരും ഇല്ലാതായി കിടന്ന കിടപ്പിൽ കിടന്നു തന്നെ മ ലമൂത്ര വിസർജനം നടത്തുന്ന അപ്പച്ചനെ ഡേവിഡ് തിരിഞ്ഞു നോക്കിയില്ല. അന്നന്നത്തേക്കുള്ള ഭക്ഷണത്തിനു പോലും നിവർത്തിയില്ലാതെ ഡേവിഡ് പട്ടിണി കിടന്നു…

വിശന്നുവലഞ്ഞ് വിശപ്പ് സഹിക്കാനാവാതെ കട്ടിലിൽ കൂഞ്ഞി കുടി കിടക്കുന്ന ഡേവിഡിൻ്റെ ചുമലിൽ ഒരു കര സ്പർശം അറിഞ്ഞ് ഡേവിഡ് കണ്ണുതുറന്നു ….

ഭക്ഷണസാധനവുമായി മുന്നിൽ നിൽക്കുന്ന ആൻമരിയയെ കണ്ട് ഡേവിഡിൻ്റെ ചുണ്ടുകൾ വിതുമ്പി….

പപ്പ എഴുന്നേൽക്ക് ഭക്ഷണം കഴിക്കാം ആൻമരിയ ഡേവിഡിനെ പിടിച്ചെഴുന്നേൽപ്പിച്ച് ചൂടു കഞ്ഞി കോരി കൊടുത്തു. ഡേവിഡിൻ്റെ മിഴികൾ നിറഞ്ഞൊഴുകി….

മോളെ മാപ്പ് …നിന്നോടും നിൻ്റെ അമ്മയോടും ചെയ്തതിനെല്ലാം മാപ്പ്…ഡേവിഡ് ആൻമരിയക്കു മുന്നിൽ കൈകൂപ്പി

വേണ്ട പപ്പ എന്നോട് ക്ഷമ ചോദിക്കണ്ട….മരിക്കുന്നതു വരെ പപ്പയെ മാത്രം സ്നേഹിച്ച ഒരാൾ ഉണ്ടായിരുന്നു എൻ്റെ അമ്മ… ആ അമ്മക്ക് സഹിക്കില്ല പപ്പ എന്നോട് ക്ഷമ ചോദിക്കുന്നത്…..

ഡേവിഡ് തല കുലുക്കി കൊണ്ട് സമ്മതിച്ചു….ഞാൻ കുടിച്ചു വന്ന് എത്ര തല്ലിയാലും ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് എൻ്റെ ഒരു കുറ്റവും ആരോടും പറയാതെ എൻ്റെയൊപ്പം ജീവിച്ച അവളോട് എന്നും വെറുപ്പായിരുന്നു എനിക്കെന്നും മരിക്കാൻ നേരത്തും അവൾ സത്യം ചെയ്തു പറഞ്ഞു നീ എൻ്റെ മോളാണന്ന് എന്നിട്ടും ഞാനവളെ വിശ്വസിച്ചില്ല. അതിനുള്ള ശിക്ഷ ഞാനനുഭിച്ചു കഴിഞ്ഞു….

കഴിഞ്ഞതൊക്കെ കഴിഞ്ഞു ഞാനതെല്ലാം മറന്നു കാരണം എനിക്കിന്ന് സ്നേഹനിധിയായ ഒരമ്മയുണ്ട് അതു പോലെ തന്നെ എന്നെ ചേർത്തു പിടിക്കുന്ന ഭർത്താവും ഉണ്ട്. ഇനി എനിക്ക് പഴയ കാര്യങ്ങളൊന്നും ഓർത്തിരുന്ന് കണ്ണീർ പൊഴിക്കാൻ സമയവും ഇല്ല. എനിക്ക് ജോലി കിട്ടി നമ്മുടെ വില്ലേജിൽ വില്ലേജ് ഓഫീസർ ആയിട്ട്. നാളെ ജോയിൻ ചെയ്യണം ആ വിവരം പറയാൻ വന്നപ്പോളാണ് അപ്പച്ചൻ്റെയും പപ്പയുടേയും അവസ്ഥ അറിഞ്ഞത്. അപ്പച്ചൻ്റെ മുറിയിലേക്ക് കേറി ചെല്ലാൻ പോലും പറ്റില്ലായിരുന്നു. ഞാനും റോഷനുംകൂടി അതെല്ലാം വൃത്തിയാക്കി അപ്പച്ചനെ കുളിപ്പിച്ചു..ഭക്ഷണം കൊടുത്തു….വീടെല്ലാം വൃത്തിയാക്കി….അപ്പോഴെല്ലാം പപ്പ നല്ല ഉറക്കത്തിലായിരുന്നു അതാ ഉണർത്താതിരുന്നത്…..

മോളെ….നിന്നോട് ഈ പപ്പ ചെയ്തതെല്ലാം നീ മറന്നോ സ്വന്തം മകളോട് ഒരപ്പൻ ചെയ്യാൻ പാടില്ലാത്തതെല്ലാം ഞാൻ ചെയ്തിട്ടും നീ എന്നോട് ക്ഷമിച്ചോ….

ഞാൻ പറഞ്ഞല്ലോ എനിക്കിപ്പോ പപ്പയോട് ദേഷ്യം ഇല്ല….

ഡേവിഡ് തൻ്റെ മകളെ ചേർത്തു പിടിച്ച് ആ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു …..

ആൻമരിയ നിറഞ്ഞ മനസ്സോടെ ആ ചുംബനം ഏറ്റുവാങ്ങി സ്വന്തം പപ്പയിൽ നിന്ന് സ്നേഹത്തോടെ വാത്സല്യത്തോടെ കിട്ടിയ ആദ്യ ചുംബനത്തെ തൻ്റെ ഹൃദയത്തോട് ചേർത്തു പിടിച്ചു കൊണ്ട് തൻ്റെ പപ്പയെ തന്നോട് ചേർത്തു പിടിച്ചു

അവസാനിച്ചു

Scroll to Top